Sunday, January 08, 2017

ബുഹ്‌ലൂലിന്റെ വടിയും ഭൂമിയിലെ ജീവിതവും.

ഹാറൂൺ റഷീദ് യാത്രക്കിറങ്ങിയതായിരുന്നു. ഒരു ഖബർസ്ഥാനിന്റെ അടുത്തെത്തിയപ്പോൾ അവിടെ ആളുകൾ ഭ്രാന്തൻ എന്ന് വിളിച്ചിരുന്ന, യഥാർത്ഥത്തിൽ ബുദ്ധിമാനായ ബുഹ്‌ലൂൽ ഒരു വടിയും കയ്യിൽ പിടിച്ച് എന്തോ ചെയ്യുന്നത് ഖലീഫ കണ്ടു. ഖബറിടങ്ങളിൽ വന്നിരിക്കുന്നത് ബുഹ്‌ലൂലിന്റെ പതിവായിരുന്നു. "അവിടെയുള്ളവർ നല്ല സുഹൃത്തുക്കളാണ്, അവർ ആരുടേയും ഗീബത്ത് പറയുകയില്ല" എന്നായിരുന്നു അദ്ദേഹത്തിൻറെ ന്യായം.

ബുഹ്‌ലൂലിനെ നന്നായി അറിയുന്ന ഖലീഫ വിളിച്ചു ചോദിച്ചു: "നിങ്ങൾ എന്താണ് ചെയ്യുന്നത് ബുഹ്‌ലൂൽ?"

"കാര്യമായി ഒന്നുമില്ല. ഇവിടെയുള്ള തലയോട്ടികളും എല്ലുകളും രാജാക്കന്മാരുടേതാണോ അതോ ആവപ്പെട്ടവരുടേതാണോ എന്ന് പരിശോധിക്കുകയായിരുന്നു.എല്ലാം ഒരുപോലെയുണ്ട്"

ഹാറൂൺ റഷീദ് വീണ്ടും ചോദിച്ചു: "കയ്യിലെന്തിനാണ് ഒരു വടി?"

"ഞാൻ മണ്ണ് അളക്കുകയായിരുന്നു ഓ ഖലീഫാ, എല്ലാവിധ സമ്പത്തും സൗകര്യങ്ങളും ഉണ്ടായിരുന്ന രാജാക്കന്മാർക്കും പാവങ്ങളിൽ പാവമായിരുന്നു മുഠാള ദരിദ്രനുമെല്ലാം ഒരേ പോലെയാണിവിടെ ലഭിക്കുന്നത്, ആറടി എനിക്കും ആറടി നിങ്ങൾക്കും" ബുഹ്‌ലൂൽ മറുപടി പറഞ്ഞു.

ഒന്നോർത്തു നോക്കൂ, ദുനിയാവിൽ സമ്പത്തിന്റെയും ഭൗതികമായ ഐശ്വര്യങ്ങളുടെയും പരകോടിയിൽ ആസ്വദിച്ചു ആനന്ദിച്ചു ജീവിച്ചിരുന്ന എത്ര എത്ര പേരുടെ ചരിത്രങ്ങൾ നമുക്കറിയാം. നമുക്ക് ചുറ്റുമായി വാർത്തകളിലും വാമൊഴികളിലും വരമൊഴികളിലുമായി എത്രയെത്ര അധികാരികളും സമ്പന്നന്മാരും ആഢ്യന്മാരും കഴിഞ്ഞു പോയി. ഭൗതിക ജീവിതത്തിൽ അവരവരുടെ ജീവിതകാലത്ത് ലഭ്യമാകുന്ന എല്ലാത്തരം സൗകര്യങ്ങളും സ്വന്തമാക്കാൻ കഴിവുണ്ടായിരുന്നു, അതനുസരിച്ച് മതിമറന്നു ജീവിച്ചിരുന്നവരുടെയൊക്കെ മരണാനന്തര ജീവിതത്തിന്റെ അവസ്ഥയെന്താണ്?.

തലയിൽ സ്വർണ്ണക്കിരീടം വെച്ചവരുടെയും കീറിപ്പറിഞ്ഞ തുണിയിട്ടവരുടെയും തലയോട്ടികൾ തമ്മിൽ മണ്ണിൽ എന്ത് വ്യത്യാസമാണുള്ളത്? അനേകരാജ്യങ്ങൾ സ്വന്തം അധികാരത്തിലായി ജീവിച്ച ചക്രവർത്തിക്കും ഒരു ചാൺ ഭൂമി സ്വന്തമായില്ലാതെ പൊതുനിരത്തിൽ അന്തിയുറങ്ങിയ മനുഷ്യനും അവസാനം കിടക്കുന്നത് ആറേ ആറടി മണ്ണിലല്ലേ?.സമ്പത്തും അധികാരവും സൗകര്യവും നിറയെ ഉണ്ടായിരുന്നവർ ഇവിടം വിട്ടുപോകുമ്പോൾ എന്താണ് കൂടെ കൊണ്ട് പോയത്? പല സംസ്കാരക്കാരുടെയും രീതിപ്രകാരം സമ്പത്തിന്റെ ചില അംശങ്ങളൊക്കെ അടക്കം ചെയ്യുന്ന പെട്ടിക്കകത്ത് വെച്ചാൽ പോലും ആ കൊണ്ട് പോകുന്നത് കൊണ്ട് അവിടെ അവർക്കത് എന്തിനാണ് ഉപകരിക്കുക?

ഐഹിക ലോകത്ത് തന്റെ പിൻഗാമികൾക്കായി ബാക്കിവെച്ച് പോകുന്ന സമ്പത്ത് കൊണ്ടും അത്തരക്കാർക്ക് യാതൊന്നും ലഭിക്കാനില്ല. എല്ലാം കൂട്ടിവായിച്ചാൽ വിശന്നു വലഞ്ഞ തെരുവുപട്ടികൾ മാലിന്യ നിക്ഷേപങ്ങളിൽ കൊണ്ട് പോയി ഇട്ട ശവങ്ങൾ കടിച്ചു വലിക്കുന്നത് പോലെ ആർത്തി പൂണ്ട് ദുനിയാവിനെ വാരിപ്പുണർന്ന് അതിനു പിന്നാലെ ആശയോടെ ഓടിയോടിക്കിതച്ച് നേടിയതെല്ലാം അവന് ആയുസ്സിന്റെ അന്ത്യശ്വാസം വലിക്കുമ്പോൾ ഒന്നിനുമല്ലാതെ, ഒരുപകാരവും എത്തിക്കാത്ത പാഴ് വസ്തുവായി മാറുന്നു.



ജീവിതം ലക്ഷ്യങ്ങൾ നേടിയെടുക്കാൻ വേണ്ടിയുള്ള നെട്ടോട്ടത്തിലായാണ്‌ നമ്മൾ എല്ലാവരും ചിലവഴിക്കുന്നത്‌. ദുനിയാവിലെ സന്തോഷങ്ങളെ തേടുന്നവർ അതിനു വേണ്ടിയും ആഖിറത്തിനെ ലക്ഷ്യം വെക്കുന്നവർ അതിന്‌ വേണ്ടിയും വിശ്രമമില്ലാതെ അധ്വാനിക്കുന്നു. എന്തിനൊക്കെ വേണ്ടി നാം ഓടി നടന്നുവോ അതൊന്നിനേയും എന്നെന്നും സംരക്ഷിക്കാനോ കൂടെ നിർത്താനോ നമുക്ക്‌ കഴിയില്ല.ആരോരും കൂട്ടിനില്ലാത്ത പുഴുക്കളുടെയും ഇഴ ജന്തുക്കളുടെയും വീടായ മണ്ണിനടിയിലെ ആറടിയിലേക്ക്‌ നാം മാറിക്കൊടുക്കണം.


ഇബ്‌റാഹീം ഇബ്നു അദ്ഹം(റ) അവിടുത്തെ രാജ്യവും സമ്പത്തുമെല്ലാം വിട്ടൊഴിഞ്ഞു തികഞ്ഞ പരിത്യാഗിയായി മാറാൻ കാരണമായ സംഭവങ്ങളിൽ ഒന്ന് ഇങ്ങനെയാണ്. ഒരിക്കൽ അവിടുത്തെ കൊട്ടാരത്തിൽ മുഷിഞ്ഞ വസ്ത്രവും ധരിച്ചൊരു വഴിപോക്കൻ പട്ടാളക്കാരെയൊക്കെ വെട്ടിച്ച് ചക്രവർത്തി ഇബ്‌റാഹീം തങ്ങളുടെ മുമ്പിലെത്തി. ചക്രവർത്തി അയാളോട് ചോദിച്ചു:


ച: "നിങ്ങൾക്കെന്ത് വേണം?"
വ: "ഞാൻ ഈ സത്രത്തിൽ എത്തിച്ചേർന്നതേയുള്ളൂ"
ച: "ഇത് സത്രമല്ല - എന്റെ കൊട്ടാരമാണ്!, നിനക്ക് ഭ്രാന്താണ്" - ചക്രവർത്തി ദേഷ്യപ്പെട്ടു.
വ: "ഈ സ്ഥലം നിങ്ങൾക്ക് മുമ്പ് ആരുടെതായിരുന്നു?"
ച: "എന്റെ പിതാവിന്റേത്"
വ: "അതിന്റെയും മുമ്പ് ആരുടേതായിരുന്നു?"
ച: "എന്റെ പിതാമഹന്റെത്"
വ: "അതിന്റെയും മുമ്പ്?"
ച: "ഇന്ന ഇന്ന ആളുടെത്" .
വ: "അതിന്റെയും മുമ്പ്?"
ച: "അദ്ദേഹത്തിന്റെ പിതാവിന്റേത്".
വ: "ശരി - അവരൊക്കെ എവിടെ ഇപ്പോൾ?" അയാൾ തീക്ഷ്ണമായി ചോദിച്ചു.
ച: "അവരൊക്കെ ഇവിടെ നിന്നും പിരിഞ്ഞു പോയി - മരണപ്പെട്ടു".
വ: "പിന്നെ തീർച്ചയായും ഇതൊരു സത്രം തന്നെയല്ലേ, ഒരാൾ വരുന്നു, മറ്റൊരാൾ പിരിഞ്ഞു പോകുന്നു.."

ഇബ്‌റാഹീം ഇബ്നു അദ്ഹം(റ) തങ്ങൾക്ക് മറുപടിയുണ്ടായിരുന്നില്ല. ഭൂമിലോകത്തെ ജീവിതം തികച്ചും നശ്വരമാണ് എന്ന തിരിച്ചറിവ് മനസ്സിൽ ആഴത്തിൽ ഇറങ്ങുന്നതോടെ പിന്നെ ഭൗതികമായ സുഖാഡംബരങ്ങളിൽ മനസ്സ് സന്തോഷിക്കുകയേയില്ല എന്നത് അവിടുത്തെ ചരിത്രം കൃത്യമായി പഠിപ്പിക്കുന്നുണ്ട്.

കാക്ക പാറി വന്നു,
പാറമേലിരുന്നു,
കാക്ക പാറിപ്പോയി,
പാറ ബാക്കിയായി.

കുഞ്ഞുണ്ണി മാഷുടെ ഈ കുഞ്ഞു കവിതയിൽ പറയുന്നത് പോലെ പാറയാകുന്ന ഭൂമിക്ക് മുകളിൽ ചുരുങ്ങിയ സമയം ഇരുന്നു മറ്റൊരു സ്ഥലത്തേക്ക് പറന്നു പോകുന്ന കാക്കകളെ പോലെയാണ് നമ്മളും. യാത്രക്കിടയിൽ ഒരു മരച്ചുവട്ടിൽ തണൽ കിട്ടാൻ ഇരുന്ന് അൽപ്പ സമയത്തിനു ശേഷം എഴുന്നേറ്റ് യാത്ര തുടരേണ്ട ഏകാന്ത പഥികനാണ് മനുഷ്യൻ.

എത്രയെത്ര ആളുകളെ ഖബറിൽ വെച്ച്‌ നാം തിരിച്ച് പോന്നു. ഓരോ പ്രാവശ്യം പോയി വരുമ്പോഴും നമുക്ക്‌ കിടക്കാനുള്ള മണ്ണും നമ്മെ ശാന്തമായി വിളിക്കുന്നുണ്ടാകില്ലേ..ഹസ്രത്ത്‌ അലി (റ) ഒരു ഖബറിടത്തിന് സമീപമെത്തിയപ്പോൾ ഖബ്രിനു നേരേ തിരിഞ്ഞു നിന്ന് പറഞ്ഞ വാക്കുകൾ ഓർത്ത് വെക്കുക:

"അല്ലയോ ഖബ്രിലെ താമസക്കാരെ, അല്ലയോ ജീർണ്ണതയുടെ ലോകത്ത്‌ അധിവസിക്കുന്നവരേ, അല്ലയോ ഏകാന്തതയുടെ വീട്ടിലെ കുടിയിരിപ്പുകാരേ.. എന്താണ് നിങ്ങളുടെ വാർത്ത?. ഞങ്ങളിൽ നിന്നും നിങ്ങൾക്കുള്ള വാർത്ത എന്താണെന്ന് വെച്ചാൽ, നിങ്ങളുടെ സമ്പത്തുകൾ എല്ലാം വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്‌, നിങ്ങളുടെ മക്കൾ അനാഥരായി, നിങ്ങളുടെ ഭാര്യമാർ പുനർ വിവാഹിതരായി. ഇതാണ്‌ ഞങ്ങളിൽ നിന്നും നിങ്ങൾക്കുള്ള വിവരങ്ങൾ, എന്ത്‌ വിവരമാണ്‌ നിങ്ങൾക്ക്‌ നൽകാനുള്ളത്‌..?"

ശേഷം അലി (റ) തിരിഞ്ഞു നിന്ന് പറഞ്ഞു :

"അല്ലയോ കുമൈൽ, അവരെങ്ങാനും ഇതിന്‌ മറുപടി പറയാൻ അനുവദിക്കപ്പെട്ടിരുന്നുവെങ്കിൽ, തഖ്‌വയാണ്‌ ഏറ്റവും നല്ല സമ്പാദ്യമെന്ന് അവർ നമ്മോട്‌ പറയുമായിരുന്നു."

ശേഷം മഹാൻ വാവിട്ട്‌ കരഞ്ഞ്‌ കൊണ്ട്‌ പറഞ്ഞു :

"ഓ കുമൈൽ, ഓരോരുത്തരും അവരുടെ പ്രവർത്തികളും മാത്രമുള്ള ഒരു പെട്ടിയാണ്‌ ഖബർ. മരണത്തിന്റെ സമയത്ത്‌ മാത്രമേ അവർ അതിനെ കണ്ടെത്തുകയുള്ളൂ..!"


ശേഷം ബാക്കിയാകുന്നത് നാമും നമുക്ക് കൂട്ടുകാരായുണ്ടാകാൻ വേണ്ടി നാം ചെയ്തു കൂട്ടിയ അഅ്മാലുകളും മാത്രമാണല്ലോ. നല്ല കൂട്ടുകാരെയാണ് നാം ഒരുക്കി വെച്ചതെങ്കിൽ പിന്നെയങ്ങോട്ട് സുഖങ്ങളുടെ ജീവിതമാണ്. നേടിയെടുത്ത കൂട്ട് നഷ്ടങ്ങളുടേതാണെങ്കിൽ പിന്നെ...

നാഥാ നീ കാക്കണേ...

No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...