Wednesday, May 04, 2016

വിവാഹ വാർഷിക സമ്മാനം

ഒരു മനുഷ്യൻ അയാളുടെ ഭാര്യയെ അളവില്ലാതെ സ്നേഹിച്ചിരുന്നു, അവളെ പറ്റി ചോദിക്കുമ്പോൾ അവന് നൂറു നാവാണ്. കല്യാണം കഴിഞ്ഞ് പത്തിലേറെ വർഷം കഴിഞ്ഞിട്ടും ഭാര്യയോട് ഇത്രയും അഗാധമായ സ്നേഹം പ്രകടിപ്പിക്കുന്നതിന് പിന്നിലെ രഹസ്യം അവന്റെ ചില കൂട്ടുകാർ അവനോടു ചോദിച്ചു. അവൻ പറഞ്ഞു തുടങ്ങി:

"ഞാൻ നിസ്ക്കാരത്തിൽ തീരെ താൽപ്പര്യം ഇല്ലാത്ത മനുഷ്യനായിരുന്നു. കല്യാണം കഴിഞ്ഞത് മുതൽ എന്നും അവൾ എന്നോട് നിസ്ക്കരിക്കാൻ ആവശ്യപ്പെടും. അതിന്റെ പേരിൽ ഞാനെന്നും അവളോട്‌ ദേഷ്യപ്പെടുമെങ്കിലും അവളത് കാര്യമാക്കാതെ വിളി തുടർന്നു. ഞാൻ ചെവി കൊടുത്തേയില്ല.



അങ്ങനെ പത്തു വർഷം പിന്നിട്ടു ഞങ്ങളുടെ ജീവിതം. പത്താം വിവാഹ വാർഷിക ദിനത്തിൽ പതിവില്ലാതെ ഞാൻ അവളോട്‌ 'എന്ത് സമ്മാനമാണ് നിനക്ക് വേണ്ടത്' എന്ന് ചോദിച്ചു.

"നിങ്ങൾ നിസ്ക്കരിക്കാൻ തുടങ്ങുന്നതിലേറെ സന്തോഷകരമായ മറ്റൊരു സമ്മാനവും എനിക്ക് ലഭിക്കാനില്ല" എന്നായിരുന്നു അവളുടെ മറുപടി. എന്റെ മനസ്സ് ഞാനറിയാതെ ഒന്ന് തേങ്ങിപ്പോയി. ഇത്രയും ആത്മാർത്ഥമായുള്ള അവളുടെ ആ ആവശ്യം എനിക്ക് നിരാകരിക്കാൻ കഴിഞ്ഞില്ല.

ഞാനും അവളോടൊപ്പം നിസ്ക്കരിക്കാൻ തുടങ്ങി - ഇന്ന് നിസ്ക്കാരം എനിക്കൊരു ആവേശമാണ്. എങ്ങനെയാണ് ഇത്രയും കാലം എന്റെ നാഥന്റെ മുന്നിൽ സുജൂദ് ചെയ്യാതെ ഞാൻ ജീവിച്ചത് എന്ന് ഓർത്തപ്പോൾ എനിക്ക് അത്ഭുതം തോന്നാൻ പോലും തുടങ്ങി. എന്റെ ജീവിതത്തിലെ ഈ സമൂലമായ മാറ്റത്തിന് കാരണക്കാരിയായ എന്റെ ഭാര്യ എനിക്ക് എല്ലാമെല്ലാമാണ്". ഒരിറ്റു കണ്ണുനീർ വീഴ്ത്തിക്കൊണ്ട് അയാൾ പറഞ്ഞു നിർത്തി.

സദ്‌വൃത്തയായ ഒരു ഭാര്യക്ക് തന്റെ ഭർത്താവിനെ നേർവഴിയിലേക്ക് കൊണ്ടുവരാൻ കഴിയുന്നതിന്റെ സാധ്യതകൾ എത്ര അനന്തമാണ്‌ !

നബി(സ്വ) പറഞ്ഞു:

"ഒരു സ്ത്രീ നാല് കാര്യങ്ങളുടെ പേരിൽ കല്യാണം ചെയ്യപ്പെടുന്നു.

1) അവളുടെ സമ്പത്ത്

2) അവളുടെ കുടുംബ മഹത്വം

3) അവളുടെ സൗന്ദര്യം

4) അവളുടെ മതഭക്തി

ഇതിൽ മതഭക്തിയെ നിങ്ങൾ മുന്തിക്കുക".

ജനൽ അടക്കാതിരുന്ന വീട്‌

അമീനും അലിയും അയൽവാസികളായിരുന്നു. അമീൻ കോടീശ്വരനായ കച്ചവടക്കാരനും അലി പാവപ്പെട്ട കൂലിപ്പണിക്കാരനുമായിരുന്നു.

ദൈനം ദിന ചിലവുകൾ കഴിച്ചാൽ മിച്ചമൊന്നും ഉണ്ടാവാറില്ല അലിയുടെ വീട്ടിൽ. എങ്കിലും യാതൊന്നും ആലോചിക്കാനില്ലാതെ സന്തോഷപൂർവ്വമായിരുന്നു അലിയുടെ ജീവിതം. ഉറങ്ങാൻ പോകുമ്പോൾ ജനലുകളും വാതിലും അടക്കാൻ പോലും അലി മിനക്കെടാറില്ല. സമ്പത്തൊന്നും സൂക്ഷിപ്പില്ലാത്ത വീട്ടിൽ ആരെ പേടിച്ചാണ്‌ അടച്ചു പൂട്ടേണ്ടത്‌?

അമീനിന്റെ അവസ്ഥ നേരെ മറിച്ചായിരുന്നു. എന്നും എല്ലായ്പ്പോഴും കച്ചവടത്തിന്റെ തിരക്കും സമ്പത്തിന്റെ കാര്യത്തിലുള്ള വേവലാതികളുമായി ജീവിതത്തിനു യാതൊരു സന്തോഷവുമില്ലായിരുന്നു. പണം കൊടുത്തു വാങ്ങാവുന്ന എല്ലാ സുഖങ്ങളും ഉണ്ടായിട്ടും അമീനിന്റെ വീട്ടിൽ അവനൊരിക്കലും സമാധാനം ലഭിച്ചില്ല.




ഉറങ്ങാൻ പോകുമ്പോൾ എല്ലാ വാതിലുകളും ജനലുകളും അലമാരകളുമെല്ലാം അടച്ചോയെന്ന് പലവട്ടം ഉറപ്പിക്കുമായിരുന്നു അവൻ. ഉറക്ക്‌ നല്ലരീതിയിൽ ഒരിക്കലും ലഭിച്ചില്ല, തന്റെ സമ്പാദ്യമൊക്കെ ഏതെങ്കിലും കൊള്ളക്കാർ വന്ന് കൊണ്ടുപോകുമോ എന്ന ഭയമായിരുന്നു അവന്‌ മുഴുസമയവും.

അയൽവാസിയായ അലിയുടെ സന്തോഷകരമായ ജീവിതം കണ്ട്‌ അമീനിനു അസൂയ തോന്നുക പതിവായിരുന്നു. 'ഒരു സമ്പത്തും ഇല്ലാഞ്ഞിട്ടും അവന്റെ ജീവിതമെത്ര ഉല്ലാസകരം' - അമീൻ നെടുവീർപ്പിട്ടു.

ഒരുനാൾ അമീൻ അലിയെ വിളിപ്പിച്ച്‌ ഒരു പെട്ടിനിറയെ പണം കൊടുത്തു കൊണ്ട്‌ പറഞ്ഞു:

"അലീ, നിന്റെ ദാരിദ്ര്യം മാറാൻ ഇതുപകരിക്കും. എന്റെ കയ്യിൽ ഒരുപാട്‌ ധനമുണ്ടായിട്ടും അയൽപ്പക്കത്ത്‌ ജീവിക്കുന്ന നീ ദരിദ്രനായി കഴിയുന്നത്‌ എനിക്ക്‌ കഷ്ടമാണ്‌".

അലി സന്തോഷത്തോടെ പണം വാങ്ങി വീട്ടിലേക്കു പോയി.

അന്ന് അലിയുടെ മനസ്സ്‌ നിറയെ ആ പണത്തെ പറ്റിയുള്ള ചിന്തയായിരുന്നു. എങ്ങനെ, എവിടെ ചിലവഴിക്കണം, എന്തൊക്കെ വാങ്ങണം, എന്ത്‌ കച്ചവടം ചെയ്യണമെന്നൊക്കെ ചിന്തിച്ചു കൊണ്ടിരുന്നു അവൻ.

ഉറങ്ങാൻ നേരമായപ്പോൾ അലിക്ക്‌ വേവലാതിയായി. ജനലുകൾ തുറന്നിട്ടാൽ പെട്ടിനിറയെ ഉള്ള പണം വല്ല കള്ളന്മാരും കൊണ്ടുപോകുമല്ലോ എന്ന് കരുതി അന്നാദ്യമായി അലി ജനലുകളും വാതിലുകളും അടച്ചു കിടന്നു. പക്ഷേ മനസ്സ്‌ നിറയെ പണത്തെ പറ്റിയുള്ള ചിന്ത നിറഞ്ഞതിനാൽ ഉറക്ക്‌ വരുന്നേയില്ല.

തിരിഞ്ഞും മറിഞ്ഞും കിടന്ന് എങ്ങനെയോ അലി നേരം വെളുപ്പിച്ചു പണപ്പെട്ടിയുമായി നേരെ അമീനിന്റെ വീട്ടിലെത്തി മുട്ടിവിളിച്ചു. വാതിൽ തുറന്നു പുറത്തുവന്ന അമീനോട്‌ അലി പറഞ്ഞു:

"കൂട്ടുകാരാ ഞാനൊരു പാവപ്പെട്ടവനാണെങ്കിലും എന്റെ വീട്ടിൽ സമാധാനവും സന്തോഷവും ഉണ്ടായിരുന്നു. നിങ്ങൾ തന്ന പണം എന്റെ സമാധാനം തട്ടിയെടുത്തു, എനിക്ക്‌ സ്വസ്ഥമായി ഉറങ്ങാൻ പോലും കഴിഞ്ഞില്ല. എന്നോട്‌. വിഷമമൊന്നും തോന്നരുത്‌, നിങ്ങളീ പണം തിരിച്ചു വാങ്ങണം."

അലി അതും കൊടുത്ത്‌ സന്തോഷത്തോടെ വീട്ടിലേക്കു മടങ്ങി.

സമ്പത്ത്‌ വെട്ടിപ്പിടിക്കാൻ മനുഷ്യരെല്ലാം ഓടുകയാണ്‌. കിട്ടിയതിന്റെ മേലെ വീണ്ടും വാരിപ്പിടിക്കാൻ. എന്നാൽ സമ്പത്ത്‌ കൂടുന്നത്‌ ഇരുലോകത്തും സമാധാനം നഷ്ടപ്പെടാൻ കാരണമാകുമെന്നത്‌ ആരും ഓർക്കുന്നേയില്ല..

എല്ലാ ഓട്ടവും മണ്ണിലെത്തുന്നത്‌ വരേ മാത്രം, അവിടെയാണെങ്കിൽ ഒരു ചില്ലറപ്പൈസ പോലും കൊണ്ടുപോകാനും കഴിയില്ലല്ലോ...

Monday, May 02, 2016

നബിയുടെ മോതിരവും മുദ്രണവും:

ചോദ്യം: നബി (സ്വ) തങ്ങളുടെ മോതിരത്തിൽ 'മുഹമ്മദു റസൂലുള്ളാ ' എന്നാണു ആലേഖനം ചെയ്യപെട്ടിരുന്നത് എന്ന് കേൾക്കുന്നു. കത്തുകളിലും എഴുത്തുകളിലും സീലടിക്കുന്നതിനായിരുന്നു ഇതെന്നും പറയുന്നു. അപ്പോൾ മുദ്രകളിൽ അത് തല തിരിഞ്ഞു വരില്ലേ.? നാലു ഖലീഫമാരുടെ മോതിരങ്ങളിലും ഇങ്ങനെ വല്ലതും ലിഖിതമാക്കപ്പെട്ടിരുന്നുവോ.?


✅ഉത്തരം: 'മുഹമ്മദുർറസൂലുള്ളാ ' എന്ന വാക്യത്തിലെ മൂന്നു പദങ്ങളും ഓരോ വരിയിലായി മൂന്നു വരിയിലാണ് നബിയുടെ (സ്വ) മോതിരത്തിൽ ഉല്ലേഖനം ചെയ്യപ്പട്ടിരുന്നത്. ഏതു ക്രമത്തിൽ, ഏതു രൂപത്തിലായിരുന്നു ഇതെന്ന് പ്രബല റിപ്പോർട്ടുകൾ ഇല്ലെങ്കിലും മുഹമ്മദ്‌ എന്ന് ഏറ്റവും അടിയിലെ വരിയിലും റസൂൽ എന്ന് അതിനു മുകളിലെ വരിയിലും അല്ലാഹ് എന്നത് അതിനു മുകളിലെ വരിയിലുമാണ് ഉണ്ടായിരുന്നതെന്ന് ഇമാം അസ്നവി (റ) പ്രസ്താവിച്ചിട്ടുണ്ട്. അടിയിൽ നിന്ന് വായിക്കപ്പെടാൻ പറ്റുന്ന രീതിയിലുള്ള ഈ സീലിൽ, മുദ്രണം ചെയ്‌താൽ നേരെ-ചൊവ്വേ വായിക്കാൻ പറ്റുന്ന വിധം മറിച്ചാണ് രേഖപ്പെടുത്തിയിരുന്നതും.

നാലു ഖലീഫമാരിൽ അബൂബക്കർ സ്വിദ്ദീഖ് (റ) ന്റെ മോതിരത്തിൽ 'നിഅ്മൽ ഖാദിറു ഹുവല്ലാഹ്' എന്നും, ഉമർ(റ) വിന്റെ മുദ്രണം 'കഫാ ബിൽ മൗത്തി ദാഇയൻ യാ ഉമർ' എന്നും, ഉസ്മാൻ (റ) വിന്റെ സീൽ 'ലതസ്വ് ബിറന്ന ' എന്നും അലിയാരുടെ (റ) മുദ്ര 'അൽ മുൽക്കു ലില്ലാഹ്' എന്നുമായിരുന്നു എന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. (ജമൽ 1-82)
(മൗലാനാ നജീബ്‌ ഉസ്താദിന്റെ പ്രശ്നോത്തരം)

മൗലാനയുടെ കൂടുതൽ പ്രസംഗങ്ങളും ഫത്'വാകളും ലേഖനങ്ങളും ഫെയ്സ്ബുക്കിൽ ലഭിക്കാൻ ഇവിടെ ക്ളിക്ക് ചെയ്ത് ലൈക് അടിക്കുക.

മതപണ്ഡിതന്മാർ ചൂഷകരോ? - (മൗലാനാ നജീബ് മൗലവി)

വിജ്ഞന്മാരുടെ സാന്നിദ്ധ്യവും നേതൃത്വവും അംഗീകരിക്കലും അവരുടെ വിലപ്പെട്ട സേവനങ്ങൾ ഉപയോഗപ്പെടുത്തലും ബുദ്ധിയുള്ള സമൂഹത്തിന്റെ പൊതുസ്വഭാവമാണ്‌. ജീവിതമേഖലകളിലെല്ലാം വിജ്ഞന്മാർക്കുള്ള ഈയംഗീകാരം നമുക്കു ദർശിക്കാനാകും. രോഗം വന്നാൽ ശരീരഘടനയും രോഗത്തിന്റെ നിമിത്തങ്ങളും അതിന്റെ പരിഹാരവും പ്രതിരോധവും അറിയുന്ന ഡോക്‌ടർമാരുടെ സാന്നിദ്ധ്യം അംഗീകരിക്കലും നിർദ്ദേശവും ഉപദേശവും സ്വീകരിക്കലും സാധാരണമല്ലോ. അവകാശങ്ങൾ നേടിയെടുക്കുന്നതിനു കോടതിയെ സമീപിക്കേണ്ടിവന്നാൽ സിവിൽ-ക്രിമിനൽ നിയമങ്ങളും വകുപ്പുകളും കോടതിമര്യാദകളും ചിട്ടകളും അറിയുന്ന വക്കീലുമാരുടെ നിർദ്ദേശം കേൾക്കലും അതനുസരിച്ച്‌ നീങ്ങലും തെറ്റാണോ? 

ഇങ്ങനെ ജീവിതമേഖലകളേതു പരിശോധിച്ചാലും-അത്‌ രാഷ്‌ട്രീയമോ സാമ്പത്തികമോ സാമൂഹികമോ ശാരീരികമോ ഏതുമാകട്ടെ- അതതു മേഖലകളിലെ വിജ്ഞന്മാരുടെയും പണ്ഡിതന്മാരുടെയും നിർദ്ദേശങ്ങൾ അംഗീകരിക്കലും അനുസരിക്കലും തന്നെയാണു നിയമപരമായ രീതി. ജാതി-മത-ഭേദമന്യേ സമൂഹത്തിന്റെ പൊതുസ്വഭാവമാണിത്‌.




ഇതുപോലെ മതപരമായ വിഷയങ്ങളിലും അതിന്റെ വിധിയും സാധുതാസാധുതനിയമങ്ങളും വിഷയത്തിൽ വരാവുന്ന പ്രശ്‌നങ്ങളും പരിഹാരങ്ങളുമെല്ലാം അറിയുന്ന മതപണ്ഡിതന്മാരുടെ നിർദ്ദേശവും നേതൃത്വവും സ്വീകരിക്കലും ഉപദേശം തേടലും അനുസരിക്കലും സ്വാഭാവികവും നിയമപരവുമല്ലേ. ആണ്‌; തീർച്ചയായും. ഭൗതികമേഖലകളിൽ ഭൗതികവിജ്ഞന്മാരുടെ മേൽനോട്ടവും നിർദ്ദേശവുമനുസരിക്കുന്നത്‌ ഭൗതികജഢത്തിന്റെ രക്ഷയ്‌ക്കും സുഖവാസത്തിനുമാണെങ്കിൽ, ആത്മീയരംഗത്ത്‌ ആത്മീയജ്ഞാനികളുടെയും പണ്ഡിതന്മാരുടെയും ഉപദേശം തേടി പ്രവർത്തിക്കുന്നത്‌ ആത്മാവിന്റെ സുരക്ഷയ്‌ക്കും പരലോകത്തെ സുഖവാസത്തിനും വേണ്ടിയാണെന്ന വ്യത്യാസമേയുള്ളൂ.

മതചടങ്ങുകളും ആചാരങ്ങളുമായ നികാഹ്‌, ഇമാമത്ത്‌, മരണാനന്തര ചടങ്ങുകൾ എന്നീ കർമ്മങ്ങളിൽ വിശ്വാസികൾ ഉലമാഇനെ മുന്നിൽ നിറുത്തുന്നത്‌ അവകളിൽ പിഴവു സംഭവിക്കാതിരിക്കാനാണ്‌. അങ്ങനെ സംഭവിച്ചാൽ ബന്ധവും ചാർച്ചയും ഇബാദത്തുകളും കടമകളുമെല്ലാം അസാധുവാകാനും നഷ്‌ടപ്പെടാനുമിടയുണ്ട്‌. യഥാവിധി അവ നടക്കുന്നതിനു തന്നെയാണു പണ്ഡിതന്മാരുടെ നേതൃത്വവും കാർമ്മികത്വവും. അതിനുപുറമെ ഉലമാഇനെ സമുദായം മുന്നിൽ നിറുത്തുന്നതിനു മറ്റൊരു കാരണംകൂടിയുണ്ട്‌.

അല്ലാഹുവിന്റെ ദീൻ പഠിക്കുകയും അതു പകർന്നു നൽകുകയും ചെയ്യുന്ന-പള്ളിയിലും ദീനീ ഉലൂമിലുമായി സദാ കഴിഞ്ഞുകൂടുന്ന പണ്ഡിതന്മാർ അല്ലാഹുവിന്റെ ഭൂമിയിലെ സദ്‌വൃത്തരും സാത്വികരുമാണെന്നു സമുദായം ന്യായമായും വിശ്വസിക്കുന്നു. തോന്ന്യാസികളും പഠിക്കാൻ മിനക്കെടാത്തവരുമായ പൊതുസമൂഹത്തിൽ ഇവർ ആദരണീയർ തന്നെയാണല്ലോ. പ്രാര്‍ത്ഥനകൾക്കും മറ്റു പരിപാടികൾക്കുമെല്ലാം ഇവരെ മുന്നിൽ നിറുത്തുന്നതിന്‌ ഈ സദ് വിചാരമാണ്‌ സമുദായത്തിനു പ്രേരകം.

അഹ്‌ലുസ്സ്വലാഹിനെ (സദ്‌വൃത്തർ) മുന്നിൽ നിറുത്താനും മധ്യസ്ഥരാക്കാനും നിർദ്ദേശിക്കപ്പെട്ട സമുദായമാണല്ലോ ഇത്‌. മഴ കിട്ടാതെ വെള്ളത്തിനു ബുദ്ധിമുട്ടുന്ന വരൾച്ചവേളകളിൽ നിസ്‌കരിക്കാൻ നിർദ്ദേശിക്കപ്പെട്ട സ്വലാത്തുൽ ഇസ്‌തിസ്‌ഖാഇന്റെ മര്യാദകൾ വിവരിക്കുന്നിടത്ത്‌ ഇവരുടെ ശഫാഅത്തു പിടിക്കലും മധ്യസ്ഥരാക്കലും സുന്നത്താണെന്നും അവരുടെ ദുആ ഉത്തരം കിട്ടാന്‍ ഏറ്റവും പ്രതീക്ഷയുള്ളതാണെന്നും പ്രത്യേകിച്ച്‌ നബിതങ്ങളുടെ കുടുംബത്തെ ഇതിനുപയോഗപ്പെടുത്തണമെന്നും ഹദീസിന്റെയും ഫിഖ്‌ഹിന്റെയും ഇമാമുകൾ വിവരിച്ചിട്ടുണ്ട്‌.

നബിയുടെ പിതൃവ്യൻ അബ്ബാസി(റ)നെ കൊണ്ട്‌ ഉമർ(റ) ശിപാർശ പിടിച്ച സംഭവം ബുഖാരി റിപ്പോർട്ടു ചെയ്‌തതാണ്‌. മുഗ്‌നി: 1-323. നിഷ്‌കാമകർമ്മികളും അല്ലാഹുവിന്റെ പൊരുത്തം പ്രതീക്ഷിച്ചു ദീൻ പഠിക്കാനും പഠിപ്പിക്കാനുമായി ജീവിതം ഉഴിഞ്ഞുവച്ചവരുമായ ഉലമാഅ്‌ സദ്‌വൃത്തരല്ലെങ്കിൽ പിന്നെ ആരാണീ സമുദായത്തിലെ സദ്‌വൃത്തർ!?

പരലോകരക്ഷയ്‌ക്കാവശ്യമായ മതവിധികൾ സമുദായത്തിനു പകർന്നു നൽകുന്ന, ഭൗതികനേട്ടങ്ങൾക്കുപോലും മുൻ നിറുത്തി പ്രാർത്ഥിക്കാനും മധ്യസ്ഥത സ്വീകരിക്കാനും സമുദായം നിർദ്ദേശിക്കപ്പെട്ട മതപണ്ഡിതന്മാരെക്കുറിച്ച്‌ "പണിയെടുക്കാതെ പള്ള നിറക്കാനിറങ്ങിയവരെ" ന്നും ദീനീഅറിവുകൾ നുകരുന്ന മുതഅല്ലിമുകളെ "ചോറ്റുപട്ടാള"മെന്നും "ഉദരപൂരണക്കാരെ"ന്നും മറ്റും വിളിച്ചപഹസിക്കുകയും തെറിപൂരണം കൊണ്ടഭിഷേകം നടത്തുകയും ചെയ്യുന്ന നെറികെട്ടവന്മാർ സമുദായത്തിൽ പെട്ടവർ തന്നെയാണെന്നുള്ളതാണു വേദനാജനകം.

അല്ലെങ്കിലും "അദ്ധ്വാനിക്കാതെ അന്നം കഴിക്കുന്നവർ" എന്നതുകൊണ്ട്‌ ഇവരെന്താണ്‌ ഉദ്ദേശിക്കുന്നത്‌? ജോലി ചെയ്യുന്ന സമയത്ത്‌ വിയർക്കുന്നതു മാത്രമാണോ അദ്ധ്വാനമാകുക! അതോ രാവിലെ മുതൽ വൈകുന്നേരം വരെയുള്ള ജോലിയേ അദ്ധ്വാനമാകൂവെന്നുണ്ടോ? എങ്കിൽ ഇങ്ങനെ വിയർക്കാതെ ജോലി നടത്തുന്നവർ സമൂഹത്തിൽ എത്രയോ പേരില്ലേ? ഏതാനും മണിക്കൂറുകൾ കൊണ്ടോ നിമിഷങ്ങൾ കൊണ്ടോ ജോലി തീരുന്നവരും ധാരാളമില്ലേ? ഇവർക്കെതിരെയെല്ലാം ഈ ആരോപണം ഇവരുന്നയിക്കുമോ? ദിവസവും രണ്ടോ മൂന്നോ മണിക്കൂർ മാത്രം അദ്ധ്യാപനം നടത്തി മാസാന്തം ആയിരങ്ങളും പതിനായിരങ്ങളും ശമ്പളം വാങ്ങുന്ന സ്‌കൂൾ, കോളേജ്‌ അധ്യാപകന്മാർ, രണ്ടോ മൂന്നോ സെക്കന്റുമാത്രം പ്രിസ്‌ക്രിപ്‌ഷനെഴുതി നൂറും നൂറ്റി അമ്പതും പ്രതിഫലം പറ്റുന്ന ഡോക്‌ടർമാർ, മിനുട്ടുകളുടെ വരകുറി നടത്തി പതിനായിരങ്ങൾ കമ്മീഷനോ ശമ്പളമോ വാങ്ങുന്ന എഞ്ചിനീയർമാർ, ഇവരെല്ലാം മെയ്യനങ്ങാത്ത-വിയർപ്പൊഴുക്കാത്ത ജോലിക്കാരല്ലേ?

മതാദ്ധ്യാപനം നടത്തി ആയിരവും ആയിരത്തിഅഞ്ഞൂറും കവിഞ്ഞാൽ നാലോ അഞ്ചോ ആയിരവും ശമ്പളം വാങ്ങുന്ന മതാദ്ധ്യാപകരും മതസേവകരും മേൽപറഞ്ഞവരൊന്നും ചെയ്യാത്ത തെറ്റ്‌ എന്താണു ചെയ്‌തത്‌! ഇനി നറുക്കെഴുതിയോ നൂലൂതിയോ പൈസ വാങ്ങുന്ന തങ്ങൾമാരോ മുസ്‌ല്യാന്മാരോ, മരുന്നു കുറിച്ചു കൊടുത്തു ഫീസ്‌ വാങ്ങുന്ന ഡോക്‌ടർമാർ ചെയ്യാത്ത വല്ല കടുത്ത പാതകവും ചെയ്യുന്നുണ്ടോ? ഒന്ന്‌ ശാരീരിക ചികിത്സയും മറ്റേത്‌ ആത്മീയ ചികിത്സയുമെന്ന വ്യത്യാസമല്ലേയുള്ളൂ. ഭൗതികവിഷയമാകുമ്പോൾ അതു സേവനവും ജോലിയുമായും ആത്മീയ വിഷയമാകുമ്പോൾ അതു ചൂഷണവും അദ്ധ്വാനിക്കാതെ അന്നം തിന്നലുമായും ചിത്രീകരിക്കുന്നതിന്റെ യുക്തി എന്താണാവോ!

ഒരു ഡോക്‌ടർ ഡോക്‌ടറാകാനും അധ്യാപകൻ അധ്യാപകനാകാനും ധാരാളം വർഷത്തെ അദ്ധ്വാനമുണ്ടെന്നാണു പറയുന്നതെങ്കിൽ, അതിനേക്കാൾ എത്രയോ വലിയ അദ്ധ്വാനമാണ്‌ ഒരു ശരിയായ ആലിമാകാൻ വേണ്ടത്‌. അതല്ല, ധാരാളം പണം ചെലവാക്കി പഠിച്ചവരാണ്‌ ഡോക്‌ടർമാരും എഞ്ചിനീയർമാരും അധ്യാപകരുമെല്ലാം എന്നതാണു വ്യത്യാസമെങ്കിൽ, ആത്മീയ രംഗത്തു മതവിജ്ഞാനും നുകരാനും പഠിക്കാനും പണമില്ലാതെ തന്നെ സമുദായം സൗകര്യമൊരുക്കിയതു കൊണ്ടാണല്ലോ ഇത്‌. ഇതു ആലിമുകൾ ചെയ്‌ത തെറ്റാണോ?

ആയിരത്തിഅഞ്ഞൂറിനും രണ്ടായിരത്തിനും ജോലി ചെയ്‌ത്‌ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ പാടുപെടുന്ന മുസ്‌ല്യാക്കന്മാരെല്ലാം മേലനങ്ങാതെ തിന്നാൻ വേണ്ടിയാണ്‌ ഈ രംഗത്തു നിൽക്കുന്നതെന്നു പറഞ്ഞാൽ ഇന്നത്തെ കാലത്ത്‌ ആരെയാണ്‌ അതിനു കിട്ടുക! മൗലിദുകർമ്മം പോലുള്ള ആചാരങ്ങൾ "മേലനങ്ങാതെ ആരാന്റേതു തിന്നു നടക്കാന്‍ വേണ്ടി" പടച്ചുണ്ടാക്കിയതാണെന്നും മുസ്‌ല്യാർമാർ എന്ന തസ്‌തിക തന്നെ ഇങ്ങനെ സൃഷ്‌ടിക്കപ്പെട്ടതാണെന്നും ആണ്ടിലൊരിക്കൽ നടക്കുന്ന "മൗലിദിന്റെ കൈമടക്ക്‌" ലഭിക്കാനും ഖബ്‌റിങ്ങൽ ഓതി പൈസ മേടിക്കാനുമാണ്‌ ഇതെല്ലാമെന്നും പരിഹസിക്കുന്നത്‌ എത്രവങ്കത്തരമാണ്‌!

ആകട്ടെ, മുസ്‌ല്യാക്കന്മാരെ ചൂഷകരും പണം പിടുങ്ങികളുമായി മുദ്രകുത്തുന്നവർ ഇത്തരം കർമ്മങ്ങൾക്കു പണംവാങ്ങൽ നിഷിദ്ധമാണെന്ന വാദപ്രകാരമാണ്‌ അങ്ങനെ പറയുന്നതെങ്കില്‍ അതിനു തെളിവെന്താണ്‌? മൗലിദ്‌ ഓതിയ ശേഷം ഹദ്‌യ ചെയ്യുന്നതു സ്വീകരിക്കലും ഖുർആനോതാൻ ആളെ കൂലി കൊടുത്തു നിശ്ചയിക്കുന്നതും അതു സ്വീകരിക്കുന്നതും മതാധ്യാപനത്തിനും പള്ളിപരിപാലനത്തിനുമെല്ലാം ശമ്പളം പറയലും വാങ്ങലും നിഷിദ്ധമാണെന്ന്‌ ഏതു കർമ്മശാസ്‌ത്രത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഇവർ തെളിയിക്കുക! അല്ലെങ്കിൽ ഏത്‌ ആയത്തിന്റെ-ഹദീസിന്റെ അടിസ്ഥാനത്തിൽ?

തങ്ങളുടെ ജംഇയ്യത്തുൽ ഉലമായുടെയും സംഘടനകളുടെയുമെല്ലാം നേതൃസ്ഥാനങ്ങളിൽ തങ്ങളിലുള്ള വിജ്ഞന്മാരെയും വിദ്വാന്മാരെയുമാണല്ലോ ഇവർ നിയമിക്കുന്നത്‌. ഇതിന്റെ തെളിവെന്താണാവോ! തങ്ങളുടെ നികാഹുകൾ, കല്ല്യാണങ്ങൾ, പള്ളിശിലാസ്ഥാപനം, ഉദ്‌ഘാടനം ആദിയായവയക്കെല്ലാം തങ്ങളുടെ മൗലവിമാരുടെ നേതൃത്വവും കാർമ്മികത്വവുമാണ്‌ ഇവർ അംഗീകരിക്കുന്നത്‌. ഇതിൽ ചൂഷണമോ "പൗരോഹിത്യമോ" ഇല്ലേ? തലമറക്കാത്ത പാന്റ്സിട്ട മൗലവിമാരാകുമ്പോൾ ഇതൊന്നുമില്ലെന്നും തലേക്കെട്ടി താടിവച്ച മതപണ്ഡിതന്മാരെക്കൊണ്ടാകുമ്പോൾ മാത്രമാണ്‌ പ്രശ്‌നമെന്നും വരുന്നതെങ്ങനെ? വിരോധാഭാസമെന്നല്ലാതെന്തുപറയാൻ?!

നടേപറഞ്ഞ കർമ്മങ്ങളെല്ലാം ശാഫിഈ ഫിഖ്‌ഹ്‌ കൈകാര്യം ചെയ്യുകയും സവിസ്‌തരം പ്രതിപാദിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇതനുസരിച്ചു മാത്രമാണു കേരളത്തിലെ സുന്നീഉലമാഉം പ്രവർത്തിക്കുന്നത്‌. ഇതിന്റെ പേരിൽ അവരെ അവഹേളിക്കുന്നതും ആക്ഷേപിക്കുന്നതും മറ്റൊന്നും കൊണ്ടല്ല; തങ്ങളുടെ നിലനിൽപ്പിനു ഉലമാഅ്‌ ഭീഷണിയാണെന്നുള്ള തിരിച്ചറിവിൽ നിന്നുയർന്ന പേടി കൊണ്ടാണ്‌. തങ്ങളുടെ ആശയ പാപ്പരത്തവും അടിസ്ഥാനരഹിതമായ നിലപാടുകളും സമൂഹത്തിനു മുമ്പിൽ പോസ്റ്റുമോർട്ടം ചെയ്യാനുള്ള ത്രാണി ഇവിടത്തെ ഉലമാക്കൾക്കുണ്ടെന്ന തിരിച്ചറിവാണു പ്രശ്‌നം.

സത്യവിശ്വാസികളുടെ കർമ്മാചാരങ്ങളും വിശ്വാസവും പിഴവുപറ്റാതെ കാത്തുസൂക്ഷിക്കുന്ന അവരുടെ സുരക്ഷാവലയമായ ഉലമാഇനെ സമുദായത്തിൽ നിന്ന്‌ അകറ്റിയെങ്കിൽ മാത്രമേ തങ്ങളുടെ അബദ്ധജഢിലമായ അന്തകവിത്തുകൾ ഈ സുദായത്തിൽ മുളക്കുകയുള്ളൂവെന്ന തിരിച്ചറിവ്‌ മറ്റാരേക്കാളും ഇവർക്കുണ്ട്‌. അതുകൊണ്ടാണ്‌ ഇവർ വൃത്തികെട്ട ആരോപണങ്ങളിലൂടെയും അമാന്യമായ അവഹേളനത്തിലൂടെയും സമുദായസമുച്ഛയത്തിനു വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്നത്‌. വിശ്വാസികൾ ഇവരുടെ കുതന്ത്രം തിരിച്ചറിഞ്ഞ്‌ ഉണർന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്‌. അതീവജാഗ്രതയോടെ..

മൗലാനാ നജീബ് ഉസ്താദിന്റെ 'ലഘുചിന്തകൾ' എന്ന പുസ്തകത്തിൽ നിന്നും (ബുൽബുൽ മാസികയിൽ വന്ന ലേഖനം)

മൗലാനയുടെ കൂടുതൽ പ്രസംഗങ്ങളും ഫത്'വാകളും ലേഖനങ്ങളും ഫെയ്സ്ബുക്കിൽ ലഭിക്കാൻ ഇവിടെ ക്ളിക്ക് ചെയ്ത് ലൈക് അടിക്കുക.