Tuesday, December 08, 2015

ദുനിയാവിലെ നഷ്ടങ്ങൾ ഈമാനിന്റെ സ്നേഹിതനാണ്..

ഇസ്ലാം കൊണ്ട്‌ ദുനിയാവോ ദുനിയാവ്‌ കൊണ്ട്‌ ഇസ്ലാമോ നേടാൻ കഴിയില്ലയെന്നതാണ്‌ മഹത്ജീവിതങ്ങൾ നമുക്ക്‌ മനസ്സിലാക്കി തരുന്നത്‌.
സത്യവിശ്വാസം കൊണ്ട്‌ മനസ്സാണ്‌ കരുത്താർജ്ജിക്കുന്നത്‌. ശരീരത്തിന്റെ വികാസം ദുനിയവിയ്യായ വിഭവങ്ങളുടെ പൊലിമയും മനസ്സിന്റെ തെളിച്ചം നന്മയുടെ വെളിച്ചവും പ്രകടമാക്കുന്നു.

സമകാലീന സമൂഹത്തിൽ മുസ്ലിമീങ്ങൾ സമ്പന്നതയിലും ആഡംബരങ്ങളിലും മറ്റാരേക്കാളും ഒരു പടി മുന്നിലാണ്‌.വെളിച്ചമുള്ള ജീവിതവഴി ബാക്കി വെച്ചു പോയ മുൻ ഗാമികളുടെ ജീവിതത്തിൽ ഇസ്ലാം ഭൗതികമായി നഷ്ടങ്ങൾ മാത്രമാണ്‌ നൽകിയത്‌. ദുനിയാവിന്റെ നഷ്ടത്തെ പറ്റി വിലപിക്കുന്ന പതിതമായ മനസ്സിൽ നിന്നും അവരുടെ നിലവാരം ഉയർന്നുയർന്ന് ഇസ്ലാമിന്‌ വേണ്ടി നഷ്ടപ്പെടാൻ ഇല്ലാതെ പോകുന്നതിൽ പ്രയാസപ്പെടുന്ന സ്ഥിതിയിലേക്ക്‌ അവർ വളർന്നിരുന്നു.

ദുനിയാവിലെ സമ്പത്തുകളിൽ  നേടിയെടുത്തതൊക്കെ കൊടുത്ത് പകരം ഈമാനിന്റെ പരിപൂർണ്ണത നേടിയെടുത്ത മുൻഗാമികൾ ചെയ്തത് തീർച്ചയായും ഏറ്റവും ഉത്തമമായൊരു കച്ചവടമാണ്. വിട്ടുപോകുമ്പോൾ ബാക്കിയാകുന്ന സ്വത്തുക്കളുടെ മേൽ നമ്മൾ വെറും കാവൽക്കാരാണ്. ശേഷം വരുന്ന അവകാശികൾക്കായി സമ്പത്തിനെ കാത്തു സംരക്ഷിക്കുന്ന കാവൽക്കാർ.



ചെറിയ കുട്ടിയായിരിക്കുമ്പോ അടിമയായി പിടിക്കപ്പെട്ടതിനാൽ ദൂരെ നാട്ടിൽ വളർന്ന ശുഹൈബ്(റ) തങ്ങൾ മക്കയിലേക്ക് രക്ഷപ്പെട്ട് കച്ചവടക്കാരനായി സമ്പത്ത് ഒരുപാട് ഉണ്ടാക്കി. ആദരവായ നബിതങ്ങളുടെ ഈമാനിലേക്കുള്ള വിളികേട്ട് തിരുകരം പിടിച്ച് മുസ്ലിമായതിന്റെ പേരിൽ ഒരുപാട് പീഡിപ്പിക്കപ്പെട്ട മഹാൻ രക്ഷയുടെ വാതിൽ തേടി ഹിജ്രക്കായി പുറപ്പെട്ടപ്പോൾ വഴിയിൽ വെച്ച് ഖുറൈശീ കുഫ്ഫാറുകളാൽ പിടിക്കപ്പെട്ടു -

എവിടെ നിന്നോ വന്ന് ഞങ്ങളുടെ നാട്ടിലെത്തി പണക്കാരനായി ഒടുക്കം തടിയും സമ്പത്തും കൊണ്ട് രക്ഷപ്പെടാൻ നോക്കുകയോ എന്ന് ചോദിച്ചവരുമായി അവിടുന്ന് ഉണ്ടാക്കിയ ഉപാധി എത്ര ധന്യം : "എന്റെ മദീനയിലേക്കുള്ള യാത്ര തുടരാൻ അനുവദിക്കുക - പകരം എന്റെ മക്കയിലെ സമ്പാദ്യം മുഴുക്കെ നിങ്ങൾ എടുത്തു കൊള്ളുക" !.

മദീനയിൽ അവിടുത്തെ വരവേറ്റ നബിതങ്ങൾ(സ്വ) പറഞ്ഞത്: "നിങ്ങളുടെ കച്ചവടം എത്ര മഹത്തരം ശുഹൈബ്, നിങ്ങൾ ചെയ്തത് എത്ര പ്രതിഫലാർഹം". ഈമാനിനു പകരം ദുനിയാവിനെ കൊടുത്തതിനെ ഏറ്റവും ഉത്തമമായ കച്ചവടമായി ആയിരുന്നു അവിടുന്ന് വ്യക്തമാക്കിയത്.

അല്ലാഹുവിന്റെ വിശുദ്ധ കലാമിൽ ഈയൊരവസരത്തിൽ ഇറങ്ങിയതാണെന്ന് ഉലമാക്കൾ പറയുന്ന ആയത്താണ് -

ومن الناس من يشري نفسه ابتغاء مرضاة الله

(ആശയം): രക്ഷിതാവായ അല്ലാഹുവിന്റെ തൃപ്തിക്കായി മാത്രം സ്വന്തത്തെയും സ്വന്തമായുള്ളതെല്ലാം തന്നെ വിൽക്കുന്നവർ ജനങ്ങളിൽ ചിലരുണ്ട്.

ഈമാൻ ഒരു ലഹരിയായി മനസ്സിൽ ഇറങ്ങിക്കഴിഞ്ഞാൽ പിന്നെ ദുനിയാവിന്റെ പ്രലോഭനങ്ങൾ അവരെ കീഴടക്കാൻ മതിയാവുകയില്ല. മുസ്ലിമായതിന്റെ പേരിൽ വന്നു പെടുന്ന ഏതൊരു പ്രയാസവും ഈമാനിന്റെ കരുത്തിനാൽ കീഴടക്കിയവരായിരുന്നു തിരുസ്വഹാബത്ത്. സമ്പത്ത് ഇല്ലാതിരിക്കുക എന്നതല്ല മറിച്ച് സമ്പത്തിനോട് മനസ്സ് കെട്ടു പിണയാതിരിക്കുക എന്നതാണ് പ്രധാനം.

തെരുവീഥികളുടെ പാർശ്ശ്വങ്ങളിൽ ആഡംബര സുന്ദര വ്യക്തിത്വമായിരുന്ന ഹസ്രത്‌ മുസ്‌അബ്‌ ഇബ്നു ഉമൈർ (റ) നടന്നു പോകുന്നത്‌ കാണാനും അദ്ദേഹത്തിൽ നിന്നും അടിച്ചു വീശുന്ന അമൂല്യമായ അത്തറിന്റെ സുഗന്ധം ആസ്വദിക്കാനും വിലപിടിച്ച വസ്ത്രത്തിന്റെ ചൊങ്ക്‌ കാണാനും തരുണീമണികൾ കാത്ത്‌ നിന്നിരുന്നു എന്നതായിരുന്നു ഇസ്ലാമിന്‌ മുമ്പത്തെ സ്ഥിതി എങ്കിൽ ആട്ടിൻ തോൽ കൊണ്ടുണ്ടാക്കിയ കീറിത്തുന്നിയ വസ്ത്രവും അണിഞ്ഞ്‌ മുസ്‌അബ്‌ (റ) വിനെ കണ്ട നബി തങ്ങൾ പറഞ്ഞു:

"അല്ലാഹു ഹൃദയത്തിൽ വെളിച്ചം നൽകിയ ആ മനുഷ്യനിലേക്ക്‌ നോക്കൂ. മാതാപിതാക്കളുടെ പരിചരണത്തിലായിരുന്ന സമയത്ത്‌ ഞാൻ അവനെ കണ്ടപ്പോൾ കിട്ടാവുന്നതിൽ ഏറ്റവും നല്ലത്‌ തിന്നാനും കുടിക്കാനും അവർ അവന്‌ നൽകിയിരുന്നു, 200 ദിർഹം വിലയുള്ള വസ്ത്രം ധരിച്ചും ഞാനവനെ കണ്ടിട്ടുണ്ട്‌. അല്ലാഹുവിനോടും അവന്റെ റസൂലിനോടും ഉള്ള സ്നേഹമാണ്‌ ഇപ്പോൾ നിങ്ങളീ കാണുന്ന അവസ്ഥയിലേക്ക്‌ ആ മനുഷ്യനെ എത്തിച്ചത്‌".

മഹാന്റെ ജീവിതാവസാനം ഉഹദിൽ രക്തസാക്ഷിയായപ്പോൾ കഫൻ ചെയ്യാൻ തുണി പോലും ഇല്ലാതെ വന്നപ്പോൾ ഇട്ടിരിക്കുന്ന വസ്ത്രം കൊണ്ട്‌ ഒരു ഭാഗവും ബാക്കി പുല്ല്‌ കൊണ്ടും മറച്ചാണ്‌ ഖബറടക്കിയത്‌..!!

അല്ലാഹുവിനോടും റസൂലിനോടും ഉള്ള സ്നേഹം അവർക്ക്‌ ദുനിയാവിനെ നഷ്ടമാക്കുകയായിരുന്നു - പകരം ആഖിറത്തിലെ അനിർവ്വചനീയ സൗഭാഗ്യം പകരം കൊടുക്കുകയും..

യുദ്ധാവശ്യത്തിനുള്ള മുതലുകൾ സ്വരുക്കൂട്ടുന്ന നേരത്ത് താന്താങ്ങളുടെ കഴിവ് പോലെ ഏവരും പലതും കൊണ്ട് വന്നു തിരുമുമ്പിൽ കൊടുക്കുന്ന സമയത്ത് അബൂബക്കർ(റ) വിന്റെ സംഭാവന സ്വീകരിക്കുകയായിരുന്നു മുത്ത് നബി തങ്ങൾ(സ്വ):

 "അബൂബക്കർ, നിങ്ങളുടെ വീട്ടുകാർക്ക് നിങ്ങളെന്ത് ബാക്കി വെച്ചു?"

 "എന്റെ വീട്ടുകാർക്ക് അല്ലാഹുവും അവന്റെ റസൂലും ഉണ്ട് നബിയേ" എന്നായിരുന്നു അവിടുത്തെ മറുപടി.

സമ്പന്നനായ അബൂബക്കർ(റ) തന്റെ ഈമാൻ കൊണ്ട് നേടിയത് ഔറത്ത് മറയാനുള്ള വസ്ത്രം പോലുമില്ലാതെ ഇലകൾ കൊണ്ട് കീറിയ ഭാഗങ്ങൾ മറച്ചു പള്ളിയിലേക്ക് പോകേണ്ട ദാരിദ്ര്യമായിരുന്നു എന്നത് ഒരു ദുരന്തമല്ല, മറിച്ച് കയ്യിലുള്ളത് ഏറ്റവും ലാഭകരമായ ഒരു കച്ചവടം നടത്തി വിറ്റതിന്റെ ബാക്കി പത്രമാണ്‌.

ഒരവസരം ആദരവായ നബി തങ്ങൾ പറഞ്ഞു : "ശരിയായ വിധം നിങ്ങളെന്നെ സ്നേഹിക്കുന്നുവെങ്കിൽ ദാരിദ്ര്യത്തെ നേരിടാൻ നിങ്ങൾ തയ്യാറെടുത്ത്‌ കൊള്ളുക".

ചുറ്റുപാടും പട്ടിണിപ്പാവങ്ങൾ അരവയറിനായി കേഴുമ്പോഴും കണ്ണുകൾ ഇറുക്കെ ചിമ്മി സമ്പത്തിന്റെ മേൽ കെട്ടിപ്പിടിച്ചു ഉറങ്ങുന്നവർ തിരുനബി സ്നേഹം പാടുകയോ.. ?

ദുനിയാവിനെ വിട്ട്‌ ഇസ്ലാമിനെ പുൽകാൻ തയ്യാറാകാത്ത നമ്മുടെ മനസ്സുകളിൽ ഹബീബിനോടുള്ള പ്രണയമുണ്ടെന്ന് പറയാൻ എന്തവകാശം..?

No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...