Saturday, February 14, 2015

പ്രണയത്തിന്റെ ദിനങ്ങൾ - വിജയത്തിന്റെയും..

ലൈലയിലും അവളോടുള്ള പ്രണയത്തിലും ലയിച്ച ഖൈസ് അലഞ്ഞു തിരിഞ്ഞു നടക്കുന്നതിനിടെ നിസ്ക്കരിക്കുകയായിരുന്ന മനുഷ്യന്റെ മുമ്പിലൂടെ നടന്നപ്പോൾ ആ മനുഷ്യൻ നിസ്ക്കാരത്തിൽ തന്നെ ഖൈസിനെ തടഞ്ഞു. അദ്ദേഹത്തിന്റെ നിസ്ക്കാരം തീരുന്നത് വരെ കാത്തു നിന്ന ഖൈസ് പറഞ്ഞുവത്രേ:

"സഹോദരാ, ലൈലയോടുള്ള അഗാധ പ്രേമത്തിൽ ലയിച്ച് എല്ലാം മറന്നു അലഞ്ഞു നടക്കുന്നത് കാരണം ഞാൻ നിങ്ങൾ നിസ്ക്കരിക്കുന്നത് കണ്ടില്ല - എന്നാൽ നിങ്ങളുടെ നിസ്ക്കാരത്തിന്റെ കാര്യമോ..? നിസ്ക്കാരത്തിൽ ആയിരിക്കുന്ന സമയത്തും നിന്റെ മുമ്പിലൂടെ ഞാൻ നടക്കുന്നത് നിനക്ക് കാണാൻ കഴിയുന്നുണ്ടല്ലോ".

സ്നേഹം അങ്ങനെയാണ് - മറ്റെന്തിനേക്കാളും സ്നേഹിക്കുന്നതിനെ പരിഗണിക്കുന്ന വികാരം. സ്നേഹിക്കുന്നതിൽ ലയിക്കുന്നതോടെ സർവ്വവും മറന്നു താനും തന്റെ പ്രണയവും മാത്രമാകുന്ന അവസ്ഥ. യാന്ത്രികമായി ചെയ്യുന്നു എന്നല്ലാതെ മറ്റൊന്നിലും ശ്രദ്ധയില്ലാതെയാകുന്ന മനസ്സിന്റെ വൈകാരികമായ അനുഭവമാണ് ഖൈസിന്റെ വാക്കുകളിൽ നിഴലിക്കുന്നത്.

 എന്നാൽ ഇലാഹായ, എല്ലാ സ്നേഹങ്ങളുടെയും അവകാശിയായ അല്ലാഹുവിന്റെ മുമ്പിൽ സംഭാഷണത്തിൽ ഏർപ്പെട്ട മനുഷ്യനാകട്ടെ അവന്റെ സ്നേഹത്തിൽ ലയിക്കുന്നില്ല - ചുറ്റുപാടുകൾ അവനിൽ നിറഞ്ഞു നിൽക്കുന്നു, അവിടെ പ്രണയവും പ്രണയിക്കുന്നവരും മാത്രമായി ചുരുങ്ങുന്ന പരമമായ അവസ്ഥ കൈവരുന്നില്ല. ആഴത്തിൽ തറച്ച അമ്പിനെ ഊരിയെടുക്കാൻ അലിയാർ(റ) തങ്ങൾക്ക് തന്റെ സ്നേഹഭാജനമായ ഇലാഹിലെക്കുള്ള മുനാജാത്തായ നിസ്ക്കാരത്തിലേക്ക് തിരിയാനാണ് തോന്നിയത്. താനും തന്റെ ഇലാഹും മാത്രമാകുന്നിടത്ത് വേദന അറിയുകയില്ലല്ലോ.  

സഹ്ൽ ഇബ്നു അബ്ദുല്ലാഹി തുസ്തുരി(റ) തങ്ങൾ വിവരിക്കുന്നത് നോക്കൂ:
"സ്നേഹം എന്നത് താൻ ചെയ്യുന്നതിനെയാകെ വിലയില്ലാത്തതായി കാണുകയും തന്റെ പ്രണയിനി ചെയ്യുന്നതിനെയാകെ, അതെത്ര ചെറുതായാലും വളരെ വലുതായി കാണുകയും ചെയ്യുന്ന അവസ്ഥയാണ്".

ഈമാനിന്റെ മധുരം നുകർന്ന മഹാപരിത്യാഗികൾ അവിടെയാണ് നിൽക്കുന്നത് - തന്റെ പ്രണയഭാജനമായ ഇലാഹിനോട് അടുക്കാൻ താൻ ചെയ്തതും ചെയ്യുന്നതുമൊന്നും ഒന്നുമല്ലെന്നും അവൻ തനിക്ക് നൽകുന്ന ഏതൊരു അനുഗ്രഹവും വളരെ വലുതാണെന്നും ഉള്ള കാഴ്ച്ച. എല്ലാത്തിലും അവന്റെ സ്നേഹം കണ്ടെത്തുന്ന മനസ്സ്. നാം സ്നേഹിക്കുന്നു എന്നതിലേറെ സ്നേഹിക്കപ്പെടുന്നു എന്നതിലാണ് മനസിന്റെ സന്തോഷം. സ്നേഹിക്കാൻ നമുക്ക് മടിയാണെങ്കിലും സ്നേഹിക്കപ്പെടാൻ നമുക്ക് ഇഷ്ടമാണ്. പിശുക്കില്ലാതെ നൽകുന്ന സ്നേഹം തിരിച്ചു ലഭിക്കണം എന്നാശിക്കാത്തവർ ആരുമുണ്ടാകില്ല. തിരിച്ചു ലഭിക്കാത്ത സ്നേഹം വല്ലാത്ത പ്രയാസമായി മനസ്സിനെ  നനക്കാത്തവരും ചുരുക്കമായിരിക്കും.




അതിരുകളില്ലാതെ വിശാലലോകത്തിൽ മുഴുക്കെ പരന്നു നിൽക്കുന്ന ഇഷ്ടമാണ് നമുക്കുമിഷ്ടം. ഞാനും ഞാൻ ഇഷ്ടപ്പെടുന്നവനും മാത്രമായി ചുരുങ്ങിച്ചുരുങ്ങി സ്വന്തത്തിൽ നിന്നും സ്വന്തത്തിലേക്ക് കുടുസ്സാകുന്ന സ്നേഹം അർത്ഥ ശൂന്യമാണ്. ഇലാഹിനോടുള്ള സ്നേഹമാണ് നമുക്ക് വഴിയാകേണ്ടത്. എന്തിനോടുള്ള സ്നേഹവും ഇലാഹിനോട് ബന്ധപ്പെടുന്നതോടെ അത് പടരുകയാണ് - അതിരുകളില്ലാതെ.

ഹാത്തം അൽ അസമ്മ്(റ) പറഞ്ഞു:

"സൃഷ്ടികളെ ആകമാനം ഞാൻ വീക്ഷിച്ചു, എല്ലാ ഓരോരുത്തർക്കും ഇഷ്ടങ്ങളും ഇഷ്ടപ്പെട്ടവരുമുണ്ട്.കാമുകന്മാരും കാമുകികളുമുണ്ട്. എന്നാൽ ഞാൻ മനസ്സിലാക്കി, ഈ ഇഷ്ട വസ്തുക്കളും ഇഷ്ടപ്പെട്ട ആളുകളും ഇഷ്ടങ്ങൾ ആകമാനവും അവൻ മരിച്ച്‌ ഖബ്റിലേക്ക് പോയിക്കിടക്കുന്നത് വരെ മാത്രമേ നിലനിൽക്കുകയുള്ളൂ. മനുഷ്യന് പ്രയാസങ്ങളിൽ സഹായിക്കാനുള്ളതാണല്ലോ ഇഷ്ടപ്പെട്ടവർ. 

ഏറ്റവും വലിയ പ്രയാസവും ഏകാന്തതയും എന്നിലേക്ക് വന്നു ചേരുന്ന എന്റെ ഖബ്റിലേക്ക് സഹായിയായി കൂട്ടായി വരുന്ന വല്ല കൂട്ടുകാരനും ഉണ്ടോ എന്ന് ഞാൻ അന്വേഷിച്ചു. ഇത്രയും കാലത്തെ അവിടുത്തെ പക്കൽ നിന്നും ഞാൻ പഠിച്ച  ഖുർആനികാധ്യാപനങ്ങളിൽ നിന്നും ഹദീസുകളിൽ നിന്നും ഉപദേശങ്ങളിൽ നിന്നും ഞാൻ മനസ്സിലാക്കിയത് 'ഞാൻ ചെയ്യുന്ന സൽക്കർമ്മങ്ങൾ' മാത്രമാണ് എന്റെ കൂടെ ആരുമാരും കൂട്ടിനില്ലാത്ത ഖബ്റിൽ എന്റെ കൂടെ പോരുന്നത്. അങ്ങനെ സൽക്കർമ്മങ്ങളെ എന്റെ കൂട്ടുകാരനാക്കാൻ ഞാൻ തീരുമാനിച്ചു."

(ഇഹ്യാ ഉലൂമുദ്ദീൻ)


സ്നേഹം മുഴുക്കെ അല്ലാഹുവിന് വേണ്ടിയാകുന്നതോടെ അല്ലാഹു അവന്റെ ഗുണമായ അനുഗ്രഹത്തിന്റെയും കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും കവാടം അവനിലേക്ക് തുറക്കപ്പെടുന്നു.

ആദരവായ നബിതങ്ങൾ(സ്വ) പറഞ്ഞു:

"അല്ലാഹു അവന്റെ ഒരു അടിമയെ ഇഷ്ടം വെക്കുമ്പോൾ അവൻ മുഖറബായ മാലാഖ ജിബ്‌രീൽ(അ) മിനോട് പറയും: "അല്ലയോ ജിബ്‌രീൽ ഞാൻ ഇന്നാലിന്ന മനുഷ്യനെ സ്നേഹിക്കുന്നു, അതിനാൽ തന്നെ നിങ്ങളും അവനെ സ്നേഹിക്കുക." അങ്ങനെ ജിബ്രീൽ(അ) ആ മനുഷ്യനെ ഇഷ്ടം വെക്കാൻ തുടങ്ങുന്നു. ശേഷം ആകാശ ലോകത്തെ അന്തേവാസികളായ മലാഇക്കതിനോട് മുഴുക്കെ ജിബ്രീൽ വിളംബരം ചെയ്യും: "അല്ലാഹു ഇന്നാലിന്ന മനുഷ്യനെ ഇഷ്ടപ്പെടുകയും അതിനാൽ അവനെ ഇഷ്ടപ്പെടാൻ കൽപ്പിക്കുകയും ചെയ്തു". അങ്ങനെ മാലാഖമാർ മുഴുക്കെ അവനെ ഇഷ്ടപ്പെടാൻ തുടങ്ങുന്നു.തുടർന്ന് അവന്‌ ഭൂമിയിലുള്ളവർക്കിടയിൽ അവന് അല്ലാഹു സ്വീകാര്യത നൽകുകയും ചെയ്യുന്നു"

(ബുഖാരി)

അവനോടുള്ള പ്രണയമാണ് അവന്റെ ഹബീബ് (സ്വ) തങ്ങളോടുള്ള പ്രണയം, അവനോടുള്ള പ്രണയമാണ് മാതാവിനോടുള്ള പ്രണയം, അവനോടുള്ള പ്രണയമാണ് പിതാവിനോടുള്ള പ്രണയം, അവനോടുള്ള പ്രണയമാണ് ഭാര്യയോടുള്ള പ്രണയം, അവനോടുള്ള പ്രണയമാണ് മക്കളോടുള്ള പ്രണയം, അവനോടുള്ള പ്രണയമാണ് സകല ചരാചരങ്ങളോടും വരുന്ന പ്രണയം. അവനാണ് എല്ലാ പ്രണയത്തിന്റെയും ഉടമ.

"എന്റെ അഭിപ്രായത്തിൽ അല്ലാഹുവിനോടുള്ള ഇഷ്ടത്തോടെ ഒരു കടുകുമണി കാണുന്നത്, സ്നേഹം മനസ്സിൽ നിറഞ്ഞിട്ടില്ലാത്ത 70 വർഷത്തെ ആരാധനക്ക് തുല്യമാണ്." (യഹ്യ ഇബ്നു മുആദ്)

അല്ലാഹുവിനോടുള്ള സ്നേഹം, ഇലാഹിനോടുള്ള പ്രണയം, അവൻ നിശ്ചയിച്ചതിനോടുള്ള അനുരാഗവും അവനിലേക്ക് ചേർത്തിയുള്ള ഇഷ്ടങ്ങളും മനസ്സിൽ നിറയുന്നതോടെ സ്നേഹം സർവ്വ വ്യാപിയായി നിറയുകയാണ്. സീമകളില്ലാത്ത അതിരുകളും വരമ്പുകളും ഇല്ലാത്ത വിശാലതയിലേക്ക് പടർന്നു പന്തലിക്കുകയാണ്...

അവനായിരിക്കട്ടെ നമ്മുടെ വാലന്റൈൻ..അവനിലേക്കാണല്ലോ എല്ലാ പ്രണയത്തിന്റെയും മടക്കം..

Wednesday, February 11, 2015

വലുതാകുമ്പോൾ ചെറുതാകുന്നവർ..

കയ്യിലൊന്നുമില്ലെങ്കിലും പത്രാസ്സിന് പഞ്ഞമില്ലാത്ത ജീവിതമാണ് നമുക്ക് പരിചയം. ദുനിയവിയ്യായും ഉഖ്രവിയ്യായും നമ്മുടെ ജീവിതം ബന്ധപ്പെടുന്ന മേഖലകളെ എല്ലാം നാം സമീപിക്കുന്നത് ഈയൊരു രീതിയിൽ തന്നെയാണ്. ഇല്ലായ്മക്കുള്ള ചികിത്സകൾ തേടിപ്പോകുകയോ അറിയാവുന്ന വൈദ്യങ്ങൾ പ്രയോഗത്തിൽ വരുത്തുകയോ ചെയ്യുന്നതിന് പകരം സകലമാന പ്രതിവിധികളിൽ നിന്നും ഓടി മാറുകയാണ് മനുഷ്യൻ ചെയ്യുന്നത്.

നേരാം വണ്ണം തിന്നാനും ഉടുക്കാനും പോലും ഇല്ലാത്തവനും ചിന്തിക്കുന്നത് 'ഭക്ഷണം കഴിക്കാൻ ഇല്ലെങ്കിലും അത് ആളുകൾ അറിയുന്നില്ലല്ലോ - പോകാൻ വണ്ടി ഇല്ലെങ്കിൽ അതൊരു കുറച്ചിൽ തന്നെ' എന്നാണെന്ന് വായിച്ചത് ശരിതന്നെയാണ്. മഴയത്ത് നനയാൻ ഇറങ്ങും മുമ്പ് മുഖമാകെ ക്രീമും പൌഡറും ഇടുന്ന പോലെ ഒരു തരം ഭ്രാന്തൻ കാട്ടിക്കൂട്ടലുകൾ. ഇല്ലായ്മയുടെ യാഥാർത്ഥ്യം അനുഭവിക്കുമ്പോൾ തന്നെ അനാവശ്യ പൊങ്ങച്ച മന:സ്ഥിതി കൈവിടാത്ത രീതി. നന്നായി അധ്വാനിക്കൂ നിങ്ങൾക്കും ഇല്ലായ്മകളെ ഇല്ലായ്മ ചെയ്യാം എന്ന് പറയുന്നവരെ പു:ഛത്തോടെ മാത്രം നോക്കുന്ന സമൂഹം.



മരണാനന്തര ജീവിതത്തിന്റെ ലോകത്തേക്ക് ഉള്ള സമ്പാദ്യത്തിന്റെ കാര്യവും വ്യത്യസ്തമല്ല. താനിന്നോ നാളെയോ മണ്ണിലേക്ക് പോകേണ്ടി വന്നാൽ അവിടെ സംബാദ്യമാകാനുള്ളത് എന്തൊക്കെ താൻ ശേഖരിച്ചിട്ടുണ്ട് എന്ന് ആലോചിക്കുന്നതിൽ നാമൊക്കെ എത്ര അലസരാണ്. യഥാർത്ഥത്തിൽ ഒന്നുമൊന്നും നമ്മുടെ കയ്യിൽ ഇല്ലയെന്നത് അവിതർക്കിതമായ പരമാർത്ഥമാണ്.

എന്നാലും നേരം തെറ്റിയും ഖളാ ആക്കിയും നിസ്ക്കരിച്ച നിസ്ക്കാരങ്ങളിൽ,വയറിനെ വിശപ്പിക്കുമ്പോൾ തന്നെ നാവിനെ അഴിച്ചു വിട്ടു സകലരുടെയും മാംസം തിന്ന് കൊണ്ട് വൈകുന്നേരമാക്കിയ നോമ്പുകൾ, ചുറ്റുപാടുകളിലെ സാധുവിന്റെ പട്ടിണി കാണാതെയുള്ള കഅബക്ക് ചുറ്റും നിന്ന് ഫോട്ടോ എടുക്കാനുള്ള ഉമ്ര ട്രിപ്പുകൾ, ലക്ഷം കൊടുക്കാനുള്ളിടത്ത് ആളുകളെ വിളിച്ചു വരുത്തി ആയിരം കൊടുത്ത് പേരെടുത്ത സക്കാത്തുകൾ...തുടങ്ങിയവയിൽ അതിരുകളില്ലാത്ത പ്രതീക്ഷയും എന്തൊക്കെയോ ചെയ്തെന്ന ചിന്തയുമാണ് നമ്മിൽ.

'ഞാൻ ഇങ്ങനെയൊക്കെ ജീവിച്ചാലും എന്റെ റബ്ബ് എനിക്ക് പൊറുത്തു തരും - അവന്റെ മഗ്ഫിറത്ത് വിശാലമാണ്' എന്നാണ് നാം പറയാറുള്ളത്. എന്നാൽ ജീവിതത്തിലെ ഒരു നിമിഷം പോലും കളയാതെ അല്ലാഹുവിന്റെ വഴിയിൽ മാത്രമായി ജീവിച്ചവരും പറയാറുള്ളത് ഇതേ വാക്കുകൾ തന്നെയാണ്. 'ഞാൻ ഇങ്ങനെയൊക്കെ ജീവിച്ചാലും എന്റെ റബ്ബ് എനിക്ക് പൊറുത്തു തരും - അവന്റെ മഗ്ഫിറത്ത് വിശാലമാണ്' എന്ന്.

രണ്ടും തമ്മിലുള്ള അന്തരം മനസ്സിലാക്കുന്നിടത്ത് നാം വിജയികളെയും പരാജിതരെയും കണ്ടെത്തും.ചെയ്യാനുള്ളതിന്റെ അത്യുന്നതിയിൽ ചെയ്താലും റബ്ബിന്റെ മഗ്ഫിറത് പിന്നെയും അവനിൽ നിന്നുള്ള ഔദാര്യമാണ്‌ എന്ന് വിശ്വസിച്ചവരും സകലമാന നശിച്ച ജീവിതരീതിയും തുടർന്ന് അതിൽ നിന്ന് കൊണ്ട് തന്നെ റബ്ബിന്റെ മഗ്ഫിറത് തന്റെ അവകാശമാണ് എന്ന രീതിയിൽ ചിന്തിക്കുന്നവരും എത്ര വിദൂരലോകത്താണ്..!

റഈസു സാഹിദീൻ ഇബ്രാഹീം ഇബ്നു അദ്ഹം (റ) ഉപജീവന മാർഗ്ഗത്തിനായി മുന്തിരിതോട്ടത്തിലെ കാവൽക്കാരനായിരുന്ന സമയത്ത് ഒരു പട്ടാളക്കാരൻ കുറച്ച് മുന്തിരി നൽകാൻ ആവശ്യപ്പെടുകയും "മുതലാളി അനുവദിച്ചിട്ടില്ല" എന്ന് അദ്ദേഹം മറുപടി പറയുകയും ചെയ്തു. കയ്യിലിരുന്ന ചാട്ടവാർ കൊണ്ട് ഇക്കാരണത്താൽ തന്നെ മർദ്ദിച്ച പട്ടാളക്കാരനോട് തന്റെ തല താഴ്ത്തി അവിടുന്ന് പറഞ്ഞത് എത്ര വിനയാന്വിതനായാണ്. "എന്റെ ഈ തലയിൽ അടിച്ചോളൂ നിങ്ങൾ - കാരണം ഇത് വെച്ചാണ് ഞാൻ എന്റെ റബ്ബിനെ പലപ്പോഴും ധിക്കരിക്കാറുള്ളത്"..!

എത്ര ചെറിയ ചെറിയ കാര്യങ്ങൾ ആണെങ്കിൽ പോലും അതിൽ നിന്നും ബർസഖീ ജീവിതത്തിലും പരലോകത്തിലും തന്റെ ഇല്ലായ്മകളെ അതിജീവിക്കാൻ സഹായകമായ റബ്ബിന്റെ അനുഗ്രഹം വല്ലതും ലഭിക്കുമെന്ന പ്രതീക്ഷ കാണുമ്പോ അതിനെ മറ്റെന്തിനെക്കാളും മേലെ കാണുന്നതായിരുന്നു മഹാരഥന്മാരുടെ ജീവിത രീതി. രണ്ട് ഉദാഹരണങ്ങൾ നോക്കൂ..

തസവ്വുഫിന്റെ ലോകത്തെ പ്രകാശതാരകമായ ഹസ്രത് മഅ്റൂഫുൽ കർക്കി(റ) സുന്നത്ത് നോമ്പുകാരൻ ആയിരുന്ന ഒരവസരം വെള്ളവും ചുമന്നു കൊണ്ട് പോകുന്ന ഒരു മനുഷ്യന്റെ അരികിലൂടെ പോകുകയായിരുന്നു.ആ മനുഷ്യൻ ഇങ്ങനെ പറയുന്നുണ്ടായിരുന്നു: "ഇതിൽ നിന്നും കുടിക്കുന്നവരുടെ മേൽ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ". ഉടൻ തന്നെ മഅ്റൂഫ്(റ) തങ്ങൾ ആ മനുഷ്യനെ സമീപിക്കുകയും അതിൽ നിന്നും വെള്ളം കുടിക്കുകയും ചെയ്തു. "അങ്ങ് നോമ്പുകാരൻ ആയിരുന്നില്ലേ" എന്ന് കൂടെയുള്ളവർ ചോദിച്ചപ്പോ അവിടുന്ന് പറഞ്ഞു: "ശരിയാണ് - പക്ഷെ അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുമെന്ന പ്രതീക്ഷ (ആ മനുഷ്യന്റെ പ്രാർത്ഥനയാൽ) കാരണമാണ് ഞാൻ വെള്ളം കുടിച്ചത്"..!

ഹാ, താൻ സ്വന്തമായി ചെയ്തു കൊണ്ടിരുന്ന നോമ്പ് എന്ന കർമ്മത്തിൽ കൂടെ തനിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന അനുഗ്രഹത്തെക്കാൾ സമൂഹത്തിൽ ഒന്നുമല്ലാത്തവൻ എങ്കിലും അവന്റെ പ്രാർത്ഥന തനിക്ക് റബ്ബിന്റെ കരുണാ കടാക്ഷങ്ങൾ എത്തിച്ചു തരുമെന്ന പ്രതീക്ഷയെ മഹാൻ വിലകൽപ്പിച്ചു..

സ്വിഹാഹുസ്സിത്തയിൽ പെട്ട ഹദീസ് കിതാബിന്റെ മുസന്നിഫായ മഹാനായ ഇമാം അബൂദാവൂദ്(റ) തങ്ങൾ കപ്പലിൽ യാത്രികനായിരുന്ന സമയത്ത് തൊട്ടടുത്ത തീരത്ത് നിന്നും ഒരാൾ തുമ്മുകയും 'അൽഹംദുലില്ലാഹ്' പറയുകയും ചെയ്യുന്നത് കേട്ടു. അദ്ദേഹം ഉടനെ തന്നെ കപ്പലിൽ ഉള്ളവരെ ബന്ധപ്പെടുകയും ഒരു ദിർഹം വാടക കൊടുത്ത് ഒരു ചെറിയ ബോട്ട് സംഘടിപ്പിക്കുകയും അങ്ങനെ കരക്ക് പോയി ആ തുമ്മിയ മനുഷ്യനെ തേടിപ്പിടിച്ചു അദ്ദേഹത്തോട് 'യർഹമുക്കല്ലാഹ്' എന്ന് പറയുകയും തിരിച്ചു പോരുകയും ചെയ്തു.

ഇതിനെ പറ്റി തന്നോട് അന്വേഷിച്ച ആളോട് അവിടുന്ന് പറഞ്ഞത് ഞാൻ അങ്ങനെ ചെയ്‌താൽ ആ മനുഷ്യൻ സ്വാഭാവികമായും
'യഹ്ദീക്കുമുല്ലാഹു വ യുസ്ലിഹു ബാലക്കും' എന്ന ദുആ മറുപടി ആയി പറയും. അവനാണെങ്കിൽ ചിലപ്പോ അല്ലാഹുവിങ്കൽ ദുആക്ക് ഉത്തരം ലഭിക്കുന്ന ആളുമായിരിക്കും. ഈയൊരു പ്രതീക്ഷ മാത്രം വെച്ച് കൊണ്ടാണ് ഞാൻ അങ്ങനെ പോയത്. ആ മനുഷ്യന്റെ ദുആ കാരണം അല്ലാഹു എന്നെ ഹിദായത്തിലാക്കിയേക്കാം, എന്റെ ജീവിതം  നല്ല  വഴിയിൽ ആക്കുകയും ചെയ്തേക്കും".

തഖ് വായുടെ ഉദാത്ത മാതൃകകളായി സംശുദ്ധ ജീവിതത്തിന്റെ പ്രകാശ താരകങ്ങൾ ആയ ഉലമാക്കൾ തങ്ങളുടെ കർമ്മങ്ങളിൽ ആഖിറത്തിൽ സമ്പാദ്യമായി വിജയമേകും എന്ന പ്രതീക്ഷയുമായി അലസരായിരുന്നില്ല. എല്ലാ ചെറിയ ചെറിയ കാര്യങ്ങളിലും അവർ വലിയ വലിയ നേട്ടങ്ങൾ തേടി നടന്നു.നാം നമ്മുടെ കയ്യിൽ ചുരുട്ടി മുറുക്കിപ്പിടിച്ചിരിക്കുന്ന കർമ്മങ്ങൾ മണൽതരികൾ പോലെ ഊർന്നു വീണു പോകുന്നതിനെ അറിയുന്നേയില്ല. എന്നിട്ടും കൂട്ടിപ്പിടിച്ച കൈക്കുള്ളിൽ എന്തൊക്കെയോ ഉണ്ടെന്ന പ്രതീക്ഷയിൽ ദുനിയാവിൽ നിന്നും ദുനിയാവിലേക്ക് ആഴത്തിൽ ആഴത്തിൽ ഇറങ്ങി നടക്കുന്നു...

എത്രയെത്ര പ്രതീക്ഷകൾ...എത്രയെത്ര മോഹങ്ങൾ...പൂവണിഞ്ഞാൽ സന്തോഷം...എങ്ങാനും മാംബൂ കണ്ട് കൊതിച്ച മാമ്പഴക്കാലം ഒടുക്കം കരിഞ്ഞുവീണ പൂങ്കുലകൾ കണ്ട് മിഴിനീർ തൂകിയിട്ടെന്ത് ഫലം...

എങ്കിലും എനിക്ക് പ്രതീക്ഷയാണ്..മുറിയാത്ത ആശയെ മനസ്സിൽ നിറച്ചതും അവൻ തന്നെയാണല്ലോ..അക്രമികളും തെമ്മാടികളും അവനിൽ പ്രതീക്ഷ വെക്കരുതെങ്കിൽ പിന്നെ നാഥാ ഈയുള്ളവൻ ആരിലേക്ക് മോഹിക്കും...നീയല്ലാതെ ഒരു ഇലാഹിൽ എനിക്ക് വിശ്വാസമില്ലല്ലോ... കയ്യൊഴിയരുതേ റബ്ബീ..

Monday, February 02, 2015

'തന്നെ' വിട്ട് 'അവനെ' കാണുന്നവർ...

സ്വന്തത്തിലേക്ക്‌ ആഴത്തിലിറങ്ങുന്തോറും താനും നാഥനുമായുള്ള അടുപ്പവും വിദൂരതയും എത്രത്തോളമുണ്ടെന്ന് ഓരോ മനുഷ്യനും തിരിച്ചറിയാൻ തുടങ്ങും. തുറന്നു വെച്ച മനസ്സിനെ പ്രതിഫലിക്കുന്ന കണ്ണു കൊണ്ട്‌ ചുറ്റുപാടും നോക്കുംബോൾ അറിയാൻ കഴിയും താനെത്ര മോശക്കാരനാണെന്നും റബ്ബിന്റെ അടിമകളിൽ സമൂഹത്തിൽ ഏഴാംകൂലികളായി അറിയപ്പെടുന്നവരിൽ പോലും എത്രയെത്ര തൗഫീഖ ലഭിച്ച മുത്തഖികളായ അടിമകൾ ഉണ്ടെന്നും..


എത്രമാത്രം ശ്രദ്ധയോടെ ജീവിച്ചാലും ഒരു മനുഷ്യജീവിക്കും തന്റെ പിഴവുകളെ തൊട്ട് പൂർണ്ണമായും സുരക്ഷിതത്വബോധം കൈക്കൊള്ളാനാകില്ല. സ്വർഗ്ഗീയ കവാടത്തിന്റെ വാതിൽ കടന്ന് പൂർണ്ണമായും പ്രവേശിക്കുന്നതിൽ കുറഞ്ഞൊരു നിമിഷം പോലും വിജയപ്രതീക്ഷയിൽ മുഴുകി നാശഭയമില്ലാതെ കഴിയാൻ യാതൊരു സൃഷ്ടിക്കും വകയില്ല.

തനിക്കുള്ളതായി മനസ്സിലാക്കുന്ന നന്മകൾ തന്റെ സഹോദരനിൽ ഉണ്ടോയെന്നു നോക്കി ഇല്ലെന്നറിഞ്ഞ്‌ അഭിമാനം കൊള്ളുകയല്ല യഥാർത്ഥ വിശ്വാസിയുടെ രീതി, മറിച്ച്‌ തനിക്ക്‌ അല്ലാഹു തന്ന സൽക്കർമ്മത്തിനുള്ള അനുഗ്രഹം തന്റെ മുസ്ലിമായ സഹോദരനു കൂടി ലഭിക്കണം എന്നാശിക്കുക - ഒപ്പം തന്നിലില്ലാത്ത നന്മകൾ അവനിൽ കണ്ടെത്തുകയും അതിന്റെ പേരിൽ അവൻ തന്നേക്കാൾ എത്ര നല്ലവനാണെന്ന് മനസ്സിലാക്കുകയും അതെല്ലാം തന്റെ ജീവിതത്തിലും പകർത്താൻ ശ്രമിക്കുകയുമാണ്‌ വേണ്ടത്‌.


സ്വന്തത്തെ കുറിച്ച് പേടി തീരാതെ അന്യ ശരീരങ്ങളുടെ പിഴവുകൾ ശ്രദ്ധയോടെ വീക്ഷിച്ച് പർവ്വതീകരിച്ച് വഷളാക്കാൻ സമൂഹം എന്നും തൽപ്പരരാണ് എന്നതാണനുഭവം. തലകുനിച്ച് കാൽപ്പാദങ്ങളിൽ നോക്കി നടക്കാൻ പഠിപ്പിച്ച മതം മുഴുസമയവും താഴോട്ടും തന്നിലോട്ടും നോക്കാനാണ് പഠിപ്പിക്കുന്നത്. സ്വന്തം നഫ്സിനെ ഉടമയായ റബ്ബിന്റെ വഴിയിലായി നടത്തുന്നതിൽ ഉപദേശിച്ച് പരാജയപ്പെടുന്നവർ അന്യന്റെ കുറവുകളെ കുറിച്ച് ആലോചിക്കുന്നതിലെ ബുദ്ധിശൂന്യത മുഴച്ചു തന്നെ നിൽക്കും.


ഞാൻ എന്റെ രക്ഷിതാവിനോട് സ്വകാര്യതയിൽ ചെയ്യുന്ന കൊടും പാപങ്ങൾ അവൻ രഹസ്യമാക്കി വെക്കണമെന്നും പൊറുക്കണമെന്നുമുള്ള മോഹമെന്നിൽ നിലനിൽക്കുന്നുവെങ്കിൽ എന്റെ തെറ്റുകൾ എനിക്ക് പൊറുത്തുകിട്ടണമെന്നും അത് പരസ്യമായിപ്പോകരുതെന്നും ആശിക്കുന്ന നാം ആശ തന്റെ സഹോദരനിൽ വന്നുപോകുന്ന തെറ്റിന്റെ കാര്യത്തിൽ അവർക്കുമുണ്ടാകുമെന്നത് ഓർക്കുന്നേയില്ല.





ജനങ്ങളുമായെത്തി മഴക്ക് വേണ്ടി ദുആ ചെയ്ത മൂസ്സാ നബിയോട്() 40 വർഷമായി പാപങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്നൊരാളുണ്ടെന്നും അയാളെ കൂട്ടത്തിൽ നിന്നും മാറ്റിനിർത്തിയാലേ മഴ ലഭിക്കൂവെന്ന അല്ലാഹുവിന്റെ മറുപടി അവിടുന്ന് ജനത്തെയറിയിച്ചു. അയാളോട് കൂട്ടത്തിൽ നിന്നും മാറാനാവശ്യപ്പെട്ടപ്പോൾ ആരും മാറാതെ കണ്ടപ്പോൾ രണ്ടാമതും മഴക്ക് തടസ്സമാകാതെ മാറി നിൽക്കാൻ നബി ആവശ്യപ്പെട്ടു. വിഫലമെന്നറിഞ്ഞതോടെ


"അല്ലാഹുവിന്റെ അനുഗ്രഹ വർഷത്തെ തൊട്ട് ഒരു സമൂഹത്തേയാകമാനം തടയരുതെന്നും മാറി നിൽക്കണമെന്നും" ഒരൽപ്പം ദേഷ്യത്തോടെ മൂസാ നബി മൂന്നാമതും ആവശ്യപ്പെട്ടുവെങ്കിലും ആരും പിരിഞ്ഞു പോയില്ല. 


പക്ഷേ മഴത്തുള്ളികൾ അധികം വൈകാതെ ഉറ്റിവീഴാൻ തുടങ്ങിയിരുന്നു. ആരും പോകാതെ തന്നെ മഴ നൽകിയതിനെ പറ്റി നബിയവർക്കൾ ചോദിച്ചപ്പോൾ അല്ലാഹു പറഞ്ഞു:


'നബിയേ, അവിടുന്ന് ഓരോ പ്രാവശ്യവും ആൾക്കൂട്ടത്തിൽ നിന്നും മാറിനിൽക്കാൻ ആവശ്യപ്പെടുംബോഴൊക്കെ മനുഷ്യൻ മനസ്സുരുകി എന്നോട് "നാഥാ, ആളുകളുടെ മുമ്പിൽ വെച്ച് ഞാൻ മാറിനിന്നാൽ എന്റെ പാപങ്ങളെ പറ്റി ലോകമറിയും, അതിനാൽ നീ മഴ നൽകണേ അല്ലാഹ്" എന്ന് പാശ്ച്ചാത്താപ വിവശനായി കേഴുകയായിരുന്നു. പ്രാർത്ഥന ഞാൻ സ്വീകരിക്കുകയും മഴ നൽകുകയും ചെയ്തു'.


മനുഷ്യൻ ആരാണെന്നറിയാനുള്ള തന്റെ ജിജ്ഞാസയറിയിച്ച മൂസ്സാനബിയോട് അല്ലാഹു പറഞ്ഞത് - 


"അല്ലയോ മൂസാ, അവൻ പാപിയായി കഴിഞ്ഞിരുന്ന 40 വർഷക്കാലം അവനാരെന്ന് ആരെയും ഞാനറിയിച്ചിട്ടില്ല, എന്നിട്ടിപ്പോ എന്നിലേക്ക് പാശ്ച്ചാത്തപിച്ച് മടങ്ങിയ ശേഷം അയാൾ ആരാണെന്ന് ഞാൻ പരസ്യമാക്കുകയോ! ഒരിക്കലുമില്ല'..!"


തന്റെ അടിമയുടെ അഭിമാനം മറ്റുള്ളവരിൽ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടി നാൽപ്പതു വർഷമോ ആയുസ്സ് മുഴുവനുമോ തന്നെ ധിക്കരിച്ചവന് പൊറുത്തുകൊടുക്കുന്ന അല്ലാഹുവിൽ വിശ്വസിക്കുന്ന നാമും നമ്മുടെ സഹജീവികളിൽ വരുന്ന പിഴവുകളിൽ നാമെടുക്കുന്ന നിലപാടുകളും ഒന്ന് വിലയിരുത്തി നോക്കാൻ മനസ്സ് പാകപ്പെട്ടുവെങ്കിൽ എത്ര നന്നായിരുന്നു..


വിഴുപ്പലക്കലിന്റെയും പരസ്പര വിദ്വേഷത്തിന്റെയും പെരുമ്പറ കൊട്ടിപ്പാടി നടക്കുന്ന സമൂഹത്തിൽ സൽ സ്വഭാവത്തിന്റെയും ഈമാനിന്റെ മധുരം നിറയുന്ന ഗുണങ്ങളുടെയും വിശേഷണങ്ങളുടെയും അധ്യാപനങ്ങളുടെയും ചരിത്രങ്ങൾ മാറ്റത്തിന്റെ നാഴികക്കല്ലുകൾ ആകുമായിരുന്ന കാലം ബാക്കിയില്ലല്ലോ..





അദ്ബുല്ലാഹ് ഇബ്നു മസ്ഊദ്(റ) തങ്ങൾ നമ്മെയും നമ്മുടെ ജീവിതവും കണ്മുന്നിൽ കണ്ടെന്നോണം പറഞ്ഞതെത്ര കിറുകൃത്യം..!

"ഈ ലോകമെന്നത് മലമുകളിലെ നീരൊഴുകുന്ന തടാകസമാനമാണ്. അതിലെ നല്ല ജലമോക്കെ ഒഴുകിതീർന്നു പോയി. ബാക്കിയാകുന്നത് ചെളിനിറഞ്ഞ ഉപയോഗ ശൂന്യമായവ മാത്രമാണ്."

സ്വന്തം അഭിമാനത്തെ പണയപ്പെടുത്തിയും തന്റെ സഹോദരന്റെ മാനം സംരക്ഷിക്കുന്നതിൽ ജീവൻ നൽകാൻ തയ്യാറായിരുന്ന ഈമാനിന്റെ മധുരം നുണഞ്ഞ മഹാരഥന്മാർ കഴിഞ്ഞു പോയി.


ഇസ്ലാമിക ചരിത്രത്തിലെ തിളങ്ങുന്ന താരകമാണ് ഹാതമുനിൽ അസ്വമ്മ്(റ). പേരിനൊപ്പം ഉള്ള 'അസ്വമ്മ്' (ബധിരൻ എന്നർത്ഥം)  അദ്ദേഹത്തിന് ജനിച്ചപ്പോ മാതാപിതാക്കൾ വിളിച്ച പേരല്ല തന്നെ. പിന്നെങ്ങനെ ലോകാവസാനം വരെ ഉള്ള ചരിത്രത്തിൽ 'ബധിരൻ ഹാതം' എന്ന് അദ്ദേഹത്തെ വിളിക്കപ്പെട്ടു എന്നതിലേക്ക് നാമൊന്ന് മനസ്സിരുത്തിയാൽ കണ്ണും മനസ്സും നിറഞ്ഞു പോകുമെന്നത് തീർച്ചയാണ്.


പണ്ഡിത കുലപതിയായ ഹാത്തം(റ) തങ്ങളുടെ അരികിലേക്ക് സംശയ നിവാരണത്തിനായി വന്ന ഒരു പെണ്ണിൽ നിന്നും ചോദിക്കുന്നതിനിടയിൽ അറിയാതെ പുറക് വശത്ത് നിന്നും അപശബ്ദം പുറപ്പെട്ടു. ലജ്ജയുള്ള - മാനാഭിമാനമുള്ള ഏതൊരു പെണ്ണിനും അന്യ പുരുഷന്മാരുടെ ഇടയിൽ വെച്ച് അങ്ങനെ സംഭവിച്ചു പോകുന്നതിനേക്കാൾ വലിയൊരു മന:പ്രയാസം ഉണ്ടാക്കുന്ന കാര്യമില്ല.


അവിടെയായിരുന്നു സത്യവിജ്ഞാനത്തിന്റെ വിളക്ക് മാടമായ ഹാത്തം(റ) തങ്ങൾ ആ പെണ്ണിന്റെ മാനം സംരക്ഷിക്കാൻ വേണ്ടി ബധിരനായി അഭിനയിച്ചത്. കൂടി നിന്നിരുന്ന ശിഷ്യന്മാർ അടക്കമുള്ളവരും മഹാനരും ആ ശബ്ദം കേട്ടെങ്കിലും പെണ്ണിന്റെ മാനം കാക്കാൻ വേണ്ടി കേൾക്കാത്ത പോലെ അവിടുന്ന് അവളോട്‌ പറഞ്ഞു:

"ശബ്ദം ഉയർത്തി ചോദിക്കൂ പെണ്ണേ എനിക്ക് കേൾവി ശക്തി കുറവാണ് എന്ന് നിനക്കറിയില്ലേ"

പെണ്ണിന് സന്തോഷവും സമാധാനവുമായി. തന്നിൽ നിന്നും പുറപ്പെട്ട ശബ്ദം മഹാൻ കേട്ടില്ല എന്ന് മനസ്സിലാക്കിയ സ്ത്രീ വന്ന കാര്യം തീർത്ത് പോയി. ഇത് കണ്ടിരുന്ന മറ്റു പലരും അന്ന് അദ്ദേഹത്തെ വിളിച്ച പേരാണ് ഹാതമുനിൽ അസ്വമ്മ് (ബധിരനായ ഹാത്തം).


വരാനിരിക്കുന്ന കാലം മുഴുക്കെ ഉള്ള ലോകം തന്നെ 'ചെവി പൊട്ടൻ' എന്ന് വിളിക്കുന്നതിലേറെ അദ്ദേഹത്തിന് പ്രയാസമായത് ആ പെണ്ണിന്റെ മാന നഷ്ടമായിരുന്നു. ഈമാനും വിജ്ഞാനവും അവരിൽ നിറച്ച നന്മയുടെ മുകുളങ്ങൾ എത്ര സുന്ദരം..എത്ര ആനന്ദ ദായകം...


തിരുദൂതർ (സ്വ) പറഞ്ഞു:

من ستر أخاه المسلم في الدنيا ستره الله في الدنيا والآخرة

"തന്റെ മുസ്ലിമായ  മനുഷ്യന്റെ വല്ല തെറ്റും ഒരാൾ ഈ ദുനിയാവിൽ വെച്ച് മറച്ചു വെച്ചാൽ ദുനിയാവിലും ആഖിറത്തിലും അല്ലാഹു അവന്റെ തെറ്റുകൾ മറച്ചു വെക്കും".


മനസ്സുകളിൽ സന്തോഷം നിറയട്ടെ - ഒരായിരം കുറ്റം എന്റെ സ്വന്തത്തിൽ ഉണ്ടായിരിക്കെ അന്യന്റെ ചെറിയൊരു ദോഷത്തിലേക്ക് ഞാനെന്തിനു തലയിടണം. എന്റെയും അവന്റെയും മനസ്സറിയുന്നവൻ അല്ലാഹുവാണ്. അവനും എനിക്കും അല്ലാഹു പൊറുക്കട്ടെ എന്ന പ്രാർത്ഥന നിറയട്ടെ മനസ്സുകളിൽ..

നാഥാ നീ തൌഫീഖ് നൽകണേ..ആമീൻ