Tuesday, October 13, 2015

ബിദ്അത്തുകളെ സൂക്ഷിക്കുക - വിശ്വാസപരമായത് അതികഠിനമാണ്..!

വഹ്ഹാബികൾ ബിദ്അതുകാർ ആണ് എന്ന് പറയുമ്പോൾ പാവപ്പെട്ട ജനങ്ങളെ വസ്വാസാക്കാൻ വേണ്ടി പല പല കർമ്മങ്ങൾ കാണിച്ച് 'ഇതൊന്നും നബിതങ്ങൾ ചെയ്യാത്ത കർമ്മങ്ങൾ ആണ് - അതിനാൽ അത് ചെയ്യുന്ന സുന്നികൾ ആണ് ബിദ്അത്തുകാർ' എന്നും ഇക്കൂട്ടർ പറയുക സാധാരണമാണ്. എന്ത് പറഞ്ഞാലും സുന്നികൾ 'ചെയ്യുന്ന' അത് ബിദ്അതല്ലേ, ഇത് ബിദ്അതല്ലേ എന്ന് ചോദിക്കും സാധുക്കൾ.

അപ്പറയുന്ന കർമ്മങ്ങൾ ഏതെടുത്തു നോക്കിയാലും മദ്ഹബിലെ ഇമാമീങ്ങൾ വിലയിരുത്തിയതും പ്രമാണങ്ങൾ വെച്ച് വിധി വ്യക്തമാക്കിയതും ആയിരിക്കും എന്നത് മറ്റൊരു വശം..

വഹ്ഹാബികൾ ബിദ്അതുകാർ എന്ന് പറയുന്നത് കൊണ്ട് ഉദ്ദേശിക്കുന്ന ബിദ്അത്ത് എന്താണ് എന്നും എന്ത് കൊണ്ടാണ് അത് പറയുന്നത് എന്നും മനസ്സിലാക്കാത്തത് കൊണ്ടാണ് ഇമ്മാതിരി പോഴത്തങ്ങൾക്കൊക്കെ കാരണം.

യാതൊരു സല്ക്കർമ്മങ്ങളും സ്വീകരിക്കപ്പെടാത്ത ബിദ്അതുകാരൻ എന്നാൽ ആരാണ് എന്നും അറിയണം. അത്‌ കേവലം പ്രവർത്തിയിൽ വരുന്ന ചില കാര്യങ്ങൾ മാത്രമാണോ അതല്ല വിശ്വാസത്തിനു തന്നെ ബാധിക്കുന്ന പുഴുക്കുത്താണോ എന്നും നാം അറിയണം.

ആദ്യം എന്താണ് ഈ പറഞ്ഞ ഗുരുതരമായ ബിദ്അത് എന്ന് ഇവിടെ പറഞ്ഞത് കൊണ്ട് ഉദ്ദേശ്യം എന്ന് മനസ്സിലാക്കണം.

കർമ്മത്തിൽ ബിദ്അത്ത് എന്ന് പറയുന്നത് പല വിധത്തിൽ നല്ലതും ചീത്തയും ഉണ്ട് എന്ന് എല്ലാ ഇമാമീങ്ങളും പറഞ്ഞിട്ടുള്ള പരമാർത്ഥം ആണ്. ബിദ്അത്ത് എന്താണ് എന്ന് പറയുന്ന ഹദീസുകൾ നമുക്ക് എത്തിച്ചു തന്ന എല്ലാ ഇമാമീങ്ങളും, ഒരാളും ഒഴിയാതെ കർമ്മത്തിലെ ബിദ്അത്ത് നല്ലതും ചീത്തയും ഉണ്ട് എന്ന് പറഞ്ഞവരാണ്.

എന്നാൽ വിശ്വാസം ഒരിക്കലും തിരുത്തപ്പെടാനോ കൂട്ടിചേർക്കപ്പെടാനോ ഉള്ളതല്ല, ആദരവായ നബിതങ്ങൾ പഠിപ്പിച്ച, അവിടുത്തെ ജീവിതത്തെ പകർത്തിയ സ്വഹാബത്തും പിൽക്കാലക്കാരും അപ്പടി തുടർന്നു വന്ന വിശ്വാസകാര്യങ്ങൾ ഒരുകാലത്തും മാറ്റമില്ലാത്തതാണ്. അതിൽ മായം ചേർക്കുന്ന വിശ്വാസങ്ങൾ നല്ലതും ചീത്തയും എന്ന വ്യത്യാസമില്ലാതെ എല്ലാം പിഴച്ച ബിദ്അത് തന്നെ.

വിശ്വാസപരമായ ബിദ്അത്ത് എന്നത് വൻദോഷമാണ്. അത് കര്മ്മപരമായ പാപങ്ങൾ പോലെയല്ല മറിച്ച് അതിലേറെ ഗൌരവകരമാണ്‌. സത്യവിശ്വാസികൾക്ക് എല്ലാം പൊറുക്കുമെന്ന് പറയപ്പെട്ട മഹത് ദിവസങ്ങളിൽ പോലും പൊറുക്കപ്പെടാത്ത കൂട്ടരാണ് വിശ്വാസപരമായ ബിദ്അതുകാർ. സൂഉൽ ഖാത്വിമത്തിനെ ഭയപ്പെടേണ്ട കുറ്റം.



മൂന്നു പാപങ്ങൾ പൊറുക്കപ്പെടുകയില്ല എന്ന് നബിതങ്ങൾ പറഞ്ഞ ഹദീസിൽ മൂന്നാമതായി പറയുന്നതാണ് 'തർക്കുസ്സുന്ന'. (ترك السنة)

എന്താണ് തർക്കുസ്സുന്ന എന്നും നബിതങ്ങൾ വിവരിച്ചു -

ترك السنة الخروج من الجماعة

"തർക്കുസ്സുന്ന എന്നാൽ ജമാഅത്തിൽ നിന്ന് വിട്ടു നിൽക്കുക തന്നെ". (മുസ്തദ്രക് - ഇമാം ഹാക്കിം)

ഈ ഹദീസിൽ പറയുന്ന 'തർക്കുസ്സുന്ന' എന്നാൽ 'ബിദ്അത്ത്' ആണെന്ന് ഇമാമീങ്ങൾ പഠിപ്പിക്കുന്നു.

والمراد بذلك اتباع البدع

"ജമാഅത്തുമായി വിട്ടുപിരിയുകയെന്നാൽ ബിദ്അത്തിനോട് പിൻപറ്റുകയാണ് ഉദ്ദേശ്യം"

കാലാകാലങ്ങളായി ഇജ്മാഉള്ളതും ഇസ്ലാമിലെ വിശ്വാസ കാര്യങ്ങളിൽ പെട്ടതുമായ വിഷയങ്ങളിൽ നിന്നും ളറൂറത് കൊണ്ട് അറിയപ്പെടാത്തവ വെടിയുകയും നിരാകരിക്കുകയും ചെയ്യുന്നതാണ് ബിദ്അത്. അത്തരം മുസ്ലിമീങ്ങൾ ഒരുമിച്ചംഗീകരിക്കുന്ന കാര്യങ്ങളെ നിഷേധിക്കുകയും നിരാകരിക്കുകയും ചെയ്യുന്നതാണ് മാപ്പ് ലഭിക്കാത്ത ബിദ്അത്ത് കൊണ്ട് ഉദ്ദേശ്യം.

ഈ വിശ്വാസ കാര്യങ്ങൾ ഇമാം അബുൽ ഹസനിൽ അഷ്അരി(റ) തങ്ങളും അബൂ മൻസൂരിനിൽ മാതുരീദി(റ) തങ്ങളും വിസ്തരിച്ചു വിവരിച്ചു ക്രോഡീകരിച്ചു വെച്ചതാണ്. തിരുനബിതങ്ങളുടെയും സ്വഹാബത്തിന്റെയും എല്ലാം വിശ്വാസ വഴി അപ്പടി വിവരിച്ചു പഠിപ്പിച്ചവരാണ് അവർ. അവരും അനുഗാമികളും നിലകൊള്ളുന്ന വിശ്വാസ വഴി എന്താണോ അതാണ്‌ അഹ്ലുസ്സുന്നതി വൽ ജമാഅത്ത് എന്നതിലെ സുന്നത്ത് കൊണ്ട് ഉദ്ദേശ്യം. അശ്അരീ, മാതുരീദീ വിശ്വാസങ്ങൾക്ക് എതിരായുള്ള വിശ്വാസങ്ങൾ ആണ് ബിദ്അത്ത് (അഹ്ലുസ്സുന്നക്ക് വിരുദ്ധമായ ബിദ്അത്ത്) എന്നത് കൊണ്ട് ഉദ്ദേശ്യം..

المـراد بالسنة ما عليه إماما أهل السنة والجمـاعة الشيخ أبو الحسن الأشعري وأبو منصور الماتريدي والبدعة ما عليه فرقة من فرق المبتدعة المخالفة الاعتقاد هذين الامامين وجميع اتباعهما

الزواجر

"സുന്നത്ത് കൊണ്ടുദ്ദേശ്യം, അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ രണ്ടു ഇമാമുകൾ, ശൈഖ് അഷ്അരിയും മാതുരീദിയും എതൊന്നിൻമേൽ നിലകൊണ്ടുവോ ആ വിശ്വാസ കാര്യങ്ങളാണ്. ബിദ്അത്ത് എന്നാൽ ഇവർ രണ്ടുപേരുടെയും അവരുടെ മുഴുവൻ അനുഗാമികളുടെയും വിശ്വാസത്തിന് എതിരായി നിലകൊള്ളുന്ന ബിദ്അത്തിന്റെ സംഘങ്ങളിൽ നിന്ന് ഏതെങ്കിലും സംഘം വെച്ചു പുലർത്തുന്ന വിശ്വാസങ്ങളുമാണ്."
(സവാജിർ - ഇമാം ഇബ്നു ഹജർ(റ)).

അല്ലാഹു എന്ന സ്രഷ്ടാവിനെ കുറിച്ചുള്ള വിശ്വാസത്തിൽ അടക്കം എന്തെല്ലാം മായങ്ങൾ ഇവർ ചേർത്തു..! സ്ഥലകാലാതീതനായ അവനു സ്ഥലം നിശ്ച്ചയിചും അവയവങ്ങളെ തൊട്ട്‌ പരിശുദ്ധനായ അല്ലാഹുവിനു കയ്യും മുഖവുമെല്ലാം ഉണ്ടെന്ന് വാദിച്ച്‌, ഇലാഹിനെ പറ്റിയുള്ള മുസ്‌ലിമിന്റെ വിശ്വാസത്തെ പോലും തിരുത്തിയ കക്ഷികളാണിവർ..!

അല്ലാഹുവിന്റെ വാജിബായതും മുസ്തഹീലായതുമായ സ്വിഫത്തുകളെ പറ്റി പറയുമ്പോൾ "അല്ലാഹുവിന്‌ വാജിബാക്കാൻ ഇവർ ആരാ" എന്ന് ചോദിച്ച കറതീർന്ന ബിദഈ വിശ്വാസക്കാർ.

ഇങ്ങനെ മുസ്ലിം ലോകത്തിന്‌ കേട്ടുകേൾവി ഇല്ലാത്ത എന്തെല്ലാം പിഴച്ച വിശ്വാസങ്ങൾ ഇവർക്കുണ്ട്‌..! ഇജ്മാ ഇനു വിരുദ്ധമായ എന്തൊക്കെ വാദങ്ങൾ..!

എന്നാൽ സുന്നികൾ ആയിരത്തി നാനൂറു വർഷമായി യാതൊരു മാറ്റവുമില്ലാത്ത അടിയുറച്ച വിശ്വാസത്തിന്റെ മേൽ ഏകോപിച്ചിരിക്കുന്നവരാണ്‌. അല്ലാഹുവിലുള്ള വിശ്വാസത്തിലോ ഖദ്രിലുള്ള വിശ്വാസത്തിലോ ഈമാൻ കാര്യങ്ങളിൽ ഒന്നിലുമോ തിരുത്തില്ലാത്ത നേരായ വിശ്വാസം.

ബിദ്അത്ത് എന്നാൽ കേവലം കർമ്മത്തിൽ ഒതുങ്ങി നിൽക്കുന്ന ചിലതിലേക്ക് തളച്ച്, പിഴച്ച വിശ്വാസത്തെ ആണ് യഥാർത്ഥത്തിൽ സുന്നത്തിനു വിരുദ്ധമായ ബിദ്അത്ത് എന്ന പ്രയോഗത്തിലെ ഏറ്റവും മർമ്മമായ ഭാഗമായി പറയേണ്ടത് എന്നുള്ള അടിസ്ഥാന ഭാഗം തന്നെ മുക്കി പാവപ്പെട്ട അണികളെ പിഴപ്പിക്കുന്നതാണ് വഹ്ഹാബീ നേതാക്കൾ.

തിരുനബിതങ്ങളും സ്വഹാബത്തും നിലകൊണ്ട വിശ്വാസത്തിൽ ആരു ജീവിക്കുന്നോ അവരാണ്‌ അഹ്ലുസ്സുന്ന. നൂറ്റാണ്ടുകൾ എത്രയോ ആയി മാറ്റമില്ലാതെ മുസ്ലിം ലോകം തുടർന്നു പോരുന്ന അടിസ്ഥാന വിശ്വാസമായ തൗഹീദിൽ പോലും തീരാത്ത ഇജ്തിഹാദുകൾ തുടരുന്ന വഹ്ഹാബീ വിഭാഗത്തിന്റെ ഇന്നത്തെ അവസ്ഥ കണ്ടിട്ടും നിങ്ങൾക്ക് മനസ്സിലാകുന്നില്ലേ ഇത് മുഅ്തസിലത്, ഖവാരിജ്, ഷീഅത്ത്, മുർജിഅ, മുശബ്ബിഹ..അങ്ങനെ പോകുന്ന ബിദ്അത്തിന്റെ കക്ഷികളിൽ പെട്ടത് തന്നെയെന്ന്..!!!

(അവലംബം: മൗലാനാ നജീബ് മൌലവിയുടെ പഴയ ഒരു ലേഖനം )

No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...