Monday, December 28, 2015

തിരുദൂതരോടുള്ള പ്രണയം അനിവാര്യ ബാധ്യത..

സ്വന്തമായുള്ള എന്തിനേക്കാളും ആദരവായ നബി തങ്ങളെ (സ്വ) സ്നേഹിക്കുമ്പോൾ മാത്രമേ ഒരു സത്യവിശ്വാസിയുടെ ഈമാൻ പൂർണ്ണമാകുന്നുള്ളൂ. നമ്മുടേതായി നാം മനസ്സിലാക്കുന്നതെന്തും ആദരവായ നബിതങ്ങളിലേക്ക് ചേർക്കുമ്പോൾ അർത്ഥശൂന്യമാകണം. ഇത് അല്ലാഹുവിങ്കൽ നിന്നുള്ള കൽപ്പനപ്രകാരം മാത്രമല്ല ബുദ്ധിപരമായി തന്നെ അനിവാര്യമാണെന്ന് നേർചിന്തയുള്ള ഏതൊരാൾക്കും മനസ്സിലാക്കാൻ കഴിയും.

നമ്മുടെ മാനസികമോ ശാരീരികമോ ആയ സുഖ,സൗഖ്യ സന്തോഷത്തിന്റെ ഭാഗമായതാണ് നാം ഇഷ്ടപ്പെടുന്നതെല്ലാം. എവിടെയും 'ഞാൻ' ഇല്ലാതെ 'എന്റേത്' ഉണ്ടാകില്ലല്ലോ. ഞാനാകുന്ന അസ്ഥിത്വത്തിന്റെ തന്നെ കാരണം ഹബീബായ നബി തങ്ങൾ (സ്വ) യാണ് എന്ന് തിരിച്ചറിയുമ്പോൾ ബുദ്ധിപരമായി തന്നെ തന്റേതായ മറ്റെന്തിനേക്കാളും അവിടുത്തെ ഇഷ്ടപ്പെടുന്നതിന്റെ അനിവാര്യത വ്യക്തമാകും.

കാതലായ സ്നേഹത്തിന്റെ പങ്കുവെക്കാത്ത ഭാഗം തിരുനബി തങ്ങൾക്ക് നൽകുന്നതിൽ നാമേറെ കടപ്പെട്ടവർ തന്നെ. അവിടുന്ന് നമുക്ക് നൽകിയത് തിരിച്ച് നൽകുക പോലും നമ്മളാൽ സാധ്യമല്ല. ത്വാഇഫിന്റെ ഭൂമിയിൽ അക്രമികളായ സമൂഹം അവിടുത്തെ പിന്നാലെ കുട്ടികളെ അയച്ചു മൈലുകളോളം കല്ലെറിഞ്ഞപ്പോ 'രണ്ടു മലകൾക്ക് ഇടയിൽ ഞെരിച്ചമർത്തി അവരെ ഇല്ലായ്മ ചെയ്യാൻ അവിടുത്തെ സമ്മതം മാത്രം മതിയെന്ന് മാലാഖ വന്നു പറഞ്ഞപ്പോ അവരിൽ നിന്നോ പിൻതലമുറയിൽ നിന്നോ ഈമാനിന്റെ ഒരു ഭാവി പിറക്കുന്നതിനെയാണ് ഞാൻ ഇഷ്ടപ്പെടുന്നത്' എന്ന് പറഞ്ഞത് അവിടുത്തെ സ്വന്തത്തെക്കാൾ സമൂഹത്തെ സ്നേഹിച്ചത് കൊണ്ടാണ്.

ഉഹദിന്റെ ഭൂമികയിൽ തിരു വായിലെ മുൻ പല്ല് പൊട്ടി രക്തം ഭൂമിയിൽ കലരുമാർ അവിടുന്ന് വേദനിക്കേണ്ട ആവശ്യം അവിടുത്തെ സ്വന്തത്തിനില്ലായിരുന്നു - മറിച്ച് ഇസ്ലാമും ഈമാനും സംരക്ഷിക്കപ്പെടുകയും നമ്മിലേക്ക് കൈമാറിതരുകയും ചെയ്യുന്നതിലേക്ക് മാത്രമായിരുന്നു അവിടുത്തെ സഹനം.



ഈന്തപ്പന ഓലകളുടെ പാടുകൾ തിരുശരീരത്തിലെ മൃദുലതയിൽ അടയാളങ്ങൾ തീർത്തത് അവിടുത്തേക്ക് ഇല്ലായ്മയുടെ വല്ലായ്മ കൊണ്ടാണെന്ന് ഇസ്ലാമിക സാമ്രാജ്യത്തിന്റെയും മുസ്ലിമിന്റെ മനോ സാമ്രാജ്യത്തിന്റെയും അധിപരായിരുന്ന പ്രവാചകരെ അറിഞ്ഞവർ പറയുകയില്ല തന്നെ - ഒരു വിരിപ്പ് ഞാൻ തുന്നിത്തരാൻ അവിടുന്ന് സമ്മതം തരുമോ എന്ന് ചോദിച്ച സ്വഹാബിയോട്:

"ഞാനും ഈ ദുനിയാവും തമ്മിൽ യാത്രക്കാരനായ മനുഷ്യൻ വഴിയിലെ തണൽ മരത്തിന് താഴെ വിശ്രമിക്കുമ്പോ ആ മരവും യാത്രക്കാരവും തമ്മിലുള്ള ബന്ധം മാത്രമാണുള്ളത്" എന്നായിരുന്നു അവിടുത്തെ മൊഴി. സ്വന്തത്തിൽ മോഹമില്ലാതിരുന്നിട്ടും അവിടുത്തെ സഹചാരികളുടെ പ്രയാസം നീങ്ങാൻ അവിടുന്ന് ആശിച്ചിരുന്നു.

ബദ്റിന്റെ രണാങ്കണത്തിലേക്ക് വാഹനങ്ങൾ ഇല്ലാത്ത കാരണം മൂന്നും നാലും പേർ ഊഴമിട്ട് ഒട്ടകപ്പുറത്ത് യാത്ര ചെയ്യുന്ന, ഉടുക്കാൻ വസ്ത്രമില്ലാതെ പൊരി വെയിലത്ത് നഗ്നപാദരായി മരുഭൂമിയിലെ നടത്തം കാരണം കാലുകൾ കീറി പൊട്ടിപ്പോയിരുന്ന സ്വഹാബത്തിനെ കണ്ട് അവിടുന്ന് ദുആ ചെയ്തത്:

"അവർക്ക് നഗ്നപാദരാണ് നാഥാ, അവർക്ക് കയറാനുള്ള വാഹനം നൽകണേ, അവർക്ക് ധരിക്കാൻ വസ്ത്രമില്ല അല്ലാഹ്, അതിനുള്ള വക നീ കൊടുക്കണേ, അവർക്ക് വിശപ്പടക്കാൻ ആവശ്യത്തിനു ഭക്ഷണമില്ല റബ്ബേ, അവരെ നീ ഭക്ഷിപ്പിക്കണേ.." എന്നായിരുന്നു.

സ്വന്തത്തേക്കാൾ, ഐഹികമായി ലഭ്യമായ ഐശ്വര്യങ്ങളിൽ പോലും തന്റെ സമുദായത്തെ സ്നേഹിച്ച തിരുമുസ്ഥഫാ തങ്ങളോടു നമ്മുടെ കടപ്പാട് എങ്ങനെ തീരും?! ആരുമാരും സഹായിക്കാനില്ലാത്ത സമയത്ത് ഏവരും സ്വന്തത്തെ ഓർത്ത് പരസഹായം സാധ്യമല്ലെന്ന് കൈ മലർത്തുന്ന സമയത്ത് ഇലാഹീ സവിധത്തിലേക്ക് സുജൂദിലായി വീണു കൊണ്ട് നമ്മുടെ കാര്യങ്ങൾ പറയാനുള്ള ഒരേ ഒരു അത്താണി..

"എല്ലാ നബിമാരും അവർക്ക് നൽകപ്പെട്ട ദുആ ദുനിയാവിൽ വെച്ച് തന്നെ ഉപയോഗിച്ചിട്ടുണ്ട് - ഞാൻ എന്റെ ദുആ ആഖിറത്തിലേക്ക് മാറ്റി വെച്ചിരിക്കുന്നു - അവിടെ "എന്റെ ഉമ്മത്തിന് മുഴുവൻ നീ പൊറുക്കണേ അല്ലാഹ്" എന്ന് ഞാൻ പ്രാർഥിക്കും" എന്ന് പറഞ്ഞ പ്രവാചകർ.

ഇനി സന്തോഷ ലബ്ധിയോ സൗഖ്യസമ്പാദനമോ ആണ് മാനദണ്ഡം എങ്കിലും മക്കളും ഭാര്യമാരും സമ്പാദ്യവുമെല്ലാം ദുനിയാവിന്റെ മോടി മാത്രമാണെന്നും വിശുദ്ധ കലാം തന്നെ പഠിപ്പിക്കുന്നു, നിലനിൽക്കുന്ന സന്തോഷം ആദരവായ തങ്ങളിലൂടെ മാത്രമേ ലഭിക്കുന്നുള്ളൂ. അവിടുന്നിലൂടെയല്ലാതെ നിത്യസുഖവാസത്തിന്റെ സ്വർഗ്ഗീയ ആരാമത്തിലേക്ക് എത്തിച്ചേരാൻ കഴിയില്ലല്ലോ.

അവിടുന്ന് നമ്മെ മറന്നതെപ്പോഴാണ്? ഇല്ല ഒരു നിമിഷം പോലും അവിടുന്ന് അവിടുത്തെ ഉമ്മത്തിനെ മറന്നിട്ടേയില്ല - തിരുജീവിതത്തിന്റെ അവസാന നിമിഷം പോലും 'ഉമ്മത്തീ, ഉമ്മത്തീ' എന്നവിടുന്ന് വേവലാതി കൊള്ളുന്നുണ്ടായിരുന്നു.

നമ്മളെപ്പോ അവിടുത്തെ മറന്നു? നമുക്കെങ്ങനെ അവിടുത്തെ മറക്കാൻ കഴിയും? അവിടുത്തെ തിരുജീവിതത്തിന്റെ ഓർമ്മകൾ മറവിയുടെ മണ്ണിലേക്ക് ഖബറടക്കം ചെയ്‌താൽ പിന്നെ എന്താണ് നമ്മുടേതായി ബാക്കിയുള്ളത്?

ഇസ്ലാമികമായ എന്തെന്ത് മൂല്യങ്ങളുണ്ടോ അതിലൊക്കെ മാതൃകയുടെ വെളിച്ചമേകി മുമ്പേ നടന്ന വഴികാട്ടികൾ ആണ് തിരു സ്വഹാബത്ത്. ഈമാനിന്റെ വെളിച്ചം മനസ്സിൽ ആഴത്തിൽ വേരൂന്നിയ സ്വഹാബത്തിനോളം വരില്ലല്ലോ മറ്റാരും. അവരിൽ തന്നെ ഹബീബിന്റെ(സ്വ) ഹബീബായ അബൂബക്കർ (റ) തങ്ങളിലേക്ക് നോക്കൂ..

സ്വന്തം പിതാവായ അബൂഖുഹാഫ(റ) ഇസ്ലാം സ്വീകരിക്കുന്ന അവസരത്തിൽ കണ്ണുനീരൊലിപ്പിക്കുന്ന അബൂബക്കർ(റ വിനോട് 'എന്താണ് നിങ്ങളുടെ കരച്ചിലിന്റെ കാരണം' എന്ന പ്രവാചകരുടെ ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി:

"നബിയേ, എന്റെ സ്വന്തം പിതാവ് ഇസ്ലാമിലേക്ക് വരുന്നതിനേക്കാൾ എനിക്കിഷ്ടമായിരുന്നു അവിടുത്തെ പിതൃവ്യർ അബൂത്വാലിബ് ഇസ്ലാമിലേക്ക് വരുന്നത്. കാരണം എനിക്കറിയാം അത് അവിടുത്തെ കൂടുതൽ സന്തോഷിപ്പിക്കുമായിരുന്നു എന്ന്"

ഗാർ സൌറിലെക്കുള്ള വഴി കണ്ടവർ ഓർക്കുന്നില്ലേ - തിരുനബി തങ്ങളുടെ(സ്വ) മുന്നിലായും പിന്നിലായും ഇടത്തായും വലത്തായും ഓടി നടന്ന് അവിടുത്തെ കാത്തുരക്ഷിച്ച അബൂബക്കർ(റ)വിനെ..തിരുമുസ്ഥഫാ തങ്ങളുടെ ഉറക്കം തെളിയുന്നത് തന്റെ ജീവൻ പോകുന്നതിനേക്കാൾ പ്രയാസമായി തോന്നിയ ഒന്നാം ഖലീഫയുടെ നിമിഷങ്ങൾ നമുക്ക് മറക്കാമോ?..

തൊട്ടടുത്ത് തന്നെ മറ്റൊരു സ്വാഹിബായ ഉമർ(റ) വിലേക്ക് കൂടെ നോക്കൂ...

അബ്ബാസ് (റ) വിനോട് ഉമർ(റ) പറഞ്ഞു: "താങ്കളുടെ ഇസ്ലാമിലേക്കുള്ള വരവിനെ ഞാനെന്റെ സ്വന്തം പിതാവിന്റെ ഇസ്ലാമികാശ്ലേഷണത്തേക്കാൾ ഇഷ്ടപ്പെടുന്നു - കാരണം അത് നബി തങ്ങൾക്ക് (സ്വ) വളരെ സന്തോഷം നൽകി എന്നെനിക്കറിയാം"

എന്തൊരു മനസ്സറിഞ്ഞ സമർപ്പണം..! നേരിൽ പ്രവർത്തിയിൽ വ്യക്തമാകുന്ന സംഭവങ്ങൾ തന്നെ എത്രയോ ഉണ്ട് എങ്കിലും ഹബീബായ നബി തങ്ങളുടെ ഇഷ്ടത്തെ പോലും സ്വന്തം കുടുംബത്തിന്റെയും സ്വന്തത്തിന്റെയും സന്തോഷത്തേക്കാൾ വലുതായി കണ്ട രണ്ട് അനുചരന്മാരുടെ വ്യത്യസ്തമായ അഭിപ്രായ പ്രകടനങ്ങളിലെ സാമ്യത പോലും എത്ര വ്യക്തമായാണ് പരിശുദ്ധമായ പ്രണയത്തെ വരച്ചു കാട്ടുന്നത്..!

പ്രവാചക പ്രണയത്തിന്റെ മഹോന്നത മാതൃകകളായി വിരാജിച്ച സലഫുകളും ഖലഫുകളും ഇമാമീങ്ങളുമായ നൂറ്റാണ്ടുകളുടെ സാക്ഷ്യം മുൻകഴിഞ്ഞു പോയി. പ്രവാചക പ്രണയ സമുദ്രത്തിലെ പരൽ മീനുകൾ മരിച്ചു തീരുന്നില്ല. ചരിത്രം ആവർത്തിച്ചു കൊണ്ടേയിരിക്കും. അവിടുത്തോടുള്ള പ്രണയം മുറിയുമ്പോൾ ഈമാനിന്റെ പൂർണ്ണത നഷ്ടമാകും. ഈമാനിന്റെ പൂർണ്ണത നഷ്ടമായ സമൂഹം പിന്നെ നാശത്തിന്റെ വിളിയാളത്തിന് ചെവിയോർക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂ..

ഈമാൻ എന്നത് പുറമെയുള്ള കാട്ടിക്കൂട്ടലുകളല്ല - ഹൃദയത്തിൽ വേരുറക്കുകയും പ്രവർത്തികൾ കൊണ്ട് ബലപ്പെടുത്തിയതുമാണ്. ഹബീബിനോടുള്ള പ്രണയം ഈമാനാണ്: അതും പുറം മോടിയുടെ വെളിച്ചം മാത്രമാകാതെ പ്രണയത്തെ ബലപ്പെടുത്തുന്ന പ്രവർത്തികളിൽ വേരുറച്ച മനസ്സിനകത്തെ വികാരമാകണം..

കാത്തിരിക്കുമെന്നവിടുത്തെ വാഗ്ദാനമാണ് - വാക്ക് തെറ്റിക്കാത്ത അമീനായ ഹബീബിന്റെ ചാരത്തണഞ്ഞ് തിരുകരം തൊട്ട് ഹൗളിൽ നിന്നും കോരിക്കുടിക്കണം - പ്രണയഭാജനത്തിന്റെ പൂമുഖം കാണണം... അവിടുന്നിലേക്ക് നടന്നടുക്കണം.. അവിടുത്തോട് ചേരണം..

പ്രണയ സാക്ഷാൽക്കാരത്തിന്റെ സുവർണ്ണ നിമിഷത്തിൽ സ്വയം മറന്നൊന്ന് നിശ്വസിക്കണം. കസ്തൂരിയെ വെല്ലുന്ന തിരുശരീരത്തിന്റെ സുഗന്ധം ആവഹിക്കണം. കണ്ണും മനസ്സും ആ തിരുസവിധത്തിൽ കുളിരണിയിക്കണം..

ആശയാണ് നാഥാ, നിരാശയാക്കല്ലേ..

No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...