Monday, December 21, 2015

വേർപാടിന്റെ വേദന കൂടിച്ചേരലിന്റെ സന്തോഷമാകണം..

കൂടെയുണ്ടായിരുന്നതും ഉണ്ടായിരുന്നവരേയും ദൂരേയാക്കി നീങ്ങുക എന്നതിനോളം തദവസരം വേദനാജനകമായ മറ്റൊന്നുമുണ്ടാകില്ല എന്നതാണ്‌ അനുഭവം. ചില വേർപാടുകൾ കാലമേറെ നമ്മുടെ ഹൃദയത്തെ മഥിച്ച്‌ നിൽക്കും. ചിലതിന്‌ സെക്കന്റുകളുടെ ദൈർഘ്യം മാത്രം.

മനുഷ്യർ തമ്മിലുള്ളതാകട്ടെ, മനുഷ്യരും മൃഗങ്ങളും തമ്മിലുള്ളതാകട്ടെ, മൃഗങ്ങൾക്കിടയിൽ ആകട്ടെ സൃഷ്ടികളിലേക്ക് എവിടെയും എങ്ങനെയും നോക്കിയാൽ ഇതാണ്‌ അവസ്ഥ.

ബന്ധങ്ങളുടെ നൂലിഴകളിലായി കോർക്കപ്പെട്ട മനുഷ്യർ തമ്മിൽ ചുരുങ്ങിയ കാലത്തേക്ക്‌ ആണെങ്കിൽ കൂടെ യാത്ര പറയുന്നത്‌ എത്രമാത്രം കരളലിയിക്കുന്ന വികാരമാണ്‌ എന്ന് പ്രവാസം അനുഭവിച്ചവർക്ക്‌ കൃത്യമായി അറിയാം.

കാലങ്ങളായി താൻ പോറ്റി വളർത്തിയിരുന്ന ഒരു കാലിയെ വിൽക്കുന്ന ഉടമയുടെ വേദന വളരെയായിരിക്കും. തന്റെ ശരീരത്തിൽ നിന്നും എന്തോ ഒന്ന് മുറിച്ച്‌ മാറ്റും പോലെ. കയർ കൈമാറപ്പെട്ട വളർത്തു മൃഗങ്ങളെ ശ്രദ്ധിച്ച്‌ നോക്കൂ അവറ്റകൾക്കും തന്റെ ഇത്രയും കാലത്തെ യജമാനനുമായുള്ള പിരിയൽ അസഹനീയമായ സങ്കടമാണെന്ന് തോന്നിപ്പോകും അവകളുടെ ഭാവം കണ്ടാൽ.



ഒരു തൊഴുത്തിൽ ഒന്നിച്ച്‌ കഴിഞ്ഞ രണ്ടിൽ ഒന്നിനെ വേർപ്പെടുത്തിയാൽ നമുക്ക്‌ അറിയാൻ കഴിയും ബാക്കിയുള്ളതിന്റെ വേദന പ്രകടമാക്കുന്ന ചേഷ്ഠകളും പ്രകടനങ്ങളും..

മനുഷ്യനെന്നോ മൃഗമെന്നോ വ്യത്യാസമില്ലാതെ തന്നെ അല്ലാഹു സൃഷ്ടിച്ച ഒരു വികാരമാണിതെന്നത്‌ സത്യമാണ്‌. ചുരുങ്ങിയ കാലത്തെ ഒരുമിച്ചു കൂടലിന്‌ ശേഷമുള്ള പിരിയലിന്‌ പോലും സങ്കടം വിശാലമാണ്‌. ബന്ധത്തിന്റെ ആഴത്തിനനുപാതമായി വേർപാടിന്റെ നോവ്‌ നിഴലിച്ചു നിൽക്കും.

വളരെ ചെറിയ യാത്രകൾക്കിടയിൽ നാം കണ്ടുമുട്ടുന്ന ആളുകളുമായി ഉണ്ടാകുന്ന ചുരുങ്ങിയ മണിക്കൂറുകളുടെ ബന്ധം പോലും യാത്ര പൂർത്തിയാക്കി പിരിയുമ്പോൾ വല്ലാത്തൊരു മന:ക്ലേശം ബാക്കിയാക്കും..

പിരിയുക എന്ന വാക്കിന്റെ ആഴമേറുന്നത്‌ പിരിയലെന്ന് പറയപ്പെടാൻ നിദാനമായ കൂടിച്ചേരലിന്റെ ആഴമനുസരിച്ചാണ്‌. ജനിച്ചു വീഴുന്നതോടെ തന്നെ പല തരത്തിലുള്ള വേർപ്പിരിയലുകളുടെ അവസ്ഥകളെ പുറകിലാക്കിയാണ്‌ മനുഷ്യൻ ഭൂമിലോകത്തേക്ക്‌ എത്തുന്നത്‌. താനത്രയും കാലം കഴിഞ്ഞിരുന്ന താമസസ്ഥലം, തനിക്ക്‌ ഊർജ്ജവും രക്തവും നൽകിയ പലവിധത്തിലുള്ള ബന്ധനങ്ങൾ..ഇവയെല്ലാം കഴിഞ്ഞു പിറന്നു വീഴലോടെ മാതാവുമായുള്ള ശരീര ബന്ധവും പിരിയുന്നു..പിന്നീടങ്ങോട്ട്‌ നമ്മുടെ ജീവിതം മുഴുക്കെ പിരിയലുകളുടേയും കൂടിച്ചേരലുകളുടെയും സമ്മിശ്ര യാത്രയാണ്‌.

യജമാനനായ അല്ലാഹു നമ്മെ സൃഷ്ടിച്ചിരിക്കുന്നത്‌ തന്നെ ഒന്നിന്‌ മറ്റൊന്ന് കൂട്ട്‌ എന്ന സുന്ദരമായ അവസ്ഥയിലാണ്‌.വലതും ഇടതുമായി കൈകാലുകൾ, കണ്ണുകൾ, ചെവികൾ..ഏതൊരു പ്രവർത്തിയിലും ഇടപെടുന്ന അവയവത്തിന്റെ രണ്ട്‌ ഭാഗവും കൂട്ടാണ്‌. ബന്ധങ്ങളെ എണ്ണുമ്പോൾ ഇത്‌ പോലെ പരസ്പരം കൂടിച്ചേർന്ന് ജീവിച്ച മറ്റെന്തുണ്ടാകും..? ആഴത്തിലാഴത്തിൽ വേരൂന്നിയ, ആയുസ്സിന്റെ ആദ്യ തുടിപ്പ്‌ മുതൽ അവസാനം വരെ കൂടെയുള്ള തന്റെ സഹാവയവവുമായി ഓരോ അവയവങ്ങളും വേർപ്പിരിയുന്ന ഒരു സമയത്തെ കുറിച്ച്‌ ആലോചിച്ച്‌ നോക്കിയിട്ടുണ്ടോ?

ശരീരമാകുന്ന പേടകത്തിന്റെ ചാലക ശക്തിയായ ആത്മാവിനെ പിരിയുന്ന, എല്ലാവിധ ബന്ധങ്ങളുടെയും ഭൗതികമായ കണ്ണികൾ അറുത്തു മാറ്റുന്ന ഏറ്റവും അവസാനത്തെ വേർപ്പാടിന്‌ മുമ്പ്‌ കാലിന്റെ വിരലുകളിൽ നിന്നും മുകളിലോട്ട്‌ മരണത്തിന്റെ മാലാഖമാർ ആത്മാവിനെ അൽപ്പാൽപ്പമായി ഉയർത്തിയുയർത്തി കൊണ്ട്‌ പോകുന്നതിനിടയിൽ അത്രയും കാലം ഒന്നിച്ച്‌ സഞ്ചരിച്ച കാലുകൾ തമ്മിൽ യാത്ര പറയുന്നൊരു സന്ദർഭമുണ്ട്‌..ഒരു വല്ലാത്ത വേദനയേകുന്ന അവസരം..

മരണവെപ്രാളത്തിന്റെ അവസാന നിമിഷത്തിൽ സഹിക്കാനാകാത്ത, ആദരവായ നബി തങ്ങൾ പോലും "മരണത്തിന്‌ വല്ലാത്ത വേദനയുണ്ട്‌ ആയിഷാ (റ)" എന്ന് പറഞ്ഞ അനുഭവത്തിന്റെ സമയത്ത്‌ ഒരു കാല്‌ മറ്റേ കാലിനോടും കൈ മറുകയ്യിനോടും എന്ന് വേണ്ട ഓരോ അവയവങ്ങളും കൂടെയുള്ളതിനോട്‌ പറയും,

عليك السلام تفارقني و أفارقك إلى يوم القيامة

"എന്റെ സഹ അവയവമേ, നമ്മൾ പിരിയുകയാണ്‌ ഖിയാമം വരേ, ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുന്നത്‌ വരേക്കും നമ്മൾ പിരിയുകയാണ്‌ - അസ്സലാമു അലൈക്കും..'

ഓരോ ശ്വാസത്തിലും ചേർത്ത്‌ ചേർത്ത്‌ നടന്നിരുന്ന കാലുകൾ തമ്മിൽ, ഓരോ പിടുത്തത്തിലും കൂടിനിന്നിരുന്ന കൈകൾ്‌ തമ്മിൽ, ഓരോ കാഴ്ചയിലും ഒന്നിച്ചായിരുന്ന കണ്ണുകൾ തമ്മിൽ, കൂർപ്പിച്ചു വെച്ച് ചേർന്ന് കേട്ടിരുന്ന ചെവികൾ തമ്മിൽ..

ജനിച്ചത്‌ മുതൽ ഒന്നിച്ച്‌ ചലിച്ച അവയവങ്ങൾ തമ്മിൽ പിരിയുന്നതിന്റെ ഒഴിച്ചു കൂടാൻ കഴിയാത്ത പ്രയാസം നിശ്ചയമായും വരാനിരിക്കുന്നു. ജീവനറ്റ്‌, ചലനമില്ലാത്ത കേവലം പുറം തോട് മാത്രമായി മണ്ണിലേക്ക്‌ പോയി കിടക്കുന്നതോടെ ദുനിയാവുമായുള്ള സകല ഭൗതിക ബന്ധങ്ങളും പിരിയുന്നു..എല്ലാമെല്ലാം പിരിയേണ്ടത്‌ തന്നെ..

ചുരുങ്ങിയ സമയത്തെ, വരാനിരിക്കുന്ന ലോകത്തെ അപേക്ഷിച്ച് വളരെ ഇടുങ്ങിയ സ്ഥലത്തെ, ചെറിയ ചെറിയ വേർപാടുകൾ സൃഷ്ടിക്കുന്ന പ്രയാസം താണ്ടാൻ വളരെ ബുദ്ധിമുട്ടുന്ന മനുഷ്യനെങ്ങാനും ഒട്ടിപ്പിടിച്ച അവയവങ്ങൾ പിരിയുന്ന വേദന ഓർത്തിരുന്നുവെങ്കിൽ മറ്റെല്ലാം എത്ര നിസ്സാരമാകുമായിരുന്നു..!

"എന്റെ നഷ്ടമേ" ബിലാൽ(റ) തങ്ങളുടെ ഭാര്യ വിതുമ്പിക്കരയുകയായിരുന്നു - തന്റെ പ്രിയതമൻ ഐഹിക ലോകത്ത് നിന്നും പിരിയുകയാണ്. ബിലാൽ(റ) തങ്ങൾ ഭാര്യയെ കരയുന്നതിനെ തൊട്ട് വിലക്കിയിട്ട് പറഞ്ഞു: "എന്റെ സന്തോഷമേ - നാളെ ഞാനെന്റെ ഹബീബിനെ(സ്വ)യും അവിടുത്തെ സഹചാരികളെയും കാണാൻ പോവുകയാണ്".

ഒരിടത്ത് വേർപാടിന്റെ പേരിലുള്ള വേദനയുടെ പ്രകടനം - മറ്റൊരിടത്ത് വേർപാടിനേക്കാൾ സന്തോഷമേകുന്ന കൂടിച്ചേരലിന്റെ സന്തോഷ പ്രകടനം. തിരുമുസ്ഥഫാ തങ്ങളുടെ ശാരീരികമായ വേർപാട് അവരിൽ ഏറെയേറെ പ്രയാസം ഉണ്ടാക്കിയിരുന്നു എന്നത് സത്യമാണ് - പക്ഷെ ആത്മാക്കളാൽ കോർക്കപ്പെട്ട സ്നേഹത്തിന് അവർക്കിടയിൽ വേർപാടിന്റെ മറയിടാൻ കഴിഞ്ഞിരുന്നില്ല. "കണ്ണുകളാൽ സ്നേഹിച്ചവർ തമ്മിലാണ് വിടപറയൽ - ഹൃദയത്താലും ആത്മാവിനാലും സ്നേഹിച്ചവർക്കിടയിൽ വേർപാട് എന്നൊന്ന് ഇല്ലേയില്ല" - എന്ന് ജലാലുദ്ദീൻ റൂമി പറഞ്ഞത് കൃത്യമായിരുന്നു.

ഓരോ പിരിയലുകളും അതിലും എത്രയോ ആനന്ദമേകുന്ന കൂടിച്ചേരലുകൾക്ക്‌ വഴിയൊരുക്കണം. അവയവങ്ങളുടെ സലാം പറഞ്ഞുള്ള പിരിയൽ പ്രേമഭാജനമായ അല്ലാഹുവിലേക്കും അവന്റെ ഹബീബിലേക്കുമുള്ള കൂടിച്ചേരൽ സാധ്യമാക്കണം. എങ്കിൽ പിരിയലിന്റെ പ്രയാസം കൂടിച്ചേരലിന്റെ ആനന്ദമായിത്തീരുമെന്നതിൽ സംശയമേയില്ല..

അപ്പോഴാണല്ലോ അനുഗ്രഹത്തിന്റെ മാലാഖമാരാൽ സുവാർത്ത അറിയിക്കപ്പെടുക;

ألا تخافوا ولا تحزنوا وأبشروا بالجنة التي كنتم توعدون

'പേടിക്കണ്ട, പ്രയാസപ്പെടേണ്ട, അല്ലാഹുവിന്റെ വാഗ്ദത്ത സ്വര്‍ഗീയ ലോകത്തേക്ക് നീ പ്രവേശിച്ചു കൊള്ളുക'

നാഥൻ തുണക്കട്ടെ..

No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...