Monday, December 15, 2014

മരണം: കാത്തിരിക്കുന്ന വിരുന്നുകാരന്‍..


 മരണം ഒരു വല്ലാത്ത യാഥാര്‍ത്ഥ്യം തന്നെ. എന്തെന്തെല്ലാം കാര്യങ്ങള്‍ കണക്കു കൂട്ടി വെച്ച മനുഷ്യരാണ് വളരെ വളരെ പെട്ടെന്ന് എല്ലാം വിട്ടെറിഞ്ഞ്‌ മലക്കുല്‍ മൌത്തിന്റെ കൂടെ പോകേണ്ടി വരുന്നത്...!

ആശകളും പ്രതീക്ഷകളുമായി അടുത്ത പുലരിയെ കാത്തിരിക്കുന്ന മനുഷ്യരിലേക്ക് ക്ഷണിക്കപ്പെടാത്ത വിരുന്നുകാരനായി മരണത്തിന്റെ മാലാഖ കടന്നു വരുന്നു.ഇത് ഹക്കീമായ തികഞ്ഞ യുക്തിയോടെ മാത്രം എല്ലാം സംവിധാനിക്കുന്ന അല്ലാഹുവിന്റെ നിയതിയാണ്‌. ആരുമാരും രക്ഷപ്പെടാത്ത തീരുമാനം. ജനിച്ചു എങ്കില്‍ ഒരു നാള്‍ മരിക്കും. നമ്മുടെ ജനനത്തിലും നമ്മുടെ മരണത്തിലും എല്ലാം അല്ലാഹുവിനു തികഞ്ഞ യുക്തിയും തീരുമാനങ്ങളും ആസൂത്രണങ്ങളും ഉണ്ട്.




അല്ലാഹു നമുക്ക് മൌതും ഹയാത്തും ക്രമീകരിച്ചിരിക്കുന്നത് തന്നെ

ليبلوكم ايكم احسن عملا

'നിങ്ങളില്‍ ഏറ്റവും സല്ക്കര്‍മ്മകാരികള്‍ ആര്' എന്നറിയുന്നതിലെക്കാണ്.

മനുഷ്യന്റെ പ്രവര്‍ത്തനങ്ങളും ചിന്തകളും ആട്ടനക്കങ്ങള്‍ മുഴുക്കെയും രക്ഷിതാവായ റബ്ബിന്റെ ത്വാഅതിലേക്ക് വരുത്താന്‍ മരണം എന്ന പ്രതിഭാസം ഇല്ലായിരുന്നു എങ്കില്‍ സാധ്യമാകും ആയിരുന്നില്ല.മരണ ഭയവും കിട്ടാന്‍ പോകുന്ന സൌഭാഗ്യങ്ങളുടെ പ്രതീക്ഷയും തന്നെയാണ് നന്മയുടെ മാനദണ്ഡം.

വിശ്രമം ഇല്ലാതെ ദുനിയാവ് നേടിയെടുക്കാനുള്ള ഓട്ടത്തിനിടെ എത്രയെത്ര പ്രയാസങ്ങള്‍ താണ്ടെണ്ടി വരുന്നു.ഒരു അടി പോലും മുന്നോട്ടു നീങ്ങാന്‍ കഴിയില്ല എന്ന് ചിന്തിച്ചു പോകുന്ന കടു കടുത്തപ്രയാസങ്ങള്‍.നമ്മുടെ മോഹവും ആശയുമാകട്ടെ ഒരു പ്രയാസവുമില്ലാത ജീവിതവും.പൂര്‍ണ്ണമായും പ്രയാസ രഹിതമായ ജീവിതം ആര്‍ക്കുമില്ല.പക്ഷെ അഭിമുഖീകരിക്കുന്നതിലെ വ്യത്യാസം അതിന്റെ പ്രതിഫലനതിലും പ്രകടമാകും.ദുനിയാവിലും ആഖിറത്തിലും.ഓരോ പ്രയാസങ്ങളും വരുമ്പോ അല്ലാഹുവിലേക്ക് അര്‍പ്പിച്ചു കൊണ്ടുള്ള ജീവിതത്തിനു ഈമാനിന്റെ തെളിച്ചവും വെളിച്ചവും വരുന്നു.അക്ഷമയും പൊറുതികേടും സല്‍ഫലങ്ങള്‍ തരുകയുമില്ല വിശ്വാസത്തിന്റെ ബലക്കുറവ് പ്രകടമാക്കുകയും ചെയ്യുന്നു.ഉടമയായ അല്ലാഹു അവന്റെ സൃഷ്ടിയുടെ പ്രത്യേകത തന്നെ വിവരിക്കുന്നത് ഇത് സാധൂകരിക്കുന്നു


لقد خلقناالانسان في كبد

(ആശയം): തീര്‍ച്ചയായും ക്ലേശത്തിലായിട്ടാണ് മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത്

(സൂറത്തുല്‍ ബലദ്)

ഇഹലോകത്തിന്റെ നിറം പിടിച്ച ജീവിത രീതിയില്‍ ഒരു വിധത്തിലും മറ്റുള്ളവന് പുറകില്‍ നില്‍ക്കരുത് എന്ന മത്സര ബുദ്ധിയോടെ ഓടി നടക്കുന്നു നാമെല്ലാം.പണം കൊടുത്തു വാങ്ങാവുന്ന സുഖങ്ങളെല്ലാം ഒരോരുത്തന്റെ സാമ്പത്തിക നിലക്കനുസരിച്ചു വാങ്ങിക്കൂട്ടുന്നു.


എങ്ങു നോക്കിയാലും കളിയും ചിരിയും വിനോദവും മാത്രം.തമാശകളും പൊട്ടിച്ചിരികളും കൈ കൊട്ടലുകളും അലങ്കാരമെകുന്ന ആസ്വാദനങ്ങളുടെ നിമിഷങ്ങള്‍.കല്യാണ വീടുകള്‍,ആഘോഷ സ്ഥലങ്ങള്‍,നാട്ടുവഴിയിലെ ചായക്കട..എന്നിങ്ങനെയുള്ള സ്ഥിരം സൊറ പറയല്‍ വേദികള്‍-സത്യമോ കളവോ എന്ന് നോക്കാതെ,ഉള്ളതോ ഇല്ലാത്തതോ എന്ന് നോക്കാതെ ഗീബതോ നമീമതോ എന്ന് നോക്കാതെ നാമോരോരുത്തരും നമ്മുടെ സാന്നിധ്യം അറിയിക്കുന്നു.ചിലപ്പോള്‍ വാക്കുകള്‍ കൊണ്ട്,മറ്റു ചിലപ്പോള്‍ ചിരി കൊണ്ട്,ചിലപ്പോ കയ്യടി കൊണ്ട്.എവിടെയും നാമും ഉണ്ട് ഒരു പടി മുന്നില്‍.

അല്ലാഹു ഇതിനെ ശരിക്കും ഓര്‍മിപ്പിക്കുന്നു -

ما يلفظ من قول إلا لديه رقيب عتيد

(ആശയം): അവന്റെ അടുത്ത് സന്നിഹിതരായിരിക്കുന്ന നിരീക്ഷകര്‍ ഉണ്ടായിട്ടല്ലാതെ ഒരു വാക്കും അവന്‍ ഉച്ചരിക്കില്ല (റക്കീബ്,അതീദ് എന്ന രണ്ടു മലക്കുകള്‍ നമ്മോടൊപ്പം തന്നെ ഉണ്ട്.എല്ലാം രേഖപ്പെടുത്തിക്കൊണ്ട്)

(സൂറത്ത് ഖാഫ്).


പക്ഷെ ഇടയില്‍ രംഗബോധമില്ലാതെ കടന്നു വരുന്ന മരണത്തിന്റെ തണുത്ത കരങ്ങളെ നാം മറക്കുകയാണ്.മനപ്പൂര്‍വ്വം ആകാം,ആകസ്മികം ആകാം.എങ്ങനെ ആയാലും നാം മറക്കാന്‍ ശ്രമിക്കുന്ന ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത മരണം നമ്മെ പിടി കൂടുക തന്നെ ചെയ്യും എന്നതിന് നാമോരോരുത്തരും എത്ര തവണ സാക്ഷിയായി..വേണ്ടപ്പെട്ട പലരും പോയി ആ വഴിയെ നാമും പോകും എന്നറിയാം. പക്ഷെ എന്തോ ഒരു ഇഷ്ടമില്ലായ്മ അത് ചിന്തിക്കാന്‍.'ഏതൊരു ശരീരവും മരണത്തെ ആസ്വദിക്കുന്നതാണ്' എന്ന ആയത്ത് കൊച്ചു കുട്ടികള്‍ക്ക് പോലും മനപ്പാടമാണ്.എത്ര മാറി നിന്നാലും ഓര്‍ക്കാതിരുന്നാലും മരണം തേടിയെത്തും.നിശ്ചയം.


قل إن الموت الذي تفرون منه فإنه ملاقيكم.

(ആശയം): നബിയെ-അവിടുന്ന് പറയുക,ഇതൊരു മരണത്തില്‍ നിന്നും നിങ്ങള്‍ ഓടി അകലുന്നുവോ ആ മരണം തീര്‍ച്ചയായും നിങ്ങളെ അഭിമുഖീകരിക്കുക തന്നെ ചെയ്യും)

:(സൂറത്ത് ജുമുഅ).


എവിടെ എങ്ങനെ എപ്പോള്‍ എന്നറിയാതെ മരണം നമ്മെയും കാത്തിരിക്കുന്നു.ഒരു ദിവസം 70 പ്രാവശ്യം മരണത്തിന്റെ മാലാഖ നമ്മെ സന്ദർശിച്ചു ചെയ്തു പോകുന്നുണ്ടത്രെ..! ആര്‍ക്ക് കഴിയും ആ മലക്കിനെ പ്രതിരോധിക്കാന്‍?നമ്മുടെ കളിചിരികളും തമാശകളും കണ്ട് അസ്രായീല്‍ ചിരിക്കുന്നുണ്ടാകണം-നമ്മുടെ വിഡ്ഢിത്തം ഓര്‍ത്ത്.അടുത്ത നിമിഷം മരിക്കാനുള്ള ഇവന്‍ ഇപ്പോഴും ദുനിയാവിന്റെ പളപ്പില്‍ ആടി തിമര്‍ക്കുന്നു എന്ന് പറഞ്ഞ്..!




ഒരു കവി പാടുന്നതിങ്ങനെ:

أما والله لو علم الأنام .. ... .. لم خلقوا لما غفلوا وناموا

(അറിയുക-അല്ലാഹുവാണേ സത്യം, സൃഷ്ടികള്‍ തങ്ങള്‍ എന്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടിരുന്നു എന്ന് അറിയുന്നു എങ്കില്‍ അവര്‍ അശ്രദ്ധരാകുകയോ നിദ്രയിലാഴുകയോ ചെയ്യുമായിരുന്നില്ല)


لقد خلقوا لما لو أبصرته .. ... .. عيون قلوبهم لتاهوا وهاموا

(ഏതൊരു കാര്യത്തിനു വേണ്ടിയാണോ താന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അതെങ്ങാനും അവന്‍ തന്റെ‍ അകക്കണ്ണ് കൊണ്ട് കാണുന്നു എങ്കില്‍ അവര്‍ സ്വന്തം വീട് പോലും വിട്ടു പോകുകയും പരിഭ്രാന്തരാകുകയും ചെയ്യുമായിരുന്നു.)

مماتٌ ثم قبرٌ ثم حشرٌ .. ... .. وتوبيخ وأهوالٌ عظامُ

(മരണം,ശേഷം ഖബര്‍,പിന്നെ പുനര്‍ ജീവിതം,മഹ്ഷര്‍,വലിയ വലിയ ഭീകരമായ അനുഭവങ്ങള്‍..!).

മരണത്തെ ഓര്ക്കേണ്ട പോലെ ഓര്ക്കുകയും മരണ ശേഷമുള്ള ഭീകരമായഅനുഭവങ്ങളെ പറ്റിയുള്ള ശരിയായ അവബോധവുമാണ് എനിക്കും നിങ്ങള്ക്കും വേണ്ടത്.'എല്ലാ രസങ്ങള്ക്കും വിരാമമിടുന്ന മരണത്തെ നിങ്ങള് ധാരാളമായി ഓര്ക്കണം' എന്ന് നബി തങ്ങള് (സ്വ) ഒരവസരംപറയുകയുണ്ടായി. കളിച്ചു ചിരിച്ചു സൊറ പറഞ്ഞിരിക്കുന്ന സ്വഹാബതിന്റെസദസ്സിലേക്ക് വന്നു ചേര്ന്ന നബി തങ്ങള് (സ്വ) ദേഷ്യത്തോടെ അവരെഉപദേശിച്ചു ഉപദേശിച്ചു പറഞ്ഞത്

لو تعلمون ما أعلم لضحكتم قليلا ولبكيتم كثيرا

'ഞാന് അറിഞ്ഞത് നിങ്ങള് അറിഞ്ഞിരുന്നു എങ്കില് വളരെ കുറച്ചു മാത്രം ചിരിക്കുകയും അധികം കരയുകയും ചെയ്യും' എന്നായിരുന്നു.

എന്തെല്ലാം പ്രയാസകരമായ അനുഭവങ്ങൾ വരാനിരിക്കുന്നു. എല്ലാത്തിലും വിജയി ആകണമെങ്കില് എത്ര ശ്രദ്ധയോടെജീവിക്കണം. എത്ര സുന്ദരമായി മരണത്തെ പുല്കണം. കാത്തിരിക്കാന് എവിടെസമയം..! 

 'നാളത്തേക്ക് എന്ത് ഒരുക്കി വെച്ചു എന്ന് ഓരോരുത്തരും ചിന്തിക്കട്ടെ'എന്ന് അല്ലാഹു ഉല്ബോധിപ്പിക്കുന്നു നമ്മെ. അന്ധകാരത്തിൽ അകപ്പെട്ടിരുന്ന വഴിയാത്രക്കാർക്ക് നേർവഴിയുടെ വെളിച്ചം ഏകിയിരുന്ന മാനത്തെ പൊൻ താരകങ്ങളെ പോലെ സത്യമാർഗ്ഗത്തിൽ നിന്നും വഴിമാറിപ്പോകുന്നവർക്ക് ദിശാബോധം നൽകുന്ന താരകങ്ങളായ സ്വഹാബാ കിറാമുകൾ എത്ര സൂക്ഷ്മാലുക്കളായിരുന്നു..! 


ഹസന്‍ (റ) പറഞ്ഞതിങ്ങനെ:"സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യാന്‍ ഒട്ടും വൈകിക്കരുത്,ജീവിതം എന്നാല്‍ കുറെ ശ്വാസങ്ങള്‍ മാത്രമാണ്.അവ നിലക്കുന്നതോടെ കര്‍മ്മങ്ങളും നിലക്കും'.


മരിക്കാന്‍ കിടക്കുന്ന വ്യക്തി അനുഭവിക്കുന്ന പ്രയാസങ്ങളും യാതനകളും പൂര്‍ണ്ണമായും നമുക്ക് അനുഭവിച്ചറിയാന്‍ വഴിയില്ല.എന്നാല്‍ വളരെയേറെ വേദനാജനകം ആയ അനുഭവം തന്നെയാണ് മരണം.പ്രവാചകര്‍ ഈസാ നബി (അ) ഒരവസരം തന്റെ സമൂഹത്തിലെ ആളുകളുടെ ആവശ്യ പ്രകാരം നൂഹ് നബി(അ) യുടെ പുത്രന്‍ സാം(റ) നെ ജീവിപ്പിക്കുകയും അവരോടു അവരുടെ മരണത്തിന്റെ വേദനയെ പറ്റി ചോദിച്ചപ്പോള്‍ മഹാന്‍ പറഞ്ഞത്;


'നബിയെ,നാലായിരം വര്‍ഷമായി ഞാന്‍ മരിച്ചിട്ട്,എന്നാല്‍ ഇന്ന് വരെ എന്റെ റൂഹ് അസ്രായീല്‍ പിടിക്കുന്ന സമയത്തുണ്ടായ വേദന എന്റെ തൊണ്ടയില്‍ നിന്നും പോയിട്ടില്ല' എന്നത്രെ.

ഇതില്‍ കൂടുതല്‍ ആ വേദനയെ പറ്റി ഒരു ഊഹം ലഭിക്കാന്‍ മറ്റൊന്നും തന്നെ വേണ്ടതില്ല.അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഏറ്റവും ലഘുവായി റൂഹ് പിടിക്കപ്പെട്ടത് ഹബീബായ നബി തങ്ങള്‍ (സ്വ) യാണെന്ന് നാമെല്ലാം പഠിച്ചവരാണ്.എന്നാല്‍ അവിടുന്ന് മരണ സമയത്ത് അനുഭവിക്കുന്ന വേദന കണ്ടിട്ട് സഹിക്കാന്‍ കഴിയാതെ ഫാത്തിമാ ബീവി പൊട്ടിക്കരഞ്ഞു പോയത് ചരിത്രത്തില്‍ എഴുതപ്പെട്ടു കിടക്കുന്നു.അത്രയേറെ പ്രയാസം.ഒഴിച്ച് കൂടാന്‍ കഴിയാത്ത ബുദ്ധിമുട്ടുകള്‍.


അത് വരെ അവന്റെ പ്രവർത്തികൾക്കൊക്കെ മൂക സാക്ഷികളായി എല്ലാം റെക്കോര്‍ഡ്‌ ആക്കി വെക്കുന്ന രണ്ടു മലക്കുകള്‍ അവന്റെ ചുമലില്‍ നിന്നും ഇറങ്ങി വന്നു അവനോടു സംസാരിക്കുന്നതും ഹബീബായ നബി തങ്ങള്‍ (സ്വ) നമുക്ക് പഠിപ്പിക്കുന്നു:


ما من ميت يموت حتى يتراءى له ملكان الكاتبان عمله- فإن كان مطيعا قالا له جزاك الله عنا خيرا- فرب مجلس صدق أجلستنا- و عمل صالح قد أحضرتنا-


ഏതൊരു മനുഷ്യനും മരിക്കാന്‍ അടുത്ത സമയത്ത് അവന്റെ ചുമലിലുള്ള മലക്കുകള്‍ ഇറങ്ങി വന്നു നല്ല മനുഷ്യന്‍ ആണെങ്കില്‍ അവനോടു പറയും: അല്ലാഹു നിനക്ക് നന്മ തരട്ടെ,എത്ര എത്ര നല്ല സദസ്സുകളിലാണ് നീ ഞങ്ങളെ കൊണ്ട് പോയി ഇരുത്തിയത്,എത്ര സല്‍ക്കര്‍മ്മങ്ങള്‍ ആണ് നീ ഞങ്ങളെ കാഴ്ച്ചക്കാരനാക്കിയത്.


و إن كان فاجرا قالا لا جزاك الله عنا خيرا- فرب مجلس سوء قد أجلستنا- و عمل غير صالح قد أحضرتنا و كلام قبيح قد أسمعتنا


ഇനി മരിക്കാന്‍ കിടക്കുന്ന വ്യക്തി മോശക്കാരന്‍ ആണെങ്കില്‍ അവനോടു മലക്കുകള്‍ പറയും:അല്ലാഹു നിനക്കൊരു നന്മയും തരാതിരിക്കട്ടെ,എത്ര മോശം സദസ്സുകളിലാണ് നീ ഞങ്ങളെ കൊണ്ട് പോയി ഇരുത്തിയത്?,എത്ര മോശം കര്മ്മങ്ങള്‍ക്കാണ് നീ ഞങ്ങളെ സാക്ഷിയാക്കിയത്?,എത്ര മോശം സംസാരങ്ങള്‍‍ക്കാണ് നീ ഞങ്ങളെ കേള്‍വിക്കാരനാക്കിയത്?''

ഇത്തരം വലിയ വലിയ അനുഭവങ്ങള്‍ നമ്മുടെ തൊട്ടു മുന്നില്‍ വെച്ച അനുഭവിച്ചു ഒരുക്കി വെച്ച നല്ലതോ ചീത്തയോ ആയ പ്രതിഫലതിലെക്ക് നമ്മില്‍ നിന്നും പലരും നടന്നു നീങ്ങി.വൈകാതെ നാമും പോകും.കളിയിലും ചിരിയിലും തമാഷകളിലും ഒപ്പം കൂടിയവര്‍ ആരും വരില്ല നമുക്ക് സഹായവുമായി ഖബ്രില്‌.ദുനിയാവില്‍ വാരിക്കൂട്ടിയതിനൊക്കെ പുതിയ അവകാശികള്‍ ആയി.നമുക്കുള്ളത് ആറടി മണ്ണ്- അതാകട്ടെ നമ്മുടെ ശരീരം ദ്രവിച്ചു കഴിഞ്ഞാല്‍ അന്യനു അവകാശപ്പെട്ട മണ്ണ്-,മൂന്നു കഷണം തുണി.ഒപ്പം പോരുന്നവരൊക്കെ തിരിച്ചു പോരും.നബി തങ്ങള്‍ പറഞ്ഞു:


يتبع الميت ثلاث فيرجع اثنان ويبقى واحد يتبعه أهله وماله وعمله فيرجع أهله وماله ويبقى عمله'


മൂന്നു കാര്യങ്ങള്‍ മയ്യിത്തിനെ അനുഗമിക്കും,രണ്ടെണ്ണം അവനെയും തനിച്ചാക്കി മടങ്ങി പോരും,ഒന്ന് മാത്രം ബാക്കിയാകും അവന്റെ ഒപ്പം.അവന്റെ കുടുംബക്കാരും അവന്റെ സമ്പത്തില്‍ ചിലതും തിരിച്ചു പോരും.അവന്റെ കര്‍മ്മങ്ങള്‍ അവനോടൊപ്പം ബാക്കിയാകും'.(ബുഖാരി)




നല്ലതോ ചീത്തയോ ആയ കര്‍മ്മങ്ങള്‍ അവന്റെത്‌ അവനൊപ്പം ബാക്കിയാകും.മറ്റുള്ളതെല്ലാം മുറിഞ്ഞു.നേരാം വണ്ണം വളര്‍ത്തിയ നല്ല മക്കള്‍ ഉണ്ടെങ്കില്‍ അവരുടെ പ്രാര്‍ഥനയും ജീവിത കാലത്ത് ചെയ്ത ജാരിയ്യായ സ്വദഖയും നാഫിആയ ഇല്മ് അവന്‍ നേടി പകര്‍ന്നു കൊടുത്തിരുന്നു എങ്കില്‍ അതും അവനിലേക്ക് നന്മകള്‍ എത്തിച്ചു കൊണ്ടേയിരിക്കും-മറ്റെല്ലാം എല്ലാം തീരും.തിരിച്ചു വരാത്ത ആ യാത്ര പോകാന്‍ അടുത്താണ് നാം.വളരെ അടുത്ത്.ചെരുപ്പിന്റെ വാറും വിരലുകളും എത്ര അടുതിരിക്കുന്നോ അത്രയും അടുത്ത്.സലീമായ ഖല്‍ബോട് കൂടി നാഥനെ കണ്ടെത്താന്‍ കഴിയണം.അവനിലേക്ക് മടങ്ങാന്‍ കഴിയണം.കളികളും ചിരികളും ഒരല്‍പം ആവാം.മനസ്സിനെ മന്ദീഭവിപ്പിക്കുന്ന ആഖിരത്തിന്റെ ഓര്‍മ്മകളെ ഇല്ലാതാക്കുന്ന രീതിയില്‍ ആകരുത്.മനസ്സിന് മടുപ്പ് വന്നാല്‍ അതിനു അന്ധത ബാധിക്കും എന്ന് അലി(റ) പറയുകയുണ്ടായി.

നബി തങ്ങള്‍ (സ്വ) തന്നെ പറഞ്ഞു:

الهوا والعبوا ؛ فإني أكره أن يرى في دينكم غلظة

നിങ്ങള്‍ക്ക് അല്‍പ്പം കളിയും വിനോദവും ആകാം.നിങ്ങളുടെ മത നിഷ്ടയില്‍ പരുഷത കാണുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല-ബൈഹക്കി.

ഇതിന്റെയും അപ്പുറം രക്ഷിതാവിന്റെ ഓര്‍മ്മകളെയും അവന്റെ നിയമങ്ങളെയും കാറ്റില്‍ പറത്തുന്ന വെറും കളിയും ചിരിയും മുസ്ലിമിന് അന്യമാണ്.അല്ലാഹുവിന്റെ കലാം നമ്മെ ഒര്മപ്പെടുതുന്നത് ഇങ്ങനെ:

وما الحياة الدنيا إلا لعب ولهو وللدار الآخرة خير للذين يتقون أفلا تعقلون


(ആശയം): ഐഹിക ജീവിതം കളിയും വിനോദവും മാത്രമാണ്.പാരത്രീക ലോകമാണ് അല്ലാഹുവിനെ ഭയക്കുന്നവര്‍ക്ക് ഉത്തമം ആയിട്ടുള്ളത്.നിങ്ങള്‍ ചിന്തിക്കുന്നില്ലയോ?

(സൂറത്തുല്‍ അന്‍ആം).


സന്തോഷത്തോടെ പുഞ്ചിരിയോടെ അല്ലാഹുവിന്റെ റഹ്മത്തിന്റെ മാലാഖമാരുടെ സാന്ത്വന വാക്കുകളും കേട്ട് കൊണ്ട് രക്ഷിതാവിലെക്ക് മടങ്ങി പോകണം.അത്തരക്കാര്‍ ആരാണെന്നും അല്ലാഹു തന്നെ വിവരിക്കുന്നു :

إن الذين قالوا ربنا الله ثم استقاموا تتنزل عليهم الملائكة ألا تخافوا ولا تحزنوا وأبشروا بالجنة التي كنتم توعدون


(ആശയം): എന്റെ റബ്ബ് അല്ലാഹു ആണ് എന്ന് മനസ്സ് കൊണ്ടുറപ്പിച്ചു നാവ് കൊണ്ട് മൊഴിയുകയും അതനുസരിച്ച് മുസ്തക്കീം ആയ വഴിയിലൂടെ ജീവിക്കുകയും ചെയ്തവരുടെ മരണ സമയത്ത് അല്ലാഹുവിന്റെ റഹ്മത്തിന്റെ മലക്കുകള്‍ ഇറങ്ങി വന്നു അവനോടു പറയും,പേടിക്കുകയോ പ്രയാസപ്പെടുകയോ വേണ്ടതില്ല, അല്ലാഹു ഓഫര്‍ ചെയ്ത സ്വര്‍ഗീയ ലോകത്തേക്ക് നീ പ്രവേശിച്ചു കൊള്ളുക' .





ഭൂമിയിൽ ഏറ്റവും താഴേക്കിടയിലായി ഒന്നുമില്ലാത്തവനായി ജീവിക്കുന്നതും സന്തോഷമാണ് - മരിക്കുന്ന സമയത്ത് ലഈനായ പിശാചിന്റെ സകല കഴിവുകളും എടുത്തുള്ള അവസാനത്തെ പിഴപ്പിക്കാനുള്ള പരിശ്രമത്തിന്റെ സമയത്ത് അചഞ്ചലമായ ഈമാനിന്റെ വെളിച്ചം നിറഞ്ഞ മനസ്സിൽ നിന്നും ഉയരുന്ന 'ലാ ഇലാഹ ഇല്ലല്ലാഹ്' ചൊല്ലി പിരിഞ്ഞു പോകണം..


ഇത്തരം സന്മാര്‍ഗികളുടെ മരണം അല്ലാഹു നമുക്ക് തരട്ടെ.അല്ലാഹുവേ,ഈമാന്‍ സലാമത്തായി സ്വര്‍ഗത്തിന്റെ ഫോട്ടോ കണ്ടു പുഞ്ചിരിയോടെ മരണത്തെ പുല്‍കാന്‍ ഞങ്ങളെ നീ തുണക്കണേ അല്ലാഹ്.ഞങ്ങളില്‍ നിന്നും മരിച്ചു പിരിഞ്ഞവരുടെ ഖബറിടം നീ സ്വര്‍ഗം ആക്കിക്കൊടുക്കണേ നാഥാ..ആമീന്‍



Friday, December 12, 2014

ജീവിത യാത്ര:ചിന്തയും പഠനവും...

മനുഷ്യന്റെ ജീവിതം തന്നെ യാത്രയാണ്.ഉമ്മയുടെ ഗര്‍ഭാശയത്തില്‍ നിന്നും പുറത്തു വന്നത് മുതല്‍ ആറടി മണ്ണിന്റെ ഇരുട്ടിലേക്ക് പോയി കിടക്കുന്നത് വരെയുള്ള യാത്രയാണ് ഒന്നാമത്തേത്.വളരെ തുച്ചമായ കാലം.ഈ യാത്രയാകട്ടെ ഇതിനു ശേഷം വരാനിരിക്കുന്ന വളരെ ദീര്‍ഘമായ പ്രയാസമേറിയ യാത്രയില്‍ ഉപയോഗിക്കാനുള്ള വിഭവങ്ങള്‍ ശേഖരിക്കാന്‍ വേണ്ടി മാത്രമുള്ളതാണ്.

ജീവിതമാകുന്ന യാത്ര ഒരിക്കലും തന്നെ ഐച്ചികമായല്ല അല്ലാഹു സംവിധാനിചിട്ടുള്ളത്.പുറം തിരിഞ്ഞു നടന്നാല്‍ ലക്ഷ്യത്തിലേക്ക് നാം എത്തുകയില്ല എന്ന് വിചാരിക്കുന്നത് കൊണ്ട് കാര്യമില്ല.പണ്ഡിതന്മാര്‍ ഇതിനെ ഉപമിച്ചിരിക്കുന്നത് തന്നെ ഒരു യാത്ര പോയിക്കൊണ്ടിരിക്കുന്ന ഒരു കപ്പലിനോടാണ്.ലക്ഷ്യത്തിലേക്ക് എത്തണ്ട എന്ന ചിന്തയോടെ ഒരു യാത്രക്കാരന്‍ തന്റെ കാലുകള്‍ ചങ്ങലയില്‍ ബന്ധിച്ചത് കൊണ്ട് എന്ത് നേട്ടം?അവനെയും വഹിച്ചു കപ്പല്‍ തുറമുഖം ആകുന്ന ലക്ഷ്യത്തിലേക്ക് എത്തുക തന്നെ ചെയ്യും.






ഇമാം ഗസ്സാലി(റ) പറയുന്നു:

إن للإنسان سفرين؛ سفر في الدنيا، وسفر من الدنيا

(മനുഷ്യന് രണ്ടു യാത്രകള്‍ ഉണ്ട്.ഒന്ന് ദുനിയാവിലൂടെ ഉള്ള യാത്ര,മറ്റൊന്ന് ദുനിയാവ് വിട്ടുള്ള യാത്ര)


വരാനിരിക്കുന്ന ദൈര്‍ഘ്യവും കഷ്ടപ്പാടുകളും ഏറിയ യാത്രയെ അപേക്ഷിച്ച് നോക്കുമ്പോള്‍ വളരെ ചുരുങ്ങിയതും പ്രയാസ രഹിതവും ആണ് ദുനിയാവിലൂടെ ഉള്ള യാത്ര.നൈമിഷിക ദുനിയാവിന്റെ യാത്രകളെ പറ്റി തന്നെ ആലോചിച്ചു നോക്കൂ ,വളരെ ചുരുങ്ങിയ രണ്ടോ മൂന്നോ ദിവസത്തെ യാത്ര പോകാനിരിക്കുകയാണ് നാമെങ്കില്‍ പോലും എന്തെല്ലാം ഒരുക്കങ്ങള്‍ നാം ചെയ്യുന്നു.വഴിയില്‍ കഴിക്കാനുള്ള ഭക്ഷണം,ധരിക്കാനുള്ള വസ്ത്രം,യാത്ര ചെയ്യാനുള്ള വാഹനം..ഇങ്ങനെ എന്തെല്ലാം നാം ഒരുക്കി ശരിയാക്കി വെക്കുന്നു.എന്നാല്‍ തിരിച്ചു വരാത്ത ഒരു യാത്ര പോകാന്‍ അടുത്താണ് നാം എന്ന് ബോധം ഉണ്ടായിട്ടും ആ യാത്രയില്‍ ഉപകരിക്കുന്ന വിഭവം നാം ശേഖരിക്കാന്‍ നില്‍ക്കുന്നില്ല.ദുനിയാവ് വിട്ടുള്ള രണ്ടാമത്തെ യാത്രയിലെ വിഭവം തഖ്‌വ മാത്രമാണ്.അല്ലാഹുവിന്റെ വിശുദ്ധ ഖുര്‍-ആന്‍ തന്നെ ഇത് പഠിപ്പിക്കുന്നു :

وَتَزَوَّدُوا فَإِنَّ خَيْرَ الزَّادِ التَّقْوَى

(ആശയം:) നിങ്ങള്‍ സാദുകള്‍(വിഭവങ്ങൾ) ശേഖരിച്ചു കൊള്ളുക - എന്നാല്‍ നിശ്ചയമായും ഏറ്റവും നല്ല വിഭവം തഖ്‌വയാകുന്നു(സൂറത്ത് അല്‍ബഖറ )




മരണം എന്ന അലംഘനീയ സത്യം ആകുന്ന ഒന്നാം യാത്രയുടെ തിരശീലയിലെക്ക് നാം എത്തിച്ചേരുക തന്നെ ചെയ്യും.ആ മരണത്തിനെ ഹബീബായ നബി തങ്ങള്‍ (സ്വ) നന്മയിലേക്കുള്ള ഉപദേശകന്‍ ആയിട്ടാണ് പരിചയപ്പെടുത്തുന്നത്.

ഞാന്‍ നിങ്ങള്‍ക്ക് രണ്ടു ഉപദേശികളെ നിര്‍ത്തി പോകുന്നു.ഒന്ന് സംസാരിക്കും,മറ്റേത് മിണ്ടുകയില്ല.ശബ്ദിക്കുന്ന ഉപദേശി ഖുര്‍-ആണും മൌനിയായ ഉപദേശി മരണവും ആകുന്നു".

ദുനിയാവിന്റെ പ്രലോഭനത്തിന്റെ വഴിയിലൂടെ യാത്രയുടെ ഗതി നിശ്ചയിക്കുന്നവന്‍ വിഭവങ്ങളില്ലാതെ ഉഴലുന്ന കാഴ്ചയാകും രണ്ടാമത്തെ യാത്രയില്‍ തെളിയുക.തിളങ്ങുന്ന വസ്ത്രവും ധരിച്ചു പ്രശോഭിതമായി പുഞ്ചിരിച്ചു കൊണ്ട് മാടി വിളിക്കുന്ന ഇഹലൊകതിന്റെ സൌന്ദര്യം വെറും പുറം മോടി മാത്രമാണ്.അതാകട്ടെ വളരെ ചുരുങ്ങിയ സമയത്തേക്ക് മാത്രവും.

നബി തങ്ങള്‍ (സ്വ) ഉണര്‍ത്തുന്നു : "രണ്ടു ദിനങ്ങള്‍,ഒന്ന് സുഖത്തിന്റെത്,മറ്റൊന്ന് ദു:ഖതിന്റെതും.ഇതാണ് ദുനിയാവ്.രണ്ടും നീങ്ങിപ്പോകും.അത് കൊണ്ട് നീങ്ങിപ്പോകുന്നത് വിട്ടു നീങ്ങി പോകാത്തതിനു(പാരത്രികം) വേണ്ടി പ്രവര്‍ത്തിക്കുക."



ആഖിറമാകുന്ന ലോകത്തിലൂടെയുള്ള വളരെ ദൈര്‍ഘ്യമേറിയ രണ്ടാമത്തെ യാത്രയിലേക്ക് ഒരുങ്ങുന്നതിന്റെ ഭാഗമായി സ്വന്തം ജീവിതത്തെ പറ്റിയുള്ള വിചിന്തനവും ആലോചനയും വിലയിരുത്തലുകളും ഏറ്റവും അത്യാവശ്യമാണ്.കഴിഞ്ഞു പോയ ദിന രാത്രങ്ങള്‍ ഉഖ്രവിയ്യായ വിജയം പ്രദാനം ചെയ്യുന്നതാണോ അല്ലയോ എന്ന ശരിയായ കണക്കെടുപ്പ് നടത്തണം.മഹാന്മാരായ മുന്‍ഗാമികള്‍ പലരും അങ്ങനെ ഉള്ളവര്‍ തന്നെയായിരുന്നു.രണ്ടാം ഖലീഫ ഉമര്‍(റ) ഓരോ ദിവസവും രാത്രി തനിച്ചു സ്വന്തം ശരീരത്തെ വിചാരണ ചെയ്യുകയും ചെയ്തു പോയ കാര്യങ്ങളെ ചൊല്ലി ശരീരത്തെ ഭേദ്യം ചെയ്യുകയും ചെയ്തിരുന്നതിന്റെ പാടുകള്‍ മയ്യിത്ത് കുളിപ്പിക്കുന്ന സമയത്ത് ദ്രിശ്യമായത് ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്നു.അത്തരം മഹാന്മാര്‍ ദുനിയാവ് വിട്ടുള്ള രണ്ടാമത്തെ യാത്രയിലേക്ക് വിഭവങ്ങള്‍ ശേഖരിച്ചു കടന്നു പോയി.ഉമര്‍(റ) പറയാറുണ്ടായിരുന്നത് ഇങ്ങനെ ആയിരുന്നു:

حاسبو قبل ان تحاسبو

നിന്റെ ശരീരത്തെ വിചാരണ ചെയ്യപ്പെടുന്നതിന്റെ മുമ്പ് സ്വയം നീ വിചാരണ ചെയ്യുക"





അന്നന്ന് ഉറക്കപ്പായയില്‍ കിടക്കുന്നതിന്റെ മുമ്പ് താന്‍ ചെയ്തു കൂട്ടിയ കര്‍മ്മങ്ങളെ പറ്റി ഒരു വിചാരണ സ്വന്തം നഫ്സിനോട് നടത്തുകയും അതില്‍ നിന്നും നാളത്തെ ദിവസത്തെ മുക്തമാക്കും എന്ന് പ്രതിജ്ഞ എടുക്കുകയുമാണ് വേണ്ടതെന്നു മഹാന്മാര്‍ നമ്മെ ഉണര്‍ത്തുന്നു.ഇമാം ഗസ്സാലി (റ) നബി തങ്ങളെ തൊട്ടു ഉദ്ധരിച്ച ഹദീസ് ദുനിയാവിലെ യാത്രയിലെ ഒരുക്കങ്ങളുടെ പ്രസക്തിയും സ്വശരീരത്തെ വിചാരണ ചെയ്യേണ്ടതിന്റെ ആവശ്യകതയുമാണ്‌.

علامة إعراض الله تعالى عن العبد؛ هو إشتغاله بما لا يعنيه فمن ذهبت ساعة من عمره فى غير ما خلق له جدير بأن تطول حسرته يوم القيامة ومن جاوز الأربعين ولم يغلب خيرُه شرّه فليتجهّز إلى النار

"അല്ലാഹു ഒരു മനുഷ്യനില്‍ നിന്നും തിരിഞ്ഞു കളഞ്ഞു (അവനെ അവന്റെ ഇഷ്ടത്തിന് വിട്ടു) എന്നതിന്റെ അടയാളം അനാവശ്യമായ കാര്യങ്ങളില്‍ അവന്‍ മുഴുകലാണ്.ഒരു മനുഷ്യന്‍റെ ആയുസ്സില്‍ ചെറിയ ഒരു സമയം അവന്റെ സ്രിഷ്ടിപ്പിന്റെ ലക്ഷ്യമെന്തൊ അതിലല്ലാതെ നഷ്ടപ്പെട്ടു പോയാല്‍ അതിന്റെ പേരില്‍ ഖിയാമ നാളില്‍ അവന്റെ ഖേദം വളരെ വലുതായിരിക്കും.ഒരു മനുഷ്യന് 40 വയസ്സെത്തിയാല്‍ അവന്റെ ജീവിതത്തെ അവനൊന്നു വിശകലനം ചെയ്തിട്ട് തിന്മയെക്കാള്‍ നന്മ കൂടുതലായി അവനു മനസ്സിലാകുന്നില്ല എങ്കില്‍ പിന്നെ അവന്‍ നരകത്തിലേക്ക് ഒരുങ്ങി കൊള്ളട്ടെ."




നാലാമത്തെ മാസം ഉമ്മയുടെ ഗര്‍ഭാശയത്തിലേക്ക് മലക്ക് വന്നു റൂഹ് ഊതുന്നതോടെ തുടങ്ങുന്ന ഒന്നാമത്തെ യാത്ര മരണത്തോടെ തീരുകയും രണ്ടാമത്തെ യാത്ര തുടങ്ങുകയും ചെയ്യുന്നു.എത്ര എത്ര വലിയ വലിയ ആളുകള്‍ കഴിഞ്ഞു പോയി.പാല്‍ പുഞ്ചിരിയുമായി മരണത്തെ പുല്‍കിയ മഹാന്മാര്‍.ജീവിത കാലം മുഴുക്കെ ഒരു നിമിഷം പോലും പാഴാക്കാതെ വിഭവങ്ങള്‍ ശേഖരിച്ച ആളുകള്‍.അവരെയൊക്കെ ആ യാത്രയില്‍ നാം കാണും. ദുനിയവിയ്യായ ജീവിതത്തെ വിഭവ ശേഖരണത്തിന് മാത്രമായി നീക്കി വെച്ച സാധാരണക്കാരും മഹാന്മാരുമായ ആളുകള്‍ അവരുടെ വിഭവ സമൃദ്ധിയില്‍ എളുപ്പവും പ്രയാസ രഹിതമായും യാത്ര ചെയ്യുന്നത് കാണുമ്പോ നമ്മുടെ അവസ്ഥ എന്താകും.ഒന്നുമൊന്നും കയ്യിലില്ലെങ്കില്‍ എന്ത് ചെയ്യും? കവി പാടുന്നതിങ്ങനെ:


إِذَا أَنْتَ لَمْ تَرْحَلْ بِزَادٍ مِنَ الْتَقَى


തഖ്‌വ എന്ന വിഭവവുമായല്ല നിന്റെ യാത്ര ദുനിയാവില്‍ വെച്ച് നീ പുറപ്പെടുന്നതെങ്കില്‍

وَلاقَيْتَ بَعْدَ الْمَوْتِ مَنْ قَدْ تَزَوَّد

മരണശേഷം ഒരുപാട് വിഭവങ്ങളുമായി യാത്ര പോകുന്ന ആളുകളെ നീ കാണുകയും ചെയ്‌താല്‍

نَدِمْتَ عَلَى أَلا تَكُونَ كَمِثْلِهِ

ഞാന്‍ ഇവരെ പോലെ ആയില്ലല്ലോ എന്ന് വിചാരിച്ചു നീ വിരല്‍ കടിക്കേണ്ടി വരും.

അന്ന് വിരല്‍ കടിച്ചത് കൊണ്ടോ അലമുറ ഇട്ടത് കൊണ്ടോ യാതൊരു ഫലവും ഇല്ല.നാമും നമ്മുടെ കയ്യിലുള്ള തഖ്‌വയാകുന്ന വിഭവങ്ങളും മാത്രമേ ആ യാത്രയില്‍ നമുക്ക് സഹായകമായി ഉണ്ടാകൂ. തഖ്‌വയാകുന്ന വിഭവം ശേഖരിച്ചവരും അല്ലാത്തവരും പിന്നീടങ്ങോട്ട് ഒരു വലിയ യാത്ര ചെയ്യേണ്ടവര്‍.എന്തെന്തെല്ലാം പ്രയാസങ്ങള്‍.ഖബര്‍,അവിടുത്തെചോദ്യങ്ങള്‍, ഉയിര്‌തെഴുന്നെല്‌പ്പ്,ശേഷം മഹ്ശാര്‍,മീസാന്‍,സ്വിറാത്ത് പാലം..അങ്ങനെ അങ്ങനെ പോകുന്ന വലിയ കടുപ്പമേറിയ അവസരങ്ങളെ നേരിടേണ്ടി വരും.കയ്യില്‍ ആവശ്യത്തിനു വിഭവങ്ങള്‍ ഉള്ളവര്‍ പ്രയാസമില്ലാതെ മുന്നോട്ടു നീങ്ങുന്നു.ഖബ്രിലെ ചോദ്യമാകുന്ന പ്രയാസം അവര്‍ക്കറിയുന്നില്ല-കാരണം അവര്‍ക്കവിടെ അവരുടെ സല്‍ക്കര്‍മ്മങ്ങള്‍ സഹായിയായി എത്തുന്നു.ആ പ്രയാസവും കഴിഞ്ഞു മഹ്ശര്‍ എന്ന അതി കഠിനമായ വിചാരനയുടെ ഭൂമിയിലേക്ക് യാത്ര ചെന്നെത്തുന്നു.




يوم نحشر المتقين إلى الرحمن وفداً
ونسوق المجرمين إلى جهنم ورداً
(സൂറത്ത് മറിയം)

(ആശയം:) മുത്തഖികളായി ജീവിച്ചവരെ-തഖ്‌വ എന്നാ സാദുമായി എത്തിയവരെ-കരുണാനിധിയായ റബ്ബിന്റെ മുമ്പിലേക്ക് വാഹനത്തില്‍ പുറപ്പെടുവിക്കുന്ന ദിവസം.തെമ്മാടികളായ ആളുകളെ-തഖ്‌വ എന്ന സാദ് കയ്യിലില്ലാത്ത- നരകത്തിലേക്ക് തെളിച്ചു വലിച്ചു കൊണ്ട് വരുന്ന ദിവസം)

അതാണ്‌ മഹ്ഷര്‍. കഠിന കടോരമായ ചൂടിന്റെ കീഴില്‍ ഒരോരുത്തന്റെ കര്‍മ്മങ്ങളും കയ്യിലുള്ള വിഭവവും അനുസരിച്ചുള്ള പ്രയാസങ്ങളുമായി ഓരോരുത്തര്‍ നില്‍ക്കുന്ന ദിവസം.മേലെ ഉദ്ധരിച്ച ആയത്ത്‌ വിവരിച്ചു കൊണ്ട് മഹാന്മാര്‍ പറയുന്നത്:

 'സജ്ജനങ്ങളെ അതിഥികളെപ്പോലെ ആദരിച്ചും ദുഷ്ടന്മാരായ ആളുകളെ ദാഹിച്ചു വളഞ്ഞ മൃഗങ്ങളെ പോലെ ആട്ടിതെളിച്ചുമാണ് കൊണ്ട് വരിക' എന്നാണു.

ഇങ്ങനത്തെ പ്രയാസകരമായ അവസ്ഥയും കടന്നു രക്ഷിതാവായ അല്ലാഹു ഓരോരോ നിമിഷങ്ങളെ പറ്റിയും വിചാരണ ചെയ്യാന്‍ നില്‍പ്പിക്കുന്ന രംഗം.ആരുമാരും സഹായത്തിനില്ലാതെ ആരുടെ അടുത്തേക്ക് സഹായത്തിനായി ഓടിയാലും കൈ മലര്‍ത്തി അവരൊക്കെ തിരിച്ചയക്കുന്ന നിസ്സഹായമായ അവസ്ഥയാണവിടെ.

وكلهم آتيه يوم القيامة فردا

(ആശയം:) എല്ലാവരെയും ഒറ്റ ഒറ്റയായി ഖിയാമത്ത് നാളില്‍ കൊണ്ട് വരപ്പെടും.(സൂറത്ത് മറിയം)




ആയിരക്കണക്കിന്,പതിനായിരക്കണക്കിനു ആളുകളെ നിരയായി നിര്‍ത്തിക്കൊണ്ടുള്ള ചോദ്യമല്ല-മറിച്ച് കോടാനുകോടി വരുന്ന ജന വിഭാഗത്തില്‍ നിന്നും ഓരോ ഓരോ ആളെ തനിച്ചു വിളിച്ചു കൊണ്ട് വന്നു നിര്‍ത്തിയുള്ള വിചാരണ.രഹസ്യമായും പരസ്യമായും അറിഞ്ഞും അറിയാതെയും ചെയ്തു കൂട്ടിയ കര്‍മ്മങ്ങളൊക്കെ പര കോടികളുടെ മുമ്പില്‍ വായിക്കപ്പെടുന്ന നാണം കെട്ടു പോകുന്ന സമയം.


وَتَرَى الْمُجْرِمِينَ يَوْمَئِذٍ مُّقَرَّنِينَ فِي الأَصْفَادِ

سَرَابِيلُهُم مِّن قَطِرَانٍ وَتَغْشَى وُجُوهَهُمْ النَّارُ

(ആശയം:) അന്ന് കുറ്റവാളികളെ കൈകാലുകള്‍ ചങ്ങലക്ക് ബന്ധിക്കപ്പെട്ടതായി കാണാം.അവര്‍ താര്‍ കൊണ്ടുള്ള വസ്ത്രങ്ങള്‍ അണിഞ്ഞിരിക്കും.തീനാളങ്ങള്‍ അവരുടെ മുഖങ്ങളെ ആവരണം ചെയ്തിരിക്കും.(സൂറത്ത് ഇബ്രാഹീം)

അതും വിട്ടു മീസാനിങ്കല്‍ എത്തുന്നു.അശേഷം അനീതി കാണിക്കാത്ത അല്ലാഹുവിന്റെ പരമാധികാരത്തിനു കീഴില്‍ ഭൂമിയിലെ രാജാക്കന്മാരും നേതാക്കളും എന്ന് വേണ്ട സകലതും കീഴ് വണങ്ങി നില്‍ക്കുന്ന ആ സമയത്ത് നന്മ തിന്മകളുടെ ത്രാസിന് മുന്നില്‍ നില്‍ക്കുന്ന അവസ്ഥയും വല്ലാത്ത ഭയപ്പാടിന്റെത് തന്നെ.നന്മയാണോ തിന്മയാണോ തൂങ്ങുക.ഒരു അണുമണി തൂക്കത്തിന്റെ കനം എങ്കിലും നന്മ കൂടുതല്‍ തൂങ്ങിയാല്‍ രക്ഷപ്പെട്ടു.അല്ലാത്തവന്‍ തകരുകയും ചെയ്യും.


ചെയ്തു കൂട്ടിയ കര്‍മ്മങ്ങളെ ശരിയായി തൂക്കി വലതു കയ്യിലോ ഇടതു കയ്യിലോ കിതാബ് നല്‍കപ്പെടുന്നു.വലതു കയ്യില്‍ ലഭിച്ചവര്‍ സന്തോഷത്തിന്റെ ആളുകള്‍,ഇടതു കയ്യില്‍ ലഭിക്കെണ്ടവര്‍ നരകത്തിന്റെ അഗാധ ഗര്‍ത്തത്തിലേക്ക് വീഴേണ്ട ഹത ഭാഗ്യര്‍.

وَنَضَعُ الْمَوازِينَ الْقِسْطَ لِيَوْمِ الْقِيامَةِ فَلا تُظْلَمُ نَفْسٌ شَيْئًا وَإِنْ كانَ مِثْقالَ حَبَّةٍ مِنْ خَرْدَلٍ أَتَيْنا بِها وَكَفى بِنا حاسِبِينَ

(ആശയം:) ഖിയാമത്ത് നാളില്‍ എല്ലാം കൃത്യമായി തൂക്കി കണക്കാക്കപ്പെടുന്ന തുലാസുകള്‍ നാം സ്ഥാപിക്കുന്നതാണ്.കടുകുമണി തൂക്കത്തോളം ആണെങ്കിലും (അവന്റെ കര്‍മ്മങ്ങള്‍) അതും കൂടി നാം തൂക്കി നോക്കുന്നതായിരിക്കും.അന്നത്തെ ദിവസം ആരോടും അക്രമം പ്രവര്തിക്കപ്പെടുന്നതല്ല.കണക്കു നോക്കാന്‍ നാം തികച്ചും മതിയായവനാണ്.(സൂറത്ത് അമ്പിയാ)




എല്ലാമെല്ലാം തൂക്കി നോക്കി വിഭവങ്ങളുടെ തൂക്കവും കനവും നോക്കുന്ന ആ സമയത്ത് ഒരാളും മറ്റൊരാളെ ശ്രദ്ധിക്കുന്നില്ല.ഒരോരുത്തന്റെ നഫ്സിനെക്കാള്‍ മറ്റൊന്നിനെ നോക്കാന്‍ ആര്‍ക്കും കഴിയാത്ത ആരും തുനിയാത്ത മൂന്നു അവസരങ്ങളില്‍ ഒന്ന് മീസാനിങ്കല്‍ ആണെന്ന് ഹബീബായ നബി തങ്ങള്‍ (സ്വ) പറഞ്ഞതും എത്ര വ്യക്തം.!അവിടെയും പിന്നിട്ട് അതിലുമേറെ പ്രയാസകരമായ സ്വിറാത്ത് എന്ന പാലത്തിങ്കലെക്ക് അവന്‍ എത്തുന്നു.


കത്തിജ്വലിക്കുന്ന നരകത്തിന്റെ മുകളില്‍ സ്ഥാപിക്കപ്പെട്ട പാലം.സത്യ നിഷേധികള്‍ക്കും വിശ്വാസികളില്‍ തെറ്റുകാരായവര്‍ക്കും മുടിയെക്കാള്‍ നേര്മ്മയുള്ളതും വാളിനേക്കാള്‍ മൂര്ച്ചയുള്ളതുമായി അനുഭവപ്പെടുന്നു.എന്നാല്‍ തഖ്‌വ എന്ന സാദുമായി ഒന്നാമത്തെ യാത്ര വിട്ടു രണ്ടാം യാത്ര തുടങ്ങിയവാണ് വളരെ എളുപ്പം പാലവും കടന്ന്നു സുഖലോക സ്വര്‍ഗത്തെ പ്രാപിക്കാന്‍ കഴിയുന്നു.അല്ലാത്തവന്‍ ആഴമേറിയ കഠിന കടോരമായ നരകാഗ്നിയിലെ വിരകുകള്‍ ആയി വീണു പോകുന്നു.ഓരോരുത്തര്‍ക്കും അവരുടെ സല്ക്കര്‍മ്മത്തിനു അനുസരിച്ച് അവിടെ വെളിച്ചം നല്‍കപ്പെടും.ആ വെളിച്ചത്തിലൂടെ വിജയിയായ മനുഷ്യന്‍ അക്കരെ എത്തുന്നു.അല്ലാത്തവന്‍ കൂരിരുട്ടില്‍ വഴി തടഞ്ഞു അഗാധമായ ശിക്ഷയിലേക്ക് വീണു പോകുന്നു.അവിടെയും തഖ്‌വയില്‍ മുന്‍ നടന്നവര്‍ക്ക് പര്‍വത സമാനമായ വെളിച്ചം ലഭിക്കുമ്പോള്‍ അതില്‍ കുറവുള്ളവര്‍ക്ക് അതിനനുസരിച്ച് കുറഞ്ഞ ചിമ്മിനി വിളക്കിന്റെ തിരി പോലെയുള്ള വെളിച്ചം ലഭിക്കുന്നു.


അവിടെ വെച്ച് വേര്‍പിരിയുകയാണ്‌ അത് വരെ ഒന്നിച്ചു യാത്ര ചെയ്ത നല്ല നല്ല വിഭവങ്ങള്‍ ഉള്ളവരും ഇല്ലാത്തവരുമായ മനുഷ്യര്‍.ചിലര്‍ അവര്‍ക്കൊരുക്കി വെച്ചിരിക്കുന്ന സുഖലോക സ്വര്‍ഗത്തില്‍ നിത്യ താമസക്കാരായി വിജയിക്കുന്നു.മറ്റൊരു കൂട്ടര്‍ ഇതിന്റെ രണ്ടിന്റെയും ഇടയില്‍ അഅറാഫ് എന്ന മതിലില്‍ എത്തിച്ചേരുന്നു.നരക സ്വര്‍ഗങ്ങളുടെ നടുവില്‍.പ്രതിഫലങ്ങള്‍ അര്‍ഹിച്ചതനുസരിച്ചു നല്കപ്പെടുന്നതോട് കൂടെ യാത്രകള്‍ അവസാനിക്കുന്നു.മരണത്തോട് കൂടെ തുടങ്ങിയ നീണ്ട യാത്ര.




ഒന്നാമത്തെ യാത്രയില്‍ കൃത്യമായി വിത്തുകള്‍ പാകി പരിപാലിച്ചു കൃഷി ചെയ്ത മുത്തഖികള്‍ മാത്രം ആയിരിക്കും വിജയികള്‍.അവരുടെ വിളവ്‌ അള്ളാഹു അവന്റെ റഹ്മത്തിനാല്‍ പൊതിഞ്ഞു ഇരട്ടി ഇരട്ടി ആയി നല്‍കുന്നു.അത്ഭുതങ്ങളുടെ ദുനിയാവിലെ ബുദ്ധിയോ ശക്തിയോ വെച്ച് നിരൂപിക്കാണോ സങ്കല്പ്പിക്കാണോ പറ്റാത്ത അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ വീടായ സ്വര്‌ഗമാനവരുടെ കാല കാലത്തെ താമസ സ്ഥലം.തഖ്‌വയുടെ സാദ് ശേഖരിക്കാതെ പരാജിതരായവരുടെ നരക ലോകമാകട്ടെ ആര്‍ക്കുമാര്‍ക്കും വിവരിക്കാന്‍ കഴിയാത്ത അത്രയും കടോരം.ചെയ്തു കൂട്ടിയതിന്റെ കണക്കനുസരിച്ചുള്ള ശിക്ഷയും അവന്‍ ഏല്‍ക്കേണ്ടി വരുന്നു.


ഇങ്ങനെ രക്ഷയുടെതാകട്ടെ ശിക്ഷയുടെതാകട്ടെ രണ്ടിന്റെയും നിദാനം ആകുന്നത് നമ്മുടെ ദുനിയാവിലൂടെ ഉള്ള ഒന്നാമത്തെ യാത്രയാണ്.ബുദ്ധിമാനായ മനുഷ്യന്‍ ഒരിക്കലും കാല കാലത്തെ സന്തോഷം വിറ്റ് ചെറിയ കാലത്തെ സുഖലോലുപത ആഗ്രഹിക്കില്ല.ഹബീബായ നബി തങ്ങള്‍ (സ്വ) തന്നെ ഇത് വിവരിച്ചതിങ്ങനെ:"സ്വശരീരത്തെ വിചാരണ ചെയ്യുകയും മരണാനന്തര ജീവിതത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനാണ് ബുദ്ധിമാന്‍.ശരീരത്തെ അതിന്റെ ഇച്ചകളുടെ പിന്നാലെ വിടുകയും അല്ലാഹുവില്‍ പലതരം മോഹങ്ങള്‍ വെച്ച് പുലര്‍ത്തുകയും ചെയ്യുന്നവനാണ് ചിന്താ ശൂന്യന്‍."(തുര്‍മുദി)




 ആഖിറവും ഇഹലോകവും രണ്ടും ആസ്വദിക്കാന്‍ ആര്‍ക്കും കഴിയില്ല.ഒന്നിന് പിന്നാലെ പായുന്നവന് മറ്റേത് നഷ്ടപ്പെടുന്നു.

'ഇഹവും പരവും സഹ ഭാര്യമാരെ പോലെയാണ്.ഒരാളെ പ്രീതിപ്പെടുത്തിയാല്‍ മറ്റെയാള്‍ പിണങ്ങും'
എന്നായിരുന്നു മഹാനായ വഹബ് ഇബ്നു മുബഹ് (റ) പറഞ്ഞത്.

ياأيها الذين آمنوا اتقوا الله ولتنظر نفس ماقدمت لغدٍ واتقوا الله إن الله خبير بما تعملون

(ആശയം) (സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താന്‍ നാളത്തെക്ക് വേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തു വെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി എല്ലാമെല്ലാം അറിയുന്നവനാകുന്നു.)




സമ്പാദ്യങ്ങൾ ഉപകരിക്കുന്ന ലോകത്തേക്ക് സ്വരുക്കൂട്ടിയ മുത്തുമണികളുമായി കൂടെയുണ്ടായിരുന്ന പലരും പ്രകാശിക്കുന്ന വഴിത്താരയിലൂടെ നടന്നു നീങ്ങുന്നത് മിന്നാമിനുങ്ങിന്റെ വെളിച്ചമെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ച് കർമ്മഫലങ്ങളുടെ വിഴുപ്പും പേറി സ്വയം ശപിച്ചു ഭൂമിയിൽ മുഖമുരച്ചു നടക്കുമ്പോ കാണേണ്ടി വരുന്ന അവസ്ഥയെ പറ്റി ആലോചിച്ചു നോക്കിയിട്ടുണ്ടോ..?

കുടുസ്സായതും പ്രയാസമേറിയതും ആയ സന്മാർഗ്ഗത്തിന്റെ വഴി വിട്ട് തിരഞ്ഞെടുത്ത സുന്ദരവും എളുപ്പമേറിയതുമായ ദുനിയാവിന്റെ വീഥി കൊണ്ടെത്തിക്കുന്ന ദുരന്തലോകത്തിന്റെ നേർക്കാഴ്ച കാണുക തന്നെ ചെയ്യും.എല്ലാമെല്ലാം വിട്ടുപിരിയുന്ന, അവസാന ശ്വാസത്തിന്റെ വെപ്രാളത്തിൽ ആ ദുരവസ്ഥയുടെ ചിത്രങ്ങൾ മുന്നിൽ മലർത്തിതുറന്നു കാണിക്കുമ്പോ എന്ത് ചെയ്യാനുണ്ടാകും ബാക്കി.....?




തഖ്‌വയാകുന്ന സാദുമായി അല്ലാഹുവിന്റെ സന്നിധിയിലേക്ക് യാത്രയാകുന്ന മുത്തഖീങ്ങളില്‍ നാഥാ നീ ഞങ്ങളെയും ചേര്‍ക്കണേ അല്ലാഹ്.ആഖിറം നഷ്ടപ്പെട്ടു പോകുന്ന പാപികളില്‍ ഞങ്ങളെ ചെര്‍ക്കല്ലേ റബ്ബേ.അവസാനം നിന്റെ സ്വര്‍ഗീയ ആരാമത്തില്‍ നീ ഞങ്ങളെ കടത്തി സന്തോഷിപ്പിക്കണേ തമ്പുരാനേ..

Tuesday, December 09, 2014

രിഫാഈ തങ്ങളെ മാറ്റിമറിച്ച 3 ഉപദേശങ്ങൾ..

ദൈവിക വഴിയിൽ സർവ്വ സമർപ്പണം എന്നതിലേക്കായി മതങ്ങൾ തേടുന്ന മൂല്യങ്ങൾ നശിച്ച് പൈതൃകം നഷ്ടപ്പെട്ട് ലക്ഷ്യം മറന്നു പോയ സാമുദായിക സ്ഥിതിയിൽ പരിതപിച്ച് സമയം കളയുന്നതിൽ അർത്ഥമില്ല കാരണം 'ഓരോ ദിവസവും തലേ ദിവസത്തേക്കാൾ മോശമായിട്ടല്ലാതെ ഉദിക്കുന്നില്ല' എന്നത് പ്രവാചകാധ്യാപനം ആണ്.

പരിഷ്ക്കാരികൾ ആകുക എന്നതിന് ഇസ്ലാമിക മൂല്യങ്ങളെ കൊലവിളിക്കുക എന്ന അർത്ഥം ഉണ്ടെന്ന് തോന്നിപ്പോകുന്നതാണ് സാമൂഹികാന്തരീക്ഷം നമുക്ക് ചുറ്റും. പഴഞ്ചൻ മതാധിഷ്ടിതചിന്തകൾ ഇരുണ്ട മനസ്സിന്റെ പ്രതീകമെന്ന് മനസ്സിലാക്കുന്ന ലോകം. മുഴുസമയം മതപരമായ കാര്യങ്ങൾ സംസാരിക്കുകയോ അതുമായി മുഴുകുകയോ ചെയ്യുന്നവർ മതത്തെ വിൽക്കുന്നവരായി വിലയിരുത്തപ്പെടുന്ന കാലം..!

ജീവിതത്തിന്റെ നൈമിഷികതയും നശ്വരതയും മരണശേഷമുള്ള ജീവിതത്തിന്റെ അനശ്വരതയും സൗന്ദര്യവും അറിഞ്ഞവർക്ക് മതം എന്നത് ജീവശ്വാസമായിരുന്ന ഒരു സമൂഹമായിരുന്നു നമ്മിലേക്ക് രക്ഷിതാവിന്റെ സത്യസന്ദേശം കൈമാറി മറക്കപ്പുറതേക്ക് നീങ്ങിയത്. ഇന്ന് മതം എന്നത് പ്രതാപകാലത്തെ സ്മരണകൾ അനുസ്മരിക്കുന്ന പ്രഭാഷണങ്ങളിലെ മഹാന്മാരുടെ ജീവിതത്തിന്റെ ഓർമ്മകളിൽ മാത്രം ചുരുങ്ങുന്നു.







സമൂഹത്തിന്റെ ത്രിപ്തിയേക്കാൾ ഉടമയായ റബ്ബിന്റെ ത്രിപ്തിയെ തേടുന്നവന് പുറകിലോട്ട് നോക്കേണ്ട ആവശ്യമില്ല. ഷൈഖ് രിഫായീ തങ്ങളുടെ ജീവിതം തന്നെ മാറാൻ കാരണമായ അബ്ദുൽ മലിക്ക് എന്ന ഒരു മഹാനിൽ നിന്ന് കിട്ടിയ ഉപദേശങ്ങൾ ഒന്ന് ശ്രദ്ധിച്ചു നോക്കൂ...




ഒന്നാമത്തെ ഉപദേശം:

“ملتفتٌ لا يصل”
“തിരിഞ്ഞു നോക്കുന്നവൻ ലക്ഷ്യത്തിൽ എത്തുകയില്ല”


നാം തേടുന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ നേർ വഴിയിൽ എത്തിക്കഴിഞ്ഞാൽ പിന്നെ കൂടെ ആരുണ്ടാകും സഹകാരിയായി എന്ന് പുറകിലേക്ക് നോക്കി നിൽക്കുന്നതിൽ അർത്ഥ ശൂന്യതയല്ലാതെ മറ്റൊന്നുമില്ല. കാരണം ജീവിതമാകുന്ന യാത്ര ലക്ഷ്യത്തിൽ എത്തണം എങ്കിൽ കൂടെ ആളുണ്ടാവട്ടെ ഇല്ലാതെയാവട്ടെ വഴിയിലെ പ്രതിബന്ധങ്ങൾ ഒക്കെ സ്വയം തരണം ചെയ്തെ മതിയാകൂ. തന്റെ ലക്‌ഷ്യം തേടിയുള്ള യാത്രയിൽ താൻ തനിച്ചാണ്. ഇടത്താവളം ആകുന്ന ദുനിയാവിൽ പിറന്നു വീഴുന്നതും ഒടുക്കം ബർസഖീ ലോകത്തേക്ക് നീങ്ങുന്നതും അവിടെ ജീവിതത്തിന്റെ പുതിയ തലം തുടരുന്നതും തനിച്ച് മാത്രമാണ്. - തന്റെ റബ്ബിന്റെ മാര്ഗ്ഗതിലായി ജീവിക്കുമ്പോൾ കൂടെ ആരുണ്ട് എന്നോ ആരൊക്കെ തന്റെ പുറകിൽ നിൽക്കുന്നു എന്നോ എത്രയാളുകൾ തനിക്ക് പിന്തുണ പ്രഖ്യാപിക്കുന്നോ എന്നതിനെ ചൊല്ലി വേവലാതിപ്പെടാതെ തഖ് വയെ മാത്രം കൂടെ നിർത്തി ജീവിക്കുക എന്നതാണ് യഥാർത്ഥ സമർപ്പിതനായ മുസ്ലിമിന് ചെയ്യാനുള്ളത്..





രണ്ടാമത്തെ ഉപദേശം:

" ومشكك لا يفلح"

"സംശയാലു വിജയിക്കാൻ പോകുന്നില്ല"


ഏതൊരു കർമ്മത്തിന്റെയും അടിത്തറ തന്നെ അതിലുള്ള ഉറപ്പായിരിക്കണം. സംശയത്തോടെയുള്ള ഒരു കർമ്മവും സ്രഷ്ടാവിങ്കൽ സ്വീകാര്യമല്ല തന്നെ. ചുറ്റുമുള്ള സംശയ രോഗക്കാർ പറയുന്നതിന് അനുസരിച്ച് ഇസ്ലാമിക ലോകം നിരാക്ഷേപം അനുവർത്തിച്ചു പോരുന്ന ഇസ്ലാമിക ആചാരങ്ങൾ സംശയത്തിന്റെ മുനയിൽ സ്വയം നിർത്തിക്കൊണ്ട് പ്രവർത്തിക്കുന്നതിൽ യാതൊരു ഉപകാരവുമില്ല. അല്ലാഹുവിന്റെ ഔദാര്യത്തെ കുറിച്ചും ഭൂമിലോകത്തെ ജീവിതത്തിനാവശ്യമായ വിഭവങ്ങൾ അവൻ നൽകും എന്ന വാഗ്ദാനത്തെ കുറിച്ചും തികച്ചും മനസ്സുറച്ച വിശ്വാസിക്ക് ഒരിക്കലും തന്നെ അവന്റെ ലക്ഷ്യത്തിലേക്കുള്ള വഴിയിൽ ദുനിയവിയ്യായ വിഭവങ്ങളുടെ അഭാവമോ കുറവോ പ്രയാസമേകുകയില്ല. താൻ തന്റെ റബ്ബിനെ അനുസരിച്ച് ജീവിക്കുമ്പോൾ തനിക്ക് ജീവിതത്തിന് ആവശ്യമായതെല്ലാം പറവകൾക്ക് നൽകുന്നത് കണക്കെ നൽകപ്പെടുമെന്നു യഖീൻ വന്നവൻ വിജയിച്ചവരിലേക്ക് ചേരുന്നു. അല്ലാഹുവിൽ പ്രതീക്ഷ ഉണ്ടെങ്കിലും 'ലഭിക്കുമോ ഇല്ലയോ' എന്ന സംശയത്തോടെ നടക്കുന്നവർ ആത്യന്തികമായി പരാജിതരിൽ പെടുകയും ചെയ്യുന്നു.

അബൂബക്കർ തങ്ങൾ (റ) സ്വിദ്ദീഖ് ആയത് അത്ഭുതങ്ങളുടെ അത്ഭുതമായ ഇസ്രാഉം മിഅ്റാജും "സംഭവിചിട്ടുണ്ടാകുമോ" എന്ന് അന്വേഷിച്ചു ശരിയെന്ന സത്യം കണ്ടെത്തിയതിന്റെ പേരിലല്ല മറിച്ച് സമൂഹം മുഴുക്കെ പരിഹസിച്ചാലും തന്റെ ഹബീബായ ആദരവായ നബി തങ്ങൾ (സ്വ) പറഞ്ഞോ എങ്കിൽ എനിക്ക് സംശയമില്ല - പരിപൂർണ്ണ വിശ്വാസമാണ് എന്ന് പറഞ്ഞ വിശ്വാസ ദാർഡ്യത്തിന്റെ പേരിലാണ്. സംശയരോഗി അവന്റെ സംശയങ്ങളിലായി ജീവിക്കും - ഒരിക്കലും അവന് സംശയങ്ങൾ തീർത്ത് ഉറപ്പിന്റെ മേൽ എത്തിച്ചേരാൻ കഴിയില്ല. സത്യവിശ്വാസിയുടെ ഉന്നതമായ ഗുണങ്ങളിൽ പെട്ടതും അവിഭാജ്യമായതും

الذين يؤمنون بالغيب

അവർ അവരെ തൊട്ട് അതീന്ദ്രിയമായ കാര്യങ്ങളിൽ കണ്ണടച്ച് തന്നെ വിശ്വസിക്കുന്നവരാണ് എന്നതാണ്.

സംശയിച്ച് സംശയിച്ച് ജീവിക്കുന്നവന് ഒരിക്കലും തീരുമാനം എടുക്കാൻ കഴിയില്ല. ശരിയായ തീരുമാനം എടുക്കാൻ കഴിയാത്തവൻ ഇരുലോകത്തും പരാജയം മാത്രം കരസ്ഥമാക്കുന്നു.



മൂന്നാമത്തെ ഉപദേശം:

"ومن لم يعرف من وقته النقص فكل أوقاته النقص"

"തന്റെ സമയം നഷ്ടപ്പെടുന്നു എന്ന് മനസ്സിലാക്കാത്തവന്റെ മുഴു സമയവും നഷ്ടത്തിലാണ്."


ജീവിതത്തിന്റെ നിറങ്ങളിൽ മുഴുകി സുനിശ്ചിതമായ മരണം വന്നെത്തും മുമ്പ് വരാനിരിക്കുന്ന സുദീർഘ യാത്രക്കിടയിൽ ഉപയോഗിക്കേണ്ട വിഭവങ്ങൾ ശേഖരിക്കാതെ സമയം മുഴുക്കെ നശിപ്പിച്ചവരേക്കാൾ നഷ്ടപ്പെട്ടവർ ആരുണ്ട്..? പ്രലോഭിപ്പിക്കുന്ന സൗന്ദര്യത്തിന്റെ ഉടമയായ ഇഹലോകത്തെ ആസക്തിയുടെ തീർപ്പിനുള്ള ഇടമായിക്കണ്ടവന്റെ സമയം മുഴുക്കെ നാശത്തിലാണ് നീങ്ങുക എന്നതിൽ സംശയമില്ല. റബ്ബിലേക്ക് അടുക്കാനുള്ള കർമ്മങ്ങളിൽ അല്ലാതെ നാം ചിലവഴിക്കുന്ന നിമിഷങ്ങളൊക്കെ വിചാരണയുടെ നാളിൽ നഷ്ടബോധത്തിന്റെ കൊടുങ്കാറ്റായി നമ്മിലേക്ക് ഓർമ്മയായി വരുക തന്നെ ചെയ്യുമല്ലോ.മഹാനായ സൈനുദ്ധീൻ മഖ്ദൂം തങ്ങൾ അവിടുത്തെ അദ്കിയാഇൽ പറഞ്ഞതും ഇത് തന്നെ.

من يطلبن ما ليس يعنيه فقد

فات الذي يعنيه من غير ائتلا

തനിക്ക്‌ യാതൊരു ആവശ്യവും ഇല്ലാത്തതിന്റെ പിന്നാലെ ഒരാൾ നടക്കുംബോ ആവശ്യമുള്ളതങ്ങനെ നഷ്ടപ്പെട്ട്‌ തീരുന്നു..

ചുറ്റുമുള്ള ലോകവുമായി തനിക്കുള്ള കടപ്പാടുകൾ പാലിച്ച് കൊണ്ട് തന്നെ സമൂഹത്തിന്റെ സ്വാഭാവികമായ നാശത്തിലേക്കുള്ള ഒഴുക്കിന് എതിരെ നീന്താൻ കഴിയണം. അവിടെയാണല്ലോ ആദരവായ നബി തങ്ങൾ (സ്വ) പറഞ്ഞ

"من تمسك بسنتي عند فساد أمتي فله أجر مِاْئة شهيد"

"ഉമ്മത്ത്‌ മുഴുക്കെ ഫസാദിലായിരിക്കുന്ന സമയത്ത് എന്റെ സുന്നത്തിനെ മുറുകെ പിടിച്ച് ജീവിക്കുന്നവന് റബ്ബിന്റെ മാർഗ്ഗത്തിൽ വീര രക്തസാക്ഷ്യം വഹിച്ച 100 പേരുടെ പ്രതിഫലം ഉണ്ട്" എന്നതിലേക്ക് നാം എത്തുകയുള്ളൂ..



സമൂഹം മുഴുക്കെ പരിഷ്കരിക്കാൻ നമുക്ക് കഴിയുകയില്ല എന്നത് തീർച്ചയായ കാലത്ത് സ്വന്തത്തെ നാഥനിലേക്ക് അടുപ്പിച്ച് തന്റെ മനസ്സിനെ പരിഷ്കരിച്ച് സലീമായ സുഖലോക സ്വർഗ്ഗക്കാരന്റെ മനസ്സായി പരിവര്ത്തിപ്പിക്കലാണ് നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യം..അത് മാത്രം..

Tuesday, October 21, 2014

ഇവിടെ കുറഞ്ഞത് അവിടെ കൂടും - ഇവിടെ കൂടിയത് അവിടെ കുറയും..!

ഭൗതിക ലോകത്തെ വിഭവങ്ങളൊക്കെ മനുഷ്യോപയോഗത്തിന്‌ വേണ്ടി തന്നെയാണ്‌ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്‌.ആവശ്യത്തിന്റെ തോതനുസരിച്ച്‌ അനുവദനീയമായി റബ്ബ്‌ നിശ്ചയിച്ചതൊക്കെ നമുക്ക്‌ അനുഭവിക്കാം. അനുഭവിക്കൽ അനുവദനീയമായതൊക്കെ ആവാശ്യാനാവശ്യം പരിഗണിക്കാതെ വാരിപ്പിടിക്കാൻ വേണ്ടിയുള്ള നെട്ടോട്ടം ദുനിയവിയ്യും ഉഖ്രവിയ്യുമായ നഷ്ടങ്ങളുടെ കണക്ക് പുസ്തകമാണൊടുക്കം ബാക്കിയാക്കുക.


ദുനിയാവിൽ നാഥന്‌ വഴിപ്പെട്ട്‌ ജീവിക്കാൻ ആവശ്യമായ പ്രാഥമികമായ കാര്യങ്ങളുടെ ഉപഭോഗം ഒഴിച്ച്‌ മേറ്റ്ല്ലാം മണി മണിയായി വിചാരണ ചെയ്യപ്പെടും എന്നത്‌ സംശയാതീതമാണ്‌. തഖ്‌ വായുടെ അത്യുദാത്ത മാതൃക തേടുന്നവർ അനുവദനീയമായതിലും തനിക്കാവശ്യമില്ലാത്തതിനെ ഉപേക്ഷിച്ച്‌ ശീലിക്കുന്നു എന്നത്‌ മറ്റൊരു വശമാണ്‌.


വിചാരണയുടെ അതിതീവ്രമായ പ്രയാസം മറികടക്കാൻ കഴിഞ്ഞാൽ പോലും പദാർത്ഥ ലോകത്തെ സൗകര്യങ്ങളുടെ വർദ്ധനവ്‌ ദോഷകരമായ രീതിയിൽ ബാധിക്കാത്തവർ സമൂഹത്തിൽ ആരുമുണ്ടാവില്ല. കാരണം ചോദ്യം ചെയ്യപ്പെടുന്നതിനെ തൊട്ട്‌ രക്ഷപ്പെടുന്ന ഏറ്റവും പ്രാഥമികമായ ആവശ്യങ്ങൾക്കപ്പുറം നാം അനുഭവിക്കുന്ന ഏത്‌ അനുഗ്രഹമുണ്ടോ അതൊക്കെ ആഖിറത്തിൽ നമുക്ക്‌ ലഭിക്കേണ്ടതിൽ നിന്നും കുറക്കും എന്നത്‌ തിരുഹബീബിന്റെ അധ്യാപനമാണ്‌.





ജീവിതം ഒന്നേയുള്ളൂ അതിനാൽ ആഗ്രഹിച്ചതെന്തും ദുനിയാവിൽ നിന്ന് പിരിയും മുമ്പ്‌ ആശ തീർത്ത്‌ കയ്യിലൊതുക്കണം എന്നത്‌ മുസ്ലിം അമുസ്ലിം ഭേദമന്യേ സമൂഹം മൊത്തം വ്യാപിച്ചിരിക്കുന്ന പൊതുതാൽപ്പര്യമാണ്‌. നിലനിൽക്കുന്ന ജീവിതത്തിന്റെ തുടക്കം തന്നെ ഭൗതികലോകത്ത്‌ നിന്നുമുള്ള പിരിഞ്ഞു പോക്കോടെയാണ്‌ എന്ന് വിശ്വസിക്കുന്നവരാണ്‌ സത്യവിശ്വാസികൾ. സമൂഹത്തിന്റെ ഒഴുക്കിന്റെ ദിശക്കനുസരിച്ച്‌ കിടന്ന് കൊടുക്കാതെ ദുനിയാവിനെ വർജ്ജിക്കാൻ ശീലിക്കലാണ്‌ മുസ്ലിമിന്റെ വഴി. ലഭ്യത വിരളമായതിനെ തൊട്ട്‌ മാറി നിൽക്കലല്ല സുഹ്ദ്‌ മറിച്ച്‌ എന്തും ലഭിക്കും എന്നുറപ്പുള്ളപ്പോൾ അതിനെ തൊട്ട്‌ ആഖിറത്തെ മോഹിച്ച്‌ മനസ്സിനെ മെരുക്കി ശരീരത്തെ മാറ്റിനിർത്തുംബോഴാണ്‌ പരിത്യാഗിയാകുന്നത്‌.


അവിടെയാണല്ലോ ജീവിതത്തിന്റെ ഓരോ ശ്വാസങ്ങളിലും മാതൃകയേകി മുന്നേ നടന്ന ഹബീബായ തങ്ങൾ വേറിട്ട്‌ നിൽക്കുന്നതും. 'ഞാൻ ഉദ്ദേശിച്ചിരുന്നു എങ്കിൽ സ്വർണ്ണത്തിന്റെ മലകൾ തന്നെ ഇരുവശത്തും കൂടെ എന്റെയൊപ്പം അല്ലാഹു നടത്തിത്തരുമായിരുന്നു' എന്ന് പറഞ്ഞ ആദരവായ നബി തങ്ങളുടെ തിരുവീട്ടിൽ തുടർച്ചയായി മൂന്നോ നാലോ ദിവസങ്ങൾ പലപ്പോഴും വെള്ളവും കാരക്കയും അല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല എന്നത്‌ ഒരു കുറവല്ല - മറിച്ച്‌ ദുനിയാവിലെ കുറവ്‌ ആഖിറത്തിലെ വർദ്ധനവ്‌ ആയത്‌ കൊണ്ടാണ്‌ എന്നതാണ്‌ യാഥാർത്ഥ്യം.




ഇറാഖിൽ നിന്നും വന്ന ഒരു കൂട്ടം മുസ്ലിമീങ്ങൾക്ക്‌ ഉമർ (റ) തങ്ങൾ ഭക്ഷണം വിളംബിയപ്പോൾ പതിവായി വിഭവ സമൃദ്ധവും സ്വാദിഷ്ടവുമായ ഭക്ഷണം കഴിച്ചു ശീലിച്ച അവർ ഉമർ തങ്ങളുടെ പരുക്കൻ ഭക്ഷണം വളരെ കുറച്ച്‌ മാത്രം ഭക്ഷിച്ചു.
തദവസരം മഹാൻ പറഞ്ഞു:

"ഓ ഇറാഖുകാരേ, നിങ്ങളെ പോലെ വിഭവ സമൃദ്ധമായ ഭക്ഷണം വേണമെങ്കിൽ എനിക്കും ഭക്ഷിക്കാം, പക്ഷേ നമ്മൾ നശ്വരമായ ഈ ദുനിയാവിലെ ആഡംബരം മാറ്റി വെക്കുന്നത്‌ ആഖിറത്തിൽ ലഭിക്കാൻ വേണ്ടിയാണ്‌.

' اذهبتم طيباتكم في حياتكم الدنيا

നല്ലതൊക്കെ ദുനിയാവിലെ ജീവിതത്തിൽ നിങ്ങൾ ഉപയോഗിച്ചു കഴിഞ്ഞുവല്ലോ' എന്ന് അല്ലാഹു ആഖിറത്തിൽ ചില ആളുകളോട്‌ പറയുമെന്നത്‌ നിങ്ങൾ കേട്ടിട്ടില്ലേ ?".


നല്ല ഭക്ഷണം കഴിക്കുന്നത്‌ അല്ലാഹുവിങ്കൽ തെറ്റുള്ളതോ പൊരുത്തമില്ലാത്തതോ ആണെന്നല്ല ഉമർ തങ്ങൾ പഠിപ്പിക്കുന്നത്‌ - മറിച്ച്‌ ഇഹലോകത്ത്‌ ഒഴിവാക്കാവുന്ന സുഖങ്ങളൊക്കെ റബ്ബിന്റെ പ്രീതിയെ മോഹിച്ച്‌ വിട്ടു നിന്നവർക്ക്‌ ദുനിയാവിൽ നഷ്ടപ്പെടുത്തിയതിനെ അപേക്ഷിച്ച്‌ ആയിരക്കണക്കിന്‌ മടങ്ങ്‌ അനുഭൂതിയേകുന്ന പ്രതിഫലം പകരം ലഭിക്കാനുണ്ട്‌ എന്നത്‌ ഓർമ്മിപ്പിക്കുകയും അത്‌ നഷ്ടപ്പെടുത്തുന്നവരോടുള്ള തന്റെ അനിഷ്ടം പ്രകടിപ്പിക്കുകയുമാണ്‌ അവിടുന്ന് ചെയ്തത്‌.




ശിക്ഷിക്കപ്പെടുന്ന ആസ്വാദനങ്ങൾ ഹബീബായ നബി തങ്ങൾ ജീവിച്ചു പഠിപ്പിച്ച തിരു ശരീ അത്തിനു വിരുദ്ധമായ നിഷിദ്ധമായതിന്റെ ഉപയോഗം മാത്രമാണ്‌ എങ്കിലും കാലകാലം നിലനിൽക്കുന്ന ലോകത്തെ അറ്റമില്ലാത്ത അനുഗ്രഹങ്ങളുടെ അളവ്‌ കുറക്കുന്ന അമിതമായ ദുനിയാവിക ജീവിതത്തിലെ വിഭവങ്ങളുടെ ഉപഭോഗത്തെ നിയന്ത്രിക്കൽ മാത്രമേ വഴിയുള്ളൂ..നിയന്ത്രണങ്ങളുടെ കാലം വളരെ ചുരുങ്ങിയതാണ്‌. പ്രതിഫലത്തിന്റെ ലോകം അറ്റമില്ലാത്ത കാലത്തിന്റേതാണ്‌. നടുക്കടലിൽ വെച്ച്‌ മുക്കിയ വിരലിൽ പതിഞ്ഞ ജലകണിക നോക്കി സമുദ്രത്തെ തിരിഞ്ഞു നോക്കിയവൻ മനസ്സിലാക്കട്ടെ ദുനിയാവ്‌ വിരലിൽ പതിഞ്ഞതിൽ തീർന്നു എന്നും ആഴമില്ലാ കടൽ കണക്കെ വിശാലമാ ആഖിറം ബാക്കി നിൽക്കുന്നു എന്നും..


ആഖിറത്തിനെയും അതിന്റെ ഓർമ്മകളെയും തൊട്ട്‌ മനുഷ്യനെ തിരിച്ചു കളയുന്ന ദുനിയാവിലെ കൊഴ്‌ഞ്ഞു തീരുന്ന ഓരോ നിമിഷത്തിലേയും ആസ്വദിച്ചു തീർത്ത അനുഗ്രഹങ്ങൾ ആകമാനം ഏകനായി ഉടമയായ നാഥന്റെ മുമ്പിൽ നിൽക്കുന്ന സമയം ഓരോന്നായി കണക്ക്‌ ബോധിപ്പിക്കേണ്ടി വരുക തന്നെ ചെയ്യും.

ثُمَّ لَتُسْأَلُنَّ يَوْمَئِذٍ عَنِ النَّعِيمِ

ഒരൽപ്പം ദുനിയാവിലെ സുഖം കുറഞ്ഞതിന്റെ പേരിൽ പ്രയാസത്തിന്റെ കെട്ടുകളുമായി ജനങ്ങളെ കാണുന്ന മനുഷ്യരെങ്ങാനും ആ കുറവ്‌ വർദ്ധനവായി മാറുന്ന ലോകത്തെ കുറിച്ച്‌ മനസ്സിൽ ഉറപ്പിച്ച്‌ പ്രതീക്ഷ വെച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു..


Saturday, September 27, 2014

ആദ്യ സൃഷ്ടിയും പ്രാപഞ്ചിക രഹസ്യങ്ങളുടെ സാക്ഷ്യവും..

പ്രവിശാല പ്രപഞ്ചത്തിന്റെ വലുപ്പവും വണ്ണവും ആഴവും പരപ്പും എത്ര ഭീമവും നിർണ്ണയാതീതവും അചിന്തനീയവുമാണെന്ന് മനസ്സ്‌ കൊണ്ട്‌ ഒരിക്കലെങ്കിലുമൊന്ന് നിരൂപിക്കാൻ ശ്രമിച്ചവർക്കും ആഴത്തിലാഴത്തിൽ പ്രപഞ്ചത്തെ പഠിക്കാൻ ശ്രമിച്ചവർക്കും കൃത്യമായി മനസ്സിലാകും..


പ്രാപഞ്ചിക രഹസ്യങ്ങളുടെ ചുരുളുകൾ തേടിയിറങ്ങുന്ന മാനവിക ചിന്താശേഷിയുടെയും അറിവിന്റേഴും പത്തി താഴ്‌ന്നു താഴ്‌ന്നു പോകുന്നതാണ്‌ കാഴ്ച്ചയുടെ പരിധിക്കപ്പുറത്തെ ശൂന്യാകാശവും അതിനുമപ്പുറത്തെ കോടാനുകോടി നക്ഷത്ര ചന്ദ്ര ഗോളാദികളുടെ സമുച്ചയങ്ങളും അവിടെയും തീരാത്ത പ്രവചനാതീത നിഗൂഡതയുടെ ലോകത്തേയും പറ്റി പഠിക്കാനിറങ്ങിയപ്പോഴൊക്കെ നാം കണ്ടതും കാണാനിരിക്കുന്നതും.




പരിമിതികളുടെ ബുദ്ധിയുടെയും കഴിവിന്റെയും കുറവ്‌ ബോധ്യമാകുംബോ രക്ഷിതാവിന്റെ പരിശുദ്ധിയെ വാഴ്ത്തിക്കൊള്ളാൻ റബ്ബ്‌ പഠിപ്പിക്കുകയും ചെയ്തു..

 ربنا ما خلقت هذا باطلا سبحانك فقنا عذاب

'എനിക്ക്‌ മനസ്സിലാകുന്നതിന്റെയും അപ്പുറമാണ്‌ നിന്റെ സൃഷ്ടി ലോകമെങ്കിലും റബ്ബേ, ഞാൻ സമ്മതിക്കുന്നു നീ കൃത്യമായ ലക്ഷ്യത്തോടെ തന്നെയാണ്‌ ഇതൊക്കെ സൃഷ്ടിച്ച്‌ വിദാനിച്ചിരിക്കുന്നത്‌..നീയെത്ര പരിശുദ്ധൻ..ഇതിലേറെ ചിന്തകൾ കൊണ്ട്‌ കൈപ്പിടിയിലൊതുക്കാൻ കഴിയാത്ത ലോകങ്ങളേറെ ഇനിയും വരാനുള്ളതിൽ നിന്റെ ശിക്ഷയുടെ കേന്ദ്രമായ നരകത്തെ തൊട്ട്‌ നീ കാക്കണേ അല്ലാഹ്‌..'




അതിനെയാകെ സൃഷ്ടിച്ചു വെച്ച്‌ അതിനൊക്കെ കൃത്യമായ നിയന്ത്രണങ്ങൾ നൽകി പരിപാലിക്കുന്ന ഒരേ ഒരു രക്ഷിതാവിന്‌ അവനു മാത്രം അർഹമായ സ്തുതികൾ ആസകലം അർപ്പിച്ചു കൊണ്ടാണ്‌ സ്വന്തം കഴിവുകേടിന്റെ പരിധിയറിയാകുന്ന കേവലം സൃഷ്ടിയായ മനുഷ്യൻ എന്ത്‌ സൽക്കർമ്മങ്ങളും ചെയ്യേണ്ടത്‌ എന്ന് രക്ഷിതാവിങ്കൽ നിന്നുള്ള നിബന്ധന പാലിക്കുന്നു ഓരോ മുസ്ലിമും..

ആ സ്തുതികളാകമാനം ഉടമയാക്കുന്ന ഒരുവനെ അവൻ തന്നെ പരിചയപ്പെടുത്തുന്നത്‌

رب العالمين
എന്ന് പറഞ്ഞു കൊണ്ടാണ്‌. അഥവാ ദ്രിഷ്ടിഗോചരവും ഇന്ദ്രിയാതീതവുമെന്ന  വ്യത്യാസമില്ലാതെ, നമ്മുടെ പരിധികൾക്കുള്ളിൽ മനസ്സിലാക്കാനും എത്തിപ്പിടിക്കാനും കഴിയുന്നതെന്നും കഴിയാത്തതെന്നുമില്ലാതെ സകല ലോകങ്ങളേയും സൃഷ്ടികളേയും എന്ന് വേണ്ട സകലത്തിൽ സകലതിനേയും സൂചിപ്പിക്കുന്ന ആലമീനിന്റെ റബ്ബ്‌ എന്ന സ്രഷ്ടാവായ താനല്ലത്ത സർവ്വവും ഉൾക്കൊള്ളുന്ന പ്രയോഗം കൊണ്ടാണ്‌.



തന്റെ രാജാധികാരത്തിന്റെ വിശാലത സൂചിപ്പിക്കാൻ അവൻ ഉപയോഗിച്ച "ആലമീൻ" എന്ന പദത്തിൽ തീർച്ചയായും സൃഷ്ടിച്ചു വെച്ചതും വെക്കാനിരിക്കുന്നതുമായ സകലതുംവുൾക്കൊള്ളേണ്ടതുണ്ട്‌ എന്നത്‌ ബുദ്ധിക്ക്‌ വകതിരിവുള്ള ആർക്കും വ്യക്തമാകുന്ന പരമാർത്ഥമാണ്‌. കാരണം അവൻ റബ്ബ്‌ അല്ലാത്ത ഒന്നും തന്നെ അവനല്ലാത്തത്‌ ഇല്ല എന്നത്‌ ഏതൊരു വിശ്വാസിയും നിസ്സംശയം സമ്മതിക്കുന്നതാണ്‌.

ഇത്‌ സമ്മതിക്കാത്തവൻ ഒരിക്കലും ഈമാനിന്റെ സഹയാത്രികനാകുന്നില്ല. അവിടെ യുക്തിക്കോ ചിന്തക്കോ സാധ്യതയോ അനുവദനീയതയോ ഇല്ല എന്നിരിക്കിൽ,

وما أرسلناك إلا رحمة للعالمين

നേർച്ചിന്തയുടെ താഴ്മയും വിനയവും ഇതേ "ആലമീൻ" എന്നതിനെ വെച്ച്‌ ഹബീബായ നബി തങ്ങൾ (സ്വ) തങ്ങളെ വാഴ്ത്തിയ ആലമീന്റെ റബ്ബിന്റെ പദപ്രയോഗം കാണുംബോ മനസ്സിൽ വരാതെ പോകുന്നതിന്റെ അർത്ഥമെന്താണ്‌?.




"റബ്ബുൽ ആലമീൻ" എന്നതിൽ ഉൾക്കൊള്ളുന്ന ലോകം പരിധികൾക്കപ്പുറത്തെ സ്രഷ്ടാവല്ലാത്ത സകലതും ഉൾക്കൊള്ളുന്നതാണെന്ന് മനസ്സറിഞ്ഞു സമ്മതിക്കുന്നവർക്ക്‌ എന്തേ "റഹമത്തുൻ ലിൽ ആലമീൻ" എന്നതിലെ ലോകവും തുല്യമാണെന്ന് സമ്മതിക്കാൻ മനസ്സ്‌ വിസമ്മതിക്കുന്നത്‌..? നിഷേധ ചിന്തയുടെ എന്തോ ഒരു പരമാണു, അല്ലെങ്കിൽ അവിടുന്ന് ആലമീനാകെ റഹ്മത്താണ്‌ എന്നതിൽ അവിടുത്തോട്‌ ഒരസൂയ..ഇവയിലെന്തെങ്കിലും മനസ്സിലില്ലെങ്കിൽ പിന്നെന്തിന്‌ സംശയം??

അവിടുന്ന് ആലമീന്‌ ആകമാനം 'റഹ്മത്ത്‌' ആകണമെങ്കിൽ തീർച്ചയായും അവിടുന്ന് അല്ലാഹുവല്ലാത്ത സകലതും ഉൾക്കൊള്ളുന്ന സൃഷ്ടിലോകത്തിനാകമാനം റഹമത്തായി ഭവിക്കണം. അവിടുത്തെ തിരുജന്മത്തോടെയല്ല ആലമീന്റെ ഉണ്മ വരുന്നതെന്നത്‌ സത്യമാണെന്നിരിക്കിൽ അവിടുത്തെ ജനനത്തിന്‌ മുമ്പുമുള്ള ആലമീനിന്‌ അവിടുന്നെങ്ങനെ റഹ്മത്താകും?

ارسلت الى الخلق كافة

"സൃഷ്ടികൾ ആസകലത്തിലേക്കും ഞാനയക്കപ്പെട്ടു" എന്ന തിരുമൊഴി കൂടെ ചേർത്തു വായിക്കുംബോ യുക്തിചിന്ത കൊണ്ട്‌ പോലും നിരാകരിക്കാൻ സാധ്യമല്ലാത്ത പരമാർത്ഥം സമ്മതിച്ചു കോടുത്തേ മതിയാകൂ.. കാരണം അവിടുത്തെ തിരുശരീരത്തിന്റെ സൃഷ്ടിപ്പിന്‌ മുമ്പും സൃഷ്ടികൾ ഉണ്ട്‌ തന്നെ..



ഒടുക്കം ഈമാനിലുറച്ച മനസ്സ്‌ കൊണ്ട്‌ നാവിലൂടെ വരുന്ന സ്ഫുടശബ്ദമായി ആദരവായ നബി തങ്ങൾ തിരുസ്വഹാബി ജാബിർ (റ) വിനോട്‌ വ്യക്തമാക്കിയ, സകല സൃഷ്ടിയുടെയും അടിസ്ഥാന കണത്തിന്റെ രഹസ്യം വിളിച്ചു പറയണം..

أول ما خلق الله نوري

അതെ, "ആദ്യത്തിലാദ്യം ഉടമയായ റബ്ബ്‌ സൃഷ്ടിച്ചത്‌ മുത്തിന്റെ തിരു വെളിച്ചമാണ്‌, ആ ദിവ്യ തേജസ്സാണ്‌.."

فإن فضل رسول الله ليس له

حد فيعرب عنه ناطق بفم

അവിടുത്തെ ശ്രേഷ്ടതകൾക്ക്‌ പരിധിയിയോ പരിമിതിയോ നിർണ്ണയിച്ച്‌ പറഞ്ഞു തീർക്കുക സാദ്ധ്യമാകുമായിരുന്നെങ്കിൽ സംസാര ശേഷി നൽകപ്പെട്ട ഒരു സൃഷ്ടിയെങ്കിലും വിവരിച്ചു കാണുമായിരുന്നു.."

Thursday, August 28, 2014

പ്രതീക്ഷയുടെയും ഭയത്തിന്റെയും നൂൽപ്പാലത്തിലൂടെ..

സത്യവിശ്വാസിയുടെ ജീവിതം പ്രതീക്ഷയുടെയും ഖൗഫിന്റെയും ഒത്ത നടുവിലായിരിക്കണം.റബ്ബിന്റെ അനുഗ്രഹങ്ങളിൽ അമിതപ്രതീക്ഷയോ മുഴുസമയവും റബ്ബിൽ നിന്നുള്ള ശിക്ഷയെ ചൊല്ലിയുള്ള അമിതഭയമോ വിശ്വാസിക്ക് കരണീയമല്ല. അഥവാ അവൻ ഏറെ പൊറുക്കുന്നവനാണ് എന്ന പ്രതീക്ഷ വെച്ച് തിന്മകളിൽ മുഴുകി ജീവിക്കാനോ ചെയ്ത് പോയ തെറ്റുകളിൽ അവനിൽ നിന്നുള്ള ശിക്ഷ സുനിശ്ചിതമാണ് എന്നതിന്റെ പേരിൽ പ്രതീക്ഷ നഷ്ടപ്പെട്ട് ഭയചകിതനായി ജീവിക്കാനോ പാടില്ല തന്നെ. കർമ്മങ്ങളിലും ചിന്തകളിലും മുഴുക്കെ സന്തുലിതമായ ഈ ചിന്ത തുടർത്തി ജീവിക്കെണ്ടിയിരിക്കുന്നു. താൻ ചെയ്യുന്ന കർമ്മങ്ങളുടെ പൂർണ്ണതയിൽ വേവലാതിയും റബ്ബിന്റെ ഔദാര്യത്തിൽ പ്രതീക്ഷയും വേണം.






ഹസ്രത്ത് ഉമർ (റ) തങ്ങൾ രോഗിയായപ്പോൾ ആദരവായ നബി തങ്ങൾ അവിടുത്തെ സന്ദർശിക്കാൻ ചെന്നു. സുഖവിവരം അന്വേഷിച്ച നബി തങ്ങളോട് ഉമർ (റ) പറഞ്ഞു: എനിക്ക് പ്രതീക്ഷയും ഭയവും ഉണ്ട് നബിയേ" (അല്ലാഹുവിന്റെ കാരുണ്യത്തിലുള്ള പ്രതീക്ഷയും അവന്റെ ശിക്ഷയിൽ ഉള്ള പേടിയും). അപ്പോൾ നബി തങ്ങൾ (സ്വ) പറഞ്ഞു: ഒരു സത്യവിശ്വാസിയുടെ ഹൃദയത്തിൽ പ്രതീക്ഷയും ഭയവും (റബ്ബിനോടുള്ള)  ഒരുമിച്ച് ചേർന്നാൽ അല്ലാഹു അവന് അവന്റെ പ്രതീക്ഷയെ സഫലമാക്കി കൊടുക്കുകയും അവന്റെ ഭയത്തെ തൊട്ട് സംരക്ഷിക്കുകയും ചെയ്യും". (ബൈഹഖി)



മനുഷ്യ സഹജമായ വികാരങ്ങളാണ് പ്രതീക്ഷയും ഭയവും. രണ്ടും അമിതമാകുമ്പോ അത് ജീവിതത്തിന്റെ സ്വാഭാവികതയെ തന്നെ ബാധിക്കുമെന്നത് അനുഭവം ബോധ്യപ്പെടുത്തുന്ന പരമാർത്ഥമാണ്. കാലിടർച്ചകൾ സംഭവിക്കാത്തവർ അല്ലാഹുവിന്റെ സംരക്ഷണത്തിന്റെ വലയത്തിനുള്ളിൽ അവന്റെ ഔദാര്യം കൊണ്ട് പെടുത്തിയ സദ്‌വൃത്തർമാത്രമാണ്. മനുഷ്യനെ സൃഷ്ടിച്ചത് തന്നെ ദുർബലമായ പ്രകൃതത്തിലാണ് എന്ന് മാത്രമല്ല മാനുഷിക ദൗർബല്യങ്ങളെ കൂടുതൽ വഷളാക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ ഒരു ശക്തിക്ക് നാഥൻ അനുവാദവും നൽകി. തെറ്റുകളൊന്നും സംഭവിക്കാത്ത പ്രകൃതത്തിൽ സൃഷ്ടിക്കപ്പെട്ട മാലാഖമാർ മനുഷ്യരേക്കാൾ എല്ലാത്തിലും ഉത്തമന്മാർ ആണെന്ന് വരില്ല.




തെറ്റുകൾ വന്നു പോകുകയും എന്നാൽ തെറ്റിലേക്കുള്ള ചോദനകൾ ബാക്കിയിരിക്കെ തന്നെ സ്വശരീരത്തെയും മനസ്സിനെയും റബ്ബിന്റെ വഴിയിലാക്കി തിരിക്കുകയും ചെയ്ത മുത്തഖികളായ മനുഷ്യർ മലക്കുകളേക്കാൾ ഒരുവേള ഉത്തമരായിത്തീരും. ഇന്നലെകളിലെ ഇസ്ലാമിക ലോകത്ത് പ്രകാശം പരത്തിയ താരകങ്ങൾ പലരും അവരുടെ യുവത്വത്തിന്റെ തിളപ്പുള്ള കാലത്ത് തെറ്റുകളുടെ ലോകത്ത് വിരാജിച്ചവരായിരുന്നു എന്ന് മനസ്സിലാക്കുമ്പോഴാണ് തൗബയുടെ പ്രാധാന്യവും സ്രഷ്ടാവിന്റെ മഗ്ഫിറതാകുന്ന അനുഗ്രഹത്തിന്റെ വിശാലതയും നമുക്ക് മനസ്സിലാകുന്നത്. നമ്മുടെ തെറ്റുകൾ മലയോളം വലുതായാലും അല്ലാഹുവിന്റെ മഗ്ഫിറത്തിന്റെ വാതിൽ തുറന്നു തന്നെ കിടക്കുന്നു എന്നതിൽ പ്രതീക്ഷ കൈവിടാൻ നമുക്ക് വകയില്ല.


എന്ത് തന്നെ തെറ്റായി പ്രവർത്തിച്ചാലും ദുനിയാവിൽ നമുക്ക് ചെന്ന് അഭയം പ്രാപിക്കാനുള്ള സങ്കേതമാണല്ലോ നമ്മുടെ മാതാവിന്റെ മടിത്തട്ട്. അവിടെ പൊറുക്കപ്പെടാത്ത പാതകങ്ങളില്ല. സമൂഹം മുഴുക്കെ എതിർക്കുന്ന മനുഷ്യനും തന്റെ മാതാവിൽ തീർച്ചയായും കാരുണ്യം കണ്ടെത്താൻ കഴിയുമെന്നത് വിശ്വാസി അവിശ്വാസി ഭേദമന്യേ ഏവരും സമ്മതിക്കും. മാതാവിന്റെ മനസ്സിൽ അവരുടെ കുട്ടിയോടുള്ള കാരുണ്യം അല്ലാഹു നിക്ഷേപിച്ചത്ര മറ്റൊരിടത്തും കണ്ടെത്താൻ കഴിയില്ല. എന്നാൽ ആദരവായ നബി തങ്ങൾ (സ്വ)  ഈയൊരു കാര്യം ഉദാഹരിച്ച ശേഷം പറയുന്നത് ഇങ്ങനെ: "ഒരു മാതാവിന് തന്റെ കുട്ടിയോടുള്ള കാരുണ്യത്തെക്കാൾ എത്രയോ മടങ്ങ്‌ കാരുണ്യവാനാണ് അല്ലാഹു സത്യവിശ്വാസികളുടെ മേൽ".




നിരാശരാകരുത് എന്നും ഞാൻ പൊറുക്കും എന്നതും നാഥന്റെ വാഗ്ദാനമാണ്. വാഗ്ദത്ത ലംഘനം റബ്ബിൽ നിന്നും ,അസംഭവ്യമാണ് താനും. ആളുകളുടെ വാഗ്ദാനങ്ങളിൽ അവസാനം വരെ ആശ വെക്കുന്ന നമുക്ക് നാഥനിൽ ആശ മുറിയാൻ ന്യായമെന്തുണ്ട്..?

لا تقنطوا من رحمة الله

(ആശയം): 'അല്ലാഹുവിന്റെ അനുഗ്രഹത്തെ തൊട്ട് നിങ്ങൾ ആശ മുറിയരുത്' (സൂറത്ത് സുമർ)

പ്രതീക്ഷകൾ ആണ് നമ്മുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. ഏതൊരു വികാരവും പോലെ അമിതമാകുമ്പോൾ അതും ജീവിതത്തെ നേരായ വഴിയിൽ നിന്നും വഴിതിരിച്ചു വിടുന്നു. തെറ്റുകൾ ചെയ്യുന്ന സത്യവിശ്വാസിയായ മനുഷ്യനെ പിശാച് പ്രലോഭിപ്പിക്കുന്നതും രക്ഷിതാവിന്റെ പാപമോചന പ്രതീക്ഷ ഉയർത്തിയാണ്. അതിൽ വശംവദനായി കൂടുതൽ കൂടുതൽ ആഴത്തിൽ തെറ്റുകളിലേക്ക് നാം ഇറങ്ങിച്ചെല്ലുകയും ചെയ്യുന്നു. തെട്ടുകളിലായി ജീവിക്കുന്ന മനുഷ്യന് പാപമോചനം തേടാനുള്ള മനസ്സ് തന്നെ നഷ്ടപ്പെടുകയാണ് ഒടുക്കം സംഭവിക്കുന്നത്. അത് വഴി ഈമാൻ പോലും നഷ്ടപ്പെടുകയും ചെയ്യുന്നു.  പ്രതീക്ഷ ഭയത്തെ മറികടന്ന് അതിന്റെ നിശ്ചയിക്കപ്പെട്ട സന്തുലനാവസ്ഥ ഇല്ലാതെയാക്കുമ്പോ പരാജയത്തിന്റെ പടുകുഴിയിലേക്ക് നാം ആപതിക്കുന്നു. എന്തൊരു കർമ്മം ചെയുംബോഴും ഇത് നാഥൻ വീക്ഷിക്കുന്നുണ്ട് എന്നും ഒടുക്കം അവന്റെ മുമ്പിൽ ഇതിന്റെ കണക്ക് പറയേണ്ടി വരും എന്ന ഭയവും നമ്മിൽ നിലനിൽക്കേണ്ടതുണ്ട്.




റബ്ബിനെ ഓർത്ത്, അവന്റെ മുമ്പിൽ നിൽക്കുന്ന ദിവസത്തെ ആലോചിച്ച് ഭയം ഗ്രസിച്ച്‌ മരണം പുൽകിയവർ പോലും സ്വഹാബതിന്റെ കൂട്ടത്തിൽ ഉണ്ടായിരുന്നു. ജീവിതം മുഴുക്കെ അവന്റെ ത്വാഅതിലായി ജീവിച്ചിട്ടും ഒടുക്കം അവന്റെ കാരുണ്യതാൽ പൊതിയപ്പെട്ടില്ലെങ്കിൽ വരാനിരിക്കുന്ന നാശത്തെ ചൊല്ലിയുള്ള വേവലാതിയായിരുന്നു അവർക്കെല്ലാം. വെള്ളിയാഴ്ച ദിവസം ഖുതുബ നിർവ്വഹിച്ച് കൊണ്ടിരിക്കെ ഹസ്രത്ത് ഉമർ (റ) പലപ്പോഴും  ഓതി തുടങ്ങിയ സൂറത്ത്

علمت نفس ما أحضرت

(ആശയം): (അന്നത്തെ ദിവസം ഓരോ ശരീരവും അതിന്റെ പ്രവർത്തനങ്ങളെ പറ്റി അറിയുക തന്നെ ചെയ്യും) എന്ന ആയത്ത് എത്തുമ്പോ അവിടുത്തെ ശംബ്ദം തന്നെ പൊട്ടിക്കരച്ചിൽ കാരണം നിലച്ചു പോകുമായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നത് ഹസ്രത്ത് അലി (റ) തങ്ങളാണ്.

സുഹ്ദിന്റെ പാരമ്യത്തിൽ ജീവിതം നീക്കിയ, ആദരവായ നബി തങ്ങളിൽ നിന്നും സ്വർഗ്ഗം കൊണ്ട് ഉറപ്പ് ലഭിച്ച  മഹാനായിരുന്നു ഉമർ തങ്ങൾ. എന്നിട്ട് പോലും ഭയത്തിന്റെ പിടിയിൽ നിന്നും അവർ വിട്ടുമാറിയിരുന്നില്ല എന്നോർക്കുമ്പോ നാമെങ്ങനെ ചിരിച്ചു കളിച്ചു മദിച്ചു നടക്കും..?




മരണക്കിടക്കയിൽ കണ്ണീരിലായി വിതുമ്പിയ അബൂ ഹുറൈറ (റ) തങ്ങളോട് കരച്ചിലിന്റെ കാര്യമന്വേഷിച്ചപ്പോൾ അവിടുന്ന് പറഞ്ഞത് "ദീർഘമായ യാത്രയാണ് വരാനിരിക്കുന്നത്. കയ്യിലാകട്ടെ ആവശ്യത്തിനുള്ള വിഭവമില്ല താനും"..! ഹബീബിന്റെ തിരുവാക്യങ്ങൾ അബൂ ഹുറൈറ തങ്ങളോളം ലോകത്തിന് എത്തിച്ചു കൊടുത്ത സ്വഹാബി മറ്റൊരാളില്ല..! ദിവസങ്ങളോളം പട്ടിണി കിടന്നും ഹബീബിൽ നിന്നും വിദ്യ നുകർന്ന മഹാന് ഭയം തീർന്നില്ല എങ്കിൽ നാം..?

ഭയവും പ്രതീക്ഷയും നിലനിൽക്കണം. പ്രതീക്ഷ നമ്മെ ചെയ്തു പോയ തെറ്റുകളിൽ നിന്നും പശ്ചാത്തപിച്ച്‌ ശുദ്ധമാകുവാനും ഭയം തെറ്റുകളെ തൊട്ട് വിദൂരത്താകാനും നമുക്ക് സഹായകമാകണം. അനുവദനീയമായ സുഖാസ്വാദനത്തിനിടയിലും റബ്ബിലേക്ക് മടങ്ങേണ്ട ദിവസത്തെ ഓർമ്മ വേണം. ഇത്ര കാലം ജീവിക്കുമെന്നതിൽ യാതൊരു ഉറപ്പും ലഭിച്ചവരല്ല നാമാരും. സൽക്കർമ്മങ്ങളിൽ ഉളരിക്കുകയും ശേഷം വരുന്ന വീഴ്ചകളിൽ അല്ലാഹുവിലേക്ക് പാപമോചന പ്രതീക്ഷ പുലർത്തി പശ്ചാത്തപിക്കുകയും വേണം. കുറഞ്ഞ രീതിയിലുള്ള കളിചിരികൾ അനുവദനീയമാണ് എന്ന് പറഞ്ഞ പണ്ഡിതർ പോലും രാത്രികാലങ്ങളിൽ പൊട്ടിക്കരഞ്ഞു കൊണ്ട് നിസ്ക്കാരത്തിൽ മുഴുകിയിരുന്നു എന്ന് ചരിത്രം പറയുന്നു.





അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് (റ) വിന്റെ മുമ്പിൽ വെച്ച് 'എനിക്ക് അസ്ഹാബുൽ യമീനിൽ പെടാനല്ല മറിച്ച് മുഖറബീനിൽ പെടാനാണ് ഇഷ്ടം' എന്നൊരാൾ പറഞ്ഞപ്പോ മഹാൻ അവിടുത്തെ തന്നെ ഉദ്ദേശിച്ച്പ റഞ്ഞുവത്രേ. " മരണശേഷം പുനരുദ്ധരിക്കപ്പെട്ടില്ലായിരുന്നു എങ്കിൽ എത്ര നന്നായിരുന്നു എന്ന് ആഗ്രഹിക്കുന്ന ഒരു മനുഷ്യൻ ഇവിടെ ഉണ്ട്"..! തനിച്ച് കോടാനുകോടി ജനങ്ങൾക്കിടയിൽ തനിച്ച് നിന്ന് വിചാരണക്ക് വിധേയനാകുന്ന നാൾ എത്ര ഭീദിതം ആയിരിക്കും എന്ന് ഉൾക്കൊണ്ടവരുടെ മനസ്സായിരുന്നു അത്.

ആദരവായ നബി തങ്ങളെ തൊട്ട് ഉദ്ധരിക്കപ്പെടുന്ന ഒരു ഹദീസിൽ ഇങ്ങനെ കാണാം; അല്ലാഹു പറയുന്നു: "രണ്ട് ഭയം എന്റെ അടിമകളുടെ മേൽ ചുമത്തുകയില്ല, ഈ ലോകത്ത് വെച്ച് എന്നെ ഭയപ്പെടാതെ ജീവിച്ചവന് വരാനിരിക്കുന്ന ലോകത്ത് ഞാൻ ഭയം നൽകുകയും ഇവിടെ എന്നെ ഭയപ്പെട്ട് ജീവിച്ചവന് വരാനിരിക്കുന്ന ലോകത്ത് എല്ലാ തരം ഭയത്തെ തൊട്ടും ഞാൻ സംരക്ഷിക്കുകയും ചെയ്യും."


എല്ലാ രസച്ചരടുകളും പൊട്ടിക്കുന്ന മരണവും മണ്ണിനടിയിലെ ദീർഘകാല ജീവിതവും അതിവേഗം നമ്മിലേക്ക് എത്തുക തന്നെ ചെയ്യും. ബാക്കിയാകുന്നത് കർമ്മങ്ങൾ മാത്രമാണ്. അന്ന് മറ്റൊരാളെ പഴിച്ച് രക്ഷപ്പെടാൻ സാധ്യമല്ല തന്നെ. നഷ്ടമായ നിമിഷങ്ങളുടെ വേദന എത്ര കഠിനമായതായിരിക്കും എന്ന് ഊഹിക്കാൻ പോലും വഴിയില്ല...

Wednesday, August 27, 2014

നമുക്ക് പിൻവാങ്ങാൻ സമയമായിട്ടില്ല..!!

ഫലസ്തീന് മേലുള്ള അക്രമങ്ങൾ ഇത് കൊണ്ട് തീരുമെന്ന് പ്രതീക്ഷിക്കാൻ വകയില്ല. പുതിയ പുതിയ കാരണങ്ങൾ ഉണ്ടാക്കി എടുത്ത് കൃത്യമായ ഇടവേളകളിൽ ഒരു സമൂഹത്തെ മുഴുവൻ ഇല്ലായ്മ ചെയ്യാനുള്ള പതിയെ ഉള്ള ആസൂത്രണങ്ങൾ അവർ തുടരുക തന്നെ ചെയ്യും. വെടിനിർത്തലും സമാധാന ചർച്ചകളും വെറും പ്രഹസനം മാത്രമാണ് എന്ന് അനുഭവങ്ങളുടെ ഇന്നലേകൾ സാക്ഷ്യപ്പെടുത്തുന്നു. പിറന്നു വീഴുന്ന ഓരോ കുഞ്ഞും തങ്ങളുടെ ഉന്മൂലന സിദ്ധാന്തത്തിന് പരുക്കേൽപ്പിക്കും എന്ന് സയണിസം ഭയക്കുന്നു എന്നത് സത്യമാണ്.


ഇത്രയും കാലം നടന്ന അധിനിവേശങ്ങളിൽ ഒക്കെ സയണിസത്തിന്റെ സഹകാരിയായി നാമും നാമറിയാതെ മാറിയിട്ടുണ്ടാകാം. സാമ്പത്തിക മേഖലയിലെ വരുമാനം തീർച്ചയായും ഒരു നാടിന്റെ നട്ടെല്ലാണ്. എവിടെ നിന്ന് വരുന്നു എന്ന് നോക്കിയോ ഇത് കൊണ്ടുള്ള ലാഭം വിൽക്കുന്നവർ എന്തിൽ ഉപയോഗിക്കുന്നു എന്ന് നോക്കിയോ അല്ല നമ്മൾ അവശ്യസാധനങ്ങൾ വാങ്ങിക്കൂട്ടുന്നത്. പക്ഷെ ഒന്നുണ്ട് തന്റെ കുഞ്ഞിനു വേണ്ടി നാം വാങ്ങുന്ന ഒരു വസ്തു കുട്ടിക്ക് പ്രയാസം വരുത്തും എങ്കിൽ നിശ്ചയമായും അത് വാങ്ങുന്നത് നമ്മൾ നിർത്തും.


 





നമ്മുടെത് അല്ലെങ്കിലും ഫലസ്തീനിന്റെ തെരുവുകളിൽ മരിച്ചു വീഴുന്ന കുഞ്ഞുമക്കളും ഒരു മാതാവിൽ നിന്നും പിതാവിൽ നിന്നുമാണ്. ജീവിക്കാനുള്ള മനുഷ്യന്റെ അവകാശം പോലും പറക്കമുറ്റും മുമ്പേ പറിച്ച് മാറ്റപ്പെടുന്ന ഇളം മേനികൾ..! നാം വാങ്ങിക്കൂട്ടുന്ന ഓരോ വസ്തുവിന്റെയും പ്രതിഫലം ആ കുരുന്നുകളുടെ തലയിൽ വന്നു വീഴുന്ന മിസ്സൈലുകൾ ആയി മാറുന്നു എന്നറിയുമ്പോൾ എങ്ങനെ അവരുടെ സാമ്പത്തിക അടിത്തറയെ സഹായിക്കാൻ നമുക്ക് കഴിയും..?


ആദരവായ നബി ;തങ്ങൾ (സ്വ) പറയുന്നത് നോക്കൂ:

مَثَلُ المؤمنين في تَوَادِّهم وتراحُمهم وتعاطُفهم: مثلُ الجسد، إِذا اشتكى منه عضو: تَدَاعَى له سائرُ الجسد بالسَّهَرِ والحُمِّى

സത്യവിശ്വാസികള്‍ തമ്മിലുള്ള പരസ്പരസ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും അനുകമ്പയുടെയും ഉദാഹരണം ഒരൊറ്റ ശരീരമെന്ന പോലെയാണ്. അതിലെ ഒരു അവയവത്തിന് രോഗം ബാധിച്ചാല്‍ ബാക്കി ശരീരവും ഉറക്കമൊഴിച്ചും പനിച്ചും ദുഃഖത്തില്‍ പങ്കുകൊള്ളും. (ബുഖാരി)








മർദ്ദിതനെയും അക്രമിയെയും സഹായിക്കണം എന്നതാണ് പ്രവാചകർ നമ്മെ പഠിപ്പിച്ചത്. സഹായം എന്നത് എല്ലായ്പ്പോഴും ഒരേ രൂപത്തിൽ ആയിരിക്കണം എന്നില്ല. ലഭിക്കുന്ന ആൾക്ക് തദവസരം തന്നെ ഉപകരിക്കപ്പെടുന്നത് സഹായത്തിന്റെ ഒരു രൂപം മാത്രമാണ്. ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ചെയ്യാൻ കഴിയുന്നതിൽ വെച്ച് ഏറ്റവും നല്ല സഹായം എന്നെന്നും നിലനിൽക്കുന്ന ലോകത്തേക്ക് ഉപകരിക്കുന്ന സഹായങ്ങൾ ചെയ്യുന്നതാണ്.


സ്വഹാബിയായ ജരീർ ഇബ്നു അബ്ദുള്ള (റ) തങ്ങൾ അവിടുത്തെ വേലക്കാരനെ അയച്ച് ഒരു കുതിരയെ 300 ദിർഹമിന് കച്ചവടം ഉറപ്പിച്ചു. പണം വാങ്ങാൻ കുതിരയേയും കൊണ്ട് വന്ന മനുഷ്യനെയും കുതിരയേയും കണ്ടപ്പോ മഹാനർക്ക് കുതിരയെ വളരെ വില കുറച്ചാണ് വിൽക്കുന്നത് എന്ന് മനസ്സിലായി. "നിങ്ങളുടെ കുതിര 300 നേക്കാൾ വിലമതിക്കുന്നു" എന്ന് പറഞ്ഞു ഉടമയോട് കൂടുതൽ വില അങ്ങോട്ട് ചോദിച്ച്, 400 ഉം 500 ഉം പറഞ്ഞ് ഒടുക്കം 800 ദിർഹം കൊടുത്ത് കുതിരയെ വാങ്ങി. പിന്നീട് ഈ അസാധാരണ പ്രവർത്തിയുടെ കാരണം അന്വേഷിച്ച വേലക്കാരനോട് അവിടുന്ന് പറഞ്ഞത് ആദരവായ നബി തങ്ങൾ (സ്വ) ക്ക് എല്ലാ സത്യവിശ്വാസികളോടും ആത്മാർഥതയും ഗുണകാംക്ഷയും ഉള്ളവനായിരിക്കും എന്ന് വാക്ക് നൽകിയിട്ടുണ്ട് എന്നാണ്..!





ഒരർത്ഥത്തിൽ ഇവിടെ വിൽപ്പനക്കാരൻ മർദ്ദിതന്റെ നിലയിൽ തന്നെയാണ് കാരണം തന്റെ നിർബന്ധമായ ആവശ്യം നിറവേറ്റാൻ പെട്ടെന്ന് പണം ലഭിക്കേണ്ട ആവശ്യത്തിലേക്ക് ലഭിക്കേണ്ട വിലയിലും കുറച്ച് വിൽക്കേണ്ടി വരുന്ന ദുരവസ്ഥയിലായിരുന്നു അദ്ദേഹം. അവിടെ സഹായം വ്യത്യസ്ഥമായ രീതിയിലായിരുന്നു ലഭിക്കേണ്ടത്. തനിക്ക് ലഭിക്കുന്ന ലാഭത്തെക്കാൾ തന്റെ സഹോദരന് ലഭിക്കുന്ന സഹായത്തെ ഇഷ്ടം വെച്ചവർ ലക്ഷ്യമാക്കിയത് സമ്പത്തിന്റെ വർദ്ധനവല്ല മറിച്ച് ഉള്ളത് തന്റെ സഹജീവിക്ക് ഉപകരിക്കപ്പെടാൻ ഉള്ളതാക്കി മാറ്റി തന്റെ ആഖിറത്തിലെ സമ്പാദ്യം വർദ്ധിപ്പിക്കുകയാണ് ഇവരൊക്കെ ചെയ്തത്. അഥവാ ചിലവഴിക്കപ്പെടുന്നതിലും അത് കൊണ്ട് മറ്റു സഹോദരർക്ക് സഹായം എത്തിക്കാൻ കഴിയുന്നതിലുമാണ് നേട്ടമുള്ളത്.




അക്രമിയെ സഹായിക്കുക എന്നത് ഏതു വിധേന എങ്കിലും അവനെ അവന്റെ അക്രമത്തെ തൊട്ട് തടയുക എന്നതാണ്.

انصر أخاك ظالماً أو مظلوماً، فقال: رجل يا رسول الله صلى الله عليه وسلم أنصره إذ كان مظلوماً، أفرأيت إذا كان ظالماً كيف أنصره؟! قال: تحجزه أو تمنعه من الظلم، فإن ذلك نصره

അക്രമി ആയ സഹോദരനേയും സഹായിക്കാൻ നബി തങ്ങൾ (സ്വ) പറഞ്ഞു - പക്ഷെ ആ സഹായം എന്ത് എന്ന് ചോദിച്ച സ്വഹാബതിനോട് അവിടുന്ന് പറഞ്ഞത് അവനെ അക്രമത്തെ തൊട്ട് തടയലാണ് അവനെ സഹായിക്കൽ എന്നാണ്.



കാരണം അക്രമി ഒരിക്കലും അല്ലാഹുവിന്റെ കോടതിയിൽ വെറുതെ വിടപ്പെടുകയില്ല. അതിനാൽ ശാരീരികമായോ വാക്ക് കൊണ്ടോ സമ്പത്ത് കൊണ്ടോ ഏതെങ്കിലും രീതിയിൽ അക്രമിയെ പ്രതിരോധിക്കുമ്പോൾ രണ്ട് കൂട്ടർക്കും സഹായം എത്തുന്നു എന്നതാണ് ശരി. അക്രമിക്കപ്പെടുന്നവൻ അതിനെ തൊട്ട് രക്ഷ നേടുകയും അക്രമി അവന്റെ ദുഷ് പ്രവർത്തിയിൽ നിന്ന് മാറി നില്ക്കുകയും ചെയ്യുന്നതോടെ ഇരു വിഭാഗത്തിനും ഉപകരിക്കപ്പെടുന്ന ഒരു സഹായമായി അത് മാറുന്നു.



പ്രതിരോധിക്കപ്പെടാൻ സാധ്യമല്ലാത്ത അക്രമിയിൽ നിന്നും മാറി നിൽക്കുക എന്നതല്ല മുസ്ലിമിന്റെ ധർമ്മം. മറിച്ച് ഏതെങ്കിലും ഒരു വിധേന അതിനെതിരെ ശബ്ദിക്കുക എന്നതാണ്. ശരീരം കൊണ്ട് കഴിയാത്തത് സമ്പത്ത് കൊണ്ട് കഴിയുന്ന കാലമാണ് നമുക്ക് മുന്നിൽ. അണ്ണാൻ കുഞ്ഞിനും തന്നാൽ ആയത് എന്ന് പറഞ്ഞ പോലെ ഒരോരുത്തന്റെ ശേഷിക്ക് അനുസരിച്ച് പ്രതിഷേധ ശബ്ദം ഉയർത്താൻ കഴിയുന്നതാണ് നമ്മുടെ ലോകത്തെ സാമ്പത്തിക വ്യവഹാരക്രമങ്ങൾ. ഏറ്റവും ബലഹീനമായ സാമ്പത്തിക സ്ഥിതിയുള്ള നാടിനും നാട്ടുകാർക്കും ഒന്നിച്ചിരുന്നു സ്വന്തം വ്യാപാര വാണിജ്യ മേഖലയിൽ അക്രമികൾക്ക് സാമ്പത്തിക ഉപകാരം സാധ്യമാകുന്ന വിപണന വസ്തുക്കളെ ബഹിഷ്കരിക്കുന്നതിലൂടെ സമൂഹത്തിൽ സമ്പത്തിന്റെ ഹുങ്കിൽ എന്തും ചെയ്യാം എന്ന് വിചാരിച്ച് ജീവിക്കുന്ന കുത്തക രാഷ്ട്രങ്ങളെ ഒരു ചെറിയ ശതമാനം എങ്കിലും എതിർത്ത് തോൽപ്പിക്കാൻ കഴിയും എന്നതാണ് അനുഭവ സത്യം.









പറഞ്ഞു വരുന്നത് ഫലസ്തീൻ എന്നത് വെറുമൊരു രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നമായി മനസ്സിലാക്കുന്നത് പിഴവാണ്. പിറന്നു വീണ ഭൂമിയിൽ വളർന്നു സുഗന്ധം പരത്തുന്നതിനെ ഭയപ്പെട്ട് മൊട്ടിടുമ്പോ തന്നെ കരിച്ചു ചാമ്പലാക്കപ്പെടുന്ന ഇളം പൂന്തളിരുകളുടെ ചോരയിറ്റുന്ന ശരീരം നമ്മിൽ വേദന സൃഷ്ടിക്കുന്നു എന്നത് സത്യമാണ്. സ്വന്തം നാട്ടിൽ എന്നല്ല നാമേവരും കാലു വെച്ച് നടക്കുന്ന ഭൂമിക്ക് മുകളിൽ പോലും ജീവിക്കാൻ അവകാശം നിഷേധിക്കപ്പെടുന്ന ഒരു പറ്റം നിസ്സഹായരായ ജനങ്ങളുടെ രോദനം ചെവിയിൽ മുഴങ്ങുമ്പോഴും അക്രമിക്കെതിരെ പ്രതികരിക്കാനും മർദ്ദിതനെ സഹായിക്കാനും നമുക്ക് കഴിയുന്നില്ല എങ്കിൽ ഈമാനിന്റെ അളവുകോലിൽ താഴെ താഴെയാണ് നമ്മുടെ സ്ഥാനം എന്നതാണ് സത്യം. മനസ്സ് കൊണ്ട് വെറുക്കുക എന്ന ഏറ്റവും ബലഹീനമായ ഈമാനിന്റെ അവസ്ഥയിലേക്ക് നാം താഴേണ്ടതില്ല കാരണം അതിന്റെ മുകളിൽ നമുക്ക് അല്ലാഹു തന്ന സമ്പത്തിനാൽ തന്നെ പ്രതികരിക്കാൻ നമുക്ക് കഴിയും എന്നതിൽ സംശയമില്ല.


നമുക്കുമുണ്ട് മക്കൾ. അവരുടെ കുഞ്ഞിളം മേനിയിൽ ഈച്ച വേണാൽ വേദനിക്കുന്നത് നമ്മുടെ മനസ്സിനാണ്‌. പക്ഷെ ഈച്ചക്ക് പകരം ബോംബുകൾ വന്ന് വീണാലും വേദനിക്കാൻ ബാപ്പയില്ലാത്ത, ഉമ്മയില്ലാത്ത കുടുംബമില്ലാത്ത ഒരായിരം പിഞ്ചു മക്കൾക്ക് വേണ്ടി സ്ക്രീനിന് മുമ്പിലിരുന്ന് സങ്കടപ്പെടാൻ മാത്രമേ ആളുകളുള്ളൂ. നമുക്ക് പ്രതികരിച്ചേ മതിയാകൂ. കാരണം കയ്യിലുള്ളതൊക്കെ ബാക്കിയായവർക്ക് മാറ്റി വെച്ച് മൂന്നു കഷണം വെള്ളത്തുണി മാത്രമെടുത്ത് നാം യാത്ര പോയതിന് പുറമേ നമ്മിലേക്ക് അമാനത്തായി നൽകിയ സമ്പാദ്യം എങ്ങനെ എന്തിൽ ചിലവഴിച്ചു എന്ന് ചോദിക്കപ്പെടുന്ന ദിനവും അനദി വിദൂരമല്ലാതെ നമുക്ക് വരാനുണ്ട്. ഏകനായ അല്ലാഹുവിലും അവന്റെ അന്ത്യ പ്രവാചകരിലും വിശ്വസിച്ചതിന്റെ പേരിൽ വംശ ഹത്യക്ക് വിധേയരാകുന്ന മുസ്ലിമായ സഹോദരന് വേണ്ടി എന്ത് ചെയ്തു എന്ന ചോദ്യം വരാതിരിക്കില്ല തീർച്ച..



അവർ ഇപ്പോഴേ ആശങ്കയിലാണ്. ലോകം അവരവരുടെ രീതിയിൽ പ്രതികരിക്കാൻ തുടങ്ങിയപ്പോ ബാർകോഡ് മാറ്റിയത്രേ. അതേ സഹോദരാ നമുക്കും ചെയ്യാൻ കഴിയും പലതും. മാർക്കറ്റിൽ പോയി സാധനത്തിന്റെ വില നോക്കുന്ന കൂട്ടത്തിൽ ആ ബാർകോഡ് കൂടെ നോക്കണം. ഗാസയിലെ കരിഞ്ഞു വീഴുന്ന കുഞ്ഞുമക്കൾ ആകുന്ന വളം കൊണ്ട് തടിച്ച് കൊഴുക്കുന്ന സയണിസ്റ്റ് മരത്തിന്റെ വേരിൽ ഒരു കൊംബെങ്കിലും ഒടിക്കാൻ കഴിഞ്ഞാൽ അത് നാഥന്റെ അരികിൽ ഉപകരിക്കപ്പെടുന്ന സംബാദ്യമാകും എന്ന് പ്രതീക്ഷയോടെ നമുക്ക് മുന്നോട്ട് നീങ്ങാം.ബാർകോഡ് 729 ഇലും 871 ലും തുടങ്ങുന്ന എല്ലാ സാധനങ്ങളും വർജ്ജിക്കുക..







മിഠായിക്ക് പകരം ഷെല്ലുകലുടെ കഷണങ്ങൾ ലഭിക്കുന്ന കുഞ്ഞു പൈതങ്ങളുടെ നാട് നമ്മെ ഓരോരുത്തരെയും വേദനയോടെ നോക്കുന്നുണ്ട്. 'അരുത്' എന്ന് പറയാൻ നാവ് പൊങ്ങുന്നില്ല എങ്കിൽ ഈമാൻ ബലഹീനമാണ് എന്ന് അംഗീകരിച്ചേ മതിയാകൂ.. ഇസ്രായേലിന്റെ പ്രൊഡക്റ്റുകൾ ബഹിഷ്കരിക്കുക. ഓർക്കുക നമ്മുടെ കീശയിൽ നിന്ന് അവരിലേക്ക് പോകുന്ന ഓരോ നാണയതുട്ടുകളും ഗാസയിലെ പറക്കമുറ്റാത്ത കുഞ്ഞു മക്കളുടെ നെഞ്ചിലേക്ക് തുളച്ചു കയറുന്ന ബുള്ളറ്റുകളാണ്..



ആദരവായ നബി തങ്ങൾ (സ്വ) പറഞ്ഞു:

المؤمن للمؤمن كالبنيان يشد بعضه بعضا

"വിശ്വാസികള്‍ തമ്മിലുള്ള ബന്ധം പരസ്‌പരം ശക്തിപകരുന്ന ഒരു കെട്ടിടംപോലെയാണ്‌ (ബുഖാരി-മുസ്‌ലിം)