Tuesday, January 03, 2017

കഴിഞ്ഞ കാലം തന്നെയാണ് നല്ല കാലം..!

മാലപ്പടക്കത്തിന് തിരികൊളുത്തിയ പോലെയാണ് ദൈനം ദിനം പുതുപുതുമയാർന്ന സംവിധാനങ്ങളും കണ്ടുപിടുത്തങ്ങളും സൗകര്യങ്ങളും ഒന്നിൽ നിന്ന് അതിലേറെ മെച്ചമായ മറ്റൊന്നിലേക്ക് അത്യപാരമായ വേഗതയിൽ ചലിച്ചു കൊണ്ടിരിക്കുന്നത്. മനുഷ്യബുദ്ധി ലോകത്ത് വിപ്ലവങ്ങൾ തീർത്തു കൊണ്ടേയിരിക്കുന്ന വർത്തമാന കാലത്ത് സ്വാഭാവികമായും എല്ലാവരും ചിന്തിക്കുക കഴിഞ്ഞു പോയ കാലത്തേക്കാൾ എത്രയോ നല്ലതാണ് ഇന്നത്തെ ടെക്‌നോളജിയുടെ യുഗമെന്നു തന്നെയാണ്.


പണ്ട് പട്ടിണിയും പരിവട്ടവും നിറഞ്ഞു നിന്നിരുന്ന സമൂഹത്തിൽ പലയിടത്തും സമ്പത്ത് കുമിഞ്ഞു കൂടി ദാരിദ്ര്യമെന്നാൽ ഏറ്റവും വിലകുറഞ്ഞ കാറുണ്ടാവുക/വീടുണ്ടാവുക എന്നിടത്തെത്തിയിട്ടുണ്ട് പൊതുവിൽ ഞങ്ങളുടെ നാട്ടിലൊക്കെ. (അപവാദങ്ങൾ ഇല്ലെന്നല്ല). നന്മയാണ് വളർന്നു വന്നത് എന്നും കഴിഞ്ഞു പോയ കാലം ഇന്നത്തെ അപേക്ഷിച്ചു മോശമായിരുന്നു എന്നുമാണ് നാമെല്ലാം മനസ്സിലാക്കുകയും ചെയ്യുക. മാത്രമല്ല, വരാനിരിക്കുന്ന കാലം ഇതിലേറെ നല്ലതായി സംഭവിക്കുമെന്ന ശുഭാപ്തി വിശ്വാസം 'ശോഭനമായ ഭാവി' സ്വപ്നം കാണുന്ന നമ്മിലെല്ലാമുണ്ട്.

അമുസ്ലിമീങ്ങളെയും മതനിരാസ ചിന്തകരെയും ശാസ്ത്ര വിശ്വാസികളെയും മാറ്റിവെച്ച് യഥാർത്ഥത്തിൽ ഒരു സത്യവിശ്വാസി എന്ന നിലയിൽ ഭൗതികമായ നന്മ തിന്മകളെ വിട്ട് ആത്യന്തിക ലക്ഷ്യമായ പാരത്രീക ലോകത്തിനു വേണ്ടി പണിയെടുക്കാനുള്ള സമയമായി ജീവിതത്തെ മനസ്സിലാക്കി ചിന്തിക്കുകയാണെങ്കിൽ വർത്തമാന കാലവും ഭാവിയും ഒരിക്കലും ഭൂതകാലത്തേക്കാൾ നന്മയുടെ കാര്യത്തിൽ മുന്നിലല്ല എന്ന് മാത്രമല്ല, ഒരുപാട് കാതം പിന്നിലാണെന്ന് മനസ്സിലാക്കാൻ കഴിയുക തന്നെ ചെയ്യും.


ഓരോ ദിവസവും പുലരുന്നത് തന്നെ തലേ ദിവസമെന്ന തന്റെ ജീവിതത്തിലെ തിരിച്ചു വരാത്ത സാധ്യതയെ ഇല്ലായ്മ ചെയ്തു കൊണ്ടാണ്. ഇന്നലെയിൽ ഒരു നന്മയും ചെയ്ത തീർക്കാൻ ഇന്ന് കഴിയുകയില്ലല്ലോ. മനുഷ്യനെന്ന നിലയിൽ ഇന്നലെകളിൽ ആധുനികതയുടേതായി ഇന്നുള്ള പല പല സൗകര്യങ്ങളും അനുഭവിക്കാതെ പോയത് അല്ലാഹുവിങ്കൽ ഒരിക്കലും നഷ്ടമായി ഭവിക്കുന്നില്ല, മറിച്ച് എന്തൊക്കെ സൗകര്യങ്ങൾ നാം പുതുതായി അനുഭവിക്കുന്നുവോ അതിനനുസൃതമായി പ്രതിഫലത്തിന്റെ ലോകത്ത് കുറവ് വരുമെന്നത് തീർച്ചയാണ്.


വീട്ടുതൊടിയിലെ ഏറ്റവും താഴ്ഭാഗത്ത്, മണ്ണ് കിളച്ചു പടവുകൾ കെട്ടി ഭംഗിയാക്കാത്ത കിണറിൽ കവുങ്ങിന്റെ പാള കെട്ടിയുണ്ടാക്കിയ തോട്ടി കൊണ്ട് വെള്ളം കോരി നിര്ബന്ധവും സുന്നത്തുമായ കുളികളും വുളൂഉം നിർവ്വഹിച്ച കഷ്ടതയിൽ നിന്നും ഒന്ന് ഞെക്കിയാൽ, തിരിച്ചാൽ ആവശ്യത്തിലധികം വെള്ളം കൈവെള്ളയിലും ശരീരത്തിലും വന്നു വീഴുന്ന - ഒരുവേള മുഖം വെച്ച് കൊടുത്താൽ കഴുകിത്തരുന്ന രീതിയിൽ വരെ സൗകര്യമുള്ള കാലത്തേക്ക് നമ്മളെത്തി, ഇന്നലെയിലെ ആ അപരിഷ്‌കൃത ജീവിതമാണോ അതോ ഇന്നത്തെ സൗകര്യ പൂർണ്ണമായ ജീവിതമാണോ നല്ലത് അല്ലാഹുവിങ്കൽ?


ഇല്ലായ്മയുടെ വല്ലായ്മക്കാലത്ത് എല്ലുമുറിയെ പണിയെടുത്ത് ദൂരെ നിന്നും കല്ലുകളും മണ്ണുകളും ചുമന്നു കൊണ്ട് നമ്മുടെ പ്രപിതാക്കൾ ശ്രമദാനമായി നിർമ്മിച്ച വൃത്തിയും മനോഹാരിതയും ഇല്ലാത്ത പള്ളിയിലാണോ അതോ കോടികൾ കീശകളിൽ നിന്നും വാരി വലിച്ചിട്ട് കൂലി കൊടുത്ത് ഉണ്ടാക്കിയെടുത്ത മാർബിൾ സൗധങ്ങളായ പള്ളിയിലാണോ അല്ലാഹുവിങ്കൽ നന്മ കൂടുതൽ കാണുക? എവിടെയാണ് മനുഷ്യനിൽ ഖുശൂഅ് പകരുന്നത്?


ഞെക്കിയാൽ കിട്ടുന്ന കൈവെള്ളയിൽ ലോകത്ത് ഇൽമ് സംവിധാനിച്ചു ലഭ്യമാക്കുന്ന ഇക്കാലം മുൻകഴിഞ്ഞ കാലത്തേക്കാൾ നല്ലതായി നമ്മിൽ പലരും മനസ്സിലാക്കുന്നു എങ്കിലും സത്യം അവിടെയും മറിച്ചാണ് - ഇൽമ് എന്നത് തത്വത്തിൽ അക്ഷരങ്ങളിൽ തെളിയുന്നതിനേക്കാൾ ഉലമാഇന്റെ ഹൃദയത്തിൽ തെളിയുന്ന വെളിച്ചമാണ്. അക്ഷരങ്ങൾ കൊണ്ട് ഇൽമ് നിലനിൽക്കുമായിരുന്നു എങ്കിൽ ഇൽമിനെ ഉയർത്തുക 'ഉലമാഇനെ മരിപ്പിച്ചു കൊണ്ടായിരിക്കും' എന്ന് തിരുനബി പറയില്ലല്ലോ. അക്ഷരം കൊണ്ട് ഇൽമും വിശ്വാസവും നിലനിൽക്കുമായിരുന്നു എങ്കിൽ വിശുദ്ധ ഖുർആനിന്റെ 'റസ്മ്' മാത്രം നിലനിൽക്കുന്ന ഒരു കാലം വരുമെന്ന് അവിടുന്ന് സൂചിപ്പിക്കില്ലല്ലോ. കൈവെള്ളയിലെന്ന പോലെ ഇൽമിനെ അക്ഷരക്കൂട്ടുകൾ ജനകീയ വൽക്കരിക്കപ്പെട്ടത് നന്മയെക്കാൾ കൂടുതൽ ദുരന്തമാണ് നൽകുന്നത് - ഇൽമറിയാവുന്ന ഉലമാക്കളെ പിന്തുടരുന്നതിനു പകരം അപ്പുറവും ഇപ്പുറവും കാണാതെ മുന്നിലുള്ള അക്ഷരങ്ങളെ പിൻപറ്റി വിശ്വാസം പോലും ആളുകൾ ദുർബലപ്പെടുത്തുന്ന കാലമാണിത്. ഇന്നലെകൾ തന്നെയാണ് ഇന്നിനേക്കാൾ നല്ലത് - നാളെയെക്കാൾ ഇന്നാണ് നല്ലത്, തീർച്ച.


'ഇരുലോകത്തിലെയും എല്ലാ ഖൈറുകളും നശിപ്പിക്കുന്ന ശിർക്ക് നിങ്ങളുടെ വിശ്വാസത്തെ ബാധിക്കുമെന്ന് ഞാൻ ഭയക്കുന്നേയില്ല - മറിച്ച് ദുനിയാവിനെ നിങ്ങളുടെ മേൽ വിശാലമാക്കപ്പെടുന്നതിനെയാണ് നിങ്ങളുടെ മേൽ ഞാൻ ഭയപ്പെടുന്നത്' എന്ന തിരുനബിതങ്ങളുടെ(സ്വ) വിശുദ്ധ വാക്യം ഇല്ലായ്മയുടെ വല്ലായ്മക്കാലം സൗകര്യപൂർണ്ണമായ ദുനിയവിയ്യായ ജീവിതത്തേക്കാൾ എത്രയോ ഉത്തമമാണെന്ന് തെളിച്ചു പറയുന്നുണ്ടല്ലോ.


പ്രകൃതിപരമായി അല്ലാഹു സംവിധാനിക്കുന്ന അനുഗ്രഹങ്ങളെ തൊട്ട് നമുക്ക് മാറിനിൽക്കാൻ കഴിയില്ല എങ്കിലും എന്തെന്ത് അനുഗ്രഹം അധികമായി ലഭിക്കുമ്പോഴും അതിനനുസരിച്ചു നന്ദി ചെയ്യാനുള്ള ബാധ്യതയും അവനിൽ കൂടുന്നില്ലേ, അങ്ങനെ ആലോചിക്കുമ്പോഴും ഇന്നലെകളിലെ കുറഞ്ഞ സൗകര്യങ്ങൾ ഇന്നുകളിലെ സമ്പത്തിന്റെ വിശാലതയെക്കാൾ മുസ്ലിമിന് നല്ലതായിരുന്നു എന്ന് വ്യക്തമാകും.


ഇല്ലായ്മയുടെയും പട്ടിണിയുടെയും ദിനങ്ങളിലും നമ്മുടെ പിതാക്കളും മാതാക്കളും അല്ലാഹുവിനെ മറക്കാതെ ജീവിച്ചു - സൗകര്യങ്ങൾ നമ്മെ അതിന്റെ ദാതാവായ സുബ്ഹാനിലേക്ക് ചേർക്കുകയല്ല, അകറ്റുകയാണ് ചെയ്തതെന്ന് അനിഷേധ്യമായ സത്യമല്ലേ. ബസ്സിന്റെ ബോർഡ് എഴുതിയത് വായിക്കാൻ പോലും കഴിയാതെ ജീവിച്ചു കഴിഞ്ഞു പോയ നമ്മുടെ ഉമ്മാമമാർക്ക് ദൈവഭയവും തഖ്'വായും ജീവിത ലക്ഷ്യത്തെ കുറിച്ചുള്ള ബോധവും എത്ര ഉന്നതിയിലായിരുന്നു!


തിരുനബി(സ്വ) തങ്ങൾ ഇത് കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്, അവിടുന്ന് പറഞ്ഞു:

ما من عام إلا ينقص الخير فيه ويزيد الشر


ആശയം: "ഓരോ വർഷവും അതിനു മുമ്പുള്ളതിനേക്കാൾ ഖൈർ ചുരുങ്ങുകയും തിന്മ വർദ്ധിക്കുകയും ചെയ്തല്ലാതെ വന്നുചേരുകയില്ല"


ഹജ്‌ജാജിന്റെ ഭരണത്തെ പറ്റി പരാതി പറഞ്ഞപ്പോൾ അവരോട് അനസ് ഇബ്നു മാലിക്(റ) പറഞ്ഞത്:


‏اصبروا فإنه لا يأتي زمان إلا والذي بعده شر منه حتى تلقوا ربكم - سمعته من نبيكم صلى الله عليه وسلم


ആശയം: "നിങ്ങൾ ക്ഷമ കൈക്കൊള്ളുക - അല്ലാഹുവിലേക്ക് ചേരുന്ന കാലം വരെ ഒരിക്കലും തുടർന്ന് വരുന്ന കാലം മുമ്പ് കഴിഞ്ഞു പോയതിനേക്കാളും നിലവിലുള്ളതിനേക്കാളും മോശമായല്ലാതെ സംഭവിക്കുകയില്ല - ഇത് ഞാൻ തിരുനബി തങ്ങളിൽ നിന്നും കേട്ടതാണ്".


അനവധി ഉദ്ധരണികൾ ഇങ്ങനെ വന്നിട്ടുണ്ട്, ലോകക്രമത്തെ കുറിച്ചാകട്ടെ ഇസ്‌ലാമിനെ കുറിച്ചാകട്ടെ, അറിവിനെ കുറിച്ചും സകലമാന നന്മകളെ കുറിച്ചും ആകട്ടെ നമ്മുടെ കാഴ്ച്ചപ്പാടുകളിൽ നന്മകൾ വർദ്ധിച്ചതായി തോന്നാൻ സാധ്യത കാണാമെങ്കിലും സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം പിറന്നു വീഴുന്ന ഓരോ പുതിയ ദിവസവും തലേ ദിവസത്തെ അപേക്ഷിച്ചു ഖൈർ ചുരുങ്ങിയതും തിന്മ വർദ്ധിച്ചതുമായി തന്നെയേ കണ്ടെത്താനാകൂ. ഏറ്റവും ചുരുക്കം, എല്ലാ ഖൈറുകളുടെയും കാരണക്കാരനായ തിരുനബി(സ്വ) തങ്ങളുടെ പുണ്യ ജീവിതത്തിൽ നിന്നും ഒരു ദിവസം കൂടി നമ്മൾ ദൂരെയായല്ലോ.........


ഭൂതകാലം തന്നെയാണ് വർത്തമാന കാലത്തേക്കാൾ നല്ലത് - നാമറിയാതെ തന്നെ അല്ലാഹുവിന്റെ സംവിധാനത്തിൽ അവൻ ഖൈറായി നിശ്ചയിച്ചത് ചുരുങ്ങുകയും തിന്മയായി കണക്കു കൂടിയവ കൂടുകയും ചെയ്തിട്ടുണ്ട്. എത്രയെത്ര സൗകര്യങ്ങളും സംവിധാനങ്ങളും കൂടി വരുന്നോ അത്രയും ആത്മീയതയിൽ നിന്നും, മതം നന്മ എന്ന് നിഷ്കര്ഷിക്കുന്നതിൽ നിന്നും മനുഷ്യൻ ദൂരെയാകുകയാണ്.


وعسى أن تكرهوا شيئا وهو خير لكم وعسى أن تحبوا شيئا وهو شر لكم


മനുഷ്യൻ നന്മയെന്നും വളർച്ചയെന്നുമൊക്കെ ചിന്തിച്ചുകൂട്ടി ഇഷ്ടപ്പെടുന്നത് അവനു തിന്മയായിരിക്കും അല്ലാഹുവിങ്കൽ, അതെ പോലെ അവൻ തിന്മയും നഷ്ടവും മുരടിപ്പും വികസ്വരതയും മറ്റും മറ്റുമൊക്കെയായി കണ്ട് വെറുക്കുന്നവയിൽ അല്ലാഹു ഖൈർ സംവിധാനിച്ചിട്ടും ഉണ്ടാകും - അവൻ മാത്രമാണല്ലോ അറിവുടയവൻ .............

No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...