Tuesday, October 13, 2015

ഉച്ചഭാഷിണി ഉപയോഗവും തഖ്'വായുടെ വഴിയും..

ലോകത്തെ സ്വധീനിച്ച 500 പേരുടെ ലിസ്റ്റിൽ ഇന്ത്യയിൽ നിന്നുള്ളവരിൽ 2 ആമത്തെ പേരുള്ള മുഫ്തി അഖ്തർ റസാ ഖാൻ ഖാദിരി അവർകൾ 'അഅലാ ഹസ്രത്ത്‌' ഇമാം അഹ്‌മദ്‌ റസാ ഖാൻ ബറേൽവിയുടെ (ന:മ) പേരക്കുട്ടിയും നിരവധി ബൃഹദ്‌ ഗ്രന്ഥങ്ങളുടെ രചയിതാവും 'താജുശ്ശരീഅ' എന്ന പേരിൽ വിഖ്യാതനുമാണ്‌.

പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗം ചർച്ചയായി വന്നിരിക്കുന്ന കേരളീയ സാഹചര്യത്തിൽ അദ്ദേഹം നിസ്ക്കാരത്തിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന്റെ നിയമസാധുതയെ കുറിച്ചുള്ള ചോദ്യത്തിന്‌ നൽകിയ മറുപടി ശ്രദ്ധേയമാണ്‌. അദ്ദേഹം ഹനഫീ മദ്‌ഹബുകാരൻ ആണെങ്കിൽ കൂടി ഇവ്വിഷയകമായി സൂക്ഷ്മതയുടെയും പ്രഗൽഭരായ ഉലമാക്കളെ പിൻപറ്റുന്നതിന്റെയും വഴിയിൽ ഏവർക്കും മാതൃകാ യോഗ്യമാണീ വിശകലനം.

സുന്നിയായ ഇമാമിന്റെ പുറകിൽ ലൗഡ്‌ സ്പീക്കർ ഉപയോഗിക്കുന്ന പള്ളിയിൽ നിസ്ക്കാരത്തിൽ പങ്കെടുക്കുന്നവർക്ക്‌ ഉലമാക്കൾക്ക്‌ നൽകാനുള്ള ഉപദേശം എന്താണെന്ന ചോദ്യത്തിന്‌ അദ്ദേഹം നൽകിയ മറുപടി അദ്ദേഹത്തിന്റെ പേരിലുള്ള വെബ്‌സൈറ്റിൽ 2000 മെയ്‌ 5 നു നൽകിയ ഫത്‌വായായി ഇംഗ്ലീഷിൽ ഉള്ളതിന്റെ ആശയം ചുവടെ കൊടുക്കുന്നു:

"നിസ്ക്കാരത്തിന്‌ മൈക്ക്‌ ഉപയോഗിക്കുന്ന വിഷയകമായി എനിക്ക്‌ പറയാനുള്ളത്‌ എന്തെന്നാൽ 'നിസ്ക്കാരത്തിന്‌ മൈക്രോഫോൺ ഉപയോഗിക്കുന്നത്‌ നിയമവിരുദ്ധമാണെ'ന്നാണ്‌. കാരണം മഅമൂമുകൾ ഇമാമിന്റെ ഒറിജിനൽ ശബ്ദം തന്നെ കേൾക്കേണ്ടതുണ്ട്‌.

മൈക്രോഫോണിൽ കൂടെ പുറത്തു വരുന്ന ശബ്ദം ഇമാമിന്റെ ശബ്ദത്തെ തോന്നിപ്പിക്കുന്നുവെങ്കിൽ കൂടെ അത്‌ ഇമാമിന്റെ ശബ്ദമല്ല, വ്യത്യസ്തമായ മറ്റൊരു ശബ്ദമാണ്‌. അത്‌ കൊണ്ടാണ്‌ സജദയുടെ ആയത്തുകൾ ഒരു പക്ഷിയുടെ ശബ്ദത്തിൽ പ്രതിധ്വനിച്ച്‌ കേട്ടാൽ തിലാവത്തിന്റെ സുജൂദ്‌ ചെയ്യൽ നിർബന്ധമില്ല എന്ന് ഉലമാക്കൾ ഏകകണ്ഡമായി പറയുന്നത്‌.

അത്‌ കൊണ്ട്‌ തന്നെ മൈക്ക്‌ ഉപയോഗിച്ചുള്ള നിസ്ക്കാരം ഒന്നുകിൽ നിസ്സംശയം ഫാസിദാണ്‌ - ഇമാമിന്റെ ശബ്ദം (ഒറിജിനൽ) കേൾക്കുകയോ തന്റെ മുമ്പിലുള്ള മഅ്മൂമുകളുടെ പ്രവർത്തനങ്ങൾ വീക്ഷിക്കുകയോ ചെയ്യാത്ത, സ്പീക്കറിൽ കൂടെ പുറത്തു വരുന്ന ശബ്ദത്തെ മാത്രം ആശ്രയിച്ച്‌ തുടരുന്നവരുടെ കാര്യത്തിൽ.

അല്ലെങ്കിൽ ഫാസിദാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു - ഇമാമിന്റെ ശബ്ദം അറിയിക്കുന്നതിൽ സ്പീക്കറിന്‌ സാധിക്കാതിരിക്കുമ്പോൾ. കാരണം ഈ ആവസ്ഥയിൽ ഇമാമിന്റെ നിസ്ക്കാരം പൂർത്തിയായോ അതോ ഇപ്പോഴും തുടരുന്നോ എന്ന കാര്യം അവർ അറിയാൻ കഴിയില്ലെന്നതിനാൽ ഇമാമിന്റെ അവസ്ഥയെ കുറിച്ചുള്ള വ്യക്തമായ ധാരണ ലഭിക്കുന്നില്ല.

അത്‌ കൂടാതെ, മൈക്കിലേക്ക്‌ തന്റെ ശബ്ദം എത്തിക്കുന്നതിന്‌ ഇമാമിന്‌ കുറേ ഏറെ പ്രവർത്തികൾ ചെയ്യേണ്ടതുണ്ടെങ്കിൽ, ഇമാമിന്റെയും തുടരുന്നവരുടേയും നിസ്ക്കാരം ഫാസിദാണ്‌. (വിവർത്തകൻ: നിസ്ക്കാരത്തിൽ നിർത്തി വെച്ച മൈക്കിലേക്ക്‌ ഇമാമുകൾ കഴുത്ത്‌ നീട്ടിയും അതിൽ മുട്ടാതിരിക്കാൻ ഇറങ്ങി നിന്ന് റുകൂ ചെയ്യുകയും സുജൂദിൽ നിന്നുയർന്ന ശേഷം മൈക്കിനടുത്തേക്ക്‌ കയറി നിൽക്കുകയും ചെയ്യുന്നത്‌ സർവ്വ സാധാരണമായി മാറിക്കഴിഞ്ഞു എന്നത്‌ ഓർക്കുക!)

ആയതിനാൽ നിസ്ക്കാരത്തിനിടയിൽ എത്രമാത്രം മുൻ കരുതൽ സുപ്രധാനമാണെന്ന് നിങ്ങൾക്ക്‌ മനസ്സിലാക്കാവുന്നതാണ്‌. അതൊക്കെ കൊണ്ട്‌ തന്നെയാണ്‌ 'മുഫ്തി-എ-അഅ്ളം ഹിന്ദ്‌' (മുസ്തഫ റസാ ഖാൻ ഖാദിരി: 1892-1981) അദ്ദേഹത്തെ പോലുള്ള വലിയ ഉലമാക്കളും നിസ്ക്കാരത്തിൽ മൈക്ക്‌ ഉപയോഗിക്കുന്നതിനെ വിരോധിച്ചത്‌.

നിർത്തുന്നതിന്‌ മുമ്പ്‌ എനിക്ക്‌ നിങ്ങളോട്‌ ആവശ്യപ്പെടാനുള്ളത്‌ - ഭക്തനും സുന്നിയും കഴിവുറ്റവനുമായ ഒരാളെ ഇമാമായി ലഭിച്ചാൽ ഒരിക്കലും നിസ്ക്കാരത്തിന്‌ ജമാഅത്ത്‌ ഉപേക്ഷിക്കരുത്‌. (മൈക്ക്‌ ഉപയാഗിക്കുന്നതിനാൽ) നിസ്ക്കാരം ഫാസിദാകാതിരിക്കാൻ ഇമാമിന്റെ തൊട്ടു പുറകിലോ, മുന്നിലുള്ള ഏതെങ്കിലും സ്വഫ്ഫിലോ അല്ലെങ്കിൽ "സ്പീക്കറിൽ നിന്നു വരുന്ന ശബ്ദത്തെ ആശ്രയിക്കാതെ" മുമ്പിലെ സ്വഫ്ഫിലുള്ളവരുടെ പ്രവർത്തനങ്ങൾ വീക്ഷിക്കാൻ കഴിയുന്ന എവിടെ എങ്കിലുമോ നിൽക്കുക. സുന്നിയും ഭക്തനും കഴിവുള്ളവനുമായ ഒരു ഇമാമിനെ കിട്ടിയാൽ ജമാഅത്തിനെ ഒഴിച്ചു കൂടാത്തത്‌ കൊണ്ടാണ്‌ ഇങ്ങനെ പറയാൻ കാരണം. അല്ലാഹുവാണ്‌ ഏറ്റവും അറിയുന്നവൻ".


http://www.taajushshariah.com/Fatawa/microphone.html

രക്ഷിതാവായ അല്ലാഹുവും സൃഷ്ടിയും തമ്മിലുള്ള ഇടപാടുകളായ ആരാധനാ കർമ്മങ്ങളിൽ ഒരു ഉലമാക്കൾക്കും എതിർപ്പില്ലാത്ത, ഏവരാലും അംഗീകരിക്കപ്പെടുന്ന മാതൃക സ്വീകരിക്കലാണുത്തമം. സംശയം ഉള്ളതിൽ നിന്നും സംശയം ഇല്ലാത്തതിലേക്ക്‌ മാറി നിൽക്കുക എന്നത്‌ ആദരവായ നബിതങ്ങളുടെ വ്യക്തമായ ഉദ്ബോധനമാണല്ലോ.





മൈക്ക്‌ ഉപയോഗിക്കാതെ, ഇത്തരം നിസ്ക്കാരത്തിന്റെ ഖുഷൂഇനെയും ശ്രദ്ധയേയും തകർക്കുന്ന യാതൊന്നും ഇടയിൽ കൊണ്ട്‌ വരാതെയും ചെയ്യുന്ന ഇബാദത്തുകളുടെ സ്വീകാര്യതയിലും സാധുതയിലും ആർക്കും തർക്കമില്ല - എന്നാൽ ഇത്‌ ഉപയോഗിച്ചാൽ അത്‌ ഇബാദത്തുകളുടെ സ്വീകാര്യതക്ക്‌ വരേ കോട്ടം തട്ടിക്കുമെന്ന് പറഞ്ഞ ഉലമാക്കൾ ചെറിയവരല്ലല്ലോ. കേരളം കണ്ട ഏറ്റവും പ്രഗൽഭരായ ആലിമീങ്ങൾ ഒട്ടനവധി ഇത്‌ ഉപയോഗിക്കരുതെന്ന് പറഞ്ഞവരാണ്‌ (മുൻ കാല സുന്നീ ഉലമാക്കളിൽ ഭൂരിപക്ഷവും ഇതിന്നെതിരായിരുന്നു). എല്ലാ അഭിപ്രായ വ്യത്യാസങ്ങളെയും മാനിക്കുക എന്ന നമ്മുടെ മദ്‌ഹബിന്റെയും തിരു ശരീഅത്തിന്റെയും വ്യക്തമായ വഴക്കം ഇതിലും തുടരുന്നത്‌ നന്മ മാത്രമേ കൊണ്ട്‌ വരുകയുള്ളൂ.

ലൗഡ്‌ സ്പീക്കർ ആരാധനകളിൽ ഉപയോഗിക്കുന്നതിനെതിരായിരുന്ന ഉലമാക്കൾ എണ്ണമറ്റതാണ്‌. കേരളത്തിലെ സുന്നീസരണിയുടെ കാവലാളുകളായ ഉലമാക്കൾ ആകമാനം അക്കൂട്ടത്തിലുണ്ട്‌. ആ ഗണത്തിൽ എണ്ണപ്പെടാവുന്ന തലമുതിർന്ന പണ്ഡിതരിൽ ബഹു: കണ്ണിയത്ത്‌ അവർകൾ(ന:മ) മാത്രമാണ്‌ അതിന്റെ ഉപയോഗത്തിന്‌ അനുകൂലമായി നിന്നത്‌ - അദ്ദേഹത്തിന്റെ നിലപാട്‌ തന്നെ നിരുപാധികം ആയിരുന്നില്ല എന്ന് അവിടുത്തെ ഫത്‌വാ വായിച്ചാൽ മനസ്സിലാകും.

പുതുതലമുറക്ക്‌ അറിയുന്നതിലേക്കായി ചില പേരുകൾ കുറിക്കട്ടെ:

ശംസുൽ ഉലമാ ഖുതുബി, ശൈഖ്‌ ആദം ഹസ്രത്ത്‌, മൗലാനാ വാളക്കുളം അബ്ദുൽബാരി മുസ്ലിയാർ, താജുൽ ഉലമാ സദഖത്തുല്ല മൗലവി, ശംസുൽ ഉലമാ കീഴന ഓർ
കൈപ്പറ്റ ബീരാൻ കുട്ടി മുസ്‌ലിയാർ, കരിങ്കപ്പാറ മുഹമ്മദ്‌ മുസ്‌ലിയാർ, കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ, ഓമച്ചപ്പുഴ അബൂബക്കർ മുസ്‌ലിയാർ, നിറമരുതൂർ ബീരാൻ കുട്ടി മുസ്‌ലിയാർ, ശൈഖ്‌ ഹസൻ ഹസ്രത്ത്‌, കാങ്ങാട്ട്‌ കുഞ്ഞബ്ദുല്ല മുസ്‌ലിയാർ, കണാരാണ്ടി അഹ്‌മദ്‌ മുസ്‌ലിയാർ, കാസർഗോഡ്‌ ഭാഗത്ത്‌ കീഴൂർ മുഹമ്മദ്‌ മുസ്‌ലിയാർ, മൗലാനൽ മർഹൂം കുഞ്ഞറമൂട്ടി മുസ്ലിയാർ (ന:മ-ഹും) എന്നിങ്ങനെ ഒട്ടനവധി പണ്ഡിത പ്രഭുക്കൾ.

ദക്ഷിണ കേരളത്തിലെ പ്രമുഖ പണ്ഡിതരും തത്വോപദേശ ഗാനങ്ങൾ വഴി ഏവർക്കും സുപരിചിതരുമായ മർഹൂം: തഴവാ മുഹമ്മദ്‌ കുഞ്ഞ്‌ മൗലവി (ന.മ.) അവർകളുടെ പള്ളിയിൽ ബാങ്കിനു പോലും സ്‌പീക്കർ ഉപയോഗിക്കാറില്ല. ഉപയോഗിക്കുന്നത്‌ അദ്ദേഹം എതിർത്തിട്ടുമുണ്ട്‌.

ഉത്തരേന്ത്യയിലെ രണ്ട്‌ പ്രമുഖ ധാരകളായ ബറേൽവി - ദയൂബന്ദീ വിഭാഗങ്ങളിൽ പെട്ട വലിയ വലിയ ആലിമീങ്ങളും ഇതിനെതിരെ ഫത്‌വാ കൊടുത്തവരാണ്‌. ബറേൽവികളിലെ വലിയൊരു ആലിമിന്റെ ഫത്‌വായാണല്ലോ മുകളിൽ കൊടുത്തത്‌, അതേ പോലെ ദയൂബന്ധികളിലെ മുഫ്‌തി മുഹമ്മദ്‌ ശഫീഅ്, മൗലാനാ അഷ്‌റഫലി താനവി, മൗലാനാ ഹുസൈൻ അഹ്‌മദ്‌ മദനി (ന. മ. ഹും) മുതലായവരും ഇതിനെതിരെ നിലപാടെടുത്തവരാണ്‌.

സ്പീക്കറിൽ കൂടെ വരുന്ന ശബ്ദം പറയുന്നവന്റെ യഥാർത്ഥ ശബ്ദമല്ല എന്ന് വ്യക്തമാക്കുന്ന ശാസ്ത്ര സത്യങ്ങളും മുകളിലത്തെ പോലെ നിറഞ്ഞ ഉലമാക്കളുടെ സാക്ഷ്യവും കൂടെ വെച്ച്‌ സ്പീക്കർ വെച്ചു നടത്തപ്ലെടുന്ന നിക്കാഹുകളിൽ നേർക്കുനേരെ വരനും വലിയ്യും വാക്കുകൾ കേൾക്കാതെ, സ്പീക്കറിലൂടെയുള്ള ശബ്ദമാണ്‌ കേൾക്കുന്നതെങ്കിൽ ആ നിക്കാഹിന്റെ സാധുതയുടെ കാര്യം ഒന്നാലോചിച്ചു നോക്കിയോ..?!

ഹറാം - ഹലാൽ ചർച്ചകൾ തൽക്കാലം മാറ്റിവെച്ചേക്കൂ, വരനും വലിയ്യും സാക്ഷികളും നിക്കാഹിന്റെ വാക്കുകൾ പറയുന്നത്‌ സ്വന്തം ശബ്ദം തന്നെ കേൾക്കൽ നിർബന്ധമാണെന്നതിൽ ഒരുവിധ തർക്കവുമില്ലെന്നിരിക്കിൽ സ്പീക്കർ ശബ്ദം കലർന്ന് ശരിയായ ശബ്ദം കേൾക്കാതിരിക്കാൻ സാധ്യതയേറെയുള്ളതാണെന്ന് വലിയ വലിയ ഉലമാക്കൾ തന്നെ പറയുന്നവരായിബുണ്ടായിട്ടും, യാതൊരു സൂക്ഷ്മതയും പാലിക്കാത്ത മൈക്ക്‌ കൊണ്ടു വന്ന് നടുവിൽ വെക്കുന്നവർ ചിന്തിക്കുക. സ്വന്തം മകളുടെ നിക്കാഹ്‌ എല്ലാ ഉലമാക്കളും അംഗീകരിക്കുന്ന രീതിയിൽ ആക്കാൻ മൈക്ക്‌ ഉപക്ഷിക്കുകയാണ്‌ വേണ്ടത്‌ എന്നും മൈക്ക്‌ ഉപയോഗിക്കുന്നതല്ല, ഉപേക്ഷിക്കുന്നതാണ്‌ സൂക്ഷ്മതയും ഉത്തമവും എന്നും ഓരോ പിതാക്കളും ഓർക്കുക..!

നല്ലത്‌ മനസ്സിലാക്കുവാനും അത്‌ പിൻപറ്റുവാനും നാഥൻ തുണക്കട്ടെ..ആമീൻ

Thursday, September 10, 2015

വിശപ്പിന്റെ ദൈവം - ഒരു വേദനാജനകമായ അനുഭവക്കുറിപ്പ്

ഇറാനിലെ ഖിഷം ദ്വീപിലേക്ക് വിമാനമിറങ്ങിയ ശേഷം ബസ്സിൽ നേരിട്ട് ഒരു ഹോട്ടലിലേക്ക് ആണ് പോയത്. അവിടെ ഒമ്പത് ദിവസത്തോളം ജീവിച്ചു. ആവശ്യത്തിനു പണവും ഏതു സമയവും വിസ ശരിയായി വിളി വരുമെന്ന് ഉറപ്പും ഉള്ളത് കൊണ്ട്  ജീവിതം വലിയൊരു പ്രയാസകരമായി അനുഭവപ്പെട്ടില്ല. അടുത്ത ദിവസങ്ങളിലായി എത്തിയവർ കയ്യിൽ കാശുള്ളതിനാൽ അവിടെ ലഭ്യമായ ആസ്വാദന കളികളിൽ മുഴുകി സമയം കൊല്ലുന്നു. ഹുക്ക വലിക്കാർ, സ്നൂക്കർ, ടേബിൾ ടെന്നീസ് കളിക്കാർ, ടീ വി കാണുന്നവർ അങ്ങനെ പലരും, കുറെ ആളുകൾ നിർത്താതെ സംസാരിക്കുന്നു.  മന:പ്രയാസങ്ങൾ നാവ് കൊണ്ട് മറികടക്കാൻ ശ്രമിക്കുന്ന പോലെ തോന്നി. ചിലർ പുറത്തിറങ്ങി നാട് കാണാൻ ശ്രമിക്കുന്നു. ദൂരെ കടലിലേക്ക് നോക്കി ആരെയോ പ്രതീക്ഷിച്ചെന്ന പോലെ ഇരിക്കുന്നവരുണ്ട് കുറേ.

കൗതുകക്കാഴ്ചകൾ തേടി നടക്കുന്ന കണ്ണുകൾ വല്ലാതെ ഉടക്കിയത് പലരുടെയും വേദനകളിലാണ്. മാസങ്ങളായി വിസയും പ്രതീക്ഷിച്ച് കാത്തിരിക്കുന്ന പല പല നാട്ടുകാർ, വിസ ലഭിക്കില്ല എന്ന് ഉറപ്പ് വന്നിട്ട് യു എ ഇ യിലേക്ക് പോകാനാകില്ല എന്നറിഞ്ഞിട്ടും ടിക്കറ്റിനു കാശില്ലാത്തതിനാൽ സ്വന്തം നാട്ടിലേക്ക് പോകാനും കഴിയാതെ ഇനിയെന്ത് എന്ന് ജീവിതത്തെ നോക്കി വിലപിക്കുന്ന ഒട്ടനവധി ആളുകൾ. ഭക്ഷണം കഴിക്കാൻ പോയപ്പോൾ പലർക്കും പല ഭാവങ്ങൾ. കൊടുക്കാൻ കാശില്ലാതെ, ഭക്ഷണം കഴിക്കാൻ കയ്യിൽ ഒരുദിർഹം പോലുമില്ലാതെ യാചന വശമില്ലാത്തതിനാൽ വരുന്നവരുടെ മുന്നിൽ പ്രതീക്ഷയോടെ നോക്കുന്ന മുഖങ്ങൾ ഒരുപാടുണ്ട് അവിടെ. പരിചയമായ മുഴുപ്പട്ടിണിക്കാർക്ക് കൊച്ചു ഭക്ഷണ ശാല നടത്തുന്ന മലയാളിയായ ഇക്ക സൗജന്യമായി ഭക്ഷണം കൊടുക്കുന്നു. അതും ഇല്ലാത്തവർ പട്ടിണി തന്നെ - കൊടും പട്ടിണി..

ദിവസം 5 പിന്നിട്ടു. നോട്ടീസ് ബോർഡിൽ നോക്കി - വിസ എത്തിയിട്ടില്ല. ഇറങ്ങി നടന്നു, രാത്രി വൈകിയ നേരത്ത്, ആകാശത്തിലേക്ക് നോക്കി കുറെ നേരം വീക്ഷിച്ചു, ഹുക്ക വലിക്കുന്നവരുടെയും സ്നൂക്കർ കളിക്കുന്നവരുടെയും ഇടയിലൂടെയൊക്കെ നടന്നു ആളുകളുടെ ഇടപാടുകളൊക്കെ കണ്ട് സമയം പോയി. മുറിയിലേക്ക് പോയി വുളു എടുത്തു നിസ്ക്കരിക്കാൻ വേണ്ടി തിരിച്ചു അവിടെയുള്ള കൊച്ചു പള്ളിയിൽ കയറി. അവിടെയുണ്ടായിരുന്നു മുട്ടുകുത്തി ക്രിസ്ത്യാനികൾ പള്ളിയിൽ ഇരിക്കുന്ന പോലെ രണ്ടു കൈകളും ചേർത്ത് കോർത്ത്‌ പിടിച്ചു തലകുനിച്ച് മിണ്ടാതെ ഇരിക്കുന്ന ഒരു മനുഷ്യനെ അവിടെ കണ്ടു. കണ്ടപ്പോൾ ഒരു ചൈന, കൊറിയക്കാരുടെ മുഖം പോലെ തോന്നി. ശ്രദ്ധിച്ചപ്പോൾ അയാളുടെ അടച്ചു പിടിച്ച കണ്ണിൽ നിന്നും മിഴിനീർ നിർത്താതെ ഒഴുകുന്നുണ്ടായിരുന്നു. മനസ്സ് വല്ലാതെ പിടച്ചു പോയി - ഞാൻ നിസ്ക്കരിക്കാതെ അയാളെ നോക്കി നിന്നു. അങ്ങനെ ഒരു കരച്ചിൽ ജീവിതത്തിൽ ഞാൻ അതിനു മുമ്പും ശേഷവും കണ്ടിട്ടില്ല, നിർത്താതെ ഒഴുകുകയായിരുന്നു കണ്ണുനീർ.



ഒരുപാട് നേരം അങ്ങനെ ഇരുട്ടിൽ ഞാൻ അനങ്ങാതെ നിന്ന് നോക്കി - അയാളുടെ ഗദ്ഗദങ്ങൾ പതുക്കെ ചുണ്ടുകളുടെ പൂട്ട്‌ പൊട്ടിച്ചു പുറത്തു ചാടിതുടങ്ങിയിരുന്നു. മനസ്സിൽ നിന്നും ഒരു പൊട്ടിത്തെറി പോലെ എന്തൊക്കെയോ കൈകൾ രണ്ടും മുകളിലോട്ട് ഉയർത്തി അയാൾ പറഞ്ഞു - ശേഷം കണ്ണും തുടച്ചു കൊണ്ട് എഴുന്നേറ്റ് പുറത്തേക്ക് നടക്കാൻ തുടങ്ങി. എന്തോ അയാളുമായൊന്ന് സംസാരിക്കണം എന്ന് തോന്നി - എന്ത് എന്നറിയില്ല.അടുത്ത് ചെന്ന് അറിയുന്ന ഇംഗ്ലീഷിൽ എന്തൊക്കെയോ ചോദിച്ചു - അയാൾക്ക് മനസ്സിലാകുന്നില്ല, (സത്യത്തിൽ സംസാരിക്കാനും അയാളെ പറ്റി ചോദിക്കാനും തുടങ്ങാൻ ഒരു വിഷയം വേണമല്ലോ എന്ന നിലക്ക് മാത്രം) ഞാൻ അയാളോട് "നിങ്ങൾ മുസ്ലിമാണോ" എന്ന് ചോദിച്ചു - അല്ലെന്നു മറുപടി പറഞ്ഞു. ആ മുഖത്ത് വിഷാദമായിരുന്നു - വിശക്കുന്നവന്റെ മുന്നിൽ മതം ചോദിക്കുന്നത് കൊണ്ട് എന്ത് നേട്ടം എന്നയാളുടെ മുഖം ചോദിക്കുന്നുണ്ടായിരുന്നു. പള്ളിയിൽ മുസ്ലിമീങ്ങൾ അല്ലാത്തവർക്ക് പ്രവേശിക്കാൻ പാടില്ല എന്ന് നിങ്ങൾക്ക് അറിയാമോ എന്ന് ചോദിച്ചു:

മറുപടി വീണ്ടും ഒരിറ്റു കണ്ണുനീർ ആയിരുന്നു - ആംഗ്യത്തിലൂടെയും അറിയാവുന്ന ഭാഷയിലൂടെയും അയാൾ പറഞ്ഞത് 'ഈ ലോകത്ത് എനിക്ക് ആരോടും ഒന്നും പറയാനില്ല - ഇവിടെ പ്രാർഥിക്കാൻ ആളുകൾ വരുന്നത് കണ്ട് ദൈവം ഇവിടെ ഉണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു, എന്നും ഈ സമയത്ത് ഞാൻ വന്ന് ഇവിടെ ഇതുപോലെ എന്റെ വേദനകൾ ശബ്ദമില്ലാതെ ഇറക്കി വെക്കും - വേറെ ഒരു വഴിയും എനിക്ക് മുന്നിലില്ല".

ഞാൻ അറിയുകയായിരുന്നു; വിശപ്പ് തന്നെ ഒരു മതമാണ്‌ - വിശ്വാസവും കർമ്മവും ധ്യാനവും എല്ലാം അൽപ്പം ഭക്ഷണത്തിലും വെള്ളത്തിലും ലയിച്ചു നിൽക്കുന്ന ആവശ്യക്കാരൻ സ്വയമറിയാതെ വിശ്വസിക്കുന്ന മതം. വിശുദ്ധ ഇസ്ലാം വിശക്കുന്നവനു ഭക്ഷണം കൊടുക്കുന്നത് ചെയ്യാവുന്ന സല്ക്കർമ്മങ്ങളിൽ എറ്റവും പുണ്യകരമായതിൽ ഒന്നായി പഠിപ്പിക്കുന്നത് എന്ത് കൊണ്ട് എന്ന് അറിയണമെങ്കിൽ വിശപ്പിന്റെ മതത്തിൽ വിശ്വസിക്കുന്നവരെ കാണണം - അറിയണം.

അനിയന്ത്രിതമായി എന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഉറ്റി വീണു. നാവ് ചലനമറ്റ പോലെ തോന്നി. അന്വേഷിച്ചപ്പോൾ വല്ലതും കഴിച്ചിട്ട് ദിവസങ്ങളായി എന്നും വിസ തരുമെന്ന് പറഞ്ഞവർ പറ്റിച്ചു എന്നും കരുതിയ പണമൊക്കെ തീർന്നു, നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റിനു കാശില്ല എന്നും പറഞ്ഞു.വാക്കുകൾ മുറിഞ്ഞു പോയിരുന്നു. കയ്യിലുള്ളത് അയാളുടെ കയ്യിൽ ഏൽപ്പിക്കുമ്പോ തീരാത്ത ചിന്തകൾ മൊട്ടിടുകയായിരുന്നു. എന്റെ കൈകളിൽ അയാൾ തന്ന മുത്തം ഒരു ജീവന്റെ പുതുസ്പർശം പോലെ തോന്നി.ഈ ആരാധനാലയത്തിന്റെ ഭാഗമായ ദൈവം തന്റെ വിളി കേട്ടുവെന്ന് അയാൾക്ക് തോന്നിയോ എന്തോ.

പ്രയാസം വന്നു മൂടിയപ്പോ ആരെന്നറിയാതെ ദൈവത്തിലേക്ക് കൈനീട്ടാൻ വന്ന സഹോദരൻ ഒരു അടയാളമാണ്. അല്ലലിലാതെ, പ്രയാസമില്ലാതെ, യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ 20 ഇൽ പരം വർഷം എനിക്ക് ഞാനറിയാതെ ഭക്ഷണം തന്ന അല്ലാഹുവിന്റെ മുന്നിൽ ഒരിക്കൽ പോലും ഒന്നു മനസ്സറിഞ്ഞു നന്ദി രേഖപ്പെടുത്താൻ കഴിയാത്ത എനിക്ക് 'എന്റെ അനുഗ്രഹം ഞാൻ നിർത്തൽ ചെയ്‌താൽ ഇങ്ങനെ ഉണ്ടാകും' എന്ന് അവന്റെ പക്കൽ നിന്നുള്ള മുന്നറിയിപ്പ് ലഭിച്ചത് പോലെ..

പിന്നെ അയാളെ കണ്ടിട്ടേ ഇല്ല. വിസ കിട്ടി തിരിച്ചു പോകുന്നതിനു മുമ്പുള്ള രണ്ടു മൂന്നു ദിവസം എല്ലായിടത്തും ഞാൻ അദ്ദേഹത്തെ തിരഞ്ഞു. തിരിച്ചു എയർ പോർട്ടിൽ വിമാനം കയറുന്നത് വരെ എല്ലായിടത്തും, കണ്ടില്ല. എവിടെ നിന്നോ വന്ന് എങ്ങോട്ടോ പോയി. ഒരു നിയോഗം പോലെ - എന്നെ എന്റെ ജീവിതം എന്തെന്ന് ആലോചിക്കാൻ പഠിപ്പിച്ച ഒരു ഗുരുവായി തോന്നി അയാളെ. അന്നും ഇന്നും എന്നും ആ കാഴ്ച മനസ്സിൽ വന്നപ്പോഴൊക്കെ എങ്ങോ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയാത്ത ആ സഹോദരന്റെ ഓർമ്മകൾക്ക് മുമ്പിൽ ഒരു തുള്ളി കണ്ണുനീർ, ഒപ്പം സ്വന്തം മനസ്സിനോട് ഒരുണർത്താൽ കൂടെ വരാതെ പോയിട്ടില്ല..

നിങ്ങളും അറിഞ്ഞിട്ടുണ്ടോ മനസ്സ് നീറുന്ന സമയത്ത്, ആരുമാരും തുണയില്ലാതെ ഉഴറുന്ന സമയത്ത്, വേദനിപ്പിക്കുന്ന ചിന്തകൾ മനസ്സിനെ കീഴടക്കുന്ന സമയത്ത്, പിടിച്ചു കരയറാൻ വൈക്കോൽ തുമ്പ് പോലും കാണാനില്ലാതെ ജീവിതക്കയത്തിൽ മുങ്ങുന്ന സമയത്ത്, സ്വയം മറന്ന് എല്ലാ സഹായങ്ങളിലും സഹായികളിലും പ്രതീക്ഷയറ്റ് നാമറിയാതെ യാന്ത്രികമായി ദൈവികമായ ഒരു സഹായത്തിലേക്ക് കൈനീട്ടിപ്പോകുന്ന ഒരു അവസ്ഥ..?

ഇസ്ലാം പതിതർക്ക് ഒപ്പമാണ് - സ്വദഖകളിൽ ഏറ്റവും ഉത്തമം വിശക്കുന്നവനു ഭക്ഷണം കൊടുക്കലാണ് എന്ന് ആദരവായ നബിതങ്ങൾ പഠിപ്പിച്ചത് നമ്മുടെ കണ്ണ് തുറപ്പിക്കുമോ..?

Wednesday, April 01, 2015

ഇക്രിമ (റ) - ചെളിക്കുണ്ടിൽ നിന്നും സ്വർഗ്ഗീയാരാമത്തിലേക്ക്..

ഖുറൈശികളിൽ തറവാട് കൊണ്ടും സമ്പത്ത് കൊണ്ടും കരുത്ത് കൊണ്ടും കായബലം കൊണ്ടും ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നവനായിരുന്നു അബൂജഹൽ. മൂസാനബിക്ക് ഫിർഔൻ എന്ന പോലെയാണ് ആദരവായ നബിതങ്ങളുടെ(സ്വ) സമുദായത്തിൽ അബൂജഹലിന്റെ സ്ഥാനം.മരണസമയത്ത് എങ്കിലും അല്ലാഹുവിലും മൂസാനബിയിലും അവൻ വിശ്വസിച്ചു എങ്കിലും അത് സ്വീകാര്യതയുടെ പരിധിക്ക് അപ്പുറത്തായിരുന്നു. എന്നാൽ അബൂജഹൽ അവിടെയും ഫിർഔനിനെക്കാൾ കടുത്ത അവിശ്വാസി ആണെന്ന് ചരിത്രം തെളിയിച്ചു.

അബൂജഹലും അവന്റെ ധാർഷ്ട്യവും രണ്ട് യുവാക്കളുടെ ശൌര്യത്തിന് കീഴടങ്ങി വെട്ടേറ്റു വീണു. യുദ്ധാവസാനം മൃതശരീരങ്ങൾ നോക്കുന്നതിനിടെ അബ്ദുല്ലാഹ് ഇബ്നു മസ്ഊദ്(റ) തങ്ങൾ ഇനിയും മരിച്ചിട്ടില്ലാത്ത അബൂജഹലിന്റെ നെഞ്ചിൽ കയറി കഴുത്ത് വെട്ടുന്ന സമയത്ത് അവൻ പറഞ്ഞതായി കേട്ടിട്ടുണ്ട് -  "നീട്ടി മുറിക്കൂ എന്റെ കഴുത്ത് - എന്റെ തല കാണുമ്പോ മുഹമ്മദ്‌ ഭയപ്പെടണം..!"

മറ്റൊരു റിപ്പോർട്ടിൽ ഇങ്ങനെ:

"നീ മുഹമ്മദിനോട് പറയണം - ഞാനെന്റെ ജീവിതം മുഴുക്കെ അവനെ വെറുത്തു എന്ന്. ഇപ്പോഴും എന്റെ ഹൃദയത്തിൽ അവനോടുള്ള വെറുപ്പ് ആഴത്തിൽ ആളിക്കത്തുന്നുണ്ട് എന്ന്".

മരണശ്വാസത്തിൽ വരെ ആദരവായ നബിതങ്ങളെ(സ്വ) പകയോടെ കണ്ട അബൂജഹൽ ഒരു കണക്കിന് ഫിർഔനിനെക്കാൾ അധ:പതിച്ചവൻ തന്നെ..!

ബാപ്പാക്ക് ഒത്ത മകനായിരുനനു ഇക്രിമ. സത്യവിശ്വാസത്തിന്റെ വെളിച്ചം കൊണ്ട് അനുഗ്രഹീതരായ മുസ്ലിമീങ്ങളെ ഏതു വിധേനയും ആക്രമിച്ചും പരിഹസിച്ചും ശല്യം ചെയ്യുന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു. ബദറിൽ പിടഞ്ഞു വീണ പിതാവിന്റെ ഓർമ്മകൾ അദ്ദേഹത്തിൽ ജ്വലിച്ചു നിന്നു. പ്രതികാരത്തിന് കോപ്പ് കൂട്ടുന്നവരുടെ തീയിലേക്ക് എണ്ണ ഒഴിക്കുന്നത് അദ്ദേഹമായിരുന്നു.

ഉഹദ് വന്നെത്തി. വലഭാഗത്തും ഇടഭാഗത്തുമായി ഖാലിദ് ഇബ്നു വലീദും ഇക്രിമയും ഖുറൈഷീ സൈന്യത്തെ നയിച്ചു. 'ബദറിനു പകരമാണ് ഇന്നത്തെ ദിവസം' എന്ന് അബൂ സുഫിയാൻ പറയാൻ മാത്രം നാശം സത്യവിശ്വാസികളുടെ ഭാഗത്ത് സംഭവിച്ചു പോയ യുദ്ധം..!

ഖന്ദഖിലും ഇക്രിമ മുൻപന്തിയിൽ തന്നെ നിന്നു - ആവേശമായിരുന്നു ഇസ്ലാമിനെതിരിൽ വാളെടുക്കുന്നതിൽ അദ്ദേഹത്തിന്. കിടങ്ങ് ചാടിക്കടന്നു അപ്പുറമെത്തി പിടിച്ചു നിൽക്കാൻ കഴിയാതെ തിരിച്ചു കിടങ്ങ് ചാടി രക്ഷപ്പെട്ടതും അദ്ദേഹം തന്നെ..! കൂടെയുണ്ടായിരുന്ന പ്രഗൽഭന്മാർ അധികവും ഹിദായത്തിന്റെ വെളിച്ചം കണ്ടെത്തി എങ്കിലും ഇക്രിമയുടെ മനസ്സ് കത്തി തന്നെ നിന്നു. തീരാത്ത പകയുമായി ആദരവായ നബിതങ്ങളുടെയും സ്വഹാബത്തിന്റെയും നേരെ അദ്ദേഹം ആക്രമങ്ങൾ അഴിച്ചു വിട്ടു കൊണ്ടേയിരുന്നു.

കാലം രക്ഷിതാവിന്റെ അനിവാര്യമായ വിധിയെ പുലർത്തുക തന്നെയായിരുന്നു. സത്യം അസത്യത്തെ ജയിച്ചു കൊണ്ടേയിരുന്നു. പിടിച്ചു നിൽക്കാൻ വഴിയൊന്നും ഇല്ലെന്നു മനസ്സിലാക്കിയ മക്കക്കാർ പിടിച്ചടക്കാൻ വരുന്ന മുസ്ലിം സൈന്യത്തിനെതിരെ ചെറുക്കാതിരിക്കാൻ തീരുമാനിച്ചു. കാരുണ്യത്തിന്റെ കടലായ ഹബീബ്(സ്വ) അന്നത്തെ ദിവസം എല്ലാവർക്കും മാപ്പ് നൽകി, സത്യം സ്വീകരിക്കാൻ ക്ഷണിച്ചു. പക്ഷെ പൊറുക്കാക്കാവുന്നതിലും എത്രയോ കഠിനമായിരുന്നു ഇക്രിമയുടെയും മറ്റു ചിലരുടെയും പ്രവാചകാധിക്ഷേപം. കഅബയുടെ ഉള്ളിൽ വെച്ച് കണ്ടാലും ഇക്രിമയെയും മറ്റു ചിലരെയും കണ്ടാൽ കൊന്നുകളയാൻ അവിടുന്ന് കൽപ്പിച്ചു.

ഇക്രിമയുടെ ഭാര്യ ഉമ്മു ഹക്കീം(റ) ഇസ്ലാമിനെ പുൽകിയിരുന്നു അപ്പോഴേക്ക്. സ്നേഹഭാജനമായ ഭർത്താവിന് പൊറുക്കാൻ മഹതി നബിതങ്ങളോട് അഭ്യർഥിച്ചു. അവിടുന്ന് കൈവിട്ടില്ല. പ്രതീക്ഷയൊന്നുമില്ലായിരുന്നു മഹതിക്ക് - എങ്കിലും അവസാന പരിശ്രമം എന്ന നിലക്ക് ഭർത്താവിനെ തേടിയിറങ്ങി.

ഇക്രിമ നാട് വിട്ടിരുന്നു. ജീവൻ പോയാലും മുഹമ്മദിനെ(സ്വ) അംഗീകരിക്കാൻ  അദ്ദേഹം തയ്യാറല്ല.മക്ക വിട്ടു - വേഷ പ്രച്ഛന്നനായി യാത്രയായി. അബിസീനിയയിലെക്ക് കടക്കാൻ ശ്രമിക്കുന്ന ഇക്രിമയെ ഉമ്മുഹക്കീം കണ്ടെത്തി. കടൽ കടക്കണം - കപ്പലിൽ കയറ്റാൻ കപ്പിത്താൻ ഒരുക്കമല്ല. ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദു റസൂലുല്ലാഹ് വിശ്വസിക്കണം എന്ന് നിബന്ധന വെച്ചു..!

ഹിദായത്തിന്റെ വെളിച്ചത്തെ അല്ലാഹു നിശ്ചയിച്ചു കഴിഞ്ഞാൽ പിന്നെ ഓടിമാറിയാലും എവിടെയും നമ്മെ പൊതിഞ്ഞു അല്ലാഹു ഒരുക്കുന്ന മാറ്റത്തിന്റെ കാരണങ്ങൾ മാത്രമാണ് കാണുക."ഈയൊരു വാക്കിൽ നിന്നും വിശ്വാസത്തിൽ നിന്നും രക്ഷപ്പെടാനാണ് ഇത്രയും ദൂരം താണ്ടി ഞാൻ ഇവിടെ വരെ എത്തിയത്" എന്നായിരുന്നു ഇക്രിമയുടെ മറുപടി. മനസ്സിൽ പുതുചിന്തകൾ നാമ്പിടുകയായിരുന്നു.

ഉമ്മുഹക്കീം വന്നു പറഞ്ഞു: "ഞാൻ വരുന്നത് മനുഷ്യരിൽ ഏറ്റവും ഔദാര്യവാനും സത്യസന്ധരുമായ തിരിദൂതർ (സ്വ) യുടെ അടുക്കൽ നിന്നാണ്. നിങ്ങൾക്ക് പൊറുക്കാൻ ഞാൻ അവിടുത്തോട്‌ ആവശ്യപ്പെട്ടു. അവിടുന്ന് സമ്മതിച്ചു"

ഇക്രിമയെയും കൂട്ടി ഉമ്മുഹക്കീം തിരിച്ചു യാത്ര തുടങ്ങി - ഇടത്താവളത്തിൽ വെച്ച് ഭർത്താവായ ഇക്രിമ തന്നിലേക്ക് ആവശ്യവുമായി വന്നപ്പോ മഹതി തടഞ്ഞു - സത്യവിശ്വാസിനിയായ സ്ത്രീയായ എന്നെ അവിശ്വാസിയായ നിങ്ങൾക്ക് വിരോധിതമാണ്". ഇക്രിമ അത്ഭുതപ്പെട്ടു പോയി. തന്റെ സ്വന്തം ഭാര്യ തന്നെ തൊടാൻ അനുവദിക്കാത്ത തരത്തിൽ മനസ്സ് മാറാൻ കഴിയണമെങ്കിൽ ഞങ്ങൾക്ക് ഇടയിലുള്ളത് ഒരു വല്ലാത്ത കാര്യം തന്നെയാണ് എന്ന് മനസ്സിലാക്കുകയായിരുന്നു.

നുബുവ്വത്തിന്റെ തിരുനാവ്‌ കൊണ്ട് അവിടുന്ന് അനുചരന്മാരോട് ഇക്രിമയുടെ വരവ് മുൻകൂട്ടി പറഞ്ഞു വെച്ചു - "ഇക്രിമ വിശ്വാസിയായി ഇവിടെ വരും; ആരും ഇക്രിമയുടെ പിതാവിനെ അദ്ദേഹത്തിന്റെ മുന്നിൽ വെച്ച് ഭത്സിക്കരുത്. മരണപ്പെട്ടവരെ ഭത്സിക്കുന്നത് ജീവിച്ചിരിക്കുന്നവരിൽ പ്രയാസം ഉണ്ടാക്കും".

ഇക്രിമ(റ) തിരുസവിധത്തിലേക്ക് വന്നണഞ്ഞു. ഹബീബ് സ്വീകരിച്ചു - ഹാർദ്ദവമായി. മഞ്ഞുരുകുകയായിരുന്നു അവർക്കിടയിൽ. തിരുസാമീപ്യം അദ്ദേഹത്തിന്റെ മനസ്സിൽ കുളിർ മഴയൊരുക്കുകയായിരുന്നു. താൻ അധിക്ഷേപിച്ച പ്രവാചകർ തന്നെയല്ല, തന്റെ മനസ്സിനെയാണ്‌ കെട്ടിപ്പിടിച്ചതെന്ന് ഇക്രിമ(റ) തിരിച്ചറിയുകയായിരുന്നു.

ഹബീബിന്റെ തിരുനാവിൽ നിന്നും കലിമ ചൊല്ലിക്കൊടുത്തു - ഇക്രിമ ജാഹിലിയ്യതിന്റേയും അഹങ്കാരത്തിന്റെയും താൻ പോരിമയുടെയും അസൂയയുടെയും പോരിന്റെയും പകയുടെയും ഭൂതകാലത്തെ കഴുകിതുടക്കുകയായിരുന്നു..




ഈമാനിലായി തിരുഹബീബുമായുള്ള ഒരു നിമിഷ നേരത്തെ സാമീപ്യം മതിയായിരുന്നു ഒരു മനുഷ്യന് എല്ലാം മാറിമറിയാൻ. അവിടെ തിരിച്ചറിവിന്റെ പുതുലോകം കൈവരുകയാണ്. ജീവിച്ച കാലത്തിലെ ശൂന്യതയും വരാനിരിക്കുന്ന ജീവിതത്തിൽ നിറയാനുള്ള  സന്തോഷവും മനസ്സുകളെ കീഴടക്കുകയാണ് അവിടെ..

എത്രയെത്ര കഠിന ഹൃദയങ്ങളാണ് അവിടുത്തെ സാമീപ്യത്തോടെ തരളിതമായത്. എത്രയെത്ര ജീവിതങ്ങളാണ് ചെളിക്കുണ്ടിൽ നിന്നും സ്വര്ഗ്ഗീയ ആരാമത്തിലേക്ക് പറിച്ചു നടപ്പെട്ടത്..! എത്രയെത്ര ജീവിതങ്ങളാണ് മരണം കൊണ്ട് ജീവിതത്തെ നേടിയത്..!

ഉദാരവാന്മാരിൽ ഉദാരതയുടെ തിരി തെളിച്ച ഹബീബ് തങ്ങൾ(സ്വ) സന്തോഷിക്കുകയായിരുന്നു - ഏതൊരു പിതാവിന്റെ മകനാണിത്‌ എന്നോർത്ത്. എത്ര മാത്രം കഷ്ടപ്പെടുത്തിയ മനുഷ്യനാണ് ഇത് എന്നോർത്ത്..അവിടുന്ന് പറഞ്ഞു:

"ഇക്രിമാ, ഇന്ന് നിങ്ങൾ എന്ത് ചോദിച്ചാലും ഞാനത് നിങ്ങൾക്ക് നൽകും - ചോദിച്ചോളൂ".

ഈമാൻ കൊണ്ട് തിരുസദസ്സിലെ കുറഞ്ഞ നിമിഷങ്ങൾ ഇക്രിമ(റ) തങ്ങളുടെ തിരുമനസ്സിനെ പരിവർത്തനത്തിന്റെ വെളിച്ചം കൊണ്ട് തലോടിക്കഴിഞ്ഞിരുന്നു - ദുനിയാവ് വാരിക്കോരി ചോദിക്കാമായിരുന്നു, സമ്പത്തും അധികാരവും ചോദിക്കാമായിരുന്നു - വിട്ടു പോകേണ്ട ദുനിയാവിനെ കയ്യൊഴിയാൻ നിമിഷങ്ങൾ മതിയായിരുന്നു, അദ്ദേഹം ചോദിച്ചത് മറ്റൊന്നായിരുന്നു:

"നബിതങ്ങളെ, എനിക്ക് വേണ്ടത് അല്ലാഹുവിങ്കൽ നിന്നും പാപമോചനമാണ്, ഞാൻ ചെയ്തുകൂട്ടിയതിൽ നിന്നും അവിടുത്തോട്‌ കാട്ടിയ വെറുപ്പിൽ നിന്നും എന്നോട് പൊറുക്കാൻ അവിടുന്ന് അല്ലാഹുവിനോട് പറയണം, അവിടുത്തെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും അവിടുത്തെ പറ്റി പറഞ്ഞതെല്ലാം പൊറുക്കാൻ, അവിടുത്തെ എതിരാളിയായി ഞാൻ ചിലവഴിച്ച നിമിഷങ്ങളൊക്കെ പൊറുക്കാൻ ".

നബിതങ്ങൾ ഇലാഹീ സവിധത്തിലേക്ക് തേടി - ഇക്രിമ(റ) സന്തുഷ്ടനായി. ഈമാനിന്റെ വെളിച്ചം ഇക്രിമ(റ)യെ നയിക്കുകയായിരുന്നു - താൻ ചെയ്ത ഓരോ അക്രമങ്ങൾക്കും പകരം സത്യവിശ്വാസത്തെ ജ്വലിപ്പിക്കാൻ അദ്ദേഹം അക്ഷീണം പ്രയത്നിക്കുകയായിരുന്നു. എത്ര പെട്ടെന്നാണ് എല്ലാം മാറിമറിഞ്ഞത്. രാത്രികളെ വെളിച്ചമുറ്റതാക്കി നിസ്ക്കാരത്തിൽ ലയിക്കുന്ന, പകലുകളിൽ പുണ്യ വേദത്തിന്റെ തിരുസൂക്തങ്ങൾ പാരായണം ചെയ്യുന്നതിൽ സന്തോഷം കണ്ടെത്തുന്ന തികഞ്ഞ ഭക്തിയുടെ മുഖമായി അദ്ദേഹം മാറി.

'ഞാൻ ഇസ്ലാമിനെതിരിൽ ചെയ്തത് എന്തൊക്കെയാണോ അതിന്റെ ഇരട്ടി ഇരട്ടിയായി പരിശുദ്ധ ഇസ്ലാമിന് വേണ്ടി ഞാൻ ചെയ്യും - പോരാടും' എന്ന് അദ്ദേഹം നബിതങ്ങൾക്ക് കൊടുത്ത വാക്ക് അക്ഷരം പ്രതി പാലിക്കപ്പെട്ടു. ഇസ്ലാമിനായി ധീരധീരം പോരാടുന്ന രണ വീരനായി അദ്ദേഹം മാറാൻ സമയമെടുത്തില്ല.

യർമൂക്ക് യുദ്ധഭൂമിയിൽ വീരനായ ഖാലിദ് ഇബ്നു വലീദെന്ന നേതാവിന്റെ കീഴിൽ യുദ്ധമുന്നണിയിൽ ആഞ്ഞടിക്കുകയായിരുന്നു ഇക്രിമ(റ). ഇസ്ലാമിക സേനക്കെതിരെ ആക്രമണം രൂക്ഷമായപ്പോൾ അദ്ദേഹത്തിലെ യോദ്ധാവിന് വീര്യം കൂടുകയായിരുന്നു, കുതിരയെ വിട്ട് കാൽ നടയായി ശത്രുപാളയത്തിലേക്ക് കുതിച്ചു കയറുകയായിരുന്നു അദ്ദേഹം - അപകടം മണത്ത ഖാലിദ് തങ്ങൾ ഇക്രിമ(റ) യെ തടയാൻ ശ്രമിച്ചു. പക്ഷെ ആ നിശ്ചയ ദാർഡ്യം നിറഞ്ഞ കരുത്തുറ്റ വാക്കുകൾ അംഗീകരിക്കാതിരിക്കാൻ ഖാലിദ്(റ) വിനു കഴിഞ്ഞില്ല.

"എന്നെ വിടൂ ഖാലിദ്, നിങ്ങൾക്ക് ഭൂതകാലത്ത് ആദരവായ നബിതങ്ങൾ(സ്വ) യുമായി നല്ല ബന്ധമുണ്ടായിരുന്നു.പക്ഷെ ഞാനും എന്റെ പിതാവും അവിടുത്തെ ഏറ്റവും കടുത്ത ശത്രുക്കൾ ആയിരുന്നു. ഞാനെന്റെ ഭൂതകാലത്ത് ചെയ്തതിനൊക്കെ പകരം ഞാൻ തിരിച്ചു ചെയ്യട്ടെ. ഞാൻ നബിതങ്ങൾക്ക്(സ്വ) എതിരെ ഒരുപാട് പ്രാവശ്യം യുദ്ധം ചെയ്തു. എന്നിട്ട് ഞാനിപ്പോ ഈ ബൈസന്റൈൻ സൈന്യത്തിൽ നിന്നും ഓടി രക്ഷപ്പെടുകയോ - അതൊരിക്കലും സംഭവ്യമല്ല തന്നെ"..!

'മരണം വരെ പോരാടാൻ തയ്യാറുള്ളവർ ആരുണ്ട്' എന്നദ്ദേഹം ഉറക്കെ വിളിച്ചു ചോദിക്കുകയും കൂടെ വന്നവരുമൊത്ത് ശത്രുപാളയത്തെ കീറിമുറിച്ച് ആക്രമിക്കുകയും ചെയ്തു. വിജയം സത്യപക്ഷത്ത് തന്നെ നിന്നു. പക്ഷേ ഇക്രിമ(റ) യുടെ തിരു രക്തം ആ മണ്ണിനെ പുൽകിക്കഴിഞ്ഞിരുന്നു.

വെളിച്ചം നിറഞ്ഞു കഴിഞ്ഞ മനസ്സുകളിൽ ഈമാനിന്റെ കരുത്ത് വരുത്തിയ മാറ്റം അറിയാൻ ആ അന്ത്യനിമിഷം മതിയായിരുന്നു. പീഡനങ്ങളുടെ സകലസീമകളും ലംഘിച്ച് താൻ കഷ്ടപ്പെടുത്തിയ മുസ്ലിമീങ്ങളിലെ ഓരോരുത്തരും സ്വന്തം ജീവനേക്കാൾ അവിടുത്തേക്ക് വിലപ്പെട്ടതാകുകയായിരുന്നു.

വെട്ടേറ്റു വീണ അടുത്തടുത്ത് കിടക്കുന്ന മൂന്നു സ്വഹാബാക്കളിൽ ഹാരിസ്(റ) അൽപ്പം വെള്ളം ചോദിച്ചു. ചുണ്ടോട് അടുപ്പിച്ചു വെള്ളം എത്തിയ സമയത്ത് വെള്ളത്തിനായി തൊട്ടപ്പുറത്ത് ഇക്രിമ(റ) ദാഹിക്കുന്നുണ്ടായിരുന്നു. ഹാരിസ് തങ്ങൾ കുടിച്ചില്ല - തന്റെ പ്രിയ സഹോദരൻ, ഈമാനിന്റെ പേരിൽ ഒത്തുകൂടിയ സഹോദരന് നൽകാൻ ആവശ്യപ്പെട്ടു. ഇക്രിമ തങ്ങൾ ചുണ്ടിലേക്ക് കുടിക്കാൻ നൽകാൻ ഇരുന്ന സമയത്ത് തൊട്ടപ്പുറത്ത് വെള്ളത്തിന്‌ തേടുന്ന അയ്യാഷ് തങ്ങൾക്ക് നൽകാൻ ആവശ്യപ്പെട്ടു. അവിടെ എത്തുമ്പോഴേക്ക് അയ്യാഷ്(റ) തങ്ങൾ അവസാനശ്വാസം വലിച്ച് കഴിഞ്ഞിരുന്നു. തിരിച്ചു ഇക്രിമ തങ്ങളിലേക്കും ഹാരിസ് തങ്ങളിലേക്കും എത്തുമ്പോഴേക്ക് അവർ രണ്ടു പേരുടേയും ആത്മാക്കളും സ്വര്ഗ്ഗത്തിലെ പാറിപ്പറക്കുന്ന പറവകളാകാൻ പറന്നകന്നിരുന്നു..

കൗസറിലെ, ദാഹം തിരികെ വരാത്ത പുണ്യപാനീയം പ്രണയ നായകനായ ഹബീബിന്റെ തിരുകരങ്ങൾ കൊണ്ട് വാങ്ങിക്കുടിക്കാനാണ് അല്ലാഹുവിന്റെ വിധി..

ഇന്നാലില്ലാഹി വഇന്നാ  ഇലൈഹി റാജിഊൻ..

നക്ഷത്രങ്ങളായ തിരുസ്വഹാബത്തിലെ വിശിഷ്ട താരകം ഇക്രിമ ഇബ്നു അബൂജഹൽ(റ) തങ്ങൾ ഇസ്ലാമിക ചരിത്രത്തിലെ  സുവർണ്ണേതിഹാസം രചിച്ചു പറന്നകന്നു പോയി.....

رضي الله عنهم ورضوا عنه

Saturday, February 14, 2015

പ്രണയത്തിന്റെ ദിനങ്ങൾ - വിജയത്തിന്റെയും..

ലൈലയിലും അവളോടുള്ള പ്രണയത്തിലും ലയിച്ച ഖൈസ് അലഞ്ഞു തിരിഞ്ഞു നടക്കുന്നതിനിടെ നിസ്ക്കരിക്കുകയായിരുന്ന മനുഷ്യന്റെ മുമ്പിലൂടെ നടന്നപ്പോൾ ആ മനുഷ്യൻ നിസ്ക്കാരത്തിൽ തന്നെ ഖൈസിനെ തടഞ്ഞു. അദ്ദേഹത്തിന്റെ നിസ്ക്കാരം തീരുന്നത് വരെ കാത്തു നിന്ന ഖൈസ് പറഞ്ഞുവത്രേ:

"സഹോദരാ, ലൈലയോടുള്ള അഗാധ പ്രേമത്തിൽ ലയിച്ച് എല്ലാം മറന്നു അലഞ്ഞു നടക്കുന്നത് കാരണം ഞാൻ നിങ്ങൾ നിസ്ക്കരിക്കുന്നത് കണ്ടില്ല - എന്നാൽ നിങ്ങളുടെ നിസ്ക്കാരത്തിന്റെ കാര്യമോ..? നിസ്ക്കാരത്തിൽ ആയിരിക്കുന്ന സമയത്തും നിന്റെ മുമ്പിലൂടെ ഞാൻ നടക്കുന്നത് നിനക്ക് കാണാൻ കഴിയുന്നുണ്ടല്ലോ".

സ്നേഹം അങ്ങനെയാണ് - മറ്റെന്തിനേക്കാളും സ്നേഹിക്കുന്നതിനെ പരിഗണിക്കുന്ന വികാരം. സ്നേഹിക്കുന്നതിൽ ലയിക്കുന്നതോടെ സർവ്വവും മറന്നു താനും തന്റെ പ്രണയവും മാത്രമാകുന്ന അവസ്ഥ. യാന്ത്രികമായി ചെയ്യുന്നു എന്നല്ലാതെ മറ്റൊന്നിലും ശ്രദ്ധയില്ലാതെയാകുന്ന മനസ്സിന്റെ വൈകാരികമായ അനുഭവമാണ് ഖൈസിന്റെ വാക്കുകളിൽ നിഴലിക്കുന്നത്.

 എന്നാൽ ഇലാഹായ, എല്ലാ സ്നേഹങ്ങളുടെയും അവകാശിയായ അല്ലാഹുവിന്റെ മുമ്പിൽ സംഭാഷണത്തിൽ ഏർപ്പെട്ട മനുഷ്യനാകട്ടെ അവന്റെ സ്നേഹത്തിൽ ലയിക്കുന്നില്ല - ചുറ്റുപാടുകൾ അവനിൽ നിറഞ്ഞു നിൽക്കുന്നു, അവിടെ പ്രണയവും പ്രണയിക്കുന്നവരും മാത്രമായി ചുരുങ്ങുന്ന പരമമായ അവസ്ഥ കൈവരുന്നില്ല. ആഴത്തിൽ തറച്ച അമ്പിനെ ഊരിയെടുക്കാൻ അലിയാർ(റ) തങ്ങൾക്ക് തന്റെ സ്നേഹഭാജനമായ ഇലാഹിലെക്കുള്ള മുനാജാത്തായ നിസ്ക്കാരത്തിലേക്ക് തിരിയാനാണ് തോന്നിയത്. താനും തന്റെ ഇലാഹും മാത്രമാകുന്നിടത്ത് വേദന അറിയുകയില്ലല്ലോ.  

സഹ്ൽ ഇബ്നു അബ്ദുല്ലാഹി തുസ്തുരി(റ) തങ്ങൾ വിവരിക്കുന്നത് നോക്കൂ:
"സ്നേഹം എന്നത് താൻ ചെയ്യുന്നതിനെയാകെ വിലയില്ലാത്തതായി കാണുകയും തന്റെ പ്രണയിനി ചെയ്യുന്നതിനെയാകെ, അതെത്ര ചെറുതായാലും വളരെ വലുതായി കാണുകയും ചെയ്യുന്ന അവസ്ഥയാണ്".

ഈമാനിന്റെ മധുരം നുകർന്ന മഹാപരിത്യാഗികൾ അവിടെയാണ് നിൽക്കുന്നത് - തന്റെ പ്രണയഭാജനമായ ഇലാഹിനോട് അടുക്കാൻ താൻ ചെയ്തതും ചെയ്യുന്നതുമൊന്നും ഒന്നുമല്ലെന്നും അവൻ തനിക്ക് നൽകുന്ന ഏതൊരു അനുഗ്രഹവും വളരെ വലുതാണെന്നും ഉള്ള കാഴ്ച്ച. എല്ലാത്തിലും അവന്റെ സ്നേഹം കണ്ടെത്തുന്ന മനസ്സ്. നാം സ്നേഹിക്കുന്നു എന്നതിലേറെ സ്നേഹിക്കപ്പെടുന്നു എന്നതിലാണ് മനസിന്റെ സന്തോഷം. സ്നേഹിക്കാൻ നമുക്ക് മടിയാണെങ്കിലും സ്നേഹിക്കപ്പെടാൻ നമുക്ക് ഇഷ്ടമാണ്. പിശുക്കില്ലാതെ നൽകുന്ന സ്നേഹം തിരിച്ചു ലഭിക്കണം എന്നാശിക്കാത്തവർ ആരുമുണ്ടാകില്ല. തിരിച്ചു ലഭിക്കാത്ത സ്നേഹം വല്ലാത്ത പ്രയാസമായി മനസ്സിനെ  നനക്കാത്തവരും ചുരുക്കമായിരിക്കും.




അതിരുകളില്ലാതെ വിശാലലോകത്തിൽ മുഴുക്കെ പരന്നു നിൽക്കുന്ന ഇഷ്ടമാണ് നമുക്കുമിഷ്ടം. ഞാനും ഞാൻ ഇഷ്ടപ്പെടുന്നവനും മാത്രമായി ചുരുങ്ങിച്ചുരുങ്ങി സ്വന്തത്തിൽ നിന്നും സ്വന്തത്തിലേക്ക് കുടുസ്സാകുന്ന സ്നേഹം അർത്ഥ ശൂന്യമാണ്. ഇലാഹിനോടുള്ള സ്നേഹമാണ് നമുക്ക് വഴിയാകേണ്ടത്. എന്തിനോടുള്ള സ്നേഹവും ഇലാഹിനോട് ബന്ധപ്പെടുന്നതോടെ അത് പടരുകയാണ് - അതിരുകളില്ലാതെ.

ഹാത്തം അൽ അസമ്മ്(റ) പറഞ്ഞു:

"സൃഷ്ടികളെ ആകമാനം ഞാൻ വീക്ഷിച്ചു, എല്ലാ ഓരോരുത്തർക്കും ഇഷ്ടങ്ങളും ഇഷ്ടപ്പെട്ടവരുമുണ്ട്.കാമുകന്മാരും കാമുകികളുമുണ്ട്. എന്നാൽ ഞാൻ മനസ്സിലാക്കി, ഈ ഇഷ്ട വസ്തുക്കളും ഇഷ്ടപ്പെട്ട ആളുകളും ഇഷ്ടങ്ങൾ ആകമാനവും അവൻ മരിച്ച്‌ ഖബ്റിലേക്ക് പോയിക്കിടക്കുന്നത് വരെ മാത്രമേ നിലനിൽക്കുകയുള്ളൂ. മനുഷ്യന് പ്രയാസങ്ങളിൽ സഹായിക്കാനുള്ളതാണല്ലോ ഇഷ്ടപ്പെട്ടവർ. 

ഏറ്റവും വലിയ പ്രയാസവും ഏകാന്തതയും എന്നിലേക്ക് വന്നു ചേരുന്ന എന്റെ ഖബ്റിലേക്ക് സഹായിയായി കൂട്ടായി വരുന്ന വല്ല കൂട്ടുകാരനും ഉണ്ടോ എന്ന് ഞാൻ അന്വേഷിച്ചു. ഇത്രയും കാലത്തെ അവിടുത്തെ പക്കൽ നിന്നും ഞാൻ പഠിച്ച  ഖുർആനികാധ്യാപനങ്ങളിൽ നിന്നും ഹദീസുകളിൽ നിന്നും ഉപദേശങ്ങളിൽ നിന്നും ഞാൻ മനസ്സിലാക്കിയത് 'ഞാൻ ചെയ്യുന്ന സൽക്കർമ്മങ്ങൾ' മാത്രമാണ് എന്റെ കൂടെ ആരുമാരും കൂട്ടിനില്ലാത്ത ഖബ്റിൽ എന്റെ കൂടെ പോരുന്നത്. അങ്ങനെ സൽക്കർമ്മങ്ങളെ എന്റെ കൂട്ടുകാരനാക്കാൻ ഞാൻ തീരുമാനിച്ചു."

(ഇഹ്യാ ഉലൂമുദ്ദീൻ)


സ്നേഹം മുഴുക്കെ അല്ലാഹുവിന് വേണ്ടിയാകുന്നതോടെ അല്ലാഹു അവന്റെ ഗുണമായ അനുഗ്രഹത്തിന്റെയും കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും കവാടം അവനിലേക്ക് തുറക്കപ്പെടുന്നു.

ആദരവായ നബിതങ്ങൾ(സ്വ) പറഞ്ഞു:

"അല്ലാഹു അവന്റെ ഒരു അടിമയെ ഇഷ്ടം വെക്കുമ്പോൾ അവൻ മുഖറബായ മാലാഖ ജിബ്‌രീൽ(അ) മിനോട് പറയും: "അല്ലയോ ജിബ്‌രീൽ ഞാൻ ഇന്നാലിന്ന മനുഷ്യനെ സ്നേഹിക്കുന്നു, അതിനാൽ തന്നെ നിങ്ങളും അവനെ സ്നേഹിക്കുക." അങ്ങനെ ജിബ്രീൽ(അ) ആ മനുഷ്യനെ ഇഷ്ടം വെക്കാൻ തുടങ്ങുന്നു. ശേഷം ആകാശ ലോകത്തെ അന്തേവാസികളായ മലാഇക്കതിനോട് മുഴുക്കെ ജിബ്രീൽ വിളംബരം ചെയ്യും: "അല്ലാഹു ഇന്നാലിന്ന മനുഷ്യനെ ഇഷ്ടപ്പെടുകയും അതിനാൽ അവനെ ഇഷ്ടപ്പെടാൻ കൽപ്പിക്കുകയും ചെയ്തു". അങ്ങനെ മാലാഖമാർ മുഴുക്കെ അവനെ ഇഷ്ടപ്പെടാൻ തുടങ്ങുന്നു.തുടർന്ന് അവന്‌ ഭൂമിയിലുള്ളവർക്കിടയിൽ അവന് അല്ലാഹു സ്വീകാര്യത നൽകുകയും ചെയ്യുന്നു"

(ബുഖാരി)

അവനോടുള്ള പ്രണയമാണ് അവന്റെ ഹബീബ് (സ്വ) തങ്ങളോടുള്ള പ്രണയം, അവനോടുള്ള പ്രണയമാണ് മാതാവിനോടുള്ള പ്രണയം, അവനോടുള്ള പ്രണയമാണ് പിതാവിനോടുള്ള പ്രണയം, അവനോടുള്ള പ്രണയമാണ് ഭാര്യയോടുള്ള പ്രണയം, അവനോടുള്ള പ്രണയമാണ് മക്കളോടുള്ള പ്രണയം, അവനോടുള്ള പ്രണയമാണ് സകല ചരാചരങ്ങളോടും വരുന്ന പ്രണയം. അവനാണ് എല്ലാ പ്രണയത്തിന്റെയും ഉടമ.

"എന്റെ അഭിപ്രായത്തിൽ അല്ലാഹുവിനോടുള്ള ഇഷ്ടത്തോടെ ഒരു കടുകുമണി കാണുന്നത്, സ്നേഹം മനസ്സിൽ നിറഞ്ഞിട്ടില്ലാത്ത 70 വർഷത്തെ ആരാധനക്ക് തുല്യമാണ്." (യഹ്യ ഇബ്നു മുആദ്)

അല്ലാഹുവിനോടുള്ള സ്നേഹം, ഇലാഹിനോടുള്ള പ്രണയം, അവൻ നിശ്ചയിച്ചതിനോടുള്ള അനുരാഗവും അവനിലേക്ക് ചേർത്തിയുള്ള ഇഷ്ടങ്ങളും മനസ്സിൽ നിറയുന്നതോടെ സ്നേഹം സർവ്വ വ്യാപിയായി നിറയുകയാണ്. സീമകളില്ലാത്ത അതിരുകളും വരമ്പുകളും ഇല്ലാത്ത വിശാലതയിലേക്ക് പടർന്നു പന്തലിക്കുകയാണ്...

അവനായിരിക്കട്ടെ നമ്മുടെ വാലന്റൈൻ..അവനിലേക്കാണല്ലോ എല്ലാ പ്രണയത്തിന്റെയും മടക്കം..

Wednesday, February 11, 2015

വലുതാകുമ്പോൾ ചെറുതാകുന്നവർ..

കയ്യിലൊന്നുമില്ലെങ്കിലും പത്രാസ്സിന് പഞ്ഞമില്ലാത്ത ജീവിതമാണ് നമുക്ക് പരിചയം. ദുനിയവിയ്യായും ഉഖ്രവിയ്യായും നമ്മുടെ ജീവിതം ബന്ധപ്പെടുന്ന മേഖലകളെ എല്ലാം നാം സമീപിക്കുന്നത് ഈയൊരു രീതിയിൽ തന്നെയാണ്. ഇല്ലായ്മക്കുള്ള ചികിത്സകൾ തേടിപ്പോകുകയോ അറിയാവുന്ന വൈദ്യങ്ങൾ പ്രയോഗത്തിൽ വരുത്തുകയോ ചെയ്യുന്നതിന് പകരം സകലമാന പ്രതിവിധികളിൽ നിന്നും ഓടി മാറുകയാണ് മനുഷ്യൻ ചെയ്യുന്നത്.

നേരാം വണ്ണം തിന്നാനും ഉടുക്കാനും പോലും ഇല്ലാത്തവനും ചിന്തിക്കുന്നത് 'ഭക്ഷണം കഴിക്കാൻ ഇല്ലെങ്കിലും അത് ആളുകൾ അറിയുന്നില്ലല്ലോ - പോകാൻ വണ്ടി ഇല്ലെങ്കിൽ അതൊരു കുറച്ചിൽ തന്നെ' എന്നാണെന്ന് വായിച്ചത് ശരിതന്നെയാണ്. മഴയത്ത് നനയാൻ ഇറങ്ങും മുമ്പ് മുഖമാകെ ക്രീമും പൌഡറും ഇടുന്ന പോലെ ഒരു തരം ഭ്രാന്തൻ കാട്ടിക്കൂട്ടലുകൾ. ഇല്ലായ്മയുടെ യാഥാർത്ഥ്യം അനുഭവിക്കുമ്പോൾ തന്നെ അനാവശ്യ പൊങ്ങച്ച മന:സ്ഥിതി കൈവിടാത്ത രീതി. നന്നായി അധ്വാനിക്കൂ നിങ്ങൾക്കും ഇല്ലായ്മകളെ ഇല്ലായ്മ ചെയ്യാം എന്ന് പറയുന്നവരെ പു:ഛത്തോടെ മാത്രം നോക്കുന്ന സമൂഹം.



മരണാനന്തര ജീവിതത്തിന്റെ ലോകത്തേക്ക് ഉള്ള സമ്പാദ്യത്തിന്റെ കാര്യവും വ്യത്യസ്തമല്ല. താനിന്നോ നാളെയോ മണ്ണിലേക്ക് പോകേണ്ടി വന്നാൽ അവിടെ സംബാദ്യമാകാനുള്ളത് എന്തൊക്കെ താൻ ശേഖരിച്ചിട്ടുണ്ട് എന്ന് ആലോചിക്കുന്നതിൽ നാമൊക്കെ എത്ര അലസരാണ്. യഥാർത്ഥത്തിൽ ഒന്നുമൊന്നും നമ്മുടെ കയ്യിൽ ഇല്ലയെന്നത് അവിതർക്കിതമായ പരമാർത്ഥമാണ്.

എന്നാലും നേരം തെറ്റിയും ഖളാ ആക്കിയും നിസ്ക്കരിച്ച നിസ്ക്കാരങ്ങളിൽ,വയറിനെ വിശപ്പിക്കുമ്പോൾ തന്നെ നാവിനെ അഴിച്ചു വിട്ടു സകലരുടെയും മാംസം തിന്ന് കൊണ്ട് വൈകുന്നേരമാക്കിയ നോമ്പുകൾ, ചുറ്റുപാടുകളിലെ സാധുവിന്റെ പട്ടിണി കാണാതെയുള്ള കഅബക്ക് ചുറ്റും നിന്ന് ഫോട്ടോ എടുക്കാനുള്ള ഉമ്ര ട്രിപ്പുകൾ, ലക്ഷം കൊടുക്കാനുള്ളിടത്ത് ആളുകളെ വിളിച്ചു വരുത്തി ആയിരം കൊടുത്ത് പേരെടുത്ത സക്കാത്തുകൾ...തുടങ്ങിയവയിൽ അതിരുകളില്ലാത്ത പ്രതീക്ഷയും എന്തൊക്കെയോ ചെയ്തെന്ന ചിന്തയുമാണ് നമ്മിൽ.

'ഞാൻ ഇങ്ങനെയൊക്കെ ജീവിച്ചാലും എന്റെ റബ്ബ് എനിക്ക് പൊറുത്തു തരും - അവന്റെ മഗ്ഫിറത്ത് വിശാലമാണ്' എന്നാണ് നാം പറയാറുള്ളത്. എന്നാൽ ജീവിതത്തിലെ ഒരു നിമിഷം പോലും കളയാതെ അല്ലാഹുവിന്റെ വഴിയിൽ മാത്രമായി ജീവിച്ചവരും പറയാറുള്ളത് ഇതേ വാക്കുകൾ തന്നെയാണ്. 'ഞാൻ ഇങ്ങനെയൊക്കെ ജീവിച്ചാലും എന്റെ റബ്ബ് എനിക്ക് പൊറുത്തു തരും - അവന്റെ മഗ്ഫിറത്ത് വിശാലമാണ്' എന്ന്.

രണ്ടും തമ്മിലുള്ള അന്തരം മനസ്സിലാക്കുന്നിടത്ത് നാം വിജയികളെയും പരാജിതരെയും കണ്ടെത്തും.ചെയ്യാനുള്ളതിന്റെ അത്യുന്നതിയിൽ ചെയ്താലും റബ്ബിന്റെ മഗ്ഫിറത് പിന്നെയും അവനിൽ നിന്നുള്ള ഔദാര്യമാണ്‌ എന്ന് വിശ്വസിച്ചവരും സകലമാന നശിച്ച ജീവിതരീതിയും തുടർന്ന് അതിൽ നിന്ന് കൊണ്ട് തന്നെ റബ്ബിന്റെ മഗ്ഫിറത് തന്റെ അവകാശമാണ് എന്ന രീതിയിൽ ചിന്തിക്കുന്നവരും എത്ര വിദൂരലോകത്താണ്..!

റഈസു സാഹിദീൻ ഇബ്രാഹീം ഇബ്നു അദ്ഹം (റ) ഉപജീവന മാർഗ്ഗത്തിനായി മുന്തിരിതോട്ടത്തിലെ കാവൽക്കാരനായിരുന്ന സമയത്ത് ഒരു പട്ടാളക്കാരൻ കുറച്ച് മുന്തിരി നൽകാൻ ആവശ്യപ്പെടുകയും "മുതലാളി അനുവദിച്ചിട്ടില്ല" എന്ന് അദ്ദേഹം മറുപടി പറയുകയും ചെയ്തു. കയ്യിലിരുന്ന ചാട്ടവാർ കൊണ്ട് ഇക്കാരണത്താൽ തന്നെ മർദ്ദിച്ച പട്ടാളക്കാരനോട് തന്റെ തല താഴ്ത്തി അവിടുന്ന് പറഞ്ഞത് എത്ര വിനയാന്വിതനായാണ്. "എന്റെ ഈ തലയിൽ അടിച്ചോളൂ നിങ്ങൾ - കാരണം ഇത് വെച്ചാണ് ഞാൻ എന്റെ റബ്ബിനെ പലപ്പോഴും ധിക്കരിക്കാറുള്ളത്"..!

എത്ര ചെറിയ ചെറിയ കാര്യങ്ങൾ ആണെങ്കിൽ പോലും അതിൽ നിന്നും ബർസഖീ ജീവിതത്തിലും പരലോകത്തിലും തന്റെ ഇല്ലായ്മകളെ അതിജീവിക്കാൻ സഹായകമായ റബ്ബിന്റെ അനുഗ്രഹം വല്ലതും ലഭിക്കുമെന്ന പ്രതീക്ഷ കാണുമ്പോ അതിനെ മറ്റെന്തിനെക്കാളും മേലെ കാണുന്നതായിരുന്നു മഹാരഥന്മാരുടെ ജീവിത രീതി. രണ്ട് ഉദാഹരണങ്ങൾ നോക്കൂ..

തസവ്വുഫിന്റെ ലോകത്തെ പ്രകാശതാരകമായ ഹസ്രത് മഅ്റൂഫുൽ കർക്കി(റ) സുന്നത്ത് നോമ്പുകാരൻ ആയിരുന്ന ഒരവസരം വെള്ളവും ചുമന്നു കൊണ്ട് പോകുന്ന ഒരു മനുഷ്യന്റെ അരികിലൂടെ പോകുകയായിരുന്നു.ആ മനുഷ്യൻ ഇങ്ങനെ പറയുന്നുണ്ടായിരുന്നു: "ഇതിൽ നിന്നും കുടിക്കുന്നവരുടെ മേൽ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ". ഉടൻ തന്നെ മഅ്റൂഫ്(റ) തങ്ങൾ ആ മനുഷ്യനെ സമീപിക്കുകയും അതിൽ നിന്നും വെള്ളം കുടിക്കുകയും ചെയ്തു. "അങ്ങ് നോമ്പുകാരൻ ആയിരുന്നില്ലേ" എന്ന് കൂടെയുള്ളവർ ചോദിച്ചപ്പോ അവിടുന്ന് പറഞ്ഞു: "ശരിയാണ് - പക്ഷെ അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുമെന്ന പ്രതീക്ഷ (ആ മനുഷ്യന്റെ പ്രാർത്ഥനയാൽ) കാരണമാണ് ഞാൻ വെള്ളം കുടിച്ചത്"..!

ഹാ, താൻ സ്വന്തമായി ചെയ്തു കൊണ്ടിരുന്ന നോമ്പ് എന്ന കർമ്മത്തിൽ കൂടെ തനിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന അനുഗ്രഹത്തെക്കാൾ സമൂഹത്തിൽ ഒന്നുമല്ലാത്തവൻ എങ്കിലും അവന്റെ പ്രാർത്ഥന തനിക്ക് റബ്ബിന്റെ കരുണാ കടാക്ഷങ്ങൾ എത്തിച്ചു തരുമെന്ന പ്രതീക്ഷയെ മഹാൻ വിലകൽപ്പിച്ചു..

സ്വിഹാഹുസ്സിത്തയിൽ പെട്ട ഹദീസ് കിതാബിന്റെ മുസന്നിഫായ മഹാനായ ഇമാം അബൂദാവൂദ്(റ) തങ്ങൾ കപ്പലിൽ യാത്രികനായിരുന്ന സമയത്ത് തൊട്ടടുത്ത തീരത്ത് നിന്നും ഒരാൾ തുമ്മുകയും 'അൽഹംദുലില്ലാഹ്' പറയുകയും ചെയ്യുന്നത് കേട്ടു. അദ്ദേഹം ഉടനെ തന്നെ കപ്പലിൽ ഉള്ളവരെ ബന്ധപ്പെടുകയും ഒരു ദിർഹം വാടക കൊടുത്ത് ഒരു ചെറിയ ബോട്ട് സംഘടിപ്പിക്കുകയും അങ്ങനെ കരക്ക് പോയി ആ തുമ്മിയ മനുഷ്യനെ തേടിപ്പിടിച്ചു അദ്ദേഹത്തോട് 'യർഹമുക്കല്ലാഹ്' എന്ന് പറയുകയും തിരിച്ചു പോരുകയും ചെയ്തു.

ഇതിനെ പറ്റി തന്നോട് അന്വേഷിച്ച ആളോട് അവിടുന്ന് പറഞ്ഞത് ഞാൻ അങ്ങനെ ചെയ്‌താൽ ആ മനുഷ്യൻ സ്വാഭാവികമായും
'യഹ്ദീക്കുമുല്ലാഹു വ യുസ്ലിഹു ബാലക്കും' എന്ന ദുആ മറുപടി ആയി പറയും. അവനാണെങ്കിൽ ചിലപ്പോ അല്ലാഹുവിങ്കൽ ദുആക്ക് ഉത്തരം ലഭിക്കുന്ന ആളുമായിരിക്കും. ഈയൊരു പ്രതീക്ഷ മാത്രം വെച്ച് കൊണ്ടാണ് ഞാൻ അങ്ങനെ പോയത്. ആ മനുഷ്യന്റെ ദുആ കാരണം അല്ലാഹു എന്നെ ഹിദായത്തിലാക്കിയേക്കാം, എന്റെ ജീവിതം  നല്ല  വഴിയിൽ ആക്കുകയും ചെയ്തേക്കും".

തഖ് വായുടെ ഉദാത്ത മാതൃകകളായി സംശുദ്ധ ജീവിതത്തിന്റെ പ്രകാശ താരകങ്ങൾ ആയ ഉലമാക്കൾ തങ്ങളുടെ കർമ്മങ്ങളിൽ ആഖിറത്തിൽ സമ്പാദ്യമായി വിജയമേകും എന്ന പ്രതീക്ഷയുമായി അലസരായിരുന്നില്ല. എല്ലാ ചെറിയ ചെറിയ കാര്യങ്ങളിലും അവർ വലിയ വലിയ നേട്ടങ്ങൾ തേടി നടന്നു.നാം നമ്മുടെ കയ്യിൽ ചുരുട്ടി മുറുക്കിപ്പിടിച്ചിരിക്കുന്ന കർമ്മങ്ങൾ മണൽതരികൾ പോലെ ഊർന്നു വീണു പോകുന്നതിനെ അറിയുന്നേയില്ല. എന്നിട്ടും കൂട്ടിപ്പിടിച്ച കൈക്കുള്ളിൽ എന്തൊക്കെയോ ഉണ്ടെന്ന പ്രതീക്ഷയിൽ ദുനിയാവിൽ നിന്നും ദുനിയാവിലേക്ക് ആഴത്തിൽ ആഴത്തിൽ ഇറങ്ങി നടക്കുന്നു...

എത്രയെത്ര പ്രതീക്ഷകൾ...എത്രയെത്ര മോഹങ്ങൾ...പൂവണിഞ്ഞാൽ സന്തോഷം...എങ്ങാനും മാംബൂ കണ്ട് കൊതിച്ച മാമ്പഴക്കാലം ഒടുക്കം കരിഞ്ഞുവീണ പൂങ്കുലകൾ കണ്ട് മിഴിനീർ തൂകിയിട്ടെന്ത് ഫലം...

എങ്കിലും എനിക്ക് പ്രതീക്ഷയാണ്..മുറിയാത്ത ആശയെ മനസ്സിൽ നിറച്ചതും അവൻ തന്നെയാണല്ലോ..അക്രമികളും തെമ്മാടികളും അവനിൽ പ്രതീക്ഷ വെക്കരുതെങ്കിൽ പിന്നെ നാഥാ ഈയുള്ളവൻ ആരിലേക്ക് മോഹിക്കും...നീയല്ലാതെ ഒരു ഇലാഹിൽ എനിക്ക് വിശ്വാസമില്ലല്ലോ... കയ്യൊഴിയരുതേ റബ്ബീ..