Thursday, August 28, 2014

പ്രതീക്ഷയുടെയും ഭയത്തിന്റെയും നൂൽപ്പാലത്തിലൂടെ..

സത്യവിശ്വാസിയുടെ ജീവിതം പ്രതീക്ഷയുടെയും ഖൗഫിന്റെയും ഒത്ത നടുവിലായിരിക്കണം.റബ്ബിന്റെ അനുഗ്രഹങ്ങളിൽ അമിതപ്രതീക്ഷയോ മുഴുസമയവും റബ്ബിൽ നിന്നുള്ള ശിക്ഷയെ ചൊല്ലിയുള്ള അമിതഭയമോ വിശ്വാസിക്ക് കരണീയമല്ല. അഥവാ അവൻ ഏറെ പൊറുക്കുന്നവനാണ് എന്ന പ്രതീക്ഷ വെച്ച് തിന്മകളിൽ മുഴുകി ജീവിക്കാനോ ചെയ്ത് പോയ തെറ്റുകളിൽ അവനിൽ നിന്നുള്ള ശിക്ഷ സുനിശ്ചിതമാണ് എന്നതിന്റെ പേരിൽ പ്രതീക്ഷ നഷ്ടപ്പെട്ട് ഭയചകിതനായി ജീവിക്കാനോ പാടില്ല തന്നെ. കർമ്മങ്ങളിലും ചിന്തകളിലും മുഴുക്കെ സന്തുലിതമായ ഈ ചിന്ത തുടർത്തി ജീവിക്കെണ്ടിയിരിക്കുന്നു. താൻ ചെയ്യുന്ന കർമ്മങ്ങളുടെ പൂർണ്ണതയിൽ വേവലാതിയും റബ്ബിന്റെ ഔദാര്യത്തിൽ പ്രതീക്ഷയും വേണം.






ഹസ്രത്ത് ഉമർ (റ) തങ്ങൾ രോഗിയായപ്പോൾ ആദരവായ നബി തങ്ങൾ അവിടുത്തെ സന്ദർശിക്കാൻ ചെന്നു. സുഖവിവരം അന്വേഷിച്ച നബി തങ്ങളോട് ഉമർ (റ) പറഞ്ഞു: എനിക്ക് പ്രതീക്ഷയും ഭയവും ഉണ്ട് നബിയേ" (അല്ലാഹുവിന്റെ കാരുണ്യത്തിലുള്ള പ്രതീക്ഷയും അവന്റെ ശിക്ഷയിൽ ഉള്ള പേടിയും). അപ്പോൾ നബി തങ്ങൾ (സ്വ) പറഞ്ഞു: ഒരു സത്യവിശ്വാസിയുടെ ഹൃദയത്തിൽ പ്രതീക്ഷയും ഭയവും (റബ്ബിനോടുള്ള)  ഒരുമിച്ച് ചേർന്നാൽ അല്ലാഹു അവന് അവന്റെ പ്രതീക്ഷയെ സഫലമാക്കി കൊടുക്കുകയും അവന്റെ ഭയത്തെ തൊട്ട് സംരക്ഷിക്കുകയും ചെയ്യും". (ബൈഹഖി)



മനുഷ്യ സഹജമായ വികാരങ്ങളാണ് പ്രതീക്ഷയും ഭയവും. രണ്ടും അമിതമാകുമ്പോ അത് ജീവിതത്തിന്റെ സ്വാഭാവികതയെ തന്നെ ബാധിക്കുമെന്നത് അനുഭവം ബോധ്യപ്പെടുത്തുന്ന പരമാർത്ഥമാണ്. കാലിടർച്ചകൾ സംഭവിക്കാത്തവർ അല്ലാഹുവിന്റെ സംരക്ഷണത്തിന്റെ വലയത്തിനുള്ളിൽ അവന്റെ ഔദാര്യം കൊണ്ട് പെടുത്തിയ സദ്‌വൃത്തർമാത്രമാണ്. മനുഷ്യനെ സൃഷ്ടിച്ചത് തന്നെ ദുർബലമായ പ്രകൃതത്തിലാണ് എന്ന് മാത്രമല്ല മാനുഷിക ദൗർബല്യങ്ങളെ കൂടുതൽ വഷളാക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ ഒരു ശക്തിക്ക് നാഥൻ അനുവാദവും നൽകി. തെറ്റുകളൊന്നും സംഭവിക്കാത്ത പ്രകൃതത്തിൽ സൃഷ്ടിക്കപ്പെട്ട മാലാഖമാർ മനുഷ്യരേക്കാൾ എല്ലാത്തിലും ഉത്തമന്മാർ ആണെന്ന് വരില്ല.




തെറ്റുകൾ വന്നു പോകുകയും എന്നാൽ തെറ്റിലേക്കുള്ള ചോദനകൾ ബാക്കിയിരിക്കെ തന്നെ സ്വശരീരത്തെയും മനസ്സിനെയും റബ്ബിന്റെ വഴിയിലാക്കി തിരിക്കുകയും ചെയ്ത മുത്തഖികളായ മനുഷ്യർ മലക്കുകളേക്കാൾ ഒരുവേള ഉത്തമരായിത്തീരും. ഇന്നലെകളിലെ ഇസ്ലാമിക ലോകത്ത് പ്രകാശം പരത്തിയ താരകങ്ങൾ പലരും അവരുടെ യുവത്വത്തിന്റെ തിളപ്പുള്ള കാലത്ത് തെറ്റുകളുടെ ലോകത്ത് വിരാജിച്ചവരായിരുന്നു എന്ന് മനസ്സിലാക്കുമ്പോഴാണ് തൗബയുടെ പ്രാധാന്യവും സ്രഷ്ടാവിന്റെ മഗ്ഫിറതാകുന്ന അനുഗ്രഹത്തിന്റെ വിശാലതയും നമുക്ക് മനസ്സിലാകുന്നത്. നമ്മുടെ തെറ്റുകൾ മലയോളം വലുതായാലും അല്ലാഹുവിന്റെ മഗ്ഫിറത്തിന്റെ വാതിൽ തുറന്നു തന്നെ കിടക്കുന്നു എന്നതിൽ പ്രതീക്ഷ കൈവിടാൻ നമുക്ക് വകയില്ല.


എന്ത് തന്നെ തെറ്റായി പ്രവർത്തിച്ചാലും ദുനിയാവിൽ നമുക്ക് ചെന്ന് അഭയം പ്രാപിക്കാനുള്ള സങ്കേതമാണല്ലോ നമ്മുടെ മാതാവിന്റെ മടിത്തട്ട്. അവിടെ പൊറുക്കപ്പെടാത്ത പാതകങ്ങളില്ല. സമൂഹം മുഴുക്കെ എതിർക്കുന്ന മനുഷ്യനും തന്റെ മാതാവിൽ തീർച്ചയായും കാരുണ്യം കണ്ടെത്താൻ കഴിയുമെന്നത് വിശ്വാസി അവിശ്വാസി ഭേദമന്യേ ഏവരും സമ്മതിക്കും. മാതാവിന്റെ മനസ്സിൽ അവരുടെ കുട്ടിയോടുള്ള കാരുണ്യം അല്ലാഹു നിക്ഷേപിച്ചത്ര മറ്റൊരിടത്തും കണ്ടെത്താൻ കഴിയില്ല. എന്നാൽ ആദരവായ നബി തങ്ങൾ (സ്വ)  ഈയൊരു കാര്യം ഉദാഹരിച്ച ശേഷം പറയുന്നത് ഇങ്ങനെ: "ഒരു മാതാവിന് തന്റെ കുട്ടിയോടുള്ള കാരുണ്യത്തെക്കാൾ എത്രയോ മടങ്ങ്‌ കാരുണ്യവാനാണ് അല്ലാഹു സത്യവിശ്വാസികളുടെ മേൽ".




നിരാശരാകരുത് എന്നും ഞാൻ പൊറുക്കും എന്നതും നാഥന്റെ വാഗ്ദാനമാണ്. വാഗ്ദത്ത ലംഘനം റബ്ബിൽ നിന്നും ,അസംഭവ്യമാണ് താനും. ആളുകളുടെ വാഗ്ദാനങ്ങളിൽ അവസാനം വരെ ആശ വെക്കുന്ന നമുക്ക് നാഥനിൽ ആശ മുറിയാൻ ന്യായമെന്തുണ്ട്..?

لا تقنطوا من رحمة الله

(ആശയം): 'അല്ലാഹുവിന്റെ അനുഗ്രഹത്തെ തൊട്ട് നിങ്ങൾ ആശ മുറിയരുത്' (സൂറത്ത് സുമർ)

പ്രതീക്ഷകൾ ആണ് നമ്മുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. ഏതൊരു വികാരവും പോലെ അമിതമാകുമ്പോൾ അതും ജീവിതത്തെ നേരായ വഴിയിൽ നിന്നും വഴിതിരിച്ചു വിടുന്നു. തെറ്റുകൾ ചെയ്യുന്ന സത്യവിശ്വാസിയായ മനുഷ്യനെ പിശാച് പ്രലോഭിപ്പിക്കുന്നതും രക്ഷിതാവിന്റെ പാപമോചന പ്രതീക്ഷ ഉയർത്തിയാണ്. അതിൽ വശംവദനായി കൂടുതൽ കൂടുതൽ ആഴത്തിൽ തെറ്റുകളിലേക്ക് നാം ഇറങ്ങിച്ചെല്ലുകയും ചെയ്യുന്നു. തെട്ടുകളിലായി ജീവിക്കുന്ന മനുഷ്യന് പാപമോചനം തേടാനുള്ള മനസ്സ് തന്നെ നഷ്ടപ്പെടുകയാണ് ഒടുക്കം സംഭവിക്കുന്നത്. അത് വഴി ഈമാൻ പോലും നഷ്ടപ്പെടുകയും ചെയ്യുന്നു.  പ്രതീക്ഷ ഭയത്തെ മറികടന്ന് അതിന്റെ നിശ്ചയിക്കപ്പെട്ട സന്തുലനാവസ്ഥ ഇല്ലാതെയാക്കുമ്പോ പരാജയത്തിന്റെ പടുകുഴിയിലേക്ക് നാം ആപതിക്കുന്നു. എന്തൊരു കർമ്മം ചെയുംബോഴും ഇത് നാഥൻ വീക്ഷിക്കുന്നുണ്ട് എന്നും ഒടുക്കം അവന്റെ മുമ്പിൽ ഇതിന്റെ കണക്ക് പറയേണ്ടി വരും എന്ന ഭയവും നമ്മിൽ നിലനിൽക്കേണ്ടതുണ്ട്.




റബ്ബിനെ ഓർത്ത്, അവന്റെ മുമ്പിൽ നിൽക്കുന്ന ദിവസത്തെ ആലോചിച്ച് ഭയം ഗ്രസിച്ച്‌ മരണം പുൽകിയവർ പോലും സ്വഹാബതിന്റെ കൂട്ടത്തിൽ ഉണ്ടായിരുന്നു. ജീവിതം മുഴുക്കെ അവന്റെ ത്വാഅതിലായി ജീവിച്ചിട്ടും ഒടുക്കം അവന്റെ കാരുണ്യതാൽ പൊതിയപ്പെട്ടില്ലെങ്കിൽ വരാനിരിക്കുന്ന നാശത്തെ ചൊല്ലിയുള്ള വേവലാതിയായിരുന്നു അവർക്കെല്ലാം. വെള്ളിയാഴ്ച ദിവസം ഖുതുബ നിർവ്വഹിച്ച് കൊണ്ടിരിക്കെ ഹസ്രത്ത് ഉമർ (റ) പലപ്പോഴും  ഓതി തുടങ്ങിയ സൂറത്ത്

علمت نفس ما أحضرت

(ആശയം): (അന്നത്തെ ദിവസം ഓരോ ശരീരവും അതിന്റെ പ്രവർത്തനങ്ങളെ പറ്റി അറിയുക തന്നെ ചെയ്യും) എന്ന ആയത്ത് എത്തുമ്പോ അവിടുത്തെ ശംബ്ദം തന്നെ പൊട്ടിക്കരച്ചിൽ കാരണം നിലച്ചു പോകുമായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നത് ഹസ്രത്ത് അലി (റ) തങ്ങളാണ്.

സുഹ്ദിന്റെ പാരമ്യത്തിൽ ജീവിതം നീക്കിയ, ആദരവായ നബി തങ്ങളിൽ നിന്നും സ്വർഗ്ഗം കൊണ്ട് ഉറപ്പ് ലഭിച്ച  മഹാനായിരുന്നു ഉമർ തങ്ങൾ. എന്നിട്ട് പോലും ഭയത്തിന്റെ പിടിയിൽ നിന്നും അവർ വിട്ടുമാറിയിരുന്നില്ല എന്നോർക്കുമ്പോ നാമെങ്ങനെ ചിരിച്ചു കളിച്ചു മദിച്ചു നടക്കും..?




മരണക്കിടക്കയിൽ കണ്ണീരിലായി വിതുമ്പിയ അബൂ ഹുറൈറ (റ) തങ്ങളോട് കരച്ചിലിന്റെ കാര്യമന്വേഷിച്ചപ്പോൾ അവിടുന്ന് പറഞ്ഞത് "ദീർഘമായ യാത്രയാണ് വരാനിരിക്കുന്നത്. കയ്യിലാകട്ടെ ആവശ്യത്തിനുള്ള വിഭവമില്ല താനും"..! ഹബീബിന്റെ തിരുവാക്യങ്ങൾ അബൂ ഹുറൈറ തങ്ങളോളം ലോകത്തിന് എത്തിച്ചു കൊടുത്ത സ്വഹാബി മറ്റൊരാളില്ല..! ദിവസങ്ങളോളം പട്ടിണി കിടന്നും ഹബീബിൽ നിന്നും വിദ്യ നുകർന്ന മഹാന് ഭയം തീർന്നില്ല എങ്കിൽ നാം..?

ഭയവും പ്രതീക്ഷയും നിലനിൽക്കണം. പ്രതീക്ഷ നമ്മെ ചെയ്തു പോയ തെറ്റുകളിൽ നിന്നും പശ്ചാത്തപിച്ച്‌ ശുദ്ധമാകുവാനും ഭയം തെറ്റുകളെ തൊട്ട് വിദൂരത്താകാനും നമുക്ക് സഹായകമാകണം. അനുവദനീയമായ സുഖാസ്വാദനത്തിനിടയിലും റബ്ബിലേക്ക് മടങ്ങേണ്ട ദിവസത്തെ ഓർമ്മ വേണം. ഇത്ര കാലം ജീവിക്കുമെന്നതിൽ യാതൊരു ഉറപ്പും ലഭിച്ചവരല്ല നാമാരും. സൽക്കർമ്മങ്ങളിൽ ഉളരിക്കുകയും ശേഷം വരുന്ന വീഴ്ചകളിൽ അല്ലാഹുവിലേക്ക് പാപമോചന പ്രതീക്ഷ പുലർത്തി പശ്ചാത്തപിക്കുകയും വേണം. കുറഞ്ഞ രീതിയിലുള്ള കളിചിരികൾ അനുവദനീയമാണ് എന്ന് പറഞ്ഞ പണ്ഡിതർ പോലും രാത്രികാലങ്ങളിൽ പൊട്ടിക്കരഞ്ഞു കൊണ്ട് നിസ്ക്കാരത്തിൽ മുഴുകിയിരുന്നു എന്ന് ചരിത്രം പറയുന്നു.





അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് (റ) വിന്റെ മുമ്പിൽ വെച്ച് 'എനിക്ക് അസ്ഹാബുൽ യമീനിൽ പെടാനല്ല മറിച്ച് മുഖറബീനിൽ പെടാനാണ് ഇഷ്ടം' എന്നൊരാൾ പറഞ്ഞപ്പോ മഹാൻ അവിടുത്തെ തന്നെ ഉദ്ദേശിച്ച്പ റഞ്ഞുവത്രേ. " മരണശേഷം പുനരുദ്ധരിക്കപ്പെട്ടില്ലായിരുന്നു എങ്കിൽ എത്ര നന്നായിരുന്നു എന്ന് ആഗ്രഹിക്കുന്ന ഒരു മനുഷ്യൻ ഇവിടെ ഉണ്ട്"..! തനിച്ച് കോടാനുകോടി ജനങ്ങൾക്കിടയിൽ തനിച്ച് നിന്ന് വിചാരണക്ക് വിധേയനാകുന്ന നാൾ എത്ര ഭീദിതം ആയിരിക്കും എന്ന് ഉൾക്കൊണ്ടവരുടെ മനസ്സായിരുന്നു അത്.

ആദരവായ നബി തങ്ങളെ തൊട്ട് ഉദ്ധരിക്കപ്പെടുന്ന ഒരു ഹദീസിൽ ഇങ്ങനെ കാണാം; അല്ലാഹു പറയുന്നു: "രണ്ട് ഭയം എന്റെ അടിമകളുടെ മേൽ ചുമത്തുകയില്ല, ഈ ലോകത്ത് വെച്ച് എന്നെ ഭയപ്പെടാതെ ജീവിച്ചവന് വരാനിരിക്കുന്ന ലോകത്ത് ഞാൻ ഭയം നൽകുകയും ഇവിടെ എന്നെ ഭയപ്പെട്ട് ജീവിച്ചവന് വരാനിരിക്കുന്ന ലോകത്ത് എല്ലാ തരം ഭയത്തെ തൊട്ടും ഞാൻ സംരക്ഷിക്കുകയും ചെയ്യും."


എല്ലാ രസച്ചരടുകളും പൊട്ടിക്കുന്ന മരണവും മണ്ണിനടിയിലെ ദീർഘകാല ജീവിതവും അതിവേഗം നമ്മിലേക്ക് എത്തുക തന്നെ ചെയ്യും. ബാക്കിയാകുന്നത് കർമ്മങ്ങൾ മാത്രമാണ്. അന്ന് മറ്റൊരാളെ പഴിച്ച് രക്ഷപ്പെടാൻ സാധ്യമല്ല തന്നെ. നഷ്ടമായ നിമിഷങ്ങളുടെ വേദന എത്ര കഠിനമായതായിരിക്കും എന്ന് ഊഹിക്കാൻ പോലും വഴിയില്ല...

Wednesday, August 27, 2014

നമുക്ക് പിൻവാങ്ങാൻ സമയമായിട്ടില്ല..!!

ഫലസ്തീന് മേലുള്ള അക്രമങ്ങൾ ഇത് കൊണ്ട് തീരുമെന്ന് പ്രതീക്ഷിക്കാൻ വകയില്ല. പുതിയ പുതിയ കാരണങ്ങൾ ഉണ്ടാക്കി എടുത്ത് കൃത്യമായ ഇടവേളകളിൽ ഒരു സമൂഹത്തെ മുഴുവൻ ഇല്ലായ്മ ചെയ്യാനുള്ള പതിയെ ഉള്ള ആസൂത്രണങ്ങൾ അവർ തുടരുക തന്നെ ചെയ്യും. വെടിനിർത്തലും സമാധാന ചർച്ചകളും വെറും പ്രഹസനം മാത്രമാണ് എന്ന് അനുഭവങ്ങളുടെ ഇന്നലേകൾ സാക്ഷ്യപ്പെടുത്തുന്നു. പിറന്നു വീഴുന്ന ഓരോ കുഞ്ഞും തങ്ങളുടെ ഉന്മൂലന സിദ്ധാന്തത്തിന് പരുക്കേൽപ്പിക്കും എന്ന് സയണിസം ഭയക്കുന്നു എന്നത് സത്യമാണ്.


ഇത്രയും കാലം നടന്ന അധിനിവേശങ്ങളിൽ ഒക്കെ സയണിസത്തിന്റെ സഹകാരിയായി നാമും നാമറിയാതെ മാറിയിട്ടുണ്ടാകാം. സാമ്പത്തിക മേഖലയിലെ വരുമാനം തീർച്ചയായും ഒരു നാടിന്റെ നട്ടെല്ലാണ്. എവിടെ നിന്ന് വരുന്നു എന്ന് നോക്കിയോ ഇത് കൊണ്ടുള്ള ലാഭം വിൽക്കുന്നവർ എന്തിൽ ഉപയോഗിക്കുന്നു എന്ന് നോക്കിയോ അല്ല നമ്മൾ അവശ്യസാധനങ്ങൾ വാങ്ങിക്കൂട്ടുന്നത്. പക്ഷെ ഒന്നുണ്ട് തന്റെ കുഞ്ഞിനു വേണ്ടി നാം വാങ്ങുന്ന ഒരു വസ്തു കുട്ടിക്ക് പ്രയാസം വരുത്തും എങ്കിൽ നിശ്ചയമായും അത് വാങ്ങുന്നത് നമ്മൾ നിർത്തും.


 





നമ്മുടെത് അല്ലെങ്കിലും ഫലസ്തീനിന്റെ തെരുവുകളിൽ മരിച്ചു വീഴുന്ന കുഞ്ഞുമക്കളും ഒരു മാതാവിൽ നിന്നും പിതാവിൽ നിന്നുമാണ്. ജീവിക്കാനുള്ള മനുഷ്യന്റെ അവകാശം പോലും പറക്കമുറ്റും മുമ്പേ പറിച്ച് മാറ്റപ്പെടുന്ന ഇളം മേനികൾ..! നാം വാങ്ങിക്കൂട്ടുന്ന ഓരോ വസ്തുവിന്റെയും പ്രതിഫലം ആ കുരുന്നുകളുടെ തലയിൽ വന്നു വീഴുന്ന മിസ്സൈലുകൾ ആയി മാറുന്നു എന്നറിയുമ്പോൾ എങ്ങനെ അവരുടെ സാമ്പത്തിക അടിത്തറയെ സഹായിക്കാൻ നമുക്ക് കഴിയും..?


ആദരവായ നബി ;തങ്ങൾ (സ്വ) പറയുന്നത് നോക്കൂ:

مَثَلُ المؤمنين في تَوَادِّهم وتراحُمهم وتعاطُفهم: مثلُ الجسد، إِذا اشتكى منه عضو: تَدَاعَى له سائرُ الجسد بالسَّهَرِ والحُمِّى

സത്യവിശ്വാസികള്‍ തമ്മിലുള്ള പരസ്പരസ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും അനുകമ്പയുടെയും ഉദാഹരണം ഒരൊറ്റ ശരീരമെന്ന പോലെയാണ്. അതിലെ ഒരു അവയവത്തിന് രോഗം ബാധിച്ചാല്‍ ബാക്കി ശരീരവും ഉറക്കമൊഴിച്ചും പനിച്ചും ദുഃഖത്തില്‍ പങ്കുകൊള്ളും. (ബുഖാരി)








മർദ്ദിതനെയും അക്രമിയെയും സഹായിക്കണം എന്നതാണ് പ്രവാചകർ നമ്മെ പഠിപ്പിച്ചത്. സഹായം എന്നത് എല്ലായ്പ്പോഴും ഒരേ രൂപത്തിൽ ആയിരിക്കണം എന്നില്ല. ലഭിക്കുന്ന ആൾക്ക് തദവസരം തന്നെ ഉപകരിക്കപ്പെടുന്നത് സഹായത്തിന്റെ ഒരു രൂപം മാത്രമാണ്. ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ചെയ്യാൻ കഴിയുന്നതിൽ വെച്ച് ഏറ്റവും നല്ല സഹായം എന്നെന്നും നിലനിൽക്കുന്ന ലോകത്തേക്ക് ഉപകരിക്കുന്ന സഹായങ്ങൾ ചെയ്യുന്നതാണ്.


സ്വഹാബിയായ ജരീർ ഇബ്നു അബ്ദുള്ള (റ) തങ്ങൾ അവിടുത്തെ വേലക്കാരനെ അയച്ച് ഒരു കുതിരയെ 300 ദിർഹമിന് കച്ചവടം ഉറപ്പിച്ചു. പണം വാങ്ങാൻ കുതിരയേയും കൊണ്ട് വന്ന മനുഷ്യനെയും കുതിരയേയും കണ്ടപ്പോ മഹാനർക്ക് കുതിരയെ വളരെ വില കുറച്ചാണ് വിൽക്കുന്നത് എന്ന് മനസ്സിലായി. "നിങ്ങളുടെ കുതിര 300 നേക്കാൾ വിലമതിക്കുന്നു" എന്ന് പറഞ്ഞു ഉടമയോട് കൂടുതൽ വില അങ്ങോട്ട് ചോദിച്ച്, 400 ഉം 500 ഉം പറഞ്ഞ് ഒടുക്കം 800 ദിർഹം കൊടുത്ത് കുതിരയെ വാങ്ങി. പിന്നീട് ഈ അസാധാരണ പ്രവർത്തിയുടെ കാരണം അന്വേഷിച്ച വേലക്കാരനോട് അവിടുന്ന് പറഞ്ഞത് ആദരവായ നബി തങ്ങൾ (സ്വ) ക്ക് എല്ലാ സത്യവിശ്വാസികളോടും ആത്മാർഥതയും ഗുണകാംക്ഷയും ഉള്ളവനായിരിക്കും എന്ന് വാക്ക് നൽകിയിട്ടുണ്ട് എന്നാണ്..!





ഒരർത്ഥത്തിൽ ഇവിടെ വിൽപ്പനക്കാരൻ മർദ്ദിതന്റെ നിലയിൽ തന്നെയാണ് കാരണം തന്റെ നിർബന്ധമായ ആവശ്യം നിറവേറ്റാൻ പെട്ടെന്ന് പണം ലഭിക്കേണ്ട ആവശ്യത്തിലേക്ക് ലഭിക്കേണ്ട വിലയിലും കുറച്ച് വിൽക്കേണ്ടി വരുന്ന ദുരവസ്ഥയിലായിരുന്നു അദ്ദേഹം. അവിടെ സഹായം വ്യത്യസ്ഥമായ രീതിയിലായിരുന്നു ലഭിക്കേണ്ടത്. തനിക്ക് ലഭിക്കുന്ന ലാഭത്തെക്കാൾ തന്റെ സഹോദരന് ലഭിക്കുന്ന സഹായത്തെ ഇഷ്ടം വെച്ചവർ ലക്ഷ്യമാക്കിയത് സമ്പത്തിന്റെ വർദ്ധനവല്ല മറിച്ച് ഉള്ളത് തന്റെ സഹജീവിക്ക് ഉപകരിക്കപ്പെടാൻ ഉള്ളതാക്കി മാറ്റി തന്റെ ആഖിറത്തിലെ സമ്പാദ്യം വർദ്ധിപ്പിക്കുകയാണ് ഇവരൊക്കെ ചെയ്തത്. അഥവാ ചിലവഴിക്കപ്പെടുന്നതിലും അത് കൊണ്ട് മറ്റു സഹോദരർക്ക് സഹായം എത്തിക്കാൻ കഴിയുന്നതിലുമാണ് നേട്ടമുള്ളത്.




അക്രമിയെ സഹായിക്കുക എന്നത് ഏതു വിധേന എങ്കിലും അവനെ അവന്റെ അക്രമത്തെ തൊട്ട് തടയുക എന്നതാണ്.

انصر أخاك ظالماً أو مظلوماً، فقال: رجل يا رسول الله صلى الله عليه وسلم أنصره إذ كان مظلوماً، أفرأيت إذا كان ظالماً كيف أنصره؟! قال: تحجزه أو تمنعه من الظلم، فإن ذلك نصره

അക്രമി ആയ സഹോദരനേയും സഹായിക്കാൻ നബി തങ്ങൾ (സ്വ) പറഞ്ഞു - പക്ഷെ ആ സഹായം എന്ത് എന്ന് ചോദിച്ച സ്വഹാബതിനോട് അവിടുന്ന് പറഞ്ഞത് അവനെ അക്രമത്തെ തൊട്ട് തടയലാണ് അവനെ സഹായിക്കൽ എന്നാണ്.



കാരണം അക്രമി ഒരിക്കലും അല്ലാഹുവിന്റെ കോടതിയിൽ വെറുതെ വിടപ്പെടുകയില്ല. അതിനാൽ ശാരീരികമായോ വാക്ക് കൊണ്ടോ സമ്പത്ത് കൊണ്ടോ ഏതെങ്കിലും രീതിയിൽ അക്രമിയെ പ്രതിരോധിക്കുമ്പോൾ രണ്ട് കൂട്ടർക്കും സഹായം എത്തുന്നു എന്നതാണ് ശരി. അക്രമിക്കപ്പെടുന്നവൻ അതിനെ തൊട്ട് രക്ഷ നേടുകയും അക്രമി അവന്റെ ദുഷ് പ്രവർത്തിയിൽ നിന്ന് മാറി നില്ക്കുകയും ചെയ്യുന്നതോടെ ഇരു വിഭാഗത്തിനും ഉപകരിക്കപ്പെടുന്ന ഒരു സഹായമായി അത് മാറുന്നു.



പ്രതിരോധിക്കപ്പെടാൻ സാധ്യമല്ലാത്ത അക്രമിയിൽ നിന്നും മാറി നിൽക്കുക എന്നതല്ല മുസ്ലിമിന്റെ ധർമ്മം. മറിച്ച് ഏതെങ്കിലും ഒരു വിധേന അതിനെതിരെ ശബ്ദിക്കുക എന്നതാണ്. ശരീരം കൊണ്ട് കഴിയാത്തത് സമ്പത്ത് കൊണ്ട് കഴിയുന്ന കാലമാണ് നമുക്ക് മുന്നിൽ. അണ്ണാൻ കുഞ്ഞിനും തന്നാൽ ആയത് എന്ന് പറഞ്ഞ പോലെ ഒരോരുത്തന്റെ ശേഷിക്ക് അനുസരിച്ച് പ്രതിഷേധ ശബ്ദം ഉയർത്താൻ കഴിയുന്നതാണ് നമ്മുടെ ലോകത്തെ സാമ്പത്തിക വ്യവഹാരക്രമങ്ങൾ. ഏറ്റവും ബലഹീനമായ സാമ്പത്തിക സ്ഥിതിയുള്ള നാടിനും നാട്ടുകാർക്കും ഒന്നിച്ചിരുന്നു സ്വന്തം വ്യാപാര വാണിജ്യ മേഖലയിൽ അക്രമികൾക്ക് സാമ്പത്തിക ഉപകാരം സാധ്യമാകുന്ന വിപണന വസ്തുക്കളെ ബഹിഷ്കരിക്കുന്നതിലൂടെ സമൂഹത്തിൽ സമ്പത്തിന്റെ ഹുങ്കിൽ എന്തും ചെയ്യാം എന്ന് വിചാരിച്ച് ജീവിക്കുന്ന കുത്തക രാഷ്ട്രങ്ങളെ ഒരു ചെറിയ ശതമാനം എങ്കിലും എതിർത്ത് തോൽപ്പിക്കാൻ കഴിയും എന്നതാണ് അനുഭവ സത്യം.









പറഞ്ഞു വരുന്നത് ഫലസ്തീൻ എന്നത് വെറുമൊരു രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നമായി മനസ്സിലാക്കുന്നത് പിഴവാണ്. പിറന്നു വീണ ഭൂമിയിൽ വളർന്നു സുഗന്ധം പരത്തുന്നതിനെ ഭയപ്പെട്ട് മൊട്ടിടുമ്പോ തന്നെ കരിച്ചു ചാമ്പലാക്കപ്പെടുന്ന ഇളം പൂന്തളിരുകളുടെ ചോരയിറ്റുന്ന ശരീരം നമ്മിൽ വേദന സൃഷ്ടിക്കുന്നു എന്നത് സത്യമാണ്. സ്വന്തം നാട്ടിൽ എന്നല്ല നാമേവരും കാലു വെച്ച് നടക്കുന്ന ഭൂമിക്ക് മുകളിൽ പോലും ജീവിക്കാൻ അവകാശം നിഷേധിക്കപ്പെടുന്ന ഒരു പറ്റം നിസ്സഹായരായ ജനങ്ങളുടെ രോദനം ചെവിയിൽ മുഴങ്ങുമ്പോഴും അക്രമിക്കെതിരെ പ്രതികരിക്കാനും മർദ്ദിതനെ സഹായിക്കാനും നമുക്ക് കഴിയുന്നില്ല എങ്കിൽ ഈമാനിന്റെ അളവുകോലിൽ താഴെ താഴെയാണ് നമ്മുടെ സ്ഥാനം എന്നതാണ് സത്യം. മനസ്സ് കൊണ്ട് വെറുക്കുക എന്ന ഏറ്റവും ബലഹീനമായ ഈമാനിന്റെ അവസ്ഥയിലേക്ക് നാം താഴേണ്ടതില്ല കാരണം അതിന്റെ മുകളിൽ നമുക്ക് അല്ലാഹു തന്ന സമ്പത്തിനാൽ തന്നെ പ്രതികരിക്കാൻ നമുക്ക് കഴിയും എന്നതിൽ സംശയമില്ല.


നമുക്കുമുണ്ട് മക്കൾ. അവരുടെ കുഞ്ഞിളം മേനിയിൽ ഈച്ച വേണാൽ വേദനിക്കുന്നത് നമ്മുടെ മനസ്സിനാണ്‌. പക്ഷെ ഈച്ചക്ക് പകരം ബോംബുകൾ വന്ന് വീണാലും വേദനിക്കാൻ ബാപ്പയില്ലാത്ത, ഉമ്മയില്ലാത്ത കുടുംബമില്ലാത്ത ഒരായിരം പിഞ്ചു മക്കൾക്ക് വേണ്ടി സ്ക്രീനിന് മുമ്പിലിരുന്ന് സങ്കടപ്പെടാൻ മാത്രമേ ആളുകളുള്ളൂ. നമുക്ക് പ്രതികരിച്ചേ മതിയാകൂ. കാരണം കയ്യിലുള്ളതൊക്കെ ബാക്കിയായവർക്ക് മാറ്റി വെച്ച് മൂന്നു കഷണം വെള്ളത്തുണി മാത്രമെടുത്ത് നാം യാത്ര പോയതിന് പുറമേ നമ്മിലേക്ക് അമാനത്തായി നൽകിയ സമ്പാദ്യം എങ്ങനെ എന്തിൽ ചിലവഴിച്ചു എന്ന് ചോദിക്കപ്പെടുന്ന ദിനവും അനദി വിദൂരമല്ലാതെ നമുക്ക് വരാനുണ്ട്. ഏകനായ അല്ലാഹുവിലും അവന്റെ അന്ത്യ പ്രവാചകരിലും വിശ്വസിച്ചതിന്റെ പേരിൽ വംശ ഹത്യക്ക് വിധേയരാകുന്ന മുസ്ലിമായ സഹോദരന് വേണ്ടി എന്ത് ചെയ്തു എന്ന ചോദ്യം വരാതിരിക്കില്ല തീർച്ച..



അവർ ഇപ്പോഴേ ആശങ്കയിലാണ്. ലോകം അവരവരുടെ രീതിയിൽ പ്രതികരിക്കാൻ തുടങ്ങിയപ്പോ ബാർകോഡ് മാറ്റിയത്രേ. അതേ സഹോദരാ നമുക്കും ചെയ്യാൻ കഴിയും പലതും. മാർക്കറ്റിൽ പോയി സാധനത്തിന്റെ വില നോക്കുന്ന കൂട്ടത്തിൽ ആ ബാർകോഡ് കൂടെ നോക്കണം. ഗാസയിലെ കരിഞ്ഞു വീഴുന്ന കുഞ്ഞുമക്കൾ ആകുന്ന വളം കൊണ്ട് തടിച്ച് കൊഴുക്കുന്ന സയണിസ്റ്റ് മരത്തിന്റെ വേരിൽ ഒരു കൊംബെങ്കിലും ഒടിക്കാൻ കഴിഞ്ഞാൽ അത് നാഥന്റെ അരികിൽ ഉപകരിക്കപ്പെടുന്ന സംബാദ്യമാകും എന്ന് പ്രതീക്ഷയോടെ നമുക്ക് മുന്നോട്ട് നീങ്ങാം.ബാർകോഡ് 729 ഇലും 871 ലും തുടങ്ങുന്ന എല്ലാ സാധനങ്ങളും വർജ്ജിക്കുക..







മിഠായിക്ക് പകരം ഷെല്ലുകലുടെ കഷണങ്ങൾ ലഭിക്കുന്ന കുഞ്ഞു പൈതങ്ങളുടെ നാട് നമ്മെ ഓരോരുത്തരെയും വേദനയോടെ നോക്കുന്നുണ്ട്. 'അരുത്' എന്ന് പറയാൻ നാവ് പൊങ്ങുന്നില്ല എങ്കിൽ ഈമാൻ ബലഹീനമാണ് എന്ന് അംഗീകരിച്ചേ മതിയാകൂ.. ഇസ്രായേലിന്റെ പ്രൊഡക്റ്റുകൾ ബഹിഷ്കരിക്കുക. ഓർക്കുക നമ്മുടെ കീശയിൽ നിന്ന് അവരിലേക്ക് പോകുന്ന ഓരോ നാണയതുട്ടുകളും ഗാസയിലെ പറക്കമുറ്റാത്ത കുഞ്ഞു മക്കളുടെ നെഞ്ചിലേക്ക് തുളച്ചു കയറുന്ന ബുള്ളറ്റുകളാണ്..



ആദരവായ നബി തങ്ങൾ (സ്വ) പറഞ്ഞു:

المؤمن للمؤمن كالبنيان يشد بعضه بعضا

"വിശ്വാസികള്‍ തമ്മിലുള്ള ബന്ധം പരസ്‌പരം ശക്തിപകരുന്ന ഒരു കെട്ടിടംപോലെയാണ്‌ (ബുഖാരി-മുസ്‌ലിം)

Saturday, August 23, 2014

പേരിന്റെ കൂടെ ഭർത്താവിന്റെ പേര് ചേർക്കലും വസ് വാസുകളും..!



ഭാര്യയുടെ പേരിന്റെ കൂടെ ഭർത്താവിന്റെ പേര് പാസ്പോർട്ടിലും മറ്റും ചേർക്കുന്ന പതിവ് മലബാർ ഭാഗത്ത് സാധാരണമായി ഉണ്ട്. തിരിച്ചറിയുന്നതിന്റെ ഭാഗമായോ മറ്റോ കത്തുകളും മറ്റു പോസ്റ്റ്‌ ഇടപാടുകൾ നടത്തുന്നതിനും അഡ്റസ് ആയും ഉപയോഗിക്കാറുണ്ട്. വിദേശങ്ങളിൽ സ്ഥിരതാമസത്തിനുള്ള വിസ ലഭിക്കണമെങ്കിൽ പോലും പാസ്പോർട്ടിലും മറ്റു രേഖകളിലും ഭർത്താവിന്റെ പേര് ചേർക്കേണ്ടതും ഉണ്ട്. അനിവാര്യമായ ഇത്തരം ആവശ്യങ്ങൾക്കും മറ്റുമായി ഇങ്ങനെ ചെയ്യുന്നത് ഇത്രയും കാലം നമ്മുടെ നാട്ടിൽ കഴിഞ്ഞു പോയ ഒരു ഉലമാക്കളും എതിർത്തിട്ടില്ല എന്നതാണ് സത്യം.


                         

പറഞ്ഞു വരുന്നത് ഫെയ്സ് ബുക്കിലും വാട്സ് അപ്പ് പോലെയുള്ള മൊബൈൽ മാധ്യമങ്ങളിലും ഈയടുത്തായി വളരെ വിശദമായി ഒരുപാട് ഹദീസുകളും ആയത്തുകളും ഒക്കെ ചേർത്ത് ഭാര്യയുടെ പേരിന്റെ പുറകിൽ ഭർത്താവിന്റെ പേര് ചേർക്കുന്നത് വലിയ തെറ്റും നരകത്തിലെ സ്ഥിരതാമസത്തിന് കാരണം ആക്കുന്നതും ആണ് എന്ന രീതിയിലുള്ള ഒരു പോസ്റ്റ്‌ പരക്കുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഒരു മുജാഹിദ് വിഭാഗത്തിന്റെ പ്രാസംഗികനും ഇങ്ങനെ പേര് വെക്കൽ 'വൻ ദോഷം' ആണ് എന്ന് പ്രസംഗിക്കുന്നത് കേട്ടിരുന്നു. അന്ന് തന്നെ കർമ്മശാസ്ത്ര വിഷയങ്ങളിൽ ആഴത്തിൽ അറിവുള്ള പണ്ഡിതരുമായി ബന്ധപ്പെട്ട് കാര്യം ചോദിച്ചിരുന്നു. ചോദിച്ച് നോക്കിയപ്പോൾ അവരും ഇത്തരം ഒരു വാദം ആദ്യമായി കേൾക്കുകയാണ്. ശ്രദ്ധിച്ചു നോക്കുമ്പോൾ ഇത് പോസ്റ്റ്‌ ചെയ്യുന്നവരിൽ അറിവുള്ള ഉസ്താദുമാർ വരെ ഉണ്ട് എന്നതാണ് അത്ഭുതമായി തോന്നിയത്.


കാര്യത്തിലേക്ക് വരാം. ഒന്നാമതായി ആ പോസ്റ്റിൽ കണ്ടത് സൂറത്തുൽ അഹ്സാബിലെ ഒരു ആയത്താണ്.

ادعوهم لآبائهم هو أقسط عند الله

(ആശയം): നിങ്ങള്‍ ദത്തുപുത്രന്‍മാരെ അവരുടെ പിതാക്കളിലേക്ക്‌ ചേര്‍ത്ത്‌ വിളിക്കുക (അഹ്സാബ് 5)


നോക്കൂ സഹോദരന്മാരേ, ഈ ആയത്ത് കാണുമ്പോൾ തന്നെ മനസ്സിലാകുന്നില്ലേ അതിലെ ഉദ്ദേശ്യം. 'ഹും' എന്നത് കൊണ്ട് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത് ദത്ത് പുത്രന്മാരെ ആണ്. ഇസ്ലാമിന്റെ ആദ്യകാലത്ത് ദത്ത് പുത്രന്മാരെ ആരാണോ ദത്തെടുത്തത് അവരുടെ മക്കൾ എന്ന രീതിയിൽ വിളിക്കപ്പെടുന്നതിന് അനുവാദമുണ്ടായിരുന്നു. ഖദീജ ബീവി (റ) യിൽ നിന്നും സേവകനായി ആദരവായ നബി തങ്ങൾക്ക് ചെറിയ കുട്ടിയായിരിക്കുമ്പോ സേവകനായി കൈമാറപ്പെട്ട പ്രസിദ്ധനായ സ്വഹാബി ആയിരുന്നു സൈദ്‌(റ).


മാതാവുമൊത്തുള്ള യാത്രയിൽ കൊള്ളക്കാർ ആക്രമിക്കുകയും അങ്ങനെ അടിമയാക്കപ്പെടുകയും ചെയ്യപ്പെട്ട കുട്ടിയായിരുന്നു സൈദ്‌ (റ). ഖദീജ ബീവി (റ) യുടെ വീട്ടിലേക്ക് ആയിരുന്നു ആ ചെറിയ കുട്ടി അടിമയായി എത്തപ്പെട്ടത്. ആദരവായ നബി തങ്ങളുമായുള്ള വിവാഹത്തിന് ശേഷം ആ കുട്ടിയെ ഖദീജ ബീവി നബി തങ്ങൾക്ക് കൈമാറുകയാണ് ഉണ്ടായത്. കുറച്ച് വർഷങ്ങൾക്ക് ശേഷം നഷ്ടപ്പെട്ട മകൻ മസ്ജിദുൽ ഹറാമിന്റെ ചാരത്ത് ജീവിച്ചിരിക്കുന്നുണ്ട് എന്നറിഞ്ഞ പിതാവും പിതൃവ്യനും തിരിച്ച് കൂട്ടിക്കൊണ്ട് പോകാൻ വരുകയും നബി തങ്ങളുടെ (സ്വ) (അന്ന് നുബുവ്വത്ത് ലഭിച്ചിട്ടില്ല) അടുത്ത് വന്ന് മകനെ മോചനദ്രവ്യം വാങ്ങി മോചിപ്പിച്ചു തരണം എന്നാവശ്യപ്പെടുകയും നബി തങ്ങൾ മോചനദ്രവ്യം നിരസിക്കുകയും സൈദിനെ വിളിച്ച് അവന്റെ ഇഷ്ടം പോലെ ചെയ്തു കൊള്ളാൻ പറയുകയും ചെയ്തു. സൈദ്‌ പിതാവിനോടൊപ്പം പോകാൻ കൂട്ടാക്കാതെ നബി തങ്ങളോടൊപ്പം തുടരാൻ തീരുമാനിച്ചു.

സന്തോഷത്തോടെ നബി തങ്ങൾ നാട്ടുകാരെ വിളിച്ചു വരുത്തി 'സൈദ്‌ ഇനി മുതൽ അടിമയല്ല - എന്റെ മകനാണ്, അവൻ എന്നെയും ഞാൻ അവനെയും അനന്തരം എടുക്കും' എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അന്ന് മുതൽ മഹാൻ സൈദ്‌ ഇബ്നു മുഹമ്മദ്‌ എന്ന് വിളിക്കപ്പെട്ടു.

ഇമാം ബുഖാരി തങ്ങൾ ഉദ്ധരിക്കുന്ന ഒരു ഹദീസ് നോക്കൂ.

(ما كنا ندعوه إِلا زيد بن محمد حتى نزل القرآن{ادعوهم لاَبائهم هو أقسط عند الله}

ആശയം:

ادعوهم لاَبائهم هو أقسط عند الله

എന്ന ആയത്ത് ഇറങ്ങുന്നത് വരെ സൈദ്‌ ഇബ്നു ഹാരിസ (റ തങ്ങളെ സൈദ്‌ ഇബ്നു മുഹമ്മദ്‌ എന്ന് വിളിക്കൽ ഞങ്ങൾക്ക് പതിവായിരുന്നു. (ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിട്ടുണ്ട്)


നിലവിലുണ്ടായിരുന്ന ദത്ത് പുത്രന്മാരെ അവരുടെ ദത്തെടുത്ത പിതാക്കളിലെക്ക് ചേർത്ത് പറയാം എന്ന വിധി ദുർബലപ്പെടുത്തുകയായിരുന്നു ഈ ആയത്തിലൂടെ അല്ലാഹു ചെയ്യുന്നത്. ഈ ആയത്ത് വിശദീകരിച്ച മുഫസ്സിരീങ്ങൾ മുഴുവൻ പറഞ്ഞത് ഇതിന്റെ ഉദ്ദേശ്യം മേലെ വിവരിച്ചതാണ് എന്നാണ്.

ആ ആയത്തിന്റെ തന്നെ തൊട്ടപ്പുറത്തെ വാക്ക് നോക്കിയാൽ തന്നെ കാര്യം മനസ്സിലാകും.

فإن لم تعلموا آباءهم


(നിങ്ങൾക്ക് അവരുടെ പിതാവിനെ അറിയില്ലെങ്കിൽ) എന്ന ഭാഗം കാണുന്നതോടെ തന്നെ പറയപ്പെട്ട പോസ്റ്റിലെയും പ്രസംഗത്തിലെയും സഫാഹത്ത് മനസ്സിലാക്കാവുന്നതാണ്. പിതാവിന്റെ സ്ഥാനത്ത് സ്വന്തം പിതാവല്ലാത്ത ഒരാളെ ചേർത്ത് പറയുന്നതിനെ വിലക്കുന്ന ആയത്തും ഹദീസുകളും എടുത്ത് തിരിച്ചറിവിനോ മറ്റ് ആവശ്യങ്ങൾക്കോ വേണ്ടി ഭർത്താവിന്റെ പേര് ഭാര്യയുടെ പേരിനോടൊപ്പം ചേർക്കുന്നതിലെക്ക് കൊണ്ട് വന്ന് സ്ഥാപിക്കുന്നത് എത്ര ഹീനമായ നടപടിയാണ്..!

1400 വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിയ വിശുദ്ധ ഖുർആനിന്റെ ആയത്തിൽ ഇക്കാലം മുഴുക്കെ കഴിഞ്ഞു പോയ ഉലമാക്കൾ ആരും പറയാത്ത ഒരു വിധി അല്ലാഹുവിന്റെയും റസൂലിന്റെയും പേരിൽ കെട്ടിവെക്കുന്നവർക്ക് എന്താണ് നേട്ടം..? കറാഹത്ത്‌ പോലും ഇല്ലാത്ത ഒരു കാര്യം വലിയ തെറ്റാണ്‌ എന്ന രീതിയിൽ പടച്ച്‌ വിടുന്നവർക്ക്‌ എന്താണ്‌ ലക്ഷ്യം ??

രസാവഹമായി തോന്നിയത് ആ പോസ്റ്റിൽ തന്നെ ഉദ്ധരിച്ച ഹദീസുകൾ എല്ലാം പറയുന്നത് സ്വന്തം പിതാവല്ലാത്ത ഒരാളെ പിതാവായി പറയുന്നതിനെ പറ്റിയാണ് എന്നതാണ്. വായിക്കുന്ന ഒരാൾക്കും ഇത് മനസ്സിലാകുകയും ചെയ്യുന്നില്ലേ ആവോ..?

ഹദീസുകൾ ചുവടെ:


عن سعد بن أبي وقاص رضي الله عنه أن النبي صلى الله عليه وسلم قال‏:‏ ‏ "‏من ادعى إلى غير أبيه وهو يعلم أنه غير أبيه، فالجنة عليه حرام‏"‏ ‏‏‏(‏متفق عليه‏)‏‏


ഇമാം ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്നു:

സഅദ് ഇബ്നു അബീ വഖാസ് (റ) തങ്ങൾ നബി തങ്ങളെ തൊട്ട്:

നബി തങ്ങൾ (സ്വ) പറഞ്ഞു: "തന്റെ പിതാവല്ല എന്ന് അറിയാവുന്ന ഒരാളിലേക്ക് തന്റെ പിതൃത്വം ചേർത്ത് പറയുന്നവൻ ആരോ അവന് സ്വർഗ്ഗപ്രവേശം നിഷിദ്ധമാണ്"

ليس من رجل ادعى لغير أبيه وهو يعلمه إلا كفر

ആരെങ്കിലും ഒരാൾ തന്റെ പിതാവല്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെ മറ്റൊരാളെ തന്റെ പിതാവായി പറയുന്നന്നുവെങ്കിൽ അവൻ അല്ലാഹുവിൽ അവിശ്വസിച്ചിരിക്കുന്നു. (ബുഖാരി)

ആയിഷ ബീവി (റ) പറയുന്നത് വളരെ വ്യക്തമാണ്:

അബൂ ഹുദൈഫ (റ) സാലിം (റ) വിനെയും ആദരവായ നബി തങ്ങൾ (സ്വ) സൈദ്‌ (റ) വിനെയും ദത്ത് പുത്രന്മാർ ആക്കിയതൊക്കെ പറഞ്ഞ ശേഷം മഹതി പറയുന്നത്:

وكان من تبنى رجلا في الجاهلية دعاه الناس اليه وورث من ميراثه حتى أنزل الله تعالى ‏{‏اادعوهم لابائهم‏}‏

ജാഹിലിയ്യാ കാലത്ത് ഉണ്ടായിരുന്ന പതിവ് ആരെങ്കിലും ഒരാളെ ദത്തെടുത്താൽ ദത്തെടുക്കപ്പെട്ടവരെ ജനങ്ങൾ അവരുടെ ദത്തെടുത്ത പിതാവിന്റെ പേരിലേക്ക് ചേർത്തി വിളിക്കുകയും അവർ ദത്തെടുത്ത പിതാവിൽ നിന്ന് അനന്തരാവകാശം എടുക്കുകയും ചെയ്യുമായിരുന്നു. അല്ലാഹു ‏{‏اادعوهم لابائهم‏}‏ എന്ന ആയത്ത് ഇറക്കുന്നത് വരെ. (ബുഖാരി)


കൂടുതൽ ഉദ്ധരിക്കേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. ആ പോസ്റ്റിൽ ഉള്ള എല്ലാ ഹദീസുകളും പിതാവല്ലാത്തവരെ പിതാവായി ചേർത്ത് പറയുന്നതിനെ സംബന്ധിച്ച് ഉള്ളതാണ് എന്നത് അത് സൂക്ഷ്മമായി വായിക്കുന്നവർക്ക് വ്യക്തമാകും.

ഇതാണ് ഇന്നത്തെ നമ്മുടെ ലോകത്തിന്റെ സ്ഥിതി. ഖുർആൻ പരിഭാഷകളും ഹദീസ് പരിഭാഷകളും ഉപയോഗിച്ച് ആർക്കും സ്വന്തം തലയിൽ തോന്നുന്ന എന്ത് യുക്തിയും അല്ലാഹുവിന്റെയും അവന്റെ ഹബീബിന്റെയും മേൽ കെട്ടിവെക്കാം എന്ന പരിതാപകരമായ അവസ്ഥ. ഏതൊരു ആയത്തും ഹദീസും ഇറങ്ങിയതും പറഞ്ഞതും ഒരു സാഹചര്യത്തിൽ ആയിരിക്കും. ആ സാഹചര്യവും ആരോട്, എന്തിന് എപ്പോ പറഞ്ഞു എന്നൊന്നും നോക്കാതെ പരിഭാഷകൾ വെച്ച് വിധി പറയുന്നതാണ് നവ മാധ്യമ മുഫ്തിമാർ.


നമ്മുടെ മുൻകാല ഇമാമീങ്ങളിൽ ആകമാനം എത്ര എത്ര ആളുകൾ നാടിന്റെ പേര് സ്വന്തം പേരിൻറെ പുറകിൽ പറഞ്ഞവർ ഉണ്ട്..? ഇമാം ബുഖാരി യുടെ ബുഖാരി എന്നത് എവിടെ നിന്ന് വന്നതാണ്..? പേരിന്റെ പുറകിൽ പിതാവിന്റെ പേരല്ലാത്ത ഒന്നും ചേർക്കാൻ പാടില്ല എന്നാണെങ്കിൽ ഇവർക്കൊന്നും അത് മനസ്സിലായില്ലേ..? അതും തെറ്റാണ് എന്ന് പറയുമോ ഇക്കൂട്ടർ..?

പരിഭാഷ വെച്ച്‌ ദീനീ വിധികൾ പറഞ്ഞു സമൂഹത്തിൽ തീർത്തും അനാവശ്യമായ വസ്‌ വാസുകൾ ഉണ്ടാക്കുന്ന ഇത്തരം കപടന്മാർ ആണ്‌ സമൂഹത്തിന്റെ ശാപം..! സ്വന്തം യുക്തിയിൽ തോന്നുന്നതൊക്കെ അല്ലാഹുവിന്റേയും അവന്റെ ഹബീബിന്റേയും മേൽ കെട്ടിവെക്കുന്ന ഹവയുടെ അഹ്ലുകാർ..! കാണുന്നതും കേൾക്കുന്നതും എല്ലാം അതിന്റെ സത്യാവസ്ഥ അന്വേഷിക്കുക പോലും ചെയ്യാതെ പൊതുമാധ്യമങ്ങളിൽ ഷെയർ ചെയ്ത് സഫാഹതുകൾക്ക് കൈസഹായം ഏകാൻ കുറെ സാധുക്കളും..! എന്ത് ചെയ്യാൻ കാലം അതിന്റെ അവസാനത്തിലേക്ക് അടുക്കുമ്പോൾ ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന് ആദരവായ നബി തങ്ങൾ (സ്വ) പഠിപ്പിച്ചതാണല്ലോ.വിഡ്ഢികളായ ആളുകൾ ഫത് വാ നൽകുന്ന കാലം ഖിയാമത്തിന്റെ അടുത്ത നാളുകളിൽ സംഭവിക്കുമെന്നു പറഞ്ഞ ഹബീബിന്റെ വാക്കുകൾ എത്ര സത്യം..!


നബി തങ്ങൾ പറയുന്നു:

يكون في آخر الزمان دجالون كذابون يأتونكم من الأحاديث بما لم تسمعوا أنتم ولا آباؤكم ، فإياكم لا يضلونكم ولا يفتنونكم

"അവസാനകാലം ചില കളവ് പറയുന്ന ദജ്ജാലുകളുണ്ടായിത്തീരും. നിങ്ങളോ നിങ്ങളുടെ പിതാക്കളോ കേള്‍ക്കാത്ത വര്‍ത്തമാനങ്ങളുമായിട്ടാണ്‌ അവര്‍ നിങ്ങളിലേക്ക് വരുക. അവർ നിങ്ങളെ വഴിതെറ്റിക്കാതെയും ഫിത്നയിൽ പെടുത്താതെയും കാത്തു കൊള്ളുക." (സ്വഹീഹ് മുസ്ലിം)


ഭാര്യയുടെ പേരിന്റെ കൂടെ ഭര്‍ത്താവിന്റെ പേര് കൂട്ടി ചേര്‍ക്കുന്നതിന്റെ വിധി എന്താകുന്നു എന്ന ചോദ്യത്തിന് islamonweb എന്ന സൈറ്റിൽ വന്ന മറുപടി ഇവിടെ വായിക്കാം.


പരിഭാഷകൾ കൊണ്ട് ഖുർആനും ഹദീസും പഠിക്കാതിരിക്കുക. വായിക്കുന്ന പരിഭാഷകൾ ആണ് ഖുർആൻ എന്ന് മനസ്സിലാക്കാതിരിക്കുക. അല്ലാഹുവിന്റെ കലാമായ ഖുർആനിന്റെ വാക്കുകൾക്ക് വെറും വാചകാർത്ഥം വെച്ച് ദീനീ വിധികൾ പറയുന്നവരെ കരുതിയിരിക്കുക. ജീവിതം മുഴുക്കെ കുത്തിയിരുന്ന് ഇമാമീങ്ങളുടെ കിതാബുകൾ പഠിച്ചു പഠിച്ചു കാലം മുഴുക്കെ ദീനീ സേവനത്തിനായി വിനിയോഗിക്കുന്ന മഹാന്മാരായ ഉലമാക്കൾ ലോകത്ത് എമ്പാടും ഉണ്ട്. അവരിലൂടെ പഠിക്കുക. അവരെ ഒക്കെ വിട്ട് ഒരു പരിഭാഷ വെച്ച് ദീൻ മനസ്സിലാക്കിക്കളയാം,ഗൂഗിളിൽ നിന്ന് ഇസ്ലാമിനെ നേടിയെടുക്കാം എന്ന് വിചാരിക്കുന്നവർ മടയന്മാർ മാത്രമാണ്. അക്ഷരങ്ങളിൽ കുറിച്ച് വെച്ചതിനേക്കാൾ ഏറെ പഠിക്കാനുണ്ട് ഒരു ഗുരുമുഖത്ത് നിന്നുള്ള പഠനത്തിന് എന്നോർക്കുക..


ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ സ്വയം ചെന്ന് ചാടാതിരിക്കുക. ആദരവായ നബി തങ്ങളുടെ (സ്വ) തിരുവാക്കുകൾക്ക് അവിടുന്ന് പഠിപ്പിക്കാത്ത ഉദ്ദേശ്യങ്ങൾ, ആ വാക്കുകളിൽ നിന്ന് ഇമാമീങ്ങൾ ആരും മനസ്സിലാക്കാത്ത കാര്യങ്ങൾ പടിപ്പിക്കുന്നവരോട് ചേർന്ന് നരകത്തിന്റെ അഹ്ലുകാർ എന്ന പട്ടം അതിന്റെ കാരണത്താൽ വന്നു ചേരുന്നതിനെ സൂക്ഷിക്കുക. നാഥൻ നമ്മെ ഇത്തരം ആളുകളുടെ ഫിത്നയെ തൊട്ട് കാത്തു രക്ഷിക്കട്ടെ..ആമീൻ..



ഇസ്ലാം ഓണ്‍ വെബ് എന്ന സൈറ്റിലെ ചോദ്യവും ഉത്തരവും




Friday, August 22, 2014

ജനിച്ചില്ലായിരുന്നു എങ്കിൽ എത്ര നന്നായിരുന്നു..!

ഭയം എന്നത്‌ പ്രകൃതി പരമായ ഒരു ഗുണമാണ്‌. ഏതൊരു മനുഷ്യനും ഒന്നിനെ അല്ലെങ്കിൽ മറ്റൊന്നിനെ ഭയപ്പെടുന്നു. ഒരാൾ ഭയക്കുന്നതിനെ മറ്റൊരാൾക്ക്‌ ഭയമുണ്ടായിരിക്കണം എന്നില്ല. ഓരൊരുത്തരിലും ഊട്ടപ്പെട്ടിരിക്കുന്ന പ്രകൃതവുമായും  ചുറ്റുപാടുകളുമായും അഭേദ്യമായി ഇത്‌ ബന്ധപ്പെട്ടിരിക്കുന്നു.





എന്തിനെ ഭയക്കുന്നോ അതിനെ തൊട്ട്‌ ഓടിമാറുക എന്നതാണ്‌ മനുഷ്യ പ്രകൃതം. പേടിയുള്ളതെന്തിനേയാണോ അതിന്റെ സാമീപ്യം പോലും നാം ഭയക്കുകയും വെറുക്കുകയും ചെയ്യുന്നു.

എന്നാൽ റബ്ബിനെ ഭയക്കുന്നവർ റബ്ബിലേക്ക്‌ എത്ര അടുക്കാൻ കഴിയുമോ എന്നതാണ്‌ ആലോചിക്കുന്നത്‌. പേടി കൂടുന്തോറും സ്നേഹവും സാമീപ്യത്തിനുള്ള ആശയും കൂടി വരുന്നു.

അവനേയും അവന്റെ മുമ്പിൽ നിൽക്കേണ്ട ലോകത്തേയും ഭയക്കുന്നവൻ തീർച്ചയായും അവനിലേക്ക്‌ സർവ്വവും സമർപ്പിച്ച്‌ അടുക്കാനാണ്‌ നോക്കുന്നത്‌. അവനോട്‌ സ്നേഹം കൂടുംബോഴും അവനിലേക്കുള്ള അടുപ്പവും അവനെ അക്ഷരം പ്രതി അനുസരിക്കാനുള്ള താൽപ്പര്യവുമാണ്‌ കൂടുന്നത്‌. "നിങ്ങൾ റബ്ബിനെ ഇഷ്ടപ്പെടുന്നു എങ്കിൽ അവനെ അനുസരിക്കുകയാണ്‌ വേണ്ടത്‌ എന്നും അപ്പോ അവൻ നിങ്ങളെയും സ്നേഹിക്കുമെന്ന" ഖുർ ആനികാശയം അവനെ സ്നേഹിക്കുന്നതിന്റെ വഴി വരച്ചു കാട്ടുന്നു.




സൽ വഴിയിൽ മുമ്പേ നടന്നു നീങ്ങിയവർക്കും നമുക്കും ലക്ഷ്യമായുള്ളത്‌ ഒരേ സ്വർഗ്ഗീയലോകവും റബ്ബിന്റെ പൊരുത്തവുമാണ്‌. ജീവിതരീതിയും മാനസിക വ്യാപാരവുമെല്ലാം തികച്ചും അവരിൽ നിന്നും വ്യത്യസ്ഥമാണ്‌ നമ്മുടേത്‌.

ഇടയനില്ലാത്ത ആട്ടിൻപറ്റങ്ങൾ ഒരിക്കലും നേരായ വഴിയിൽ, ശരിയായ ലക്ഷ്യത്തിലേക്ക്‌ നടക്കുകയില്ല എന്നത്‌ അനുഭവ സാക്ഷ്യമാണ്‌.
ലക്ഷ്യത്തിലേക്കുള്ള യാത്രയിലെ നേരായ വഴിതെളിക്കുന്ന ഇടയനാണ്‌ ദൈവഭയം. റബ്ബിനോടുള്ള ശരിയായ ഭയം അവനോടുള്ള അടങ്ങാത്ത സ്നേഹമാകുകയും അവന്റെ നിർദ്ദേശങ്ങളെ ശിരസ്സാവഹിച്ച്‌ സ്നേഹം തിരിച്ചു നേടാൻ പരിശ്രമിക്കുന്നവനാക്കി മാറ്റുന്നു.

നാഥനെ ഭയന്നത്‌ കൊണ്ട്‌ മറുഞ്ഞു വീഴുന്ന കല്ലുകൾ പോലും നിർജ്ജീവ വസ്തുക്കളുടെ കൂട്ടത്തിൽ ഉണ്ടെന്ന് ഖദീമായ നാഥന്റെ കലാം..!


وَإِنَّ مِنْهَا لَمَا يَهْبِطُ مِنْ خَشْيَةِ اللَّهِ

ആഖിറവും വിചാരണയും പേടിക്കാൻ ഇല്ലാത്ത സൃഷ്ടികൾ പോലും അവനെ ഭയക്കുന്നു..! എന്നിട്ടുമെന്തേ നാം..?





മക്കയിലെ ജീവിതത്തിനിടെ ഖുറൈശി കുഫ്ഫാർ സമൂഹത്തിൽ നിന്നും അനുഭവിക്കേണ്ടി വന്ന അതികഠിനമായ പ്രയാസങ്ങളിൽ നിന്നും രക്ഷപ്പെട്ട്‌ മദീനയിലെത്തി അൻസ്വാറുകളുടെ സ്നേഹപൂർവ്വമായ സഹകരണം കൊണ്ട്‌ ഒരൽപ്പം ദുനിയവിയ്യായ സന്തോഷം ലഭിച്ചപ്പോ സ്വഹാബത്ത്‌ മതിമറക്കാതെ തന്നെ ആഹ്ലാദിച്ചു. കൂടിയിരുന്ന് സംസാരിച്ച്‌ പൊട്ടിച്ചിരിച്ചിരുന്ന സ്വഹാബത്തിന്റെ കൂട്ടത്തിലേക്ക്‌ കടന്ന് വന്ന നബി തങ്ങൾ വളരെ കഠിനമായി അവരുടെ പൊട്ടിച്ചിരിയോടും കളിയോടും പ്രതികരിച്ചു.


لو تعلمون ما أعلم لضحكتم قليلا ولبكيتم كثيرا

"ഞാനറിയുന്നത് എങ്ങാനും നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ നിങ്ങൾ കുറച്ച് മാത്രം ചിരിക്കുകയും ഏറെ ഏറെ കരയുകയും ചെയ്യുമായിരുന്നു...."

ഹബീബിന്റെ ശിക്ഷണത്തിൽ സംസ്ക്കരിക്കപ്പെട്ട സുന്ദരസ്വത്വങ്ങളായി തിരുസ്വഹാബത്ത്‌ മാറാൻ സമയമേറെ എടുത്തില്ല.

രാത്രിയുടെ അന്ത്യ യാമങ്ങളിൽ പോലും റബ്ബിനെ ഭയന്ന് അവന്റെ നന്ദിയുള്ള അടിമയാകാൻ ചുടുകണ്ണുനീരൊഴുക്കി സുജൂദിലായി കിടന്നിരുന്ന ഹബീബിന്റെ (സ്വ) തിരു സ്വഹാബാക്കൾ അല്ലാഹുവിനെ പേടിച്ച, അവന്റെ മുമ്പിൽ നിൽക്കുന്ന ദിവസത്തെയോർത്ത്‌ വേവലാതി കൊണ്ട ചരിത്രങ്ങൾ ഹൃദയസ്പർശ്ശിയാണ്‌.

ശദ്ദാദുബ്നു ഔസ്‌ (റ) ഉറങ്ങാൻ കിടന്നാൽ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞു കിടക്കുകയല്ലാതെ ഉറക്ക്‌ ലഭിച്ചിരുന്നില്ല. അവിടുന്ന് പറയുമായിരുന്നു:

 "അല്ലാഹുവേ, നരകത്തിലെ തീ എന്നെ ഉറക്കത്തെ തൊട്ട്‌ ദൂരെയാക്കിക്കളഞ്ഞു". പിന്നീടങ്ങോട്ട്‌ അവിടുന്ന് പുലരും വരെ നിസ്ക്കരിക്കുകയായിരുന്നു പതിവ്‌.

അവർ തന്നെയാണല്ലോ വിശുദ്ധകലാം പരാമർശ്ശിച്ച ആശയോടെയും പ്രതീക്ഷയോടെയും പാതിരാവിൽ കിടപ്പിടം വിട്ട്‌ എഴുന്നേറ്റ്‌ പോരുന്നവർ.

تَتَجَافَىٰ جُنُوبُهُمْ عَنِ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا

റബ്ബിനെ ഭയന്ന് ഉറക്കം പോലും നഷ്ടപ്പെട്ട പവിത്ര ജന്മങ്ങൾ തേടിയ ലക്ഷ്യം തേടിയുള്ള യാത്രയിൽ കയ്യിലെടുക്കാൻ അവനെ പേടിച്ച്‌ ഒഴുകിയ ഒരു തുള്ളി കണ്ണുനീർ പോലും നമുക്കില്ല..




ഉമ്മുൽ മുഅ്മിനീൻ ആയിഷ (റ) പറയുമായിരുന്നു:"അല്ലാഹുവാണെ സത്യം, ഞാനൊരു വൃക്ഷമായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു..! അല്ലാഹുവാണെ സത്യം, ഞാൻ വെറും മണൽത്തരികൾ ആയിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു..!, അല്ലാഹുവാണെ സത്യം, എന്റെ റബ്ബ്‌ എന്നെ സൃഷ്ടിച്ചിട്ടില്ലായിരുന്നു എങ്കിൽ എത്ര നന്നായിരുന്നു..!"

കോടാനുകോടി ജനങ്ങൾക്കിടയിൽ കുനിച്ചു നിർത്തി ഏകനാക്കിയുള്ള റബ്ബിന്റെ മുമ്പിലെ വിചാരണയെ ഭയപ്പെടുന്നവർക്ക്‌ ജീവിതം പോലും ഭയമാണ്‌ നൽകിയത്‌..

ഖതാദ (റ) പറയാറുണ്ടായിരുന്നു: "കാറ്റത്ത് പാറിപ്പോകുന്ന ഒരു മണൽത്തരിയായിരുന്നു ഞാനെങ്കിൽ എത്ര നന്നായിരുന്നു".

പരീക്ഷണങ്ങളുടെ നാളെയോർക്കുംബോൾ ബീവി ആയിഷ(റ)യുടെ വാക്കുകൾ എത്ര പ്രസക്തമായി തോന്നുന്നു...

ജനിച്ചില്ലായിരുന്നു എങ്കിൽ എത്ര നന്നായിരുന്നു..!

Thursday, August 21, 2014

കീഴന ഓർ എന്ന സംശുദ്ധ വെളിച്ചം - ഒരു ഓർമ്മ

രക്ഷിതാവിന്റെ അനുഗ്രഹ വർഷമായി പെയ്തിറങ്ങിയ മഴത്തൂള്ളി വരണ്ട ഭൂമിക്ക്‌ മുകളിലെ ജീവജാലങ്ങളിൽ ജൈവികതയുടെ ഹൃദയ രക്തമായി നിറയുന്നു. നനഞ്ഞു തെളിഞ്ഞ ഭൂമിക്കടിയിലേക്ക്‌ ഒലിച്ചിറങ്ങുന്നുവെങ്കിലും കാലമേറെ കഴിഞ്ഞാലും മണ്ണിനടിയിൽ ഭൗമോപരിതലത്തിൽ നാംബിടുന്ന ഇളം തളിരുകൾക്ക്‌ ജീവനേകുന്ന ജീവജലമാകുന്നു അതേ മഴത്തുള്ളി. ആ മഴത്തുള്ളികളിൽ നിന്നും വലിച്ചെടുക്കുന്ന ജീവാംശം സിരകളിലൊഴുകുന്ന പൂമരങ്ങൾ മലർവ്വാടികൾ തീർക്കാറുണ്ട്‌.

നാദാപുരം എന്ന  ഇൽമിന്റെ മലർവ്വാടിയിലെ പരിമളം പരത്തിയ ഒട്ടനേകം മലരുകളായ "ഓർ' മാരിൽ അവസാനത്തെ കണ്ണിയായിരുന്നു ഇരുപതാം നൂറ്റാണ്ട്‌ കണ്ട വിശുദ്ധ ജന്മം ശംസുൽ ഉലമ കീഴന ഓർ. ജീവിതത്തിന്റെ നിഖില മേഖലകളിലും ഒരണു പോലും തിരുത്തപ്പെടാനില്ലാതെ പഠിച്ചത്‌ പ്രവർത്തിച്ച്‌ ജീവിതം തന്നെ മാതൃകയാക്കി കടന്ന് പോയ വിജ്ഞാനത്തിന്റെ സൂര്യ വെളിച്ചമായിരുന്നു കീഴന ഓർ..

ഏകദേശം 1905 ഇൽ നാദാപുരത്തെ പേരു കേട്ട 'എടവട്ടം' തറവാട്ടിൽ സൂപ്പി എന്നവരുടെ മകൻ കീഴന കുഞ്ഞ്യേറ്റി മുസ്ല്യാരുടെ മകൻ കുഞ്ഞമ്മദ് ഹാജിയുടെയും എളയടം ചാന്തോങ്ങിൽ കുഞ്ഞിച്ചാത്തു എന്നവരുടെയും മകനായി ഭൂമിലോകത്തേക്ക്‌ തന്റെ നിയോഗവുമായി അവിടുന്ന് പിറന്ന് വീണു.

നാദാപുരത്തിന്റെ പണ്ഡിത കുലപതികൾ വിരാചിച്ചിരുന്ന കാലത്തെ മഹത്തുകളായ ഓർമാരിൽ നിന്നും വിജ്ഞാനം നുകർന്ന് കേരളീയ ഇസ്ലാമിക ലോകത്തിന്റെ സംശയങ്ങളിലെ അവസാനവാക്കായി അവിടുന്ന് മാറാൻ കാലമേറേ വേണ്ടി വന്നില്ല. അവിടുന്നങ്ങോട്ട്‌ 95 വർഷം നീണ്ട ജീവിതത്തിലെ ഓരോ നിമിഷവും ചരിത്രമാകുകായിരുന്നു.



കരുണയുടെയും അനുകംബയുടെയും നിലക്കാത്ത പ്രവാഹമായിരുന്നു അവിടുന്ന്. അലിവും ദയയും കാഠിന്യത്തേക്കാൾ മികച്ചു നിൽക്കുന്ന മൃദുലമായ സ്വഭാവമായിരുന്നു അവിടുത്തേത്‌.

കുഞ്ഞുമക്കളോട്‌ പോലും അവർക്കിടയിൽ ഒരു കുട്ടിയായി കരുണയേകുന്ന ഹബീബിന്റെ തിരുസ്വഭാവമായിരുന്നു അവിടുത്തെ ജീവിതത്തിൽ തെളിഞ്ഞു കണ്ടത്‌.

വീട്ടുപണിയിൽ സഹായിക്കുമായിരുന്ന മുത്ത്‌ നബിയുടെ പകർത്തെഴുത്തായിരുന്നു ദർസ്സിലേക്ക്‌ പുറപ്പെടും മുമ്പ്‌ വീട്ടിലെ പാത്രങ്ങളിൽ മുഴുക്കെ കിണരിൽ നിന്നും വെള്ളം കോരി നിറച്ച്‌ പോന്നിരുന്ന ഓറുടെ ജീവിതം..!

തഖ്‌വയായിരുന്നു ആ ജീവിതം.

ആരാന്റെ പറംബിൽ അനുവദിക്കപ്പെട്ട സ്ഥലത്ത്‌ കൂടെയുള്ള വഴിയിൽ മഴ പെയ്ത്‌ ചെളി നിറഞ്ഞപ്പോ തൊട്ടപ്പുറത്ത്‌ കൂടി എല്ലാവരും പോകാൻ തുടങ്ങിയിട്ടും അവിടുന്ന് ചെളിയിലൂടെ നടക്കുന്നത്‌ കണ്ടപ്പോ ചോദിച്ചവരോട്‌ 'ആ ഭാഗത്ത്‌ കൂടെ ഉള്ള നടത്തം ഉടമ പൊരുത്തപ്പെട്ടോ എന്നറിയില്ലല്ലോ' എന്ന് പറഞ്ഞ തഖ്‌വാ..

വെറ്റില മുറുക്ക്‌ പതിവുണ്ടായിരുന്ന അവിടുന്ന് പള്ളിയുടെ ഒന്നാം നിലയിൽ നിന്ന് മുറുക്കിത്തുപ്പിയത്‌ ഓടിന്റെ മുകളിൽ നിന്നും വൈകീട്ട്‌ ദർസ്സ്‌ കഴിഞ്ഞ്‌ പോകും മുമ്പ്‌ താഴേത്തട്ടിൽ ഹൗളിൽ പോയി പാട്ടയിൽ വെള്ളം മുക്കി വന്ന് ഓട്‌ കഴുകി വൃത്തിയാക്കിയിരുന്ന തഖ്‌വാ..

ബിസ്ക്കറ്റ്‌ തിന്നുംബോൾ അതിന്റെ പൊടി നിലത്ത്‌ വീഴാതിരിക്കാൻ സൂക്ഷ്മമായി കുടിക്കാൻ വെച്ചിരിക്കുന്ന ബാർലി വെള്ളമിരിക്കുന്ന ഗ്ലാസ്സീൽ കാട്ടി മാത്രം പൊട്ടിക്കുന്ന തഖ്‌വാ..

ഹാ ആ ജീവിതം തന്നെ  തഖ്‌വയായിരുന്നു.

എളിമയും വിനയവും മുഖമുദ്രയായിരുന്നു അവിടുത്തെ തിരുജീവിതത്തിൽ. പഴങ്ങൾ കൂടുന്തോറും ഭാരം കാരണം താഴേക്ക്‌ ചില്ലകൾ താഴ്ത്തുന്ന മരത്തെ പോലെ ഇൽമിന്റെ ഘനം കൂടുന്തോറും ആ ശിരസ്സ്‌ വിനയം കൊണ്ട്‌ താഴേക്ക്‌ കുനിയുകയായിരുന്നു. ഒരു നാടിന്റെ തുടിപ്പും ഹൃദയവുമായിരുന്നു അവിടുന്ന്. ആരോഗ്യമുള്ള കാലമത്രയും കിലോ മീറ്ററുകൾ നടന്ന് വന്നായിരുന്നു അവിടുന്ന് നാദാപുരത്ത്‌ ദർസ്സ്‌ നടത്തിയിരുന്നത്‌. ആ പാദചലനങ്ങൾക്ക്‌ സാക്ഷിയായ വഴിയോരങ്ങൾ പോലും കരഞ്ഞിട്ടുണ്ടാകണം.


അവിടുത്തെ കരങ്ങൾ 'മുത്തപ്പെടാൻ ഉള്ളതല്ല, കൊത്തപ്പെടാൻ ഉള്ളതാണെന്ന്' ആയിരുന്നു വിനയത്തിന്റെ പാരമ്യത്തിൽ അവിടുന്ന് പറഞ്ഞ ന്യായം.എത്രത്തോളം വിനയം പൂർണ്ണതയാണ് എന്ന് പഠിപ്പിക്കുകയായിരുന്നു അവിടുന്ന്.ആ പൂർണ്ണതയോടുള്ള അടുപ്പം തന്നെയാണല്ലോ അവിടുത്തെ പൂർണ്ണരായി ഒരു സമൂഹം മുഴുക്കെ കാണാൻ കാരണമായത്.


ആ വിജ്ഞാന മഹാസമുദ്രത്തിൽ നിന്നും മുത്തുമണികൾ വാരിയെടുക്കാൻ ദിനേന കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറു കണക്കിന്‌ ആളുകൾ എത്തുമായിരുന്നു. ഇസ്ലാമിക വിജ്ഞാനത്തിന്റെ സകലമാന ഫന്നുകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച നിസ്തുലരായിരുന്നു അവർ. തിരു ശരീ അത്തിന്റെ സംശുദ്ധിയെ ചോദ്യം ചെയ്യപ്പെടുംബോ സട കുടഞ്ഞെഴുന്നേറ്റ്‌ ഗർജ്ജിക്കുന്ന സിംഹമാകുമായിരുന്നു ഓർ.



എണ്ണിയാലൊതുങ്ങാത്ത ആയിരങ്ങളായ ശിഷ്യന്മാർ അവിടുത്തെ സമ്പത്താണ്‌. കൈരളിയുടെ ഇസ്ലാമിക മണ്ഡലത്തിൽ വെളിച്ചമായി നിൽക്കുന്ന ഒട്ടനേകം ഇൽമിന്റെ വന്മരങ്ങളായ പണ്ഡിത പ്രമുഖർ അവിടുത്തെ തിരുമുമ്പിൽ നിന്നും അറിവ്‌ വാരിക്കുടിച്ചവരാണ്‌. ചെറുപ്പത്തിന്റെ തിളപ്പുള്ള കാലത്ത്‌ അവിടുത്തെ ദർസ്സിൽ വന്നിരിക്കാൻ തുടങ്ങിയവരിൽ പലരും ആ തിരുജീവിതത്തിന്റെ അവസാനം വരെ നടന്ന ദർസ്സുകളിൽ സാവേശത്തോടെ പങ്കെടുത്തത്‌ നാദാപുരക്കാർക്ക്‌ സുപരിചിതമായ വസ്തുതയാണ്‌.


 അടുത്തുള്ള സ്ക്കൂളിൽ പഠിക്കുന്ന ചെറിയ പ്രായമായിരുന്ന സമയത്ത്‌ ഈയുള്ളവൻ തന്നെ കണ്ടിട്ടുണ്ട്‌ പ്രായമേറെ ചെന്ന ശിഷ്യന്മാർ ഓറുടെ അടുത്തിരിക്കാതെ ദൂരെ ഇരുന്ന് ദർസ്സിൽ കൂടുന്നത്‌. കൂടുതലും നരവന്ന തലകളും ചുളിഞ്ഞ ശരീരവും ഉള്ള പ്രായം ചെന്നവരായിരുന്നു.അല്ലെങ്കിലും അത്‌ അങ്ങനെ ആണല്ലോ..ഏറ്റവും നല്ലത്‌ ലഭിച്ചു കൊണ്ടിരുന്നവർ അതിൽ കുറഞ്ഞത്‌ കൊണ്ട്‌ തൃപ്തിപ്പെടുകയില്ലല്ലോ.


പുറകിലാക്കി നടന്നു നീങ്ങേണ്ട ദുനിയാവിലെ സൗകര്യങ്ങൾ അനുവദനീയമായത്‌ ഭൂരിപക്ഷവും ഒഴിവാക്കുക തന്നെയായിരുന്നു അവിടുത്തെ വഴി. വീട്ടിൽ കറണ്ട്‌ കണ്ണക്ഷൻ എടുക്കാൻ വേണ്ടി പലരും വർഷങ്ങളോളം ശ്രമിച്ചിട്ടും വേണ്ട എന്നായിരുന്നു മറുപടി. അവിടുത്തെ ജീവിതാവസാനകാലത്ത്‌ മാത്രമേ സമ്മതിച്ചുള്ളൂ. അനുവദനീയമായതിൽ നിന്നും തനിക്ക്‌ ആവശ്യമില്ലാത്തത്‌ വർജ്ജിക്കാത്തിടത്തോളം ഒരാളും മുത്തഖി ആവുകയില്ലെന്ന ഹബീബിന്റെ തിരുവാക്കിനെ അക്ഷരം പ്രതി പാലിച്ച്‌ യഥാർത്ഥ മുത്തഖിയാണെന്ന് തെളിയിക്കുകയായിരുന്നു അവിടുന്ന്..

ദുനിയവിയ്യായ ജീവിതത്തിലെ സുഖാസ്വാദനങ്ങളെ പറ്റി അവിടുന്ന് പറയാറുള്ളത്‌ ശിഷ്യരിൽ പ്രമുഖരായ ചേലക്കാട്‌ കുഞ്ഞാലി ഉസ്താദ്‌ അനുസ്മരിക്കുന്നത്‌ ഇങ്ങനെ:

"മംഗല (കല്യാണ) ദിവസത്തേക്ക്‌ വാങ്ങിവെച്ച ഡസൻ കണക്കിന്‌ മൂട അരിയിൽ (നാദാപുരം ഭാഗത്ത്‌ പറഞ്ഞു വരുന്ന ഒരു അളവ്‌ ആണ്‌ മൂട) അരിയിൽ നിന്ന് ഒരു ഇടങ്ങഴി തലേ ദിവസത്തെ അത്താഴോട്ടിന്‌ എടുത്ത്‌ പോയാൽ കുറഞ്ഞത്‌ കുറഞ്ഞത്‌ തന്നെ. ആതിന്‌ പരിഹാരമില്ലല്ലോ!"

ഒരു നാടിനെയാകെ കണ്ണുനീരിലാഴ്ത്തി, ആയിരക്കണക്കായ ശിഷ്യ ഗണങ്ങളെയാകമാനം വ്യസനത്തിന്റെ പടുകുഴിയിലേക്ക്‌ തള്ളിവിട്ട്‌ കൈരളിയുടെ ഇസ്ലാമിക ലോകത്തെ അനിഷേദ്ധ്യരായ പണ്ടിതരിലെ അവസാന കണ്ണിയും 2000 ഒക്റ്റോബർ 13 (റജബ്‌ 15) ന്‌ ആ താരകം കൂടെ പൊലിഞ്ഞു.
സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ അമരക്കാരനായിരുന്നു അവിടുന്ന് മരണം വരെ.


പണ്ഡിത നക്ഷത്രങ്ങളെ പിൻപറ്റുന്നത്‌ സംഘടനയുടെ പേര്‌ നോക്കി ആയിപ്പോയ കാലത്തും അതിനപവാദമായി തന്റെ സംഘത്തിന്റെ അണികളല്ലാത്ത അഹ്ലുസ്സുന്നയുടെ മറ്റു സംഘടനകൾക്കും, ആദർശ്ശ വിരോധികൾ കൂടിയായ ജമാ അത്ത്‌, മുജാഹിദ്‌ സഹോദരന്മാർക്കും ഒരു മുസ്ലിമിന്റെ സ്വാഭാവികമായ ജീവിതത്തിൽ വരുന്ന അതിസങ്കീർണ്ണമായ കർമ്മശാസ്ത്ര വിഷയങ്ങളിൽ അന്തിമ വിധി ലഭിച്ചിരുബ്ബതും  തീർപ്പാക്കിയിരുന്നതും ആ തിരുമുഖത്ത്‌ വെച്ചായിരുന്നു..സംഘടനാ ബുദമന്യേ കേരളത്തിലെ ഉലമാക്കൾക്ക്‌ മുഴുക്കെ വഴികാട്ടിയായി അവിടുന്ന് ജീവിച്ചു.



'എവിടെയായിരുന്നാലും അല്ലാഹുവിനെ സൂക്ഷിക്കുക' എന്ന തിരുവാക്യത്തിന്റെ പൂർത്തീകരണമായിരുന്നു അവിടുന്ന്. സ്ഫടിക സമാനം ശുദ്ധമായ ആ ജീവിതത്തിന്റെ സ്വകാര്യവും പരസ്യവും തഖ്‌ വയുടെ ഉദാത്ത മാതൃകയായിരുന്നുവെന്നതിൽ ഉൽപ്പതിഷ്ണു വിഭാഗങ്ങൾക്ക്‌ പോലും തർക്കമില്ല. ഒരു സംഘത്തിന്റെ അമരക്കാരനായി സുധീർഗ്ഘമായ കാലം ജീവിച്ചു തീർന്നിട്ടും എതിർ സംഘത്തിന്റെ അമരക്കാരനായിട്ട്‌ പോലും മഹാനരെ എതിർക്കാനോ ആ സംശുദ്ധിയെ ചോദ്യം ചെയ്യാനോ കേരളത്തിലെ ഒരു പുകൾ പെറ്റ പണ്ഡിത നിരയും തുനിഞ്ഞില്ല എന്നതാണ്‌ സത്യം..ഏതൊരു കാലവും മോഹിച്ചു പോകും തീർച്ചയായും ഇത്തരം തെളിനീർ പോലെ ശുദ്ധമായ ജീവിത വിശുദ്ധിയുള്ള ഉഖ്രവിയ്യായ പണ്ഡിതന്മാരെ..





ആ മഴത്തുള്ളി ഇന്നും പുതുനാംബുകൾക്ക്‌ വളവും ജീവനുമായി ഭൂമിക്കടിയിൽ സജീവമായി നിൽക്കുന്നു..ആ നക്ഷത്രവെളിച്ചം വഴിയറിയാതെ ഉഴറുന്ന കേരളീയ മുസ്ലിമീങ്ങൾക്ക്‌ ദിശാബോധം നൽകുന്ന പ്രകാശ ഗോപുരമായി ഇന്നും നില നിൽക്കുന്നു... ഇരുപതാം നൂറ്റാണ്ട്‌ കണ്ട ഈ അതുല്യ ജീവിതവിശുദ്ധിയുടെ സമ്പൂർണ്ണ മാതൃകയായ മഹാനരുടെ ബർക്കത്ത്‌ കൊണ്ട്‌ നാഥൻ നമ്മുടെ ഇരുലോകവും വിജയിപ്പിക്കട്ടെ..ആമീൻ

പൂമരത്തിൽ വിളഞ്ഞ മധുരഫലം..

അര്‍ഹത പോലെ യുദ്ധമുതല്‍ വീതം വെക്കുകയാണ് ഖലീഫ ഉമര്‍ ഇബ്നു അബ്ദില്‍ അസീസ്‌(റ).കുറെ ആപ്പിളുകളും ഉണ്ടായിരുന്നു കൂട്ടത്തില്‍.കുഞ്ഞുമക്കൾ എപ്പോഴും അങ്ങനെ ആണല്ലോ. എടുക്കേണ്ടതെന്ത് തൊടേണ്ടാത്തതെന്ത് എന്നറിയാത്ത ഖലീഫയുടെ കുഞ്ഞുമോന്‍ ഒരു ആപ്പിള്‍ എടുത്ത് അല്പം കടിച്ചു.കാഴ്ച കണ്ടു ഓടിയെത്തിയ ഖലീഫ നടുങ്ങിപ്പോയി. അദ്ദേഹം വായിലേക്ക് വിരല്‍ കടത്തി ആപ്പിളിന്റെ കഷണങ്ങള്‍ എടുത്തു നീക്കി.


കണ്ണീരോടെ കുഞ്ഞുമോന്‍ ഉമ്മ ഫാത്തിമയിലേക്ക് ഓടിപ്പോയി.ഏതൊരു മാതാവിന്റെയും മനസ്സ് പിടക്കും പോലെ അവിടെയും സംഭവിച്ചു.നാളുകളായി വല്ല ആവശ്യവും വന്നാൽ ഉപയോഗിക്കാം എന്ന് കരുതി കയ്യില്‍ സൂക്ഷിപ്പ് ഉണ്ടായിരുന്ന പൈസയെടുത്ത് ആപ്പിള്‍ വാങ്ങി കുഞ്ഞുമോന് കൊടുത്തു.ഫാത്തിമക്ക് അറിയാമായിരുന്നു അവന്റെ പിതാവിൽ നിന്നും അവിടെ ഉള്ള മുസ്ലിമീങ്ങളുടെ മുതലിൽ നിന്നും മകന് നൽകുകയില്ല എന്ന്.

ഖലീഫ തിരിച്ചു വന്നപ്പോ വീട്ടില്‍ ആപ്പിളിന്റെ ഗന്ധം..!വേവലാതി പൂണ്ട മഹാൻ സംശയത്തോടെ കാര്യം അന്വേഷിച്ചപ്പോ നടന്നതെല്ലാം ഫാത്തിമ പറഞ്ഞു.പിതാവിന്റെ മനസ്സ് മക്കൾക്ക് വേണ്ടി അലിവാർന്നതാകാൻ ഇതിലേറെ എന്ത് വേണം. പൊട്ടിക്കരഞ്ഞു കൊണ്ട് ഉമര്‍ തങ്ങൾ പറഞ്ഞു:

"അല്ലാഹുവാണേ സത്യം,ഞാനെന്റെ കുഞ്ഞു പൈതലിന്റെ വായില്‍ കൈയിട്ടു ആ ആപ്പിളിന്റെ കഷണങ്ങള്‍ പുറത്തെടുക്കുമ്പോ എന്റെ കരള്‍ പറിച്ചെടുക്കുന്നത് പോലെ ആണ് എനിക്ക് അനുഭവപ്പെട്ടത്.പക്ഷെ എന്ത് ചെയ്യാന്‍,പൊതു മുതലില്‍ പെട്ട ഒരാപ്പിളിന്റെ കാരണത്താല്‍ നാളെ റബ്ബിന്റെ കോടതിയില്‍ വശളാകരുതല്ലോ..!"


ഇതാണ് രണ്ടാം ഉമർ എന്നറിയപ്പെട്ട അഞ്ചാം ഖലീഫ എന്ന് വിളിക്കപ്പെട്ട ഉമര്‍ ഇബ്നു അബ്ദില്‍ അസീസ്‌. ചരിത്രപുരുഷന്മാർ ഒരു സുപ്രഭാതത്തിൽ ജന്മം എടുക്കുന്നതല്ലല്ലോ.മഹാന്മാർ ആയി വാഴ്ത്തപ്പെട്ടവർ എല്ലാം സ്വജീവിതത്തിൽ ആ മഹത്വം കൈപ്പിടിക്കുന്നതിന് സഹിച്ച പ്രയാസങ്ങൾ എണ്ണിയാൽ ഒടുങ്ങാത്തതായിരിക്കും. ഖലീഫ ഉമർ ഇബ്നു അബ്ദുൽ അസീസ്‌ തങ്ങളും തഥൈവ. നല്ല ഭൂമിയില്‍ നിന്നെ നല്ല സസ്യം മുളക്കൂ എന്നത് എത്ര പരമാര്‍ത്ഥം..!

ഓര്‍ക്കുന്നില്ലേ പാതിരാവിന്റെ ഇരുട്ടില്‍ പ്രജാക്ഷേമം അന്വേഷിച് നടക്കുകയായിരുന്ന രണ്ടാം ഖലീഫ ഉമര്‍ ഇബ്നു ഖത്താബ്(റ)വിനെ. അന്ന് പാലില്‍ വെള്ളം ചേര്‍ക്കാന്‍ പറഞ്ഞ ഉമ്മയോട്  താനത് ചെയ്യില്ലെന്നും ആരും കാണുന്നില്ലല്ലോ പിന്നെ എന്താ പ്രശ്നം എന്ന ചോദ്യത്തിന് 'ഖലീഫ ഉമര്‍ കാണുന്നില്ലെങ്കിലും ഏകനായ അല്ലാഹു കാണുന്നുണ്ടല്ലോ' എന്ന് പറഞ്ഞ സ്വലാഹിന്റെ അഹ്ലുകാരിയായ പെണ്ണിനെ ഓര്‍മ്മയില്ലേ..?

അന്നത്തെ മനസ്സേറെ സന്തോഷിപ്പിച്ച ആ കാഴ്ച കണ്ട് രാത്രി വീട്ടില്‍ തിരിച്ചെത്തിയ ഉമര്‍ ഇബ്നു ഖത്താബ്‌ തങ്ങള്‍ മകന്‍ ആസ്വിമിനെ വിളിച്ചു സംശുദ്ധയായ ആ പെണ്ണിനെ നിക്കാഹ് ചെയ്യിച്ചു.ആ ദാമ്പത്യത്തില്‍ 'ലൈല' എന്ന് പേരിട്ട കുഞ്ഞു മോള്‍ പിറന്നു. യുവത്വത്തിന്റെ പടിയിലേക്ക് കാലുകൾ വെച്ച് കടന്നു കയറിയ ആ സൌഭാഗ്യ പുത്രി കാലത്തിന്റെ ഒഴുക്കില്‍ വളർന്നു വലുതായി ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിച്ചു.അതില്‍ പിറന്ന കുഞ്ഞു മോനാണ് സാത്വികരില്‍ സാത്വികരായ, രണ്ടര വര്ഷം കൊണ്ട് മാതൃക ഭരണത്തിന്റെ പൊന്‍താളുകള്‍ ഇസ്ലാമിക ചരിത്രത്തില്‍ തുന്നിച്ചേര്‍ത്ത ഉമര്‍ ഇബ്നു അബ്ദില്‍ അസീസ്‌.


ചരിത്രത്തിന്റെ തനിയാവര്‍ത്തനം പോലെ ആ ചോരയിലെ നന്മയുടെ വിത്തുകള്‍ മുളച്ചു കൊണ്ടേ  ഇരുന്നു.ഭരണമേറ്റെടുത്ത ഉമറുബ്നു അബ്ദുല്‍ അസീസ്‌ തങ്ങള്‍ വീട്ടിലെത്തി സ്വസ്ഥമായൊന്നു കിടന്നതേയുള്ളൂ.അതാ വരുന്നു മകന്‍ അബ്ദുല്‍ മലിക്ക്.വെറും 17 വയസ്സായ മോന്റെ ചോദ്യമാണ് ഉപ്പയോട്‌:

"എന്താണ് സംഭവിച്ചത്?ഉറങ്ങേണ്ട സമയമാണോ ഇത്?".

അല്‍പ്പമൊന്നു വിശ്രമിക്കാന്‍ കിടന്നതാണെന്ന് പറഞ്ഞ ബാപ്പ ഉമർ ഇബ്നു അബ്ദുൽ അസീസ്‌ തങ്ങളോട് മകന്‍ വീണ്ടും:

"മുതലുകള്‍ അതിന്റെ അവകാശികള്‍ക്ക് തിരിച്ചേല്‍പ്പിക്കുന്നതിന്റെ മുമ്പ് നിങ്ങള്‍ ഉറങ്ങുന്നുവെന്നോ?".

ഉമര്‍ മറുപടി പറഞ്ഞു:"ഇന്നലെ മുഴുവന്‍ ഉറക്കമിളച്ചു.ളുഹര്‍ നമസ്ക്കാരത്തിനു ശേഷം ബാക്കി പൊതു പ്രവര്‍ത്തനം ആകാം എന്ന് വിചാരിച്ചു.." .

മകൻ വിട്ടില്ല.

"പറ്റില്ല ഉപ്പാ,അത്രയും വരെ നിങ്ങള്‍ ആയുസ്സോടെ ഇരിക്കുമെന്ന് നിങ്ങള്‍ക്ക് എന്ത് ഉറപ്പാനുള്ളത്?".

ഓഹ്. ബാപ്പക്ക് ഒത്ത മകന്‍.ഹൃദയത്തിലേക്ക് വെളിച്ചത്തിന്റെ പ്രഭ പരത്തി തുളച്ചു കയറിയ വാക്കുകള്‍ കേട്ട് നിറഞ്ഞ മിഴികളോടെ പൊന്നുമോനെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ട് ആ വാപ്പ പറഞ്ഞു:

"ദീനിയ്യായ കാര്യത്തില്‍ എനിക്ക് സഹായകം ആയ മോനെ തന്ന അല്ലാഹുവിനു തീര്‍ത്താല്‍ തീരാത്ത നന്ദി.."




പിന്നെ ആ ഭരണാധികാരിക്ക് വിശ്രമം തേടി പോകാന്‍ തോന്നിയില്ല.തഖ്‌വയുടെയും സുഹ്ദിന്റെയും പരമോന്നതിയില്‍ വിരാചിച്ച ഇസ്ലാമിക ലോകത്തെ അതുല്യ നക്ഷത്രം ഉമര്‍ ഇബ്നു അബ്ദില്‍ അസീസ്‌ മാറ്റത്തിന്റെ പുതിയ മുഖത്തേക്ക് കാലു വെച്ചു.എത്രത്തോളം എന്നോ...

വിളക്ക് കത്തിച്ചു വെച്ച് രാത്രി പ്രജകളുടെ പരാതികളുടെയും പ്രശ്നങ്ങളുടെയും രേഖകള്‍ പരിശോധിക്കുകയായിരുന്ന ഉമര്‍ ഇബ്നു അബ്ദില്‍ അസീസ്‌ തങ്ങളുടെ റൂമിലേക്ക് ഭ്രിത്യന്‍ എന്തോ കാര്യം പറയാന്‍ കടന്നു വന്നു.ഉടനെ മഹാന്‍ പറഞ്ഞു:

"ആ വിളക്ക് അണക്കുക,എന്നിട്ട് കാര്യം പറയുക;മുസ്ലിംകളുടെ പൊതു ഫണ്ടില്‍ നിന്നുള്ള എണ്ണ കൊണ്ട് കത്തുന്ന വിളക്ക് പൊതുകാര്യത്തിനല്ലാതെ എന്റെ വീട്ട് കാര്യം പറയാന്‍ ഉപയോഗിക്കാന്‍ പാടില്ല"..!

ഭൃത്യന്‍ വിളക്കണച്ചു,കാര്യം പറഞ്ഞു പോയി.ഖലീഫ വീണ്ടും വിളക്ക് കത്തിച്ചു.ഫയലുകള്‍ പരിശോധിക്കുന്നത് തുടര്‍ന്നു..

അവസാനം രോഗിയായി ദിവസങ്ങളോളം കിടപ്പിലായി.വിഷ ബാധയേറ്റിരിക്കുന്നു.സന്ദർശകരായ ആളുകള്‍ വന്നും പോയും കൊണ്ടിരിക്കുന്നു.ഖലീഫയുടെ വസ്ത്രമാണെങ്കില്‍ അഴുക്കില്‍ കുളിച്ചിരിക്കുന്നു.വസ്ത്രം മാറ്റിക്കൊടുക്കാന്‍ ഭാര്യ ഫാത്തിമയോടു മഹാനെ കാണാൻ വന്ന ഒരാള്‍ ആവശ്യപ്പെട്ടു.മഹതി "ഇന്ഷാ അല്ലാഹ്" പറഞ്ഞു.പിറ്റേന്നും വന്ന അയാള്‍ക്ക് ഖലീഫയെ അതെ വസ്ത്രത്തില്‍ കാണാന്‍ കഴിഞ്ഞപ്പോള്‍ ഫാതിമയോട് അന്വേഷിച്ചു.മഹതി പറഞ്ഞു:

"അല്ലാഹു സാക്ഷിയായി പറയട്ടെ,മാറ്റിയുടുക്കാന്‍ ഒരു വസ്ത്രം അദ്ദേഹത്തിനില്ല, ധരിച്ചിരിക്കുന്ന വസ്ത്രം മാത്രമേ ഉള്ളൂ...!"

ആഡംബരത്തിന്റെ മടിത്തട്ടില്‍ പാറി നടന്നിരുന്ന ഉമര്‍ എന്ന യുവാവിനു അധികാര സിംഹാസനം ലഭിച്ചപ്പോള്‍ വന്നു പെട്ട മാറ്റമാണിത്.40000 ദിര്‍ഹം കൊണ്ട് ഒരു വര്‍ഷം ചെലവ് കഴിഞ്ഞിരുന്ന മഹാന്‍ വെറും 2 ദിര്‍ഹം കൊണ്ട് ഒരു ദിവസം കഴിഞ്ഞു കൂടി.അവസാനം എതോരുമാനുശ്യനും അഭിമുഖീകരിക്കേണ്ട മരണം എന്ന യാഥാര്‍ത്യം വന്നെതുമ്പോ ഖലീഫ ദാരിദ്ര്യത്തിന്റെ പരകോടിയിലായിരുന്നു.


താങ്കളുടെ മക്കളെ താങ്കള്‍ ദരിദ്രരാക്കിയിരിക്കുന്നു എന്ന് പറഞ്ഞ സുഹൃത്തിനോട്‌ മഹാന്‍ പറഞ്ഞത്

'എന്റെ മക്കള്‍ ഒന്നുകില്‍ തഖ്‌വയുള്ള സദ്‌വൃത്തരായിരിക്കും.എങ്കില്‍ അവരെ അല്ലാഹു സഹായിച്ചു കൊള്ളും,അല്ലെങ്കില്‍ അവര്‍ ദുര്‍വൃത്തര്‍ ആയിരിക്കും-എങ്കില്‍ അല്ലാഹുവിനെ ധിക്കരിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ എനിക്ക് കഴിയില്ല."





والبلد الطيب يخرج نباته بإذن ربه

നല്ല ഭൂമിയിലേ നല്ല സസ്യം മുളക്കൂ എന്ന് പറഞ്ഞ അല്ലാഹുവിന്റെ കലാം എത്ര സുന്ദരമായി പുലർന്നു കാണുന്നു..


രണ്ടാം ഖലീഫ ഉമര്‍ ഇബ്നു ഖത്താബ്(റ) എന്ന സന്മാര്‍ഗ്ഗ ദീപത്തിന്റെ രക്തം ജീവിത വഴിയിലും ആവാഹിച്ച ,പാതിരാവിലും ഉറങ്ങാതെ എല്ലാം വീക്ഷിക്കുന്ന അല്ലാഹുവിനെ ഭയപ്പെട്ട ചെറുപ്പക്കാരിയുടെ വിശുദ്ധി കളയാതെ കാത്തു സൂക്ഷിച്ച  ചരിത്രത്തില്‍ തുല്യതയില്ലാത്ത ആ താബിഈ നക്ഷത്രം ഹിജ്ര വര്ഷം 101 റജബ് മാസം 25 വെള്ളിയാഴ്ച ദിവസം തന്റെ 39ആം വയസ്സില്‍ ബര്‌സഖീ ലോകത്തേക്ക് നടന്നു നീങ്ങി...അവിടുത്തെ ദറജ അല്ലാഹു  ഏറ്റി കൊടുക്കട്ടെ.അവരുടെ ബര്‍ക്കത്ത് കൊണ്ട് ഇരു വീട്ടിലും അല്ലാഹു നമ്മെ ഏവരെയും രക്ഷപ്പെടുതട്ടെ..ആമീന്‍..

ഭ്രാന്തന്റെ തത്വവും മുസ്ലിം സമൂഹവും..

കഴിഞ്ഞു പോയ നാളുകൾ ഒരിക്കലും തന്നെ ഒരു സത്യവിശ്വാസിയെ സംബന്ധിടത്തോളം മറക്കാനുള്ളതല്ല. തന്റെ ജീവിതത്തിൽ തൊട്ട് മുമ്പത്തെ നിമിഷം വരെ തന്നിൽ നിന്നും വന്നുപോയ പിഴവുകൾ തിരുത്താനും നഷ്ടമായ നിമിഷങ്ങൾ തിരിച്ചു വരാത്ത ആയുസ്സാണ് എന്ന തിരിച്ചറിവിൽ നമുക്ക് മുന്നിൽ വന്നു നിൽക്കുന്ന നിമിഷത്തെ കഴിയുന്നതിൽ ഏറ്റവും നല്ലതായി നമുക്കറിയാവുന്നതിൽ ഉപയോഗിക്കാനും സജീവമായി നമ്മുടെ ഓർമ്മയിൽ ഇന്നലെകളിലെ ജീവിതം ഉണ്ടായേ തീരൂ..


എല്ലാവരും തുല്യ പ്രകൃതത്തിൽ അല്ല ഒരു കാര്യത്തിലും. ചിലർ ജീവിതത്തിൽ ഒരു നിമിഷം പോലും മറ്റുള്ളവർക്ക് ഒരു തെറ്റും കണ്ടുപിടിക്കാൻ കഴിയാത്തവരായി നാഥന്റെ കോടതിയിൽ ഏറ്റവും ഉന്നതസ്ഥാനീയരായി ജീവിച്ചു മരിക്കുന്നു. അവർ സമൂഹത്തിൽ ന്യൂനാൽ ന്യൂനപക്ഷം മാത്രമാണ്. ഭൂരിപക്ഷം ഉള്ള സമൂഹം ഇപ്പോഴും മാനുഷികമായും തെറ്റുകളുമായി ബന്ധപ്പെട്ടു കൊണ്ടേയിരിക്കുന്നു എന്നതാണ് അനുഭവ സത്യം. അക്കൂട്ടം ജനങ്ങളിൽ തന്നെ രണ്ടോ അതിലധികമോ വിഭാഗമുണ്ട്. 





ചിലർ തങ്ങളിൽ നിന്നും സാഹചര്യത്തിന്റെ സമ്മർദ്ദത്തിനു അടിമപ്പെട്ട് വന്നു പോകുന്ന തെറ്റുകളെ ചൊല്ലി വേവലാതി പൂണ്ട് അതിനെന്തുണ്ട് പശ്ചാത്താപം എന്ന് ചിന്തിച്ച് നടക്കുന്നവരാണ്. മറ്റു ചിലർ തങ്ങൾ ചെയ്യുന്നത് തെറ്റാണ് എന്ന് അറിയാമെങ്കിലും ഉടമയായ നാഥനിലേക്ക് തിരിച്ചു പോകേണ്ട സമയം അടുക്കുന്നു എന്ന ചിന്തയില്ലാതെ തെറ്റുകളിൽ നിന്നും തെറ്റുകളിലേക്ക് തിരിഞ്ഞു നോക്കാതെ സഞ്ചരിക്കുന്നു..


ഒന്നാമത്തെ കൂട്ടരേ അല്ലാഹു ഏറ്റവും ഇഷ്ടപ്പെടുന്നവരിലാണ് അവന്റെ കലാം പരിചയപ്പെടുത്തുന്നത് തന്നെ. കൂമ്ബാരമായ തെറ്റുകൾ സംഭവിച്ചിട്ടും അതിനെ ചൊല്ലി കണ്ണീരൊലിപ്പിച്ച് റബ്ബിലേക്ക് തൗബ ചെയ്ത് മടങ്ങുന്നവനെ അവൻ ഇഷ്ടപ്പെടുന്നു. തെറ്റുകളുടെ മേൽ സ്ഥിരവാസി ആയ മനുഷ്യൻ അല്ലാഹുവിങ്കൽ ഏറ്റവും വെറുക്കപ്പെട്ടവനും...


സത്യവിശ്വാസം മനസ്സിൽ ഉറച്ചവർക്കെല്ലാം ചെയ്യുന്ന തെറ്റുകളെ പറ്റി തദവസരം അല്ലെങ്കിൽ പിന്നീട് ഒരിക്കലെങ്കിലും ആലോചനയും വേദനയും വരും എന്നത് സത്യമാണ്. നാമെല്ലാം സൃഷ്ടിക്കപ്പെട്ടത് തന്നെ ദുർബലനായിട്ടാണ്. തെറ്റുകളിലേക്ക് ഞരമ്പുകളിൽ കൂടെ പോലും പ്രേരിപ്പിക്കുന്ന പിശാച് ആണെങ്കിൽ അതിശക്തനായ എതിരാളി ആയി നമുക്ക് മുന്നിൽ സൽവഴിയിലെക്കുള്ള എല്ലാ കവാടവും അടച്ച് പ്രതിരോധിച്ച് നിൽക്കുകയും ചെയ്യുന്നു. എങ്കിൽ പോലും ആത്മാർഥമായ പശ്ചാത്താപ ചിന്ത മനസ്സിൽ ഉള്ളവൻ ഒരിക്കൽ അല്ലെങ്കിൽ മറ്റൊരിക്കൽ പിശാചിന്റെ പ്രതിരോധ വലയം തകർത്ത് തന്റെ ഉടമയായ അല്ലാഹുവിലേക്ക് തിരിയുക തന്നെ ചെയ്യും. 


നല്ല ചിന്തകൾ നമ്മിലേക്ക് വരുമ്പോൾ വൈകിയിരിക്കും. എങ്കിലും ആയുസ്സിൽ എപ്പോഴെങ്കിലും ഉൾവിളി വന്ന് സത്യമാർഗ്ഗത്തിൽ നന്മയുടെ വഴിയിലായി സഞ്ചരിക്കണം എന്ന് തോന്നുമ്പോൾ ഇന്നലേകളിൽ കഴിഞ്ഞു പോയ അവിശുദ്ധ ജീവിതത്തിനിടയിൽ നഷ്ടമായ സമയത്തിൽ എപ്പോഴെങ്കിലും നാം സന്മാർഗ്ഗ ജീവിതത്തിന്റെ പാഠങ്ങൾ പഠിച്ചിരിക്കണം.ഇല്ലെങ്കിൽ മനസ്സ് നന്മയെ തേടുന്ന കാലത്തും അധികം ബാക്കി ഇല്ലാത്ത ജീവിത നിമിഷങ്ങളിൽ ചെയ്യേണ്ടുന്ന ഏറ്റവും ഉപകാരപ്രദമായ കർമ്മങ്ങളെ നമുക്ക് കണ്ടെത്താൻ കഴിഞ്ഞെന്ന് വരില്ല.


ദർസ്  ഉദ്ഘാടന ദിവസം പ്രാര്‍ത്ഥന കഴിഞ്ഞ ഉടനെ ഉസ്താദ് പറഞ്ഞ വാക്ക് ഓര്‍ക്കുന്നു..

"പള്ളിക്കാടിന്റെ അടുത്തുള്ള റോഡിലൂടെ ഒരു ഭ്രാന്തന്‍ അങ്ങോട്ടും ഒരു ഭ്രാന്തന്‍ ഇങ്ങോട്ടും നടന്നു വരികയായിരുന്നു.ഒരു ഭാഗത്തേക്ക് പോകുന്ന ഭ്രാന്തന്‍ ഉറക്കെ പാട്ടും പാടിക്കൊണ്ടാണ് പോകുന്നത്.എതിർ ദിശയിൽ നിന്നും വരുന്ന ഭ്രാന്തന്‍ നിശബ്ദനായി നടക്കുന്നു.പാട്ട് പാടുന്ന ഭ്രാന്തനെ തന്നെ നോക്കി കൊണ്ടായിരുന്നു മറ്റേ ഭ്രാന്തൻ നടക്കുന്നത്.രണ്ട് പേരും അടുത്തെത്തിയപ്പോള്‍ പാട്ട് പാടിക്കൊണ്ടിരിക്കെ ഇടക്കൊന്നു നിര്‍ത്തിയിട്ട് തന്നെ നോക്കുന്ന മറ്റേ ഭ്രാന്തനോട് ഇയാള്‍ പറഞ്ഞത്രേ." പെരാന്ത് (ഭ്രാന്ത് ) എളകുന്നതിന്റെ മുന്പ് പാട്ട് പഠിച്ചാലേ പെരാന്ത് എളകിയാല്‍ പാടാന്‍ ആകൂ.."


ഇതും പറഞ്ഞു തന്നിട്ട ഉസ്താദ് പറഞ്ഞു.'' മക്കളെ ,ഇന്ന് നമ്മളുടെ ജീവിതം ചിലപ്പോള്‍ വളരെ മോശമായ രീതിയിലാകം.ഒരുകാലത്ത് നമൂക്ക വീണ്ടു വിചാരം വരും..അന്ന് നല്ല നിലയില്‍ ജീവിക്കണമെങ്കില്‍ എന്താണ് നന്മ എന്നും എങ്ങനെയാണ് നല്ല ജീവിതം എന്നും എങ്ങനെയാണ് ജീവിക്കേണ്ടത് എന്നും പഠിക്കണം. ഭ്രാന്ത് വരും മുംബ് പഠിച്ചാലേ ഭ്രാന്ത് ഇളകിയാല്‍ പാടാനാകൂ എന്ന് പറഞ്ഞ പോലെ ഇപ്പോള്‍ പഠിച്ചു വെച്ചാലേ അന്നു നല്ല ബുദ്ധി അള്ളാഹു തോന്നിക്കുമ്പോള്‍ നന്നായി ജീവിക്കാന്‍ കഴിയു..."


ഈ ഒരു സന്ദേശം ജീവിത വഴിയിലെ വെളിച്ചമായി അള്ളാഹു നമുക്കേവര്‍ക്കും എത്തിക്കട്ടെ...നന്മയില്‍ പരസ്പരം ഉപദേശിക്കാം..സഹകരിക്കാം..