Sunday, November 08, 2015

പരാതിയല്ല - നന്ദിയാണ് വേണ്ടത്.

ഒരു യുവാവ്‌ ടൗണിലൂടെ നടക്കുമ്പോൾ കീറിപ്പറിഞ്ഞ വസ്ത്രവുമായൊരു വൃദ്ധ യാചകനെ കണ്ടു - എന്തൊക്കെയോ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു അയാളുടെ നടപ്പ്‌. കയ്യിൽ ഒരു ചെറിയ ഭാണ്ഡവുമുണ്ട്‌.

അടുത്ത്‌ ചെന്നു നോക്കിയപ്പോൾ 'ഈ ലോകത്ത്‌ എനിക്ക്‌ സ്വന്തമായുള്ളത്‌ ഈ ചെറിയ ഭാണ്ഡത്തിൽ ഒതുങ്ങുന്നത്‌ മാത്രമേയുള്ളൂ' എന്ന് വിലപിച്ചു കൊണ്ട്‌ താനെത്ര ദൗർഭാഗ്യവാനാണെന്നയാൾ സങ്കടപ്പെടുന്നുണ്ടായിരുന്നു.

പൊടുന്നനെ യുവാവ്‌ അയാളുടെ കയ്യിലുള്ള ഭാണ്ഡവും കൈക്കലാക്കി ദൂരേക്ക്‌ ഓടി മറഞ്ഞു. യാചകൻ പൊട്ടിക്കരഞ്ഞു കൊണ്ട്‌ പുറകെ ഓടി നോക്കി. പക്ഷേ നിരാശയായിരുന്നു ഫലം. അയാളുടെ പ്രയാസമേറി. ഒരിടത്ത്‌ കുത്തിയിരുന്നു വിതുമ്പുമ്പോൾ അയാളുടെ വിലാപം അപ്പോൾ തന്റെ നഷ്ടപ്പെട്ട ഭാണ്ഡത്തെ കുറിച്ചോർത്ത്‌ മാത്രമായിരുന്നു. ഭാണ്ഡം തട്ടിയെടുത്ത യുവാവ്‌ പതിയെ യാചകൻ ഇരുന്നിടത്ത്‌ നിന്നും കാണാവുന്ന ഒരു ദൂരത്ത്‌ അത്‌ കൊണ്ട്‌ വെച്ചു.

സർവ്വ പ്രതീക്ഷയും നഷ്ടപ്പെട്ട്‌ വിലപിച്ചു കൊണ്ടിരിക്കുന്ന യാചക വൃദ്ധൻ തന്റെ ഭാണ്ഡം ദൂരെ കണ്ടപ്പോ പരിസരം മറന്ന് ആഹ്ലാദിരേകത്താൽ 'എന്റെ ഭാണ്ഡം' എന്നുറക്കെ വിളിച്ചു പറഞ്ഞു കൊണ്ട്‌ ഓടിപ്പോയി അതെടുത്തു കൊണ്ട്‌ മാറോട്‌ ചേർത്തുവത്രേ..!




നമ്മൾ ആസ്വദിക്കുന്ന അനുഗ്രഹങ്ങൾക്ക്‌ നാമൊരിക്കലും വിലകൽപ്പിക്കുന്നില്ലെന്നതാണ്‌ സത്യം. അറ്റമില്ലാത്ത, എണ്ണിയാൽ തീരാത്ത, മനസ്സുകൾക്ക്‌ മൂടിയിടാൻ കഴിയാത്ത എത്രയെത്ര അനുഗ്രഹങ്ങൾ നമ്മിലല്ലാഹു നാം പോലുമറിയാതെ നൽകിക്കൊണ്ടേയിരിക്കുന്നു! എന്നാൽ അതിനൊന്നും ദാതാവായ അല്ലാഹുവിന്‌ നന്ദി രേഖപ്പെടുത്താത്തതിൽ നമുക്ക്‌ യാതൊരു സങ്കടവുമില്ല - എന്നാൽ താൻ മോഹിക്കുന്ന അനുഗ്രഹങ്ങൾ തനിക്ക്‌ നന്മയാനോ തിന്മയാനോയെന്ന് തനിക്കറിയുന്നതിലേറെ അറിയുന്ന അല്ലാഹുവിന്റെ തീരുമാനപ്രകാരം തൽക്കാലം തന്നിലില്ല എന്നതിന്റെ പേരിൽ സങ്കടപ്പെടാൻ നമ്മൾ മറക്കുന്നേയില്ല.

ياأيها الناس اذكروا نعمة الله عليكم هل من خالق غير الله يرزقكم من السماء والأرض

പരാതികളിലും പരിഭവങ്ങളിലും മൂക്കുകുത്തി കണ്ണുപൂഴ്ത്തും മുമ്പ്‌ സ്വന്തം ശരീരത്തിലും ചുറ്റുപാടുകളിലുമെങ്കിലുമൊന്ന് കണ്ണോടിച്ച്‌ ഇലാഹീ കാരുണ്യത്തിന്റെ എത്രയെത്ര ദ്രിഷ്ടാന്തങ്ങൾ നമ്മൾ ആസ്വദിക്കുന്നതെന്നൊന്നോർക്കുക. ലഭിക്കുന്നതിന്റെ വിശാലത മനസ്സിൽ ആഴത്തിൽ പതിയുമ്പോൾ ഇല്ലാത്തതിന്റെ വേവലാതിയേക്കാൾ ഉള്ളതിന്‌ നന്ദി ചെയ്യാൻ കഴിയുന്നില്ലല്ലോ എന്ന നിരാശയും ഭയവുമാണ്‌ വിശ്വാസിയുടെ മനസ്സിൽ നിറയുക. അവന്റെ അനുഗ്രഹത്തിന്റെ കവാടങ്ങൾ എങ്ങാനും നമുക്ക്‌ മുന്നിൽ കൊട്ടിയടക്കപ്പെട്ടാൽ, പരിഭവപ്പെടാൻ പോലും നമുക്ക്‌ അവന്റെ ഔദാര്യം കൂടിയേ തീരൂവെന്ന് ഓർക്കാതെ കഴിയില്ലല്ലോ, അവൻ നിഷേധിച്ചാൽ നൽകാൻ കഴിവുള്ളൊരു ഇലാഹിൽ നാം വിശ്വസിക്കുന്നില്ലല്ലോ..

പരീക്ഷണങ്ങളുടെ മേൽ പരീക്ഷണങ്ങൾ സഹിച്ചു കൊണ്ട്‌ മാറാരോഗങ്ങൾ പിടിപെട്ട്‌ ആശുപത്രിക്കിടക്കയിൽ വേദന തിന്ന് ജീവിക്കുന്നവർ ഒരിക്കലും കോടിക്കണക്കായ സമ്പത്തല്ല ആശിക്കുന്നത്‌ - മറിച്ച്‌ ഒരു നിമിഷമെങ്കിലും ഈ വേദനയും രോഗവുമൊന്ന് മാറിയെങ്കിൽ ഈ ലോകം മുഴുക്കെ പകരം നൽകാമെന്നായിരിക്കും. ചെറിയൊരു തലവേദനക്ക്‌ പോലും 'മറ്റൊന്നും വേണ്ട, ഇതൊന്ന് മാറിയാൽ മതിയെന്ന ചിന്ത വരുത്തുമെന്നത്‌ അനുഭവപാഠമല്ലേ..!


ഇമാം ദഹബി തങ്ങൾ ഉദ്ധരിക്കുന്നൊരു ചരിത്രമുണ്ട്‌: യാത്രക്കിടയിൽ വഴിതെറ്റിയ ഒരു മഹാനായ മനുഷ്യൻ തകർന്നു വീഴാറായ ഒരു ടെന്റിനകത്ത്‌ ഇരുകൈകളുമില്ലാത്ത, അന്ധനായ, ഒപ്പം പക്ഷാഘാതം ബാധിച്ചു തളർന്ന ഒരു വൃദ്ധനെ കണ്ടു. അദ്ദേഹം ദിക്രിലായിരുന്നു, നിർത്താതെ.

الحمد لله الذي فضلني على كثير من عباده تفضيلا

'അവന്റെ മറ്റനേകം അടിമകളേക്കാളേറെ എന്നെ പരിഗണിക്കുകയും ആദരിക്കുകയും ചെയ്ത അല്ലാഹുവിനാണ്‌ സർവ്വസ്തുതിയും'.

ആഗതൻ സലാം ചൊല്ലി അകത്തു കയറി - സലാം മടക്കിയ ശേഷം വൃദ്ധൻ ആരാണു വന്നതെന്നന്വേഷിച്ചു. വഴിതെറ്റിയ ഒരു യാത്രക്കാരൻ". ശേഷം അദ്ദേഹം വൃദ്ധനോട്‌ ചോദിച്ചു:

"ഇരുകൈകളുമില്ലാതെ, നടക്കാൻ കഴിയാതെ, കാഴ്ച്ച നഷ്ടപ്പെട്ട്‌, യാതൊരു വിധ സമ്പത്തുമില്ലാതെയായിട്ടും നിങ്ങൾ മറ്റുള്ളവരേക്കാൾ അല്ലാഹു നിങ്ങളെ പരിഗണിച്ചു എന്നതിന്റെ പേരിൽ അവനെ സ്തുതിക്കുന്നു ! എന്തുകൊണ്ടാണ്‌ ഇങ്ങനെ"?

വൃദ്ധൻ പറഞ്ഞു: അല്ലാഹുവിന്റെ അടിമകളിൽ എത്രയെത്രയാളുകൾ ബുദ്ധിയുടെ നിലതെറ്റിയവരുണ്ട്‌ - നിങ്ങൾ കാണുന്നില്ലേ എനിക്ക്‌ മനോനിലക്ക്‌ യാതൊരു തകരാറുമില്ല"

"ശരിയാണ്‌" ആഗതൻ പറഞ്ഞു.

വൃദ്ധൻ: അൽഹംദുലില്ലാഹ്‌ ബുദ്ധിമാന്ദ്യമുള്ള അവന്റെ ഒരുപാട്‌ അടിമകളുടെ മേലെ എന്നെ പരിഗണിച്ച്‌ അനുഗ്രഹിച്ച അല്ലാഹുവിന്‌ സ്തുതി.

എത്രയെത്ര ആളുകൾ കേൾവി ശക്തിയില്ലാത്തവരുണ്ട്‌ - നിങ്ങൾ കാണുന്നില്ലേ, എനിക്ക്‌ കേൾവി ശക്തിക്ക്‌ യാതൊരു കുഴപ്പവുമില്ല!"

ആഗതൻ: "ശരിയാണ്‌"

വൃദ്ധൻ: "അൽഹംദുലില്ലാഹ്‌ കേൾവിയില്ലാത്ത അവന്റെ ഒരുപാട്‌ അടിമകളുടെ മേലെ എന്നെ പരിഗണിച്ച്‌ അനുഗ്രഹിച്ച അല്ലാഹുവിന്‌ സ്തുതി."

വൃദ്ധൻ തുടർന്ന് തന്റെ സംസാര ശേഷിയേക്കുറിച്ചും തന്റെ ഈമാനിനേക്കുറിച്ചുമൊക്കെ ഇതേ രീതിയിൽ തുടർന്നു കൊണ്ടേയിരുന്നുവത്രേ..!!

രണ്ടു വ്യത്യസ്തരായ മനുഷ്യരുടെ കഥകളാണ്‌ മുകളിൽ നാം വായിച്ചത്‌ - തനിക്കില്ലാത്തതായി താൻ മനസ്സിലാക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച്‌ ഉള്ള അനുഗ്രഹങ്ങളൊക്കെ മറന്ന് പരാതിയുടെ ലോകത്ത്‌ ജീവിക്കുന്ന ഒരു മനുഷ്യൻ, തനിക്കില്ലാത്ത അനുഗ്രഹങ്ങളെ മറന്ന് തനിക്കുള്ള അനുഗ്രഹങ്ങളുടെ പേരിൽ അല്ലാഹുവിനെ സ്തുതിക്കുന്ന മറ്റൊരു മനുഷ്യൻ ! മനുഷ്യരിലെ ബഹുഭൂരിപക്ഷവും ഈ രണ്ടിലൊന്നിൽ പെടുന്നതാണെന്നതിൽ തർക്കമില്ല.

യാചകനായ വൃദ്ധൻ എത്രതന്നെ പരാതികളുമായി നടന്നെങ്കിലും തന്റെ കയ്യിലുള്ള ചെറിയ അനുഗ്രഹം നഷ്ടപ്പെട്ടപ്പോൾ പിന്നെ മറ്റെല്ലാം മറന്ന് അതെങ്കിലും തിരിച്ചു കിട്ടിയെങ്കിൽ എന്നതിലേക്ക്‌ അയാൾ എത്തിയിരുന്നു - നാമും നമുക്കുള്ളത്‌ നഷ്ടപ്പെടുമ്പോൾ മാത്രമേ അത്‌ നമുക്കെത്ര വലുതായിരുന്നുവെന്ന് മനസ്സിലാക്കൂ..

ഇലാഹീ - നിന്റെ അനുഗ്രഹങ്ങളെ തൊട്ട്‌ തിരിഞ്ഞു കളഞ്ഞ്‌ പരാതിയുടെ ഭാണ്ഡവുമായി നടക്കുന്ന പരാജിതരിൽ നീ ഞങ്ങളെ പെടുത്തല്ലേ.. :(

Tuesday, November 03, 2015

വിവാഹ ധൂർത്തും ആർഭാടവും

ആർഭാടം എന്നത് ഒരു പൊതുപ്രയോഗമാണ്. അതിനെ നിർവ്വചിക്കപ്പെടണം വ്യക്തമായും. ആർഭാടം ആപേക്ഷികമാണ് താനും. കാരണം ഒരാൾക്ക് ആർഭാടം ആകുന്നത് മറ്റൊരാൾക്ക് അങ്ങനെ ആകണം എന്നില്ല. പൊതു നിർവ്വചനങ്ങൾ സ്വയം ചമച്ചുകൊണ്ട് വിപ്ലവം തീർക്കാനിറങ്ങിയാൽ അതിനു വിശുദ്ധ മതത്തിന്റെ പിന്തുണ കിട്ടുകയില്ല.

ധൂർത്തിനെതിരെ എന്ന പേരിൽ തുടങ്ങിയ കാമ്പെയിനുകളും എഴുത്തു കുത്തുകളും ചർച്ചകളുമെല്ലാം "ധൂർത്ത്" എന്നൊരു പൊതുപദത്തെ 'വിവാഹം' എന്നതിലേക്ക് ചുരുക്കിക്കെട്ടി എന്ന് മാത്രമല്ല കൂടുതലും വിവാഹം എന്നതിൽ നിന്ന് പിന്നെയും ഖാസ്വാക്കി 'ഭക്ഷണം കൊടുക്കുക' എന്നതിലേക്ക് ചുരുക്കി എന്നതാണ് പരിപാടികളിലെ പ്രാസംഗികരുടെ വാക്കുകളിൽ നിന്നും ലേഖകരുടെ കുറിപ്പുകളിൽ നിന്നും പ്രവർത്തകരുടെ ചർച്ചകളിൽ നിന്നും അഭിപ്രായങ്ങളിൽ നിന്നും മനസ്സിലാകുന്നത്.

ദുർവ്യയത്തെ എതിർക്കുന്നതിൽ പക്ഷാന്തരമില്ല. പക്ഷെ നല്ല ഉദ്ദേശ്യത്തോടെ ചെയ്യുന്ന സൽക്കർമ്മങ്ങളെ കൂടെ ഇസ്രാഫിന്റെ കൂട്ടത്തിൽ എണ്ണി ആടിനെ പട്ടിയാക്കി അടിച്ചു കൊല്ലുന്ന ഏർപ്പാട് നല്ലതല്ല എന്ന് മാത്രമല്ല ഒട്ടനവധി നന്മകൾക്ക് കത്തി വെക്കലുമാകും.

لا خير في الإسراف ولا إسراف في الخير

'നല്ല കാര്യങ്ങളിൽ ദുർവ്യയമില്ല - ദുർവ്യയത്തിൽ നന്മയുമില്ല' എന്ന പ്രയോഗം സുപരിചിതമാണല്ലോ. ആവതിനപ്പുറം ആണെങ്കിൽ പോലും ആ ചിലവഴിക്കൽ നന്മ ഉദ്ദേശിച്ചു കൊണ്ട്, നല്ല മാർഗ്ഗത്തിൽ ആകുമ്പോൾ അത് ദുർവ്യയമാണെന്ന് പറയാൻ പാടില്ല എന്ന് ഉലമാക്കൾ ഇതിലൂടെ വ്യക്തമാക്കുന്നുണ്ട്.

മൂന്നിൽ ഒരു ഭാഗം മാത്രം കഴിച്ചും ഒരു ഭാഗം കുടിച്ചും ഒരു ഭാഗം കാലിയാക്കിയും ശീലിക്കലാണ് ശരിയായ ഇസ്ലാമിക വഴി എങ്കിലും അത്രത്തോളം ഉയർന്ന നിലയിലേക്ക് എല്ലാ സാധാരണക്കാർക്കും വളരാൻ കഴിഞ്ഞെന്നു വരില്ല. ആ തത്വം മനസ്സിലാക്കിയ ആൾ അതല്ലാത്ത രീതിയിൽ വയറു നിറക്കുന്നത് തെറ്റാണ് എന്ന് വാദിക്കുന്നത് എത്ര പോഴത്തമാണ്. ചില ആളുകൾ വാദിച്ചു വാദിച്ച് ആ രീതിയിലാണ് 'ധൂർത്ത്' വിഷയം കൈകാര്യം ചെയ്യുന്നത് എന്നാണ് ശ്രദ്ധിച്ചപ്പോ മനസ്സിലാകുന്നത്.

ദുർവ്യയം എന്നത് ഇസ്ലാം പഠിപ്പിക്കുന്നത് ഹറാമിൽ ചിലവഴിക്കുന്ന എന്തിനെയും ആണ്. കല്യാണത്തിനാകട്ടെ അല്ലാത്തപ്പോഴാകട്ടെ, ഏതൊരു സത്യവിശ്വാസിയും അവന്റെ ജീവിതത്തിന്റെ സകലമേഖലകളിലും ശ്രദ്ധിക്കേണ്ട കാര്യമാണല്ലോ ദുർവ്യയം എന്നത് - കാരണം ദുർവ്യയക്കാരെ പിശാചിന്റെ കൂട്ടാളികൾ ആയാണ് വിശുദ്ധ കലാം പരിചയപ്പെടുത്തുന്നത്. അത് സമ്പത്തിൽ മാത്രം ഒതുങ്ങുന്നതല്ല. നല്ല ഭക്ഷണം (അതെത്ര വിലപിടിച്ചതായാലും) ക്ഷണിച്ചു വരുത്തിയ ആളുകൾക്ക് കൊടുക്കുന്നത് (അതെത്ര ആളായാലും) നല്ലത് തന്നെ എന്ന് മാത്രമല്ല അത് ഏറ്റവും സുന്ദരമായ സുജന മര്യാദ കൂടിയാണ്. കുറച്ചാളുകൾക്ക് ഭക്ഷണം കൊടുക്കുന്നിടത്താണ് ചിലരുടെ ധൂർത്തിന്റെ നിർവ്വചനം ചെന്ന് ചേരുന്നത്. കഷ്ടം.





വിഭവങ്ങൾ കൂടുന്നതോ വിലപിടിച്ചതാകുന്നതോ ആളുകൾ കൂടുന്നതോ ദുർവ്യയത്തിന്റെ മാനദണ്ഡമാക്കുന്നത് തെറ്റാണ്. കാരണം ഇസ്ലാമിക നിയമങ്ങൾ പൊതുസ്വഭാവം ഉള്ളാതാണെന്നത് അതിന്റെ ഏറ്റവും വലിയ മഹത്വങ്ങളിൽ ഒന്നാണ്. വിലപിടിച്ചത് എന്നതിനെ പൊതുവായി മനസ്സിലാക്കുക എന്നത് തനി വിഡ്ഢിത്തം ആണെന്നതിൽ ആർക്കും തർക്കം ഉണ്ടാകില്ല - അവനവന്റെ സാമ്പത്തിക സ്ഥിതി അനുസരിച്ചാണ് സാധാരണയിൽ ഏതൊന്നിന്റെയും 'വിലപിടിപ്പ്' കണക്കു കൂട്ടുക. ആദരവായ നബിതങ്ങൾ (സ്വ) തന്നെ നൂറു കണക്കിന് സ്വഹാബത്തിനു വലീമത്ത് സദ്യ ഒരുക്കിയത് സത്യമായ പ്രമാണമാണ്‌. അത് തന്നെ നാട്ടിൽ പതിവുള്ള നല്ല ഭക്ഷണം തന്നെ നൽകുകയും ചെയ്തിട്ടുണ്ട് എന്നതിൽ നിന്നും നിരർഥകമായ പല വിതണ്ഡ ചിന്തകളും പൊളിയുന്നു.


ഉദാഹരണത്തിന്, ഭക്ഷണം പോലെ തന്നെ സ്വദഖാ ചെയ്യുന്ന മറ്റൊന്നാണല്ലോ പണം - ഭക്ഷണം വിലപിടിപ്പുള്ളത് കൊടുക്കുന്നതും അതിനായി ഒരുപാട് ചിലവഴിക്കുന്നതും തെറ്റാണ് എന്ന് പറയുന്നവർ ഒരു സമ്പന്നൻ അവന്റെ കഴിവ് അനുസരിച്ച് കയ്യിലുള്ള സമ്പത്തിൽ നിന്നും പാവങ്ങൾക്ക് ഒരുപാട് നൽകുന്നതിനെയും തെറ്റാണെന്ന് പറയുമോ ആവോ ! കാരണം താരതമ്യേന സമ്പത്ത് കുറഞ്ഞ മനുഷ്യൻ അവന്റെ കഴിവിനൊത്ത് ആണ് സാധുക്കളെ സഹായിക്കുക എന്നത് പരമാർഥമല്ലേ..!


നമ്മൾ വീട്ടിൽ സാധാരണയിൽ ക്ഷണിച്ചു വരുത്തുന്ന ആൾക്ക് ഏറ്റവും നല്ല ഭക്ഷണം കൊടുത്തല്ലേ നമുക്ക് ശീലം - അത് തന്നെ പല പല വിഭവങ്ങളും ആക്കും. അതിൽ ആർക്കും തബ്ദീർ കാണാൻ കഴിയാതെ അതെ കാര്യം കല്യാണദിവസം കൂടുതൽ ആളുകൾക്ക് നൽകുമ്പോ മാത്രം 'ധൂർത്ത്' ആകുന്നത് എങ്ങനെ എന്ന് ഇപ്പോഴും മനസ്സിലായില്ല.

ഭക്ഷണം കുഴിച്ചു മൂടുന്നതും വേസ്റ്റ് ആക്കുന്നതും ആണ് പ്രശ്നമെങ്കിൽ അത് കല്യാണത്തിൽ മാത്രം നിലനിൽക്കുന്നതല്ല - മറിച്ച് സ്വന്തം വീട്ടിൽ പതിവായി നമ്മൾ ഉണ്ടാക്കുന്ന ഭക്ഷണം വേസ്റ്റ് ആകുമ്പോഴും ബാധകമാണ് എന്നത് എന്തെ ഓർമ്മ വരുന്നില്ല..!

التبذير النفقة في معصية الله تعالى

ദുർവ്യയം എന്നത് കൊണ്ട് അർത്ഥമാക്കുന്നത് അല്ലാഹുവിന്റെ ധിക്കരിക്കുന്നതിൽ ചിലവഴിക്കുന്നതാണ് എന്ന് തന്നെയാണ് എല്ലാ ഉലമാക്കളും പഠിപ്പിക്കുന്നത്. അത് എല്ലായിടത്തും ബാധകമാണ്. സമ്പത്തുമായി മാത്രമല്ല നമ്മുടെ ശരീരത്തിലെ അവയവങ്ങളുടെ ഉപയോഗം പോലും ഇതിൽ പരിഗണിക്കേണ്ടി വരുമെന്നത് വ്യക്തമാണല്ലോ.

ഇത്തരത്തിൽ ഇസ്‌ലാം പഠിപ്പിച്ച ദുർവ്യയം എന്നതിനെ വിവാഹം എന്ന ഒരേ ഒരു വിഷയത്തിലേക്ക് കേന്ദ്രീകരിക്കുന്നത് അർത്ഥശൂന്യം തന്നെ. അസത്യവും അനാവശ്യവുമായ മാനദണ്ഡങ്ങൾ രൂപീകരിക്കപ്പെടാൻ ഇതൊന്നും കാരണമാകരുത്. മറ്റുള്ള എല്ലാ തബ്ദീർ ബാധകമാകുന്ന വിഷയങ്ങളിലേക്കും ഉള്ള ആമുഖമായി കാണാമെങ്കിൽ തികച്ചും സ്വാഗതാർഹം തന്നെ..

അവനവന്റെ നില മനസ്സിലാക്കി അതിൽ നിന്ന് കൊണ്ട്, ആളുകൾക്ക് മുന്നിൽ ദുരഭിമാനം കാണിക്കാൻ ശ്രമിക്കാതെ തന്നാൽ കഴിയുന്ന ചിലവുകൾ മാത്രം നടത്തി, കഴിയുന്നവർക്ക് കഴിയുന്ന രീതിയിൽ ഭക്ഷണവും സൌകര്യവും ഒക്കെ ഒരുക്കുന്നത് തീർച്ചയായും ഇസ്ലാമിൽ വളരെ പുണ്യമുള്ള കാര്യം തന്നെ.

മദീനയിലേക്ക് ഹിജ്‌റ പോയെത്തിയ ശേഷം തിരുനബി തങ്ങൾ നടത്തിയ ആദ്യ പ്രസംഗത്തിൽ തന്നെ അവിടുന്ന് മുസ്ലിമീങ്ങളോട് പറഞ്ഞത് ഭക്ഷണം കൊടുക്കാനും സലാമിനെ പരത്താനും കുടുംബ ബന്ധങ്ങളെ ചേർക്കാനും ആളുകൾ ഉറങ്ങിക്കിടക്കുമ്പോ അല്ലാഹുവിന്റെ മുമ്പിൽ നിസ്കാരത്തിലായി എഴുന്നേൽക്കാനുമാണ് - എങ്കിൽ പ്രയാസമില്ലാതെ സ്വർഗ്ഗീയാരാമം പുല്കാമെന്ന വാഗ്ദാനവും.

يا أيها الناس: أفشوا السلام، وأطعموا الطعام، وصِلُوا الأرحام، وصلّوا بالليل والناس نيام، تدخلوا الجنة بسلام

ധൂർത്ത് എന്നാൽ എന്താണ് എന്ന് നിർവ്വചിക്കാൻ അതിന് അർഹരായ ഉലമാക്കളിലേക്ക് വിടുന്നതാകും ഉത്തമം.അന്ധൻ ആനയെ കണ്ട പോലെ അവനവൻ മനസ്സിലാക്കിയതൊക്കെ ധൂർത്തും ഹറാമും ആക്കാൻ നടന്നാൽ കാലിനടിയിലെ മണ്ണൊലിപ്പ് തടയാൻ കഴിഞ്ഞെന്നു വരില്ല.

ജഅഫർ ഇബ്നു അബീത്വാലിബ്‌ (റ) വിന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗം

ജഅഫർ ഇബ്നു അബീത്വാലിബ്‌ (റ) തങ്ങൾ അബ്സീനിയൻ രാജാവായ നേഗസിന് മുന്നിൽ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗം:



"അല്ലയോ ചക്രവർത്തീ, ഞങ്ങൾ ജാഹിലിയ്യതിന്റെ കൈപ്പിടിയിലായിരുന്ന സമൂഹമായിരുന്നു - വിഗ്രഹങ്ങൾക്ക് ആരാധനയർപ്പിച്ചിരുന്ന, ശവങ്ങളുടെ ഇറച്ചി ഭക്ഷിച്ചിരുന്ന, സകലമാന അറപ്പും വെറുപ്പുമുളവാക്കുന്ന പ്രവർത്തികളിലും അഭിരമിച്ചിരുന്ന, കുടുംബ ബന്ധങ്ങളെ കാറ്റിൽ പറത്തിയിരുന്ന, അയൽപക്ക ബന്ധങ്ങളെ തകർത്തെറിഞ്ഞിരുന്ന, ശക്തിയുള്ളവർ സാധുക്കളായ മനുഷ്യരിൽ നിന്നും പിടിച്ചു പറിച്ചിരുന്ന സമൂഹമായിരുന്നു".

"ആ പതിതമായ അവസ്ഥയിൽ തന്നെ തുടരുകയായിരുന്നു ഞങ്ങൾ, അല്ലാഹു അവന്റെ ഒരു ദൂതരെ ഞങ്ങളിൽ നിന്ന് തന്നെ ഞങ്ങളിലേക്ക് പറഞ്ഞയക്കുന്നത് വരെ. അവിടുത്തെ സത്യസന്ധതയും വിശ്വാസ്യതയും ധർമ്മനിഷ്ഠയും കുടുംബ മഹിമയും ഞങ്ങൾക്കിടയിൽ പ്രസിദ്ധമായിരുന്നു".

"അവിടുന്ന് ഞങ്ങളെ അല്ലാഹുവിലേക്ക്, അവന്റെ ഏകത്വ അംഗീകരിക്കുന്നതിലേക്കും അവനെ ആരാധിക്കുന്നതിലേക്കും വിളിച്ചു. കല്ലുകളും വിഗ്രഹങ്ങളുമായി അല്ലാഹുവിന് പകരമായി ഞങ്ങളും ഞങ്ങളുടെ പ്രപിതാക്കളും ആരാധിച്ചിരുന്നതിൽ നിന്ന് പൂർണ്ണമായും വിട്ടൊഴിയുന്നതിലേക്കും അവിടുന്ന് ഞങ്ങളെ വിളിച്ചു".

"സത്യം മാത്രം സംസാരിക്കാനും, വാഗ്ദത്തം പാലിക്കാനും, കുടുംബ ബന്ധങ്ങൾ ചേർക്കാനും, അയൽവാസികളോട് നല്ലനിലയിൽ വർത്തിക്കാനും, നിഷിദ്ധമായ സകലപ്രവർത്തനങ്ങളും നിർത്താനും, രക്തച്ചൊരിച്ചിലുകൾ അവസാനിപ്പിക്കാനും, അശ്ലീലവും തെറ്റായതും വെറുപ്പുളവാക്കുന്നതുമായ സംസാരങ്ങളിൽ നിന്നും വിട്ടു നിൽക്കാനും അനാഥരുടെ സമ്പത്തിനെ കവരുന്നതിനെ തൊട്ട് ദൂരെയാകാനും പതിവ്രതകളായ സ്ത്രീകളെ കൊണ്ട് വ്യഭിചാര ആരോപണം നടത്തുന്നതിൽ നിന്നും വിട്ടു നിൽക്കാനും അവിടുന്ന് ഞങ്ങളോട് അനുശാസിച്ചു".

"അല്ലാഹുവിന് യാതൊരു പങ്കുകാരെയും വിശ്വസിക്കാതിരിക്കാനും അവനെ മാത്രം ആരാധിക്കാനും അഞ്ചുനേരം നിസ്ക്കരിക്കാനും സക്കാത്ത് കൊടുക്കാനും റമളാൻ മാസം വ്രതമനുഷ്ടിക്കാനും കഴിവുള്ളവർ ഹജ്ജ് ചെയ്യാനും അവിടുന്ന് ഞങ്ങളോട് കൽപ്പിച്ചു."

"ഞങ്ങൾ അവിടുത്തെയും അവിടുന്ന് അല്ലാഹുവിങ്കൽ നിന്നും കൊണ്ട് വന്നതിലും വിശ്വസിക്കുകയും, അവിടുന്ന് വിരോധിച്ചത് ചെയ്യാതിരിക്കുന്നതിലും അവിടുന്ന് കൽപ്പിച്ചത് ചെയ്യുന്നതിലും ഞങ്ങൾ അവിടുത്തെ പിന്തുടരുകയും ചെയ്തു."

"ഞങ്ങൾ ഏകസത്യദൈവമായ അല്ലാഹുവിനെ മാത്രം ആരാധിച്ചു, അവനിൽ യാതൊരു പങ്കുകാരെയും വിശ്വസിച്ചില്ല, ഞങ്ങളുടെ മേൽ നിഷിദ്ധമാക്കിയതിനെ ഞങ്ങളും നിഷിദ്ധമാക്കി, ഞങ്ങളുടെ മേൽ അനുവദനീയമാക്കി തന്നതിനെ ഞങ്ങളും അനുവദനീയമാക്കി".

"അല്ലയോ മഹാരാജാവേ, അവിടുന്നങ്ങോട്ട് ഞങ്ങളുടെ നാട്ടുകാരായ ജനങ്ങൾ ഞങ്ങളെ ആക്രമിച്ചു, ഞങ്ങളെ ഞങ്ങളുടെ ദീനിൽ നിന്നും പിന്മാറ്റാൻ വേണ്ടിയും അല്ലാഹുവിനെ ആരാധിക്കുന്നതിൽ നിന്നും വിഗ്രഹങ്ങളെ ആരാധിക്കുന്നതിലേക്ക് ഞങ്ങളെ തിരിച്ചു കൊണ്ട് പോകാനും വേണ്ടി അവരുടെ ക്രൂരതയുടെ ഭാഗമായ അതികഠിനമായ പീഡനങ്ങൾ അവരിൽ നിന്നും ഞങ്ങൾക്ക് ദർശിക്കേണ്ടി വന്നു".

"അവർ ഞങ്ങളെ നിഷ്ഠൂരമായി അടിച്ചമർത്തി, ഞങ്ങളുടെ ജീവിതം അസഹനീയവും താങ്ങാൻ കഴിയാത്ത പ്രയാസം നിറഞ്ഞതുമാക്കി, ഞങ്ങളുടെ വിശ്വാസം അനുസരിച്ച് ജീവിക്കുന്നതിൽ നിന്നും അവർ ഞങ്ങളെ തടസ്സപെടുത്തി"

"അങ്ങനെ ഒടുക്കം ഞങ്ങൾ ഞങ്ങളുടെ നാട് വിട്ടു പിരിഞ്ഞു, മറ്റാരേക്കാളും മുമ്പേ നിങ്ങളെ തിരഞ്ഞെടുത്ത് കൊണ്ട് അവിടുത്തെ നാട്ടിലേക്ക് വന്നു ചേർന്നു; അല്ലയോ രാജാവേ, ഞങ്ങൾ നിങ്ങളുടെ സംരക്ഷണം പ്രതീക്ഷിക്കുന്നു, അനീതിയും അക്രമവും സഹിക്കാതെ അവിടുത്തെ നാട്ടിൽ ജീവിക്കാൻ കഴിയും എന്ന് ഞങ്ങൾ ആഗ്രഹിക്കുകയും ചെയ്യുന്നു."

അവിടുത്തെ ഘനഗാംഭീര്യമാർന്ന പ്രസംഗം കേട്ട നജ്ജാശി രാജാവ് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിലേക്കായി

هل معك مما جاء به عن الله من شيء ؟

"നിങ്ങളുടെ കയ്യിൽ നിങ്ങളുടെ പ്രവാചകർ അല്ലാഹുവിങ്കൽ നിന്നും കൊണ്ട് വന്ന വല്ല തെളിവുമുണ്ടോ?" എന്ന് ചോദിക്കുകയും ശേഷം ജഅഫർ തങ്ങൾ സൂറത്ത് മറിയമിലെ ആദ്യഭാഗം അവിടുത്തെ അതിമനോഹരമായ ശബ്ദത്തിൽ ഓതിക്കൊടുക്കുകയും ചെയ്തു. ഓത്ത് കേട്ട രാജാവ് താടി നനയുമാർ കരഞ്ഞു പോയി. കൂടെ അവിടെയുണ്ടായിരുന്ന വേദപണ്ഡിതന്മാരും കരഞ്ഞു പോയി. അദ്ദേഹം തുടർന്ന് പറഞ്ഞു:

إن هذا والذي جاء به عيسى ، ليخرج من مشكاة واحدة ، انطلقوا ! فوالله لا أسلمهم إليكم أبدا ولا أكاد

"നിശ്ചയമായും നിങ്ങളുടെ പ്രവാചകർ കൊണ്ട് വന്നതും ഈസാ നബി കൊണ്ട് വന്ന സന്ദേശവും ഒരേ യിടത്ത് നിന്ന് തന്നെയാണ് - നടന്നോളൂ, അല്ലാഹുവാണ് സത്യം, നിങ്ങളെ ഒരിക്കലും തന്നെ അവരിലേക്ക് ഞാൻ തിരിച്ചയക്കുകയേയില്ല".


മഹാന്റെ ഹഖ് കൊണ്ട് നമ്മെ അല്ലാഹു ഇരുലോകത്തും വിജയിപ്പിക്കട്ടെ..ആമീൻ..

മൗലിദിൽ കള്ളക്കഥ ! വഹ്ഹാബീ തൽബീസിനു മറുപടി

സൽക്കർമ്മങ്ങളായി സമൂഹത്തിൽ നിരാക്ഷേപം നടന്നു വന്നിരുന്ന, റബ്ബിന്റെ വഴിയിലായി ജീവിക്കാൻ സഹായകമാകുന്ന സകലമാന വിഷയങ്ങളിലും അനാവശ്യമായതും തികച്ചും പിഴച്ചതുമായ സാങ്കേതികത്വം പറഞ്ഞു ആളുകളെ വസ് വാസാക്കി ഇല്ലാതെ ആക്കുക എന്ന കുതന്ത്രത്തിന്റെ ആശാന്മാരായ വഹ്ഹാബീ നേതാക്കളിൽ പെട്ട ഒരാളുടെ ആദരവായ നബിതങ്ങളുടെ തിരുചരിത്രങ്ങൾ വിപാടനം ചെയ്യാൻ പാടുപെടുന്ന ഒരു പ്രസംഗം കേട്ടു - അതിൽ പറയപ്പെട്ട വിഷയത്തിന്റെ ചെറിയ വിശദീകരണം കഴിയുന്ന രീതിയിൽ കൊടുക്കുക എന്നതാണീ കുറിപ്പിന്റെ ലക്‌ഷ്യം.


അയാൾ പറയുന്ന വിഷയത്തിൽ ആകെക്കൂടി ഉള്ളത് ആദരവായ നബിതങ്ങളുടെ (സ്വ) പ്രകീർത്തന സൃഷ്ടിയും ഉണ്ടാക്കിയ കാലം തൊട്ടിങ്ങോളം ആയിരക്കണക്കായ പണ്ഡിത താരകങ്ങൾ പാടിയും പറഞ്ഞും പ്രചരിപ്പിക്കുകയും അതിന്റെ പുണ്യം കരസ്ഥമാക്കുകയും ചെയ്യുന്ന ഷറഫൽ അനാം മൗലിദിൽ തിരുനബി (സ്വ) തങ്ങളുടെ തിരുജന്മ ശേഷം അവിടുത്തെ പിതാമഹൻ അബ്ദുൽ മുത്തലിബ് ആ പിഞ്ചു കുഞ്ഞിനെ എടുത്ത് കൊണ്ട് കഅബത്തിങ്കൽ പോകുകയും അവിടെ വെച്ച് ആ കുട്ടിയെ പറ്റി ഒരു കവിത ചൊല്ലി എന്നും അതിൽ

أنت الذي سميت في القرآن

ഖുർആനിൽ പേര് പരാമർശിക്കപ്പെട്ട കുട്ടിയാണ് ഇത് എന്ന് ഉണ്ട് എന്നും അത് കളവാണ് എന്നുമാണ്. അതിനുള്ള കാരണം ഖുർആൻ നബിതങ്ങൾ (സ്വ)ക്ക് ഇറങ്ങിയതാണ് - അപ്പോ നബിതങ്ങൾ ജനിച്ച സമയത്ത് അബ്ദുൽ മുത്തലിബിന് എങ്ങനെ അറിയും ഖുർആനിൽ അവിടുത്തെ പേരുണ്ട് എന്നതാണ്‌. ഇക്കാരണം കൊണ്ട് തന്നെ ഈ മൗലിദിൽ ഉള്ളത് കളവും സമുദായത്തെ എവിടെയൊക്കെയോ കൊണ്ട് പോകുന്നതുമാണ് എന്നാണ് മൂപ്പരുടെ വിലാപം കൊള്ളൽ.




യാഥാർഥ്യത്തിലേക്ക് നമുക്കൊന്ന് ചുരുങ്ങിയ രൂപത്തിൽ പോകാം.

ഈയൊരു ചരിത്ര സംഭവം ഉധരിചതിന്റെ പേരിലാണ് മൗലിദുകാരനും അത് പാരായണം ചെയ്യുന്നവരും പിഴച്ചവർ ആകുന്നതെങ്കിൽ എണ്ണിയെണ്ണി ഇതുദ്ധരിച്ച ഈയുള്ളവന്റെ ശ്രദ്ധയിൽ പെട്ട നാല് ഇമാമീങ്ങളെ താഴെ പറയുന്നു( എല്ലാ ചരിത്രകാരനമാരും ഇത് ഉദ്ധരിക്കുന്നുണ്ട്):

1) ഇമാം ഇബ്നു ഇസ് ഹാഖ്

2) ഇമാം ഇബ്നു അസാക്കിർ

3) ഇമാം ബൈഹഖി

4) ഇമാം ഇബ്നു കസീർ

ഇസ്ലാമിക ചരിത്രത്തിന്റെ അതിസുന്ദരമായ അദ്ധ്യായങ്ങൾക്ക് ആകമാനം അവലംബവും ആശയുമായ ചരിത്രകാരന്മാരിലെ അഗ്രഗണ്യരായ ഇമാമീങ്ങൾ ആകമാനം ഉദ്ധരിച്ച ഈ സംഭവത്തെ എടുത്ത് എഴുതിയതാണോ മൗലിദുകാരൻ ചെയ്ത തെറ്റ്..?

ഹബീബിന്റെ തിരുചരിത്രത്തിലെ ഈ സുവർണ്ണ താളുകൾ ആയിരത്തി നാനൂറു വർഷത്തിനിപ്പുറവും ജ്വലിപ്പിച്ചു നിർത്താൻ വേണ്ടി ആ തിരുജന്മ സ്തുതികൾ പാടുന്നതാണോ ഞങ്ങൾ ചെയ്ത തെറ്റ്..?

നാൽപ്പതു വയസ്സെത്തും മുമ്പ് തിരുനബി ആരുമല്ലെന്നും സാധാരണക്കാരനായ വെറുമൊരു 'അറബിപ്പയ്യൻ' ആന്നെന്നും കൊട്ടിഘോഷിക്കുന്ന വഹ്ഹാബികൾക്ക് ആ തിരുജന്മത്തിന്റെ ഓർമ്മകൾ ഉപയോഗശൂന്യമായ കെട്ടുകഥകൾ മാത്രമാണെന്ന് വരുന്നതിൽ അത്ഭുതമില്ല - പക്ഷെ മുസ്ലിമീങ്ങളിൽ ഹബീബിനോട് അസൂയ ഇല്ലാത്ത, അവിടുത്തെ ഏതൊരു പദവിയോടും സന്തോഷം മാത്രമുള്ള സ്നേഹമുള്ളവർക്ക് അത് പോര - അവിടുന്ന് "ആലമീന്" ആകമാനം അനുഗ്രഹമാണ് എന്ന് അല്ലാഹു പറഞ്ഞതിൽ പെട്ട ആലമീൻ അവിടുത്തെ നാൽപ്പതാം വയസ്സിലെ നുബുവ്വത്തിന് ശേഷം മാത്രമല്ല ഉള്ളത് - മറിച്ചു ഭൌതിക ലോകത്തേക്ക് അവിടുന്ന് ജനിച്ചു വീഴും മുമ്പും "ആലമീൻ" ഉണ്ട് - അതിനൊക്കെ അനുഗ്രഹം ആയ നബിതങ്ങൾ അവിടുത്തെ ജന്മത്തിന് മുമ്പും ജന്മത്തിലും ജീവിത കാലത്തും വഫാത്തിന് ശേഷവും അവിടുന്ന് സത്യവിശ്വാസിക്ക്‌ അത്ഭുതം തന്നെ - പരിശുദ്ധം തന്നെ.

വിഷയത്തിലേക്ക് വരാം: -

ഈ വിഷയത്തെ രണ്ട് രീതിയിൽ സമീപിക്കാൻ കഴിയും - ആദ്യത്തേത് ആദരവായ നബിതങ്ങളുടെ(സ്വ) തിരുനാമം "മുഹമ്മദ്‌" എന്ന് അവിടുന്ന് ജനിച്ചപ്പോൾ ഭൌതികലോകത്ത് വെച്ച് നാമകരണം ചെയ്തത് അബ്ദുൽ മുത്തലിബ് ആണെന്നുള്ളതിൽ ആർക്കും തർക്കമില്ല - ഇവിടെ തന്നെ പ്രാസംഗികൻ ഉദ്ധരിച്ച വസ് വാസിന്റെ കെട്ടഴിയും - കാരണം ആദരവായ നബിതങ്ങൾ(സ്വ) യുടെ തിരുനാമം "മുഹമ്മദ്‌" എന്നായിരിക്കണം എന്ന് ആരാണ് അബ്ദുൽ മുത്തലിബിന് അറിയിച്ചു കൊടുത്തത്? ഈ നാമം പൂർവ്വവേദങ്ങളിൽ ഉള്ളതാണെന്നും ആർക്കും സംശയമില്ല (ഇകൂട്ടരുടെ പരിപാടികളിൽ നിരന്തരം പൂർവ്വവേദങ്ങളിൽ നബിതങ്ങളുടെ പേരുണ്ട് എന്ന് പറയാറും ഉണ്ട്). അപ്പൊ സ്വാഭാവികമായും ഇവിടെ ഒരു ചോദ്യം ഉയരും - എങ്ങനെ അബ്ദുൽ മുത്തലിബിന് അറിഞ്ഞു ഈ കുട്ടിക്ക് "മുഹമ്മദ്‌" എന്ന് പേരിടണമെന്ന്..?

മുഹമ്മദ്‌ എന്ന് പേരിടണം എന്ന് ആരാണോ അറിയിച്ചു കൊടുത്തത് അതേ ഭാഗത്ത് നിന്ന് തന്നെ ഈ പേര് 'ഖുർആനിൽ' ഉണ്ട് എന്ന് അറിയിച്ചു കൊടുത്തതാകാമല്ലോ. അതിലെന്താണ് അത്ഭുതമുള്ളത്..? തിരുനാമം ഇൽഹാം ആയി അബ്ദുൽ മുത്തലിബിന് ലഭിച്ചതാണെങ്കിൽ അതേ രൂപത്തിൽ ഇൽഹാം ആയി അല്ലാഹുവിങ്കൽ നിന്ന് ഖുർആനിൽ ഈ കുട്ടിയുടെ പേരുണ്ട് എന്നും ലഭിക്കാം. അതിൽ അയുക്തികമായി യാതൊന്നുമില്ല .

ഇനി രണ്ടാമത്തേത് അഥവാ ഇവിടെ "ഖുർആൻ" എന്ന് പറഞ്ഞത് തന്നെ എടുക്കാം - അങ്ങനെ ആണെങ്കിൽ എന്താണ് പ്രശ്നം എന്ന് നോക്കാം.ഇവിടെ "ഖുർആൻ" എന്ന് പറഞ്ഞത് കൊണ്ട് ഉദ്ദേശ്യം വിശുദ്ധ ഖുർആൻ അല്ല മറിച്ച് പൂർവ്വ വേദങ്ങളിൽ പെട്ട ഇഞ്ചീൽ, സബൂർ അല്ലെങ്കിൽ തൗറാത്ത് ആണ് എന്ന് മനസ്സിലാക്കാം. അതിനും ന്യായമുണ്ട് കാരണം അല്ലാഹുവിന്റെ വിശുദ്ധ ഖുർ ആനിലും ഹബീബ്(സ്വ) യുടെ തിരുവാക്യങ്ങളിലും ഈ രീതിയിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.

വിശുദ്ധ ഖുർആൻ പറയുന്നത് നോക്കൂ -

സൂറത്ത് ഹിജ്രിലെ
الذين جعلوا القرآن عضين

എന്ന ആയത്തിൽ അഹ്ലുകിതാബികൾ ആയ ജൂത നസ്വാറാക്കൾ അവർക്കിറക്കപ്പെട്ട വേദങ്ങളിൽ കൈകടത്തലുകൾ നടത്തുകയും തന്നിഷ്ടത്തിനനുസരിച്ച്‌ വിശ്വസിക്കുകയും ചെയ്ത കാര്യം ഇമാം ഇബ്നു കസീർ(റ) ഇമാം ബുഖാരിയെ ഉദ്ധരിച്ചു പറയുന്നത് നോക്കുക -

وقوله : ( الذين جعلوا القرآن عضين ) أي : جزءوا كتبهم المنزلة عليهم ، فآمنوا ببعض وكفروا ببعض .

ഇവിടെ 'ജഅലൽ ഖുർആന' എന്ന് പറഞ്ഞത് ആരെപ്പറ്റിയാണ് ഇബ്നു അബ്ബാസ് (റ) തങ്ങളിൽ നിന്നും ഉദ്ധരിക്കുന്നത് നോക്കൂ -

قال البخاري : حدثنا يعقوب بن إبراهيم ، حدثنا هشيم ، أنبأنا أبو بشر ، عن سعيد بن جبير ، عن ابن عباس : ( جعلوا القرآن عضين ) قال : هم أهل الكتاب ، جزءوه أجزاء ، فآمنوا ببعضه ، وكفروا ببعضه

"അഹ്ലുകിതാബികൾ ആണവർ. - ഖുർആനിനെ ('അവരുടെ വേദങ്ങളെ' എന്നർത്ഥം) അവർ ഖണ്ഡങ്ങളാക്കുകയും ചിലതിൽ വിശ്വസിക്കുകയും മറ്റു ചിലതിൽ അവിശ്വസിക്കുകയും ചെയ്തു". (തഫ്സീർ ഇബ്നു കസീർ)

ഇവിടെ പറയപ്പെട്ട ഖുർആൻ ഏതാണ് എന്നൊന്ന് വസ് വാസുകാർ പറയണം. മാറ്റത്തിരുത്തലുകൾ അഹ്ലുകിതാബികൾ (യഹൂദികളും നസ്വാറാക്കളും എന്ന് തൊട്ടു മുമ്പത്തെ ആയത്തിന്റെ തഫ്സീറിൽ ഇബ്നു അബ്ബാസ് തങ്ങൾ തന്നെ പറയുന്നുണ്ട്) തിരുത്തലുകൾ നടത്തി എന്ന് പറയുന്നത് നബിതങ്ങൾ (സ്വ) ക്ക് ഇറക്കപ്പെട്ട ഖുർആൻ ശരീഫിനെ കുറിച്ചാണോ..?

അല്ലേയല്ല -

അപ്പൊ പൂർവ്വ വേദങ്ങളെ പറ്റി 'ഖുർആൻ' എന്ന് അല്ലാഹു തന്നെ പറഞ്ഞിട്ടുണ്ട് - അപ്പോ ഖുർആനും തെറ്റാണെന്ന് നിങ്ങൾ പറയുമോ..?!!

ചില ഇമാമീങ്ങൾ ഇത് ഉദ്ധരിച്ചത് "ഖുർആൻ" എന്നതിന് പകരം "ഫുർഖാൻ" എന്നാണ്. അങ്ങനെ ആണെങ്കിലും അത് അല്ലാഹു തന്നെ അവന്റെ വിശുദ്ധ ഖുർആനിൽ മുൻകാല വേദങ്ങളുടെ മേൽ ഉപയോഗിച്ചിട്ടുണ്ട്.

മൂസാ നബി (അ) മിന് തൌറാത്ത് ഇറക്കിക്കൊടുത്തു എന്ന് പറയുന്നിടത്ത് തൌറാത്ത് എന്ന് പറയുന്നതിന് പകരം "ഫുർഖാൻ" എന്നാണു അല്ലാഹു ഉപയോഗിച്ചത്.

ولقد آتينا موسى وهارون الفرقان وضياء وذكرا للمتقين
(സൂറത്തുൽ അംബിയാ)

ഇനി ആദരവായ നബിതങ്ങൾ(സ്വ) യുടെ തിരുവചനത്തിൽ പൂർവ്വ വേദത്തെ കുറിച്ച് ഖുർആൻ എന്ന് ഉദ്ധരിച്ചത് കൂടെ ആയാൽ വിഷയത്തിലെ യാതൊരു വിധ തൽബീസുകളും ബാക്കി നിൽക്കില്ല - അല്ലാഹുവും റസൂലും (സ്വ) പഠിപ്പിച്ചതിനേക്കാൾ "കൂടുതൽ" ഇസ്ലാം ഇക്കൂട്ടർക്ക് അറിയാം എന്ന് വിശ്വസിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവർ ഇവരുടെ പിന്നാലെ കൂടട്ടെ..മുസ്ലിമീങ്ങളെ പ്രതീക്ഷിക്കരുത്.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ " خُفِّفَ عَلَى دَاوُدَ ـ عَلَيْهِ السَّلاَمُ ـ الْقُرْآنُ، فَكَانَ يَأْمُرُ بِدَوَابِّهِ فَتُسْرَجُ، فَيَقْرَأُ الْقُرْآنَ قَبْلَ أَنْ تُسْرَجَ دَوَابُّهُ،

അബൂ ഹുറൈറ തങ്ങളെ തൊട്ട് റിപ്പോർട്ട്: നബിതങ്ങൾ(സ്വ) പറഞ്ഞു: ഖുർആനിൻ പാരായണം (സബൂർ ആണ് ഉദ്ദേശ്യം) ദാവൂദ് നബി അലൈഹിസ്സലാമിനു അല്ലാഹു എളുപ്പമാക്കികൊടുത്തു. ദാവൂദ് നബി (അ) അവിടുത്തെ യാത്രാ മൃഗത്തിന്റെ ജീനി കെട്ടാൻ ആജ്ഞാപിക്കുമായിരുന്നു. ജീനി കെട്ടിതീരുന്നതിന്റെ മുമ്പ് അവിടുന്ന് ഖുർആൻ (സബൂർ ആണ് ഉദ്ദേശ്യം) ഓതി തീർക്കുമായിരുന്നു. (സ്വഹീഹുൽ ബുഖാരി).

ഇവിടെ പറയപ്പെട്ട ഖുർ ആൻ എന്താണ് എന്ന് ഇമാം ഇബ്നുഹജർ അസ്ഖലാനി തങ്ങൾ മറ്റു സാധ്യതകൾ പറയുന്ന കൂട്ടത്തിൽ വ്യക്തമായി പറയുന്നത് നോക്കൂ..

وقيل المراد الزبور ، وقيل التوراة

ഇവിടുത്തെ ഖുർആൻ എന്നത് ഒന്നുകിൽ സബൂർ അല്ലെങ്കിൽ തൌറാത്ത് ആണെന്ന് പറയപ്പെട്ടിരിക്കുന്നു.(ഫത്ഹുൽബാരി)

ഇവരുടെ ആചാര്യനായ ഇബ്നുൽ ഖയ്യിം തന്നെ പറയുന്നത് നോക്കൂ ഈ ഹദീസിനെ കുറിച്ച്:

والمراد بالقرآن هنا الزبور
"ഇവിടെ ഖുർആൻ എന്ന് പറഞ്ഞത് കൊണ്ട് ഉദ്ദേശ്യം സബൂർ ആണ്." (തഹ്ദീബുസ്സുന്ന)

നോക്കൂ - ദാവൂദ് നബി (അ) ന് ഇറക്കപ്പെട്ട സബൂറിനെ കുറിച്ച് ഒരേ ഹദീസിൽ രണ്ട് പ്രാവശ്യം ആദരവായ നബിതങ്ങൾ(സ്വ) ഖുർആൻ എന്ന് പറഞ്ഞു..! ഇനി ഇതിന്റെ പേരിൽ ബുഖാരിയിലെ ഈ ഹദീസ് കളവാണ് എന്നും ബുഖാരി "എവിടെയൊക്കെയോ" മുസ്ലിമീങ്ങളെ കൊണ്ട് പോകുന്നു എന്നും പറയുമോ..?!!

ഇങ്ങനെയാണീ കൂട്ടരുടെ സകലമാന പിഴപ്പിക്കലുകളുടെയും സ്ഥിതി. ഈമാനിനു മേലേക്ക് യുക്തിയെ പ്രതിഷ്ടിച്ച് തന്റെ തറയുക്തിയിൽ ശരിയെന്നു തോന്നുന്നതിനെ മാത്രം വിശ്വസിക്കുകയും മേലെ ഉദ്ധരിക്കപ്പെട്ട അഹ്ലുകിതാബികളെ പോലെ

فآمنوا ببعض وكفروا ببعض .

പ്രമാണങ്ങളിൽ തങ്ങൾക്ക് ഇഷ്ടപ്പെട്ടത് വിശ്വസിക്കുകയും അല്ലാത്തത് തള്ളുകയും ചെയ്യുന്ന തികഞ്ഞ പൗരൊഹിത്യ രീതിയിലേക്ക് ഇസ്ലാമിനെ വഴിനടത്തുകയാണ് ഈ വഹ്ഹാബിസം.



നാശത്തിന്റെ പടുകുഴിയിലേക്ക് നാഥന്റെ അടുക്കൽ നിന്നും ശിക്ഷ അത്തരം കൂട്ടരിലെക്ക് ഇറങ്ങിയത് നമ്മിലേക്ക് ഇറങ്ങാതിരിക്കുന്നത് അല്ലാഹുവിന്റെ ദീനിനെ ഇത്തരത്തിൽ വ്യഭിചരിക്കുന്ന മൗലവിമാർക്ക് എതിരിൽ സത്യത്തിന്റെ ജിഹാദൊരുക്കി സുന്നീ ഉലമാക്കൾ അണിനിരക്കുന്നത് കൊണ്ടായിരിക്കാം.

ഹബീബിന്റെ ചരിത്രം പോലും തുടച്ചു നീക്കുക എന്ന ആഗോളതലത്തിലെ ഇസ്ലാമിക വിരുദ്ധ അച്ചുതണ്ടിന്റെ കുതന്ത്രത്തിന് അറിഞ്ഞും അറിയാതെയുമുള്ള ഓശാന പാടലിന്റെ രൂപങ്ങളിൽ ഒന്നാണിത്. പക്ഷെ അല്ലാഹു അവന്റെ ആദ്യസൃഷ്ടിയുടെ എന്തെല്ലാം സംഭവ ചരിത്രങ്ങൾ നിലനില്ക്കണം എന്ന് നിശ്ചയിച്ചുവോ അതൊക്കെ ഏതൊരു കാർമേഘം കൊണ്ട് മറയിട്ടാലും സൂര്യ വെളിച്ചം പോലെ തിളങ്ങുന്ന തിരുചരിതമായി എന്നെന്നും നിലനിൽക്കും. കാരണം അവിടുത്തെ ചരിത്രത്തിലാണ് ലോകത്തിന്റെ അടിസ്ഥാന സ്രിഷ്ടിപ്പിന്റെ ചരിത്രമുള്ളത്..അവിടുന്നില്ലാതെ ലോകമില്ല..അവിടുന്നില്ലാതെ വിജയമില്ല.അവിടുന്നല്ലാതെ മറ്റൊരു തുണയില്ല -


_"ആരംഭ നബിയേ തുണ"_