Sunday, January 22, 2017

മൗലാനാ നജീബ് ഉസ്താദിനെ വ്യക്തിഹത്യ നടത്തുന്നവരോട്...

നാടുനാടാന്തരം മഹല്ലുകളിൽ സുന്നികളിലെ രണ്ടുവിഭാഗങ്ങൾക്കിടയിൽ തർക്കങ്ങളും, പ്രശ്നങ്ങളും അടിപിടിയും, രക്തച്ചൊരിച്ചിലും, പള്ളി മദ്രസ്സകൾ പൂട്ടിയിടലും പതിവു കാഴ്ച്ചയായി മാറിയ കേരളത്തിലെ സാമുദായിക മണ്ഡലത്തിൽ മുസ്ലിമീങ്ങൾ തമ്മിൽ പരസ്പരം സഹോദരന്മാരാണെന്നും ഒരാളുടെ രക്തവും മുതലും അഭിമാനവും മറ്റൊരാളുടെ മേൽ ഹറാമാണെന്നും വിശ്വാസികൾക്കിടയിൽ എന്തിന്റെ പേരിലാണെങ്കിലും ഇത്ര കടുത്ത വൈരാഗ്യവും ശത്രുതയും വേണ്ടതില്ല എന്നും വ്യക്തമാക്കിക്കൊണ്ട്‌ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ *'മഹല്ലുകൾ ശിഥിലമാകരുത്‌'* എന്ന പ്രമേയത്തിൽ നടക്കുന്ന കാമ്പെയ്നിൽ കേരളത്തിലെ ഉലമാനിരയിലെ അദ്വിതീയ സ്ഥാനക്കാരിൽ ഒരാളായി ഏവരും അംഗീകരിക്കുന്ന മൗലാനാ നജീബ്‌ ഉസ്താദ്‌ നടത്തിയ പ്രസംഗം ചില കേന്ദ്രങ്ങളിൽ ഹാലിളക്കം സൃഷ്ടിച്ചിരിക്കുകയാണ്‌.

സംഘടനാ മാധ്യമമായ ബുൽബുൽ മാസികയിലിലും നുസ്രത്തുൽ അനാമിലും നിരന്തരം മുഖപ്രസംഗമായി വരെ എഴുതി തന്നെ ഇതൊന്നും ശരിയല്ലെന്നും ഇത്തരം ഉരുക്കുമുഷ്ടി പ്രയോഗം മദ്രസ്സകളുടെയും മദ്രസ്സയിൽ പഠിപ്പിക്കുന്ന അധ്യാപകരുടെയും മേൽ ചിലവാക്കുന്നത് അന്യായമാണ് എന്നുമൊക്കെ സമസ്തയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. പലരീതിയിലും എഴുതി - ആരോട് പറയാൻ..! അതൊന്നും മുഖവിലക്കെടുക്കാൻ അവിടെയാരും തയ്യാറല്ല. ശ്രദ്ധിക്കാൻ എവിടെ സമയം ഇവർക്ക്! നാട്ടിലാകെ പള്ളി പൂട്ടലും ആളെ കൊല്ലലുമൊക്കെയായുള്ള സംഘടന വളർത്തൽ ഒക്കെ അല്ലെ പ്രധാനം. അങ്ങനെ കഴിയുന്ന രീതിയിൽ പ്രതികരിച്ചിട്ട് ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ല എന്ന് കണ്ടപ്പോഴാണ് ഈ വിഷയം ജനങ്ങൾക്കിടയിലേക്ക് എത്തിക്കാൻ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ അതിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ "മഹല്ലുകൾ ശിഥിലമാകരുത്" എന്ന പേരിൽ ഒരു കാമ്പെയ്നിന്റെ ഭാഗമായി നടക്കുന്ന പ്രസംഗത്തിൽ മൗലാന ഇത് സൂചിപ്പിച്ചത്. (നുസ്രത്തുൽ അനാം മാസികയിൽ എഴുതിയ മുഖപ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക).


മഹല്ലുകൾ അവിടെ താമസിക്കുന്ന എല്ലാ മുസ്ലിമീങ്ങളുടെയും പൊതുവായ വേദിയാണെന്നും അതിനെ താമസക്കാരുടെ ഭൂരിപക്ഷത്തെ നോക്കി ഏതെങ്കിലും സംഘടനയുടെതാക്കി മാറ്റി ബാക്കിവരുന്ന ന്യൂനപക്ഷമായ മറ്റു സംഘടനാ വിശ്വാസികളുടെയും ഒരു സംഘടനയുമില്ലാത്ത മുസ്ലിമീങ്ങളുടെയും മേൽ അധികാരത്തിന്റെ ദണ്ഡുപയോഗിച്ച്‌ സ്വന്തം സംഘടനാ താൽപ്പര്യങ്ങൾ അടിച്ചേൽപ്പിക്കുന്നത്‌ മഹല്ലുകളിൽ ഭിന്നിപ്പും ശിഥിലീകരണവും നടക്കാൻ കാരണമാവുന്നു എന്നും പഴയകാലത്തേയുള്ള നാട്ടുകാരെല്ലാം ചേർന്നുണ്ടാക്കിയ പള്ളികളും മദ്രസ്സകളുമൊക്കെ എല്ലാ മുസ്ലിമീങ്ങളുടെയും കൂടിയായതിനാൽ അവിടെ പഠിപ്പിക്കുന്ന സില്ലബസ്‌ തങ്ങളുടെതാണെന്ന് വെച്ച്‌ അക്രമപരവും അന്യായവുമായ നിയമങ്ങൾ അവിടങ്ങളിൽ നടപ്പിലാക്കി സമസ്തക്കാരല്ലാത്ത മദ്രസ്സാ ഉസ്താദുമാരുടെ അന്നം മുടക്കാൻ നോക്കരുതെന്നും മൗലാന ആ പ്രസംഗത്തിൽ ന്യായമായും വിവരിച്ചിരുന്നു.




കടന്നൽ കൂട്ടിൽ കല്ലുവീണതു പോലെ താഴേക്കിടയിൽ സോഷ്യൽ മീഡിയ മുതൽ ഔദ്യോഗികവേദികളിൽ വരെ ഈ പ്രസംഗം ആഴത്തിൽ തറച്ചുവെന്നതാണ്‌ സത്യം. സംഘടനാന്ധത ബാധിക്കാത്ത മുസ്ലിമീങ്ങളെല്ലാം ഈ പ്രസംഗത്തെ ഇരു കൈയും നീട്ടി സ്വീകരിച്ചു. എന്നാൽ സമസ്തയുടെ അണികൾക്ക്‌ ഹാലിളക്കമാണ്‌ തുടങ്ങിയത്‌. എന്തിനാണ്‌ ഇളകുന്നത്‌ എന്ന് മനസ്സിലാകുന്നില്ല. മൗലാന പറഞ്ഞതിൽ ഹഖല്ലാത്ത എന്തെങ്കിലുമുണ്ടോ?. MSR ന്റെ പേരിലുള്ള മുഅല്ലിം പീഡനങ്ങൾ സത്യവും തന്റെ പിതാവിന്റെ അനുഭവവും ആണെന്ന് ഒരു സഹോദരൻ ഫെയ്സ്ബുക്കിൽ പറഞ്ഞുകണ്ടു.


സംഘടനാ ഭേദമന്യേ നാട്ടുകാർ പിരിവെടുത്ത്‌ കൊടുക്കുന്ന തുഛമായ ശമ്പളം വാങ്ങി ഇക്കാലമത്രയും നമ്മുടെ മക്കളെ അലിഫും ബാഉം പഠിപ്പിച്ച, ഇസ്ലാമും ഈമാനും ഇഹ്സാനും അറിയിച്ചുകൊടുത്ത ഉസ്താദുമാർ സമസ്ത എന്ന സംഘടനയിൽ പ്രവർത്തിക്കുന്നില്ല, പത്രത്തിൽ ആളെ ചേർക്കുന്നില്ല എങ്കിൽ മദ്രസ്സയിൽ പഠിപ്പിക്കേണ്ട എന്നും അവർ ഇത്രയും കാലം പഠിപ്പിച്ചതിന്റെ സാക്ഷ്യമായ സർവ്വീസ്‌ രെജിസ്റ്റർ ലഭിക്കില്ല എന്നുമാണ്‌ നടപ്പിൽ വരുത്തുന്നത്‌.


മഹല്ലുകൾ *'ശിഥിലമാക്കരുത്‌'* എന്നല്ല സംസ്ഥാനക്കാർ പ്രമേയമാക്കിയത്‌ എന്നത്‌ കൂടെ ശ്രദ്ധിക്കണം. *'ശിഥിലമാകരുത്‌'* എന്നാണ്‌ ആവശ്യപ്പെടുന്നത്‌. പരസ്പരം പഴിചാരി കുറ്റമാരോപിച്ച്‌ കാലം കഴിക്കുന്നതിലും നല്ലത്‌ എല്ലാവരും കൂടെ നിന്ന് ശിഥിലമാകാതെ നോക്കുന്നതാണുത്തമം എന്ന തിരിച്ചറിവ്‌ എത്ര പക്വതയുള്ളതാണ്‌.


ഒരു ആലിമിന്റെ ബാധ്യത മനസ്സിലാക്കി ഹഖ്‌ പറയേണ്ടിടത്ത്‌ എന്നും അതുറക്കെ വിളിച്ചു പറയുന്നതിൽ പുറകിലെത്ര ആളുണ്ടെന്ന് നോക്കാത്ത ധീരരായ പണ്ഡിതരാണ്‌ മൗലാന എന്ന് അവിടുത്തെ അറിയുന്നവർക്കെന്നും ബോധ്യമുള്ളതാണ്‌. അതുകൊണ്ട്‌ തന്നെ സംഭവബഹുലമായ ആ ജീവിതത്തിൽ എന്നും പണ്ഡിതവേഷധാരികളുടെയും അവരുടെ അന്തമില്ലാത്ത അണികളുടെയും അധിക്ഷേപങ്ങൾ അവിടുത്തേക്ക്‌ സഹിക്കേണ്ടി വന്നിട്ടുണ്ട്‌. എക്കാലവും വിശുദ്ധ ദീനിന്റെ അവലംബങ്ങളായ അമ്പിയാക്കൾക്കും അവരുടെ ശരിയായ അനന്തരാവകാശികളായ ഉഖ്രവിയ്യായ ഉലമാക്കൾക്കും സത്യം വിളിച്ചു പറഞ്ഞതിന്റെ പേരിൽ പരിഹാസങ്ങളും അധിക്ഷേപങ്ങളും അക്രമങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടല്ലോ.


ഇപ്പോഴും സംഭവിക്കുന്നത്‌ അതാണ്‌. ഇവരുടെയൊക്കെ വലിയ ശൈഖന്മാർ പതിറ്റാണ്ടുകൾ ശ്രമിച്ചിട്ടും തിരുത്താനോ ഇരുത്താനോ കഴിയാത്ത മൗലാനയെ ചില 'കുട്ടികൾ' ഇരുത്തുമെന്ന് കട്ടായം പറയുകയാണ്‌. സോഷ്യൽ മീഡിയയിൽ അവിടുത്തെ തെറികൊണ്ട്‌ മൂടുകയാണ്‌ ചിലർ, ചിലർ മൗലാനയെ ഇനി മുതൽ ഒറ്റപ്പെടുത്തുമെന്ന് പറയുന്നു, മറ്റുചിലർ സംഘടനയെ ആളുകൾ ശ്രദ്ദിക്കാത്തത്‌ കൊണ്ട്‌ പുതിയ ശ്രമമാണെന്ന് വറ്റുത്തിത്തീർക്കാൻ പാടുപെടുന്നു.


ഇതൊക്കെ ചരിത്രത്തിന്റെ ആവർത്തനം മാത്രം. കാലമേറെയൊന്നും പോകണ്ട, സമസ്തകേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക മെമ്പറും അവിഭക്ത സമസ്തയുടെ അവസാന പ്രസിഡണ്ടുമായ താജുൽ ഉലമാ ശൈഖുനാ സ്വദഖത്തുല്ലാഹ്‌ മൗലവി(ന:മ) അവർകൾ 'ഹഖ്‌ പറയാൻ തടസ്സമാകുമെങ്കിൽ അതെനിക്കാവശ്യമില്ല' എന്നുറക്കെ പ്രഖ്യാപിച്ച്‌ പ്രസിഡണ്ട്‌ സ്ഥാനം വലിച്ചെറിഞ്ഞ്‌ പുറത്ത്‌ പോരുമ്പോൾ കൂടെയാളുണ്ടോയെന്ന് വേവലാതി കൊണ്ടിട്ടില്ല. 'നിങ്ങൾ ഒറ്റപ്പെടും, സമസ്തയിലേക്ക്‌ തിരിച്ചുവരണം' എന്ന് പറഞ്ഞ ബാഫഖി തങ്ങളോട്‌ *'ഞാനെന്റെ ഉമ്മയാൽ പ്രസവിക്കപ്പെടുമ്പോൾ തനിച്ചായിരുന്നു, എല്ലാം വിട്ട്‌ അന്ത്യയാത്ര പോകുമ്പോഴും തനിച്ചായിരിക്കും, അതിനിടയിലെ ഈ ചെറിയ കാലം ഒറ്റപ്പെടുന്നതിനെ ഞാൻ ഭയപ്പെടുന്നില്ല'* എന്നായിരുന്നു മറുപടി പറഞ്ഞത്‌.

താജുൽ ഉലമാ ഖുദ്‌വത്തുൽ മുഹഖിഖീൻ ശൈഖുനാ സ്വദഖാത്തുല്ലാഹ് മൗലവി

കേരളീയ ഉലമാക്കളുടെ കിരീടമായ താജുൽ ഉലമയെ അവിടുന്ന് മനസ്സിലാക്കിയ ഹഖിന്‌ വേണ്ടി ഇടറാതെ, പതറാതെ പ്രമാണങ്ങൾ വെച്ച്‌ സംസാരിച്ചപ്പോൾ ജീവിതകാലത്ത്‌ തന്നെ ചിലർ അപഹസിച്ചത്‌ *"ളോഹ ധരിക്കുന്ന പാതിരി"* യെന്നും മാർപ്പാപ്പ എന്നുമൊക്കെ വിളിച്ചുകൊണ്ടായിരുന്നു. ആ അപഹസിച്ചവർ പിൽക്കാലത്ത്‌ അവിടുത്തെ ശിഷ്യരാണ്‌ ഞാനും ഞാനും എന്ന് പറയാൻ വരുത്തിത്തീർക്കാൻ ശ്രമിക്കുന്ന കാഴ്ച്ചയും ലോകം കണ്ടു. ഇന്ന് നിങ്ങൾ തെറിവിളിക്കുന്ന അതേ മൗലാനയിൽ നിങ്ങൾ അഭിമാനം കൊള്ളുന്ന കാലം വിദൂരമല്ല, തീർച്ച.


*'ഹഖ്‌ വിളിച്ചു പറയേണ്ടിടത്ത്‌ നിശബ്‌ദരായിരുന്നാൽ നിങ്ങൾ നിങ്ങളുടെ കടമ വീട്ടിയവരാവില്ല'* എന്നായിരുന്നു താജുൽ ഉലമ അവിടുത്തെ ശിഷ്യരോടും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയെന്ന അവിടുത്തെ സംഘത്തോടും പറഞ്ഞത്‌.


അന്തസ്സും അഭിമാനവും സത്യബോധവും ഭൗതിക ലഭേഛയില്ലായ്മയും നിറഞ്ഞു നിന്ന ഗുരുവിന്റെ ഒരേ അച്ചിൽ വാർത്ത ശിഷ്യരാണ്‌ മൗലാന. ചീത്തവിളിച്ചും ഭീഷണിപ്പെടുത്തിയും പരിഹസിച്ചുമൊക്കെ ന്യായവും ഹഖും വിളിച്ചു പറയുന്നതിനെ തൊട്ട്‌ അവിടുത്തെ തടഞ്ഞു നിർത്താം എന്ന് നിങ്ങൾക്ക്‌ തോന്നിയെങ്കിൽ നിങ്ങൾ വിഡ്ഡികളുടെ പറുദീസയിലാണ്‌.


സമസ്തയുടെ മർഗ്ഗഭ്രംശങ്ങൾക്കെതിരിൽ ശബ്ദിച്ചു കൊണ്ടുണ്ടായ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ 5 പതിറ്റാണ്ട്‌ കാലം കൈരളിയുടെ മണ്ണിൽ പ്രവർത്തിച്ചത്‌ നിങ്ങളാരും പിന്തുണച്ചത്‌ കൊണ്ടല്ല, മറിച്ച്‌ എല്ലാനിലക്കും ഒറ്റപ്പെടുത്താനും നശിപ്പിക്കാനും ദ്രോഹിക്കാനും നോക്കിയിട്ടും ഹഖിന്റെ മേൽ അടിയുറച്ചു നിൽക്കുന്ന ചെറുസംഘത്തെ നിലനിർത്താനുള്ള അല്ലാഹുവിന്റെ സഹായത്താൽ മാത്രമാണ്‌ പിഴവുകളോ തിരുത്തുകളോ ആവശ്യമായി വരാതെ മുന്നോട്ട്‌ തന്നെ നീങ്ങുന്നത്‌.


സംഘടനയുടെ പേരിൽ സമുദായത്തെ നെടുകെ പിളർക്കുന്ന, പരസ്പരം രക്തം ചൊരിയുന്ന പക്ഷപാതിത്തം സംസ്ഥാനക്കാരെ നേതാക്കൾ പഠിപ്പിച്ചിട്ടില്ല. അതുകൊണ്ട്‌ തന്നെ ഒരുതുള്ളി ചോരപോലും 1967 ഇൽ സമസ്തയിൽ നിന്നും പിരിഞ്ഞുപോന്നതിന്റെ പേരിൽ സംസ്ഥാനക്കാർ എവിടെയും ചിന്തിയിട്ടില്ല. അഭിപ്രായഭിന്നതകളെ പണ്ഡിതോചിതമായി കൈകാര്യം ചെയ്യുന്നതോടൊപ്പം സുന്നികൾ ഒരേ കുടുംബമാണെന്നും മുസ്ലിമീങ്ങൾ ഇസ്ലാമിന്റെ പേരിൽ ഒന്നിക്കേണ്ടിടത്ത്‌ ഒന്നിച്ചു നിൽക്കണം എന്നും ഛിദ്രതകൾ ഉണ്ടാക്കാതെ നോക്കണമെന്നും എന്നും പറഞ്ഞിട്ടുള്ളവരാണ്‌ സംസ്ഥാനക്കാർ.


സംസ്ഥാനക്കാർക്ക്‌ ജോലി പോകുന്ന ഭയമാണ്‌ സംഘടനയുടെ പ്രമേയത്തിനുള്ള കാരണമെന്ന് പറഞ്ഞു കണ്ടു. അല്ലാഹു ഐഹികലോകത്തെ അന്നം ഏറ്റെടുത്തിട്ടുണ്ട്‌ എന്നും അതിൽ ഒരു മണി വറ്റുപോലും കുറക്കാൻ സമസ്തക്കോ ഒരു മഖ്ലൂഖിനോ സാധ്യമല്ലെന്നും വിശ്വസിക്കുന്നവരാണ്‌ സംസ്ഥാനയുടെ ഉലമാക്കൾ. ശരിയാണ്‌, സംസ്ഥാനക്കാർക്ക്‌ ജോലി നഷ്ടപ്പെട്ടേക്കാം - സത്യം പറഞ്ഞത്‌ കൊണ്ട്‌ ജോലി പോകുന്നെങ്കിൽ *"ദീനിനെ വിറ്റ്‌ ജീവനം തേടരുത്‌, ജീവിക്കാൻ മത്തിക്കച്ചവടം ചെയ്തെടോ"* എന്ന് ഹിമ്മത്തോടെ പറഞ്ഞ താജുൽ ഉലമയാണീ സംഘത്തെ ഉണ്ടാക്കിയത്‌ എന്ന് നിങ്ങൾ മറക്കണ്ട. സംഘടനയുടെ പേരിൽ ജോലി നഷ്ടപ്പെടുന്ന ഓരോ നിസ്സഹായനായ മുഅല്ലിമും മള്‌ലൂമാണ്‌. അവരുടെ കണ്ണീരു കൊണ്ടുള്ള ദുആ ളുൽമ്‌ കാണിച്ചവരെ എങ്ങനെ ബാധിക്കുമെന്ന് കരുതിയിരുന്നോളൂ.


اخسر الناس من باع اخرته بدنياه، واخسر منه من باع اخرته بدنيا غيره


"ജനങ്ങളുടെ കൂട്ടത്തിൽ നഷ്ടത്തിലായവൻ ദുനിയാവിന്‌ വേണ്ടി ആഖിറത്തെ വിറ്റവനാണ്‌. ജനങ്ങളുടെ കൂട്ടത്തിൽ ഏറ്റവും നഷ്ടകാരി മറ്റുള്ളവന്റെ ദുനിയാവിന്‌ വേണ്ടി സ്വന്തം ആഖിറത്തെ വിറ്റവനാണ്‌".


മഹാന്മാരുടെ ഈ വാക്ക്‌ മൗലാനയെ പോലുള്ള ഉഖ്രവിയ്യായ ആലിമീങ്ങളെ സംഘടനക്കും അതിന്റെ കുട്ടിനേതാക്കൾക്കും വഴങ്ങി തെറിവിളിക്കുന്നവർ ഓർക്കുന്നത്‌ നല്ലതാണ്‌. ഉലമാക്കളെ ഭത്സിക്കുന്നവർ ആഖിറത്തിൽ വിരൽ കടിച്ച്‌ സ്വന്തം നാശത്തെ പഴിക്കേണ്ടി വരുമെന്നതിൽ സംശയമില്ല.


നിങ്ങൾ ആരു വെറുത്താലും, ഒറ്റപ്പെടുത്താൻ നോക്കിയാലും മൗലാനക്കോ അവിടുത്തെ അണികൾക്കോ യാതൊരു പ്രയാസവുമില്ല, മൗലാനയും സംഘവും ലക്ഷ്യമിട്ടത്‌ അല്ലാഹുവിന്റെ വജ്‌ഹിനെയാണ്‌. കാലമെത്ര നിങ്ങൾ തപസ്സ്‌ ചെയ്ത്‌ ശ്രമിച്ചാലും അല്ലാഹു ഉയർത്താൻ ഉദ്ദേശിച്ചവരെ ഇകഴ്ത്താൻ നിങ്ങളെ കൊണ്ടാവില്ല. മൗലാന പറയേണ്ടത്‌ പറയുന്നു - കേൾക്കലും കേൾക്കാതിരിക്കലും, അതിലെ നന്മകളെ സ്വീകരിക്കലും തള്ളലും നിങ്ങളുടെയിഷ്ടമാണ്‌. ഉണർത്തിക്കൊണ്ടേയിരിക്കാൻ രക്ഷിതാവിന്റെ കൽപ്പനയുണ്ട്‌, ഉദ്ബോധിതർക്ക്‌ സ്വീകരിക്കുന്ന മനസ്സുണ്ടാകാൻ ഈമാൻ ഉള്ളിൽ വേണമെന്നും അവൻ സൂചിപ്പിച്ചിട്ടുണ്ട്‌..


ابو زاهد🤗

മദ്രസ്സയും അധ്യാപകരും: സമസ്ത ഉരുക്കുമുഷ്ടി പ്രയോഗിക്കരുത്


ശുദ്ധമായ മനസ്സോടെ സമുദായത്തിന് നല്ലത് മാത്രം ആഗ്രഹിക്കുന്ന, ആശയപരമായ ഭിന്നതകൾ നിലനിർത്തിക്കൊണ്ട് തന്നെ സുന്നീ സമൂഹം ഒന്നായി നിലകൊള്ളണം എന്നാശിക്കുന്ന, അതിനു വേണ്ടി തങ്ങളാൽ കഴിയുന്ന വിധം പ്രവർത്തിക്കുന്നവരാണ് കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ നേതാക്കൾ.

നാട്ടുകാരുണ്ടാക്കി നാട്ടുകാർ ശംബളം കൊടുത്ത്‌ നാട്ടുകാർ പരിപാലിക്കുന്ന, സംഘടനാ ഭേദമന്യേ, ചിലയിടത്തൊക്കെ പല സംഘടനകളായി സുന്നികൾ പിളരുന്നതിനു മുമ്പ്‌ പാവപ്പെട്ട നന്മുടെ പിതാക്കൾ അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയിലും അല്ലാഹുവിന്റെ ദീനിനെയോർത്ത്‌ ശേഖരിച്ച വിയർപ്പിന്റെ മണമുള്ള കാശുകൊണ്ടുണ്ടാക്കിയ മദ്രസ്സകളിൽ പഠിപ്പികുന്നത്‌ തങ്ങളുണ്ടാക്കിയ സില്ലബസാണെന്നതിന്റെ പേരിൽ തങ്ങളുടെ സംഘടനാ അധീശത്വത്തിന്റെയും ആധിപത്യത്തിന്റെയും കാൽക്കൽ നമിച്ച്‌ കൊച്ചുകുട്ടികളുടെ സംഘമായ എസ്‌.കെ ക്കാരുടെ സാക്ഷ്യപത്രം ഉണ്ടെങ്കിൽ മാത്രം അവിടെ ജോലി ചെയ്താൽ മതിയെന്നാണ് ഇപ്പൊ പറഞ്ഞും നടപ്പിലാക്കിയും വരുന്നത്.



ഇത്തരം തികഞ്ഞ സങ്കുചിതവും അസഹിഷ്ണുതാ പരവുമായ സമസ്തയുടെ തീരുമാനത്തിനെതിരെ മനസ്സിൽ അശേഷം ദുരുദ്ദേശമില്ലാതെ, നന്മ മാത്രം മുന്നിൽ കണ്ടു കൊണ്ട് ഒരു ആലിമിന്റെ ബാധ്യത മനസ്സിലാക്കി കൊണ്ട് നുസ്രത്തുൽ അനാം മാസികയിൽ മൗലാനാ നജീബ്‌ ഉസ്താദ്‌ എഴുതിയ പത്രാധിപക്കുറിപ്പിനെ സംഘടനാ കണ്ണോടെ കാണാതെ അതിൽ വല്ല യാഥാർത്ഥ്യവും നന്മയുമുണ്ടോ എന്നു നോക്കി പ്രതികരിക്കാൻ കഴിയുന്ന സുന്നികളായിരുന്നു ബഹുവന്ദ്യരായ ഉസ്താദുൽ അസാത്തീദ്‌ ശംസുൽ ഉലമാ ഖുതുബി തങ്ങളുടെയും വരക്കൽ തങ്ങളുടെയും പാങ്ങിലിന്റെയും താജുൽ ഉലമയുടെയും കണ്ണിയത്ത് അവർകളുടെയും കുഞ്ഞറമൂട്ടി മുസ്ലിയാരുടെയും (ന:മ) പിൻതലമുറയായി വരേണ്ടത്.


അമ്പതും അറുപതും വർഷമായി തലമുറകൾക്ക്‌ ദീൻ പകർന്നു കൊടുത്ത, നമ്മിലോരോരുത്തരിടെയും സകല സൽക്കർമ്മങ്ങളുടെയും ഏറ്റവുമാദ്യത്തെ അടിസ്ഥാനമായി നിലകൊള്ളുന്ന പാവപെട്ട വന്ദ്യ വയോധികരായ ഉസ്താദുമാർ തങ്ങളുടെ ചെറുമക്കളുടെ പ്രായമില്ലാത്ത കുട്ടികളുടെ സർട്ടിഫിക്കറ്റിനായി കേഴേണ്ടി വരുന്ന അവസ്ഥ നിങ്ങളാലോചിക്കുന്നുണ്ടോ?! അവരുടെ മനസ്സിനെ വേദനിപ്പിച്ചാൽ അല്ലാഹുവിന്റെ കോടതിയെ നിങ്ങൾ ഭയപ്പെടുന്നില്ലേ?!

എന്തു ചെയ്യാൻ നിങ്ങൾക്ക് സുന്നിയല്ല, ദീനല്ല, ഇൽമല്ല വലുത്. മറിച്ച് സംഘടന മാത്രമാണ്. സംഘടനക്ക് മുമ്പും ആശയങ്ങൾ നിലനിന്നിരുന്ന കാലത്തെ വഴക്കങ്ങൾ കാറ്റിൽ പറത്താനായിരുന്നില്ല ക്രാന്തദർശികളായ മുൻഗാമികൾ സംഘമുണ്ടാക്കിയത്. യോജിപ്പിന്റെ തലങ്ങളെ മുറുക്കെ പിടിക്കാനും വിയോജിപ്പിന്റെ വഴികളെ ബഹുമാനിക്കാനുമാണ്. അതിൽ നിന്നും 1967 മുതലിങ്ങോട്ട് സമസ്ത വഴിമാറിയെന്ന് മനസ്സിലായി മാറിനിന്നവർ തന്നെയായിരുന്നു സമസ്ത ഉണ്ടാക്കി, പാല് കൊടുത്ത് വളർത്തിയവർ.

അവരുടെ കൂടെ വിയർപ്പിന്റെ ഫലമാണ് ഇന്ന് സമസ്തയുടെ പേരിൽ ഭിന്നത മാത്രം വളർത്തുന്ന വാലിനെ നിയന്ത്രിക്കുന്ന തലകൾ അനുഭവിക്കുന്നത്. നിങ്ങൾക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും ഉലമാഇന്റെ ദൗത്യം കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ ചെയ്തു കൊണ്ടേയിരിക്കുന്നു - അതിനു വേണ്ടിയാണ് അവർ സംഘടിച്ചതും..


ദീനിനോടുള്ള കൂറിനേക്കാളും വലുതല്ല ഞങ്ങൾക്ക് ഞങ്ങളുടെ സംഘത്തോടുള്ള വിധേയത്വം. ഇത്രയും ദുഷിച്ച, ജീർണ്ണിച്ച, കുടുസ്സായ മനസ്സുമായി നിങ്ങൾ അധ:പതിക്കുന്നതിൽ വേദനയുണ്ട്. മദ്രസ്സാ ഉസ്താദുമാർ ദീനിന്റെ തൂണുകളാണ് - അവരെ നിങ്ങൾ സംഘടനയുടെ വേലിക്കെട്ട് കെട്ടി തിരിച്ച് സങ്കുചിതത്തിന്റെ ജയിലിനുള്ളിൽ അടച്ചാൽ വരും കാല സമൂഹം നീങ്ങുന്ന മൂല്യനാശത്തിനു നിങ്ങൾ അല്ലാഹുവിന്റെ മുമ്പിൽ സമാധാനം പറയേണ്ടി വരും. തീർച്ച..😊

NB: നുസ്രത്തുൽ അനാമിലെ പത്രാധിപക്കുറിപ്പ് ഇമേജ് ആയി ഇവിടെ കൊടുക്കുന്നു - വായിക്കുക




Saturday, January 14, 2017

അതിരു വിടുന്ന പ്രകീർത്തനങ്ങൾ


തങ്ങളുടെ സംഘടനയിലെ നേതാക്കൾ മരണപ്പെട്ടു പിരിഞ്ഞ ശേഷം അവരെ അനുസ്മരിക്കുന്ന സമയത്ത് അവരുടെ നന്മകൾ പറയുന്നത് സ്വാഭാവികവും ന്യായവുമാണ്. മരണപ്പെട്ട മുസ്ലിമിന്റെ മോശമായ വശങ്ങൾ ശറഇന്റെ അനിവാര്യമായ കാര്യങ്ങൾക്ക് വേണ്ടിയല്ലാതെ പറയാതിരിക്കേണ്ടത് തിരുനബി തങ്ങളുടെ അധ്യാപനമാണ്. എങ്കിലും മരണപ്പെട്ടവർക്ക് ഇല്ലാത്ത മഹത്വങ്ങൾ, അതുതന്നെ മറ്റു സംഘടനകളിലെ നേതാക്കളെയും അവർക്കു മുമ്പേ മരണപ്പെട്ടു പോയ ഉസ്താദുമാരെയും അപഹസിക്കാൻ വേണ്ടി പടച്ചുണ്ടാക്കുന്ന രീതി വ്യാപകമായി കണ്ടു വരുന്നു.


അതിനെതിരെ തെളിവുകൾ സഹിതം ഒരു ഉണർത്തൽ. ബഹുമാനപ്പെട്ട അബൂ അസ്‌ലം ഉസ്താദ് അവർകൾ നുസ്രത്തുൽ അനാം മാസികയിൽ കുറിച്ചത്.



കടപ്പാട്: നുസ്രത്തുൽ അനാം മാസിക. 

Friday, January 13, 2017

വഹ്ഹാബികൾക്കും കഅബയേക്കാൾ മഹത്വമുണ്ടെന്നോ?

സുന്നികളുടെതായാലും വഹ്ഹാബി - മൗദൂദികളുടെതായാലും അവർ മുസ്ലിമാണെങ്കിൽ അവരുടെ ഇസ്‌ലാമിന്റെ മഹത്വം കഅബയുടെ മഹത്വത്തേക്കാൾ ഉന്നതമാണ് എന്ന് ഹദീസുദ്ധരിച്ച്‌ മൗലാനാ നജീബ്‌ ഉസ്താദ്‌ പറഞ്ഞത്‌ സോഷ്യൽ മീഡിയയിൽ ജീവിക്കുന്ന ചിലർക്ക്‌ പിടിക്കുന്നില്ല. സുന്നികൾ അങ്ങനെ പറയില്ലത്രെ! സുന്നി എന്നാൽ എന്താണ് എന്നാണാവോ ഇവർ മനസ്സിലാക്കി വെച്ചത് എന്നറിയില്ല. (പ്രസ്തുത പ്രസംഗത്തിന്റെ ആശയവിവരണത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക).

മുജാഹിദുകാരും ജമാഅത്തുകാരും ബിദ്‌അത്തിന്റെ പാർട്ടിയായ വഹ്ഹാബീ ആശയധാരയുടെ ഭാഗമാണെന്നതിൽ ആർക്കും തർക്കമില്ല. ഇന്ന് കേരളക്കരയിൽ എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും എങ്ങനെയും ഏറ്റവും ഫലപ്രദമായി വഹ്ഹാബിസത്തിനെ ചെറുക്കുന്ന അഹ്ലുസ്സുന്നയുടെ പടനായകരാണ്‌ മൗലാനാ നജീബ്‌ ഉസ്താദെന്ന് വിമർശ്ശകർ പോലും സമ്മതിക്കും. അവിടുത്തെയും സുന്നിസം പഠിപ്പിക്കാൻ നോക്കുന്ന ചില വിവരദോഷികൾ.

സത്യത്തിൽ മൗലാന പ്രസ്തുത കാര്യം പറഞ്ഞത്‌ പലയിടങ്ങളിലും അല്ലാഹുവിന്റെ ഭവനം പോലും പൂട്ടിയിടേണ്ടി വരുന്ന രീതിയിൽ മഹല്ലുകളിൽ സുന്നികളിലെ രണ്ട്‌ സംഘക്കാർ തമ്മിൽ കലഹങ്ങളും രക്തച്ചൊരിച്ചിലും വരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന സമയത്ത്‌ 'മഹല്ലുകൾ ശിഥിലമാകരുത്‌' എന്ന പേരിൽ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ അമ്പതാം വാർഷികാഘോഷത്തിനനുബന്ധമായി നടത്തുന്ന കാമ്പെയ്നിന്റെ ഉദ്ഘാടനത്തിൽ സംസാരിക്കുമ്പോഴായിരുന്നു. നബിതങ്ങളുടെ ഒരു ഹദീസായിരുന്നു പ്രതിപാദ്യം. റസൂൽ(സ്വ) കഅബ ത്വവാഫ് ചെയ്യുന്ന സമയത്ത് കഅബയെ നോക്കിക്കൊണ്ട് പറഞ്ഞു:

ما أعظمك وأعظم حرمتك والذي نفس محمد بيده لحرمة المؤمن أعظم عند الله حرمة منك ماله ودمه وأن نظن به إلا خيرا

"നീ എത്ര മഹത്വമുടയതാണ്, നിന്റെ പവിത്രത എത്ര വലുതാണ്. എന്റെ നിയന്താവായ റബ്ബാണെ സത്യം - വിശ്വാസിയായ മനുഷ്യന്റെ മഹത്വവും പവിത്രതയും നിന്റെ പവിത്രതയേക്കാളും മഹത്വത്തെക്കാളും അല്ലാഹുവിങ്കൽ ഉയർന്നതാണ്"(അബൂയഅ്ല).

ബിദ്‌അത്തിന്റെ ഗൗരവം കുറച്ചു കാണുകയോ അവരെ മഹത്വപ്പെടുത്തുകയോ ഉദ്ദേശിച്ചല്ല ആ പരാമർശം, മറിച്ച്‌ മുസ്ലിമീങ്ങൾ എന്ന മില്ലത്തിലെ എല്ലാവരും മുസ്ലിമാണെന്നതിന്റെ പേരിൽ തന്നെ വളരെ ബഹുമാനമുള്ളവരാണെന്നും എന്തൊക്കെ ആശയഭിന്നതയുടെ പേരിലാണെങ്കിലും പരസ്പരം രക്തം ചിന്തുന്നതും അഭിമാനം വ്രണപ്പെടുത്തുന്നതും വലിയ തെറ്റാണെന്നും വ്യക്തമാക്കാനാണ്‌. അതൊരു പോസ്റ്റർ ആക്കിയൊന്നും ഇറക്കേണ്ട ആവശ്യമില്ലായിരുന്നു എന്നത് ന്യായമാണ്. 



പാപങ്ങളിൽ കുഫ്രിനോടടുത്ത്‌ നിൽക്കുന്ന ബിദ്‌അത്തിന്റെ വിശ്വാസക്കാർക്ക്‌ പോലും മുസ്ലിമെന്ന നിലക്കാ മഹത്വമുണ്ടെങ്കിൽ പിന്നെ മുസ്ലിം എന്നതിൽ പിഴവില്ലാത്ത, ഋജുവായ സരണിയിൽ ഒരേ വിശ്വാസത്തിലായി അണിനിരന്ന സുന്നികൾക്ക്‌ എത്ര മഹത്വമുണ്ടാകും എന്ന് ചിന്തിക്കാൻ ഇതുതന്നെ പോരേ?!. അതുകൊണ്ട്‌ ആ മഹത്വത്തെ മാനിച്ചെങ്കിലും മഹല്ലുകളിൽ തമ്മിൽ തല്ലാതെ ഒന്നിച്ച് പഴയകാലത്തെ പോലെ നീങ്ങണം എന്ന് പറഞ്ഞതാണ്‌ മഹാനർ ചെയ്ത തെറ്റ്‌!!.

ചിലർക്ക്‌ പ്രശ്നം ഇവിടെ മുഅ്മിൻ എന്നു പറഞ്ഞതിൽ വഹ്ഹാബി - മൗദൂദികൾ പെടുമോ എന്നുള്ളതാണ്‌. ബിദ്‌അത്തുകാർ കാഫിറാണെന്ന് പറയുവാൻ മൗലാന തയ്യാറല്ല. കാരണം അവിടുന്ന് മുൻ കഴിഞ്ഞ ഇമാമുകളുടെ പൊതുധാര വിട്ട്‌ സഞ്ചരിക്കാൻ തയ്യാറല്ല. ബിദ്‌അത്തിന്റെ പാർട്ടികൾ കാഫിറാണെന്ന് വിശ്വാസമുള്ള ഇമാമീങ്ങളെ പിന്തുടരുന്നവർക്ക് പിന്നെ ഇതൊന്നും ബാധകമല്ല. അതാണ് ഇവരുടെ ന്യായമെങ്കിൽ അത് വ്യക്തമാക്കിയാൽ മതിയാകും.

ബാഹ്യത്തിൽ കലിമത്തു ശഹാദയിലും രിസാലത്തിലും അടിയുറച്ച്‌ വിശ്വസിക്കുകയും അറിയാതിരിക്കൽ അസംഭവ്യമെന്ന നിലക്ക്‌ ഏവർക്കും വ്യക്തമായറിയുന്ന ശറഇന്റെ നിയമങ്ങളെ വ്യക്തമായി നിഷേധിക്കുകയും ചെയ്യാത്ത കാലത്തോളം അവരും വിശ്വാസികൾ എന്ന പൊതുഗണത്തിൽ തന്നെ എണ്ണപ്പെടാൻ അർഹരാണ്‌. അവരുടെ വിശ്വാസത്തിൽ പിഴവുകളുണ്ടെങ്കിലും കലിമത്തുശഹാദയിലുള്ള വിശ്വാസത്തോടെയാണു മരണപ്പെട്ടതെങ്കിൽ അല്ലാഹു പൊറുത്തു കൊടുക്കുന്നില്ലെങ്കിൽ അവനുദ്ദേശിക്കുന്ന അത്രയും കാലം ശിക്ഷക്കർഹരാവുകയും പിന്നെ സ്വർഗ്ഗത്തിലേക്ക്‌ കടക്കുകയും ചെയ്യുമെന്നതിൽ അഹ്ലുസ്സുന്നക്ക്‌ അശേഷം സംശയമില്ല. ഈമാനിനും കുഫ്രിനുമിടയിലൊരു നില മുഅ്തസിലത്തിന്റെ വിശ്വാസമാണ്‌. ഏതിൽ പെടും നിങ്ങളെന്ന് സ്വയം തീരുമാനിക്കുക.

ഖവാരിജത്തും, ശീഅത്തും ഖദ്‌രിയ്യത്തും മുഅ്തസിലത്തും ജബ്‌രിയ്യത്തും മുജസ്സിമത്തും മുശബ്ബിഹത്തും ജുഹമിയ്യയും പോലുള്ള ഒട്ടനവധി സംഘങ്ങളിൽ നിന്നും ചിലത്‌ ചിലത്‌ തോണ്ടിക്കൊണ്ട്‌ വന്ന് ഫിത്ന ഉണ്ടാക്കുന്ന ചെറുകൂട്ടം മാത്രമാണ്‌ ഇന്നത്തെ വഹ്ഹാബി മൗദൂദികളൊക്കെ. ഇവരുടെയൊക്കെ വാദങ്ങൾ പഠിച്ചാൽ മൂക്കത്ത്‌ വിരൽ വെച്ച്‌ 'ഈ വഹ്ഹാബികളൊക്കെ എന്ത്‌' എന്ന് ചോദിച്ചു പോകും. എന്നിട്ടും അവരെയാരെയും കാഫിറെന്ന് വിളിക്കാനോ ഇസ്ലാമിൽ നിന്നും പുറത്തു പോയെന്ന് വ്യാഖ്യാനിക്കാനോ ഇമാമീങ്ങൾ തയ്യാറായില്ല.

ബിദ്‌അത്തു പ്രസ്ഥാനങ്ങളുടെ പൊതുരീതിയാണ് തങ്ങളല്ലാത്തവരുടെ മേൽ ശിർക്കും കുഫ്‌റുമാരോപിക്കൽ. പക്ഷേ, സ്വഹാബത്തിൽ കുഫ്രാരോപിച്ച വിഭാഗത്തെ പോലും ബിദ്‌അത്തുകാരിൽ എണ്ണാനേ സ്വഹാബികൾ തയ്യാറായുള്ളൂ. സ്വഹാബത്തിന്റെ രക്തം ഹലാലാക്കിയ, ഖുർആൻ കണ്ട്‌ പിഴച്ച, ഇന്നത്തെ വഹ്ഹാബികളുടെ മൂത്താപ്പമാരായ ഖവാരിജുകളുമായി നഹ്‌റവാനിൽ വെച്ച്‌ യുദ്ധം നടക്കുകയും അവരിൽ നിന്നും ഒട്ടനവധി പേരെ വധിക്കുകയും ചെയ്ത സംഭവം നബിതങ്ങളുടെ പ്രവചനത്തിന്റെ പുലർച്ചയായിരുന്നു.

യുദ്ധശേഷം ഖലീഫ അലി(റ)വിനോട്‌ 'അവർ മുശ്‌രിക്കുകളായിരുന്നോ?' എന്ന് ചോദിച്ചപ്പോൾ 'അവർ ശിർക്കിൽ നിന്നും ഓടുകയായിരുന്നു' എന്നും 'മുനാഫിഖുകളായിരുന്നോ?' എന്ന് ചോദിച്ചപ്പോൾ 'മുനാഫിഖുകൾ കുറച്ചു മാത്രമേ അല്ലാഹുവിനെ സ്തുതിക്കുമായിരുന്നുള്ളൂ, ഇവരങ്ങനെയല്ലല്ലോ' എന്നും മറുപടി പറഞ്ഞു. പിന്നെ 'ആരാണവർ?' എന്ന ചോദ്യത്തിന്‌ 'നമ്മുടെ സഹോദരങ്ങളാണവർ, നമുക്കെതിരെ, നമ്മുടെ ഇമാമത്തിനെതിരെ അതിക്രമം കാണിച്ചതിനാലാണവരോട്‌ നാം യുദ്ധം ചെയ്തത്‌' എന്നായിരുന്നു അവിടുത്തെ മറുപടി. (ഉദ്ധരണം: അഹ്ലുസ്സുന്ന - മൗലാനാ നജീബ്‌ ഉസ്താദ്‌: അൽ ബിദായത്തു വന്നിഹായ, താരീഖുൽ ഉമമി വൽ മുലൂക്ക്‌). ഇത്ര കടുത്ത ബിദ്‌അത്തുകാരെയും മില്ലത്തിൽ നിന്നും പുറത്തു ചാടിക്കാതെ ഇസ്ലാമിലാക്കി തന്നെ വ്യാഖ്യാനിക്കുന്നതായിരുന്നു അവരുടെ രീതി.

ബിദ്‌അത്തുകാരെ വിമർശ്ശിക്കുന്നതും എതിർക്കുന്നതും വെറുതെ എതിർക്കാൻ വേണ്ടിയല്ല എന്ന് ആവേശക്കമ്മിറ്റിക്കാർ മനസ്സിലാക്കണം. അവരെ ബഹിഷ്കരിക്കുന്നതും സലാം ചൊല്ലാതിരിക്കലും ദൂരത്താക്കുന്നതുമെല്ലാം അവർ നന്നായിക്കാണാനുള്ള ശിക്ഷണ നടപടി എന്ന നിലക്കാണ്‌ അല്ലാതെ അവരെ കയ്യൊഴിച്ചു പിഴച്ചു മരിക്കാൻ വിടുന്നതല്ല. എല്ലാവരും നന്നായി സുന്നിയായി വരണമെന്ന നല്ല ചിന്തയാണിതിന്റെയൊക്കെ അടിസ്ഥാനം. മക്കൾ മോശമായാൽ അവരെ നന്നാക്കാൻ പലവിധത്തിലുള്ള ശിക്ഷണനടപടികൾ രക്ഷിതാക്കൾ ചെയ്യുന്നത്‌ അവരോട്‌ ദേഷ്യമുള്ളത്‌ കൊണ്ടല്ല, മറിച്ച്‌ അവർ നന്നായിക്കാണാനാണ്‌.

ബിദ്‌അത്തിന്റെ ഗൗരവമുണർത്താൻ വേണ്ടി ഇമാമീങ്ങൾ പറഞ്ഞ വാക്കുകളൊക്കെ സജ്‌'റിന്റെ അർത്ഥത്തിലാണെടുക്കേണ്ടത്‌. അല്ലാതെ "ബിദ്‌അത്തുകാർ നടക്കുന്ന വഴിയിൽ നടക്കുക പോലും ചെയ്യരുത്‌" എന്ന് പറഞ്ഞ ഇമാമിനെ ഉദ്ധരിച്ച്‌ സുന്നികളൊക്കെ പറന്നുപോകണം, "ബിദ്അത്തുകാരുടെ മുഖത്തു നോക്കരുത്" എന്ന് പറഞ്ഞത് വെച്ച് കണ്ണുകെട്ടി നടക്കണം എന്നൊന്നും പറയാൻ നിൽക്കരുത്‌. അതൊക്കെ അതിന്റെ ഗൗരവം മനസ്സിലാക്കിത്തരാൻ പറഞ്ഞതാണ്. മജൂസികളോട് തിരുനബി ഉപമിച്ച കൂട്ടത്തെ പോലും നമ്മുടെ ഇമാമീങ്ങൾ ബിദ്അത്തുകാർ എന്നേ എണ്ണിയുള്ളൂ - അത് ഗൗരവം വ്യക്തമാക്കാൻ പറഞ്ഞതാണെന്ന ന്യായം വെച്ച്.

അവർ നമ്മളെ കാഫിറാക്കുന്നു എങ്കിൽ അവരിലേക്ക്‌ തന്നെ ആ കുഫ്രാരോപണം മടങ്ങുമെന്നല്ലാതെ കുറുക്കൻ ഓരിയിട്ടത്‌ കൊണ്ട്‌ നിലാവെളിച്ചം മങ്ങുകയില്ല. സ്വഹാബത്തിന്റെ മേൽ രിദ്ദത്താരോപിച്ചവരെ പോലും അവർ തിരിച്ച്‌ കുഫ്രാരോപിക്കാൻ നിന്നിട്ടില്ല, പിന്നെ നമുക്കെന്താണു പ്രശ്നം?.നമ്മെ സംബന്ധിച്ചിടത്തോളം അവർ ബിദ്‌അത്തുകാരായ മുസ്ലിംകളാണ്‌. കുഫ്രിൽ നിന്നും രക്ഷയുള്ള മുസ്ലിമിന്‌ എന്തൊക്കെ മഹത്വമുണ്ടോ അതൊക്കെ ഇസ്ലാമിക മില്ലത്തിലെ എല്ലാ വിഭാഗങ്ങൾക്കുമുണ്ട്‌. അത്‌ ഉപകരിക്കണമെങ്കിൽ മരിക്കുന്ന സമയത്ത്‌ ആ ഈമാൻ നഷ്ടപ്പെടാതിരിക്കണം. ബിദ്‌അത്തിന്റെ വിശ്വാസം കൊണ്ട്‌ മരണസമയത്ത്‌ ഈമാൻ ഊരിപ്പോകാൻ സാധ്യതയുണ്ടെന്ന് ഇമാമീങ്ങൾ പഠിപ്പിക്കുന്നുണ്ട്‌.

അതവരെ ഉണർത്തുന്നത്‌ അവരോടുള്ള അനുകമ്പയും അവരും സത്യമാർഗ്ഗത്തിലേക്ക്‌ വരണം എന്ന നല്ലമനസ്സ്‌ കൊണ്ടുമാണ്‌. ബാഹ്യം മാത്രമാണ്‌ നമുക്കാധാരം, ഉള്ളറിയുന്നവൻ അല്ലാഹു മാത്രമാണ്‌. അവർ ലാ ഇലാഹ ഇല്ലല്ലാഹ്‌ മൊഴിഞ്ഞവരാണെങ്കിൽ അവരുടെ ഉള്ള്‌ കീറി പരിശോധിച്ച്‌ വിധി പറയാൻ നമുക്ക്‌ ബാധ്യതയോ അർഹതയോ ഇല്ല. അതൊക്കെ അല്ലാഹുവിന്റെ കോടതിയിൽ വ്യക്തമായിക്കോളും.

ബിദ്‌അത്തിനെ ഖണ്ഡിക്കുന്നത്‌ അവരെ കൂടുതൽ ബിദ്‌അത്തിലേക്ക്‌ നയിക്കാൻ കാരണമാകുന്നത്‌ സൂക്ഷിക്കണം. അടച്ചാക്ഷേപിക്കൽ കൊണ്ടും ബന്ധം വിഛേദിക്കൽ കൊണ്ടുമൊക്കെ ആളെ നന്നാക്കാൻ കഴിഞ്ഞിരുന്ന കാലമാണോ ഇന്നെന്ന് അനുഭവങ്ങൾ കൊണ്ട്‌ ആലോചിച്ചു നോക്കണം. നല്ലനിലക്ക്‌ പറഞ്ഞുകൊടുത്താൽ സ്വീകരിക്കാനുള്ള മനസ്സുള്ളവരെ പോലും ആക്ഷേപിച്ച്‌ ആട്ടിയയക്കരുത്‌. മാന്യമായും പരിഹസിക്കാതെയും വിഷയങ്ങൾ പറഞ്ഞു കൊടുക്കുന്നത്‌ കൊണ്ട്‌ തന്നെയാണ്‌ മൗലാന പറയുന്നത്‌ കേൾക്കാനും അതുവഴി പലർക്കും മാനസാന്തരം വരാനും വഴിയൊരുങ്ങുന്നത്‌ എന്നത്‌ മറക്കരുത്‌..


🏴ابو زاهد🏳

Thursday, January 12, 2017

കോണിയും പെട്ടിയും സ്വർഗ്ഗപ്രവേശനവും

സ്വർഗ്ഗപ്രവേശനത്തിന്‌ കോണിയും പെട്ടിയുമൊക്കെ പറ്റുന്നത്‌ തന്നെയാണ്‌, കോണിയിലൂടെ കയറുന്ന കാലുകളും പെട്ടിയിൽ കാശിടുന്ന കൈകളുമല്ല അതിന്റെ പുറകിൽ ഉടയവനും പ്രവർത്തിക്കുന്നവനും മാത്രമറിയുന്ന മനസ്സാണ്‌ അതിനർഹമാക്കുന്നത്‌ എന്നു മാത്രം. ഇഷ്ടപ്പെട്ട പെണ്ണിനെ കെട്ടാനുദ്ദേശിച്ചു പോയവർക്ക്‌ ഹിജ്രയുടെ പ്രതിഫലത്തിനു പകരം ദുനിയാവിലെ പെണ്ണിനെ മാത്രം കിട്ടുമെന്ന് നബിതങ്ങൾ(സ്വ) പറഞ്ഞത്‌ കൃത്യമായ അടയാളമാണ്‌. ഹിജ്രക്കാരിൽ എല്ലാവരും പെണ്ണിനെയോ ദുനിയാവിനെയോ ആശിച്ചു പോയവരല്ല, മറിച്ച്‌ ഉള്ള ദുനിയാവും കൂടെ വിട്ടൊഴിഞ്ഞ്‌ പോയവരാണ്‌. ചെയ്ത പണി ഒരുപോലെയെന്ന് തോന്നുമെങ്കിലും എല്ലാ കർമ്മങ്ങളുടെയും ഉള്ളിലൊരു ജീവനുള്ള ആത്മാവുണ്ടല്ലോ. ആ ആത്മാവാണ്‌ സ്വർഗ്ഗലബ്ധിക്കാ കർമ്മം ഉപകരിക്കുമോയെന്ന് തീരുമാനിക്കുന്നത്‌.




കോണിയിൽ കയറിയവരിൽ ദുനിയാവ്‌ ലക്ഷ്യമുള്ളവരുണ്ടാകും, അവരത്‌ നേടും - നേടാതിരിക്കും. എങ്കിലും സ്വർഗ്ഗം മോഹിച്ച്‌, കൂട്ടത്തിലെ ദുനിയാവ്‌ ലക്ഷ്യമാക്കിയ കോണിക്കാർക്ക്‌ വഴങ്ങാതെ തന്നെ കോണിയിൽ പിടിയുറപ്പിച്ചവർക്കാ കോണി തീർച്ചയായും സ്വർഗ്ഗത്തിലേക്കുള്ള ചവിട്ടുപടിയാക്കാൻ കഴിയും (കേവലം കോണി മാത്രമല്ല മറ്റു പല ഉപകരണങ്ങളുമീ മേഖലയിൽ ഉപകരിക്കും).

നബിതങ്ങൾ(സ്വ) പറഞ്ഞു:

احب الناس الى الله انفعهم للناس واحب الاعمال الى الله سرور تدخله على مسلم او تكشف عنه كربة..

"ജനങ്ങളുടെ കൂട്ടത്തിൽ അല്ലാഹുവിന്‌ ഏറ്റവും ഇഷ്ടപ്പെട്ടവർ അവരുടെ കൂട്ടത്തിൽ ഏറ്റവും കൂടുതലായി ജനങ്ങൾക്ക്‌ ഉപകാരത്തിനെത്തുന്നവരാണ്‌. കർമ്മങ്ങളുടെ കൂട്ടത്തിൽ അല്ലാവിന്‌ ഏറ്റവും ഇഷ്ടപ്പെട്ടത്‌ മുസ്ലിമായ മനുഷ്യനെ സന്തോഷിപ്പിക്കുന്ന കർമ്മങ്ങളോ അല്ലെങ്കിൽ മുസ്ലിം സഹോദരന്റെ പ്രയാസം ദൂരീകരിക്കുന്നതോ ആണ്‌...".


അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യമാക്കി സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുന്ന, മുസ്ലിമീങ്ങൾക്ക്‌ വേണ്ടി ഓടിനടക്കുന്ന ഒട്ടനവധി നിഷ്ക്കളങ്കരായ പ്രവർത്തകർ കോണിയെ കാണുന്നത്‌ സ്വർഗ്ഗത്തിലേക്കുള്ള ഏണിയായിട്ടാണ്‌, നിയ്യത്ത്‌ ശുദ്ധമാണെങ്കിൽ അതവർക്ക്‌ ലഭിക്കാതെ പോകില്ല (അല്ലാഹു തുണക്കട്ടെ).


പെട്ടിയിൽ കാശിടുന്നവരിലും കാശിടാൻ പറയുന്നവരിലും ദുനിയാവ്‌ ലക്ഷ്യമുള്ളവരുണ്ടാകാം, അവർക്കത്‌ കിട്ടും - കിട്ടാതിരിക്കും. എങ്കിലും സ്വർഗ്ഗം മോഹിച്ച്‌ പെട്ടിയിലിടുന്നവരും ഇടാൻ പറയുന്നവരും സ്വർഗ്ഗവഴിയിലേക്കുള്ള സൂക്ഷിപ്പു സ്വത്തായി പെട്ടിയിലെ നിക്ഷേപങ്ങൾ എത്തിക്കാതിരിക്കില്ല എന്നത്‌ സംശയ സാധ്യത പോലുമില്ലാത്ത വസ്തുതയാണ്‌. (കേവലം പെട്ടി മാത്രമല്ല മറ്റു പലതും ഇതിൽ പെടും).


ആഖിറം മോഹിച്ചു പെട്ടിയിലിടുന്നവർക്ക്‌ അപകടങ്ങളും പ്രയാസങ്ങളും തടയപ്പെടുമെന്ന തിരുനബി(സ്വ) പറഞ്ഞതിലെ ബലാഉകളും മുസ്വീബത്തുകളും ഇരുലോകത്തെയും പെടുമെന്നതിൽ സംശയമില്ല - അതുവഴി സ്വർഗ്ഗത്തിലേക്കുള്ള പെട്ടിയായി അത്‌ മാറുകയും ചെയ്യും.




ആയിഷ ബീവിയുടെ കയ്യിൽ ആകെയുണ്ടായിരുന്ന ഒരേ ഒരു മുന്തിരി അവിടുന്ന് ദാനം കൊടുത്തു. അത്‌ കണ്ട ആരോ ഇത്രയും ചെറിയൊരു മുന്തിരി കൊണ്ട്‌ അവർക്കെന്ത്‌ ഉപകാരത്തിനെത്തുമെന്ന രീതിയിൽ അത്ഭുതത്തോടെ നിന്നത്‌ കണ്ട മഹതി പറഞ്ഞത്‌ അത്‌ കിട്ടിയവർക്കുണ്ടാകുന്ന ഉപകാരത്തെ കുറിച്ചായിരുന്നില്ല.

أتعجب ! كم ترى في هذه الحبة من مثقال ذرة

"നിങ്ങൾ അത്ഭുതപ്പെടുന്നോ?!
ആ ഒരൊറ്റ മുന്തിരിയിൽ എത്ര എത്ര അണുമണിത്തൂക്കമുള്ള കണങ്ങൾ ഉണ്ടാകും?!" മഹതി അല്ലാഹുവിന്റെ വാഗ്ദാനം ഓർമ്മിപ്പിക്കുകയാണ്‌.


فمن يعمل مثقال ذرة خيرا يره

ആരെങ്കിലും അണുമണിത്തൂക്കത്തിനു നന്മ ചെയ്താൽ അതിന്റെ പ്രതിഫലം അവനു ലഭിക്കുക തന്നെ ചെയ്യും(ആശയം - ഖുർആൻ).

അതുകൊണ്ട്‌ ആരും ഒരുതരം ഖൈറായ കർമ്മങ്ങളെയും വിലകുറച്ചു കാണാൻ ശ്രമിക്കരുത്‌. അല്ലാഹുവിന്റെ റസൂൽ(സ്വ) പഠിപ്പിച്ചത്‌ ഇങ്ങനെയാണ്‌.

لا تحقرن من المعروف شيئا

"നന്മയായ കർമ്മങ്ങളിൽ ഒന്നിനെയും വിലകുറച്ചു കാണരുത്‌" എന്ന്.

അത്തരം എല്ലാ സൽക്കർമ്മങ്ങളിലും മുസ്ലിമീങ്ങൾ പരസ്പരം ഖാലിസ്വായ നിയ്യത്തോടെ മൽസരിക്കുന്നത്‌ നല്ലതാണ്‌. അവരുടെ നിയ്യത്ത്‌ അല്ലാഹുവിങ്കലാണ്‌ വെളിപ്പെടുക. ചെയ്യുന്ന പ്രവർത്തിയിൽ ബാഹ്യമായി ശറഇനു വിരുദ്ധമായി ഒന്നും കാണുന്നില്ലെങ്കിൽ അവരുടെ പ്രവർത്തികളെ അല്ലാഹുവിലേക്ക്‌ വിടുക, അവൻ പ്രവർത്തിച്ചവരുടെ ഉദ്ദേശ്യങ്ങൾക്കനുസരിച്ച്‌ നീതിമാത്രം നടപ്പിലാക്കുന്ന ദിവസം വരാനുണ്ടല്ലോ.


ഇമാം ഗസ്സാലി തങ്ങൾ ഉദ്ധരിക്കുന്ന ഒരു ചരിത്രത്തിൽ ഒട്ടനവധി കിതാബുകൾ എഴുതിയ ഒരു മഹാനെ പറ്റി സൂചിപ്പിക്കുന്നുണ്ട്‌. അദ്ദേഹം വഫാത്തായ ശേഷം വേണ്ടപ്പെട്ട ആരോ സ്വപ്നം കണ്ടു. 'നിങ്ങളെ അല്ലാഹു എന്ത്‌ ചെയ്തു?' എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ഹൃദയത്തിൽ തൊടേണ്ടതാണ്‌.


"എന്റെ കിതാബെഴുത്തും നിസ്കാരവും നോമ്പുമൊന്നുമല്ല എനിക്ക്‌ രക്ഷയായത്‌. ഒരിക്കൽ ഞാൻ പേനയിൽ മഷി മുക്കി ഗ്രന്ഥരചന നടത്തുമ്പോൾ ഒരു ഈച്ച വന്ന് പേനത്തുമ്പിൽ ഇരുന്ന് അതിലെ മഷി കൊണ്ട്‌ ദാഹം മാറ്റാൻ തുടങ്ങി. ഞാനതിനെ ആട്ടിയോടിക്കാതെ അതതിന്റെ ദാഹം മാറിയപ്പോൾ പറന്നുപോയി. ആ ഈച്ചയുടെ ദാഹം മാറ്റിയ നന്മ അല്ലാഹു എനിക്ക്‌ എഴുതിവെക്കുകയും അതുകാരണം എനിക്കവൻ പൊറുക്കുകയും ചെയ്തു!!!"


താൻ പോലും ചിന്തിക്കാത്ത, ഒരീച്ചയുടെ ദാഹം മാറ്റിയെന്നത്‌ സൽക്കർമ്മമായി രേഖപ്പെടുത്തി അതുവഴി അല്ലാഹു ഒരാളെ രക്ഷപ്പെടുത്തി എങ്കിൽ ഏതൊരു കർമ്മം കൊണ്ടാണ്‌ അവനിൽ നിന്നുള്ള റഹ്മത്തും മഗ്ഫിറത്തും നമുക്ക്‌ ലഭിക്കുന്നതെന്നറിയില്ലല്ലോ.

അബ്ദുല്ലാഹ് ഇബ്നു മുബാറക്ക്(റ) തങ്ങളുടെ വാക്കുകൾ ഏതൊരു കർമ്മത്തിലും നമുക്ക് ഒരു മാർഗ്ഗദർശിയാകാൻ മാത്രം വിലപ്പെട്ടതാണ്.

رب عمل صغير تعظمه النية ورب عمل كبير تصغره النية

"എത്ര എത്ര ചെറിയ കർമ്മങ്ങളെയാണ് നിയ്യത്ത് മഹത്വമേറിയതാക്കുന്നത്. എത്ര എത്ര വലിയ വലിയ കർമ്മങ്ങളെയാണ് നിയ്യത്ത് ചെറുതാക്കുന്നത്".
കോണിക്കാർ കോണിയിലൂടെ സ്വർഗ്ഗം കിട്ടുമെന്നുണർത്തുന്നതിൽ അസാംഗത്യമില്ല - സ്വർഗ്ഗ ലബ്ധിക്കുതകുന്ന പ്രവർത്തനങ്ങൾ മാത്രമാണ്‌ കോണിക്ക്‌ കീഴിൽ ഞങ്ങൾ ചെയ്യേണ്ടതെന്ന് പ്രവർത്തകർക്ക്‌ ഓർമ്മിക്കാനൊരു വഴിയാകുമെങ്കിൽ എത്രയും നല്ലത്‌ തന്നെ. പെട്ടിക്ക്‌ പുറത്ത്‌ സ്വർഗ്ഗത്തിലേക്ക്‌ എന്നെഴുതുന്നത്‌ കാരക്കയുടെ ചീന്ത്‌ കൊണ്ടെങ്കിലും സ്വർഗ്ഗത്തെ തേടിപ്പിടിക്കണമെന്ന ഓർമ്മ കുഞ്ഞുമക്കളിൽ വളർത്താൻ നല്ലതാണ്‌.


സൽക്കർമ്മങ്ങളെ സംഘടന തിരിച്ച്‌ വിമർശ്ശിക്കാൻ നിൽക്കുന്നത്‌ ഗുരുതരമായ തിന്മയാണ്‌. നന്മയെ കൽപ്പിക്കുന്നവരും തിന്മയെ വിരോധിക്കുന്നവരും എന്നാണ്‌ നമ്മുടെ ഗുണമായി അല്ലാഹു പറഞ്ഞത്‌. അതിനു പകരം തിന്മയെ പ്രോൽസാഹിപ്പിക്കുകയും നന്മയെ എതിർക്കുകയും ചെയ്യുന്നവരായി നാം മാറിയാൽ നാശം വളരെയടുത്താണെന്ന് ഓർക്കാതിരിക്കരുത്‌.💛


🤗ابو زاهد🤗

ആറു വെള്ളി - അറുനൂറു സ്വർണ്ണം..!!!


വിശപ്പ് കൊണ്ട് ഫാത്വിമ ബീവി(റ) യുടെ കുടുംബം ഒരിക്കൽ പൊറുതി മുട്ടി. ഒന്നും കഴിക്കാനില്ല. വിശന്നു പൊരിഞ്ഞു കുഞ്ഞുങ്ങൾ കരയുന്നത് കണ്ടിട്ട് മഹതിക്ക് കരൾ പൊട്ടി. ഒരു പുത്തൻ തുണിയുണ്ട് കിട്ടിയത്. അത് വിൽക്കാമെന്നു അവർ ആലോചിച്ചു. അങ്ങനെ വസ്ത്രം എടുത്ത് അലി(റ) ക്ക് കൊടുത്തു.

"ഇത് കൊണ്ട് പോയി വിറ്റ്‌ നമ്മുടെ കുഞ്ഞുങ്ങൾക്ക് തിന്നാൻ വല്ലതും കൊണ്ട് വരൂ".

6 വെള്ളി നാണയമാണ് വിറ്റു കിട്ടിയത്. അതുമായി അലി (റ) തങ്ങൾ ഭക്ഷണം വാങ്ങാൻ പോകുന്ന വഴിക്ക് ഒരു പാവപ്പെട്ട സഹോദരൻ ചോദിച്ചു:

"അലീ, താങ്കളുടെ കയ്യിൽ വല്ലതുമുണ്ടോ? വീട്ടിൽ മുഴുക്കെ പട്ടിണി ആണ്. കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ട് സഹിക്കാനാകാതെ ഇറങ്ങിയതാണ് ഞാൻ."

"എന്റെ കയ്യിൽ 6 വെള്ളിക്കാശുണ്ട്.

"സന്തോഷമായി - അത് എനിക്ക് തരൂ.അല്ലാഹു താങ്കളെ സഹായിക്കും."




ആ വാക്കുകൾ കേട്ടപ്പോൾ കൊടുക്കാതിരിക്കാൻ ആയില്ല. അയാൾ അതും വാങ്ങി പുഞ്ചിരിച്ചു കൊണ്ട് സന്തോഷത്തോടെ നടന്നു പോകുന്നത് അലി (റ) നോക്കി നിന്നു. വിഷണ്ണനായി തിരിച്ചു നടക്കുകയാണ് അലി (റ).വഴിയിൽ എതിര് ദിശയിൽ നിന്നും ഒരാൾ കയ്യിൽ ഒരു ഒട്ടകത്തിന്റെ കടിഞ്ഞാണും പിടിച്ചു കൊണ്ട് വരുന്നു.

'മുന്തിയ ജനുസ്സാണോ ഒട്ടകം - എന്ത് ചന്തം ' എന്ന് മഹാനർ ചിന്തിച്ചു.

വന്നയാൾ പരിചിത ഭാവത്തിൽ അലി (റ) വിനോട് പറഞ്ഞു: 'അബുൽ ഹസൻ - താങ്കൾ ഈ ഒട്ടകത്തിനെ വാങ്ങുമോ?'

''എന്റെ കയ്യിൽ പണമില്ല"

"അത് സാരമില്ല. പിന്നീട് തന്നാൽ മതി."

"ശരി - എന്താണ് വില?"

"100 ദിർഹം - അതിലും അപ്പുറം വിലയുണ്ട് ഇതിനു."

"ആകട്ടെ - ഞാൻ വാങ്ങാം." അങ്ങനെ ഇടപാട് നടന്നു.

ഒട്ടകവുമായി അലി (റ) നടക്കുകയാണ്. വേറെ ഒരു ഗ്രാമീണനായ മനുഷ്യനെ വഴിയിൽ കണ്ടു. അയാൾ പറഞ്ഞു:"എന്തൊരു ചന്തമുള്ള ഒട്ടകം..! എന്താണ് ഇതിനു വില?"

"ഞാൻ 100 ദിർഹമിനു മേടിച്ചതാ''

"160 ഞാൻ തരാം. എനിക്ക് തരുമോ?"

"സമ്മതിച്ചു" . 60 ദിർഹം ഒറ്റയടിക്ക് ലാഭം.! അലി (റ) പണം വാങ്ങി വേഗം തനിക്ക് വിറ്റയാളെ കണ്ടു പിടിച്ച് കടം വീട്ടി. ലാഭമായി കിട്ടിയ 60 ദിർഹവുമായി വീട്ടിൽ ചെന്നു. പുഞ്ചിരിയോടെ ഫാത്തിമ ബീവി (റ) യുടെ തിരു കരങ്ങളിലേക്ക് ആ നാണയങ്ങൾ ചൊരിഞ്ഞു. " ഇത്രയും എവിടുന്ന് കിട്ടി?". പേടിയും വിസ്മയവും ആ കണ്ണുകളിൽ നിറഞ്ഞിരുന്നു.

"ഞാൻ ആ വസ്ത്രം 6 ദിർഹമിനാണ് വിറ്റത്. ആ പണം ഒരു പാവത്തിന് അപ്പോൾ തന്നെ സ്വദഖ ചെയ്തു. ".

"എന്നിട്ട് എനിക്ക് 6 നു പകരം 60 ദിർഹമാണ് കിട്ടിയത്. എത്രയോ ഇരട്ടി.! എല്ലാം അല്ലാഹുവിന്റെ ഔദാര്യം."അലി (റ) കഥ വിശദമായി വിവരിച്ചു.!!!

പിന്നീടാണ് അറിഞ്ഞത് - ഒട്ടകവുമായി വന്നയാൾ ജിബ്രീൽ ആയിരുന്നു എന്നും അതൊരു സ്വർഗീയ മൃഗമായിരുന്നു എന്നും 160 നു ഒട്ടകം വാങ്ങിയ ആൾ മീക്കാഈൽ ആയിരുന്നു എന്നും..!

ഞാൻ ചെയ്ത ദാനത്തിന്റെ പ്രതിഫലം ഉടൻ തന്നെ അല്ലാഹു തനിക്ക് ഇരട്ടി ഇരട്ടിയായി നൽകുകയായിരുന്നു.

(നവാദിറുൽ ഖൽയൂബി 134)

നുസ്രത്തുൽ അനാം - പു: 45 ല: 11

Sunday, January 08, 2017

ബുഹ്‌ലൂലിന്റെ വടിയും ഭൂമിയിലെ ജീവിതവും.

ഹാറൂൺ റഷീദ് യാത്രക്കിറങ്ങിയതായിരുന്നു. ഒരു ഖബർസ്ഥാനിന്റെ അടുത്തെത്തിയപ്പോൾ അവിടെ ആളുകൾ ഭ്രാന്തൻ എന്ന് വിളിച്ചിരുന്ന, യഥാർത്ഥത്തിൽ ബുദ്ധിമാനായ ബുഹ്‌ലൂൽ ഒരു വടിയും കയ്യിൽ പിടിച്ച് എന്തോ ചെയ്യുന്നത് ഖലീഫ കണ്ടു. ഖബറിടങ്ങളിൽ വന്നിരിക്കുന്നത് ബുഹ്‌ലൂലിന്റെ പതിവായിരുന്നു. "അവിടെയുള്ളവർ നല്ല സുഹൃത്തുക്കളാണ്, അവർ ആരുടേയും ഗീബത്ത് പറയുകയില്ല" എന്നായിരുന്നു അദ്ദേഹത്തിൻറെ ന്യായം.

ബുഹ്‌ലൂലിനെ നന്നായി അറിയുന്ന ഖലീഫ വിളിച്ചു ചോദിച്ചു: "നിങ്ങൾ എന്താണ് ചെയ്യുന്നത് ബുഹ്‌ലൂൽ?"

"കാര്യമായി ഒന്നുമില്ല. ഇവിടെയുള്ള തലയോട്ടികളും എല്ലുകളും രാജാക്കന്മാരുടേതാണോ അതോ ആവപ്പെട്ടവരുടേതാണോ എന്ന് പരിശോധിക്കുകയായിരുന്നു.എല്ലാം ഒരുപോലെയുണ്ട്"

ഹാറൂൺ റഷീദ് വീണ്ടും ചോദിച്ചു: "കയ്യിലെന്തിനാണ് ഒരു വടി?"

"ഞാൻ മണ്ണ് അളക്കുകയായിരുന്നു ഓ ഖലീഫാ, എല്ലാവിധ സമ്പത്തും സൗകര്യങ്ങളും ഉണ്ടായിരുന്ന രാജാക്കന്മാർക്കും പാവങ്ങളിൽ പാവമായിരുന്നു മുഠാള ദരിദ്രനുമെല്ലാം ഒരേ പോലെയാണിവിടെ ലഭിക്കുന്നത്, ആറടി എനിക്കും ആറടി നിങ്ങൾക്കും" ബുഹ്‌ലൂൽ മറുപടി പറഞ്ഞു.

ഒന്നോർത്തു നോക്കൂ, ദുനിയാവിൽ സമ്പത്തിന്റെയും ഭൗതികമായ ഐശ്വര്യങ്ങളുടെയും പരകോടിയിൽ ആസ്വദിച്ചു ആനന്ദിച്ചു ജീവിച്ചിരുന്ന എത്ര എത്ര പേരുടെ ചരിത്രങ്ങൾ നമുക്കറിയാം. നമുക്ക് ചുറ്റുമായി വാർത്തകളിലും വാമൊഴികളിലും വരമൊഴികളിലുമായി എത്രയെത്ര അധികാരികളും സമ്പന്നന്മാരും ആഢ്യന്മാരും കഴിഞ്ഞു പോയി. ഭൗതിക ജീവിതത്തിൽ അവരവരുടെ ജീവിതകാലത്ത് ലഭ്യമാകുന്ന എല്ലാത്തരം സൗകര്യങ്ങളും സ്വന്തമാക്കാൻ കഴിവുണ്ടായിരുന്നു, അതനുസരിച്ച് മതിമറന്നു ജീവിച്ചിരുന്നവരുടെയൊക്കെ മരണാനന്തര ജീവിതത്തിന്റെ അവസ്ഥയെന്താണ്?.

തലയിൽ സ്വർണ്ണക്കിരീടം വെച്ചവരുടെയും കീറിപ്പറിഞ്ഞ തുണിയിട്ടവരുടെയും തലയോട്ടികൾ തമ്മിൽ മണ്ണിൽ എന്ത് വ്യത്യാസമാണുള്ളത്? അനേകരാജ്യങ്ങൾ സ്വന്തം അധികാരത്തിലായി ജീവിച്ച ചക്രവർത്തിക്കും ഒരു ചാൺ ഭൂമി സ്വന്തമായില്ലാതെ പൊതുനിരത്തിൽ അന്തിയുറങ്ങിയ മനുഷ്യനും അവസാനം കിടക്കുന്നത് ആറേ ആറടി മണ്ണിലല്ലേ?.സമ്പത്തും അധികാരവും സൗകര്യവും നിറയെ ഉണ്ടായിരുന്നവർ ഇവിടം വിട്ടുപോകുമ്പോൾ എന്താണ് കൂടെ കൊണ്ട് പോയത്? പല സംസ്കാരക്കാരുടെയും രീതിപ്രകാരം സമ്പത്തിന്റെ ചില അംശങ്ങളൊക്കെ അടക്കം ചെയ്യുന്ന പെട്ടിക്കകത്ത് വെച്ചാൽ പോലും ആ കൊണ്ട് പോകുന്നത് കൊണ്ട് അവിടെ അവർക്കത് എന്തിനാണ് ഉപകരിക്കുക?

ഐഹിക ലോകത്ത് തന്റെ പിൻഗാമികൾക്കായി ബാക്കിവെച്ച് പോകുന്ന സമ്പത്ത് കൊണ്ടും അത്തരക്കാർക്ക് യാതൊന്നും ലഭിക്കാനില്ല. എല്ലാം കൂട്ടിവായിച്ചാൽ വിശന്നു വലഞ്ഞ തെരുവുപട്ടികൾ മാലിന്യ നിക്ഷേപങ്ങളിൽ കൊണ്ട് പോയി ഇട്ട ശവങ്ങൾ കടിച്ചു വലിക്കുന്നത് പോലെ ആർത്തി പൂണ്ട് ദുനിയാവിനെ വാരിപ്പുണർന്ന് അതിനു പിന്നാലെ ആശയോടെ ഓടിയോടിക്കിതച്ച് നേടിയതെല്ലാം അവന് ആയുസ്സിന്റെ അന്ത്യശ്വാസം വലിക്കുമ്പോൾ ഒന്നിനുമല്ലാതെ, ഒരുപകാരവും എത്തിക്കാത്ത പാഴ് വസ്തുവായി മാറുന്നു.



ജീവിതം ലക്ഷ്യങ്ങൾ നേടിയെടുക്കാൻ വേണ്ടിയുള്ള നെട്ടോട്ടത്തിലായാണ്‌ നമ്മൾ എല്ലാവരും ചിലവഴിക്കുന്നത്‌. ദുനിയാവിലെ സന്തോഷങ്ങളെ തേടുന്നവർ അതിനു വേണ്ടിയും ആഖിറത്തിനെ ലക്ഷ്യം വെക്കുന്നവർ അതിന്‌ വേണ്ടിയും വിശ്രമമില്ലാതെ അധ്വാനിക്കുന്നു. എന്തിനൊക്കെ വേണ്ടി നാം ഓടി നടന്നുവോ അതൊന്നിനേയും എന്നെന്നും സംരക്ഷിക്കാനോ കൂടെ നിർത്താനോ നമുക്ക്‌ കഴിയില്ല.ആരോരും കൂട്ടിനില്ലാത്ത പുഴുക്കളുടെയും ഇഴ ജന്തുക്കളുടെയും വീടായ മണ്ണിനടിയിലെ ആറടിയിലേക്ക്‌ നാം മാറിക്കൊടുക്കണം.


ഇബ്‌റാഹീം ഇബ്നു അദ്ഹം(റ) അവിടുത്തെ രാജ്യവും സമ്പത്തുമെല്ലാം വിട്ടൊഴിഞ്ഞു തികഞ്ഞ പരിത്യാഗിയായി മാറാൻ കാരണമായ സംഭവങ്ങളിൽ ഒന്ന് ഇങ്ങനെയാണ്. ഒരിക്കൽ അവിടുത്തെ കൊട്ടാരത്തിൽ മുഷിഞ്ഞ വസ്ത്രവും ധരിച്ചൊരു വഴിപോക്കൻ പട്ടാളക്കാരെയൊക്കെ വെട്ടിച്ച് ചക്രവർത്തി ഇബ്‌റാഹീം തങ്ങളുടെ മുമ്പിലെത്തി. ചക്രവർത്തി അയാളോട് ചോദിച്ചു:


ച: "നിങ്ങൾക്കെന്ത് വേണം?"
വ: "ഞാൻ ഈ സത്രത്തിൽ എത്തിച്ചേർന്നതേയുള്ളൂ"
ച: "ഇത് സത്രമല്ല - എന്റെ കൊട്ടാരമാണ്!, നിനക്ക് ഭ്രാന്താണ്" - ചക്രവർത്തി ദേഷ്യപ്പെട്ടു.
വ: "ഈ സ്ഥലം നിങ്ങൾക്ക് മുമ്പ് ആരുടെതായിരുന്നു?"
ച: "എന്റെ പിതാവിന്റേത്"
വ: "അതിന്റെയും മുമ്പ് ആരുടേതായിരുന്നു?"
ച: "എന്റെ പിതാമഹന്റെത്"
വ: "അതിന്റെയും മുമ്പ്?"
ച: "ഇന്ന ഇന്ന ആളുടെത്" .
വ: "അതിന്റെയും മുമ്പ്?"
ച: "അദ്ദേഹത്തിന്റെ പിതാവിന്റേത്".
വ: "ശരി - അവരൊക്കെ എവിടെ ഇപ്പോൾ?" അയാൾ തീക്ഷ്ണമായി ചോദിച്ചു.
ച: "അവരൊക്കെ ഇവിടെ നിന്നും പിരിഞ്ഞു പോയി - മരണപ്പെട്ടു".
വ: "പിന്നെ തീർച്ചയായും ഇതൊരു സത്രം തന്നെയല്ലേ, ഒരാൾ വരുന്നു, മറ്റൊരാൾ പിരിഞ്ഞു പോകുന്നു.."

ഇബ്‌റാഹീം ഇബ്നു അദ്ഹം(റ) തങ്ങൾക്ക് മറുപടിയുണ്ടായിരുന്നില്ല. ഭൂമിലോകത്തെ ജീവിതം തികച്ചും നശ്വരമാണ് എന്ന തിരിച്ചറിവ് മനസ്സിൽ ആഴത്തിൽ ഇറങ്ങുന്നതോടെ പിന്നെ ഭൗതികമായ സുഖാഡംബരങ്ങളിൽ മനസ്സ് സന്തോഷിക്കുകയേയില്ല എന്നത് അവിടുത്തെ ചരിത്രം കൃത്യമായി പഠിപ്പിക്കുന്നുണ്ട്.

കാക്ക പാറി വന്നു,
പാറമേലിരുന്നു,
കാക്ക പാറിപ്പോയി,
പാറ ബാക്കിയായി.

കുഞ്ഞുണ്ണി മാഷുടെ ഈ കുഞ്ഞു കവിതയിൽ പറയുന്നത് പോലെ പാറയാകുന്ന ഭൂമിക്ക് മുകളിൽ ചുരുങ്ങിയ സമയം ഇരുന്നു മറ്റൊരു സ്ഥലത്തേക്ക് പറന്നു പോകുന്ന കാക്കകളെ പോലെയാണ് നമ്മളും. യാത്രക്കിടയിൽ ഒരു മരച്ചുവട്ടിൽ തണൽ കിട്ടാൻ ഇരുന്ന് അൽപ്പ സമയത്തിനു ശേഷം എഴുന്നേറ്റ് യാത്ര തുടരേണ്ട ഏകാന്ത പഥികനാണ് മനുഷ്യൻ.

എത്രയെത്ര ആളുകളെ ഖബറിൽ വെച്ച്‌ നാം തിരിച്ച് പോന്നു. ഓരോ പ്രാവശ്യം പോയി വരുമ്പോഴും നമുക്ക്‌ കിടക്കാനുള്ള മണ്ണും നമ്മെ ശാന്തമായി വിളിക്കുന്നുണ്ടാകില്ലേ..ഹസ്രത്ത്‌ അലി (റ) ഒരു ഖബറിടത്തിന് സമീപമെത്തിയപ്പോൾ ഖബ്രിനു നേരേ തിരിഞ്ഞു നിന്ന് പറഞ്ഞ വാക്കുകൾ ഓർത്ത് വെക്കുക:

"അല്ലയോ ഖബ്രിലെ താമസക്കാരെ, അല്ലയോ ജീർണ്ണതയുടെ ലോകത്ത്‌ അധിവസിക്കുന്നവരേ, അല്ലയോ ഏകാന്തതയുടെ വീട്ടിലെ കുടിയിരിപ്പുകാരേ.. എന്താണ് നിങ്ങളുടെ വാർത്ത?. ഞങ്ങളിൽ നിന്നും നിങ്ങൾക്കുള്ള വാർത്ത എന്താണെന്ന് വെച്ചാൽ, നിങ്ങളുടെ സമ്പത്തുകൾ എല്ലാം വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്‌, നിങ്ങളുടെ മക്കൾ അനാഥരായി, നിങ്ങളുടെ ഭാര്യമാർ പുനർ വിവാഹിതരായി. ഇതാണ്‌ ഞങ്ങളിൽ നിന്നും നിങ്ങൾക്കുള്ള വിവരങ്ങൾ, എന്ത്‌ വിവരമാണ്‌ നിങ്ങൾക്ക്‌ നൽകാനുള്ളത്‌..?"

ശേഷം അലി (റ) തിരിഞ്ഞു നിന്ന് പറഞ്ഞു :

"അല്ലയോ കുമൈൽ, അവരെങ്ങാനും ഇതിന്‌ മറുപടി പറയാൻ അനുവദിക്കപ്പെട്ടിരുന്നുവെങ്കിൽ, തഖ്‌വയാണ്‌ ഏറ്റവും നല്ല സമ്പാദ്യമെന്ന് അവർ നമ്മോട്‌ പറയുമായിരുന്നു."

ശേഷം മഹാൻ വാവിട്ട്‌ കരഞ്ഞ്‌ കൊണ്ട്‌ പറഞ്ഞു :

"ഓ കുമൈൽ, ഓരോരുത്തരും അവരുടെ പ്രവർത്തികളും മാത്രമുള്ള ഒരു പെട്ടിയാണ്‌ ഖബർ. മരണത്തിന്റെ സമയത്ത്‌ മാത്രമേ അവർ അതിനെ കണ്ടെത്തുകയുള്ളൂ..!"


ശേഷം ബാക്കിയാകുന്നത് നാമും നമുക്ക് കൂട്ടുകാരായുണ്ടാകാൻ വേണ്ടി നാം ചെയ്തു കൂട്ടിയ അഅ്മാലുകളും മാത്രമാണല്ലോ. നല്ല കൂട്ടുകാരെയാണ് നാം ഒരുക്കി വെച്ചതെങ്കിൽ പിന്നെയങ്ങോട്ട് സുഖങ്ങളുടെ ജീവിതമാണ്. നേടിയെടുത്ത കൂട്ട് നഷ്ടങ്ങളുടേതാണെങ്കിൽ പിന്നെ...

നാഥാ നീ കാക്കണേ...

മഹല്ലുകൾ ശിഥിലമാകരുത്


"മഹല്ലുകൾ ശിഥിലമാകരുത്" എന്ന കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ കാമ്പെയ്നിന്റെ ഉദ്ഘാടനത്തിൽ മഞ്ചേരിയിൽ മൗലാനാ നജീബ്‌ ഉസ്താദ്‌ നടത്തിയ പ്രസംഗത്തിന്റെ ആശയം വ്യക്തമാക്കുന്ന കുറിപ്പാണ് ഇത്.

ബിസ്മി, ഹംദ്, സ്വലാത്ത്.. മുതലായ ആമുഖങ്ങൾക്ക് ശേഷം..

പ്രാദേശികമായി മുസ്ലിമീങ്ങളെ ഏകോപിപ്പിക്കാനും യോജിപ്പിച്ച് കൊണ്ടുപോകാനും വേണ്ടി ഉള്ള സംവിധാനമാണ് ജുമുഅത്ത് പള്ളികൾ കേന്ദ്രീകരിച്ചുള്ള മഹല്ലുകൾ. കേരളത്തിൽ വന്ന ആദ്യ ഇസ്‌ലാമിക മിഷനറി സംഘം അതാത് പ്രദേശങ്ങളിൽ പള്ളി സ്ഥാപിക്കുകയാണ് ആദ്യം ചെയ്തത്. അതിനെ കേന്ദ്രീകരിച്ചായിരുന്നു ഇസ്‌ലാമിക പ്രബോധനം നടന്നിരുന്നത്. അവിടെ ഇസ്‌ലാമിന്റെ ചിഹ്നങ്ങളായ ജുമുആകളും ജമാഅത്തുകളും നടത്തുവാൻ പ്രാപ്തരാക്കിയത് ഈയൊരു പള്ളികൾ കേന്ദ്രീകരിച്ച പ്രവർത്തനം മുഖേനയാണ്. അവിടത്തെ നിയന്ത്രിച്ചിരുന്നത് ഖാളിമാരായിരുന്നു. ഭരണാധികാരികൾ അംഗീകരിച്ച ഖാളികൾ എന്നതിൽ നിന്നും പിൽക്കാലത്ത് മഹല്ലിലെ ഹല്ല് അഖ്‌ദിന്റെ അധികാരികൾ തീരുമാനിക്കുന്നവർ ഖാളിയായി വരുകയായിരുന്നു. മഹല്ലുകളിലെ മത, സാമൂഹിക പ്രശ്നങ്ങളിൽ ഖാളിമാരെ അംഗീകരിച്ചായിരുന്നു മുസ്ലിമീങ്ങൾ ജീവിച്ചത്. മഹല്ലുവാസികൾക്കിടയിലെ അഭിപ്രായഭിന്നതകളെ ന്യായപൂർവ്വം കൈകാര്യം ചെയ്ത് അവർക്കിടയിൽ രഞ്ജിപ്പിന്റെ വഴി കാണിക്കുകയും ചെയ്യുമായിരുന്നു പഴയകാലത്ത് ഖാളിമാർ ചെയ്തിരുന്നത്. വൈവിധ്യങ്ങളെ ഉൾക്കൊണ്ടു കൊണ്ട് ഖാളിക്ക് കീഴിലായി മുസ്ലിമീങ്ങൾ ഒന്നിച്ചു പോകുന്നതായിരുന്നു പതിവ്.


1920 കളിലാണ് ഈ രീതികൾക്കിടയിൽ ഒരപശബ്ദം ആദ്യമായി ഉയരുന്നത്. മഹല്ലുകളിൽ വഹ്ഹാബീ ആശയക്കാർ വരെ ഇടപെടുകയും ഭരണപരമായ പങ്ക് വഹിക്കുക വരെ ചെയ്തിരുന്നത് സാധാരണമായിരുന്നു. വണ്ടൂരിലെ താജുൽ ഉലമ(ന:മ) ഖാളിയായ മരുത പള്ളിയിലെ ഭരണസമിതിയിലെ പള്ളി പരിപാലനത്തിലുമെല്ലാം വൈസ് പ്രസിഡണ്ടും ഭാരവാഹികളും ഒക്കെയായി മുജാഹിദുകൾ ഉണ്ടായിരുന്നു. മഹല്ലിലെ അവകാശങ്ങൾ അവർക്കും വകവെച്ചു കൊടുത്തിരുന്നു. നിസ്കാര ശേഷം കൂട്ടുപ്രാർത്ഥന ഇഷ്ടമില്ലാത്തവർ നിസ്കരിച്ചു എഴുന്നേറ്റു പോകും, തറാവീഹ് എട്ടു നിസ്കരിച്ചു പോകേണ്ടവർ പോകും, എന്നാലും അതൊന്നും മഹല്ലുകൾ ശിഥിലമാകാൻ അതൊന്നും കാരണമായിരുന്നില്ല. ഇവരുടെ ഈ പ്രവർത്തികളൊക്കെ ന്യായമാണെന്നല്ല, എങ്കിലും ഇതൊന്നും മഹല്ലുകളുടെ സംവിധാനത്തെ തകർത്തിരുന്നില്ല. പിന്നീട് ബിദ്അത്തിന്റെ സംഘങ്ങൾ ആളുകൂടിയപ്പോൾ സ്വന്തമായി പള്ളിയുണ്ടാക്കി പോക്ക് തുടങ്ങിയതോടെയാണ് കാര്യങ്ങൾ മാറിവന്നത്. പലതരത്തിലുള്ള പ്രശ്നങ്ങളും ശേഷം മഹല്ലുകളിൽ വന്നു തുടങ്ങി, എങ്കിലും ഇതിലൊക്കെ പൊതു സ്വീകാര്യരായ വ്യക്തികളെ മധ്യസ്ഥരാക്കി പിടിച്ചു പരിഹരിച്ചു പോകുന്നതായിരുന്നു പതിവ്.


ഇതിനിടയിലാണ് 1989 ലെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിലെ കേന്ദ്ര മുശാവറയിൽ നിന്നും ആറ് പേരെ പുറത്താക്കി എന്ന് ഒരു കൂട്ടരും ഇറങ്ങിപ്പോന്നു എന്ന് മറുകൂട്ടരും പറയുന്ന പിളർപ്പ് ഉണ്ടായത്. ഇത് സമസ്തയുടെ ചരിത്രത്തിലെ ആദ്യത്തെ പിളർപ്പായിരുന്നില്ല. 1967 ഇൽ അവിഭക്ത സമസ്തയുടെ ഉച്ചഭാഷിണി വിഷയത്തിൽ അന്യായമായൊരു തീരുമാനവുമായി വിയോജിച്ച്, ഒരുവിധത്തിലും ഒന്നിച്ചു പോകാൻ കഴിയില്ലെന്ന് മനസ്സിലായപ്പോൾ കേന്ദ്ര മുശാവറയിൽ നിന്നും അന്നത്തെ പ്രസിഡണ്ട് അടക്കം ചുരുങ്ങിയത് 6 പേർ, അതിൽ തന്നെ സ്ഥാപക മെമ്പർമാരിൽ അന്ന് ജീവിച്ചിരിപ്പുള്ള 3 പേരിൽ (താജുൽ ഉലമ സ്വദഖതുല്ലാഹ് മുസ്‌ലിയാർ, മൗലാനാ കുഞ്ഞറമൂട്ടി മുസ്‌ലിയാർ, മൗലാനാ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാർ - ന:മ) കണ്ണിയത്ത് അവർകൾ ഒഴിച്ചുള്ള 2 പേരും ചേർന്ന് കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ ഉണ്ടാക്കിയതായിരുന്നു ആദ്യപിളർപ്പ്. ഇതിന്റെ പേരിൽ ചില സ്ഥലങ്ങളിലൊക്കെ ചില്ലറ അസ്വാരസ്യങ്ങൾ ഉണ്ടായി എങ്കിലും മഹല്ലുകൾ ശിഥിലമാകുന്ന രീതിയിലേക്ക് അത് ഒരിക്കലും പോയിരുന്നില്ല.



എന്നാൽ 1989 ലെ പിളർപ്പിന് ശേഷം ഇരു വിഭാഗവും രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ളത് പോലെ മഹല്ലുകളിൽ അടിപിടികളും പള്ളികൾ പൂട്ടലും, മദ്രസ്സകൾ പൂട്ടലും നാട്ടിൽ ഫസാദുണ്ടാകലും പതിവായി. നാടാകെ വ്യാപിച്ച ഈ സംഘടനാ സംഘർഷങ്ങൾ ഇല്ലായ്മ ചെയ്യാനും 'എന്തിനാണീ രീതിയിൽ വിഘടിച്ച് സമുദായത്തെ നാണം കെടുത്തുകയും ചെയ്യുന്നത്' എന്ന് ചോദിച്ചു കൊണ്ട് കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ കീഴ് ഘടകമായ 'സുന്നീ യുവജന ഫെഡറേഷൻ(SYF)' സംസ്ഥാന വ്യാപകമായി 'പീസ് കാമ്പെയ്ൻ' നടത്തിയിരുന്നു. അന്നത്തെ വ്യാപകമായ വിഭാഗീയ സംഘർഷങ്ങളുടെയും പ്രശനങ്ങളുടെയും ഭാഗമായി മഹല്ലുകൾ ശിഥിലീകരിക്കപ്പെട്ട രീതിയിൽ ഇന്ന് വീണ്ടും മഹല്ലുകളിൽ സംഘർഷം വ്യാപിച്ച് ശിഥിലീകരണം നടക്കുകയാണ്.


കൊണ്ടോട്ടിയുടെ പരിസരത്ത് മാത്രം രണ്ടു പള്ളികളാണ് പൂട്ടിക്കിടക്കുന്നത്. മഹാന്മാരായ മുൻഗാമികൾ അളളാഹുവിനു ഇബാദത്ത് ചെയ്യാൻ വേണ്ടി ഉണ്ടാക്കിയ പള്ളികൾ പൂട്ടിക്കിടക്കുകയും അത് തുറക്കണം എങ്കിൽ കോഴിക്കോട്ടെ സമസ്തയുടെ (ഇരുകൂട്ടരുടെയും) ഓഫീസിൽ നിന്നും ഇടപെട്ടെങ്കിലേ പറ്റൂ എന്ന് പറയുന്ന രീതിയിലെത്തിക്കഴിഞ്ഞിരിക്കുന്നു സ്ഥിതി. എല്ലാ ജില്ലകളിലും ഇങ്ങനത്തെ പ്രശ്നമുണ്ട്. അതിനെതിരിൽ പ്രസിദ്ധീകരണങ്ങളിലൂടെ എല്ലാ രീതിയിലും പ്രതികരിച്ചിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി "മഹല്ലുകൾ ശിഥിലമാകരുത്" എന്ന പേരിൽ കാമ്പെയ്ൻ നടത്തുന്നത്.


എന്താണിങ്ങനെ പ്രശ്നമുണ്ടാകാൻ കാരണം? എന്താണിത്ര വിഭാഗീയതക്ക് ന്യായം? സുന്നികൾ എല്ലാ സംഘടനക്കാരും വിശ്വാസശാസ്ത്രത്തിൽ അശ്അരികളാണ്. കർമ്മശാസ്ത്രത്തിൽ എല്ലാവരും ശാഫിഈ മദ്ഹബുകാരും അതിൽ തന്നെ ഇബ്നു ഹജർ ഹൈതമി(റ)വിനെ പ്രബലമായി മനസ്സിലാക്കുന്നവരാണ്. ഭിന്നിക്കാതിരിക്കാൻ ഇതൊക്കെ തന്നെ കാരണമായി പോരേ?. കക്ഷികൾക്കും സംഘടനകൾക്കും പള്ളികൾ തീറെഴുതി എടുക്കുന്ന രീതി എങ്ങനെയാണ് വന്നത്? 90 വർഷം പ്രായമായ സമസ്തയെങ്ങനെയാണ് നൂറുകണക്കിന് വർഷം മുമ്പ് നാട്ടുകാർ ഉണ്ടാക്കിയ പള്ളിയുടെ അവകാശിയാകുന്നത്?. അത് നാട്ടുകാരിൽ എല്ലാവരുടെയും കേന്ദ്രമായ പള്ളിയല്ലേ? അതിനെ സംഘടനയുടെ പേരിൽ ചുരുക്കാൻ വേണ്ടി നോക്കുന്നത് വ്യാജമായ അവകാശവാദമല്ലേ?. സംഘടനകൾ സ്വന്തമായി ഉണ്ടാക്കിയ പള്ളിയാണെങ്കിൽ ആ പറയുന്നതിൽ ന്യായമുണ്ടെന്നു മനസ്സിലാക്കാം, എന്നാൽ എല്ലാ ജനങ്ങളും ഒന്നിച്ചുണ്ടാക്കിയ പള്ളികളെങ്ങനെയാണ് ഒരു സംഘടനക്ക് മാത്രം അവകാശപ്പെടുന്നതായി മാറുന്നത്?.ഒരുകൂട്ടര്ക്ക് മാത്രമായി ഉണ്ടാക്കിയ പള്ളിയല്ലാത്തത് കൊണ്ട് അത്തരം പൊതുപള്ളികളല്ലേ മഹല്ലുകളുടെ കേന്ദ്രമായി മാറുന്നത്?. മഹല്ലുകൾ എല്ലാവരുടെയും അവകാശമല്ലേ?.


നാട്ടിലെ മുൻഗാമികളായ ജനങ്ങൾ സംഘടനാഭേദമില്ലാതെ ഒന്നിച്ചു കൂടി അദ്ധ്വാനിച്ചുണ്ടാക്കിയ, നാട്ടുകാർ കമ്മറ്റി ചേർന്ന് തങ്ങളുടെ മക്കളെ ദീൻ പഠിപ്പിക്കുന്ന മുഅല്ലിമീങ്ങൾക്ക് ശമ്പളം കൊടുക്കുന്ന മദ്രസ്സകൾ അവിടെ പഠിപ്പിക്കുന്ന സിലബസ് ഒരു സംഘടനയുടെ കീഴിലാണ് എന്ന് വെച്ച് എങ്ങനെയാണ് ആ സംഘടനയുടേതാകുന്നത്?!. 1950 കൾക്ക് ശേഷമാണ് സമസ്തയുടെ വിദ്യാഭ്യാസ ബോർഡ് തന്നെ വന്നത്. അതിനു മുമ്പും മദ്രസ്സകൾ ഇവിടെ ഇല്ലേ? അത്തരം മദ്രസ്സകളിൽ പഠിപ്പിക്കാനുള്ള സിലബസ് നൽകാനും പരീക്ഷ നടത്താനും മറ്റുമായി ഏറ്റെടുക്കുകയും അതിന് എല്ലാത്തിനും പൈസ വാങ്ങുകയും അവിടെ ആവശ്യത്തിനും അനാവശ്യത്തിനും പിരിവുകൾ നടത്തുകയും ചെയ്യുന്നുണ്ട് എന്നിരിക്കിൽ എങ്ങനെയാണ്  അത് സമസ്തയുടെ മദ്രസ്സയാകുന്നത്?. അവിടെ പഠിപ്പിക്കുന്നവർക്ക് ശമ്പളം കൊടുക്കുന്നത് സമസ്തയാണോ?. അവിടെ ആര് പഠിപ്പിക്കണം എന്ന് തീരുമാനിക്കേണ്ടത് അവിടെ ശമ്പളം കൊടുക്കുന്ന നാട്ടുകാരുടെ എല്ലാ വിഭാഗവും ഉൾക്കൊള്ളുന്ന ഭരണസമിതിയല്ലേ?. ഞങ്ങളുടെ സംഘടനക്കാർ മാത്രം പഠിപ്പിച്ചാൽ മതി എന്നും അതിനടുത്തുള്ള പള്ളിയിലെ ഖാളിയും മുഅദ്ദിനും നാട്ടുകാർക്ക് പറ്റിയാലും പോര, ഞങ്ങളുടെ സംഘടനക്കാരെ പറ്റൂ എന്ന് പറയാൻ അവിടെ എന്തധികാരമാണ് സമസ്തക്കുള്ളത്?.



കേവലം തുച്ഛമായ മൂവായിരമോ നാലായിരമോ അയ്യായിരമോ ശമ്പളം വാങ്ങി മദ്രസകളിൽ പഠിപ്പിക്കുന്ന പാവപ്പെട്ട മദ്രസാധ്യാപകരുടെ അവകാശങ്ങൾ പോലും ഹനിക്കുന്ന രീതിയിൽ സംഘടനയുടെ കീഴിലുള്ള വിദ്യാഭ്യാസ ബോർഡിന്റെ സിലബസ് പഠിപ്പിക്കുന്നു എന്ന കാരണത്തിന്റെ പേരിൽ ആ സംഘടനയുടെ തീട്ടൂരങ്ങൾക്ക് വഴിപ്പെടാത്തവരെ പീഡിപ്പിക്കുന്ന, മാനസികമായി തകർക്കുന്ന സമീപനം അതിനീചവും ഫാസിസവുമാണ്. പാവപ്പെട്ട മുസ്ലിയാർമാരുടെ കഞ്ഞിയിൽ പാറ്റയിടാൻ നോക്കുന്നത് എത്ര മോശമാണ്. മദ്രസ്സാ മുഅല്ലിമുകളുടെ കൊല്ലത്തിൽ ഒരു ദിവസത്തെ ശമ്പളം (മദ്രസ്സാ കമ്മറ്റി നൽകുന്ന ശമ്പളം) മുഅല്ലിം ക്ഷേമനിധിയിലേക്കായി സമസ്ത വിദ്യാഭ്യാസ ബോർഡ് പിടിക്കുന്ന സമയത്ത് അവരേത് സംഘടനക്കാരാണെന്നോ ഗ്രൂപ്പുകാരാണെന്നോ നോട്ടമില്ല, എന്നാൽ തങ്ങളുടെ കൂടെ വിയർപ്പിന്റെ അംശമുള്ള ആ പൈസയിൽ നിന്നും നിർബന്ധിതമായ ചികിത്സക്കോ മറ്റോ ആയ ആവശ്യങ്ങൾക്ക് വേണ്ടി ക്ഷേമനിധിയിൽ നിന്നൊരു പങ്ക് ലഭിക്കണമെങ്കിൽ മുഅല്ലിം സർവ്വീസ് രെജിസ്റ്റർ (MSR) ഹാജരാക്കണം. ആ മദ്രസ്സയിൽ ഈ ഉസ്താദിന്റെ സർവ്വീസ് രെജിസ്റ്റർ സ്വീകരിക്കണമെങ്കിൽ നാട്ടിലെ SKSSF കാരന്റെ ഒപ്പു വേണമത്രെ!. ഈ വിദ്യാർത്ഥി പ്രസ്ഥാനത്തിലെ കുട്ടികളെയും അവരുടെ പിതാക്കളെ വരെയും അതെ മദ്രസ്സയിൽ പഠിപ്പിച്ച മുഅല്ലിമിന്റെ സർവ്വീസ് സാക്ഷ്യപ്പെടുത്താൻ ഈ SKSSF കാരന്റെ ഒപ്പു വേണം!!!. അവിടെ പഠിപ്പിക്കുന്ന ഉസ്താദുമാർ സിലബസ് അനുസരിച്ചു പഠിപ്പിച്ചാൽ പോരെ? അവർ തങ്ങളുടെ സംഘടനക്കാർ ആകണം എന്നും തങ്ങളുടെ സംഘടനയുടെ പ്രസിദ്ധീകരണങ്ങൾക്ക് വരിചേർക്കുന്നവർ ആകണം എന്നും വാശി പിടിക്കുന്നത് എന്തുമാത്രം ശരിയാണ്?.


ആകെക്കൂടി ഒന്നോ രണ്ടോ മണിക്കൂർ പഠിക്കാൻ വരുന്ന മദ്രസ്സയിലെ പിഞ്ചു കുട്ടികളെപ്പോലും ബാലസംഘങ്ങൾ എന്ന പേരിൽ സംഘടനകളുടെ കീഴിൽ കൊണ്ട് വന്നു സങ്കുചിത ചിന്തകളുടെ കെട്ടിൽ കുടുക്കുന്ന രീതിയിൽ സമുദായത്തിലെ വളരുന്ന തലമുറയിൽ പരസ്പര വൈരം നിറക്കുകയാണ് ഇരു സമസ്തതകളും ചെയ്യുന്നത്. വിഭാഗീയതകൾക്ക് അതീതമായി മുസ്ലിം സ്വത്വത്തിനു വേണ്ടി രാഷ്ട്രീയ പ്രവർത്തനവും പൊതുപ്രവർത്തനവും നടത്തുന്ന യുവസമൂഹം വളർന്നു വരാതെ പോകുന്നതിൽ ചെറിയ കാലത്തേ സംഘടനാ പിടിയിലാക്കി സങ്കുചിത ചിന്ത പഠിപ്പിക്കപ്പെടുന്നത് വലിയൊരു കാരണമാണ്. ഇതുകാരണം തന്നെ പൊതു രാഷ്ട്രീയ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് പ്രവർത്തിക്കാൻ മുസ്ലിം കുട്ടികളെ കിട്ടുന്നില്ല.


മുസ്ലിം വിദ്യാർത്ഥി രാഷ്ട്രീയ സംഘങ്ങളുടെ യുവനേതാക്കളായി വരുന്നതൊക്കെ വഹ്ഹാബികളാണെന്ന് പരിതപിക്കുന്നവർ തന്നെയാണ് യഥാർത്ഥത്തിൽ അതിന്റെ മൂലകാരണക്കാർ. സുന്നീ വിദ്യാർത്ഥികളെ സംഘടനാ സങ്കുചിതത്വത്തിന്റെ കീഴിൽ തളച്ചിട്ട് വിഭാഗീയതക്ക് അതീതമായി പൊതുകാര്യത്തിനായി പ്രവർത്തിക്കുന്ന സംഘങ്ങളിൽ പ്രവർത്തിക്കാൻ വിടാതെ വരുമ്പോൾ ആ സ്ഥലം വഹ്ഹാബീ സ്ഥാപനങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികൾ കയറിക്കൂടുകയാണ് ചെയ്യുന്നത്. മോഡിയുടെ ഇന്ത്യയിൽ സങ്കുചിത സംഘടനാ ചിന്തകൾക്ക് അപ്പുറം മുസ്ലിമീങ്ങളുടെ പൊതുകാര്യത്തിൽ യോജിച്ചു പ്രവർത്തിക്കുന്ന വിദ്യാർത്ഥികളും യുവാക്കളും നമ്മുടെ കൂട്ടത്തിൽ നിന്നും വളർന്നു വരേണ്ടതില്ലേ?


തങ്ങളുടെ വിദ്യാഭ്യാസ ബോർഡിന്റെ കീഴിലെ സിലബസ് പഠിപ്പിക്കുന്ന മദ്രസ്സ ഉള്ളതിനാൽ അതിനോടൊപ്പമുള്ള പള്ളിയും മഹല്ലും തങ്ങളുടെ സംഘടനയുടേതാണ് എന്ന് വരുത്തിത്തീർക്കാനാണ് ഇപ്പോൾ സമസ്ത ശ്രമിക്കുന്നത്. ഭരണഘടനയിൽ സമസ്തയുടെ പേരുണ്ട് എന്നതാണ് ചിലയിടത്തിതിനു ന്യായം പറയുന്നത്. പള്ളികളുടെ നടത്തിപ്പിന്റെ ഭാഗമായി ഭരണഘടനയിൽ സമസ്തയുടെ പേര് ചേർക്കുന്നത് കുറച്ചു മുമ്പ് തുടങ്ങിയത് കോഴിക്കോട്ടെ പാളയം പള്ളി പോലെയുള്ള പള്ളികൾ വ്യാജമായി കയ്യടക്കിയ വഹ്ഹാബികളുടെ കള്ളക്കളികൾ പ്രതിരോധിക്കാൻ വേണ്ടി ദീർഘദൃഷ്ടിയുള്ള മുൻഗാമികളിൽ ചിലർ 'ഈ പള്ളിയിലെ ആചാരാനുഷ്ഠാനങ്ങൾ സമസ്തയുടെ ആശയാദർശങ്ങൾ അനുസരിച്ച് നടത്തേണ്ടതാണ്' എന്ന് എഴുതിക്കിച്ചേർത്തത് കാരണം.


സത്യത്തിൽ പള്ളിയിലെ ഇബാദത്തുകളിൽ സുന്നികളുടെ പരമ്പരാഗതമായ രീതികൾ തുടരാൻ വേണ്ടി സമസ്തയുടെ ആചാരാനുഷ്ഠാന രീതികൾ തുടരേണ്ടതാണ് എന്ന് എഴുതി വെച്ചതിനാൽ പള്ളി തന്നെ തങ്ങളുടേതാണ് എന്ന വാദമാണ് ഇവർ ഉയർത്തുന്നത്..! സമസ്ത രണ്ടായി പിരിഞ്ഞപ്പോൾ ഞങ്ങളാണ് സമസ്ത എന്നും പറഞ്ഞു ഈ അവകാശത്തിന്റെ പേരിൽ അടിപിടിയും ലഹളയും കൊലപാതകങ്ങൾ വരെ നടക്കുന്നു. സംഘടനകൾ എന്നും പിഴവുകൾക്കതീതമല്ലെന്നും പിൽക്കാലത്ത് പിഴക്കാമെന്നും അതിനാൽ തന്നെ നാട്ടുകാർ ഉണ്ടാക്കിയ പള്ളികൾ സംഘടനയുടെ പേരിൽ ഭരണഘടന എഴുതിവെക്കരുത് എന്ന് പഠിപ്പിച്ച കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ അഭിവന്ദ്യ നേതാക്കളായ താജുൽ ഉലമാ സ്വദഖത്തുല്ലാഹ് മൗലവി(ന:മ), ശംസുൽ ഉലമാ കീഴന ഓർ (ന:മ) തുടങ്ങിയവർ പഠിപ്പിച്ചത് കൃത്യമാണ്.




മഹല്ലുകൾ അവിടെ താമസിക്കുന്ന എല്ലാവരുടെയും കൂട്ടവകാശമാണ്. അതൊരു സംഘടനയുടേതുമല്ല. മഹല്ലുകളിലെ ഭൂരിപക്ഷത്തിന്റെ ദണ്ഡുപയോഗിച്ച് ന്യൂനപക്ഷത്തെ ഭരിക്കുന്ന, ഭൂരിപക്ഷത്തിന്റെ തീരുമാനം ന്യൂനപക്ഷത്തിന്റെ മേൽ അടിച്ചേൽപ്പിക്കുന്ന ഫാസിസമാണ് ഇന്ന് കണ്ടുവരുന്നത് എല്ലായിടത്തും. മഹല്ലുകളുടെയും ഖാളിമാരുടെയും പ്രസക്തി വളരെയധികം വർദ്ധിച്ചു വന്നിട്ടുണ്ട്‌. വിധവാ പെൻഷൻ അപേക്ഷിക്കാൻ പോലും ഖാളിയുടെ സാക്ഷ്യപത്രം വേണ്ടി വരുന്ന ഇക്കാലത്ത് സംഘടനാ സങ്കുചിതത്വത്തിനനുസരിച്ച് മഹല്ലുകൾ കൈകാര്യം ചെയ്‌താൽ എത്ര വലിയ ദുരന്തമാണ് സമുദായത്തിൽ നടക്കുക. മുസ്ലിമീങ്ങൾ എന്ന നിലക്ക് മഹല്ലിലെ എല്ലാവർക്കും അവിടെ അവകാശമില്ലേ? ഇന്ത്യാരാജ്യത്ത് നമ്മൾ ന്യൂനപക്ഷമാണ് എന്ന് വെച്ച് നമ്മെ അടിച്ചമർത്താൻ നോക്കിയാൽ നമ്മൾ മിണ്ടാതിരിക്കുമോ? അത് ന്യായമാണോ? അതുപോലെയോ അതിലേറെയോ പരിഗണിക്കപ്പെടാൻ അർഹതയുള്ളവരാണല്ലോ മുസ്ലിമീങ്ങളായ, മഹല്ലിലെ ന്യൂനപക്ഷമായവർ. മഹല്ലിലെ ന്യൂനപക്ഷത്തെ കൂടി നീതിപൂർവ്വം പരിഗണിച്ച് കൊണ്ട് ഭരിക്കണം എന്നതല്ലേ ന്യായമായ നിലപാട്?.


വിശ്വാസികൾ തമ്മിൽ ഇത്ര കടുത്ത വൈരാഗ്യത്തിന്റെ ആവശ്യമില്ല. അല്ലാഹുവിന്റെ പള്ളിയിൽ എല്ലാവരുടെ അവകാശവും ഭൂരിപക്ഷത്തിന്റെ പേരിലോ, സംഘടനയുടെ, പേരിലോ നിഷേധിക്കപ്പെടുന്നത് വേദനാജനകമാണ്. എല്ലാത്തിലും വലുത് സത്യവിശ്വാസികളുടെ ഹുർമത്താണ്. (സുന്നികളിൽ ഏതു സംഘടനക്കാരോ, മുജാഹിദോ ജമാഅത്തോ ആരുമാകട്ടെ, വിശ്വാസി എന്ന നിലക്ക്). ഹജ്ജത്തുൽ വിദാഇന്റെ സമയത്ത് അറഫയുടെ നാളിൽ, വെള്ളിയാഴ്ച ദിവസത്തിൽ, ദുൽഹിജ്ജ മാസത്തിലാണ് നമ്മളുള്ളത് എന്ന് ഉണർത്തിക്കൊണ്ട് തിരുനബി(സ്വ) നടത്തിയ ഖുതുബയിൽ പറഞ്ഞത്;


فإن دماءكم وأموالكم وأعراضكم عليكم حرام كحرمة يومكم هذا في بلدكم هذا في شهركم هذا


"നിങ്ങൾ ഓരോ മുസ്ലിമിന്റെയും രക്തവും സമ്പത്തും അഭിമാനവും ഹനിക്കുന്നത് നിങ്ങളുടെ മേൽ കഠിനമായ കുറ്റമാണ്. ഈ ദിവസത്തിന്റെയും സ്ഥലത്തിന്റെയും മാസത്തിന്റെയും പവിത്രത പോലെ സമമായ പവിത്രതയാണ് മുസ്ലിമിന്റെ രക്തത്തിനും അഭിമാനത്തിനും സമ്പത്തിനുമുള്ളത്". അതിനാൽ തന്നെ ഈ.കെ യാകട്ടെ ഏ.പിയാകട്ടെ, സംസ്ഥാനക്കാരാകട്ടെ, സുന്നിയാകട്ടെ മുജാഹിദാകട്ടെ, പരസ്പരം കയ്യേറ്റം ചെയ്യാനോ രക്തം ചിന്താനോ അവകാശമില്ല. ഒരു മുസ്ലിമിന്റെ അഭിമാനം വ്രണപ്പെടുത്താൻ മറ്റൊരാൾക്കും അവകാശമില്ല.

ഇമാം അബൂ യഅല(റ) സ്വഹീഹായ സനദോടെ ഉദ്ധരിക്കുന്ന ഒരു ഹദീസുണ്ട്. അല്ലാഹുവിന്റെ റസൂൽ(സ്വ) കഅബ ത്വവാഫ് ചെയ്യുന്ന സമയത്ത് ഹജറുൽ അസ്'വദിനെ മുത്തി അതിന്റെ സുഗന്ധത്തെ വാഴ്ത്തി

ما أطيبك وأطيب ريحك

എന്ന് പറഞ്ഞ ശേഷം അവിടുന്ന് കഅബയെ നോക്കിക്കൊണ്ട് തുടർന്നു:

ما أعظمك وأعظم حرمتك والذي نفس محمد بيده لحرمة المؤمن أعظم عند الله حرمة منك ماله ودمه وأن نظن به إلا خيرا

"നീ എത്ര മഹത്വമുടയതാണ്, നിന്റെ പവിത്രത എത്ര വലുതാണ്. എന്റെ നിയന്താവായ റബ്ബാണെ സത്യം - സത്യവിശ്വാസിയായ മനുഷ്യന്റെ മഹത്വവും പവിത്രതയും നിന്റേ പവിത്രതയേക്കാളും മഹത്വത്തെക്കാളും അല്ലാഹുവിങ്കൽ ഉയർന്നതാണ്".


ഇത് ഈ.കേ ക്കാരുടേതായാലും ഏ.പിക്കാരുടേതായാലും സംസ്ഥാനക്കാരുടേതായാലും മുജാഹിദിന്റേതായാലും ജമാഅത്തുകാരുടെതായാലും മുസ്ലിമാണോ അവരുടെ ഇസ്‌ലാമിന്റെ മഹത്വം കഅബയുടെ മഹത്വത്തേക്കാൾ ഉന്നതമാണ്. മുസ്ലിമെന്ന നിലക്ക് ഒരാളുടെ അഭിമാനം ഹനിക്കുന്നത് കഠിനമായ പലിശയുടെ കൂട്ടത്തിലാണ് നബിതങ്ങൾ(സ്വ) എണ്ണിയത്.

الربا نيف وسبعون بابا، أهون باب من الربا مثل من أتى أمه في الإسلام، ودرهم ربا أشد من خمس وثلاثين زنية، وأشد الربا، أو أربى الربا، أو أخبث الربا، انتهاك عرض المسلم

"പലിശ ഏഴുപതിൽ പരം വിഭാഗങ്ങളുണ്ട്. അതിന്റെ കൂട്ടത്തിൽ ഏറ്റവും നിസ്സാരമായ പലിശ സ്വന്തം മാതാവിനെ വ്യഭിചാരിക്കുന്നതിന് തുല്യമായ തെറ്റാണ്. പലിശയുടെ ഒരു ദിർഹം ഒരാൾ സ്വന്തമാക്കിയാൽ മുപ്പത്തി ആറ് തവണ വ്യഭിചാരിക്കുന്നതിന് തുല്യമാണ്. പലിശയുടെ കൂട്ടത്തിൽ ഏറ്റവും കഠിന പലിശ, മോശമായ പലിശ, ഏറ്റവും ദുഷിച്ച പലിശ ഒരു മുസ്ലിമായ മനുഷ്യനെ അന്ധമായി ശകാരിക്കുന്നതാണ്". 



മുസ്ലിമീങ്ങളുടെ ഹുർമ്മത്തിനെ പറിച്ചു കീറി പരസ്പരം ശകാരിക്കുന്നതല്ലേ ഏറ്റവും മോശമായ പലിശയായി നബിതങ്ങൾ എഴുതിയത്. ഈ രണ്ടു വിഭാഗവും പരസ്പരം എന്തൊക്കെ ശകാരങ്ങളാണ് നടത്തുന്നത്? പരസ്പരം എന്തൊക്കെ ദേഹോപദ്രവങ്ങളാണ് ഏൽപ്പിക്കുന്നത്?!. മുസ്ലിമായ മനുഷ്യനെ തമാശക്ക് വേണ്ടി അയാളുടെ ചെരുപ്പ് എടുത്തു ഒളിപ്പിച്ചു വെച്ച് പേടിപ്പിക്കുന്നത് പോലും അതികഠിനമായ അക്രമമാണ് എന്നാണ് നബിതങ്ങൾ(സ്വ) പറഞ്ഞത്. വിശുദ്ധ ഖുർആൻ ശിർക്ക്‌ എന്ന എല്ലാത്തിലും വലിയ പാപത്തിന്റെ കഠിനത വിവരിക്കാൻ ഉപയോഗിച്ച അതേ വാക്കാണ്‌ (ظلم عظيم) നബിതങ്ങൾ(സ്വ) ഇവിടെ ഉപയോഗിച്ചത്‌ എന്നത്‌ തന്നെ നമുക്ക്‌ ചിന്തയാകേണ്ടതാണ്‌. MSR ന്റെയും ക്ഷേമനിധിയുടെയും സംഘടനയുടെയും സ്ഥാപനങ്ങളുടെയും പേരിൽ മുസ്ലിമായ സഹോദരന്മാരെ പീഡിപ്പിക്കുന്നതും മനസ്സ് വേദനിപ്പിക്കുന്നതും എത്ര കഠിനമായ തെറ്റാണ്?!.


മസ്അലാപരമായും ആശയപരമായും യാതൊരു ഭിന്നിപ്പുമില്ലാത്തവരാണ് രണ്ടു സമസ്തക്കാരും. ഇവർ രണ്ടു കൂട്ടരുടെയും ജുമുഅകളിൽ പരസ്പരം കൂടാൻ പറ്റാത്ത വല്ല ആശയവ്യത്യാസവും ഇവർ തമ്മിലുണ്ടോ? പിന്നെന്തിന്റെ പേരിലാണ് ഈ സംഘർഷങ്ങളൊക്കെ. തലേക്കെട്ട്‌ കെട്ടുന്ന രീതിയിലോ മറ്റു വസ്ത്രധാരണ ശൈലിയിലോ ചിലപ്പോ വ്യത്യാസം കണ്ടെത്തിയേക്കാമെന്നല്ലാതെ ഒരു ഭിന്നിപ്പിനും ന്യായമില്ലാത്ത, ഐക്യത്തിനുള്ള എല്ലാ വകകളും ഒന്നിച്ചുള്ള രണ്ടു കൂട്ടർ തമ്മിൽ തല്ലുന്നതിനും അതിന്റെ പേരിൽ പള്ളികളും മദ്രസ്സകളും പൂട്ടുന്നതും തോന്നിവാസമാണ്.


സുന്നികൾ എല്ലാവരും ഒന്നിക്കേണ്ടിടത്ത് ഒന്നിക്കേണ്ടതാണ്, മുസ്ലിമീങ്ങൾ ഒന്നിക്കേണ്ടിടത്ത് മുസ്ലിമീങ്ങൾ ഒന്നിക്കണം, നാട്ടുകാർ ഒന്നിക്കേണ്ടിടത്ത് നാട്ടുകാർ ഒന്നിക്കണം. സുന്നികൾ മിക്ക മേഖലകളിലും പരസ്പരം ഐക്യപ്പെടാൻ ന്യായമുള്ള പൊന്നാനി സരണിയിൽ പോകുന്നതിൽ തർക്കമില്ലാത്തവരാണ്. ഒന്നിക്കേണ്ടിടത്ത് ഒന്നിക്കാനുള്ള ന്യായങ്ങളിൽ പിടിച്ചു ഒന്നിച്ചു തന്നെ നിൽക്കണം. മദ്രസ്സകളെയും പള്ളികളെയും സംഘടനാ സങ്കുചിതത്തത്തിന്റെ ഭാഗവാക്കാക്കരുത്. ബഹു: ഈ.കെ അബൂബക്കർ മുസ്‌ലിയാരുടെ(ന:മ) കാലത്തില്ലാത്ത രീതിയിൽ ഫാസിസത്തിന്റെ നിലപാട് സ്വീകരിക്കുന്നത് നിർത്തണം.


ഈ.കെ അവർകളുടെ അവസാന പ്രസംഗമായ സമസ്തയുടെ 70ആം വാർഷികപ്രസംഗമായി നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞത് "ബഹുമാനപ്പെട്ട സമസ്ത, അതായത് മഹത്തായ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ കീഴിൽ നമ്മൾ അണിനിരക്കണം" എന്നാണ്. സമസ്ത എന്ന് പറയുന്നിടത്തെല്ലാം അതിനൊപ്പം "അതായത് അഹ്ലുസ്സുന്നത്തി വൽ ജമാഅ:" എന്നദ്ദേഹം പറഞ്ഞതിൽ തന്നെ സംഘടനയല്ല ആശയമാണ് വലുതെന്ന ശബ്ദമാണതെന്ന് നാമോർക്കണം. അത് വീണ്ടും വീണ്ടും വായിക്കണം. സംഘടനകൾ ആ ആശയത്തിന്റെ സംസ്ഥാപനത്തിന് സഹായിക്കാൻ വേണ്ടി മാത്രമുള്ളതാണെന്ന് തിരിച്ചറിഞ്ഞവരായിരുന്നു ആ നേതാക്കൾ. അദ്ദേഹത്തിൻറെ പേരിൽ അണിനിരന്നവർ അതിനു വേണ്ടി പ്രവർത്തിക്കാതെ മദ്രസ്സയും പള്ളിയും മഹല്ലുമെല്ലാം സംഘടനാവൽക്കരിക്കുന്നത് നമ്മൾ ശ്രദ്ധിക്കണം. ഇതാണ് മഹല്ലുകളിലെ പ്രശ്നങ്ങളുടെ മൂലകാരണം. രണ്ടു സമസ്തയും ഇതിൽ ഉത്തരവാദികളായി വരുന്നുണ്ട്.

ഇതിനെ സമുദായം സൂക്ഷിക്കണം, നമ്മുടെ മഹല്ലുകൾ ശിഥിലമാകരുത്, അതിനു സമ്മതിക്കരുത് എന്നുണർത്തിക്കൊണ്ട് ഉപസംഹരിക്കുന്നു. നമ്മുടെ ഈ ദീനിനെയും മഹല്ലുകളെയും നാഥൻ കാക്കുമാറാകട്ടെ..


വൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ.


Note: എഴുത്തിലുള്ള പിഴവുകൾക്ക്‌ എഴുതിയ ആൾ മാത്രമാണുത്തരവാദി

ابو زاهد

Tuesday, January 03, 2017

കഴിഞ്ഞ കാലം തന്നെയാണ് നല്ല കാലം..!

മാലപ്പടക്കത്തിന് തിരികൊളുത്തിയ പോലെയാണ് ദൈനം ദിനം പുതുപുതുമയാർന്ന സംവിധാനങ്ങളും കണ്ടുപിടുത്തങ്ങളും സൗകര്യങ്ങളും ഒന്നിൽ നിന്ന് അതിലേറെ മെച്ചമായ മറ്റൊന്നിലേക്ക് അത്യപാരമായ വേഗതയിൽ ചലിച്ചു കൊണ്ടിരിക്കുന്നത്. മനുഷ്യബുദ്ധി ലോകത്ത് വിപ്ലവങ്ങൾ തീർത്തു കൊണ്ടേയിരിക്കുന്ന വർത്തമാന കാലത്ത് സ്വാഭാവികമായും എല്ലാവരും ചിന്തിക്കുക കഴിഞ്ഞു പോയ കാലത്തേക്കാൾ എത്രയോ നല്ലതാണ് ഇന്നത്തെ ടെക്‌നോളജിയുടെ യുഗമെന്നു തന്നെയാണ്.


പണ്ട് പട്ടിണിയും പരിവട്ടവും നിറഞ്ഞു നിന്നിരുന്ന സമൂഹത്തിൽ പലയിടത്തും സമ്പത്ത് കുമിഞ്ഞു കൂടി ദാരിദ്ര്യമെന്നാൽ ഏറ്റവും വിലകുറഞ്ഞ കാറുണ്ടാവുക/വീടുണ്ടാവുക എന്നിടത്തെത്തിയിട്ടുണ്ട് പൊതുവിൽ ഞങ്ങളുടെ നാട്ടിലൊക്കെ. (അപവാദങ്ങൾ ഇല്ലെന്നല്ല). നന്മയാണ് വളർന്നു വന്നത് എന്നും കഴിഞ്ഞു പോയ കാലം ഇന്നത്തെ അപേക്ഷിച്ചു മോശമായിരുന്നു എന്നുമാണ് നാമെല്ലാം മനസ്സിലാക്കുകയും ചെയ്യുക. മാത്രമല്ല, വരാനിരിക്കുന്ന കാലം ഇതിലേറെ നല്ലതായി സംഭവിക്കുമെന്ന ശുഭാപ്തി വിശ്വാസം 'ശോഭനമായ ഭാവി' സ്വപ്നം കാണുന്ന നമ്മിലെല്ലാമുണ്ട്.

അമുസ്ലിമീങ്ങളെയും മതനിരാസ ചിന്തകരെയും ശാസ്ത്ര വിശ്വാസികളെയും മാറ്റിവെച്ച് യഥാർത്ഥത്തിൽ ഒരു സത്യവിശ്വാസി എന്ന നിലയിൽ ഭൗതികമായ നന്മ തിന്മകളെ വിട്ട് ആത്യന്തിക ലക്ഷ്യമായ പാരത്രീക ലോകത്തിനു വേണ്ടി പണിയെടുക്കാനുള്ള സമയമായി ജീവിതത്തെ മനസ്സിലാക്കി ചിന്തിക്കുകയാണെങ്കിൽ വർത്തമാന കാലവും ഭാവിയും ഒരിക്കലും ഭൂതകാലത്തേക്കാൾ നന്മയുടെ കാര്യത്തിൽ മുന്നിലല്ല എന്ന് മാത്രമല്ല, ഒരുപാട് കാതം പിന്നിലാണെന്ന് മനസ്സിലാക്കാൻ കഴിയുക തന്നെ ചെയ്യും.


ഓരോ ദിവസവും പുലരുന്നത് തന്നെ തലേ ദിവസമെന്ന തന്റെ ജീവിതത്തിലെ തിരിച്ചു വരാത്ത സാധ്യതയെ ഇല്ലായ്മ ചെയ്തു കൊണ്ടാണ്. ഇന്നലെയിൽ ഒരു നന്മയും ചെയ്ത തീർക്കാൻ ഇന്ന് കഴിയുകയില്ലല്ലോ. മനുഷ്യനെന്ന നിലയിൽ ഇന്നലെകളിൽ ആധുനികതയുടേതായി ഇന്നുള്ള പല പല സൗകര്യങ്ങളും അനുഭവിക്കാതെ പോയത് അല്ലാഹുവിങ്കൽ ഒരിക്കലും നഷ്ടമായി ഭവിക്കുന്നില്ല, മറിച്ച് എന്തൊക്കെ സൗകര്യങ്ങൾ നാം പുതുതായി അനുഭവിക്കുന്നുവോ അതിനനുസൃതമായി പ്രതിഫലത്തിന്റെ ലോകത്ത് കുറവ് വരുമെന്നത് തീർച്ചയാണ്.


വീട്ടുതൊടിയിലെ ഏറ്റവും താഴ്ഭാഗത്ത്, മണ്ണ് കിളച്ചു പടവുകൾ കെട്ടി ഭംഗിയാക്കാത്ത കിണറിൽ കവുങ്ങിന്റെ പാള കെട്ടിയുണ്ടാക്കിയ തോട്ടി കൊണ്ട് വെള്ളം കോരി നിര്ബന്ധവും സുന്നത്തുമായ കുളികളും വുളൂഉം നിർവ്വഹിച്ച കഷ്ടതയിൽ നിന്നും ഒന്ന് ഞെക്കിയാൽ, തിരിച്ചാൽ ആവശ്യത്തിലധികം വെള്ളം കൈവെള്ളയിലും ശരീരത്തിലും വന്നു വീഴുന്ന - ഒരുവേള മുഖം വെച്ച് കൊടുത്താൽ കഴുകിത്തരുന്ന രീതിയിൽ വരെ സൗകര്യമുള്ള കാലത്തേക്ക് നമ്മളെത്തി, ഇന്നലെയിലെ ആ അപരിഷ്‌കൃത ജീവിതമാണോ അതോ ഇന്നത്തെ സൗകര്യ പൂർണ്ണമായ ജീവിതമാണോ നല്ലത് അല്ലാഹുവിങ്കൽ?


ഇല്ലായ്മയുടെ വല്ലായ്മക്കാലത്ത് എല്ലുമുറിയെ പണിയെടുത്ത് ദൂരെ നിന്നും കല്ലുകളും മണ്ണുകളും ചുമന്നു കൊണ്ട് നമ്മുടെ പ്രപിതാക്കൾ ശ്രമദാനമായി നിർമ്മിച്ച വൃത്തിയും മനോഹാരിതയും ഇല്ലാത്ത പള്ളിയിലാണോ അതോ കോടികൾ കീശകളിൽ നിന്നും വാരി വലിച്ചിട്ട് കൂലി കൊടുത്ത് ഉണ്ടാക്കിയെടുത്ത മാർബിൾ സൗധങ്ങളായ പള്ളിയിലാണോ അല്ലാഹുവിങ്കൽ നന്മ കൂടുതൽ കാണുക? എവിടെയാണ് മനുഷ്യനിൽ ഖുശൂഅ് പകരുന്നത്?


ഞെക്കിയാൽ കിട്ടുന്ന കൈവെള്ളയിൽ ലോകത്ത് ഇൽമ് സംവിധാനിച്ചു ലഭ്യമാക്കുന്ന ഇക്കാലം മുൻകഴിഞ്ഞ കാലത്തേക്കാൾ നല്ലതായി നമ്മിൽ പലരും മനസ്സിലാക്കുന്നു എങ്കിലും സത്യം അവിടെയും മറിച്ചാണ് - ഇൽമ് എന്നത് തത്വത്തിൽ അക്ഷരങ്ങളിൽ തെളിയുന്നതിനേക്കാൾ ഉലമാഇന്റെ ഹൃദയത്തിൽ തെളിയുന്ന വെളിച്ചമാണ്. അക്ഷരങ്ങൾ കൊണ്ട് ഇൽമ് നിലനിൽക്കുമായിരുന്നു എങ്കിൽ ഇൽമിനെ ഉയർത്തുക 'ഉലമാഇനെ മരിപ്പിച്ചു കൊണ്ടായിരിക്കും' എന്ന് തിരുനബി പറയില്ലല്ലോ. അക്ഷരം കൊണ്ട് ഇൽമും വിശ്വാസവും നിലനിൽക്കുമായിരുന്നു എങ്കിൽ വിശുദ്ധ ഖുർആനിന്റെ 'റസ്മ്' മാത്രം നിലനിൽക്കുന്ന ഒരു കാലം വരുമെന്ന് അവിടുന്ന് സൂചിപ്പിക്കില്ലല്ലോ. കൈവെള്ളയിലെന്ന പോലെ ഇൽമിനെ അക്ഷരക്കൂട്ടുകൾ ജനകീയ വൽക്കരിക്കപ്പെട്ടത് നന്മയെക്കാൾ കൂടുതൽ ദുരന്തമാണ് നൽകുന്നത് - ഇൽമറിയാവുന്ന ഉലമാക്കളെ പിന്തുടരുന്നതിനു പകരം അപ്പുറവും ഇപ്പുറവും കാണാതെ മുന്നിലുള്ള അക്ഷരങ്ങളെ പിൻപറ്റി വിശ്വാസം പോലും ആളുകൾ ദുർബലപ്പെടുത്തുന്ന കാലമാണിത്. ഇന്നലെകൾ തന്നെയാണ് ഇന്നിനേക്കാൾ നല്ലത് - നാളെയെക്കാൾ ഇന്നാണ് നല്ലത്, തീർച്ച.


'ഇരുലോകത്തിലെയും എല്ലാ ഖൈറുകളും നശിപ്പിക്കുന്ന ശിർക്ക് നിങ്ങളുടെ വിശ്വാസത്തെ ബാധിക്കുമെന്ന് ഞാൻ ഭയക്കുന്നേയില്ല - മറിച്ച് ദുനിയാവിനെ നിങ്ങളുടെ മേൽ വിശാലമാക്കപ്പെടുന്നതിനെയാണ് നിങ്ങളുടെ മേൽ ഞാൻ ഭയപ്പെടുന്നത്' എന്ന തിരുനബിതങ്ങളുടെ(സ്വ) വിശുദ്ധ വാക്യം ഇല്ലായ്മയുടെ വല്ലായ്മക്കാലം സൗകര്യപൂർണ്ണമായ ദുനിയവിയ്യായ ജീവിതത്തേക്കാൾ എത്രയോ ഉത്തമമാണെന്ന് തെളിച്ചു പറയുന്നുണ്ടല്ലോ.


പ്രകൃതിപരമായി അല്ലാഹു സംവിധാനിക്കുന്ന അനുഗ്രഹങ്ങളെ തൊട്ട് നമുക്ക് മാറിനിൽക്കാൻ കഴിയില്ല എങ്കിലും എന്തെന്ത് അനുഗ്രഹം അധികമായി ലഭിക്കുമ്പോഴും അതിനനുസരിച്ചു നന്ദി ചെയ്യാനുള്ള ബാധ്യതയും അവനിൽ കൂടുന്നില്ലേ, അങ്ങനെ ആലോചിക്കുമ്പോഴും ഇന്നലെകളിലെ കുറഞ്ഞ സൗകര്യങ്ങൾ ഇന്നുകളിലെ സമ്പത്തിന്റെ വിശാലതയെക്കാൾ മുസ്ലിമിന് നല്ലതായിരുന്നു എന്ന് വ്യക്തമാകും.


ഇല്ലായ്മയുടെയും പട്ടിണിയുടെയും ദിനങ്ങളിലും നമ്മുടെ പിതാക്കളും മാതാക്കളും അല്ലാഹുവിനെ മറക്കാതെ ജീവിച്ചു - സൗകര്യങ്ങൾ നമ്മെ അതിന്റെ ദാതാവായ സുബ്ഹാനിലേക്ക് ചേർക്കുകയല്ല, അകറ്റുകയാണ് ചെയ്തതെന്ന് അനിഷേധ്യമായ സത്യമല്ലേ. ബസ്സിന്റെ ബോർഡ് എഴുതിയത് വായിക്കാൻ പോലും കഴിയാതെ ജീവിച്ചു കഴിഞ്ഞു പോയ നമ്മുടെ ഉമ്മാമമാർക്ക് ദൈവഭയവും തഖ്'വായും ജീവിത ലക്ഷ്യത്തെ കുറിച്ചുള്ള ബോധവും എത്ര ഉന്നതിയിലായിരുന്നു!


തിരുനബി(സ്വ) തങ്ങൾ ഇത് കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്, അവിടുന്ന് പറഞ്ഞു:

ما من عام إلا ينقص الخير فيه ويزيد الشر


ആശയം: "ഓരോ വർഷവും അതിനു മുമ്പുള്ളതിനേക്കാൾ ഖൈർ ചുരുങ്ങുകയും തിന്മ വർദ്ധിക്കുകയും ചെയ്തല്ലാതെ വന്നുചേരുകയില്ല"


ഹജ്‌ജാജിന്റെ ഭരണത്തെ പറ്റി പരാതി പറഞ്ഞപ്പോൾ അവരോട് അനസ് ഇബ്നു മാലിക്(റ) പറഞ്ഞത്:


‏اصبروا فإنه لا يأتي زمان إلا والذي بعده شر منه حتى تلقوا ربكم - سمعته من نبيكم صلى الله عليه وسلم


ആശയം: "നിങ്ങൾ ക്ഷമ കൈക്കൊള്ളുക - അല്ലാഹുവിലേക്ക് ചേരുന്ന കാലം വരെ ഒരിക്കലും തുടർന്ന് വരുന്ന കാലം മുമ്പ് കഴിഞ്ഞു പോയതിനേക്കാളും നിലവിലുള്ളതിനേക്കാളും മോശമായല്ലാതെ സംഭവിക്കുകയില്ല - ഇത് ഞാൻ തിരുനബി തങ്ങളിൽ നിന്നും കേട്ടതാണ്".


അനവധി ഉദ്ധരണികൾ ഇങ്ങനെ വന്നിട്ടുണ്ട്, ലോകക്രമത്തെ കുറിച്ചാകട്ടെ ഇസ്‌ലാമിനെ കുറിച്ചാകട്ടെ, അറിവിനെ കുറിച്ചും സകലമാന നന്മകളെ കുറിച്ചും ആകട്ടെ നമ്മുടെ കാഴ്ച്ചപ്പാടുകളിൽ നന്മകൾ വർദ്ധിച്ചതായി തോന്നാൻ സാധ്യത കാണാമെങ്കിലും സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം പിറന്നു വീഴുന്ന ഓരോ പുതിയ ദിവസവും തലേ ദിവസത്തെ അപേക്ഷിച്ചു ഖൈർ ചുരുങ്ങിയതും തിന്മ വർദ്ധിച്ചതുമായി തന്നെയേ കണ്ടെത്താനാകൂ. ഏറ്റവും ചുരുക്കം, എല്ലാ ഖൈറുകളുടെയും കാരണക്കാരനായ തിരുനബി(സ്വ) തങ്ങളുടെ പുണ്യ ജീവിതത്തിൽ നിന്നും ഒരു ദിവസം കൂടി നമ്മൾ ദൂരെയായല്ലോ.........


ഭൂതകാലം തന്നെയാണ് വർത്തമാന കാലത്തേക്കാൾ നല്ലത് - നാമറിയാതെ തന്നെ അല്ലാഹുവിന്റെ സംവിധാനത്തിൽ അവൻ ഖൈറായി നിശ്ചയിച്ചത് ചുരുങ്ങുകയും തിന്മയായി കണക്കു കൂടിയവ കൂടുകയും ചെയ്തിട്ടുണ്ട്. എത്രയെത്ര സൗകര്യങ്ങളും സംവിധാനങ്ങളും കൂടി വരുന്നോ അത്രയും ആത്മീയതയിൽ നിന്നും, മതം നന്മ എന്ന് നിഷ്കര്ഷിക്കുന്നതിൽ നിന്നും മനുഷ്യൻ ദൂരെയാകുകയാണ്.


وعسى أن تكرهوا شيئا وهو خير لكم وعسى أن تحبوا شيئا وهو شر لكم


മനുഷ്യൻ നന്മയെന്നും വളർച്ചയെന്നുമൊക്കെ ചിന്തിച്ചുകൂട്ടി ഇഷ്ടപ്പെടുന്നത് അവനു തിന്മയായിരിക്കും അല്ലാഹുവിങ്കൽ, അതെ പോലെ അവൻ തിന്മയും നഷ്ടവും മുരടിപ്പും വികസ്വരതയും മറ്റും മറ്റുമൊക്കെയായി കണ്ട് വെറുക്കുന്നവയിൽ അല്ലാഹു ഖൈർ സംവിധാനിച്ചിട്ടും ഉണ്ടാകും - അവൻ മാത്രമാണല്ലോ അറിവുടയവൻ .............

ഉമ്മയും ഉപ്പയുമില്ലാതെ നമ്മളുണ്ടോ..?

അബ്ദുല്ലാഹ് ഇബ്നു ഉമർ(റ) തങ്ങളുടെ ഹൃദയസ്പർശിയായ ഒരു യാത്രയുടെ ചരിത്രം രിയാളു സ്വാലിഹീനിൽ വിവരിക്കുന്നുണ്ട്. അവിടുന്ന് മക്കയിലേക്ക് സഞ്ചരിക്കുന്ന സമയത്ത് തന്റെ ഒട്ടകപ്പുറത്ത് യാത്ര ചെയ്ത് ക്ഷീണിക്കുമ്പോൾ സഞ്ചരിക്കാനായി ഒരു കഴുതയെ കൂടി കരുതിയിരുന്നു. വഴിയിൽ ഒരുനാൾ അദ്ദേഹം തന്റെ കഴുതപ്പുറത്ത് സഞ്ചരിക്കുന്ന സമയത്ത് ഒരു ഗ്രാമീണനായ അറബിയെ കണ്ടുമുട്ടിയപ്പോൾ വാഹനം നിർത്തി.


സലാം പറഞ്ഞ് അടുത്തേക്ക് ചെന്ന് "നിങ്ങൾ ഇന്നാലിന്ന ആളല്ലേ" എന്ന് ചോദിച്ചു. അദ്ദേഹം "അതെ" എന്ന് മറുപടി പറഞ്ഞപ്പോൾ സ്വഹാബി വര്യർ സ്നേഹപൂർവ്വം തന്റെ തലേക്കെട്ട് അഴിച്ച് ഗ്രാമീണനായ ആ മനുഷ്യന് നൽകുകയും യാത്രക്കായി തന്റെ കഴുതപ്പുറത്ത് കയറിക്കോളാൻ ആവശ്യപ്പെടുകയും ചെയ്തു.


ഇത് കണ്ടപ്പോൾ കൂടെയുണ്ടായിരുന്നവരിലൊരാൾ ഇബ്നു ഉമർ(റ) തങ്ങളോട്: "അദ്ദേഹത്തിന് എന്തെങ്കിലുമൊക്കെ നൽകിയിരുന്നു എങ്കിൽ തന്നെ സന്തോഷിപ്പിക്കാമായിരുന്നു" എന്ന് നൽകിയത് അൽപ്പം കൂടിപ്പോയി, ഇനി മാറി സഞ്ചരിക്കാൻ വാഹനമില്ലല്ലോ എന്ന രീതിയിൽ പറഞ്ഞപ്പോൾ അവിടുന്ന് പറഞ്ഞുവത്രേ:


"ആ മനുഷ്യന്റെ വാപ്പ എന്റെ വാപ്പയുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്നേഹിതരിൽ ഒരാളായിരുന്നു - തിരുനബി(സ്വ) തങ്ങളിൽ നിന്ന് ഞാൻ കേട്ടിട്ടുണ്ട്: ഒരു വ്യക്തി തന്റെ പിതാവിന്റെ സ്നേഹിതന്മാരുമായി നല്ലനിലയിൽ പെരുമാറുന്നതാണ് മരണശേഷം തന്റെ പിതാവിനോട് ചെയ്യുന്ന ഗുണത്തില്‍ ഏറ്റവും പുണ്യകരമായത്".




മാതാപിതാക്കൾ സ്നേഹിച്ചതുമായി ബന്ധപ്പെട്ടതിനെ സ്നേഹിക്കുന്നത് പോലും അവരെ സ്നേഹിക്കുന്നതിന്റെ ഫലത്തിൽ വരുമെങ്കിൽ, അവരുറങ്ങുന്ന ഖബറിങ്കൽ അവരുടെ ഓർമ്മകളുമായി അവർക്കായി ചെയ്യാവുന്ന മനസ്സറിഞ്ഞ പ്രാർത്ഥനകളുമായി അൽപ്പ നേരം ഇരിക്കാൻ പോലും നമുക്ക് കഴിയുന്നില്ല എങ്കിൽ നാമെപ്പോഴാണ് അവരെ സ്നേഹിച്ചിരുന്നത്???.


ആറു വയസ്സുള്ള പൈതലായ കാലത്ത് വിട്ടു പിരിഞ്ഞു പോയ പ്രിയപ്പെട്ട ഉമ്മയുടെ തിരു കബറിങ്കൽ അബവാഇൽ ആദരവായി നബിതങ്ങൾ(സ്വ) അൻപതിൽ പരം വർഷങ്ങൾക്ക് ശേഷം ചെന്ന് അവിടെ ഇരുന്ന സമയം ചരിത്രത്തിൽ കാണാം. അവിടുത്തെ തിരുശരീരം ഇളകിക്കൊണ്ട് വിതുമ്പി വിതുമ്പി കണ്ണീരൊലിപ്പിച്ച് കരഞ്ഞപ്പോൾ സമാധാനിപ്പിക്കാൻ ഉമർ(റ പോയി ചേർത്തു പിടിച്ചുവത്രെ!!!.


വെറും 6 വർഷം, അതിൽ തന്നെ കുറച്ചു വർഷങ്ങൾ മാത്രം അവിടുന്ന് കൂടെ ജീവിച്ച പ്രിയപ്പെട്ട ഉമ്മാന്റെ ഓർമ്മകൾ അരനൂറ്റാണ്ടിന്റെ അപ്പുറവും അവിടുത്തെ കരയിച്ചു കൊണ്ട് ആ ഓർമ്മകൾ നിലനിന്നു എങ്കിൽ എത്ര മാത്രം അവിടുന്ന് അവിടുത്തെ മാതാവിനെ സ്നേഹിച്ചു കാണും, ജീവിതത്തിൽ ഉടനീളം ഓർത്തു കാണും??!!


നമ്മെപ്പോലെ അവരും എന്നും നാം ജനിക്കുന്നതിന്റെ മുമ്പും അവരുടെ മരണം വരെയും 'സ്വാലിഹായ മക്കളാക്കി തരണേയെന്ന്' ദുആ ചെയ്തിട്ടുണ്ടാകുമെന്നത് തീർച്ചയാണ്. എന്നെന്നും ഉപകരിക്കുന്ന (നാഫിആയ) കർമ്മങ്ങൾ വല്ലതും ബാക്കിയാക്കണം എന്നവർ മോഹിച്ചിട്ടുണ്ടാകുമെന്നതും തീർച്ചയാണ്. പിരിഞ്ഞു പോയ ശേഷം മാതാപിതാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മക്കളാണ് സ്വാലിഹീങ്ങളായ മക്കൾ എന്നതിന്റെ പര്യായമെന്നും മുസ്ലിമായ മനുഷ്യൻ ഭൂമി ലോകത്ത് ബാക്കിയാക്കി പോകുന്ന എന്നെന്നും ഉപകരിക്കുന്ന കർമ്മങ്ങളിൽ ഒന്ന് ആ മക്കളുടെ പ്രാർത്ഥനകളാണ് എന്നും ഒരേ വാക്കിൽ തിരുനബി(സ്വ) പഠിപ്പിക്കുന്നതിൽ വ്യക്തമാണ്. അവരുടെ പ്രാർത്ഥനക്ക് ഉത്തരം ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാകുന്നത് നാമവർക്ക് വേണ്ടി ചെയ്യുന്ന കർമ്മങ്ങളിലൂടെയാണ്.


ആവശ്യങ്ങൾക്ക് വേണ്ടി നമ്മളെ കൂട്ടാതെ പുറത്തേക്ക് പോയ ഉമ്മ തിരിച്ചു വന്നാൽ കിടന്ന പായയിലും നിരങ്ങുന്ന നിലത്തും വെച്ച് നാം അനുഭവിച്ച ആ സന്തോഷം മനസ്സിലാക്കാൻ നമ്മുടെ മക്കൾ അവരുടെ ഉമ്മയോട് കാണിക്കുന്നത് കണ്ടാൽ മതിയാകുമല്ലോ. ജീവിത പ്രാരാബ്ധങ്ങളുമായി ജോലിക്ക് പോയി കയ്യിലൊരു മിഠായിയുമായി കയറി വരുന്ന വാപ്പാന്റെ പുഞ്ചിരിക്കുന്ന മുഖം കണ്ടപ്പോ മനസ്സറിഞ്ഞു സന്തോഷിച്ചു ഓടിപ്പോയി മുത്തം കൊടുത്തിരുന്ന നമ്മുടെ ചെറുപ്പം മറക്കാറായോ?.


ചോര നീരാക്കി, ആയുസ്സിനെ ഹോമിച്ച്, സ്വന്തത്തെ മറന്നു ആർക്കു വേണ്ടി തങ്ങൾ ജീവിച്ചുവോ ആ മക്കൾ പള്ളിക്കാടിന്റെ ഓരത്ത് കൂടെ വാഹനങ്ങളിൽ അങ്ങോട്ടുമിങ്ങോട്ടും ജീവിതത്തിന്റെ തിരക്കുകളിലായി സഞ്ചരിച്ചു കൊണ്ടേയിരിക്കുമ്പോൾ മണ്ണിനടിയിൽ ഒരു സലാമിനായി, പൊന്നു മകന്റെയൊരു വരവിനായി ആശയോടെ കാത്തിരിക്കുന്ന രണ്ടു ആത്മാക്കളെ മറന്നാൽ നാം നമ്മെയാണല്ലോ മറക്കുന്നത്.


നാമില്ലായിരുന്നു എങ്കിലും അവർ ഉണ്ടായിരുന്നു, എന്നാൽ അവർ ഇല്ലായിരുന്നു എങ്കിൽ നാമില്ലായിരുന്നു, അവരില്ലാത്ത ഒരു ഉണ്മ അല്ലാഹു നമുക്ക് നൽകിയിട്ടേയില്ല എന്നോർക്കുമ്പോൾ അവരെ മറക്കുന്നത് സത്യത്തിൽ സ്വന്തത്തെ മറക്കലാണ്. മാതാവും പിതാവും നമ്മിൽ നിന്ന് നീങ്ങിയിട്ടേയുള്ളൂ, നമ്മെ കൊണ്ട് അവർക്കുള്ള ആവശ്യങ്ങൾ, നമ്മുടെ സ്നേഹം, പരിഗണന ഒന്നുമൊന്നും അവസാനിച്ചിട്ടേയില്ല.........

തിരുനബി (ﷺ) - ഒരു ഹ്രസ്വ ചരിത്രം

വരണ്ടുണങ്ങിയ നിബിഡമായ മരുഭൂമിയുടെ മാറിടത്തിലേക്ക്‌ മുലകുടി മാറാത്ത കുഞ്ഞു പൈതലിനെയും മാതാവായ ഹാജറിനെയും വിട്ടു കൊണ്ട്‌ അല്ലാഹുവിന്റെ കൽപ്പനപ്രകാരം ഇബ്രാഹീം നബി(അ) അവരെ അല്ലാഹുവിങ്കൽ ഏൽപ്പിച്ച്‌ തിരിഞ്ഞു നോക്കാതെ നടക്കാൻ തുടങ്ങിയപ്പോ 'ഈ മരുഭൂവിൽ ഞങ്ങളെയും തനിച്ചാക്കി നിങ്ങൾ പോകുകയാണോ?' എന്ന് ഹാജർ ബീവി(റ) ചോദിച്ചു. മറുപടിയില്ല. മൂന്നുവട്ടം ചോദിച്ചിട്ടും ഉത്തരമില്ലാതെ വന്നപ്പോൾ 'ഇങ്ങനെ ചെയ്യാൻ അല്ലാഹുവിങ്കൽ നിന്നുള്ള കൽപ്പനയുണ്ടോ?' എന്നായി മഹതിയുടെ ചോദ്യം. "അതേ" എന്ന മറുപടിയിൽ ബീവി തൃപ്തയായി. ദൈവസന്നിധിയിലെ തീരുമാനമാണെങ്കിൽ അവൻ തന്നെ ജീവിക്കാനുള്ള സംവിധാനവും ഒരുക്കിക്കൊള്ളുമെന്ന മഹത്തായ തവക്കുലിന്റെ ബോധം ഹാജർ ബീവി(റ)ക്ക്‌ മനസ്സിലുറച്ചിരുന്നു.


മാറിടം വറ്റി - കരുതിയ കുടിവെള്ളവും ഭക്ഷണവും തീർന്നു. കണ്ണെത്താദൂരത്തോളം പരന്നു നിൽക്കുന്ന വിശാലമായ മരുഭൂമിയിൽ രണ്ട്‌ മനുഷ്യജീവികൾ ആരോരുമില്ലാതെ, ഒരുവിധ കരുതലുമില്ലാതെ ഒറ്റപ്പെട്ടിരിക്കുന്നു. ഇസ്മായീലെന്ന കുഞ്ഞുമോൻ കരഞ്ഞു തുടങ്ങി. മനം പിളർക്കുന്ന വേദനയോടെ ഓരോ വട്ടവും സഫയുടെയും മർവ്വയിടെയും മുകളിലേക്ക്‌ ഓടിക്കയറി ചക്രവാളത്തിലേക്ക്‌ കണ്ണോടിച്ചു നോക്കി ബീവി സഹായം തേടി..


നാഥന്റെ സഹായമെത്തി, കരഞ്ഞു കാലിട്ടടിക്കുന്ന ഇസ്മായീലിന്റെ കുഞ്ഞുപാദങ്ങൾക്കടിയിൽ ഉറവ പൊട്ടി 'സംസം' വെള്ളം കുതിച്ചു ചാടി. ഹാജർ ബീവി(റ) തടയണ കെട്ടി സംരക്ഷിച്ചില്ലായിരുന്നെങ്കിൽമക്കയിൽ ഒരു നദിയായി അതൊഴുകുമായിരുന്നു എന്ന് തിരുനബി തങ്ങളുടെ തിരുവാക്യം സാക്ഷി.





ഹിജാസിൽ കുടിയേറിയ ജർഹൂം ഗോത്രക്കാർ ജലത്തിന്റെ സാധ്യത അന്തരീക്ഷത്തിൽ തെളിഞ്ഞത്‌ കണ്ട്‌ സംസം കിണറിങ്കൽ അന്വേഷിച്ചെത്തി. "വെള്ളം ഉപയോഗിക്കാം, പക്ഷേ അതിന്റെ അവകാശം തരില്ല" എന്ന് ഹാജർ ബീവി(റ) അവരോട്‌ ഉണർത്തി. കുഞ്ഞു ഇസ്മായീൽ അവരിലൂടെ അറബി ഭാഷ പഠിച്ചു. പിതാവിന്റെ ഭാഷയായ അരാമെക്കിൽ നിന്നും അറബിയിലേക്ക്‌ - അല്ലാഹുവിന്റെ കൃത്യമായ സംവിധാനം. തിരുനബിയുടെ കുടുംബ വഴി അവിടെ രൂപപ്പെടുകയായിരുന്നു. ഇസ്മായീൽ സന്തതികളിൽ കിനാനയിലൂടെ, അവരിൽ നിന്നും ഖുറൈശിലൂടെ, അവരിൽ നിന്ന് ബനൂഹാഷിമിലൂടെ പുണ്യറസൂൽ(ﷺ) നിയോഗിക്കപ്പെടുകയായിരുന്നു - കുലീനമായ പാരമ്പര്യം!.


അന്നൊരു റജബ്‌ മാസത്തിലെ വെള്ളിയാഴ്ച്ച തിരുനബി(ﷺ)യുടെ ജീവന്റെയാധാരമായ പവിത്രബീജം അബ്ദുല്ല(റ) വിലൂടെ ആമിനബീവി(റ)യുടെ പവിത്രമായ ഉദരത്തിലെത്തി. സ്വർഗ്ഗത്തിന്റെ മാലാഖയോട്‌ അല്ലാഹുവിന്റെ കൽപ്പന വന്നു: "ഫിർദ്ദൗസിന്റെ വാതിലുകൾ തുറന്നിടുക". ആകാശ ഭൂമികളിൽ മുഴുക്കെ സന്തോഷത്തിന്റെ വിളംബരം നടന്നു. ആമിനയുടെ ഗർഭപാത്രത്തിൽ അമൂല്യമായ നിക്ഷേപം സ്ഥാപിതമായിരിക്കുന്നു.


ദിവസങ്ങൾ കഴിയുന്തോറും അത്ഭുതങ്ങൾ നടക്കുന്നു. ഗർഭാവസ്ഥയിലെ ബുദ്ധിമുട്ടുകളൊന്നുമില്ല ബീവിക്ക്‌. പിൽക്കാലത്തീ കാര്യം ആമിനബീവി(റ) തന്നെ ഹലീമബീവി(റ)യോട്‌ പറയുന്നുണ്ട്‌. ഇതിനിടയിൽ ശാമിലേക്ക്‌ പോയി വരുന്നവഴിക്ക്‌ പിതാവ്‌ അബ്ദുല്ല(റ) വഫാത്തായി. മഹതി(റ) ഓരോ മാസവും അമ്പിയാക്കളെ സ്വപ്നം കാണുന്നുണ്ട്‌. ആലമുൽ മലക്കൂത്തിലെ വിശുദ്ധാത്മാക്കൾ സ്വപ്നത്തിൽ സന്ദർശ്ശിക്കുന്നു.


അങ്ങനെയങ്ങനെ സംഭവ ബഹുലമായ ഗർഭാവസ്ഥ കഴിഞ്ഞ്‌ ആനക്കലഹ വർഷം ഏ.ഡി 570 ഇൽ റബീഉൽഅവ്വൽ 12 തിങ്കളാഴ്ച പിറന്നു വീണു. അവിടുത്തെ ജീവിതത്തിൽ തിങ്കളാഴ്ച്ച പ്രത്യേകമായ ദിവസമാണ്‌. അനവധി പ്രസിദ്ധ സംഭവങ്ങൾ നടക്കുന്നത്‌ തിങ്കളാഴ്ച്ചയാണ്‌. തിരുജനനം, ഹജറുൽ അസ്‌വദ്‌ സ്ഥാപിച്ചത്‌, പ്രവാചകത്വം, ഹിജ്ര പോയത്‌, മദീനയിൽ എത്തിയത്‌, തിരു വഫാത്ത്‌..


മാർക്കം ചെയ്ത നിലക്ക്, ചൂണ്ടു വിരൽ ആകാശത്തിലേക്കുയർത്തിയാണു അവിടുന്ന് ജനിച്ചത്‌ എന്ന് ചില ചരിത്രങ്ങൾ ഉദ്ധരിക്കപ്പെടുന്നു. ജനനസമയത്തുണ്ടായ അത്യുത്ഭുതകരമായ സംഭവങ്ങൾ ഒട്ടനവധിയാണ്. ശാം മുഴുക്കെ തെളിഞ്ഞു കാണുന്നൊരു അത്ഭുതപ്രകാശം മാതാവ് ആമിനാബീവി(റ) കണ്ടു. ആയിരത്തിൽ പരം വർഷമായി പേർഷ്യക്കാർ ആരാധിച്ചിരുന്ന അഗ്നികുണ്ഡം അണഞ്ഞു പോയി. സാവാ തടാകം വറ്റി വരണ്ടു, കുഫ്ഫാറുകളുടെ വിഗ്രഹാദൈവങ്ങൾ തലകുത്തി വീണു..അങ്ങനെ ഒരുപാട്.


ആനക്കലഹ സംഭവം തിരുനബിക്കും(ﷺ) അവിടുന്ന് പിറക്കാനുള്ള ജനതക്കുമുള്ള സമ്മാനവും ആദരവുമാണെന്ന് ഇബ്നുൽ ഖയ്യിം സാദുൽമആദിൽ വ്യക്തമാക്കുന്നു. അബ്രഹത്തും കൂട്ടരും വേദക്കാരായ ക്രൈസ്തവരായിരിക്കെ അവരേക്കാൾ എത്രയോ മോശക്കാരായ വിഗ്രഹാരാധനയുടെ കൂത്തരങ്ങിന്റെ സമൂഹമായ മക്കാമുശ്രിക്കുകളെ മനുഷ്യന്റെ കൈ കടത്തൽ യാതൊന്നുമില്ലാത്ത അത്യപൂർവ്വമായ സഹായം കൊണ്ട്‌ രക്ഷിച്ചത്‌ അടുത്ത്‌ ജനിക്കാനിരിക്കുന്ന നബിക്കും(ﷺ) പവിത്ര ഭവനത്തിനുമുള്ള ആദരമാണെന്ന് അദ്ദേഹം വിവരിക്കുന്നുണ്ട്‌.


തിരുജന്മത്തിൽ സന്തോഷിച്ച്‌ അബൂലഹബ്‌ സുവൈബ എന്ന അടിമയെ മോചിപ്പിച്ചു. ആ ഒരു സന്തോഷപ്രകടനത്തിന്റെ കാരണത്താൽ തന്നെ അബൂലഹബിന് നരകത്തിൽ എല്ലാ തിങ്കളാഴ്ച ദിവസവും ശിക്ഷയിൽ അൽപ്പം ഇളവുണ്ടെന്ന് പ്രബലമായ പല ഉദ്ധരണികളിലും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.- അതേ സുവൈബ തിരുനബി(ﷺ)ക്ക്‌ മുലകൊടുത്തു. ഖദീജ ബീവിയെ(റ) നിക്കാഹ്‌ ചെയ്ത ശേഷവും സുവൈബയെ അവിടുന്ന് ആദരിക്കുമായിരുന്നു. മഹതിക്കായി സമ്മാനങ്ങൾ അയക്കുമായിരുന്നു.


അങ്ങനെയിരിക്കെയാണ്‌ ഹലീമ ബീവി(റ) യുടെ വരവ്‌ - ബനീസഅദ്‌ ഗോത്രക്കാർ വന്ന് ഖുറൈശികളുടെ മക്കളെ മുലയൂട്ടാൻ കൊണ്ട്‌ പോകുന്ന സംസ്കാരപ്രകാരം നാലു വർഷം അവിടുന്ന് ഹലീമ ബീവി(റ) ക്കൊപ്പം ജീവിച്ചു. അവിടുന്ന്(ﷺ) ചേർന്നതോടെ ആ കുടുംബത്തിൽ എല്ലാത്തിലും നിറഞ്ഞ ബറകത്ത്‌. അവരുടെ വരണ്ടുണങ്ങിയ കൃഷിയിടങ്ങൾ പച്ച പിടിച്ചു. പാലില്ലാത്ത ആടുകളുടെയും ഒട്ടകങ്ങളുടെയും അകിടുകൾ നിറഞ്ഞുനിന്നു.


രണ്ടു വർഷത്തെ പതിവ് മുലയൂട്ടലിനു ശേഷവും ബറക്കത്താക്കപ്പെട്ട കുഞ്ഞുമോനെ പിരിയാൻ പോറ്റുമ്മ ഹലീമ(റ)ക്കും കുടുംബത്തിനും തോന്നിയില്ല. മക്കത്ത് വന്ന് ആമിന ബീവി(റ)യോട് കുട്ടിയുടെ ആരോഗ്യസംരക്ഷണത്തെ കുറിച്ചും മക്കത്ത് പടർന്നു പിടിക്കുന്ന പകർച്ച വ്യാധികൾ കുട്ടിക്ക് വരാതിരിക്കാൻ വേണ്ടിയൊന്നുമൊക്കെ പറഞ്ഞു വീണ്ടും പൈതലായ മുഹമ്മദിനെ(ﷺ) തങ്ങളുടെ കൂടെ തന്നെ കൂട്ടിക്കൊണ്ടു പോയി വളർത്തി. നാലാം വയസ്സിലെ പ്രസിദ്ധമായ ഹൃദയ ശസ്ത്രക്രിയയിൽ പേടിച്ച്‌ പോയ ഹലീമബീവി മകനെ ആമിനാബീവിയിലേക്ക്‌ തിരിച്ചേൽപ്പിച്ചു. നാലു വട്ടം അവിടുത്തേക്ക്‌ ഹൃദയ ശസ്ത്രക്രിയ നടന്നതായി ഉദ്ധരിക്കപ്പെടുന്നുണ്ട്‌ - നാലാം വയസ്സിൽ, പത്താം വയസ്സിൽ, നുബുവ്വത്ത്‌ നൽകാൻ വന്ന സമയത്ത്‌, ഇസ്രാഅ് മിഅ്റാജിന്റെ സമയത്ത്‌.




ആറാം വയസ്സിൽ യസ്‌രിബിലേക്ക്‌ ഉമ്മയോടൊപ്പമൊരു യാത്രപോയി. ഉമ്മു അയ്മൻ എന്ന അടിമ സ്ത്രീയും ഒപ്പമുണ്ടായിരുന്നു. പിൽക്കാലത്ത്‌ അവിടുന്ന് ഇവരെ മോചിപ്പിച്ച്‌ സൈദ്‌ ഇബ്നു ഹാരിസ(റ)വിനു നിക്കാഹ്‌ ചെയ്തു കൊടുത്തു. ഒരു മാസത്തോളം അവിടെ ഉന്മാന്റെ കുടുംബക്കാർക്കൊപ്പം നിന്നു. ബനീ അദിയ്യ്‌ ഗോത്രക്കാരുടെ കുളത്തിൽ അവിടുന്ന് നീന്തൽ പഠിച്ചത്‌ ഇക്കാലത്താണ്‌. തിരിച്ചു വരുമ്പോൾ അബവാഇൽ വെച്ച്‌ പ്രിയപ്പെട്ട ഉമ്മ ആമിനബീവി(റ) വഫാത്തായി. വർഷങ്ങളേറെ കഴിഞ്ഞോരുനാൾ സ്വഹാബത്തിനൊപ്പം ആ വഴിയിലൂടെ സഞ്ചരിക്കുമ്പോൾ പുണ്യ റസൂൽ(ﷺ) അബവാഇൽ എത്തിയ സമയത്ത് അവിടുത്തെ പ്രിയമാതാവ്(റ)യുടെ തിരുഖബറിങ്കൽ വന്നു നിന്ന് ശരീരം ഇളകിക്കൊണ്ട് തേങ്ങി തേങ്ങി കരഞ്ഞത് ചരിത്രത്തിലെ ഏറ്റവും കരളലിയിക്കുന്ന സ്നേഹനിമിഷങ്ങളാണ്. അൻപതിൽ പരം വർഷം മുമ്പ് പിരിഞ്ഞു പോയ ഉമ്മയുടെ ഖബർ അവിടുത്തെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ടായിരുന്നു. ആ പ്രിയമാതാവിന്റെ ഓർമ്മകൾ അവിടുത്തെയുള്ളിൽ നിറഞ്ഞു നിന്നിരുന്നു.


ഉമ്മു അയ്മനൊപ്പം തിരിച്ചെത്തിയ തികച്ചും അനാഥനായ മോനെ പിതാമഹൻ അബ്ദുൽ മുത്വലിബ്‌ വളർത്തി. സംഭവബഹുലമായ രണ്ടു വർഷക്കാലത്തെ ജീവിതമായിരുന്നു പിതാമഹന്റെ കീഴിലേത്. തിരുനബിയിലെ(ﷺ) അത്യുൽകൃഷ്ടമായ ഭാവി അബ്ദുൽമുത്വലിബ് ദീർഘവീക്ഷണം ചെയ്തിരുന്നു. വരൾച്ചയുടെ ദൈന്യമായ സമയത്ത് അവിടുത്തെ(ﷺ) മുഖം ആകാശത്തിലേക്ക് കാണിച്ചപ്പോൾ ഇല്ലായ്മയിൽ നിന്നും എങ്ങുനിന്നോ മേഘങ്ങൾ ഉരുണ്ടുകൂടി ദിവസങ്ങളോളം നിർത്താതെ മഴപെയ്ത അത്ഭുത സംഭവങ്ങൾക്കൊക്കെ മക്കക്കാരെ സാക്ഷിനിർത്തുകയായിരുന്നു അബ്ദുൽമുത്വലിബ്. എട്ടാം വയസ്സിൽ അദ്ദേഹവും വഫാത്തായി.


ശേഷം തന്റെ പിതാവിന്റെ ഉമ്മയും ഉപ്പയുമൊത്ത സഹോദരനായ അബൂ ത്വാലിബ്‌ ഏറ്റെടുത്തു. വളരെ സ്നേഹപൂർവ്വം വളർത്തി. ദാരിദ്ര്യം നിറഞ്ഞ അബൂത്വാലിബിന്റെ വീട്ടിൽ മുഹമ്മദെന്ന(ﷺ) അത്ഭുതബാലൻ വന്നതോടെ നിറഞ്ഞ ബറക്കത് കളിയാടാൻ തുടങ്ങി. എന്തിനും അദ്ദേഹത്തിന് മുഹമ്മദ്(ﷺ) വേണം. ആർക്കും ഭക്ഷണം മതിയാകാതിരുന്നതിൽ നിന്നും ആ കുട്ടി(ﷺ) വന്നതോടെ എല്ലാവരും തിന്നാലും ഭക്ഷണം ബാക്കി വന്നു തുടങ്ങി. കുറഞ്ഞ പാൽ ആദ്യം മുഹമ്മദിനെ(ﷺ) കൊണ്ട് അബൂത്വാലിബ് കുടിപ്പിക്കുകയും ശേഷം വീട്ടിലുള്ള മുഴുവൻ പേരും കുടിച്ചാലും എല്ലാവർക്കും മതിയാവോളം കുടിക്കാൻ ലഭ്യമാകുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തിനൊപ്പം പന്ത്രണ്ടാം വയസ്സിൽ ശാമിലേക്ക്‌ ആദ്യമായി യാത്രപോയി. അവിടെവെച്ച്‌ പ്രശസ്തമായ ബഹീറയെന്ന പുരോഹിതനുമായുള്ള കാഴ്ച്ചയും സംഭവങ്ങളും നടന്നു. പിന്നീട്‌ ഖദീജ ബീവി(റ)യുടെ കച്ചവട സംഘത്തിലായി വീണ്ടും ശാമിൽ പോയിട്ടുണ്ട്‌. മക്കത്തെ കുഫ്ഫാറുകളുടെ അതികഠിനമായ പീഡനങ്ങളുടെ കാലത്തും അവിടുത്തേക്ക്(ﷺ) താങ്ങും തണലുമായി നിന്നത് പ്രിയപ്പെട്ട പിതൃവ്യൻ തന്നെയായിരുന്നു.

ഖദീജ ബീവി(റ)യുമായുള്ള വിവാഹമാണു പിന്നെ നടന്നത്‌. മഹത്തായ, സ്നേഹപൂർണ്ണമായ മാതൃകാ ദാമ്പത്യ ജീവിതം. 25 വർഷത്തെ ഒന്നിച്ചുള്ള ജീവിതത്തിനിടെ മറ്റൊരു ഭാര്യയെയും സ്വീകരിച്ചില്ല. നാൽപ്പതാമത്തെ വയസ്സിൽ ഹിറാഗുഹയിൽ ഏകാന്ത ധ്യാനത്തിലായിരിക്കെ ജിബ്രീൽ വന്ന് വഹിയ്‌ നൽകി നുബുവ്വത്തിന്റെ ദൗത്യമേൽപ്പിക്കുന്നു. പ്രവാചകത്വം ലഭിക്കുന്നതും ശേഷമുള്ള സംഭവബഹുലമായ ദഅ്വത്തിന്റെ ചരിത്രവുമൊക്കെ ഖദീജബീവി(റ)യോളം സ്വാധീനിച്ച മറ്റൊരാളുമില്ല. ആ മഹതി(റ) ഹിജ്രയുടെ 3 വർഷം മുമ്പ്‌ വഫാത്തായി. 6 മക്കളുണ്ടായി ആ ബന്ധത്തിൽ. ബീവി(റ)യുടെ സമ്പത്തും സൗകര്യവും ജീവിതവും മുഴുവൻ നബിതങ്ങൾക്ക്‌(ﷺ) വേണ്ടി സമർപ്പിച്ചു.


അതേ വർഷം തന്നെയായിരുന്നു എട്ട്‌ വയസ്സുമുതൽ പുണ്യനബി(ﷺ) തങ്ങളുടെ എലാമെല്ലാമായിരുന്ന പിതൃവ്യൻ അബൂത്വാലിബും ലോകത്തോട്‌ വിടപറയുന്നത്‌. 'ആമുൽ ഹുസ്ൻ' (ദുഃഖ വർഷം) എന്ന പേരിലാണീ വർഷത്തെ ചരിത്രം പരിചയപ്പെടുത്തുന്നത്‌. ഈ സന്താപത്തെയും പ്രയാസത്തെയും അതിജീവിക്കാൻ നബിതങ്ങളെ(ﷺ) സന്തോഷിപ്പിക്കാൻ വേണ്ടി കൂടിയായിരുന്നു തിരുനബിക്ക്‌ അല്ലാഹു ഇസ്രാഉം മിഅ്റാജും നൽകിയത്‌ എന്നും ചരിത്രത്തിൽ കാണാം.


ശേഷം ആദ്യം സൗദ ബീവി(റ)യെയും പിന്നെ ആയിഷ ബീവി(റ)യെയും വിവാഹം ചെയ്തു. പിന്നീട്‌ അതിപ്രധാനമായ ഹിജ്രയുടെ അനുവാദം ലഭിക്കുന്നു. കഠിനമായ പ്രയാസങ്ങളുടെ മേൽ പ്രയാസമുള്ള സമയം. പ്രധാന സ്വഹാബികൾ മിക്കവരും മദീനയിലേക്ക്‌ പോയി, അലി(റ), അബൂബക്കർ(റ), തിരുനബി(സ്വ) തുടങ്ങിയവർ മാത്രം മക്കത്ത്‌ ബാക്കിയായി. ദാറുന്നദ്‌വയിൽ കുഫ്ഫാറുകളുടെ കുപ്രസിദ്ധയോഗത്തിൽ ഇബ്‌ലീസ്‌(ല:അലൈഹി) വയസ്സായ മനുഷ്യന്റെ രൂപത്തിൽ വന്നു തിരുനബി(ﷺ)യെ കൊല്ലാനുള്ള തീരുമാനത്തിനു വഴിയൊരുക്കി. ജിബ്രീൽ(അ) വഴി കാര്യമറിഞ്ഞ തിരുനബി(ﷺ) അലി(റ)വിനെ വിരിപ്പിൽ കിടത്തി. പുറത്തുള്ള ശത്രുക്കളുടെ കണ്ണിൽ മണ്ണുവാരി എറിഞ്ഞ്‌ അവർക്കിടയിലൂടെ നടന്നുപോയി.


അബൂബക്കറി(റ)നോടൊപ്പം യാത്ര തുടങ്ങി. സൗർ ഗുഹയിൽ മൂന്നുനാൾ താമസിച്ചു. ചിലന്തിയും രണ്ട്‌ മാടപ്രാവുകളുമായി അല്ലാഹുവിന്റെ ഖുദ്രത്തിന്റെ സഹായം വന്നു. ആശങ്കപ്പെടുന്ന അബൂബക്കറി(റ)നോട്‌ "മൂന്നാമനായി അല്ലാഹു കൂടെയുള്ള രണ്ടു പേരെ കുറിച്ച്‌ നിങ്ങൾക്കെന്ത്‌ തോന്നുന്നു" എന്ന് നബിതങ്ങൾ(ﷺ) ചോദിച്ചു കൊണ്ട്‌ ധൈര്യം കൊടുത്തതും 'ഭയപ്പെടേണ്ട, അല്ലാഹു കൂടെയുണ്ട്' എന്നവിടുന്ന് പറഞ്ഞതും ഖുർആൻ ഉദ്ധരിക്കുന്നു.


തിരുനബിയുടെ(ﷺ) തലയെടുക്കുന്നതിനുള്ള കുഫ്ഫാറുകളുടെ നൂറൊട്ടകം പ്രതിഫലം വാങ്ങാനായി നബിതങ്ങളെ(ﷺ) കൊല്ലാൻ തേടിവന്ന സുറാഖ(റ)യുടെ ചരിത്രം പ്രസിദ്ധമാണ്‌. പിൽക്കാലത്ത് ഇസ്ളാമണഞ്ഞ അതേ സുറാഖയോട്‌(റ) കിസ്രാ ചക്രവർത്തിമാരുടെ അധികാര ചെങ്കോൽ ഇസ്ലാം തകർക്കുന്ന ഒരു കാലത്തെ തിരുനബി(ﷺ) സൂചിപ്പിച്ചതും അത്‌ ഉമർ(റ)വിന്റെ കാലത്ത്‌ ലോകം കണ്ടതും സുന്ദരമായ ചരിത്രമാണ്‌.


റബീഉൽ അവ്വൽ 12 തിങ്കളാഴ്ച്ച അവിടുന്നും(ﷺ) സ്വാഹിബായ അബൂബക്കർ(റ)വും മദീനത്തെത്തി. 'ത്വലഅൽ ബദ്‌റു...' പാടി ജനങ്ങൾ മദീനയിലെ അതിർത്തിയിൽ അവിടുത്തെ സ്വീകരിച്ചു. തങ്ങളുടെ കൂടെ വീട്ടിൽ താമസിക്കാൻ അതിഥിയായി നബിതങ്ങളെ(ﷺ) കിട്ടാൻ എല്ലാവരും മോഹിച്ചെങ്കിലും അല്ലാഹുവിങ്കൽ നിന്നും മഅ്മൂറായ അവിടുത്തെ(ﷺ) ഒട്ടകം അബൂ അയ്യൂബുൽ അൻസ്വാരി(റ) തങ്ങളുടെ വീട്ടിനു മുന്നിൽ മുട്ടുകുത്തി. ആറിനടുത്ത്‌ മാസങ്ങൾ അവിടെ താമസിച്ചു. ആതിഥേയനായ അബൂ അയ്യൂബ്‌ (റ)വിന്റെ തിരുനബിസ്നേഹത്തിന്റെ ദൃഷ്ടാന്തങ്ങളായ, ഹൃദയസ്പർശ്ശിയായ സംഭവങ്ങൾ ഒട്ടനവധി അവിടുത്തെ താമസകാലത്ത്‌ നടന്നിട്ടുണ്ട്‌.


നിതാന്ത വൈരികളായിരുന്ന, ഗോത്രീയ സംഘർഷങ്ങളുടെ നൂറ്റാണ്ടുകളുടെ കഥകൾ പറയാനുണ്ടായിരുന്നു ഔസ് ഗോത്രത്തിലെയും ഖസ്രജ് ഗോത്രത്തിലെയും തലമുറകളായി ഭിന്നിച്ച മനസ്സുകളെ ഇസ്‌ലാം എന്ന കണ്ണിയിലെ സാഹോദര്യത്തിന്റെ ചരടിൽ ചേർത്തുകെട്ടി അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്താൽ മനസ്സുകളിൽ ഇണക്കം സ്ഥാപിക്കുകയായിരുന്നു അവിടുന്ന് പിന്നീടങ്ങോട്ട്. രക്തബന്ധത്തേക്കാൾ ദൃഢമായ ആദർശ ബന്ധത്തിന്റെ പവിത്രതയിൽ വിശ്വസിക്കുന്ന ഉത്തമമായൊരു സമൂഹം പിറവിയെടുക്കുകയായിരുന്നു. മദീനത്ത്‌ അവിടുന്ന് നടത്തിയ ആദ്യ പ്രസംഗത്തിൽ സലാമിനെ പരത്താനും, ഭക്ഷണം കൊടുക്കാനും കുടുംബബന്ധം ചേർക്കാനും ജനങ്ങൾ ഉറങ്ങുമ്പോ എഴുന്നേറ്റ്‌ നിസ്ക്കരിക്കാനും അവിടുന്ന് ആവശ്യപ്പെട്ടു, എങ്കിൽ സമാധാനത്തോടെ സ്വർഗ്ഗത്തിൽ പ്രവേശിക്കാമെന്ന വാഗ്ദാനവും.


സംഭവബഹുലമായ പത്ത്‌ വർഷത്തെ മദീനാ ജീവിതം. അതിപ്രധാനമായ ബദർ യുദ്ധത്തിലെ വിജയം അറേബ്യയെ പിടിച്ചുകുലുക്കി. എല്ലായിടത്തേക്കും അവിടുന്ന് കത്തുകളുമായി ദൂതന്മാരെ അയച്ചു, അതിശക്തമായൊരു രാജ്യം കെട്ടിപ്പടുത്തു. 27 ഓളം ഗസ്‌വതുകളും 56 സരിയ്യത്തുകളും നടത്തി. മക്ക ഫത്‌ഹായി - ഹുനൈൻ യുദ്ധം ജയിച്ചു. ആ പവിത്രജീവിതത്തിൽ ഒരേ ഒരു ഹജ്ജ്‌ മാത്രമേ ചെയ്തുള്ളൂ അവിടുന്ന്, 4 ഉമ്രകൾ ചെയ്തുവത്രെ. ഒട്ടനവധി അത്ഭുതങ്ങൾ അവിടുന്ന് പ്രകടമാക്കി ജീവിതം മുഴുക്കെ. അവയെയെല്ലാം നിഷ്പ്രഭമാക്കുന്ന എന്നെന്നും നിലനിൽക്കുന്ന എല്ലാത്തിലും വലിയ അത്ഭുതമായ ഖുർആൻ പൂർത്തിയാക്കി എത്തിച്ചു തന്നു.


എല്ലാം കഴിഞ്ഞ്‌ അവിടുത്തെ ഹജ്ജതുൽ വിദാഇന്റെ പ്രസംഗത്തിൽ പലകാര്യങ്ങളും പറഞ്ഞ ശേഷം അവിടുന്ന് ചോദിച്ചു:


"എന്നെപ്പറ്റി അല്ലാഹു നിങ്ങളോട്‌ ചോദിച്ചാൽ നിങ്ങളെന്ത്‌ പറയും?" എന്ന് അവിടുന്ന് ചോദിച്ചപ്പോൾ സ്വഹാബത്ത്‌ ഒരേസ്വരത്തിൽ അങ്ങ്‌ ഞങ്ങൾക്ക്‌ എല്ലാം എത്തിച്ചു തന്നു എന്ന് പറയുമെന്ന് പറഞ്ഞപ്പോൾ അവിടുന്ന് ചൂണ്ടുവിരൽ ആകാശത്തേക്കുയർത്തി മൂന്നുവട്ടം "അല്ലാഹുവേ, നീ സാക്ഷി" എന്ന് വിളിച്ചു പറഞ്ഞു. ശേഷം അൽയൗമ അക്മൽതു ലകും.. എന്ന ആയത്തോതി കേൾപ്പിച്ചു.


പിന്നീടങ്ങോട്ട്‌ അവിടുന്ന് അവസാനയാത്രക്കുള്ള ഒരുക്കങ്ങൾ പോലെയായിരുന്നു എല്ലാ പ്രവർത്തനങ്ങളും. ഉഹദിലെ ശുഹദാക്കളെ പോയി കണ്ടു. അവിടെ വെച്ച്‌ നടത്തിയ പ്രസംഗത്തിൽ പ്രസിദ്ധമായ "എന്റെ ശേഷം നിങ്ങൾ ശിർക്കിൽ അകപ്പെടുമെന്ന് ഞാൻ ഭയപ്പെടുന്നില്ല - മറിച്ച്‌ ദുനിയാവിനെ നിങ്ങളുടെ മേൽ വിരുത്തപ്പെടുന്നതിനെയാണു ഞാൻ ഭയക്കുന്നത്‌" എന്ന് പറഞ്ഞു.


സഫറിലെ അവസാന തിങ്കളിൽ അവിടുന്ന് രോഗബാധിതനായി. എല്ലാ പ്രയാസങ്ങളുടെയും അവസാനം 'അല്ലാഹുമ്മർറഫീഖൽ അഅ്ലാ' എന്നും പറഞ്ഞ്‌ ഇലാഹീ സവിധത്തിലേക്ക്‌ അവിടുന്ന് യാത്രയായി..


ഇന്നാ ലില്ലാഹി വഇന്നാ ഇലയ്ഹി റാജിഊൻ..😪


ആകെ പ്രയാസത്തിലായ സ്വഹാബികളെ സമചിത്തത കൈവിടാതെ ഖലീഫ അബൂബക്കർ തങ്ങൾ(റ) അഭിമുഖീകരിച്ച്‌, എല്ലാവരിലേക്കും ചേർന്ന് പറഞ്ഞു:


فمن كان منكم يعبد محمدا صلى الله عليه وسلم فإن محمدا قد مات ومن كان منكم يعبد الله فإن الله حي لا يموت


(നിങ്ങളിൽ ആരെങ്കിലും മുഹമ്മദ്‌ നബിയെﷺ ആരാധിച്ചിരുന്നു എങ്കിൽ അവിടുന്ന് വഫാത്തായിരിക്കുന്നു, നിങ്ങളിൽ ആരെങ്കിലും അല്ലാഹുവിനെ ആരാധിച്ചിരുന്നുവെങ്കിൽ അല്ലാഹു മരണമില്ലാത്ത, എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്‌).


لو كانت الدنيا تدوم لأهلها
لكان رسول الله حيًا وباقيًا..


ഏതോ ഒരു കവി പാടിയത്‌ പോലെ ദുനിയാവ്‌ ആരെ എങ്കിലും എന്നെന്നേക്കും വസിക്കാനായി സമ്മതിക്കുമായിരുന്നു എങ്കിൽ നബിതങ്ങൾ സ്വല്ലല്ലാഹു അലൈഹി വസല്ലം ജഡികലോകത്ത്‌ തന്നെ ജീവനോടെയുണ്ടാകുമായിരുന്നല്ലോ.


അവിടുന്ന് നമുക്ക്‌ മുമ്പേ നമ്മിൽ നിന്നും പോയിട്ടുണ്ട്‌, തീർച്ചയായും നാമും ഒരുനാൾ പോകണം - അവിടുന്ന് നമ്മെയേൽപ്പിച്ചു പോയത്‌ കിതാബും സുന്നത്തുമാണ്‌. നമുക്ക്‌ മുമ്പേ നന്മയിലായി വഴികടന്നു പോയ അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ച മഹാന്മാരുടെ വഴിയിലൂടെ നടന്ന് പുണ്യറസൂൽ(ﷺ) കൈമാറി തന്നിട്ട്‌ പോയ കിതാബുല്ലാഹിയും തിരുസുന്നത്തും മുറുകെപ്പിടിച്ച്‌ വേണം നമുക്ക്‌ ജീവിക്കാൻ - ഹൗളിങ്കൽ ഞാൻ കാത്തിരിക്കും എന്നത്‌ അവിടുത്തെ വാക്കാണ്‌, ആ തിരുകരം കൊണ്ട്‌ സ്നേഹത്തിന്റെ ഒരു കോപ്പ പാനീയം കൗസറിൽ നിന്നും കോരിക്കുടിക്കാൻ നാഥൻ തുണക്കട്ടെ, ആമീൻ..💛


ابو زاهد