Saturday, September 27, 2014

ആദ്യ സൃഷ്ടിയും പ്രാപഞ്ചിക രഹസ്യങ്ങളുടെ സാക്ഷ്യവും..

പ്രവിശാല പ്രപഞ്ചത്തിന്റെ വലുപ്പവും വണ്ണവും ആഴവും പരപ്പും എത്ര ഭീമവും നിർണ്ണയാതീതവും അചിന്തനീയവുമാണെന്ന് മനസ്സ്‌ കൊണ്ട്‌ ഒരിക്കലെങ്കിലുമൊന്ന് നിരൂപിക്കാൻ ശ്രമിച്ചവർക്കും ആഴത്തിലാഴത്തിൽ പ്രപഞ്ചത്തെ പഠിക്കാൻ ശ്രമിച്ചവർക്കും കൃത്യമായി മനസ്സിലാകും..


പ്രാപഞ്ചിക രഹസ്യങ്ങളുടെ ചുരുളുകൾ തേടിയിറങ്ങുന്ന മാനവിക ചിന്താശേഷിയുടെയും അറിവിന്റേഴും പത്തി താഴ്‌ന്നു താഴ്‌ന്നു പോകുന്നതാണ്‌ കാഴ്ച്ചയുടെ പരിധിക്കപ്പുറത്തെ ശൂന്യാകാശവും അതിനുമപ്പുറത്തെ കോടാനുകോടി നക്ഷത്ര ചന്ദ്ര ഗോളാദികളുടെ സമുച്ചയങ്ങളും അവിടെയും തീരാത്ത പ്രവചനാതീത നിഗൂഡതയുടെ ലോകത്തേയും പറ്റി പഠിക്കാനിറങ്ങിയപ്പോഴൊക്കെ നാം കണ്ടതും കാണാനിരിക്കുന്നതും.




പരിമിതികളുടെ ബുദ്ധിയുടെയും കഴിവിന്റെയും കുറവ്‌ ബോധ്യമാകുംബോ രക്ഷിതാവിന്റെ പരിശുദ്ധിയെ വാഴ്ത്തിക്കൊള്ളാൻ റബ്ബ്‌ പഠിപ്പിക്കുകയും ചെയ്തു..

 ربنا ما خلقت هذا باطلا سبحانك فقنا عذاب

'എനിക്ക്‌ മനസ്സിലാകുന്നതിന്റെയും അപ്പുറമാണ്‌ നിന്റെ സൃഷ്ടി ലോകമെങ്കിലും റബ്ബേ, ഞാൻ സമ്മതിക്കുന്നു നീ കൃത്യമായ ലക്ഷ്യത്തോടെ തന്നെയാണ്‌ ഇതൊക്കെ സൃഷ്ടിച്ച്‌ വിദാനിച്ചിരിക്കുന്നത്‌..നീയെത്ര പരിശുദ്ധൻ..ഇതിലേറെ ചിന്തകൾ കൊണ്ട്‌ കൈപ്പിടിയിലൊതുക്കാൻ കഴിയാത്ത ലോകങ്ങളേറെ ഇനിയും വരാനുള്ളതിൽ നിന്റെ ശിക്ഷയുടെ കേന്ദ്രമായ നരകത്തെ തൊട്ട്‌ നീ കാക്കണേ അല്ലാഹ്‌..'




അതിനെയാകെ സൃഷ്ടിച്ചു വെച്ച്‌ അതിനൊക്കെ കൃത്യമായ നിയന്ത്രണങ്ങൾ നൽകി പരിപാലിക്കുന്ന ഒരേ ഒരു രക്ഷിതാവിന്‌ അവനു മാത്രം അർഹമായ സ്തുതികൾ ആസകലം അർപ്പിച്ചു കൊണ്ടാണ്‌ സ്വന്തം കഴിവുകേടിന്റെ പരിധിയറിയാകുന്ന കേവലം സൃഷ്ടിയായ മനുഷ്യൻ എന്ത്‌ സൽക്കർമ്മങ്ങളും ചെയ്യേണ്ടത്‌ എന്ന് രക്ഷിതാവിങ്കൽ നിന്നുള്ള നിബന്ധന പാലിക്കുന്നു ഓരോ മുസ്ലിമും..

ആ സ്തുതികളാകമാനം ഉടമയാക്കുന്ന ഒരുവനെ അവൻ തന്നെ പരിചയപ്പെടുത്തുന്നത്‌

رب العالمين
എന്ന് പറഞ്ഞു കൊണ്ടാണ്‌. അഥവാ ദ്രിഷ്ടിഗോചരവും ഇന്ദ്രിയാതീതവുമെന്ന  വ്യത്യാസമില്ലാതെ, നമ്മുടെ പരിധികൾക്കുള്ളിൽ മനസ്സിലാക്കാനും എത്തിപ്പിടിക്കാനും കഴിയുന്നതെന്നും കഴിയാത്തതെന്നുമില്ലാതെ സകല ലോകങ്ങളേയും സൃഷ്ടികളേയും എന്ന് വേണ്ട സകലത്തിൽ സകലതിനേയും സൂചിപ്പിക്കുന്ന ആലമീനിന്റെ റബ്ബ്‌ എന്ന സ്രഷ്ടാവായ താനല്ലത്ത സർവ്വവും ഉൾക്കൊള്ളുന്ന പ്രയോഗം കൊണ്ടാണ്‌.



തന്റെ രാജാധികാരത്തിന്റെ വിശാലത സൂചിപ്പിക്കാൻ അവൻ ഉപയോഗിച്ച "ആലമീൻ" എന്ന പദത്തിൽ തീർച്ചയായും സൃഷ്ടിച്ചു വെച്ചതും വെക്കാനിരിക്കുന്നതുമായ സകലതുംവുൾക്കൊള്ളേണ്ടതുണ്ട്‌ എന്നത്‌ ബുദ്ധിക്ക്‌ വകതിരിവുള്ള ആർക്കും വ്യക്തമാകുന്ന പരമാർത്ഥമാണ്‌. കാരണം അവൻ റബ്ബ്‌ അല്ലാത്ത ഒന്നും തന്നെ അവനല്ലാത്തത്‌ ഇല്ല എന്നത്‌ ഏതൊരു വിശ്വാസിയും നിസ്സംശയം സമ്മതിക്കുന്നതാണ്‌.

ഇത്‌ സമ്മതിക്കാത്തവൻ ഒരിക്കലും ഈമാനിന്റെ സഹയാത്രികനാകുന്നില്ല. അവിടെ യുക്തിക്കോ ചിന്തക്കോ സാധ്യതയോ അനുവദനീയതയോ ഇല്ല എന്നിരിക്കിൽ,

وما أرسلناك إلا رحمة للعالمين

നേർച്ചിന്തയുടെ താഴ്മയും വിനയവും ഇതേ "ആലമീൻ" എന്നതിനെ വെച്ച്‌ ഹബീബായ നബി തങ്ങൾ (സ്വ) തങ്ങളെ വാഴ്ത്തിയ ആലമീന്റെ റബ്ബിന്റെ പദപ്രയോഗം കാണുംബോ മനസ്സിൽ വരാതെ പോകുന്നതിന്റെ അർത്ഥമെന്താണ്‌?.




"റബ്ബുൽ ആലമീൻ" എന്നതിൽ ഉൾക്കൊള്ളുന്ന ലോകം പരിധികൾക്കപ്പുറത്തെ സ്രഷ്ടാവല്ലാത്ത സകലതും ഉൾക്കൊള്ളുന്നതാണെന്ന് മനസ്സറിഞ്ഞു സമ്മതിക്കുന്നവർക്ക്‌ എന്തേ "റഹമത്തുൻ ലിൽ ആലമീൻ" എന്നതിലെ ലോകവും തുല്യമാണെന്ന് സമ്മതിക്കാൻ മനസ്സ്‌ വിസമ്മതിക്കുന്നത്‌..? നിഷേധ ചിന്തയുടെ എന്തോ ഒരു പരമാണു, അല്ലെങ്കിൽ അവിടുന്ന് ആലമീനാകെ റഹ്മത്താണ്‌ എന്നതിൽ അവിടുത്തോട്‌ ഒരസൂയ..ഇവയിലെന്തെങ്കിലും മനസ്സിലില്ലെങ്കിൽ പിന്നെന്തിന്‌ സംശയം??

അവിടുന്ന് ആലമീന്‌ ആകമാനം 'റഹ്മത്ത്‌' ആകണമെങ്കിൽ തീർച്ചയായും അവിടുന്ന് അല്ലാഹുവല്ലാത്ത സകലതും ഉൾക്കൊള്ളുന്ന സൃഷ്ടിലോകത്തിനാകമാനം റഹമത്തായി ഭവിക്കണം. അവിടുത്തെ തിരുജന്മത്തോടെയല്ല ആലമീന്റെ ഉണ്മ വരുന്നതെന്നത്‌ സത്യമാണെന്നിരിക്കിൽ അവിടുത്തെ ജനനത്തിന്‌ മുമ്പുമുള്ള ആലമീനിന്‌ അവിടുന്നെങ്ങനെ റഹ്മത്താകും?

ارسلت الى الخلق كافة

"സൃഷ്ടികൾ ആസകലത്തിലേക്കും ഞാനയക്കപ്പെട്ടു" എന്ന തിരുമൊഴി കൂടെ ചേർത്തു വായിക്കുംബോ യുക്തിചിന്ത കൊണ്ട്‌ പോലും നിരാകരിക്കാൻ സാധ്യമല്ലാത്ത പരമാർത്ഥം സമ്മതിച്ചു കോടുത്തേ മതിയാകൂ.. കാരണം അവിടുത്തെ തിരുശരീരത്തിന്റെ സൃഷ്ടിപ്പിന്‌ മുമ്പും സൃഷ്ടികൾ ഉണ്ട്‌ തന്നെ..



ഒടുക്കം ഈമാനിലുറച്ച മനസ്സ്‌ കൊണ്ട്‌ നാവിലൂടെ വരുന്ന സ്ഫുടശബ്ദമായി ആദരവായ നബി തങ്ങൾ തിരുസ്വഹാബി ജാബിർ (റ) വിനോട്‌ വ്യക്തമാക്കിയ, സകല സൃഷ്ടിയുടെയും അടിസ്ഥാന കണത്തിന്റെ രഹസ്യം വിളിച്ചു പറയണം..

أول ما خلق الله نوري

അതെ, "ആദ്യത്തിലാദ്യം ഉടമയായ റബ്ബ്‌ സൃഷ്ടിച്ചത്‌ മുത്തിന്റെ തിരു വെളിച്ചമാണ്‌, ആ ദിവ്യ തേജസ്സാണ്‌.."

فإن فضل رسول الله ليس له

حد فيعرب عنه ناطق بفم

അവിടുത്തെ ശ്രേഷ്ടതകൾക്ക്‌ പരിധിയിയോ പരിമിതിയോ നിർണ്ണയിച്ച്‌ പറഞ്ഞു തീർക്കുക സാദ്ധ്യമാകുമായിരുന്നെങ്കിൽ സംസാര ശേഷി നൽകപ്പെട്ട ഒരു സൃഷ്ടിയെങ്കിലും വിവരിച്ചു കാണുമായിരുന്നു.."

Thursday, August 28, 2014

പ്രതീക്ഷയുടെയും ഭയത്തിന്റെയും നൂൽപ്പാലത്തിലൂടെ..

സത്യവിശ്വാസിയുടെ ജീവിതം പ്രതീക്ഷയുടെയും ഖൗഫിന്റെയും ഒത്ത നടുവിലായിരിക്കണം.റബ്ബിന്റെ അനുഗ്രഹങ്ങളിൽ അമിതപ്രതീക്ഷയോ മുഴുസമയവും റബ്ബിൽ നിന്നുള്ള ശിക്ഷയെ ചൊല്ലിയുള്ള അമിതഭയമോ വിശ്വാസിക്ക് കരണീയമല്ല. അഥവാ അവൻ ഏറെ പൊറുക്കുന്നവനാണ് എന്ന പ്രതീക്ഷ വെച്ച് തിന്മകളിൽ മുഴുകി ജീവിക്കാനോ ചെയ്ത് പോയ തെറ്റുകളിൽ അവനിൽ നിന്നുള്ള ശിക്ഷ സുനിശ്ചിതമാണ് എന്നതിന്റെ പേരിൽ പ്രതീക്ഷ നഷ്ടപ്പെട്ട് ഭയചകിതനായി ജീവിക്കാനോ പാടില്ല തന്നെ. കർമ്മങ്ങളിലും ചിന്തകളിലും മുഴുക്കെ സന്തുലിതമായ ഈ ചിന്ത തുടർത്തി ജീവിക്കെണ്ടിയിരിക്കുന്നു. താൻ ചെയ്യുന്ന കർമ്മങ്ങളുടെ പൂർണ്ണതയിൽ വേവലാതിയും റബ്ബിന്റെ ഔദാര്യത്തിൽ പ്രതീക്ഷയും വേണം.






ഹസ്രത്ത് ഉമർ (റ) തങ്ങൾ രോഗിയായപ്പോൾ ആദരവായ നബി തങ്ങൾ അവിടുത്തെ സന്ദർശിക്കാൻ ചെന്നു. സുഖവിവരം അന്വേഷിച്ച നബി തങ്ങളോട് ഉമർ (റ) പറഞ്ഞു: എനിക്ക് പ്രതീക്ഷയും ഭയവും ഉണ്ട് നബിയേ" (അല്ലാഹുവിന്റെ കാരുണ്യത്തിലുള്ള പ്രതീക്ഷയും അവന്റെ ശിക്ഷയിൽ ഉള്ള പേടിയും). അപ്പോൾ നബി തങ്ങൾ (സ്വ) പറഞ്ഞു: ഒരു സത്യവിശ്വാസിയുടെ ഹൃദയത്തിൽ പ്രതീക്ഷയും ഭയവും (റബ്ബിനോടുള്ള)  ഒരുമിച്ച് ചേർന്നാൽ അല്ലാഹു അവന് അവന്റെ പ്രതീക്ഷയെ സഫലമാക്കി കൊടുക്കുകയും അവന്റെ ഭയത്തെ തൊട്ട് സംരക്ഷിക്കുകയും ചെയ്യും". (ബൈഹഖി)



മനുഷ്യ സഹജമായ വികാരങ്ങളാണ് പ്രതീക്ഷയും ഭയവും. രണ്ടും അമിതമാകുമ്പോ അത് ജീവിതത്തിന്റെ സ്വാഭാവികതയെ തന്നെ ബാധിക്കുമെന്നത് അനുഭവം ബോധ്യപ്പെടുത്തുന്ന പരമാർത്ഥമാണ്. കാലിടർച്ചകൾ സംഭവിക്കാത്തവർ അല്ലാഹുവിന്റെ സംരക്ഷണത്തിന്റെ വലയത്തിനുള്ളിൽ അവന്റെ ഔദാര്യം കൊണ്ട് പെടുത്തിയ സദ്‌വൃത്തർമാത്രമാണ്. മനുഷ്യനെ സൃഷ്ടിച്ചത് തന്നെ ദുർബലമായ പ്രകൃതത്തിലാണ് എന്ന് മാത്രമല്ല മാനുഷിക ദൗർബല്യങ്ങളെ കൂടുതൽ വഷളാക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ ഒരു ശക്തിക്ക് നാഥൻ അനുവാദവും നൽകി. തെറ്റുകളൊന്നും സംഭവിക്കാത്ത പ്രകൃതത്തിൽ സൃഷ്ടിക്കപ്പെട്ട മാലാഖമാർ മനുഷ്യരേക്കാൾ എല്ലാത്തിലും ഉത്തമന്മാർ ആണെന്ന് വരില്ല.




തെറ്റുകൾ വന്നു പോകുകയും എന്നാൽ തെറ്റിലേക്കുള്ള ചോദനകൾ ബാക്കിയിരിക്കെ തന്നെ സ്വശരീരത്തെയും മനസ്സിനെയും റബ്ബിന്റെ വഴിയിലാക്കി തിരിക്കുകയും ചെയ്ത മുത്തഖികളായ മനുഷ്യർ മലക്കുകളേക്കാൾ ഒരുവേള ഉത്തമരായിത്തീരും. ഇന്നലെകളിലെ ഇസ്ലാമിക ലോകത്ത് പ്രകാശം പരത്തിയ താരകങ്ങൾ പലരും അവരുടെ യുവത്വത്തിന്റെ തിളപ്പുള്ള കാലത്ത് തെറ്റുകളുടെ ലോകത്ത് വിരാജിച്ചവരായിരുന്നു എന്ന് മനസ്സിലാക്കുമ്പോഴാണ് തൗബയുടെ പ്രാധാന്യവും സ്രഷ്ടാവിന്റെ മഗ്ഫിറതാകുന്ന അനുഗ്രഹത്തിന്റെ വിശാലതയും നമുക്ക് മനസ്സിലാകുന്നത്. നമ്മുടെ തെറ്റുകൾ മലയോളം വലുതായാലും അല്ലാഹുവിന്റെ മഗ്ഫിറത്തിന്റെ വാതിൽ തുറന്നു തന്നെ കിടക്കുന്നു എന്നതിൽ പ്രതീക്ഷ കൈവിടാൻ നമുക്ക് വകയില്ല.


എന്ത് തന്നെ തെറ്റായി പ്രവർത്തിച്ചാലും ദുനിയാവിൽ നമുക്ക് ചെന്ന് അഭയം പ്രാപിക്കാനുള്ള സങ്കേതമാണല്ലോ നമ്മുടെ മാതാവിന്റെ മടിത്തട്ട്. അവിടെ പൊറുക്കപ്പെടാത്ത പാതകങ്ങളില്ല. സമൂഹം മുഴുക്കെ എതിർക്കുന്ന മനുഷ്യനും തന്റെ മാതാവിൽ തീർച്ചയായും കാരുണ്യം കണ്ടെത്താൻ കഴിയുമെന്നത് വിശ്വാസി അവിശ്വാസി ഭേദമന്യേ ഏവരും സമ്മതിക്കും. മാതാവിന്റെ മനസ്സിൽ അവരുടെ കുട്ടിയോടുള്ള കാരുണ്യം അല്ലാഹു നിക്ഷേപിച്ചത്ര മറ്റൊരിടത്തും കണ്ടെത്താൻ കഴിയില്ല. എന്നാൽ ആദരവായ നബി തങ്ങൾ (സ്വ)  ഈയൊരു കാര്യം ഉദാഹരിച്ച ശേഷം പറയുന്നത് ഇങ്ങനെ: "ഒരു മാതാവിന് തന്റെ കുട്ടിയോടുള്ള കാരുണ്യത്തെക്കാൾ എത്രയോ മടങ്ങ്‌ കാരുണ്യവാനാണ് അല്ലാഹു സത്യവിശ്വാസികളുടെ മേൽ".




നിരാശരാകരുത് എന്നും ഞാൻ പൊറുക്കും എന്നതും നാഥന്റെ വാഗ്ദാനമാണ്. വാഗ്ദത്ത ലംഘനം റബ്ബിൽ നിന്നും ,അസംഭവ്യമാണ് താനും. ആളുകളുടെ വാഗ്ദാനങ്ങളിൽ അവസാനം വരെ ആശ വെക്കുന്ന നമുക്ക് നാഥനിൽ ആശ മുറിയാൻ ന്യായമെന്തുണ്ട്..?

لا تقنطوا من رحمة الله

(ആശയം): 'അല്ലാഹുവിന്റെ അനുഗ്രഹത്തെ തൊട്ട് നിങ്ങൾ ആശ മുറിയരുത്' (സൂറത്ത് സുമർ)

പ്രതീക്ഷകൾ ആണ് നമ്മുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. ഏതൊരു വികാരവും പോലെ അമിതമാകുമ്പോൾ അതും ജീവിതത്തെ നേരായ വഴിയിൽ നിന്നും വഴിതിരിച്ചു വിടുന്നു. തെറ്റുകൾ ചെയ്യുന്ന സത്യവിശ്വാസിയായ മനുഷ്യനെ പിശാച് പ്രലോഭിപ്പിക്കുന്നതും രക്ഷിതാവിന്റെ പാപമോചന പ്രതീക്ഷ ഉയർത്തിയാണ്. അതിൽ വശംവദനായി കൂടുതൽ കൂടുതൽ ആഴത്തിൽ തെറ്റുകളിലേക്ക് നാം ഇറങ്ങിച്ചെല്ലുകയും ചെയ്യുന്നു. തെട്ടുകളിലായി ജീവിക്കുന്ന മനുഷ്യന് പാപമോചനം തേടാനുള്ള മനസ്സ് തന്നെ നഷ്ടപ്പെടുകയാണ് ഒടുക്കം സംഭവിക്കുന്നത്. അത് വഴി ഈമാൻ പോലും നഷ്ടപ്പെടുകയും ചെയ്യുന്നു.  പ്രതീക്ഷ ഭയത്തെ മറികടന്ന് അതിന്റെ നിശ്ചയിക്കപ്പെട്ട സന്തുലനാവസ്ഥ ഇല്ലാതെയാക്കുമ്പോ പരാജയത്തിന്റെ പടുകുഴിയിലേക്ക് നാം ആപതിക്കുന്നു. എന്തൊരു കർമ്മം ചെയുംബോഴും ഇത് നാഥൻ വീക്ഷിക്കുന്നുണ്ട് എന്നും ഒടുക്കം അവന്റെ മുമ്പിൽ ഇതിന്റെ കണക്ക് പറയേണ്ടി വരും എന്ന ഭയവും നമ്മിൽ നിലനിൽക്കേണ്ടതുണ്ട്.




റബ്ബിനെ ഓർത്ത്, അവന്റെ മുമ്പിൽ നിൽക്കുന്ന ദിവസത്തെ ആലോചിച്ച് ഭയം ഗ്രസിച്ച്‌ മരണം പുൽകിയവർ പോലും സ്വഹാബതിന്റെ കൂട്ടത്തിൽ ഉണ്ടായിരുന്നു. ജീവിതം മുഴുക്കെ അവന്റെ ത്വാഅതിലായി ജീവിച്ചിട്ടും ഒടുക്കം അവന്റെ കാരുണ്യതാൽ പൊതിയപ്പെട്ടില്ലെങ്കിൽ വരാനിരിക്കുന്ന നാശത്തെ ചൊല്ലിയുള്ള വേവലാതിയായിരുന്നു അവർക്കെല്ലാം. വെള്ളിയാഴ്ച ദിവസം ഖുതുബ നിർവ്വഹിച്ച് കൊണ്ടിരിക്കെ ഹസ്രത്ത് ഉമർ (റ) പലപ്പോഴും  ഓതി തുടങ്ങിയ സൂറത്ത്

علمت نفس ما أحضرت

(ആശയം): (അന്നത്തെ ദിവസം ഓരോ ശരീരവും അതിന്റെ പ്രവർത്തനങ്ങളെ പറ്റി അറിയുക തന്നെ ചെയ്യും) എന്ന ആയത്ത് എത്തുമ്പോ അവിടുത്തെ ശംബ്ദം തന്നെ പൊട്ടിക്കരച്ചിൽ കാരണം നിലച്ചു പോകുമായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നത് ഹസ്രത്ത് അലി (റ) തങ്ങളാണ്.

സുഹ്ദിന്റെ പാരമ്യത്തിൽ ജീവിതം നീക്കിയ, ആദരവായ നബി തങ്ങളിൽ നിന്നും സ്വർഗ്ഗം കൊണ്ട് ഉറപ്പ് ലഭിച്ച  മഹാനായിരുന്നു ഉമർ തങ്ങൾ. എന്നിട്ട് പോലും ഭയത്തിന്റെ പിടിയിൽ നിന്നും അവർ വിട്ടുമാറിയിരുന്നില്ല എന്നോർക്കുമ്പോ നാമെങ്ങനെ ചിരിച്ചു കളിച്ചു മദിച്ചു നടക്കും..?




മരണക്കിടക്കയിൽ കണ്ണീരിലായി വിതുമ്പിയ അബൂ ഹുറൈറ (റ) തങ്ങളോട് കരച്ചിലിന്റെ കാര്യമന്വേഷിച്ചപ്പോൾ അവിടുന്ന് പറഞ്ഞത് "ദീർഘമായ യാത്രയാണ് വരാനിരിക്കുന്നത്. കയ്യിലാകട്ടെ ആവശ്യത്തിനുള്ള വിഭവമില്ല താനും"..! ഹബീബിന്റെ തിരുവാക്യങ്ങൾ അബൂ ഹുറൈറ തങ്ങളോളം ലോകത്തിന് എത്തിച്ചു കൊടുത്ത സ്വഹാബി മറ്റൊരാളില്ല..! ദിവസങ്ങളോളം പട്ടിണി കിടന്നും ഹബീബിൽ നിന്നും വിദ്യ നുകർന്ന മഹാന് ഭയം തീർന്നില്ല എങ്കിൽ നാം..?

ഭയവും പ്രതീക്ഷയും നിലനിൽക്കണം. പ്രതീക്ഷ നമ്മെ ചെയ്തു പോയ തെറ്റുകളിൽ നിന്നും പശ്ചാത്തപിച്ച്‌ ശുദ്ധമാകുവാനും ഭയം തെറ്റുകളെ തൊട്ട് വിദൂരത്താകാനും നമുക്ക് സഹായകമാകണം. അനുവദനീയമായ സുഖാസ്വാദനത്തിനിടയിലും റബ്ബിലേക്ക് മടങ്ങേണ്ട ദിവസത്തെ ഓർമ്മ വേണം. ഇത്ര കാലം ജീവിക്കുമെന്നതിൽ യാതൊരു ഉറപ്പും ലഭിച്ചവരല്ല നാമാരും. സൽക്കർമ്മങ്ങളിൽ ഉളരിക്കുകയും ശേഷം വരുന്ന വീഴ്ചകളിൽ അല്ലാഹുവിലേക്ക് പാപമോചന പ്രതീക്ഷ പുലർത്തി പശ്ചാത്തപിക്കുകയും വേണം. കുറഞ്ഞ രീതിയിലുള്ള കളിചിരികൾ അനുവദനീയമാണ് എന്ന് പറഞ്ഞ പണ്ഡിതർ പോലും രാത്രികാലങ്ങളിൽ പൊട്ടിക്കരഞ്ഞു കൊണ്ട് നിസ്ക്കാരത്തിൽ മുഴുകിയിരുന്നു എന്ന് ചരിത്രം പറയുന്നു.





അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് (റ) വിന്റെ മുമ്പിൽ വെച്ച് 'എനിക്ക് അസ്ഹാബുൽ യമീനിൽ പെടാനല്ല മറിച്ച് മുഖറബീനിൽ പെടാനാണ് ഇഷ്ടം' എന്നൊരാൾ പറഞ്ഞപ്പോ മഹാൻ അവിടുത്തെ തന്നെ ഉദ്ദേശിച്ച്പ റഞ്ഞുവത്രേ. " മരണശേഷം പുനരുദ്ധരിക്കപ്പെട്ടില്ലായിരുന്നു എങ്കിൽ എത്ര നന്നായിരുന്നു എന്ന് ആഗ്രഹിക്കുന്ന ഒരു മനുഷ്യൻ ഇവിടെ ഉണ്ട്"..! തനിച്ച് കോടാനുകോടി ജനങ്ങൾക്കിടയിൽ തനിച്ച് നിന്ന് വിചാരണക്ക് വിധേയനാകുന്ന നാൾ എത്ര ഭീദിതം ആയിരിക്കും എന്ന് ഉൾക്കൊണ്ടവരുടെ മനസ്സായിരുന്നു അത്.

ആദരവായ നബി തങ്ങളെ തൊട്ട് ഉദ്ധരിക്കപ്പെടുന്ന ഒരു ഹദീസിൽ ഇങ്ങനെ കാണാം; അല്ലാഹു പറയുന്നു: "രണ്ട് ഭയം എന്റെ അടിമകളുടെ മേൽ ചുമത്തുകയില്ല, ഈ ലോകത്ത് വെച്ച് എന്നെ ഭയപ്പെടാതെ ജീവിച്ചവന് വരാനിരിക്കുന്ന ലോകത്ത് ഞാൻ ഭയം നൽകുകയും ഇവിടെ എന്നെ ഭയപ്പെട്ട് ജീവിച്ചവന് വരാനിരിക്കുന്ന ലോകത്ത് എല്ലാ തരം ഭയത്തെ തൊട്ടും ഞാൻ സംരക്ഷിക്കുകയും ചെയ്യും."


എല്ലാ രസച്ചരടുകളും പൊട്ടിക്കുന്ന മരണവും മണ്ണിനടിയിലെ ദീർഘകാല ജീവിതവും അതിവേഗം നമ്മിലേക്ക് എത്തുക തന്നെ ചെയ്യും. ബാക്കിയാകുന്നത് കർമ്മങ്ങൾ മാത്രമാണ്. അന്ന് മറ്റൊരാളെ പഴിച്ച് രക്ഷപ്പെടാൻ സാധ്യമല്ല തന്നെ. നഷ്ടമായ നിമിഷങ്ങളുടെ വേദന എത്ര കഠിനമായതായിരിക്കും എന്ന് ഊഹിക്കാൻ പോലും വഴിയില്ല...

Wednesday, August 27, 2014

നമുക്ക് പിൻവാങ്ങാൻ സമയമായിട്ടില്ല..!!

ഫലസ്തീന് മേലുള്ള അക്രമങ്ങൾ ഇത് കൊണ്ട് തീരുമെന്ന് പ്രതീക്ഷിക്കാൻ വകയില്ല. പുതിയ പുതിയ കാരണങ്ങൾ ഉണ്ടാക്കി എടുത്ത് കൃത്യമായ ഇടവേളകളിൽ ഒരു സമൂഹത്തെ മുഴുവൻ ഇല്ലായ്മ ചെയ്യാനുള്ള പതിയെ ഉള്ള ആസൂത്രണങ്ങൾ അവർ തുടരുക തന്നെ ചെയ്യും. വെടിനിർത്തലും സമാധാന ചർച്ചകളും വെറും പ്രഹസനം മാത്രമാണ് എന്ന് അനുഭവങ്ങളുടെ ഇന്നലേകൾ സാക്ഷ്യപ്പെടുത്തുന്നു. പിറന്നു വീഴുന്ന ഓരോ കുഞ്ഞും തങ്ങളുടെ ഉന്മൂലന സിദ്ധാന്തത്തിന് പരുക്കേൽപ്പിക്കും എന്ന് സയണിസം ഭയക്കുന്നു എന്നത് സത്യമാണ്.


ഇത്രയും കാലം നടന്ന അധിനിവേശങ്ങളിൽ ഒക്കെ സയണിസത്തിന്റെ സഹകാരിയായി നാമും നാമറിയാതെ മാറിയിട്ടുണ്ടാകാം. സാമ്പത്തിക മേഖലയിലെ വരുമാനം തീർച്ചയായും ഒരു നാടിന്റെ നട്ടെല്ലാണ്. എവിടെ നിന്ന് വരുന്നു എന്ന് നോക്കിയോ ഇത് കൊണ്ടുള്ള ലാഭം വിൽക്കുന്നവർ എന്തിൽ ഉപയോഗിക്കുന്നു എന്ന് നോക്കിയോ അല്ല നമ്മൾ അവശ്യസാധനങ്ങൾ വാങ്ങിക്കൂട്ടുന്നത്. പക്ഷെ ഒന്നുണ്ട് തന്റെ കുഞ്ഞിനു വേണ്ടി നാം വാങ്ങുന്ന ഒരു വസ്തു കുട്ടിക്ക് പ്രയാസം വരുത്തും എങ്കിൽ നിശ്ചയമായും അത് വാങ്ങുന്നത് നമ്മൾ നിർത്തും.


 





നമ്മുടെത് അല്ലെങ്കിലും ഫലസ്തീനിന്റെ തെരുവുകളിൽ മരിച്ചു വീഴുന്ന കുഞ്ഞുമക്കളും ഒരു മാതാവിൽ നിന്നും പിതാവിൽ നിന്നുമാണ്. ജീവിക്കാനുള്ള മനുഷ്യന്റെ അവകാശം പോലും പറക്കമുറ്റും മുമ്പേ പറിച്ച് മാറ്റപ്പെടുന്ന ഇളം മേനികൾ..! നാം വാങ്ങിക്കൂട്ടുന്ന ഓരോ വസ്തുവിന്റെയും പ്രതിഫലം ആ കുരുന്നുകളുടെ തലയിൽ വന്നു വീഴുന്ന മിസ്സൈലുകൾ ആയി മാറുന്നു എന്നറിയുമ്പോൾ എങ്ങനെ അവരുടെ സാമ്പത്തിക അടിത്തറയെ സഹായിക്കാൻ നമുക്ക് കഴിയും..?


ആദരവായ നബി ;തങ്ങൾ (സ്വ) പറയുന്നത് നോക്കൂ:

مَثَلُ المؤمنين في تَوَادِّهم وتراحُمهم وتعاطُفهم: مثلُ الجسد، إِذا اشتكى منه عضو: تَدَاعَى له سائرُ الجسد بالسَّهَرِ والحُمِّى

സത്യവിശ്വാസികള്‍ തമ്മിലുള്ള പരസ്പരസ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും അനുകമ്പയുടെയും ഉദാഹരണം ഒരൊറ്റ ശരീരമെന്ന പോലെയാണ്. അതിലെ ഒരു അവയവത്തിന് രോഗം ബാധിച്ചാല്‍ ബാക്കി ശരീരവും ഉറക്കമൊഴിച്ചും പനിച്ചും ദുഃഖത്തില്‍ പങ്കുകൊള്ളും. (ബുഖാരി)








മർദ്ദിതനെയും അക്രമിയെയും സഹായിക്കണം എന്നതാണ് പ്രവാചകർ നമ്മെ പഠിപ്പിച്ചത്. സഹായം എന്നത് എല്ലായ്പ്പോഴും ഒരേ രൂപത്തിൽ ആയിരിക്കണം എന്നില്ല. ലഭിക്കുന്ന ആൾക്ക് തദവസരം തന്നെ ഉപകരിക്കപ്പെടുന്നത് സഹായത്തിന്റെ ഒരു രൂപം മാത്രമാണ്. ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ചെയ്യാൻ കഴിയുന്നതിൽ വെച്ച് ഏറ്റവും നല്ല സഹായം എന്നെന്നും നിലനിൽക്കുന്ന ലോകത്തേക്ക് ഉപകരിക്കുന്ന സഹായങ്ങൾ ചെയ്യുന്നതാണ്.


സ്വഹാബിയായ ജരീർ ഇബ്നു അബ്ദുള്ള (റ) തങ്ങൾ അവിടുത്തെ വേലക്കാരനെ അയച്ച് ഒരു കുതിരയെ 300 ദിർഹമിന് കച്ചവടം ഉറപ്പിച്ചു. പണം വാങ്ങാൻ കുതിരയേയും കൊണ്ട് വന്ന മനുഷ്യനെയും കുതിരയേയും കണ്ടപ്പോ മഹാനർക്ക് കുതിരയെ വളരെ വില കുറച്ചാണ് വിൽക്കുന്നത് എന്ന് മനസ്സിലായി. "നിങ്ങളുടെ കുതിര 300 നേക്കാൾ വിലമതിക്കുന്നു" എന്ന് പറഞ്ഞു ഉടമയോട് കൂടുതൽ വില അങ്ങോട്ട് ചോദിച്ച്, 400 ഉം 500 ഉം പറഞ്ഞ് ഒടുക്കം 800 ദിർഹം കൊടുത്ത് കുതിരയെ വാങ്ങി. പിന്നീട് ഈ അസാധാരണ പ്രവർത്തിയുടെ കാരണം അന്വേഷിച്ച വേലക്കാരനോട് അവിടുന്ന് പറഞ്ഞത് ആദരവായ നബി തങ്ങൾ (സ്വ) ക്ക് എല്ലാ സത്യവിശ്വാസികളോടും ആത്മാർഥതയും ഗുണകാംക്ഷയും ഉള്ളവനായിരിക്കും എന്ന് വാക്ക് നൽകിയിട്ടുണ്ട് എന്നാണ്..!





ഒരർത്ഥത്തിൽ ഇവിടെ വിൽപ്പനക്കാരൻ മർദ്ദിതന്റെ നിലയിൽ തന്നെയാണ് കാരണം തന്റെ നിർബന്ധമായ ആവശ്യം നിറവേറ്റാൻ പെട്ടെന്ന് പണം ലഭിക്കേണ്ട ആവശ്യത്തിലേക്ക് ലഭിക്കേണ്ട വിലയിലും കുറച്ച് വിൽക്കേണ്ടി വരുന്ന ദുരവസ്ഥയിലായിരുന്നു അദ്ദേഹം. അവിടെ സഹായം വ്യത്യസ്ഥമായ രീതിയിലായിരുന്നു ലഭിക്കേണ്ടത്. തനിക്ക് ലഭിക്കുന്ന ലാഭത്തെക്കാൾ തന്റെ സഹോദരന് ലഭിക്കുന്ന സഹായത്തെ ഇഷ്ടം വെച്ചവർ ലക്ഷ്യമാക്കിയത് സമ്പത്തിന്റെ വർദ്ധനവല്ല മറിച്ച് ഉള്ളത് തന്റെ സഹജീവിക്ക് ഉപകരിക്കപ്പെടാൻ ഉള്ളതാക്കി മാറ്റി തന്റെ ആഖിറത്തിലെ സമ്പാദ്യം വർദ്ധിപ്പിക്കുകയാണ് ഇവരൊക്കെ ചെയ്തത്. അഥവാ ചിലവഴിക്കപ്പെടുന്നതിലും അത് കൊണ്ട് മറ്റു സഹോദരർക്ക് സഹായം എത്തിക്കാൻ കഴിയുന്നതിലുമാണ് നേട്ടമുള്ളത്.




അക്രമിയെ സഹായിക്കുക എന്നത് ഏതു വിധേന എങ്കിലും അവനെ അവന്റെ അക്രമത്തെ തൊട്ട് തടയുക എന്നതാണ്.

انصر أخاك ظالماً أو مظلوماً، فقال: رجل يا رسول الله صلى الله عليه وسلم أنصره إذ كان مظلوماً، أفرأيت إذا كان ظالماً كيف أنصره؟! قال: تحجزه أو تمنعه من الظلم، فإن ذلك نصره

അക്രമി ആയ സഹോദരനേയും സഹായിക്കാൻ നബി തങ്ങൾ (സ്വ) പറഞ്ഞു - പക്ഷെ ആ സഹായം എന്ത് എന്ന് ചോദിച്ച സ്വഹാബതിനോട് അവിടുന്ന് പറഞ്ഞത് അവനെ അക്രമത്തെ തൊട്ട് തടയലാണ് അവനെ സഹായിക്കൽ എന്നാണ്.



കാരണം അക്രമി ഒരിക്കലും അല്ലാഹുവിന്റെ കോടതിയിൽ വെറുതെ വിടപ്പെടുകയില്ല. അതിനാൽ ശാരീരികമായോ വാക്ക് കൊണ്ടോ സമ്പത്ത് കൊണ്ടോ ഏതെങ്കിലും രീതിയിൽ അക്രമിയെ പ്രതിരോധിക്കുമ്പോൾ രണ്ട് കൂട്ടർക്കും സഹായം എത്തുന്നു എന്നതാണ് ശരി. അക്രമിക്കപ്പെടുന്നവൻ അതിനെ തൊട്ട് രക്ഷ നേടുകയും അക്രമി അവന്റെ ദുഷ് പ്രവർത്തിയിൽ നിന്ന് മാറി നില്ക്കുകയും ചെയ്യുന്നതോടെ ഇരു വിഭാഗത്തിനും ഉപകരിക്കപ്പെടുന്ന ഒരു സഹായമായി അത് മാറുന്നു.



പ്രതിരോധിക്കപ്പെടാൻ സാധ്യമല്ലാത്ത അക്രമിയിൽ നിന്നും മാറി നിൽക്കുക എന്നതല്ല മുസ്ലിമിന്റെ ധർമ്മം. മറിച്ച് ഏതെങ്കിലും ഒരു വിധേന അതിനെതിരെ ശബ്ദിക്കുക എന്നതാണ്. ശരീരം കൊണ്ട് കഴിയാത്തത് സമ്പത്ത് കൊണ്ട് കഴിയുന്ന കാലമാണ് നമുക്ക് മുന്നിൽ. അണ്ണാൻ കുഞ്ഞിനും തന്നാൽ ആയത് എന്ന് പറഞ്ഞ പോലെ ഒരോരുത്തന്റെ ശേഷിക്ക് അനുസരിച്ച് പ്രതിഷേധ ശബ്ദം ഉയർത്താൻ കഴിയുന്നതാണ് നമ്മുടെ ലോകത്തെ സാമ്പത്തിക വ്യവഹാരക്രമങ്ങൾ. ഏറ്റവും ബലഹീനമായ സാമ്പത്തിക സ്ഥിതിയുള്ള നാടിനും നാട്ടുകാർക്കും ഒന്നിച്ചിരുന്നു സ്വന്തം വ്യാപാര വാണിജ്യ മേഖലയിൽ അക്രമികൾക്ക് സാമ്പത്തിക ഉപകാരം സാധ്യമാകുന്ന വിപണന വസ്തുക്കളെ ബഹിഷ്കരിക്കുന്നതിലൂടെ സമൂഹത്തിൽ സമ്പത്തിന്റെ ഹുങ്കിൽ എന്തും ചെയ്യാം എന്ന് വിചാരിച്ച് ജീവിക്കുന്ന കുത്തക രാഷ്ട്രങ്ങളെ ഒരു ചെറിയ ശതമാനം എങ്കിലും എതിർത്ത് തോൽപ്പിക്കാൻ കഴിയും എന്നതാണ് അനുഭവ സത്യം.









പറഞ്ഞു വരുന്നത് ഫലസ്തീൻ എന്നത് വെറുമൊരു രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നമായി മനസ്സിലാക്കുന്നത് പിഴവാണ്. പിറന്നു വീണ ഭൂമിയിൽ വളർന്നു സുഗന്ധം പരത്തുന്നതിനെ ഭയപ്പെട്ട് മൊട്ടിടുമ്പോ തന്നെ കരിച്ചു ചാമ്പലാക്കപ്പെടുന്ന ഇളം പൂന്തളിരുകളുടെ ചോരയിറ്റുന്ന ശരീരം നമ്മിൽ വേദന സൃഷ്ടിക്കുന്നു എന്നത് സത്യമാണ്. സ്വന്തം നാട്ടിൽ എന്നല്ല നാമേവരും കാലു വെച്ച് നടക്കുന്ന ഭൂമിക്ക് മുകളിൽ പോലും ജീവിക്കാൻ അവകാശം നിഷേധിക്കപ്പെടുന്ന ഒരു പറ്റം നിസ്സഹായരായ ജനങ്ങളുടെ രോദനം ചെവിയിൽ മുഴങ്ങുമ്പോഴും അക്രമിക്കെതിരെ പ്രതികരിക്കാനും മർദ്ദിതനെ സഹായിക്കാനും നമുക്ക് കഴിയുന്നില്ല എങ്കിൽ ഈമാനിന്റെ അളവുകോലിൽ താഴെ താഴെയാണ് നമ്മുടെ സ്ഥാനം എന്നതാണ് സത്യം. മനസ്സ് കൊണ്ട് വെറുക്കുക എന്ന ഏറ്റവും ബലഹീനമായ ഈമാനിന്റെ അവസ്ഥയിലേക്ക് നാം താഴേണ്ടതില്ല കാരണം അതിന്റെ മുകളിൽ നമുക്ക് അല്ലാഹു തന്ന സമ്പത്തിനാൽ തന്നെ പ്രതികരിക്കാൻ നമുക്ക് കഴിയും എന്നതിൽ സംശയമില്ല.


നമുക്കുമുണ്ട് മക്കൾ. അവരുടെ കുഞ്ഞിളം മേനിയിൽ ഈച്ച വേണാൽ വേദനിക്കുന്നത് നമ്മുടെ മനസ്സിനാണ്‌. പക്ഷെ ഈച്ചക്ക് പകരം ബോംബുകൾ വന്ന് വീണാലും വേദനിക്കാൻ ബാപ്പയില്ലാത്ത, ഉമ്മയില്ലാത്ത കുടുംബമില്ലാത്ത ഒരായിരം പിഞ്ചു മക്കൾക്ക് വേണ്ടി സ്ക്രീനിന് മുമ്പിലിരുന്ന് സങ്കടപ്പെടാൻ മാത്രമേ ആളുകളുള്ളൂ. നമുക്ക് പ്രതികരിച്ചേ മതിയാകൂ. കാരണം കയ്യിലുള്ളതൊക്കെ ബാക്കിയായവർക്ക് മാറ്റി വെച്ച് മൂന്നു കഷണം വെള്ളത്തുണി മാത്രമെടുത്ത് നാം യാത്ര പോയതിന് പുറമേ നമ്മിലേക്ക് അമാനത്തായി നൽകിയ സമ്പാദ്യം എങ്ങനെ എന്തിൽ ചിലവഴിച്ചു എന്ന് ചോദിക്കപ്പെടുന്ന ദിനവും അനദി വിദൂരമല്ലാതെ നമുക്ക് വരാനുണ്ട്. ഏകനായ അല്ലാഹുവിലും അവന്റെ അന്ത്യ പ്രവാചകരിലും വിശ്വസിച്ചതിന്റെ പേരിൽ വംശ ഹത്യക്ക് വിധേയരാകുന്ന മുസ്ലിമായ സഹോദരന് വേണ്ടി എന്ത് ചെയ്തു എന്ന ചോദ്യം വരാതിരിക്കില്ല തീർച്ച..



അവർ ഇപ്പോഴേ ആശങ്കയിലാണ്. ലോകം അവരവരുടെ രീതിയിൽ പ്രതികരിക്കാൻ തുടങ്ങിയപ്പോ ബാർകോഡ് മാറ്റിയത്രേ. അതേ സഹോദരാ നമുക്കും ചെയ്യാൻ കഴിയും പലതും. മാർക്കറ്റിൽ പോയി സാധനത്തിന്റെ വില നോക്കുന്ന കൂട്ടത്തിൽ ആ ബാർകോഡ് കൂടെ നോക്കണം. ഗാസയിലെ കരിഞ്ഞു വീഴുന്ന കുഞ്ഞുമക്കൾ ആകുന്ന വളം കൊണ്ട് തടിച്ച് കൊഴുക്കുന്ന സയണിസ്റ്റ് മരത്തിന്റെ വേരിൽ ഒരു കൊംബെങ്കിലും ഒടിക്കാൻ കഴിഞ്ഞാൽ അത് നാഥന്റെ അരികിൽ ഉപകരിക്കപ്പെടുന്ന സംബാദ്യമാകും എന്ന് പ്രതീക്ഷയോടെ നമുക്ക് മുന്നോട്ട് നീങ്ങാം.ബാർകോഡ് 729 ഇലും 871 ലും തുടങ്ങുന്ന എല്ലാ സാധനങ്ങളും വർജ്ജിക്കുക..







മിഠായിക്ക് പകരം ഷെല്ലുകലുടെ കഷണങ്ങൾ ലഭിക്കുന്ന കുഞ്ഞു പൈതങ്ങളുടെ നാട് നമ്മെ ഓരോരുത്തരെയും വേദനയോടെ നോക്കുന്നുണ്ട്. 'അരുത്' എന്ന് പറയാൻ നാവ് പൊങ്ങുന്നില്ല എങ്കിൽ ഈമാൻ ബലഹീനമാണ് എന്ന് അംഗീകരിച്ചേ മതിയാകൂ.. ഇസ്രായേലിന്റെ പ്രൊഡക്റ്റുകൾ ബഹിഷ്കരിക്കുക. ഓർക്കുക നമ്മുടെ കീശയിൽ നിന്ന് അവരിലേക്ക് പോകുന്ന ഓരോ നാണയതുട്ടുകളും ഗാസയിലെ പറക്കമുറ്റാത്ത കുഞ്ഞു മക്കളുടെ നെഞ്ചിലേക്ക് തുളച്ചു കയറുന്ന ബുള്ളറ്റുകളാണ്..



ആദരവായ നബി തങ്ങൾ (സ്വ) പറഞ്ഞു:

المؤمن للمؤمن كالبنيان يشد بعضه بعضا

"വിശ്വാസികള്‍ തമ്മിലുള്ള ബന്ധം പരസ്‌പരം ശക്തിപകരുന്ന ഒരു കെട്ടിടംപോലെയാണ്‌ (ബുഖാരി-മുസ്‌ലിം)

Saturday, August 23, 2014

പേരിന്റെ കൂടെ ഭർത്താവിന്റെ പേര് ചേർക്കലും വസ് വാസുകളും..!



ഭാര്യയുടെ പേരിന്റെ കൂടെ ഭർത്താവിന്റെ പേര് പാസ്പോർട്ടിലും മറ്റും ചേർക്കുന്ന പതിവ് മലബാർ ഭാഗത്ത് സാധാരണമായി ഉണ്ട്. തിരിച്ചറിയുന്നതിന്റെ ഭാഗമായോ മറ്റോ കത്തുകളും മറ്റു പോസ്റ്റ്‌ ഇടപാടുകൾ നടത്തുന്നതിനും അഡ്റസ് ആയും ഉപയോഗിക്കാറുണ്ട്. വിദേശങ്ങളിൽ സ്ഥിരതാമസത്തിനുള്ള വിസ ലഭിക്കണമെങ്കിൽ പോലും പാസ്പോർട്ടിലും മറ്റു രേഖകളിലും ഭർത്താവിന്റെ പേര് ചേർക്കേണ്ടതും ഉണ്ട്. അനിവാര്യമായ ഇത്തരം ആവശ്യങ്ങൾക്കും മറ്റുമായി ഇങ്ങനെ ചെയ്യുന്നത് ഇത്രയും കാലം നമ്മുടെ നാട്ടിൽ കഴിഞ്ഞു പോയ ഒരു ഉലമാക്കളും എതിർത്തിട്ടില്ല എന്നതാണ് സത്യം.


                         

പറഞ്ഞു വരുന്നത് ഫെയ്സ് ബുക്കിലും വാട്സ് അപ്പ് പോലെയുള്ള മൊബൈൽ മാധ്യമങ്ങളിലും ഈയടുത്തായി വളരെ വിശദമായി ഒരുപാട് ഹദീസുകളും ആയത്തുകളും ഒക്കെ ചേർത്ത് ഭാര്യയുടെ പേരിന്റെ പുറകിൽ ഭർത്താവിന്റെ പേര് ചേർക്കുന്നത് വലിയ തെറ്റും നരകത്തിലെ സ്ഥിരതാമസത്തിന് കാരണം ആക്കുന്നതും ആണ് എന്ന രീതിയിലുള്ള ഒരു പോസ്റ്റ്‌ പരക്കുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഒരു മുജാഹിദ് വിഭാഗത്തിന്റെ പ്രാസംഗികനും ഇങ്ങനെ പേര് വെക്കൽ 'വൻ ദോഷം' ആണ് എന്ന് പ്രസംഗിക്കുന്നത് കേട്ടിരുന്നു. അന്ന് തന്നെ കർമ്മശാസ്ത്ര വിഷയങ്ങളിൽ ആഴത്തിൽ അറിവുള്ള പണ്ഡിതരുമായി ബന്ധപ്പെട്ട് കാര്യം ചോദിച്ചിരുന്നു. ചോദിച്ച് നോക്കിയപ്പോൾ അവരും ഇത്തരം ഒരു വാദം ആദ്യമായി കേൾക്കുകയാണ്. ശ്രദ്ധിച്ചു നോക്കുമ്പോൾ ഇത് പോസ്റ്റ്‌ ചെയ്യുന്നവരിൽ അറിവുള്ള ഉസ്താദുമാർ വരെ ഉണ്ട് എന്നതാണ് അത്ഭുതമായി തോന്നിയത്.


കാര്യത്തിലേക്ക് വരാം. ഒന്നാമതായി ആ പോസ്റ്റിൽ കണ്ടത് സൂറത്തുൽ അഹ്സാബിലെ ഒരു ആയത്താണ്.

ادعوهم لآبائهم هو أقسط عند الله

(ആശയം): നിങ്ങള്‍ ദത്തുപുത്രന്‍മാരെ അവരുടെ പിതാക്കളിലേക്ക്‌ ചേര്‍ത്ത്‌ വിളിക്കുക (അഹ്സാബ് 5)


നോക്കൂ സഹോദരന്മാരേ, ഈ ആയത്ത് കാണുമ്പോൾ തന്നെ മനസ്സിലാകുന്നില്ലേ അതിലെ ഉദ്ദേശ്യം. 'ഹും' എന്നത് കൊണ്ട് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത് ദത്ത് പുത്രന്മാരെ ആണ്. ഇസ്ലാമിന്റെ ആദ്യകാലത്ത് ദത്ത് പുത്രന്മാരെ ആരാണോ ദത്തെടുത്തത് അവരുടെ മക്കൾ എന്ന രീതിയിൽ വിളിക്കപ്പെടുന്നതിന് അനുവാദമുണ്ടായിരുന്നു. ഖദീജ ബീവി (റ) യിൽ നിന്നും സേവകനായി ആദരവായ നബി തങ്ങൾക്ക് ചെറിയ കുട്ടിയായിരിക്കുമ്പോ സേവകനായി കൈമാറപ്പെട്ട പ്രസിദ്ധനായ സ്വഹാബി ആയിരുന്നു സൈദ്‌(റ).


മാതാവുമൊത്തുള്ള യാത്രയിൽ കൊള്ളക്കാർ ആക്രമിക്കുകയും അങ്ങനെ അടിമയാക്കപ്പെടുകയും ചെയ്യപ്പെട്ട കുട്ടിയായിരുന്നു സൈദ്‌ (റ). ഖദീജ ബീവി (റ) യുടെ വീട്ടിലേക്ക് ആയിരുന്നു ആ ചെറിയ കുട്ടി അടിമയായി എത്തപ്പെട്ടത്. ആദരവായ നബി തങ്ങളുമായുള്ള വിവാഹത്തിന് ശേഷം ആ കുട്ടിയെ ഖദീജ ബീവി നബി തങ്ങൾക്ക് കൈമാറുകയാണ് ഉണ്ടായത്. കുറച്ച് വർഷങ്ങൾക്ക് ശേഷം നഷ്ടപ്പെട്ട മകൻ മസ്ജിദുൽ ഹറാമിന്റെ ചാരത്ത് ജീവിച്ചിരിക്കുന്നുണ്ട് എന്നറിഞ്ഞ പിതാവും പിതൃവ്യനും തിരിച്ച് കൂട്ടിക്കൊണ്ട് പോകാൻ വരുകയും നബി തങ്ങളുടെ (സ്വ) (അന്ന് നുബുവ്വത്ത് ലഭിച്ചിട്ടില്ല) അടുത്ത് വന്ന് മകനെ മോചനദ്രവ്യം വാങ്ങി മോചിപ്പിച്ചു തരണം എന്നാവശ്യപ്പെടുകയും നബി തങ്ങൾ മോചനദ്രവ്യം നിരസിക്കുകയും സൈദിനെ വിളിച്ച് അവന്റെ ഇഷ്ടം പോലെ ചെയ്തു കൊള്ളാൻ പറയുകയും ചെയ്തു. സൈദ്‌ പിതാവിനോടൊപ്പം പോകാൻ കൂട്ടാക്കാതെ നബി തങ്ങളോടൊപ്പം തുടരാൻ തീരുമാനിച്ചു.

സന്തോഷത്തോടെ നബി തങ്ങൾ നാട്ടുകാരെ വിളിച്ചു വരുത്തി 'സൈദ്‌ ഇനി മുതൽ അടിമയല്ല - എന്റെ മകനാണ്, അവൻ എന്നെയും ഞാൻ അവനെയും അനന്തരം എടുക്കും' എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അന്ന് മുതൽ മഹാൻ സൈദ്‌ ഇബ്നു മുഹമ്മദ്‌ എന്ന് വിളിക്കപ്പെട്ടു.

ഇമാം ബുഖാരി തങ്ങൾ ഉദ്ധരിക്കുന്ന ഒരു ഹദീസ് നോക്കൂ.

(ما كنا ندعوه إِلا زيد بن محمد حتى نزل القرآن{ادعوهم لاَبائهم هو أقسط عند الله}

ആശയം:

ادعوهم لاَبائهم هو أقسط عند الله

എന്ന ആയത്ത് ഇറങ്ങുന്നത് വരെ സൈദ്‌ ഇബ്നു ഹാരിസ (റ തങ്ങളെ സൈദ്‌ ഇബ്നു മുഹമ്മദ്‌ എന്ന് വിളിക്കൽ ഞങ്ങൾക്ക് പതിവായിരുന്നു. (ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിട്ടുണ്ട്)


നിലവിലുണ്ടായിരുന്ന ദത്ത് പുത്രന്മാരെ അവരുടെ ദത്തെടുത്ത പിതാക്കളിലെക്ക് ചേർത്ത് പറയാം എന്ന വിധി ദുർബലപ്പെടുത്തുകയായിരുന്നു ഈ ആയത്തിലൂടെ അല്ലാഹു ചെയ്യുന്നത്. ഈ ആയത്ത് വിശദീകരിച്ച മുഫസ്സിരീങ്ങൾ മുഴുവൻ പറഞ്ഞത് ഇതിന്റെ ഉദ്ദേശ്യം മേലെ വിവരിച്ചതാണ് എന്നാണ്.

ആ ആയത്തിന്റെ തന്നെ തൊട്ടപ്പുറത്തെ വാക്ക് നോക്കിയാൽ തന്നെ കാര്യം മനസ്സിലാകും.

فإن لم تعلموا آباءهم


(നിങ്ങൾക്ക് അവരുടെ പിതാവിനെ അറിയില്ലെങ്കിൽ) എന്ന ഭാഗം കാണുന്നതോടെ തന്നെ പറയപ്പെട്ട പോസ്റ്റിലെയും പ്രസംഗത്തിലെയും സഫാഹത്ത് മനസ്സിലാക്കാവുന്നതാണ്. പിതാവിന്റെ സ്ഥാനത്ത് സ്വന്തം പിതാവല്ലാത്ത ഒരാളെ ചേർത്ത് പറയുന്നതിനെ വിലക്കുന്ന ആയത്തും ഹദീസുകളും എടുത്ത് തിരിച്ചറിവിനോ മറ്റ് ആവശ്യങ്ങൾക്കോ വേണ്ടി ഭർത്താവിന്റെ പേര് ഭാര്യയുടെ പേരിനോടൊപ്പം ചേർക്കുന്നതിലെക്ക് കൊണ്ട് വന്ന് സ്ഥാപിക്കുന്നത് എത്ര ഹീനമായ നടപടിയാണ്..!

1400 വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിയ വിശുദ്ധ ഖുർആനിന്റെ ആയത്തിൽ ഇക്കാലം മുഴുക്കെ കഴിഞ്ഞു പോയ ഉലമാക്കൾ ആരും പറയാത്ത ഒരു വിധി അല്ലാഹുവിന്റെയും റസൂലിന്റെയും പേരിൽ കെട്ടിവെക്കുന്നവർക്ക് എന്താണ് നേട്ടം..? കറാഹത്ത്‌ പോലും ഇല്ലാത്ത ഒരു കാര്യം വലിയ തെറ്റാണ്‌ എന്ന രീതിയിൽ പടച്ച്‌ വിടുന്നവർക്ക്‌ എന്താണ്‌ ലക്ഷ്യം ??

രസാവഹമായി തോന്നിയത് ആ പോസ്റ്റിൽ തന്നെ ഉദ്ധരിച്ച ഹദീസുകൾ എല്ലാം പറയുന്നത് സ്വന്തം പിതാവല്ലാത്ത ഒരാളെ പിതാവായി പറയുന്നതിനെ പറ്റിയാണ് എന്നതാണ്. വായിക്കുന്ന ഒരാൾക്കും ഇത് മനസ്സിലാകുകയും ചെയ്യുന്നില്ലേ ആവോ..?

ഹദീസുകൾ ചുവടെ:


عن سعد بن أبي وقاص رضي الله عنه أن النبي صلى الله عليه وسلم قال‏:‏ ‏ "‏من ادعى إلى غير أبيه وهو يعلم أنه غير أبيه، فالجنة عليه حرام‏"‏ ‏‏‏(‏متفق عليه‏)‏‏


ഇമാം ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്നു:

സഅദ് ഇബ്നു അബീ വഖാസ് (റ) തങ്ങൾ നബി തങ്ങളെ തൊട്ട്:

നബി തങ്ങൾ (സ്വ) പറഞ്ഞു: "തന്റെ പിതാവല്ല എന്ന് അറിയാവുന്ന ഒരാളിലേക്ക് തന്റെ പിതൃത്വം ചേർത്ത് പറയുന്നവൻ ആരോ അവന് സ്വർഗ്ഗപ്രവേശം നിഷിദ്ധമാണ്"

ليس من رجل ادعى لغير أبيه وهو يعلمه إلا كفر

ആരെങ്കിലും ഒരാൾ തന്റെ പിതാവല്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെ മറ്റൊരാളെ തന്റെ പിതാവായി പറയുന്നന്നുവെങ്കിൽ അവൻ അല്ലാഹുവിൽ അവിശ്വസിച്ചിരിക്കുന്നു. (ബുഖാരി)

ആയിഷ ബീവി (റ) പറയുന്നത് വളരെ വ്യക്തമാണ്:

അബൂ ഹുദൈഫ (റ) സാലിം (റ) വിനെയും ആദരവായ നബി തങ്ങൾ (സ്വ) സൈദ്‌ (റ) വിനെയും ദത്ത് പുത്രന്മാർ ആക്കിയതൊക്കെ പറഞ്ഞ ശേഷം മഹതി പറയുന്നത്:

وكان من تبنى رجلا في الجاهلية دعاه الناس اليه وورث من ميراثه حتى أنزل الله تعالى ‏{‏اادعوهم لابائهم‏}‏

ജാഹിലിയ്യാ കാലത്ത് ഉണ്ടായിരുന്ന പതിവ് ആരെങ്കിലും ഒരാളെ ദത്തെടുത്താൽ ദത്തെടുക്കപ്പെട്ടവരെ ജനങ്ങൾ അവരുടെ ദത്തെടുത്ത പിതാവിന്റെ പേരിലേക്ക് ചേർത്തി വിളിക്കുകയും അവർ ദത്തെടുത്ത പിതാവിൽ നിന്ന് അനന്തരാവകാശം എടുക്കുകയും ചെയ്യുമായിരുന്നു. അല്ലാഹു ‏{‏اادعوهم لابائهم‏}‏ എന്ന ആയത്ത് ഇറക്കുന്നത് വരെ. (ബുഖാരി)


കൂടുതൽ ഉദ്ധരിക്കേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. ആ പോസ്റ്റിൽ ഉള്ള എല്ലാ ഹദീസുകളും പിതാവല്ലാത്തവരെ പിതാവായി ചേർത്ത് പറയുന്നതിനെ സംബന്ധിച്ച് ഉള്ളതാണ് എന്നത് അത് സൂക്ഷ്മമായി വായിക്കുന്നവർക്ക് വ്യക്തമാകും.

ഇതാണ് ഇന്നത്തെ നമ്മുടെ ലോകത്തിന്റെ സ്ഥിതി. ഖുർആൻ പരിഭാഷകളും ഹദീസ് പരിഭാഷകളും ഉപയോഗിച്ച് ആർക്കും സ്വന്തം തലയിൽ തോന്നുന്ന എന്ത് യുക്തിയും അല്ലാഹുവിന്റെയും അവന്റെ ഹബീബിന്റെയും മേൽ കെട്ടിവെക്കാം എന്ന പരിതാപകരമായ അവസ്ഥ. ഏതൊരു ആയത്തും ഹദീസും ഇറങ്ങിയതും പറഞ്ഞതും ഒരു സാഹചര്യത്തിൽ ആയിരിക്കും. ആ സാഹചര്യവും ആരോട്, എന്തിന് എപ്പോ പറഞ്ഞു എന്നൊന്നും നോക്കാതെ പരിഭാഷകൾ വെച്ച് വിധി പറയുന്നതാണ് നവ മാധ്യമ മുഫ്തിമാർ.


നമ്മുടെ മുൻകാല ഇമാമീങ്ങളിൽ ആകമാനം എത്ര എത്ര ആളുകൾ നാടിന്റെ പേര് സ്വന്തം പേരിൻറെ പുറകിൽ പറഞ്ഞവർ ഉണ്ട്..? ഇമാം ബുഖാരി യുടെ ബുഖാരി എന്നത് എവിടെ നിന്ന് വന്നതാണ്..? പേരിന്റെ പുറകിൽ പിതാവിന്റെ പേരല്ലാത്ത ഒന്നും ചേർക്കാൻ പാടില്ല എന്നാണെങ്കിൽ ഇവർക്കൊന്നും അത് മനസ്സിലായില്ലേ..? അതും തെറ്റാണ് എന്ന് പറയുമോ ഇക്കൂട്ടർ..?

പരിഭാഷ വെച്ച്‌ ദീനീ വിധികൾ പറഞ്ഞു സമൂഹത്തിൽ തീർത്തും അനാവശ്യമായ വസ്‌ വാസുകൾ ഉണ്ടാക്കുന്ന ഇത്തരം കപടന്മാർ ആണ്‌ സമൂഹത്തിന്റെ ശാപം..! സ്വന്തം യുക്തിയിൽ തോന്നുന്നതൊക്കെ അല്ലാഹുവിന്റേയും അവന്റെ ഹബീബിന്റേയും മേൽ കെട്ടിവെക്കുന്ന ഹവയുടെ അഹ്ലുകാർ..! കാണുന്നതും കേൾക്കുന്നതും എല്ലാം അതിന്റെ സത്യാവസ്ഥ അന്വേഷിക്കുക പോലും ചെയ്യാതെ പൊതുമാധ്യമങ്ങളിൽ ഷെയർ ചെയ്ത് സഫാഹതുകൾക്ക് കൈസഹായം ഏകാൻ കുറെ സാധുക്കളും..! എന്ത് ചെയ്യാൻ കാലം അതിന്റെ അവസാനത്തിലേക്ക് അടുക്കുമ്പോൾ ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന് ആദരവായ നബി തങ്ങൾ (സ്വ) പഠിപ്പിച്ചതാണല്ലോ.വിഡ്ഢികളായ ആളുകൾ ഫത് വാ നൽകുന്ന കാലം ഖിയാമത്തിന്റെ അടുത്ത നാളുകളിൽ സംഭവിക്കുമെന്നു പറഞ്ഞ ഹബീബിന്റെ വാക്കുകൾ എത്ര സത്യം..!


നബി തങ്ങൾ പറയുന്നു:

يكون في آخر الزمان دجالون كذابون يأتونكم من الأحاديث بما لم تسمعوا أنتم ولا آباؤكم ، فإياكم لا يضلونكم ولا يفتنونكم

"അവസാനകാലം ചില കളവ് പറയുന്ന ദജ്ജാലുകളുണ്ടായിത്തീരും. നിങ്ങളോ നിങ്ങളുടെ പിതാക്കളോ കേള്‍ക്കാത്ത വര്‍ത്തമാനങ്ങളുമായിട്ടാണ്‌ അവര്‍ നിങ്ങളിലേക്ക് വരുക. അവർ നിങ്ങളെ വഴിതെറ്റിക്കാതെയും ഫിത്നയിൽ പെടുത്താതെയും കാത്തു കൊള്ളുക." (സ്വഹീഹ് മുസ്ലിം)


ഭാര്യയുടെ പേരിന്റെ കൂടെ ഭര്‍ത്താവിന്റെ പേര് കൂട്ടി ചേര്‍ക്കുന്നതിന്റെ വിധി എന്താകുന്നു എന്ന ചോദ്യത്തിന് islamonweb എന്ന സൈറ്റിൽ വന്ന മറുപടി ഇവിടെ വായിക്കാം.


പരിഭാഷകൾ കൊണ്ട് ഖുർആനും ഹദീസും പഠിക്കാതിരിക്കുക. വായിക്കുന്ന പരിഭാഷകൾ ആണ് ഖുർആൻ എന്ന് മനസ്സിലാക്കാതിരിക്കുക. അല്ലാഹുവിന്റെ കലാമായ ഖുർആനിന്റെ വാക്കുകൾക്ക് വെറും വാചകാർത്ഥം വെച്ച് ദീനീ വിധികൾ പറയുന്നവരെ കരുതിയിരിക്കുക. ജീവിതം മുഴുക്കെ കുത്തിയിരുന്ന് ഇമാമീങ്ങളുടെ കിതാബുകൾ പഠിച്ചു പഠിച്ചു കാലം മുഴുക്കെ ദീനീ സേവനത്തിനായി വിനിയോഗിക്കുന്ന മഹാന്മാരായ ഉലമാക്കൾ ലോകത്ത് എമ്പാടും ഉണ്ട്. അവരിലൂടെ പഠിക്കുക. അവരെ ഒക്കെ വിട്ട് ഒരു പരിഭാഷ വെച്ച് ദീൻ മനസ്സിലാക്കിക്കളയാം,ഗൂഗിളിൽ നിന്ന് ഇസ്ലാമിനെ നേടിയെടുക്കാം എന്ന് വിചാരിക്കുന്നവർ മടയന്മാർ മാത്രമാണ്. അക്ഷരങ്ങളിൽ കുറിച്ച് വെച്ചതിനേക്കാൾ ഏറെ പഠിക്കാനുണ്ട് ഒരു ഗുരുമുഖത്ത് നിന്നുള്ള പഠനത്തിന് എന്നോർക്കുക..


ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ സ്വയം ചെന്ന് ചാടാതിരിക്കുക. ആദരവായ നബി തങ്ങളുടെ (സ്വ) തിരുവാക്കുകൾക്ക് അവിടുന്ന് പഠിപ്പിക്കാത്ത ഉദ്ദേശ്യങ്ങൾ, ആ വാക്കുകളിൽ നിന്ന് ഇമാമീങ്ങൾ ആരും മനസ്സിലാക്കാത്ത കാര്യങ്ങൾ പടിപ്പിക്കുന്നവരോട് ചേർന്ന് നരകത്തിന്റെ അഹ്ലുകാർ എന്ന പട്ടം അതിന്റെ കാരണത്താൽ വന്നു ചേരുന്നതിനെ സൂക്ഷിക്കുക. നാഥൻ നമ്മെ ഇത്തരം ആളുകളുടെ ഫിത്നയെ തൊട്ട് കാത്തു രക്ഷിക്കട്ടെ..ആമീൻ..



ഇസ്ലാം ഓണ്‍ വെബ് എന്ന സൈറ്റിലെ ചോദ്യവും ഉത്തരവും




Friday, August 22, 2014

ജനിച്ചില്ലായിരുന്നു എങ്കിൽ എത്ര നന്നായിരുന്നു..!

ഭയം എന്നത്‌ പ്രകൃതി പരമായ ഒരു ഗുണമാണ്‌. ഏതൊരു മനുഷ്യനും ഒന്നിനെ അല്ലെങ്കിൽ മറ്റൊന്നിനെ ഭയപ്പെടുന്നു. ഒരാൾ ഭയക്കുന്നതിനെ മറ്റൊരാൾക്ക്‌ ഭയമുണ്ടായിരിക്കണം എന്നില്ല. ഓരൊരുത്തരിലും ഊട്ടപ്പെട്ടിരിക്കുന്ന പ്രകൃതവുമായും  ചുറ്റുപാടുകളുമായും അഭേദ്യമായി ഇത്‌ ബന്ധപ്പെട്ടിരിക്കുന്നു.





എന്തിനെ ഭയക്കുന്നോ അതിനെ തൊട്ട്‌ ഓടിമാറുക എന്നതാണ്‌ മനുഷ്യ പ്രകൃതം. പേടിയുള്ളതെന്തിനേയാണോ അതിന്റെ സാമീപ്യം പോലും നാം ഭയക്കുകയും വെറുക്കുകയും ചെയ്യുന്നു.

എന്നാൽ റബ്ബിനെ ഭയക്കുന്നവർ റബ്ബിലേക്ക്‌ എത്ര അടുക്കാൻ കഴിയുമോ എന്നതാണ്‌ ആലോചിക്കുന്നത്‌. പേടി കൂടുന്തോറും സ്നേഹവും സാമീപ്യത്തിനുള്ള ആശയും കൂടി വരുന്നു.

അവനേയും അവന്റെ മുമ്പിൽ നിൽക്കേണ്ട ലോകത്തേയും ഭയക്കുന്നവൻ തീർച്ചയായും അവനിലേക്ക്‌ സർവ്വവും സമർപ്പിച്ച്‌ അടുക്കാനാണ്‌ നോക്കുന്നത്‌. അവനോട്‌ സ്നേഹം കൂടുംബോഴും അവനിലേക്കുള്ള അടുപ്പവും അവനെ അക്ഷരം പ്രതി അനുസരിക്കാനുള്ള താൽപ്പര്യവുമാണ്‌ കൂടുന്നത്‌. "നിങ്ങൾ റബ്ബിനെ ഇഷ്ടപ്പെടുന്നു എങ്കിൽ അവനെ അനുസരിക്കുകയാണ്‌ വേണ്ടത്‌ എന്നും അപ്പോ അവൻ നിങ്ങളെയും സ്നേഹിക്കുമെന്ന" ഖുർ ആനികാശയം അവനെ സ്നേഹിക്കുന്നതിന്റെ വഴി വരച്ചു കാട്ടുന്നു.




സൽ വഴിയിൽ മുമ്പേ നടന്നു നീങ്ങിയവർക്കും നമുക്കും ലക്ഷ്യമായുള്ളത്‌ ഒരേ സ്വർഗ്ഗീയലോകവും റബ്ബിന്റെ പൊരുത്തവുമാണ്‌. ജീവിതരീതിയും മാനസിക വ്യാപാരവുമെല്ലാം തികച്ചും അവരിൽ നിന്നും വ്യത്യസ്ഥമാണ്‌ നമ്മുടേത്‌.

ഇടയനില്ലാത്ത ആട്ടിൻപറ്റങ്ങൾ ഒരിക്കലും നേരായ വഴിയിൽ, ശരിയായ ലക്ഷ്യത്തിലേക്ക്‌ നടക്കുകയില്ല എന്നത്‌ അനുഭവ സാക്ഷ്യമാണ്‌.
ലക്ഷ്യത്തിലേക്കുള്ള യാത്രയിലെ നേരായ വഴിതെളിക്കുന്ന ഇടയനാണ്‌ ദൈവഭയം. റബ്ബിനോടുള്ള ശരിയായ ഭയം അവനോടുള്ള അടങ്ങാത്ത സ്നേഹമാകുകയും അവന്റെ നിർദ്ദേശങ്ങളെ ശിരസ്സാവഹിച്ച്‌ സ്നേഹം തിരിച്ചു നേടാൻ പരിശ്രമിക്കുന്നവനാക്കി മാറ്റുന്നു.

നാഥനെ ഭയന്നത്‌ കൊണ്ട്‌ മറുഞ്ഞു വീഴുന്ന കല്ലുകൾ പോലും നിർജ്ജീവ വസ്തുക്കളുടെ കൂട്ടത്തിൽ ഉണ്ടെന്ന് ഖദീമായ നാഥന്റെ കലാം..!


وَإِنَّ مِنْهَا لَمَا يَهْبِطُ مِنْ خَشْيَةِ اللَّهِ

ആഖിറവും വിചാരണയും പേടിക്കാൻ ഇല്ലാത്ത സൃഷ്ടികൾ പോലും അവനെ ഭയക്കുന്നു..! എന്നിട്ടുമെന്തേ നാം..?





മക്കയിലെ ജീവിതത്തിനിടെ ഖുറൈശി കുഫ്ഫാർ സമൂഹത്തിൽ നിന്നും അനുഭവിക്കേണ്ടി വന്ന അതികഠിനമായ പ്രയാസങ്ങളിൽ നിന്നും രക്ഷപ്പെട്ട്‌ മദീനയിലെത്തി അൻസ്വാറുകളുടെ സ്നേഹപൂർവ്വമായ സഹകരണം കൊണ്ട്‌ ഒരൽപ്പം ദുനിയവിയ്യായ സന്തോഷം ലഭിച്ചപ്പോ സ്വഹാബത്ത്‌ മതിമറക്കാതെ തന്നെ ആഹ്ലാദിച്ചു. കൂടിയിരുന്ന് സംസാരിച്ച്‌ പൊട്ടിച്ചിരിച്ചിരുന്ന സ്വഹാബത്തിന്റെ കൂട്ടത്തിലേക്ക്‌ കടന്ന് വന്ന നബി തങ്ങൾ വളരെ കഠിനമായി അവരുടെ പൊട്ടിച്ചിരിയോടും കളിയോടും പ്രതികരിച്ചു.


لو تعلمون ما أعلم لضحكتم قليلا ولبكيتم كثيرا

"ഞാനറിയുന്നത് എങ്ങാനും നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ നിങ്ങൾ കുറച്ച് മാത്രം ചിരിക്കുകയും ഏറെ ഏറെ കരയുകയും ചെയ്യുമായിരുന്നു...."

ഹബീബിന്റെ ശിക്ഷണത്തിൽ സംസ്ക്കരിക്കപ്പെട്ട സുന്ദരസ്വത്വങ്ങളായി തിരുസ്വഹാബത്ത്‌ മാറാൻ സമയമേറെ എടുത്തില്ല.

രാത്രിയുടെ അന്ത്യ യാമങ്ങളിൽ പോലും റബ്ബിനെ ഭയന്ന് അവന്റെ നന്ദിയുള്ള അടിമയാകാൻ ചുടുകണ്ണുനീരൊഴുക്കി സുജൂദിലായി കിടന്നിരുന്ന ഹബീബിന്റെ (സ്വ) തിരു സ്വഹാബാക്കൾ അല്ലാഹുവിനെ പേടിച്ച, അവന്റെ മുമ്പിൽ നിൽക്കുന്ന ദിവസത്തെയോർത്ത്‌ വേവലാതി കൊണ്ട ചരിത്രങ്ങൾ ഹൃദയസ്പർശ്ശിയാണ്‌.

ശദ്ദാദുബ്നു ഔസ്‌ (റ) ഉറങ്ങാൻ കിടന്നാൽ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞു കിടക്കുകയല്ലാതെ ഉറക്ക്‌ ലഭിച്ചിരുന്നില്ല. അവിടുന്ന് പറയുമായിരുന്നു:

 "അല്ലാഹുവേ, നരകത്തിലെ തീ എന്നെ ഉറക്കത്തെ തൊട്ട്‌ ദൂരെയാക്കിക്കളഞ്ഞു". പിന്നീടങ്ങോട്ട്‌ അവിടുന്ന് പുലരും വരെ നിസ്ക്കരിക്കുകയായിരുന്നു പതിവ്‌.

അവർ തന്നെയാണല്ലോ വിശുദ്ധകലാം പരാമർശ്ശിച്ച ആശയോടെയും പ്രതീക്ഷയോടെയും പാതിരാവിൽ കിടപ്പിടം വിട്ട്‌ എഴുന്നേറ്റ്‌ പോരുന്നവർ.

تَتَجَافَىٰ جُنُوبُهُمْ عَنِ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا

റബ്ബിനെ ഭയന്ന് ഉറക്കം പോലും നഷ്ടപ്പെട്ട പവിത്ര ജന്മങ്ങൾ തേടിയ ലക്ഷ്യം തേടിയുള്ള യാത്രയിൽ കയ്യിലെടുക്കാൻ അവനെ പേടിച്ച്‌ ഒഴുകിയ ഒരു തുള്ളി കണ്ണുനീർ പോലും നമുക്കില്ല..




ഉമ്മുൽ മുഅ്മിനീൻ ആയിഷ (റ) പറയുമായിരുന്നു:"അല്ലാഹുവാണെ സത്യം, ഞാനൊരു വൃക്ഷമായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു..! അല്ലാഹുവാണെ സത്യം, ഞാൻ വെറും മണൽത്തരികൾ ആയിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു..!, അല്ലാഹുവാണെ സത്യം, എന്റെ റബ്ബ്‌ എന്നെ സൃഷ്ടിച്ചിട്ടില്ലായിരുന്നു എങ്കിൽ എത്ര നന്നായിരുന്നു..!"

കോടാനുകോടി ജനങ്ങൾക്കിടയിൽ കുനിച്ചു നിർത്തി ഏകനാക്കിയുള്ള റബ്ബിന്റെ മുമ്പിലെ വിചാരണയെ ഭയപ്പെടുന്നവർക്ക്‌ ജീവിതം പോലും ഭയമാണ്‌ നൽകിയത്‌..

ഖതാദ (റ) പറയാറുണ്ടായിരുന്നു: "കാറ്റത്ത് പാറിപ്പോകുന്ന ഒരു മണൽത്തരിയായിരുന്നു ഞാനെങ്കിൽ എത്ര നന്നായിരുന്നു".

പരീക്ഷണങ്ങളുടെ നാളെയോർക്കുംബോൾ ബീവി ആയിഷ(റ)യുടെ വാക്കുകൾ എത്ര പ്രസക്തമായി തോന്നുന്നു...

ജനിച്ചില്ലായിരുന്നു എങ്കിൽ എത്ര നന്നായിരുന്നു..!