Thursday, December 31, 2015

അത്ഭുതങ്ങളുടെ മേൽ അത്ഭുതം കാണിച്ച പ്രവാചകർ (സ്വ)

ചിലർക്ക് പ്രയാസമാണ്..

അല്ലാഹുവിന്റെ ഹബീബിന്റെ തിരുജീവിതത്തിലും ശേഷവും അവിടുത്തെ തിരുശരീരവും തിരുസാന്നിധ്യവും കരസ്പർശവും കൊണ്ട് റബ്ബിന്റെ ഖുദ്രത്തിനാൽ സംഭവിച്ച മഹാദ്ഭുതങ്ങൾ പറയുന്നതിൽ അവർക്ക് ലജ്ജയാണ്..!

സാധാരണക്കാരനായ പ്രവാചകരെ ആണത്രേ അവർ പരിചയപ്പെടുത്തുന്നത്‌, അസാധാരണത്വം കാലഹരണപ്പെട്ടത്രേ!

മഹാഭാരതത്തിലെയും പുരാണത്തിലെയും ഇതിഹാസങ്ങൾക്ക് സമാനമായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണത്രേ അത്തരം മഹാസംഭവങ്ങൾ ഉദ്ധരിക്കുന്നവർ ചെയ്യുന്നത്..! അവിടുത്തെ മുഅ്ജിസാതുകളെ പറ്റി പറഞ്ഞു നടക്കേണ്ടത്രേ..!

'സാധാരണക്കാരനായ' മുഹമ്മദിനെ ലോകം അംഗീകരിച്ചിരുന്നുവെന്നും അസാധാരണത്വമുള്ള മുഹമ്മദിനെ(സ്വ) അംഗീകരിക്കുന്നിടത്താണ്‌ വിശ്വാസവും അവിശ്വാസവും വേർതിരിഞ്ഞതെന്ന് അവരോർക്കുന്നില്ല !!!

ആ വിരൽത്തലപ്പിൽ നിന്നും അരുവിയിൽ കളകളാരവത്തോടെയൊഴുകുന്ന തെളിനീരിനേക്കാൾ ശുദ്ധമായ ജലത്തുള്ളികൾ ഒഴുകിയത്‌ പറയുന്നതവർക്ക്‌ അരോചകമാണ്‌.

ആ തിരുവിരൽ ചൂണ്ടിയപ്പോ രണ്ട്‌ പിളർപ്പായ ചന്ദ്രന്റെ ചരിത്രമവർക്ക്‌ അലർജ്ജിയാണ്‌.

ആ തിരുരക്തം കുടിച്ച സ്വഹാബി വനിതയെ കേൾക്കുന്നതവർക്ക്‌ വിമ്മിഷ്ടമാണ്‌..

മുത്തുമണികൾ പോലെ തിളങ്ങുന്നയാ തിരുമേനിയിലെ വിയർപ്പുകണങ്ങൾ ശേഖരിച്ചതവർക്ക്‌ കേൾക്കേണ്ട...

ആ പൂവധരം തൊട്ട വെള്ളപ്പാത്രത്തിന്റെ ഭാഗം കൊണ്ട്‌ ബർക്കത്തെടുത്തത്‌ അവർക്ക്‌ മൂടിവെക്കണമത്രേ..

ആ തിരുവായയിൽ നിന്ന് വന്ന പരിമളം പരത്തുന്ന കഫം സ്വശരീരത്തിൽ വാരിത്തേച്ച സ്വഹാബത്തിന്റെ ഓർമ്മകൾ അവർക്ക്‌ മ്ലേഛമാണ്‌...

പൂമേനിയെ പൊതിഞ്ഞ പുണ്യ ജുബ്ബയിൽ രോഗശമനം തേടിയത്‌ പുരോഗമന സമൂഹത്തിൽ പറയുന്നതവർക്ക്‌ ലജ്ജയാണത്രേ..


അവർക്ക്‌ അൽഭുതങ്ങൾ കാണിച്ച പ്രവാചകരെ വേണ്ട - അവർക്ക്‌ വേണ്ടത്‌ "രാഷ്ട്രീയക്കാരനായ" പ്രവാചകരെയാണത്രെ..!!

അന്യന്റെ ചിന്തയിലെ മാർദ്ദവം കണക്കെ തന്റെ വിശ്വാസവും വളച്ചുകെട്ടണം എന്ന തരംതാണ ചിന്തക്കാർ ഉണ്ടെങ്കിൽ അവരെ ആ വഴിക്ക്‌ വിട്ടേക്കൂ - പവിത്ര വിജ്ഞാനത്തിന്റെ മഹോന്നതി നൽകിയാദരിക്കപ്പെട്ട സത്യദീനിന്റെ കാവൽഭടന്മാരായ മുഹദ്ദിസീങ്ങളും ചരിത്രകാരന്മാരും ഫുഖഹാക്കളുമായ പണ്ഡിത ചക്രവർത്തിമാരുടെ തിരുകരങ്ങളും നാവുകളും കൊത്തിവെച്ച മനസ്സുകളുടെ പട്ടമഹിഷിയായ ഹബീബിന്റെ മഹാത്ഭുതങ്ങളുടെ ചരിത്രങ്ങൾ കുടുംബങ്ങളിൽ താരാട്ടുപാട്ടൊരുക്കട്ടെ...

പതിനാലു നൂറ്റാണ്ടുകളായി വാഴ്ത്തിയിട്ടും തീരാത്ത ആ മദ്ഹുകളുടെ സുഗന്ധം അവരുടെ നാസാരന്ധ്രങ്ങളെ മത്ത് പിടിപ്പിക്കട്ടെ... അക്ഷരങ്ങളും അക്കങ്ങളും അവിടുത്തെ പ്രകീർത്തനങ്ങളാൽ നിറയട്ടെ. എന്റെ കരളായ ഹബീബിന്റെ ജീവിതത്തിലെ ഓരോ നിമിഷവും അത്ഭുതങ്ങളായിരുന്നു. മഹാത്ഭുതത്തിന്റെ പിറവി തൊട്ട് തിരുജസദ് മണ്ണിലേക്ക്‌ ചേരുവോളം പദാർത്ഥ ലോകത്തും ശേഷം ആത്മീയ ലോകത്തും അവിടുന്നാൽ ലഭ്യമായ അത്ഭുതങ്ങൾക്ക് കയ്യും കണക്കുമില്ല.

ഹബീബേ, അവിടുത്തെ തിരു ശഫാഅത്തല്ലാതെ തുണയില്ലാത്ത നാൾ വരാനുണ്ട്. അവിടുത്തെ കരങ്ങളാൽ ഒരു കോപ്പ മോഹിച്ച് പാരാവാരങ്ങളായ ജനസമുദ്രം ഓടിയടുക്കുന്നൊരു നാൾ വരാനുണ്ട്:

മുത്തായ തങ്ങളെ, അവിടുത്തെ പ്രകീർത്തനങ്ങൾ ചൊല്ലിയ നാവുകൾ മാത്രമാണ് പ്രതീക്ഷ..

അവിടുത്തെ വർണ്ണിച്ച അക്ഷരങ്ങൾ പൊഴിഞ്ഞു വീണ വിരലുകൾ മാത്രമാണ് പ്രതീക്ഷ..

അവിടുത്തെ തിരുനോട്ടമാണ് വിജയം..

❤അഗിസ്നാ യാ റസൂലല്ലാഹ്❤

Tuesday, December 29, 2015

പാവങ്ങളുടെ, ദുർബലരുടെ പ്രവാചകർ ﷺ

സാഹിർ(റ) കച്ചവടത്തിരക്കിലായിരുന്നു. ആരോ പിന്നിൽ വന്നു കണ്ണ് പൊത്തി കൂട്ടിപ്പിടിച്ചു. ലോലമായ പട്ടുതുണിയേക്കാൾ മാർദ്ദവത്വം അദ്ദേഹത്തിന് അനുഭവപ്പെട്ടു കാണും.

"ആരാണെന്ന് പറയൂ", സാഹിർ തങ്ങൾ ആവശ്യപ്പെട്ടു. പതിയെ തിരിഞ്ഞു നോക്കിയ അദ്ദേഹം കണ്ടത് തിരുമുസ്ഥഫാ ﷺ തങ്ങളെയായിരുന്നു.

കിട്ടിയ അസുലഭമായ അവസരം മുതലെടുത്ത്‌ മൃദുല മനോഹരമായ ആ പൂമേനിയിലെ തിരുനെഞ്ചിലേക്ക്‌ അദ്ദേഹം തന്റെ ശരീരത്തിന്റെ പുറം ഭാഗം കൂടുതൽ ചേർത്ത്‌ വെച്ച്‌ ഉരച്ചു കൊണ്ടിരുന്നു.

തിരുനബിﷺ കൂടിനിന്നവരോട്‌ തമാശയായി ചോദിച്ചു: "ഈ അടിമയെ വാങ്ങാനാരുണ്ട്‌?"

സാഹിർ(റ) തദവസരം പറഞ്ഞു: "അല്ലാഹുവിന്റെ പ്രവാചകരേ, അല്ലാഹുവാണെ സത്യം ഈ സാധുവിന്‌ ഒരു വിലയും അവിടുത്തേക്ക്‌ ലഭിക്കില്ല!"

അവിടുന്ന് ഉടനടി പ്രതികരിച്ചു: "എങ്കിലും സാഹിർ, അല്ലാഹുവിങ്കൽ നിങ്ങൾ ഏറേ വിലയുള്ളവനാണ്‌."

മരുഭൂമിയുടെ പുത്രനായ സാഹിർ(റ)വിന്റെ ദാരിദ്ര്യം ഹബീബിങ്കൽﷺ അവിടുത്തെ സ്ഥാനം ഏറെയേറെ ഉയർത്തുകയായിരുന്നു. പാവങ്ങളിലേക്ക്‌ അവിടുന്ന് ചേർന്നു നിന്നിരുന്നു..



മുഠാള ദരിദ്രനായ ഒരു സ്വഹാബി തിരുമുസ്ഥഫാ തങ്ങളുടെﷺ സദസ്സിലേക്ക്‌ കടന്നുവന്നു - സലാം പറഞ്ഞ ശേഷം സദസ്സിൽ ഒഴിവുള്ള സ്ഥലത്ത്‌ അദ്ദേഹം പോയി ഇരുന്നു.

സമ്പത്തും അല്ലാഹുവിങ്കലെ പദവിയും തമ്മിൽ ബന്ധമേതുമില്ലെന്ന് പൂർണ്ണമായും സ്വഹാബാക്കൾ തിരിച്ചറിഞ്ഞിട്ടില്ലാത്ത ആദ്യകാലമായിരിക്കണം അന്ന്.

പാവപ്പെട്ട സ്വഹാബി പോയി ഇരുന്നത്‌ പണക്കാരനായ മറ്റൊരു സ്വഹാബിയുടെ അടുത്തായിരുന്നു - മനസ്സിനൊരു പ്രയാസം അനുഭവപ്പെട്ട പണക്കാരനായ സ്വഹാബി നിലത്ത്‌ നിന്നും തന്റെ വസ്ത്രത്തിന്റെ അരികുഭാഗങ്ങൾ പാവപ്പെട്ട സ്വഹാബിയെ തൊടാതിരിക്കാൻ വേണ്ടി തന്നിലേക്ക്‌ ചേർക്കാൻ തുടങ്ങി.

പുണ്യപ്രവാചകർﷺ അത്‌ കണ്ടിരുന്നു - അവിടുന്ന് പണക്കാരനോട്‌ ചോദിച്ചു:

"അയാളുടെ ദാരിദ്ര്യം നിങ്ങളെ ബാധിക്കുമെന്ന് നിങ്ങൾ ഭയപ്പെടുന്നുവോ?"

"ഇല്ല പ്രവാചകരേ"

"എങ്കിൽ നിങ്ങളുടെ സമ്പത്തിൽ നിന്നും വല്ലതും അയാളിലേക്ക്‌ ചേരുമെന്ന് നിങ്ങൾ ആശങ്കപ്പെടുന്നുവോ?"

"ഇല്ല പ്രവാചകരേ"

"അതോ നിങ്ങളുടെ വസ്ത്രങ്ങൾ അദ്ദേഹം സ്പർശ്ശിച്ചാൽ അഴുക്കാകുമെന്ന് നിങ്ങൾ ഭയപ്പെട്ടോ?"

"ഇല്ല പ്രവാചകരേ"

"പിന്നെ എന്തിനായിരുന്നു നിങ്ങൾ നിങ്ങളുടെ വസ്ത്രങ്ങൾ അദ്ദേഹത്തിൽ നിന്നും മാറ്റിയത്‌?"

"പ്രവാചകരേ, ഒരിക്കലും ചെയ്യരുതാത്തൊരു കാര്യമായിരുന്നു ഞാൻ ചെയ്തത്‌. എന്നിൽ നിന്നും വന്നുപോയ തെറ്റിനെ ഞാൻ സമ്മതിക്കുന്നതോടൊപ്പം പാശ്ചാത്താപമായി എന്റെ സമ്പത്തിന്റെ പകുതി ഈ സഹോദരനു നൽകാൻ ഞാൻ തീരുമാനിക്കുന്നു - അങ്ങനെ എന്റെ തെറ്റ്‌ അല്ലാഹു പൊറുത്തു നൽകിയേക്കുമല്ലോ!"

പാവപ്പെട്ട സ്വഹാബി എഴുന്നേറ്റു നിന്ന് പറഞ്ഞു: "പ്രവാചകരേ, ഞാനിത് സ്വീകരിക്കുന്നില്ല, കാരണം സമ്പന്നനായി മാറിയാൽ എന്റെ സഹോദരന്മാരോട് ഇങ്ങനെ പെരുമാറുന്നവൻ ആയി ഞാനും മാറിയേക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു".

പാവപ്പെട്ടവരെ ഇഷ്ടപ്പെട്ട, പാവപ്പെട്ടവർക്ക്‌ വേണ്ടി സംസാരിച്ച, പാവപ്പെട്ടവർക്ക്‌ അല്ലാഹുവിങ്കലുള്ള പദവിയെ പഠിപ്പിച്ച, സമ്പത്തും സ്ഥാനമാനങ്ങളും ഇലാഹീ സവിധത്തിൽ ഒന്നുമൊന്നുമല്ലെന്ന് വിവരിച്ച, പാവപ്പെട്ടവർ കടന്ന് അഞ്ഞൂറു വർഷം കഴിഞ്ഞു മാത്രമേ പണക്കാർ സ്വർഗ്ഗത്തിൽ കടക്കൂവെന്നു പറഞ്ഞ പാവങ്ങളുടെ പ്രവാചകർﷺ...

യുദ്ധശേഷം കാണാതായവരെ പറ്റി വീണ്ടും വീണ്ടും നബിതങ്ങൾﷺ അന്വേഷിച്ചു കൊണ്ടിരുന്നപ്പോ എല്ലാവരേയും അന്വേഷിച്ചു ശേഷം "ഇനിയാരുമില്ല" എന്ന് ഒത്തൊരുമിച്ച്‌ സ്വഹാബികൾ പറഞ്ഞപ്പോ:

"എനിക്കൊരാളെ കിട്ടാനുണ്ട്‌ - ഞാൻ ഇഷ്ടപ്പെടുന്ന എന്റെ ജുലൈബീബിനെ" എന്ന് പറഞ്ഞു അവിടുന്ന് സ്വഹാബത്തിനെയും കൂട്ടി യുദ്ധഭൂമിയിൽ തിരഞ്ഞപ്പോ ഏഴു കുഫ്ഫാറുകളുടെ ശവങ്ങൾക്കിടയിൽ ശഹീദായി കിടക്കുന്ന ജുലൈബീബിനെ കണ്ടെത്തി.

ആർക്കുമാർക്കും ഓർമ്മയില്ലാതിരുന്ന പാവങ്ങളിൽ പാവമായിരുന്ന ജുലൈബീബ്‌(റ)വിനെ പാവങ്ങളുടെ പ്രവാചകർﷺ മറന്നിരുന്നില്ല. അവിടുന്ന് തന്റെ പൂവുടലിലെ കാൽത്തണ്ടയിലേക്ക്‌ ജുലൈബീബ്‌ തങ്ങളുടെ മൃതശരീരം എടുത്തുവെച്ച്‌ അവസാനം ഖബറിലേക്ക്‌ ആ ശരീരം എടുത്തുവെച്ചത്‌ തിരുമുസ്ഥഫാﷺ തങ്ങളായിരുന്നു!

ആരു മറന്നാലും പാവങ്ങളിൽ പാവങ്ങളായ, അപ്രശസ്തരും ആരും വിലവെക്കാതിരുന്നവരുമായവരെ മറക്കാതിരുന്ന പ്രവാചകർﷺ..

നാമറിയുന്നില്ല നാമനുഭവിക്കുന്ന സുഖവും സന്തോഷവുമെല്ലാം നമ്മിലെ പാവങ്ങൾ കാരണത്താലാണല്ലാഹു നൽകുന്നതെന്ന്. ബലഹീനരായ, തളർന്ന, സഹായഹസ്തങ്ങൾ കണ്ടെത്താൻ കഴിയാതെ കഷ്ടപ്പെടുന്നവരെയാണ്‌ നമ്മൾ കണ്ടെത്തേണ്ടത്‌.

തിരുപ്രവാചകർﷺ പറഞ്ഞു:

ابغوني في ضعفائكم ، فإنما ترزقون أو تنصرون بضعفائكم

"നിങ്ങൾ നിങ്ങളിലെ ദുർബലരെ പരിഗണിക്കുക. അവർ മുഖേനയേ നിങ്ങൾക്ക് രിസ്ഖും സഹായവും ലഭിക്കൂ"

തിരുനൂറിന്റെ പ്രകാശം അനുഗ്രഹങ്ങളുടെ മേൽ അനുഗ്രഹമായി, വെളിച്ചത്തിന്റെ മേൽ വെളിച്ചമായി, സ്നേഹത്തിന്റെ മേൽ സ്നേഹമായി, അനുകമ്പയുടെ മേൽ അനുകമ്പയായി സന്തോഷത്തിന്റെ മേൽ സന്തോഷമൊരുക്കി വിശ്വാസി മനസ്സിൽ ഫറഹായി, സുറൂറായി തെളിഞ്ഞു വന്ന പുണ്യദിനം...

അവിടുത്തെ നോട്ടം പാവങ്ങളിലേക്കായിരുന്നു..അവിടുത്തെ ഹൃദയം പതിതനോടൊപ്പമായിരുന്നു..അവിടുത്തെ മനസ്സ്‌ ദാരിദ്ര്യത്തോടൊപ്പമായൊരുന്നു..

ആ പൂമനസ്സിനോടൊപ്പം നമുക്കും ചേരണം. അവിടുന്ന് സ്നേഹിച്ചവരെ, അവിടുന്ന് കൂട്ടു കൂടിയിരുന്നവരെ നാമും സ്നേഹിക്കണം, അവിടുന്ന് കൂട്ടു കൂടിയവരുമായി നാമും കൂടണം. നമുക്കു ചുറ്റും ഒരു നേരത്തെ അന്നത്തിനായി ഗതിമുട്ടി, വഴിമുട്ടി പ്രയാസപ്പെടുന്ന പര:ശതം സാധുക്കൾക്ക്‌ നേരെ കാരുണ്യത്തിന്റെ നോട്ടം പോലും അവിടുത്തോടുള്ള സ്നേഹത്തിന്റെ പ്രതികരണമാണ്‌..

صلى الله عليه و سلم❤

Monday, December 28, 2015

തിരുദൂതരോടുള്ള പ്രണയം അനിവാര്യ ബാധ്യത..

സ്വന്തമായുള്ള എന്തിനേക്കാളും ആദരവായ നബി തങ്ങളെ (സ്വ) സ്നേഹിക്കുമ്പോൾ മാത്രമേ ഒരു സത്യവിശ്വാസിയുടെ ഈമാൻ പൂർണ്ണമാകുന്നുള്ളൂ. നമ്മുടേതായി നാം മനസ്സിലാക്കുന്നതെന്തും ആദരവായ നബിതങ്ങളിലേക്ക് ചേർക്കുമ്പോൾ അർത്ഥശൂന്യമാകണം. ഇത് അല്ലാഹുവിങ്കൽ നിന്നുള്ള കൽപ്പനപ്രകാരം മാത്രമല്ല ബുദ്ധിപരമായി തന്നെ അനിവാര്യമാണെന്ന് നേർചിന്തയുള്ള ഏതൊരാൾക്കും മനസ്സിലാക്കാൻ കഴിയും.

നമ്മുടെ മാനസികമോ ശാരീരികമോ ആയ സുഖ,സൗഖ്യ സന്തോഷത്തിന്റെ ഭാഗമായതാണ് നാം ഇഷ്ടപ്പെടുന്നതെല്ലാം. എവിടെയും 'ഞാൻ' ഇല്ലാതെ 'എന്റേത്' ഉണ്ടാകില്ലല്ലോ. ഞാനാകുന്ന അസ്ഥിത്വത്തിന്റെ തന്നെ കാരണം ഹബീബായ നബി തങ്ങൾ (സ്വ) യാണ് എന്ന് തിരിച്ചറിയുമ്പോൾ ബുദ്ധിപരമായി തന്നെ തന്റേതായ മറ്റെന്തിനേക്കാളും അവിടുത്തെ ഇഷ്ടപ്പെടുന്നതിന്റെ അനിവാര്യത വ്യക്തമാകും.

കാതലായ സ്നേഹത്തിന്റെ പങ്കുവെക്കാത്ത ഭാഗം തിരുനബി തങ്ങൾക്ക് നൽകുന്നതിൽ നാമേറെ കടപ്പെട്ടവർ തന്നെ. അവിടുന്ന് നമുക്ക് നൽകിയത് തിരിച്ച് നൽകുക പോലും നമ്മളാൽ സാധ്യമല്ല. ത്വാഇഫിന്റെ ഭൂമിയിൽ അക്രമികളായ സമൂഹം അവിടുത്തെ പിന്നാലെ കുട്ടികളെ അയച്ചു മൈലുകളോളം കല്ലെറിഞ്ഞപ്പോ 'രണ്ടു മലകൾക്ക് ഇടയിൽ ഞെരിച്ചമർത്തി അവരെ ഇല്ലായ്മ ചെയ്യാൻ അവിടുത്തെ സമ്മതം മാത്രം മതിയെന്ന് മാലാഖ വന്നു പറഞ്ഞപ്പോ അവരിൽ നിന്നോ പിൻതലമുറയിൽ നിന്നോ ഈമാനിന്റെ ഒരു ഭാവി പിറക്കുന്നതിനെയാണ് ഞാൻ ഇഷ്ടപ്പെടുന്നത്' എന്ന് പറഞ്ഞത് അവിടുത്തെ സ്വന്തത്തെക്കാൾ സമൂഹത്തെ സ്നേഹിച്ചത് കൊണ്ടാണ്.

ഉഹദിന്റെ ഭൂമികയിൽ തിരു വായിലെ മുൻ പല്ല് പൊട്ടി രക്തം ഭൂമിയിൽ കലരുമാർ അവിടുന്ന് വേദനിക്കേണ്ട ആവശ്യം അവിടുത്തെ സ്വന്തത്തിനില്ലായിരുന്നു - മറിച്ച് ഇസ്ലാമും ഈമാനും സംരക്ഷിക്കപ്പെടുകയും നമ്മിലേക്ക് കൈമാറിതരുകയും ചെയ്യുന്നതിലേക്ക് മാത്രമായിരുന്നു അവിടുത്തെ സഹനം.



ഈന്തപ്പന ഓലകളുടെ പാടുകൾ തിരുശരീരത്തിലെ മൃദുലതയിൽ അടയാളങ്ങൾ തീർത്തത് അവിടുത്തേക്ക് ഇല്ലായ്മയുടെ വല്ലായ്മ കൊണ്ടാണെന്ന് ഇസ്ലാമിക സാമ്രാജ്യത്തിന്റെയും മുസ്ലിമിന്റെ മനോ സാമ്രാജ്യത്തിന്റെയും അധിപരായിരുന്ന പ്രവാചകരെ അറിഞ്ഞവർ പറയുകയില്ല തന്നെ - ഒരു വിരിപ്പ് ഞാൻ തുന്നിത്തരാൻ അവിടുന്ന് സമ്മതം തരുമോ എന്ന് ചോദിച്ച സ്വഹാബിയോട്:

"ഞാനും ഈ ദുനിയാവും തമ്മിൽ യാത്രക്കാരനായ മനുഷ്യൻ വഴിയിലെ തണൽ മരത്തിന് താഴെ വിശ്രമിക്കുമ്പോ ആ മരവും യാത്രക്കാരവും തമ്മിലുള്ള ബന്ധം മാത്രമാണുള്ളത്" എന്നായിരുന്നു അവിടുത്തെ മൊഴി. സ്വന്തത്തിൽ മോഹമില്ലാതിരുന്നിട്ടും അവിടുത്തെ സഹചാരികളുടെ പ്രയാസം നീങ്ങാൻ അവിടുന്ന് ആശിച്ചിരുന്നു.

ബദ്റിന്റെ രണാങ്കണത്തിലേക്ക് വാഹനങ്ങൾ ഇല്ലാത്ത കാരണം മൂന്നും നാലും പേർ ഊഴമിട്ട് ഒട്ടകപ്പുറത്ത് യാത്ര ചെയ്യുന്ന, ഉടുക്കാൻ വസ്ത്രമില്ലാതെ പൊരി വെയിലത്ത് നഗ്നപാദരായി മരുഭൂമിയിലെ നടത്തം കാരണം കാലുകൾ കീറി പൊട്ടിപ്പോയിരുന്ന സ്വഹാബത്തിനെ കണ്ട് അവിടുന്ന് ദുആ ചെയ്തത്:

"അവർക്ക് നഗ്നപാദരാണ് നാഥാ, അവർക്ക് കയറാനുള്ള വാഹനം നൽകണേ, അവർക്ക് ധരിക്കാൻ വസ്ത്രമില്ല അല്ലാഹ്, അതിനുള്ള വക നീ കൊടുക്കണേ, അവർക്ക് വിശപ്പടക്കാൻ ആവശ്യത്തിനു ഭക്ഷണമില്ല റബ്ബേ, അവരെ നീ ഭക്ഷിപ്പിക്കണേ.." എന്നായിരുന്നു.

സ്വന്തത്തേക്കാൾ, ഐഹികമായി ലഭ്യമായ ഐശ്വര്യങ്ങളിൽ പോലും തന്റെ സമുദായത്തെ സ്നേഹിച്ച തിരുമുസ്ഥഫാ തങ്ങളോടു നമ്മുടെ കടപ്പാട് എങ്ങനെ തീരും?! ആരുമാരും സഹായിക്കാനില്ലാത്ത സമയത്ത് ഏവരും സ്വന്തത്തെ ഓർത്ത് പരസഹായം സാധ്യമല്ലെന്ന് കൈ മലർത്തുന്ന സമയത്ത് ഇലാഹീ സവിധത്തിലേക്ക് സുജൂദിലായി വീണു കൊണ്ട് നമ്മുടെ കാര്യങ്ങൾ പറയാനുള്ള ഒരേ ഒരു അത്താണി..

"എല്ലാ നബിമാരും അവർക്ക് നൽകപ്പെട്ട ദുആ ദുനിയാവിൽ വെച്ച് തന്നെ ഉപയോഗിച്ചിട്ടുണ്ട് - ഞാൻ എന്റെ ദുആ ആഖിറത്തിലേക്ക് മാറ്റി വെച്ചിരിക്കുന്നു - അവിടെ "എന്റെ ഉമ്മത്തിന് മുഴുവൻ നീ പൊറുക്കണേ അല്ലാഹ്" എന്ന് ഞാൻ പ്രാർഥിക്കും" എന്ന് പറഞ്ഞ പ്രവാചകർ.

ഇനി സന്തോഷ ലബ്ധിയോ സൗഖ്യസമ്പാദനമോ ആണ് മാനദണ്ഡം എങ്കിലും മക്കളും ഭാര്യമാരും സമ്പാദ്യവുമെല്ലാം ദുനിയാവിന്റെ മോടി മാത്രമാണെന്നും വിശുദ്ധ കലാം തന്നെ പഠിപ്പിക്കുന്നു, നിലനിൽക്കുന്ന സന്തോഷം ആദരവായ തങ്ങളിലൂടെ മാത്രമേ ലഭിക്കുന്നുള്ളൂ. അവിടുന്നിലൂടെയല്ലാതെ നിത്യസുഖവാസത്തിന്റെ സ്വർഗ്ഗീയ ആരാമത്തിലേക്ക് എത്തിച്ചേരാൻ കഴിയില്ലല്ലോ.

അവിടുന്ന് നമ്മെ മറന്നതെപ്പോഴാണ്? ഇല്ല ഒരു നിമിഷം പോലും അവിടുന്ന് അവിടുത്തെ ഉമ്മത്തിനെ മറന്നിട്ടേയില്ല - തിരുജീവിതത്തിന്റെ അവസാന നിമിഷം പോലും 'ഉമ്മത്തീ, ഉമ്മത്തീ' എന്നവിടുന്ന് വേവലാതി കൊള്ളുന്നുണ്ടായിരുന്നു.

നമ്മളെപ്പോ അവിടുത്തെ മറന്നു? നമുക്കെങ്ങനെ അവിടുത്തെ മറക്കാൻ കഴിയും? അവിടുത്തെ തിരുജീവിതത്തിന്റെ ഓർമ്മകൾ മറവിയുടെ മണ്ണിലേക്ക് ഖബറടക്കം ചെയ്‌താൽ പിന്നെ എന്താണ് നമ്മുടേതായി ബാക്കിയുള്ളത്?

ഇസ്ലാമികമായ എന്തെന്ത് മൂല്യങ്ങളുണ്ടോ അതിലൊക്കെ മാതൃകയുടെ വെളിച്ചമേകി മുമ്പേ നടന്ന വഴികാട്ടികൾ ആണ് തിരു സ്വഹാബത്ത്. ഈമാനിന്റെ വെളിച്ചം മനസ്സിൽ ആഴത്തിൽ വേരൂന്നിയ സ്വഹാബത്തിനോളം വരില്ലല്ലോ മറ്റാരും. അവരിൽ തന്നെ ഹബീബിന്റെ(സ്വ) ഹബീബായ അബൂബക്കർ (റ) തങ്ങളിലേക്ക് നോക്കൂ..

സ്വന്തം പിതാവായ അബൂഖുഹാഫ(റ) ഇസ്ലാം സ്വീകരിക്കുന്ന അവസരത്തിൽ കണ്ണുനീരൊലിപ്പിക്കുന്ന അബൂബക്കർ(റ വിനോട് 'എന്താണ് നിങ്ങളുടെ കരച്ചിലിന്റെ കാരണം' എന്ന പ്രവാചകരുടെ ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി:

"നബിയേ, എന്റെ സ്വന്തം പിതാവ് ഇസ്ലാമിലേക്ക് വരുന്നതിനേക്കാൾ എനിക്കിഷ്ടമായിരുന്നു അവിടുത്തെ പിതൃവ്യർ അബൂത്വാലിബ് ഇസ്ലാമിലേക്ക് വരുന്നത്. കാരണം എനിക്കറിയാം അത് അവിടുത്തെ കൂടുതൽ സന്തോഷിപ്പിക്കുമായിരുന്നു എന്ന്"

ഗാർ സൌറിലെക്കുള്ള വഴി കണ്ടവർ ഓർക്കുന്നില്ലേ - തിരുനബി തങ്ങളുടെ(സ്വ) മുന്നിലായും പിന്നിലായും ഇടത്തായും വലത്തായും ഓടി നടന്ന് അവിടുത്തെ കാത്തുരക്ഷിച്ച അബൂബക്കർ(റ)വിനെ..തിരുമുസ്ഥഫാ തങ്ങളുടെ ഉറക്കം തെളിയുന്നത് തന്റെ ജീവൻ പോകുന്നതിനേക്കാൾ പ്രയാസമായി തോന്നിയ ഒന്നാം ഖലീഫയുടെ നിമിഷങ്ങൾ നമുക്ക് മറക്കാമോ?..

തൊട്ടടുത്ത് തന്നെ മറ്റൊരു സ്വാഹിബായ ഉമർ(റ) വിലേക്ക് കൂടെ നോക്കൂ...

അബ്ബാസ് (റ) വിനോട് ഉമർ(റ) പറഞ്ഞു: "താങ്കളുടെ ഇസ്ലാമിലേക്കുള്ള വരവിനെ ഞാനെന്റെ സ്വന്തം പിതാവിന്റെ ഇസ്ലാമികാശ്ലേഷണത്തേക്കാൾ ഇഷ്ടപ്പെടുന്നു - കാരണം അത് നബി തങ്ങൾക്ക് (സ്വ) വളരെ സന്തോഷം നൽകി എന്നെനിക്കറിയാം"

എന്തൊരു മനസ്സറിഞ്ഞ സമർപ്പണം..! നേരിൽ പ്രവർത്തിയിൽ വ്യക്തമാകുന്ന സംഭവങ്ങൾ തന്നെ എത്രയോ ഉണ്ട് എങ്കിലും ഹബീബായ നബി തങ്ങളുടെ ഇഷ്ടത്തെ പോലും സ്വന്തം കുടുംബത്തിന്റെയും സ്വന്തത്തിന്റെയും സന്തോഷത്തേക്കാൾ വലുതായി കണ്ട രണ്ട് അനുചരന്മാരുടെ വ്യത്യസ്തമായ അഭിപ്രായ പ്രകടനങ്ങളിലെ സാമ്യത പോലും എത്ര വ്യക്തമായാണ് പരിശുദ്ധമായ പ്രണയത്തെ വരച്ചു കാട്ടുന്നത്..!

പ്രവാചക പ്രണയത്തിന്റെ മഹോന്നത മാതൃകകളായി വിരാജിച്ച സലഫുകളും ഖലഫുകളും ഇമാമീങ്ങളുമായ നൂറ്റാണ്ടുകളുടെ സാക്ഷ്യം മുൻകഴിഞ്ഞു പോയി. പ്രവാചക പ്രണയ സമുദ്രത്തിലെ പരൽ മീനുകൾ മരിച്ചു തീരുന്നില്ല. ചരിത്രം ആവർത്തിച്ചു കൊണ്ടേയിരിക്കും. അവിടുത്തോടുള്ള പ്രണയം മുറിയുമ്പോൾ ഈമാനിന്റെ പൂർണ്ണത നഷ്ടമാകും. ഈമാനിന്റെ പൂർണ്ണത നഷ്ടമായ സമൂഹം പിന്നെ നാശത്തിന്റെ വിളിയാളത്തിന് ചെവിയോർക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂ..

ഈമാൻ എന്നത് പുറമെയുള്ള കാട്ടിക്കൂട്ടലുകളല്ല - ഹൃദയത്തിൽ വേരുറക്കുകയും പ്രവർത്തികൾ കൊണ്ട് ബലപ്പെടുത്തിയതുമാണ്. ഹബീബിനോടുള്ള പ്രണയം ഈമാനാണ്: അതും പുറം മോടിയുടെ വെളിച്ചം മാത്രമാകാതെ പ്രണയത്തെ ബലപ്പെടുത്തുന്ന പ്രവർത്തികളിൽ വേരുറച്ച മനസ്സിനകത്തെ വികാരമാകണം..

കാത്തിരിക്കുമെന്നവിടുത്തെ വാഗ്ദാനമാണ് - വാക്ക് തെറ്റിക്കാത്ത അമീനായ ഹബീബിന്റെ ചാരത്തണഞ്ഞ് തിരുകരം തൊട്ട് ഹൗളിൽ നിന്നും കോരിക്കുടിക്കണം - പ്രണയഭാജനത്തിന്റെ പൂമുഖം കാണണം... അവിടുന്നിലേക്ക് നടന്നടുക്കണം.. അവിടുത്തോട് ചേരണം..

പ്രണയ സാക്ഷാൽക്കാരത്തിന്റെ സുവർണ്ണ നിമിഷത്തിൽ സ്വയം മറന്നൊന്ന് നിശ്വസിക്കണം. കസ്തൂരിയെ വെല്ലുന്ന തിരുശരീരത്തിന്റെ സുഗന്ധം ആവഹിക്കണം. കണ്ണും മനസ്സും ആ തിരുസവിധത്തിൽ കുളിരണിയിക്കണം..

ആശയാണ് നാഥാ, നിരാശയാക്കല്ലേ..

Monday, December 21, 2015

വേർപാടിന്റെ വേദന കൂടിച്ചേരലിന്റെ സന്തോഷമാകണം..

കൂടെയുണ്ടായിരുന്നതും ഉണ്ടായിരുന്നവരേയും ദൂരേയാക്കി നീങ്ങുക എന്നതിനോളം തദവസരം വേദനാജനകമായ മറ്റൊന്നുമുണ്ടാകില്ല എന്നതാണ്‌ അനുഭവം. ചില വേർപാടുകൾ കാലമേറെ നമ്മുടെ ഹൃദയത്തെ മഥിച്ച്‌ നിൽക്കും. ചിലതിന്‌ സെക്കന്റുകളുടെ ദൈർഘ്യം മാത്രം.

മനുഷ്യർ തമ്മിലുള്ളതാകട്ടെ, മനുഷ്യരും മൃഗങ്ങളും തമ്മിലുള്ളതാകട്ടെ, മൃഗങ്ങൾക്കിടയിൽ ആകട്ടെ സൃഷ്ടികളിലേക്ക് എവിടെയും എങ്ങനെയും നോക്കിയാൽ ഇതാണ്‌ അവസ്ഥ.

ബന്ധങ്ങളുടെ നൂലിഴകളിലായി കോർക്കപ്പെട്ട മനുഷ്യർ തമ്മിൽ ചുരുങ്ങിയ കാലത്തേക്ക്‌ ആണെങ്കിൽ കൂടെ യാത്ര പറയുന്നത്‌ എത്രമാത്രം കരളലിയിക്കുന്ന വികാരമാണ്‌ എന്ന് പ്രവാസം അനുഭവിച്ചവർക്ക്‌ കൃത്യമായി അറിയാം.

കാലങ്ങളായി താൻ പോറ്റി വളർത്തിയിരുന്ന ഒരു കാലിയെ വിൽക്കുന്ന ഉടമയുടെ വേദന വളരെയായിരിക്കും. തന്റെ ശരീരത്തിൽ നിന്നും എന്തോ ഒന്ന് മുറിച്ച്‌ മാറ്റും പോലെ. കയർ കൈമാറപ്പെട്ട വളർത്തു മൃഗങ്ങളെ ശ്രദ്ധിച്ച്‌ നോക്കൂ അവറ്റകൾക്കും തന്റെ ഇത്രയും കാലത്തെ യജമാനനുമായുള്ള പിരിയൽ അസഹനീയമായ സങ്കടമാണെന്ന് തോന്നിപ്പോകും അവകളുടെ ഭാവം കണ്ടാൽ.



ഒരു തൊഴുത്തിൽ ഒന്നിച്ച്‌ കഴിഞ്ഞ രണ്ടിൽ ഒന്നിനെ വേർപ്പെടുത്തിയാൽ നമുക്ക്‌ അറിയാൻ കഴിയും ബാക്കിയുള്ളതിന്റെ വേദന പ്രകടമാക്കുന്ന ചേഷ്ഠകളും പ്രകടനങ്ങളും..

മനുഷ്യനെന്നോ മൃഗമെന്നോ വ്യത്യാസമില്ലാതെ തന്നെ അല്ലാഹു സൃഷ്ടിച്ച ഒരു വികാരമാണിതെന്നത്‌ സത്യമാണ്‌. ചുരുങ്ങിയ കാലത്തെ ഒരുമിച്ചു കൂടലിന്‌ ശേഷമുള്ള പിരിയലിന്‌ പോലും സങ്കടം വിശാലമാണ്‌. ബന്ധത്തിന്റെ ആഴത്തിനനുപാതമായി വേർപാടിന്റെ നോവ്‌ നിഴലിച്ചു നിൽക്കും.

വളരെ ചെറിയ യാത്രകൾക്കിടയിൽ നാം കണ്ടുമുട്ടുന്ന ആളുകളുമായി ഉണ്ടാകുന്ന ചുരുങ്ങിയ മണിക്കൂറുകളുടെ ബന്ധം പോലും യാത്ര പൂർത്തിയാക്കി പിരിയുമ്പോൾ വല്ലാത്തൊരു മന:ക്ലേശം ബാക്കിയാക്കും..

പിരിയുക എന്ന വാക്കിന്റെ ആഴമേറുന്നത്‌ പിരിയലെന്ന് പറയപ്പെടാൻ നിദാനമായ കൂടിച്ചേരലിന്റെ ആഴമനുസരിച്ചാണ്‌. ജനിച്ചു വീഴുന്നതോടെ തന്നെ പല തരത്തിലുള്ള വേർപ്പിരിയലുകളുടെ അവസ്ഥകളെ പുറകിലാക്കിയാണ്‌ മനുഷ്യൻ ഭൂമിലോകത്തേക്ക്‌ എത്തുന്നത്‌. താനത്രയും കാലം കഴിഞ്ഞിരുന്ന താമസസ്ഥലം, തനിക്ക്‌ ഊർജ്ജവും രക്തവും നൽകിയ പലവിധത്തിലുള്ള ബന്ധനങ്ങൾ..ഇവയെല്ലാം കഴിഞ്ഞു പിറന്നു വീഴലോടെ മാതാവുമായുള്ള ശരീര ബന്ധവും പിരിയുന്നു..പിന്നീടങ്ങോട്ട്‌ നമ്മുടെ ജീവിതം മുഴുക്കെ പിരിയലുകളുടേയും കൂടിച്ചേരലുകളുടെയും സമ്മിശ്ര യാത്രയാണ്‌.

യജമാനനായ അല്ലാഹു നമ്മെ സൃഷ്ടിച്ചിരിക്കുന്നത്‌ തന്നെ ഒന്നിന്‌ മറ്റൊന്ന് കൂട്ട്‌ എന്ന സുന്ദരമായ അവസ്ഥയിലാണ്‌.വലതും ഇടതുമായി കൈകാലുകൾ, കണ്ണുകൾ, ചെവികൾ..ഏതൊരു പ്രവർത്തിയിലും ഇടപെടുന്ന അവയവത്തിന്റെ രണ്ട്‌ ഭാഗവും കൂട്ടാണ്‌. ബന്ധങ്ങളെ എണ്ണുമ്പോൾ ഇത്‌ പോലെ പരസ്പരം കൂടിച്ചേർന്ന് ജീവിച്ച മറ്റെന്തുണ്ടാകും..? ആഴത്തിലാഴത്തിൽ വേരൂന്നിയ, ആയുസ്സിന്റെ ആദ്യ തുടിപ്പ്‌ മുതൽ അവസാനം വരെ കൂടെയുള്ള തന്റെ സഹാവയവവുമായി ഓരോ അവയവങ്ങളും വേർപ്പിരിയുന്ന ഒരു സമയത്തെ കുറിച്ച്‌ ആലോചിച്ച്‌ നോക്കിയിട്ടുണ്ടോ?

ശരീരമാകുന്ന പേടകത്തിന്റെ ചാലക ശക്തിയായ ആത്മാവിനെ പിരിയുന്ന, എല്ലാവിധ ബന്ധങ്ങളുടെയും ഭൗതികമായ കണ്ണികൾ അറുത്തു മാറ്റുന്ന ഏറ്റവും അവസാനത്തെ വേർപ്പാടിന്‌ മുമ്പ്‌ കാലിന്റെ വിരലുകളിൽ നിന്നും മുകളിലോട്ട്‌ മരണത്തിന്റെ മാലാഖമാർ ആത്മാവിനെ അൽപ്പാൽപ്പമായി ഉയർത്തിയുയർത്തി കൊണ്ട്‌ പോകുന്നതിനിടയിൽ അത്രയും കാലം ഒന്നിച്ച്‌ സഞ്ചരിച്ച കാലുകൾ തമ്മിൽ യാത്ര പറയുന്നൊരു സന്ദർഭമുണ്ട്‌..ഒരു വല്ലാത്ത വേദനയേകുന്ന അവസരം..

മരണവെപ്രാളത്തിന്റെ അവസാന നിമിഷത്തിൽ സഹിക്കാനാകാത്ത, ആദരവായ നബി തങ്ങൾ പോലും "മരണത്തിന്‌ വല്ലാത്ത വേദനയുണ്ട്‌ ആയിഷാ (റ)" എന്ന് പറഞ്ഞ അനുഭവത്തിന്റെ സമയത്ത്‌ ഒരു കാല്‌ മറ്റേ കാലിനോടും കൈ മറുകയ്യിനോടും എന്ന് വേണ്ട ഓരോ അവയവങ്ങളും കൂടെയുള്ളതിനോട്‌ പറയും,

عليك السلام تفارقني و أفارقك إلى يوم القيامة

"എന്റെ സഹ അവയവമേ, നമ്മൾ പിരിയുകയാണ്‌ ഖിയാമം വരേ, ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുന്നത്‌ വരേക്കും നമ്മൾ പിരിയുകയാണ്‌ - അസ്സലാമു അലൈക്കും..'

ഓരോ ശ്വാസത്തിലും ചേർത്ത്‌ ചേർത്ത്‌ നടന്നിരുന്ന കാലുകൾ തമ്മിൽ, ഓരോ പിടുത്തത്തിലും കൂടിനിന്നിരുന്ന കൈകൾ്‌ തമ്മിൽ, ഓരോ കാഴ്ചയിലും ഒന്നിച്ചായിരുന്ന കണ്ണുകൾ തമ്മിൽ, കൂർപ്പിച്ചു വെച്ച് ചേർന്ന് കേട്ടിരുന്ന ചെവികൾ തമ്മിൽ..

ജനിച്ചത്‌ മുതൽ ഒന്നിച്ച്‌ ചലിച്ച അവയവങ്ങൾ തമ്മിൽ പിരിയുന്നതിന്റെ ഒഴിച്ചു കൂടാൻ കഴിയാത്ത പ്രയാസം നിശ്ചയമായും വരാനിരിക്കുന്നു. ജീവനറ്റ്‌, ചലനമില്ലാത്ത കേവലം പുറം തോട് മാത്രമായി മണ്ണിലേക്ക്‌ പോയി കിടക്കുന്നതോടെ ദുനിയാവുമായുള്ള സകല ഭൗതിക ബന്ധങ്ങളും പിരിയുന്നു..എല്ലാമെല്ലാം പിരിയേണ്ടത്‌ തന്നെ..

ചുരുങ്ങിയ സമയത്തെ, വരാനിരിക്കുന്ന ലോകത്തെ അപേക്ഷിച്ച് വളരെ ഇടുങ്ങിയ സ്ഥലത്തെ, ചെറിയ ചെറിയ വേർപാടുകൾ സൃഷ്ടിക്കുന്ന പ്രയാസം താണ്ടാൻ വളരെ ബുദ്ധിമുട്ടുന്ന മനുഷ്യനെങ്ങാനും ഒട്ടിപ്പിടിച്ച അവയവങ്ങൾ പിരിയുന്ന വേദന ഓർത്തിരുന്നുവെങ്കിൽ മറ്റെല്ലാം എത്ര നിസ്സാരമാകുമായിരുന്നു..!

"എന്റെ നഷ്ടമേ" ബിലാൽ(റ) തങ്ങളുടെ ഭാര്യ വിതുമ്പിക്കരയുകയായിരുന്നു - തന്റെ പ്രിയതമൻ ഐഹിക ലോകത്ത് നിന്നും പിരിയുകയാണ്. ബിലാൽ(റ) തങ്ങൾ ഭാര്യയെ കരയുന്നതിനെ തൊട്ട് വിലക്കിയിട്ട് പറഞ്ഞു: "എന്റെ സന്തോഷമേ - നാളെ ഞാനെന്റെ ഹബീബിനെ(സ്വ)യും അവിടുത്തെ സഹചാരികളെയും കാണാൻ പോവുകയാണ്".

ഒരിടത്ത് വേർപാടിന്റെ പേരിലുള്ള വേദനയുടെ പ്രകടനം - മറ്റൊരിടത്ത് വേർപാടിനേക്കാൾ സന്തോഷമേകുന്ന കൂടിച്ചേരലിന്റെ സന്തോഷ പ്രകടനം. തിരുമുസ്ഥഫാ തങ്ങളുടെ ശാരീരികമായ വേർപാട് അവരിൽ ഏറെയേറെ പ്രയാസം ഉണ്ടാക്കിയിരുന്നു എന്നത് സത്യമാണ് - പക്ഷെ ആത്മാക്കളാൽ കോർക്കപ്പെട്ട സ്നേഹത്തിന് അവർക്കിടയിൽ വേർപാടിന്റെ മറയിടാൻ കഴിഞ്ഞിരുന്നില്ല. "കണ്ണുകളാൽ സ്നേഹിച്ചവർ തമ്മിലാണ് വിടപറയൽ - ഹൃദയത്താലും ആത്മാവിനാലും സ്നേഹിച്ചവർക്കിടയിൽ വേർപാട് എന്നൊന്ന് ഇല്ലേയില്ല" - എന്ന് ജലാലുദ്ദീൻ റൂമി പറഞ്ഞത് കൃത്യമായിരുന്നു.

ഓരോ പിരിയലുകളും അതിലും എത്രയോ ആനന്ദമേകുന്ന കൂടിച്ചേരലുകൾക്ക്‌ വഴിയൊരുക്കണം. അവയവങ്ങളുടെ സലാം പറഞ്ഞുള്ള പിരിയൽ പ്രേമഭാജനമായ അല്ലാഹുവിലേക്കും അവന്റെ ഹബീബിലേക്കുമുള്ള കൂടിച്ചേരൽ സാധ്യമാക്കണം. എങ്കിൽ പിരിയലിന്റെ പ്രയാസം കൂടിച്ചേരലിന്റെ ആനന്ദമായിത്തീരുമെന്നതിൽ സംശയമേയില്ല..

അപ്പോഴാണല്ലോ അനുഗ്രഹത്തിന്റെ മാലാഖമാരാൽ സുവാർത്ത അറിയിക്കപ്പെടുക;

ألا تخافوا ولا تحزنوا وأبشروا بالجنة التي كنتم توعدون

'പേടിക്കണ്ട, പ്രയാസപ്പെടേണ്ട, അല്ലാഹുവിന്റെ വാഗ്ദത്ത സ്വര്‍ഗീയ ലോകത്തേക്ക് നീ പ്രവേശിച്ചു കൊള്ളുക'

നാഥൻ തുണക്കട്ടെ..

Friday, December 11, 2015

ആദ്യത്തെ സൃഷ്ടിയും പ്രാപഞ്ചിക രഹസ്യങ്ങളുടെ സാക്ഷ്യവും

പ്രവിശാല പ്രപഞ്ചത്തിന്റെ വലുപ്പവും വണ്ണവും ആഴവും പരപ്പും എത്ര ഭീമവും നിർണ്ണയാതീതവും അചിന്തനീയവുമാണെന്ന് മനസ്സ്‌ കൊണ്ട്‌ ഒരിക്കലെങ്കിലുമൊന്ന് നിരൂപിക്കാൻ ശ്രമിച്ചവർക്കും, ആഴത്തിലാഴത്തിൽ പ്രപഞ്ചത്തെ പഠിക്കാൻ ശ്രമിച്ചവർക്കും കൃത്യമായി മനസ്സിലാകും..

പ്രാപഞ്ചിക രഹസ്യങ്ങളുടെ ചുരുളുകൾ തേടിയിറങ്ങുന്ന മാനവിക ചിന്താശേഷിയുടെയും അറിവിന്റേയും പത്തി താഴ്‌ന്നു താഴ്‌ന്നു പോകുന്നതാണ്‌ കാഴ്ച്ചയുടെ പരിധിക്കപ്പുറത്തെ ശൂന്യാകാശവും അതിനുമപ്പുറത്തെ കോടാനുകോടി നക്ഷത്ര ചന്ദ്ര ഗോളാദികളുടെ സമുച്ചയങ്ങളും അവിടെയും തീരാത്ത പ്രവചനാതീത നിഗൂഡതയുടെ ലോകത്തേയും പറ്റി പഠിക്കാനിറങ്ങിയപ്പോഴൊക്കെ നാം കണ്ടതും കാണാനിരിക്കുന്നതും.

പരിമിതികളുടെ ബുദ്ധിയുടെയും കഴിവിന്റെയും കുറവ്‌ ബോധ്യമാകുംബോ രക്ഷിതാവിന്റെ പരിശുദ്ധിയെ വാഴ്ത്തിക്കൊള്ളാൻ റബ്ബ്‌ പഠിപ്പിക്കുകയും ചെയ്തു..

 ربنا ما خلقت هذا باطلا سبحانك فقنا عذاب

'എനിക്ക്‌ മനസ്സിലാകുന്നതിന്റെയും അപ്പുറമാണ്‌ നിന്റെ സൃഷ്ടി ലോകമെങ്കിലും റബ്ബേ, ഞാൻ സമ്മതിക്കുന്നു നീ കൃത്യമായ ലക്ഷ്യത്തോടെ തന്നെയാണ്‌ ഇതൊക്കെ സൃഷ്ടിച്ച്‌ വിദാനിച്ചിരിക്കുന്നത്‌..നീയെത്ര പരിശുദ്ധൻ..ഇതിലേറെ ചിന്തകൾ കൊണ്ട്‌ കൈപ്പിടിയിലൊതുക്കാൻ കഴിയാത്ത ലോകങ്ങളേറെ ഇനിയും വരാനുള്ളതിൽ നിന്റെ ശിക്ഷയുടെ കേന്ദ്രമായ നരകത്തെ തൊട്ട്‌ നീ കാക്കണേ അല്ലാഹ്‌..'

അതിനെയാകെ സൃഷ്ടിച്ചു വെച്ച്‌ അതിനൊക്കെ കൃത്യമായ നിയന്ത്രണങ്ങൾ നൽകി പരിപാലിക്കുന്ന ഒരേ ഒരു രക്ഷിതാവിന്‌ അവനു മാത്രം അർഹമായ സ്തുതികൾ ആസകലം അർപ്പിച്ചു കൊണ്ടാണ്‌ സ്വന്തം കഴിവുകേടിന്റെ പരിധിയറിയാകുന്ന കേവലം സൃഷ്ടിയായ മനുഷ്യൻ എന്ത്‌ സൽക്കർമ്മങ്ങളും ചെയ്യേണ്ടത്‌ എന്ന് രക്ഷിതാവിങ്കൽ നിന്നുള്ള നിബന്ധന പാലിക്കുന്നു ഓരോ മുസ്ലിമും..

ആ സ്തുതികളാകമാനം ഉടമയാക്കുന്ന ഒരുവനെ അവൻ തന്നെ പരിചയപ്പെടുത്തുന്നത്‌ رب العالمين എന്ന് പറഞ്ഞു കൊണ്ടാണ്‌. അഥവാ ദൃഷ്ടിഗോചരവും ഇന്ദ്രിയാതീതവുമെന്ന  വ്യത്യാസമില്ലാതെ, നമ്മുടെ പരിധികൾക്കുള്ളിൽ മനസ്സിലാക്കാനും എത്തിപ്പിടിക്കാനും കഴിയുന്നതെന്നും കഴിയാത്തതെന്നുമില്ലാതെ സകല ലോകങ്ങളേയും സൃഷ്ടികളേയും എന്ന് വേണ്ട സകലത്തിൽ സകലതിനേയും സൂചിപ്പിക്കുന്ന ആലമീനിന്റെ റബ്ബ്‌ എന്ന സ്രഷ്ടാവായ താനല്ലത്ത സർവ്വവും ഉൾക്കൊള്ളുന്ന പ്രയോഗം കൊണ്ടാണ്‌.

തന്റെ രാജാധികാരത്തിന്റെ വിശാലത സൂചിപ്പിക്കാൻ അവൻ ഉപയോഗിച്ച "ആലമീൻ" എന്ന പദത്തിൽ തീർച്ചയായും സൃഷ്ടിച്ചു വെച്ചതും വെക്കാനിരിക്കുന്നതുമായ സകലതുംവുൾക്കൊള്ളേണ്ടതുണ്ട്‌ എന്നത്‌ ബുദ്ധിക്ക്‌ വകതിരിവുള്ള ആർക്കും വ്യക്തമാകുന്ന പരമാർത്ഥമാണ്‌. കാരണം അവൻ റബ്ബ്‌ അല്ലാത്ത ഒന്നും തന്നെ അവനല്ലാത്തത്‌ ഇല്ല എന്നത്‌ ഏതൊരു വിശ്വാസിയും നിസ്സംശയം സമ്മതിക്കുന്നതാണ്‌.

ഇത്‌ സമ്മതിക്കാത്തവൻ ഒരിക്കലും ഈമാനിന്റെ സഹയാത്രികനാകുന്നില്ല. അവിടെ യുക്തിക്കോ ചിന്തക്കോ സാധ്യതയോ അനുവദനീയതയോ ഇല്ല എന്നിരിക്കിൽ,

وما أرسلناك إلا رحمة للعالمين

"ആലമീങ്ങൾക്ക് ആകമാനം റഹ് മത്തായിട്ടല്ലാതെ നബിയേ, അവിടുന്നിനെ നാം നിയോഗിട്ടില്ല തന്നെ"

നേർച്ചിന്തയുടെ താഴ്മയും വിനയവും ഇതേ "ആലമീൻ" എന്നതിനെ വെച്ച്‌ ഹബീബായ നബി തങ്ങൾ (സ്വ) തങ്ങളെ വാഴ്ത്തിയ ആലമീന്റെ റബ്ബിന്റെ പദപ്രയോഗം കാണുമ്പോൾ മനസ്സിൽ വരാതെ പോകുന്നതിന്റെ അർത്ഥമെന്താണ്‌?.

"റബ്ബുൽ ആലമീൻ" എന്നതിൽ ഉൾക്കൊള്ളുന്ന ലോകം പരിധികൾക്കപ്പുറത്തെ സ്രഷ്ടാവല്ലാത്ത സകലതും ഉൾക്കൊള്ളുന്നതാണെന്ന് മനസ്സറിഞ്ഞു സമ്മതിക്കുന്നവർക്ക്‌ എന്തേ "റഹ് മത്തുൻ ലിൽ ആലമീൻ" എന്നതിലെ ലോകവും തുല്യമാണെന്ന് സമ്മതിക്കാൻ മനസ്സ്‌ വിസമ്മതിക്കുന്നത്‌..? നിഷേധ ചിന്തയുടെ എന്തോ ഒരു പരമാണു, അല്ലെങ്കിൽ അവിടുന്ന് ആലമീനാകെ റഹ്മത്താണ്‌ എന്നതിൽ അവിടുത്തോട്‌ ഒരസൂയ..ഇവയിലെന്തെങ്കിലും മനസ്സിലില്ലെങ്കിൽ പിന്നെന്തിന്‌ സംശയം??




അവിടുന്ന് ആലമീന്‌ ആകമാനം 'റഹ്മത്ത്‌' ആകണമെങ്കിൽ തീർച്ചയായും അവിടുന്ന് അല്ലാഹുവല്ലാത്ത സകലതും ഉൾക്കൊള്ളുന്ന സൃഷ്ടിലോകത്തിനാകമാനം റഹ് മത്തായി ഭവിക്കണം. അവിടുത്തെ തിരുജന്മത്തോടെയല്ല ആലമീന്റെ ഉണ്മ വരുന്നതെന്നത്‌ സത്യമാണെന്നിരിക്കിൽ അവിടുത്തെ ജനനത്തിന്‌ മുമ്പുമുള്ള ആലമീനിന്‌ അവിടുന്നെങ്ങനെ റഹ്മത്താകും?

ارسلت الى الخلق كافة

"സൃഷ്ടികൾ ആസകലത്തിലേക്കും ഞാനയക്കപ്പെട്ടു" എന്ന തിരുമൊഴി കൂടെ ചേർത്തു വായിക്കുംബോ യുക്തിചിന്ത കൊണ്ട്‌ പോലും നിരാകരിക്കാൻ സാധ്യമല്ലാത്ത പരമാർത്ഥം സമ്മതിച്ചു കോടുത്തേ മതിയാകൂ.. കാരണം അവിടുത്തെ തിരുശരീരത്തിന്റെ സൃഷ്ടിപ്പിന്‌ മുമ്പും സൃഷ്ടികൾ ഉണ്ട്‌ തന്നെ..

ഒടുക്കം ഈമാനിലുറച്ച മനസ്സ്‌ കൊണ്ട്‌ നാവിലൂടെ വരുന്ന സ്ഫുടശബ്ദമായി ആദരവായ നബി തങ്ങൾ തിരുസ്വഹാബി ജാബിർ (റ) വിനോട്‌ വ്യക്തമാക്കിയ, സകല സൃഷ്ടിയുടെയും അടിസ്ഥാന കണത്തിന്റെ രഹസ്യം വിളിച്ചു പറയണം..

أول ماخلق الله نور نبيك ياجابر

"ജാബിർ, എല്ലാ വസ്തുക്കൾക്കും മുമ്പായി അല്ലാഹു സൃഷ്ടിച്ചത്‌ നിന്റെ നബിയുടെ ഒളിവിനെയാണ്‌. അല്ലാഹുവിന്റെ ദിവ്യവെളിച്ചത്തിൽ നിന്നാണ്‌ ഇതിനെ സൃഷ്ടിച്ചത്‌. ആ ഒളിവ്‌ അല്ലാഹുവിന്റെ ഖുദ്‌റത്തു കൊണ്ട്‌ അവനുദ്ദേശിച്ചിടത്തെല്ലാം കറങ്ങിക്കൊണ്ടിരുന്നു. അന്നു ലൗഹ്‌, ഖലഖ്‌, സ്വർഗ്ഗം, നരകം,മലക്ക്‌, ആകാശം, ഭൂമി, സൂര്യൻ, ചന്ദ്രൻ, ജിന്ന്, ഇൻസ്‌ എന്നീ സൃഷ്ടികളൊന്നുമില്ല. പിന്നീട്‌ അല്ലാഹു സൃഷ്ടികളെയെല്ലാം പടക്കാൻ ഉദ്ദേശിച്ചപ്പോൾ ആ ഒളിവിനെ - അതിൽ നിന്നൊരംശത്തെ നാലുഭാഗമായി വിഭജിച്ചു.

ഒന്നാം ഭാഗത്തിൽ നിന്നു ഖലമും രണ്ടാം ഭാഗത്തിൽ നിന്നു ലൗഹും മൂന്നാം ഭാഗത്തിൽ നിന്ന് അർശും പടച്ചു. നാലാം ഭാഗത്തെ വീണ്ടും നാലുഭാഗമായി വിഭജിക്കുകയും അതിൽ നിന്ന് ഒരു ഭാഗത്താൽ അർശിന്റെ വാഹകരായ മലക്കുകളെയും രണ്ടാം ഭാഗത്താൽ കുർസിയ്യിനെയും മൂന്നാം ഭാഗത്താൽ മറ്റെല്ലാ മലക്കുകളെയും സൃഷ്ടിച്ചു. നാലാം ഭാഗം വീണ്ടും നാലായി വിഭജിച്ചു. ഒന്നിൽ നിന്ന് ആകാശങ്ങളും മറ്റൊന്നിൽ നിന്നു ഭൂമികളും മൂന്നാമതൊന്നിൽ നിന്നു സ്വർഗ്ഗവും നരകവും സൃഷ്ടിച്ചു. അവശേഷിക്കുന്ന ഒരുഭാഗം വീണ്ടും നാലായി വിഭജിച്ചു. ഒന്നിൽനിന്ന് സത്യവിശ്വാസികളുടെ കണ്ണുകളിലെ വെളിച്ചവും (സത്യം കാണുന്ന കാഴ്ചശക്തി) മറ്റൊന്നിൽ നിന്ന് അവരുടെ ഹൃദയത്തിന്റെ വെളിച്ചവും -അല്ലാഹുവിനെ കൊണ്ടുള്ള അറിവ്‌- മൂന്നാമത്തേതിൽ നിന്ന് അവരുടെ നാക്കിന്റെ വെളിച്ചവും - ശഹാദത്തു കലിമകൾ ഉച്ചരിക്കാനുള്ള ശക്തി......."

(മുസന്നഫ് അബ്ദുറസാഖ്)

അവിടുന്ന് അല്ലാഹുവിന്റെ സൃഷ്ടികളിൽ ആദ്യത്തിൽ ആദ്യത്തെതാണെന്ന് വാദിക്കുന്നത് കൊണ്ട് വാദിക്കുന്നവർക്ക് ഐഹികമായ വല്ല നേട്ടവും കൈവരാനുണ്ടോ? ദുനിയവിയ്യായ വല്ല കാര്യസാധ്യവും അവർക്കതിൽ നേടാനുണ്ടോ? ഇല്ലെന്നതിൽ തർക്കമേയില്ലെങ്കിൽ പിന്നെ തികച്ചും അംഗീകൃതമായ പരമ്പരയിലൂടെ ഹിജ്റയുടെ ആദ്യത്തെ മൂന്നു നൂറ്റാണ്ടുകളിൽ തന്നെ രചിക്കപ്പെട്ട സ്തുത്യർഹമായ ഹദീസിന്റെ കിതാബുകളിൽ പോലും ഇത് ഇടം പിടിച്ചു എന്നതിനെ അംഗീകരിക്കുന്നതിൽ നമ്മുടെ മനസ്സിനെ വിലങ്ങുന്നതെന്താണ്?

كنت أول النبين في الخلق وآخرهم في البعث

"നബിമാരിൽ ആദ്യം സൃഷ്ടിക്കപ്പെട്ടത് ഞാനാണ് - ഭൂമിലോകത്തേക്ക് അയക്കപ്പെട്ട നബിമാരിൽ ഏറ്റവും അവസാനത്തേതും ഞാനാണ്" എന്ന് തിരുമുസ്തഫാ തങ്ങൾ പറഞ്ഞത് മനസ്സിലാക്കാൻ നമ്മുടെ മനസ്സുകളെ പാകപ്പെടുത്തുന്നില്ലേ..?

തന്നിൽ നിന്നും വന്നു പോയ ഒരു ഇടർച്ച മുത്ത് റസൂലുല്ലാഹി (സ്വ) തങ്ങളെ കൊണ്ട് തവസ്സുൽ ചെയ്താണ് ആദം നബി അല്ലാഹുവിൽ നിന്നും പൊറുക്കലിനെ തേടിയതെന്ന് സ്വഹീഹായ പരമ്പരയിലൂടെ  ഇമാമീങ്ങൾ  വിവരിച്ചത് നാമോർക്കുന്നില്ലേ?



എന്നിട്ടുമെന്തേ നമുക്ക് അവിടുത്തെ അംഗീകരിക്കാൻ മനസ്സ് സമ്മതിക്കുന്നില്ല? അവിടുത്തോട്‌ നമുക്ക് അസൂയയാണോ? അവിടുത്തെ പദവികളിൽ നമുക്ക് സംശയമാണോ? അവിടുത്തെ സ്ഥാനമാനങ്ങൾ കഴിഞ്ഞു പോയതും വരാനിരിക്കുന്നതുമായ ഒരു സൃഷ്ടിക്കും നൽകാത്തതും അവരിൽ എല്ലാവരെയും അതിജയിക്കുന്നതും ആണെന്നത് നാം വിശ്വസിക്കുന്നില്ലേ?

ഹലീമ(റ) വിന്റെ കരങ്ങളിലേക്ക് ആ പൂമോൻ വന്നു ചേര്ന്നപ്പോ അതുവരേ വരണ്ടു നിന്നിരുന്ന, പാലില്ലാത്ത മാറിൽ നിറഞ്ഞു തുളുമ്പുന്ന പ്രസരിപ്പും പാലിന്റെ ഒഴുക്കും എങ്ങനെ കൈവന്നു?

നടക്കാൻ ശേഷിയില്ലാത്ത ഒട്ടകത്തിൽ  എങ്ങനെ ഈ കുഞ്ഞുപൈതലിന്റെ സാന്നിധ്യം അപാരമായ വേഗവും ആരോഗ്യവും പാലുകൾ നിറഞ്ഞ അകിടുകളും നൽകി?

തനിച്ചായി നിൽക്കുന്ന അമീനായ കുഞ്ഞുമോനെ വഴിയിൽ വെച്ച് അബൂജഹൽ ഒട്ടകപ്പുറത്ത് കയറ്റിയപ്പോ 'ഇയാളുടെ  കൂടെ യാത്ര ചെയ്യേണ്ടവരല്ല ഈ പൈതൽ' എന്ന്, നടക്കാൻ വിസമ്മതിച്ച ഒട്ടകത്തിന് ആര് വിവരം കൊടുത്തു ?

ശാമിലേക്ക് കച്ചവട സംഘത്തിന്റെ ഒപ്പം നടക്കുമ്പോ തിരുനബി തങ്ങളെന്ന കുഞ്ഞു മോന്റെ മുകളിൽ തണലേകി കൊണ്ട് ഒഴുകി നടന്ന മേഘത്തിന് എങ്ങനെ അറിഞ്ഞു ഈ കനിമോൻ തനിക്കാരോ ആണെന്ന്?

നുബുവ്വതിന്റെ തിരുവെളിച്ചം ആദരവായ പ്രവാചകരിൽ ഔദ്യോഗികമായി ഏൽപ്പിക്കപ്പെടും മുമ്പ് അവിടുത്തോട്‌ നടന്നു പോകുന്ന വഴികളിൽ വെച്ച് അവിടുത്തോട്‌ സലാം പറഞ്ഞ ചേതനയില്ലാത്ത, ജീവനില്ലാത്ത കല്ലുകൾക്ക് അവിടുത്തെ അറിയാമായിരുന്നു - എങ്ങനെ?

മുറിച്ചു മാറ്റപ്പെട്ട മരക്കഷ്ണം ആയിരുന്ന തിരുമുസ്തഫാ തങ്ങളുടെ മിമ്പറിന്റെ വിതുമ്പൽ സ്വിഹ്ഹത്തിന്റെ തിളക്കം ചാർത്തി ഉദ്ധരിക്കാത്ത കിതാബുകളുണ്ടോ? - എങ്ങനെ അറിഞ്ഞു ഈ മരം ഇതെന്റെ ഹബീബാണെന്ന്?

അചേതന വസ്തുക്കൾക്ക് പോലും അവിടുത്തെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നുവെങ്കിൽ പിന്നെ അവിടുത്തെ ഹഖീഖത്തിനെ തിരിച്ചറിയാതെ ജീവനുണ്ടായിട്ടും ശവമായി മാറുന്ന നഷ്ടക്കാരിൽ പെടണോ നാം..?!

അവിടുത്തെ സത്യമായ, അതുല്യമായ മാനുഷികവും അമാനുഷികവും ആയ ഗുണങ്ങൾ വിവരിക്കുന്നത് ഈസാ നബി (അ) നെ ദൈവിക പദവിയിലേക്ക് ഉയർത്തിയ ക്രൈസ്തവർക്ക് തുല്യമാകുമായിരുന്നു എങ്കിൽ  അവർക്ക് സത്യാസത്യ വിവേചനത്തിന്റെ അടിസ്ഥാനത്തെ തന്നെ മനസ്സിലായിട്ടില്ലെന്ന് വ്യക്തമാണ്.

അത്ഭുതങ്ങൾ കാണിച്ചത് കൊണ്ട് ദൈവികതയിലേക്ക് ഉയരുമായിരുന്നു എങ്കിൽ മറ്റാരെക്കാളും വലിയ, അവരെയൊക്കെ കവച്ചു വെക്കുന്ന അത്ഭുതങ്ങൾ കാണിച്ച മുഹമ്മദ്‌ നബി(സ) തങ്ങൾ നിങ്ങൾ ദൈവികത ഉണ്ടെന്ന് പറയുന്നവരേക്കാൾ വലിയ ദൈവമാകണമായിരുന്നു - എന്നാൽ ഇതെല്ലാം, ഈ അത്ഭുതങ്ങളെല്ലാം, അവരുടെയൊക്കെ ഉടമയായ ഏകദൈവത്തിന്റെ സൃഷ്ടികൾ മാത്രമാണ് എന്ന് പഠിപ്പിക്കുകയാണ് നബിതങ്ങളിലൂടെ വിശുദ്ധ ഇസ്ലാം ചെയ്തത്.

അവിടുത്തെ തിരു ഒളിവ് (ഹഖീഖതു മുഹമ്മദിയ്യ) തന്നെയാണ് ആദ്യത്തേത് - അവിടുന്നാണ് എന്റെ ജീവന്റെ അടിസ്ഥാന കണം - അവിടുന്നാണെന്റെ എല്ലാം - അവിടുന്നില്ലാതെ ഞാനില്ല.അവിടുന്നില്ലാതെ ഞങ്ങളില്ല.അവിടുന്നില്ലാതെ ഭൂമിയില്ല.അവിടുന്നില്ലാതെ ലോകമില്ല..

فإن فضل رسول الله ليس له

حد فيعرب عنه ناطق بفم

അവിടുത്തെ ശ്രേഷ്ടതകൾക്ക്‌ പരിധിയിയോ പരിമിതിയോ നിർണ്ണയിച്ച്‌ പറഞ്ഞു തീർക്കുക സാദ്ധ്യമാകുമായിരുന്നെങ്കിൽ സംസാര ശേഷി നൽകപ്പെട്ട ഒരു സൃഷ്ടിയെങ്കിലും വിവരിച്ചു കാണുമായിരുന്നു.."

Wednesday, December 09, 2015

സ്വർഗ്ഗാവകാശിയുടെ മനസ്സ് - സ്വർഗ്ഗം പോലെ വിശാലം.

 "സ്വർഗ്ഗക്കാരനായ ഒരാളിപ്പോ നിങ്ങൾക്ക് മുമ്പിലേക്ക് വരും"

ചുറ്റുമായിരിക്കുന്ന സ്വഹാബത്തിനോട് തുടർച്ചയായ മൂന്നു ദിവസം നബിതങ്ങൾ(സ്വ) പറഞ്ഞു:

മൂന്നു ദിവസവും ആകാംക്ഷയോടെ സ്വഹാബാക്കൾ കാത്തിരുന്നപ്പോൾ അവർ കണ്ടത് സാധാരണക്കാരനായ ഒരേ അൻസ്വാരി സ്വഹാബിയേയായിരുന്നു. അബ്ദുല്ലാഹ് ഇബ്നു അമ്ര്(റ) തങ്ങൾക്ക് ആ മനുഷ്യനിൽ എന്ത് പ്രത്യേകതയാണ് സ്വർഗ്ഗക്കാരൻ എന്ന് നബിതങ്ങൾ സർട്ടിഫിക്കറ്റ് കൊടുക്കാൻ മാത്രമുള്ളത് എന്ന് അറിയാൻ വളരെ ആഗ്രഹത്തോടെ ചില കാരണങ്ങൾ പറഞ്ഞ് അൻസ്വാരിയായ സ്വഹാബിയുടെ കൂടെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് താമസിക്കാൻ കൂടി.

അബ്ദുല്ലാഹ്(റ) തങ്ങൾ അൻസ്വാരി സ്വഹാബിയുടെ ഓരോ നിമിഷവും കൃത്യമായി വീക്ഷിക്കാൻ തുടങ്ങി. സാധാരണ ജനങ്ങളിൽ കാണുന്ന അതിസാധാരണമായ ഇബാദതുകൾ അല്ലാതെ മറ്റൊന്നും അൻസ്വാരി സ്വഹാബിയിൽ കാണാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഒടുവിൽ അബ്ദുല്ലാഹ് ഇബ്നു അമ്രുബ്നുൽ ആസ്വ്(റ) തങ്ങൾ തന്റെ ആതിഥേയനായ അൻസ്വാരി സ്വഹാബിയോടു തന്റെ വരവിന്റെ യഥാർത്ഥ ഉദ്ദേശ്യവും നബിതങ്ങളുടെ വാക്കുകളും പറഞ്ഞപ്പോൾ ആ സ്വഹാബി പറഞ്ഞു:

 "നിങ്ങളീ കണ്ടതാണ് എന്റെ ജീവിതം - അല്ലാതെ മറ്റൊന്നുമില്ല"

ഒന്നും കണ്ടെത്താൻ കഴിയാതെ തിരിച്ചു പോകാനൊരുങ്ങിയ അബ്ദുല്ലാഹ് (റ) വിനെ ഈ സ്വഹാബി തിരിച്ചു വിളിച്ചു കൊണ്ട് പറഞ്ഞു:

ما هو إلا ما رأيت، غير أنِّي لا أجد في نفسي لأحد من المسلمين غِشًّا، ولا أحسد أحدًا على خير أعطاه الله إياه

"നിങ്ങൾ കണ്ടതല്ലാത്ത മറ്റൊരു കർമ്മവും എനിക്കില്ല - പക്ഷേ എന്റെ മനസ്സിൽ ഒരു മുസ്ലിമായ മനുഷ്യന്റെ മേലും അല്ലാഹു അവർക്ക് നൽകിയ ഒരു അനുഗ്രഹത്തിന്റെ പേരിൽ ഒരു തരത്തിലുള്ള ദേഷ്യമോ അസൂയയോ എനിക്ക് ഉണ്ടാകാറില്ല"

നബിതങ്ങളുടെ വാക്കുകളുടെ കാരണം കണ്ടെത്തിയ സന്തോഷത്തോടെ അബ്ദുല്ലാഹ് (റ) തങ്ങൾ പറഞ്ഞു:

"ഇത് തന്നെയാണ് കാരണം - ഞങ്ങളിൽ പലർക്കും നേടിയെടുക്കാൻ കഴിയാത്തതും ഇത് തന്നെ"

(മുസ്നദ് അഹ്മദ്)

'സ്വർഗ്ഗക്കാരനായി'  പ്രവാചകർ കാണിച്ച്‌ കൊടുത്ത മനുഷ്യനിൽ ആകെ കൂടുതലായി ഉണ്ടായിരുന്നതും മറ്റ്‌ മുസ്ലിമീങ്ങളെ തൊട്ട്‌ സൽ വിചാരം മാത്രം ഉള്ള മനസ്സായിരുന്നു. ശുദ്ധമായ മനസ്സ് സ്വർഗ്ഗത്തിലേക്കുള്ള വഴിയുടെ വാതിലുകൾ തുറക്കാനുള്ള താക്കോലുകളാണ്.




ജീവിതത്തിൽ ലഭിക്കാവുന്ന സന്തോഷങ്ങൾ എല്ലാം നമ്മൾ ആഗ്രഹിക്കുകയും അതിനായി പാടു പെടുകയും ചെയ്യുന്നുവെങ്കിലും ഏതൊരു മുസ്ലിമായ മനുഷ്യനും ദുനിയാവിലെ നേട്ടങ്ങളേക്കാൾ മനസ്സ്‌ കൊണ്ട്‌ ഇഷ്ടപ്പെടുന്നത്‌ അനശ്വരമായ ലോകത്തെ നേട്ടങ്ങളെയാണ്‌.

അത്‌ നേടിയെടുക്കാൻ വേണ്ടി പ്രവർത്തിക്കണം എന്ന് ആഗ്രഹിക്കാത്തവർ നമ്മിലാരുമില്ല എന്നതിന്‌ തെളിവാണ്‌ നമ്മിൽ ഇല്ലാത്ത ഇസ്ലാമികമായ നന്മകൾ മറ്റൊരാളിൽ കാണുംബോൾ അതിന്റെ പേരിൽ നാമറിയാതെ നമ്മുടെ മനസ്സിൽ അയാളോട്‌ സ്നേഹം തോന്നുന്നത്‌.

ഉഖ്രവിയ്യായ എന്ത്‌ ഉയർച്ച ആർക്ക്‌ ലഭിച്ചാലും നമുക്ക്‌ യാതൊരു പ്രയാസവും അസൂയയും വരുന്നില്ല, മറിച്ച്‌ കൊതുകിന്റെ ഒരു‌ ചിറകിന്റെ വില പോലും ഇല്ലാത്ത ദുനിയാവിലെ നേട്ടങ്ങൾ മറ്റുള്ളവർക്ക്‌ ലഭിക്കുന്നതിന്റെ പേരിൽ അസൂയ വരുന്നു - വിരോധാഭാസം !

അബൂ ദുജാന (റ) രോഗിയാണെന്നറിഞ്ഞ്‌ സന്ദർശ്ശിക്കാൻ ചെന്നപ്പോൾ അദ്ദേഹത്തിന്റെ മുഖം തിളങ്ങുന്ന, പ്രകാശം പരത്തുന്നതായ കണ്ടു.

ചെന്നവർ‌ മുഖം ഇങ്ങനെ പ്രകാശിക്കാൻ കാരണം എന്താണ്‌ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു :

" എന്റെ രണ്ട്‌ കർമ്മങ്ങളിൽ എനിക്ക്‌ ഏറ്റവും പ്രതീക്ഷയും ആശയുമുണ്ട്‌, (അത്‌ എന്റെ മോക്ഷത്തിനും എന്റെ മുഖം ഇങ്ങനെ പ്രകാശിക്കാനും കാരണമായിരിക്കാം എന്നതിൽ).

1) ഞാൻ അത്യാവശ്യമായതിന്‌ വേണ്ടിയല്ലാതെ സംസാരിക്കാറില്ല.

2) എന്റെ ഹൃദയം മറ്റു മുസ്ലിമീങ്ങളെ തൊട്ട്‌ എപ്പോഴും ശുദ്ധമാണ്‌."

ശരീരത്തിലെ എല്ലാ അവയവങ്ങളും എന്നും ഉണർന്നെണീക്കുന്ന സമയത്ത്‌ ' ഞങ്ങൾക്ക്‌ വേണ്ടി നീ അല്ലാഹുവിനെ ഭയപ്പെടണം' എന്ന് ആവശ്യപ്പെടുന്ന നാവ്‌ സംരക്ഷിക്കപ്പെടലോടെ മനുഷ്യ ജീവിതത്തിൽ വരുന്ന ഭൂരിഭാഗം തെറ്റുകളിൽ നിന്നും അവൻ മുക്തമാകുന്നു.അധികമായ സംസാരം വഴി ഹൃദയം കടുത്ത്‌ പോകുമെന്നും കടുത്ത ഹൃദയക്കാരെ തൊട്ട്‌ അല്ലാഹു ദൂരത്താണെന്നും ആദരവായ നബി തങ്ങൾ പഠിപിച്ചത്‌ തെളിഞ്ഞു കാണുകയാണിവിടെ..

നിറ വെളിച്ചം മുഖത്തിലേക്ക്‌ തെളിഞ്ഞു കാണുന്നത്‌ ഈമാനിന്റെ വെളിച്ചം എന്ന് നാം സാധാരണ പറയാറുള്ള തെളിച്ചം തന്നെ. മനസ്സുകളിലെ വെളിച്ചം മുഖത്തിന്റെ പ്രകാശമായി മനുഷ്യർ അനുഭവിക്കുന്നത് സാധാരണമാണല്ലോ.

ഇബ്നു സീരീൻ (റ) തങ്ങൾ അരുളിയത്:

"വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ നിങ്ങളെ ഒരാൾ ഹനിച്ചുവെന്ന്  അറിഞ്ഞാൽ തനിക്കെതിരെ അങ്ങനെ അവൻ ചെയ്യാൻ കാരണമായ ഒരു ന്യായം നീ കണ്ടെത്തണം - ഒരു ന്യായവും അതിനെ ന്യായീകരിക്കാൻ വേണ്ടി നിനക്ക് കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ 'എനിക്കറിയാത്ത ഒരു കാരണം ഉണ്ടാകും' എന്ന് നീ മനസ്സിലാക്കിയേക്കണം"

ഹാ എത്ര സുന്ദരം ! തെറ്റു ചെയ്യുന്നവർ അല്ലാഹുവിന്റെ കോടതിയിൽ വിചാരണ ചെയ്യപ്പെടട്ടെ, അവനെ പറ്റി നമ്മുടെ മനസ്സിൽ മോശമായ വിചാരം വെക്കുന്നത് കൊണ്ട് നമുക്കെന്ത് ലഭിക്കാൻ ! അവനെന്ത് നഷ്ടം വരാൻ..

ഹബീബ്‌ (സ്വ) പറയുകയുണ്ടായി : "അല്ലാഹുവിലും അന്ത്യനാളിലും വല്ലവനും വിശ്വസിക്കുന്നു എങ്കിൽ അവൻ നല്ലത്‌ പറയട്ടെ, അല്ലെങ്കിൽ മിണ്ടാതിരിക്കട്ടെ" (മുസ്ലിം).

Tuesday, December 08, 2015

ദുനിയാവിലെ നഷ്ടങ്ങൾ ഈമാനിന്റെ സ്നേഹിതനാണ്..

ഇസ്ലാം കൊണ്ട്‌ ദുനിയാവോ ദുനിയാവ്‌ കൊണ്ട്‌ ഇസ്ലാമോ നേടാൻ കഴിയില്ലയെന്നതാണ്‌ മഹത്ജീവിതങ്ങൾ നമുക്ക്‌ മനസ്സിലാക്കി തരുന്നത്‌.
സത്യവിശ്വാസം കൊണ്ട്‌ മനസ്സാണ്‌ കരുത്താർജ്ജിക്കുന്നത്‌. ശരീരത്തിന്റെ വികാസം ദുനിയവിയ്യായ വിഭവങ്ങളുടെ പൊലിമയും മനസ്സിന്റെ തെളിച്ചം നന്മയുടെ വെളിച്ചവും പ്രകടമാക്കുന്നു.

സമകാലീന സമൂഹത്തിൽ മുസ്ലിമീങ്ങൾ സമ്പന്നതയിലും ആഡംബരങ്ങളിലും മറ്റാരേക്കാളും ഒരു പടി മുന്നിലാണ്‌.വെളിച്ചമുള്ള ജീവിതവഴി ബാക്കി വെച്ചു പോയ മുൻ ഗാമികളുടെ ജീവിതത്തിൽ ഇസ്ലാം ഭൗതികമായി നഷ്ടങ്ങൾ മാത്രമാണ്‌ നൽകിയത്‌. ദുനിയാവിന്റെ നഷ്ടത്തെ പറ്റി വിലപിക്കുന്ന പതിതമായ മനസ്സിൽ നിന്നും അവരുടെ നിലവാരം ഉയർന്നുയർന്ന് ഇസ്ലാമിന്‌ വേണ്ടി നഷ്ടപ്പെടാൻ ഇല്ലാതെ പോകുന്നതിൽ പ്രയാസപ്പെടുന്ന സ്ഥിതിയിലേക്ക്‌ അവർ വളർന്നിരുന്നു.

ദുനിയാവിലെ സമ്പത്തുകളിൽ  നേടിയെടുത്തതൊക്കെ കൊടുത്ത് പകരം ഈമാനിന്റെ പരിപൂർണ്ണത നേടിയെടുത്ത മുൻഗാമികൾ ചെയ്തത് തീർച്ചയായും ഏറ്റവും ഉത്തമമായൊരു കച്ചവടമാണ്. വിട്ടുപോകുമ്പോൾ ബാക്കിയാകുന്ന സ്വത്തുക്കളുടെ മേൽ നമ്മൾ വെറും കാവൽക്കാരാണ്. ശേഷം വരുന്ന അവകാശികൾക്കായി സമ്പത്തിനെ കാത്തു സംരക്ഷിക്കുന്ന കാവൽക്കാർ.



ചെറിയ കുട്ടിയായിരിക്കുമ്പോ അടിമയായി പിടിക്കപ്പെട്ടതിനാൽ ദൂരെ നാട്ടിൽ വളർന്ന ശുഹൈബ്(റ) തങ്ങൾ മക്കയിലേക്ക് രക്ഷപ്പെട്ട് കച്ചവടക്കാരനായി സമ്പത്ത് ഒരുപാട് ഉണ്ടാക്കി. ആദരവായ നബിതങ്ങളുടെ ഈമാനിലേക്കുള്ള വിളികേട്ട് തിരുകരം പിടിച്ച് മുസ്ലിമായതിന്റെ പേരിൽ ഒരുപാട് പീഡിപ്പിക്കപ്പെട്ട മഹാൻ രക്ഷയുടെ വാതിൽ തേടി ഹിജ്രക്കായി പുറപ്പെട്ടപ്പോൾ വഴിയിൽ വെച്ച് ഖുറൈശീ കുഫ്ഫാറുകളാൽ പിടിക്കപ്പെട്ടു -

എവിടെ നിന്നോ വന്ന് ഞങ്ങളുടെ നാട്ടിലെത്തി പണക്കാരനായി ഒടുക്കം തടിയും സമ്പത്തും കൊണ്ട് രക്ഷപ്പെടാൻ നോക്കുകയോ എന്ന് ചോദിച്ചവരുമായി അവിടുന്ന് ഉണ്ടാക്കിയ ഉപാധി എത്ര ധന്യം : "എന്റെ മദീനയിലേക്കുള്ള യാത്ര തുടരാൻ അനുവദിക്കുക - പകരം എന്റെ മക്കയിലെ സമ്പാദ്യം മുഴുക്കെ നിങ്ങൾ എടുത്തു കൊള്ളുക" !.

മദീനയിൽ അവിടുത്തെ വരവേറ്റ നബിതങ്ങൾ(സ്വ) പറഞ്ഞത്: "നിങ്ങളുടെ കച്ചവടം എത്ര മഹത്തരം ശുഹൈബ്, നിങ്ങൾ ചെയ്തത് എത്ര പ്രതിഫലാർഹം". ഈമാനിനു പകരം ദുനിയാവിനെ കൊടുത്തതിനെ ഏറ്റവും ഉത്തമമായ കച്ചവടമായി ആയിരുന്നു അവിടുന്ന് വ്യക്തമാക്കിയത്.

അല്ലാഹുവിന്റെ വിശുദ്ധ കലാമിൽ ഈയൊരവസരത്തിൽ ഇറങ്ങിയതാണെന്ന് ഉലമാക്കൾ പറയുന്ന ആയത്താണ് -

ومن الناس من يشري نفسه ابتغاء مرضاة الله

(ആശയം): രക്ഷിതാവായ അല്ലാഹുവിന്റെ തൃപ്തിക്കായി മാത്രം സ്വന്തത്തെയും സ്വന്തമായുള്ളതെല്ലാം തന്നെ വിൽക്കുന്നവർ ജനങ്ങളിൽ ചിലരുണ്ട്.

ഈമാൻ ഒരു ലഹരിയായി മനസ്സിൽ ഇറങ്ങിക്കഴിഞ്ഞാൽ പിന്നെ ദുനിയാവിന്റെ പ്രലോഭനങ്ങൾ അവരെ കീഴടക്കാൻ മതിയാവുകയില്ല. മുസ്ലിമായതിന്റെ പേരിൽ വന്നു പെടുന്ന ഏതൊരു പ്രയാസവും ഈമാനിന്റെ കരുത്തിനാൽ കീഴടക്കിയവരായിരുന്നു തിരുസ്വഹാബത്ത്. സമ്പത്ത് ഇല്ലാതിരിക്കുക എന്നതല്ല മറിച്ച് സമ്പത്തിനോട് മനസ്സ് കെട്ടു പിണയാതിരിക്കുക എന്നതാണ് പ്രധാനം.

തെരുവീഥികളുടെ പാർശ്ശ്വങ്ങളിൽ ആഡംബര സുന്ദര വ്യക്തിത്വമായിരുന്ന ഹസ്രത്‌ മുസ്‌അബ്‌ ഇബ്നു ഉമൈർ (റ) നടന്നു പോകുന്നത്‌ കാണാനും അദ്ദേഹത്തിൽ നിന്നും അടിച്ചു വീശുന്ന അമൂല്യമായ അത്തറിന്റെ സുഗന്ധം ആസ്വദിക്കാനും വിലപിടിച്ച വസ്ത്രത്തിന്റെ ചൊങ്ക്‌ കാണാനും തരുണീമണികൾ കാത്ത്‌ നിന്നിരുന്നു എന്നതായിരുന്നു ഇസ്ലാമിന്‌ മുമ്പത്തെ സ്ഥിതി എങ്കിൽ ആട്ടിൻ തോൽ കൊണ്ടുണ്ടാക്കിയ കീറിത്തുന്നിയ വസ്ത്രവും അണിഞ്ഞ്‌ മുസ്‌അബ്‌ (റ) വിനെ കണ്ട നബി തങ്ങൾ പറഞ്ഞു:

"അല്ലാഹു ഹൃദയത്തിൽ വെളിച്ചം നൽകിയ ആ മനുഷ്യനിലേക്ക്‌ നോക്കൂ. മാതാപിതാക്കളുടെ പരിചരണത്തിലായിരുന്ന സമയത്ത്‌ ഞാൻ അവനെ കണ്ടപ്പോൾ കിട്ടാവുന്നതിൽ ഏറ്റവും നല്ലത്‌ തിന്നാനും കുടിക്കാനും അവർ അവന്‌ നൽകിയിരുന്നു, 200 ദിർഹം വിലയുള്ള വസ്ത്രം ധരിച്ചും ഞാനവനെ കണ്ടിട്ടുണ്ട്‌. അല്ലാഹുവിനോടും അവന്റെ റസൂലിനോടും ഉള്ള സ്നേഹമാണ്‌ ഇപ്പോൾ നിങ്ങളീ കാണുന്ന അവസ്ഥയിലേക്ക്‌ ആ മനുഷ്യനെ എത്തിച്ചത്‌".

മഹാന്റെ ജീവിതാവസാനം ഉഹദിൽ രക്തസാക്ഷിയായപ്പോൾ കഫൻ ചെയ്യാൻ തുണി പോലും ഇല്ലാതെ വന്നപ്പോൾ ഇട്ടിരിക്കുന്ന വസ്ത്രം കൊണ്ട്‌ ഒരു ഭാഗവും ബാക്കി പുല്ല്‌ കൊണ്ടും മറച്ചാണ്‌ ഖബറടക്കിയത്‌..!!

അല്ലാഹുവിനോടും റസൂലിനോടും ഉള്ള സ്നേഹം അവർക്ക്‌ ദുനിയാവിനെ നഷ്ടമാക്കുകയായിരുന്നു - പകരം ആഖിറത്തിലെ അനിർവ്വചനീയ സൗഭാഗ്യം പകരം കൊടുക്കുകയും..

യുദ്ധാവശ്യത്തിനുള്ള മുതലുകൾ സ്വരുക്കൂട്ടുന്ന നേരത്ത് താന്താങ്ങളുടെ കഴിവ് പോലെ ഏവരും പലതും കൊണ്ട് വന്നു തിരുമുമ്പിൽ കൊടുക്കുന്ന സമയത്ത് അബൂബക്കർ(റ) വിന്റെ സംഭാവന സ്വീകരിക്കുകയായിരുന്നു മുത്ത് നബി തങ്ങൾ(സ്വ):

 "അബൂബക്കർ, നിങ്ങളുടെ വീട്ടുകാർക്ക് നിങ്ങളെന്ത് ബാക്കി വെച്ചു?"

 "എന്റെ വീട്ടുകാർക്ക് അല്ലാഹുവും അവന്റെ റസൂലും ഉണ്ട് നബിയേ" എന്നായിരുന്നു അവിടുത്തെ മറുപടി.

സമ്പന്നനായ അബൂബക്കർ(റ) തന്റെ ഈമാൻ കൊണ്ട് നേടിയത് ഔറത്ത് മറയാനുള്ള വസ്ത്രം പോലുമില്ലാതെ ഇലകൾ കൊണ്ട് കീറിയ ഭാഗങ്ങൾ മറച്ചു പള്ളിയിലേക്ക് പോകേണ്ട ദാരിദ്ര്യമായിരുന്നു എന്നത് ഒരു ദുരന്തമല്ല, മറിച്ച് കയ്യിലുള്ളത് ഏറ്റവും ലാഭകരമായ ഒരു കച്ചവടം നടത്തി വിറ്റതിന്റെ ബാക്കി പത്രമാണ്‌.

ഒരവസരം ആദരവായ നബി തങ്ങൾ പറഞ്ഞു : "ശരിയായ വിധം നിങ്ങളെന്നെ സ്നേഹിക്കുന്നുവെങ്കിൽ ദാരിദ്ര്യത്തെ നേരിടാൻ നിങ്ങൾ തയ്യാറെടുത്ത്‌ കൊള്ളുക".

ചുറ്റുപാടും പട്ടിണിപ്പാവങ്ങൾ അരവയറിനായി കേഴുമ്പോഴും കണ്ണുകൾ ഇറുക്കെ ചിമ്മി സമ്പത്തിന്റെ മേൽ കെട്ടിപ്പിടിച്ചു ഉറങ്ങുന്നവർ തിരുനബി സ്നേഹം പാടുകയോ.. ?

ദുനിയാവിനെ വിട്ട്‌ ഇസ്ലാമിനെ പുൽകാൻ തയ്യാറാകാത്ത നമ്മുടെ മനസ്സുകളിൽ ഹബീബിനോടുള്ള പ്രണയമുണ്ടെന്ന് പറയാൻ എന്തവകാശം..?

Monday, December 07, 2015

അലസമീ ജീവിതം - അടുക്കുമെൻ മരണം..

മതിമറന്ന് ആടിത്തിമർക്കുന്ന മധുര നിമിഷങ്ങളിലൂടെയാണ്‌ നാമോരോരുത്തരും കടന്നു പോകുന്നത്‌. കൂട്ടുകാരോടൊത്ത്‌, ഭാര്യമാരോടൊത്ത്‌, മക്കളോടൊത്ത്‌, താനിഷ്ടപ്പെടുന്ന തന്റെതായ സംബാദ്യങ്ങളോടൊത്ത്‌ ആസ്വദിച്ച്‌ തീർക്കുകയാണ്‌ ജീവിതം..

പ്രയാസങ്ങളില്ല, ചിന്തകളില്ല, ആകുലതകളോ വ്യാകുലതകളോ ഇല്ല. ഇന്നലെകൾ ഇന്നുകളും ഇന്നുകൾ നാളേകളും നാളെകൾ അടുത്ത ദിവസങ്ങളുമായി മാറുന്നു എന്നതൊഴിച്ചാൽ ഓരോ ദിവസത്തിലും ആസ്വാദനങ്ങളുടെ പുതിയ പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്തുന്നു എന്നത്‌ മാത്രമാണ്‌ വ്യത്യാസം.. 

ചർച്ചകളും ചിന്തകളും ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് വിഷയങ്ങൾ മാറി മാറി വരുന്നു, ആസന്നമായ തിരിച്ചു പോക്ക് വിഷയീഭവിക്കുന്നേയില്ല. കിടന്നുറങ്ങുന്ന മെത്തയുടെ സുഖം ഉറക്കിനെത്ര ഗാഢതയും ഉണരാനുള്ള ആലസ്യവും നൽകുന്നെവെന്ന പോലെ ഐഹികമായ ലോകത്തെ ജീവിതത്തിന്റെ സുഖം യാഥാർത്ഥ്യത്തിന്റെ ലോകത്തേക്കുള്ള ഉണർച്ചയിലേക്ക് നമ്മിൽ ആലസ്യം കുത്തിനിറക്കുന്നു..

സ്ഥായിയായ വാസം രക്ഷിതാവ്‌ നിശ്ചയിച്ചിട്ടില്ലാത്തതിനാൽ കൂടെയുള്ളവരെ പലരെയും ബാക്കിയാക്കി മണ്ണിനടിയിലേക്ക്‌ തീർച്ചയായും നമ്മിലോരോരുത്തരും യാത്രയാകും. സ്നേഹിച്ച, കൂട്ട്‌ കൂടിയ സകലരും തമ്മിലുള്ള ദൂരം വെറും മൺപാളിയുടേത്‌‌ മാത്രമാണ്‌ എങ്കിലും ഖിയാമം വരെ അവരിലേക്ക്‌ ചേരാൻ കഴിയുകയില്ല. 




'ഓരോ രാപ്പകലുകൾ ഖബറിനടിയിൽ നീ പിന്നിടുന്തോറും നിന്റെ മൃദുല മനോഹര ശരീരം ജീർണ്ണതയിൽ നിന്നും ജീർണ്ണതയിലേക്ക്‌ നീങ്ങുന്നു, നിന്നെ സ്നേഹിച്ചിരുന്നവരും നീ സ്നേഹിച്ചിരുന്നവരും കൂടുതൽ കൂടുതൽ വിസ്മൃതിയുടെ ആഴിയിലേക്ക്‌ നിന്റെ ഓർമ്മകളെ തള്ളി വിടുന്നു..' 

ഘടികാരത്തിലെ സൂചികളുടെ ചലനം നിൽക്കുന്നില്ല.ആയുസ്സിൽ കണക്കാക്കിയ നിമിഷങ്ങളൊക്കെ സമയസൂചികയുടെ തിരക്കിട്ട പ്രയാണത്തിൽ ഉപയോഗശൂന്യമായ കളിചിരികളുടെ കണക്കുകൾ മാത്രം ബാക്കിയാക്കി കടന്നു പോകുന്നു. 

ഒടുക്കം അവസാന ശ്വാസത്തിന്റെ വെപ്രാളത്തിൽ മരണത്തിന്റെ വേവലാതി തണുത്ത തലോടലായി പുണരുംബോൾ ശൂന്യമായ കരങ്ങളിൽ നോക്കി ചുമരിലെ ഘടികാരത്തിൽ പുറകിലേക്ക്‌ ചലിച്ച നിമിഷങ്ങളെ ചൊല്ലി വാവിട്ടു നിലവിളിക്കുക മാത്രമേ വഴിയുണ്ടാകൂ.. 

ആത്മാവ്‌ പറന്നകന്ന ശരീരവും ചുമലിലാക്കി സ്നേഹിതരും കൂട്ടുകുടുംബവും യാത്രയയപ്പ്‌ നൽകുംബോ തിരിച്ചെത്തിയ റൂഹിന്റെ അകക്കണ്ണ്‌ കൊണ്ട്‌ കോലായിൽ ചുമരിൽ തൂങ്ങുന്ന ഘടികാരത്തെ നോക്കി കേഴുന്നുണ്ടാകണം, അന്ന് സ്നേഹിതരോടൊപ്പം ഉല്ലസിക്കാൻ നിശ്ച്ചയിച്ച സമയമായോ എന്ന് നോക്കിയപ്പോ ഇഴഞ്ഞു നീങ്ങിയ ഒരു നിമിഷം എങ്കിലും തിരിച്ചു കിട്ടിയിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു എന്ന്...

 'ജീവിതം ഒന്നേയുള്ളൂ അതിൽ ആസ്വദിച്ച്‌ തിന്നും കുടിച്ചും മദിച്ചും കഴിയണം' എന്ന് പറഞ്ഞു ശീലിച്ച നാം ആദരവായ നബി തങ്ങളെ തൊട്ട്‌ ഉദ്ധരിക്കപ്പെട്ട തിരുവാക്യം കാണാതെ പോയോ അതോ ദുനിയാവിലെ നൈമിഷിക സുഖത്തേക്കാൾ ആഖിറത്തെ നാം വിലകൽപ്പിക്കുന്നില്ലയൊ..?

 لو أن البهائم تعلم من الموت ما تعلمون ما أكلتم منها سمينا 

"നാമറിയുന്നത്‌ പോലെ മരണത്തെ പറ്റിയെങ്ങാനും മൃഗങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ കൊഴുത്തു തടിച്ച ഒരു മൃഗത്തെ പോലും നിങ്ങൾക്ക്‌ ഭക്ഷിക്കാൻ ലഭിക്കുമായിരുന്നില്ല". 

ആശകളും പ്രതീക്ഷകളും മുറിക്കുന്ന, സുഖങ്ങളും സന്തോഷങ്ങളും ഇല്ലാതെയാക്കുന്ന, ഉറ്റവരേയും ഉടയവരേയും ദൂരേയാക്കുന്ന പ്രയാസങ്ങളുടെ ലോകത്തേക്കുള്ള ആദ്യ കാൽ വെപ്പായ മരണം കൂടെയുണ്ട്‌..

അടുത്ത നിമിഷം മണ്ണിലേക്ക്‌ ചേരേണ്ട നമ്മുടെ ദുനിയാവിന്‌ വേണ്ടിയുള്ള ഓട്ടം കണ്ട്‌ ചിരിക്കുന്നുണ്ടാകണം മരണത്തിന്റെ മാലാഖ..

നാമപ്പോഴും രസങ്ങളിൽ നീരാടാൻ പുതിയ ലോകങ്ങൾ തേടുകയാകും...!

മുജാഹിദാകാൻ പോയ അയമുവിന്റെ കഥ..

അയമു ഒരു സാധാരണക്കാരനാണ്. ഒരു സംഘടനയിലും ഇല്ലാതെ പണ്ട് മദ്രസ്സയിൽ പഠിച്ച രീതിയിൽ ജീവിക്കുന്ന, വഅളിലും ഉറുദിയിലും വെച്ച് അറിവ് നേടുന്ന ഒരു പാവത്താൻ.

പുതിയതായി വന്ന മുജാഹിദുകാരനായ അയൽവാസി ഹനീഫ അയമുവിനെ അവരുടെ പല പരിപാടികളിലും പങ്കെടുപ്പിച്ചു - ചെറിയ താൽപ്പര്യം ഒക്കെ അയമുവിന് അവരോടു തോന്നാൻ തുടങ്ങി, അവർ തന്നെയല്ലേ ഖുർആനും സുന്നത്തും മുറുകെ പിടിക്കുന്നവർ എന്ന് അയമു സ്വയം  ചോദിച്ചു കൊണ്ടിരുന്നു. ഇടക്കൊക്കെ കവലയിലെ മുജാഹിദ് പള്ളിയിൽ അവൻ നിസ്ക്കരിക്കാനും കയറാൻ തുടങ്ങി.

ആയിടക്കാണ് തങ്ങളുടെ കവലയിൽ മുജാഹിദിന്റെ ചേരി തിരിഞ്ഞുള്ള ജിന്ന് വിവാദവും പ്രസംഗങ്ങളും അയമു കേൾക്കാൻ തുടങ്ങിയത്. അങ്ങനെ പരസ്പരം ഉള്ള ചെളി വാരി എറിയൽ കേട്ട് മടുത്ത അയമു പതിയെ പരിപാടികൾക്ക് പോകാതെ ആയി.



അന്നൊരു ഞായറാഴ്ച്ച അയമുവിനോട് കവലയിലെ പ്രസംഗം കേൾക്കാൻ വരണം എന്ന് അയൽവാസി ഹനീഫ ക്ഷണിച്ചപ്പോ അയമു പറഞ്ഞു:

" ഇങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും തോന്ന്യാസം പറേന്നത് കേട്ട് ഇരിക്കുവേൻ  ഞാനില്ല ഹനീഫാ"

ഹനീഫ പറഞ്ഞു;

"അയമൂക്കാ, ഇന്നത്തേത് ഞങ്ങളുടെ ജിന്ന് വിവാദത്തിലെ തർക്കമല്ല - മദ്ഹബുകൾ വിട്ട് ഖുർആനും സുന്നത്തും മുറുകെ പിടിക്കണം എന്നത് പഠിപ്പിക്കുന്ന വിഷയമാണ്".

അയമുവിനും സന്തോഷമായി - തന്റെ മനസ്സിൽ നാമ്പിട്ട് തുടങ്ങിയിരുന്ന ചിന്താ വിഷയം തന്നെ ആണല്ലോ - പോയി നോക്കാം എന്ന് അവൻ തീരുമാനിച്ചു.

പ്രസംഗം കത്തിക്കയറുന്നതിനിടെ ഒരിടത്ത് എത്തിയപ്പോ അയമു എഴുന്നേറ്റു.മുഖത്തെ നിറം മങ്ങിയിരുന്നു. കഴിയുന്നത് വരെ  കേൾക്കാൻ അയമുവിന് താൽപ്പര്യം ഇല്ലായിരുന്നു. അടുത്തുള്ള ഹനീഫയോടു പറഞ്ഞു:

"മതിയായിക്ക് - ഞാൻ പോന്നാണ് "

ഹനീഫ ചോദിച്ചു: "എന്ത് പറ്റി അയമൂക്കാ..?"

തനിച്ച് പോകാനുള്ള പേടി കാരണം ഹനീഫക്ക് പോരാതെ വഴിയില്ലായിരുന്നു.

അയമു നടക്കുന്നതിടെ പറഞ്ഞു:

"ഹനീഫാ, മൗലവി പ്രസംഗത്തിന് എടക്ക്  'സഹാബികൾക്ക് എടേലും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും ഓലൊക്കെ ഖുർആനിലേക്കും സുന്നത്തിലേക്കും ആണ് മടക്കിയത്'  എന്ന് പറഞ്ഞത് ഇഞ്ഞ് കേട്ട്ക്കോ..?"

ഹനീഫ:

"അതേ - ശരിയല്ലേ, വിശ്വാസത്തിൽ അവരൊക്കെ ഒന്നായിരുന്നു എങ്കിലും ചെറിയ ചെറിയ ചില വിഷയങ്ങളിൽ അവർക്കിടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു - എന്തേ..?"

അയമു:

"സുന്നിയേളും ബിശ്വാസത്തിൽ ഒന്നല്ലേ - ചെറിയ ചെറിയ വിഷയങ്ങളിളിലെല്ലേ ഓൽ തമ്മിൽ അഭിപ്രായ ബ്യത്യാസം ഉള്ളൂ, ഖുർആനും സുന്നത്തും പിമ്പറ്റിയാലും ചെറിയ അഭിപ്രായ ബ്യത്യാസങ്ങൾ ഉണ്ടാകും എന്നയിന് സഹാബത്തിന്റെ എടേലുള്ള അഭിപ്രായ ബ്യത്യാസം തെളിവല്ലേ "

ഹനീഫ:

"അവർ ഖുറാഫികളാണ് - കണ്ടതും കേട്ടതും വിശ്വസിക്കുന്നവർ, ഞങ്ങൾ ഖുർആനും സുന്നത്തും മുറുകെ പിടിക്കുന്നവർ ആണ് "

അയമു:

"ഹനീഫാ, മൗലവി പ്രസംഗത്തിന് എടക്ക്  മദ്ഹബ് ഒന്നും തുടരരുത് എന്നും അയിന് കാരണം  അല്ലാന്റെ റസൂൽ(സ്വ)  'രണ്ടു കാര്യങ്ങൾ  ഇങ്ങളിൽ ഒഴിച്ചിട്ട് പോകുന്നു - അയിനെ മുറുക്കി പിടിച്ചാൽ ഇങ്ങൾ ഭിന്നിക്കില്ല - അതാണ്‌ ഖുർആനും സുന്നത്തും'. അയിനാൽ ഖുർആനും സുന്നത്തും ആണ് ഇങ്ങൾ പിമ്പറ്റണ്ടത്." എന്ന് പറഞ്ഞതും ആണെന്ന് സൂചിപ്പിച്ചിക്ക്".

ഹനീഫ സന്തോഷിച്ചു - അയമു ശ്രദ്ധിച്ചു കേട്ടിട്ടുണ്ട്.

അയമു തുടർന്നു:

"അപ്പോ ഖുർആനും ഹദീസും പിമ്പറ്റുന്നവർ ആണെങ്കില്  ഓൽക്കിടയിൽ ഭിന്നത ഉണ്ടാകില്ല എന്നല്ലെ അർത്ഥം, അങ്ങനെ ആവുമ്പോ മുജായിദുകൾ ഖുർആനും സുന്നത്തും പിമ്പറ്റുന്നവർ അല്ലാന്ന് അയിൽ നിന്ന് ഞാൻ മനസ്സിലാക്കി - കാരണം കഴിഞ്ഞ ആഴ്ച വരെ കവലേൽ  മുജായിദ് ഭിന്നിച്ച്‌ പലേതായി മാറിയ 4 കൂട്ടങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും മറ്റേ കൂട്ടരെല്ലാം ബിശ്വാസത്തിൽ പെഴച്ചോലാണ് എന്ന് പ്രസംഗിച്ചത് ഞാൻ കേട്ട്ക്കല്ലോ."

ഹനീഫയുടെ മുഖത്തെ വെളിച്ചം മങ്ങി തുടങ്ങിയിരുന്നു:

അയമു തുടർന്നു:

 "ഹനീഫ പറഞ്ഞ പോലെ ഖുർആനും സുന്നത്തും മുറുക്കി പിടിച്ച സഹാബികൾക്ക് എടേൽ ബിശ്വാസപരമായി തർക്കം ഇല്ലെന്നും ചെറിയ, കർമ്മങ്ങളിലെ തർക്കം മാത്രേ ഉള്ളൂന്നും  മനസ്സിലായി - അപ്പോ ആ ബ്യത്യാസം മാത്രേ സുന്നികൾ പലേതായിക്കെങ്കിലും ഓലിക്ക് എടേൽ ഉള്ളത്. അപ്പോ അയിന്റെ അർത്ഥം സുന്നിയേൾ ഖുർആനും സുന്നത്തും തന്നെയാണ് പിമ്പറ്റുന്നത് എന്നല്ലേ..?"

"മാത്രേല്ല  - മുജായിദുകൾ ബിശ്വാസപരമായി പലേതായി ബിന്നിച്ചൂന്ന്  പറഞ്ഞയിൽന്നും ശരിക്കും മുജായിദുകൾ ആരും ഖുർആനും സുന്നത്തും അല്ല പിമ്പറ്റുന്നത്ന്നും മനസ്സിലായി."

ഹനീഫ:

"അത് അയമൂ, നിന്റെ തെറ്റിധാരണയാണ്...ഞങ്ങൾ വിശ്വാസപരമായി ഭിന്നിച്ചു എന്നത് ശരിയാണ് - എങ്കിലും.. "

മുഴുമിപ്പിക്കാൻ അയമു സമ്മതിച്ചില്ല - അയമുവിന്റെ മുഖത്ത് ദേഷ്യം പ്രകടമായിരുന്നു.

"അത് കൊണ്ട് ഇനി മേലാൽ എന്നെ മുജായിദിന്റെ ഒരു പരിപാടിക്കും ക്ഷണിക്കുവേൻ ബീട്ടിലേക്ക് ബരരുത്."

ഹനീഫ ആകെ പേടിച്ചു പോയി. എന്ത് പറയണം എന്ന് അവന് നിശ്ചയമില്ലായിരുന്നു.

ഹനീഫയുടെ വീട്ടിലേക്ക് അവനെ കയറ്റി വിട്ട് ഇരുട്ട് നിറഞ്ഞ പാടത്തൂടെ തനിച്ച് തന്റെ വീട്ടിലേക്ക് ടോർച്ചും അടിച്ചു നടക്കുമ്പോ പതിയെ അയമു മന്ത്രിക്കുന്നുണ്ടായിരുന്നു.

“കള്ള മുജായിദുകൾക്ക് ഖുർആനൂല്ല സുന്നത്തും ഇല്ല - ബെർതെ മനുഷ്യരെ പെയപ്പിക്കുവേൻ നടക്ക്ന്ന്..!”

ദൂരെ വാഴയില ഇരുട്ടത്ത് ഇളകുന്നത് കണ്ട അയമുവിന് അൽപ്പം പേടി തോന്നി - ഉച്ചത്തിൽ അയമു പറഞ്ഞു കൊണ്ടിരുന്നു:

"യാ ഇബാദല്ലാഹ് – അഗീനൂനീ..."

വാൽക്കഷണം: ഇത്തരം അയമുമാർ നമുക്ക് ചുറ്റിലും ഒരുപാടുണ്ട്  - കഥയിലെ അയമുവിനെ പോലെ സ്വന്തം മനസ്സാക്ഷിയോട്‌ ചില ചോദ്യങ്ങൾ ചോദിക്കാൻ അവർ തയ്യാറായാൽ യുക്തിവാദം മാത്രം തെളിവാക്കിയ വഹ്ഹാബീ വിശ്വാസത്തിൽ പെട്ട് ഈമാൻ കളയാൻ ആരും ഉണ്ടാകില്ല..

ഭൂമിയുടെ വർത്തമാനം കേൾക്കുന്നില്ലേ..?

ചവിട്ടി നടക്കുന്ന ഭൂമി നിശ്ശബ്ദമായി നമ്മോട്‌ വിളിച്ചു പറയുന്നുണ്ടത്രേ !

ഓ മനുഷ്യാ, ഇന്ന് നീ എന്റെ മുകളിലൂടെ നടക്കുന്നു - വൈകാതെയൊരുനാൾ നീ എന്റെയുള്ളിലേക്ക്‌ വരുക തന്നെ ചെയ്യും.. 

ഓ മനുഷ്യാ, ഇന്ന് എന്റെ മുകളിൽ വെച്ച്‌ പലതും നീ ഭക്ഷിക്കുന്നു- വൈകാതെയൊരുനാൾ എന്റെയുള്ളിൽ നീ പുഴുക്കളാലും കീടങ്ങളാലും ഭക്ഷിക്കപ്പെടും..

ഓ മനുഷ്യാ, ഇന്ന് എന്റെ മുകളിൽ വെച്ച്‌ നീ പൊട്ടിച്ചിരികളിലാണ്‌ - വൈകാതെയൊരുനാൾ എന്റെയുള്ളിൽ നീ കരയേണ്ടി വരും..

ഓ മനുഷ്യാ, ഇന്ന് എന്റെ മുകളിൽ നീ ആഹ്ലാദചിത്തനാണ്‌ - വൈകാതെയൊരുനാൾ എന്റെയുള്ളിൽ നീ ദു:ഖിതനാകേണ്ടി വരും..

ഓ മനുഷ്യാ, ഇന്ന് എന്റെ മുകളിൽ നീ പാപങ്ങൾ ചെയ്തു കൂട്ടുന്നു - വൈകാതെയൊരുനാൾ എന്റെയുള്ളിൽ നീ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും..

(തൻബീഹുൽ ഗാഫിലീൻ)

കൂടെ കൈപിടിച്ച്‌ നടന്നവർ ആരും കൂട്ടിനില്ലാതെ കൂരിരുട്ടിൽ ഏകനായി നഷ്ടമായ നിമിഷങ്ങളുടെ വേവലാതിയിൽ എരിപിരി കൊണ്ട്‌ വിദൂരമായ കാലം മണ്ണിനടിയിൽ കിടക്കണമല്ലോ..

ഒരുവേള നാം ഇതൊന്ന് ഓർത്തുവോ..?






ഇലാഹീ സവിധത്തിലേക്ക് മടങ്ങേണ്ടവനാണ് താനെന്ന ചിന്തയോളം മനുഷ്യനെ സംസ്കരിക്കുന്ന മറ്റൊന്നുമില്ല തന്നെ. ഒരൽപ്പനേരം, എല്ലാമെല്ലാം വിട്ട് താൻ ഐഹിക ജീവിതം മതിയാക്കി മരണത്തിന് കീഴടങ്ങുന്ന മരണത്തിന്റെ അവസരത്തെ കുറിച്ചും ശേഷം പോയിക്കിടക്കേണ്ട ഭീകരമായ ഖബറിലെ ഏകാന്തതയും ചൊദ്യങ്ങളുമൊക്കെ മനസ്സിൽ ഏകനായിരുന്ന് ചിന്തിച്ചു നോക്കുന്നത് കാലങ്ങൾ ചിന്തയും ആലോചനയുമില്ലാതെ യാന്ത്രികമായി ചെയ്യുന്ന ഇബാദത്തിലായി മുഴുകുന്നതിലും എത്രയോ ഉപകരിക്കുമെന്നതിൽ സംശയമില്ല.

നിരന്തരമായ മരണസ്മരണ സത്യവിശ്വാസിയിൽ അനിവാര്യമായ ഒട്ടനവധി ഗുണങ്ങൾ സമ്മാനിക്കുന്നുണ്ടെന്നത് ഹസ്രത്ത് ഹാമിദ്(റ) വിൽ നിന്നും ഉദ്ധരിക്കപ്പെടുന്നതിങ്ങനെ:

മൂന്ന് നന്മകൾ മരണസ്മരണ കാരണം അവനു ലഭിക്കുന്നു:

1) ചെയ്തു പോയ പാപത്തെ തൊട്ട് അതിവേഗം തന്നെ പാശ്ചാത്തപിച്ച് മടങ്ങാനുള്ള പ്രേരണ ലഭിക്കുന്നു.

2) തനിക്ക് ലഭിക്കുന്നതിൽ സംതൃപ്തനാകാനുള്ള മനസ്സ് അവനു ലഭിക്കുന്നു. 

3) ചെയ്യുന്ന ഇബാദതുകളിൽ ദൃഢചിത്തത ലഭിക്കുന്നു. 

നേരെ മറിച്ച് മരണസ്മരണ കുറയുന്നത് കാരണം ഒരു മനുഷ്യനിൽ മൂന്ന് നാശങ്ങൾ വന്നു ചേരുന്നു:

1) പാപത്തെ ചൊല്ലി പെട്ടെന്ന് തൗബ ചെയ്യാനുള്ള പ്രേരണ അവന് ലഭിക്കുകയില്ല.

2) ലഭ്യമാകുന്ന ഐഹിക വിഭവങ്ങളിൽ അവന് തൃപ്തി കൈവരുകയില്ല. 

3) ഇബാദതുകളെ തൊട്ട് കഠിനമായ മടി അവനിൽ വന്നു ചേരും. 

(തൻബീഹുൽ ഗാഫിലീൻ)

ഒരു മനുഷ്യന് അവന്റെ പാരത്രീക ലോകത്ത് വിജയം കരസ്ഥമാക്കാൻ ഏറ്റവും സഹായിക്കുന്ന അനുഗ്രഹങ്ങൾ ആകമാനം മരണമെന്ന നിശ്ചയമായ യാഥാർത്ഥ്യം തന്നെ വന്ന് പുണരുമെന്ന ഓർമ്മ ഏതു സമയവും ഹൃദയത്തിൽ സൂക്ഷിക്കുന്നവന് അല്ലാഹു നൽകുമെന്ന വ്യക്തമായ സൂചന മഹാന്മാർ നമുക്ക് നൽകുന്നു.

ഓർമ്മിച്ചാലും ഇല്ലെങ്കിലും മറക്കാൻ ശ്രമിച്ചാലും ഇല്ലെങ്കിലും ഒരുനാൾ, അതിവിദൂരമല്ലാത്ത ഭാവിയിൽ നമുക്ക് മടങ്ങിയേ തീരൂ. ആദരവായ നബിതങ്ങളുടെ തിരുശരീരം ഈ ലോകത്തെ പിരിഞ്ഞു മണ്ണിനടിയിലേക്ക് വെക്കപ്പെട്ടുവെങ്കിൽ നിസ്സംശയം നാമേവരും പോകണമല്ലോ.. ബാക്കിയാവുകയാണെങ്കിൽ അതിനേറ്റവും അർഹതപ്പെട്ടത് തിരുമുസ്ഥഫാ തങ്ങളായിരുന്നു..

തിരുഹുജ്ര ശരീഫിലേക്ക് അവിടുന്ന് കിടന്നിട്ടുണ്ട്...നാമും നമ്മെ പടച്ച മണ്ണിലേക്ക് ഇന്ന് അല്ലെങ്കിൽ നാളെ.....

Saturday, December 05, 2015

അഗ്നിയിൽ നിന്നും അഗ്നിയുടെ സ്രഷ്ടാവിലേക്ക്..

പേർഷ്യ അതിന്റെ പ്രതാപത്തിന്റെ ഉന്നതിയിൽ വിരാചിക്കുന്ന കാലം. ഇസ്ബഹാൻ പ്രവിശ്യയിലെ ഒരു നാട്ടിലായിരുന്നു സൽമാൻ ജനിച്ചു വീണത്‌. നാട്ടുമുഖ്യനും സമ്പന്നനുമായ പിതാവിന്റെ പ്രിയപ്പെട്ട പുത്രനായി സൽമാൻ വളരുകയാണ്. കുറഞ്ഞ സമയം പോലും തന്നെ പിരിഞ്ഞു നിൽക്കുന്നത് പിതാവിന് പ്രയാസമായിരുന്നു.

അവൻ വീടുവിട്ടു പുറത്തുപോയാൽ വല്ല അനർഥവും സംഭവിച്ചേക്കുമോ എന്ന് ഭയപ്പെട്ട വത്സലനായ പിതാവ് തങ്ങളുടെ ആരാധാനാ മൂർത്തിയായ അണയാത്ത അഗ്നികുണ്ഡത്തെ പരിചരിച്ചു വീട്ടിൽ തന്നെ കഴിയാൻ സൽമാനെ നിയോഗിച്ചു. കൂട്ടിലടക്കപ്പെട്ട കിളി ചുറ്റുപാടും പറന്നു കളിക്കുന്ന പക്ഷികൾക്കൊപ്പം പറന്നുയരാൻ വെമ്പൽ കൊള്ളുന്നത് പോലെ കുഞ്ഞു സൽമാനും ലോകമറിയാൻ മോഹമായിരുന്നു.

സൽമാൻ വളർന്നു വന്നു - സ്വാഭാവികമായും മജൂസികളുടെ വിശ്വാസ ഭാണ്ഡം സൽമാന്റെ ഹൃദയത്തിലും കുടിയേറി. ആരാധ്യ അഗ്നിയുടെ പരിപാലകനായ സൽമാൻ മതകാര്യങ്ങളിൽ ശ്രദ്ധാലുവായിരുന്നു. എങ്കിലും സ്വാതന്ത്ര്യത്തെ തേടുന്ന കിളി അവന്റെയുള്ളിൽ പറന്നു കളിക്കുന്നുണ്ടായിരുന്നു.

"എനിക്കിവിടെ ഒരുപാട് ജോലികൾ തീർക്കാനുണ്ട്, സൽമാൻ ഇന്ന് നീ നമ്മുടെ തോട്ടത്തിലേക്ക് പോകണം" - സൽമാന്റെ മനസ്സിൽ സന്തോഷത്തിന്റെ കുമിളകൾ പൊട്ടിത്തുടങ്ങി. "മോനേ, വൈകാതെ നീ തിരിച്ചു വരണം, തോട്ടത്തേക്കാൾ നീയാണെനിക്ക് വിലപ്പെട്ടത്" പിതാവ് കുഞ്ഞു സൽമാനെ ശട്ടം കെട്ടി.

തേടിയ വള്ളി കാലിൽ ചുറ്റി - സൽമാൻ തുള്ളിച്ചാടി പുറത്തേക്ക് കടന്നു, കൂട് തുറന്നുവിട്ട കിളി ആകാശസീമയുടെ അറ്റം തൊടാനാശയോടെ പറക്കുന്നത് പോലെ തോട്ടം ലക്ഷ്യമാക്കി നടക്കുന്നതിനിടെ ചുറ്റുപാടും കൃത്യമായി നിരീക്ഷിച്ചും ആസ്വദിച്ചുമാണ് അവന്റെ യാത്ര. വഴിയിലെ ക്രിസ്ത്യൻ ദേവാലയത്തിലെ പ്രാർഥനാ ഗീതങ്ങൾ സൽമാനെ വല്ലാതെ ആകർഷിച്ചു - ദൈവികമായ വിളിയാളം മനസ്സിനെ തലോടിക്കഴിഞ്ഞാൽ പിന്നെ പുറകോട്ട് വലിക്കുന്തോറും മുന്നോട്ട് പോകാൻ വെമ്പുന്ന മനസ്സാണ് ബാക്കിയാവുക.




തന്റെ വിശ്വാസത്തേക്കാളും ആചാരങ്ങളേക്കാളും എന്തുകൊണ്ടും ഈ മതമാണു നല്ലതെന്ന് സൽമാനു തോന്നി. പലതും സംസാരിക്കുന്ന കൂട്ടത്തിൽ ഈ മതത്തിന്റെ കേന്ദ്രം ശാമിലാണെന്ന് പുരോഹിതനോട്‌ ചോദിച്ചു മനസ്സിലാക്കി. സമയം പോയതറിഞ്ഞില്ല - ഒടുവിൽ രാത്രിയായപ്പോ തോട്ടത്തിലേക്ക്‌ പോകാതെ വീട്ടിലേക്ക്‌ തിരിച്ചു പോയി. അക്ഷമനായി കാത്തിരിക്കുന്ന പിതാവിനോട്‌ കാര്യങ്ങളെല്ലാം സത്യസന്ധമായി തുറന്നു പറഞ്ഞു. പാരമ്പര്യ വിശ്വാസത്തിൽ അടിയുറച്ചിരുന്ന ആ പിതാവ്‌ അപകടം മണത്തു. 

"ആ മതത്തിൽ യാതൊരു നന്മയുമില്ല - നിന്റെയും നിന്റെ പിതാക്കളുടെയും മതമേതോ അതാണു അതിനേക്കാൾ നല്ലത്‌". "അല്ല പിതാവേ, നമ്മുടെ മതത്തേക്കാൾ എന്തു കൊണ്ടും അവരുടെ മതമാണുത്തമം". പിതാവിൽ ഒരുതരം അരക്ഷിതത്വത്തിന്റെ മണിമുഴങ്ങിക്കഴിഞ്ഞു.


ഭയം പിടികൂടിയ പിതാവ്‌ സൽമാനെ വീടിനുള്ളിൽ ചങ്ങലകളിൽ ബന്ധനസ്ഥനാക്കി. സൽമാൻ ചർച്ചിന്റെ ആളുകൾക്ക്‌ 'ശാമിൽ നിന്നും ആരെങ്കിലും വന്നുവെങ്കിൽ തന്നെ അറിയിക്കണം' എന്ന് എഴുതി അയച്ചു. നിയന്ത്രണമില്ലാതെ പറക്കുന്ന മനസ്സിന്റെ മോഹങ്ങൾക്ക്‌ ശരീരികമായ ബന്ധനം തടയിടാൻ മതിയായിരുന്നില്ല. ഒടുവിൽ അവിടെ നിന്നും വന്ന കച്ചവട സംഘം തിരിച്ചു പോകുമ്പോൾ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ്‌ സൽമാൻ അവരുടെ കൂടെ പോയി..

ദൈവികമായ ഉൾവിളിക്കുത്തരം നൽകിയുള്ള വിശുദ്ധജീവിതം അവിടെ തുടങ്ങുകയായിരുന്നു. പുതിയമതത്തെ അദ്ദേഹം വളരെ ഇഷ്ടപ്പെട്ടിരുന്നു. ശാമിൽ കൃത്യം മതത്തിലെ ഏറ്റവും വലിയ പണ്ഡിതൻ ആരെന്ന് അന്വേഷിക്കുകയും ആളുകൾ പറഞ്ഞു കൊടുത്ത ബിഷപ്പിനൊപ്പം സൽമാൻ സഹകാരിയായി കൂടുകയും ചെയ്തു. ജനങ്ങളുടെ സമ്പത്ത്‌ ചൂഷണം ചെയ്ത്‌ ജീവിക്കുന്ന ആ ബിഷപ്പിനെ സൽമാൻ വെറുത്തു, വൈകാതെ അയാൾ മരിച്ചു.

സുഭിക്ഷവും സമ്പന്നവുമായിരുന്ന ജീവിതം വിട്ട്‌ ഹഖിനെ തേടിയുള്ള യാത്രയുടെ ഒടുക്കം കണ്ടെത്തിയ വഴികാട്ടി ആകേണ്ട മനുഷ്യൻ തികഞ്ഞ വഴികേടിലാണെന്ന് മനസ്സിലായിട്ടും സൽമാൻ പിന്തിരിഞ്ഞില്ല - ഇലാഹീസാമീപ്യം തേടിയിറങ്ങിയവന്റെ മനസ്സ്‌ ലക്ഷ്യത്തിലേക്കുള്ള പ്രതിസന്ധികൾ കാരണം പിൻ വലിയുകയില്ലല്ലോ.

പുതിയതായി വന്ന ബിഷപ്പ്‌ ഐഹിക ജീവിതത്തിൽ താൽപ്പര്യം കാണിക്കാത്ത വിശുദ്ധനായിരുന്നു. സന്തോഷത്തോടെ അദ്ദേഹത്തെ പരിചരിച്ച്‌ ആ ദീൻ പഠിച്ച്‌ സൽമാൻ കഴിഞ്ഞുകൂടി. മരണക്കിടക്കയിൽ വെച്ച്‌ സൽമാൻ അദ്ദേഹത്തോട്‌ താൻ ഇനി ആരെ പിന്തുടർന്ന് ജീവിക്കണം എന്ന് ചോദിച്ചപ്പോൾ ഇറാഖിലെ മൗസിലിൽ ജീവിക്കുന്ന ഒരാളെ ബിഷപ്പ്‌ പറഞ്ഞു കൊടുത്തു. സൽമാൻ അവിടേക്ക്‌ തിരിക്കുകയും ആ ഇറാഖിലെ പുരോഹിതനൊപ്പം കുറച്ചുകാലം ജീവിക്കുകയും ചെയ്തു.

വൃദ്ധനായ അദ്ദേഹത്തിന്റെയും മരണസമയം അടുത്തപ്പോൾ താൻ ഇനി ആരെ പിൻപറ്റി ജീവിക്കണമെന്ന് ഉപദേശിക്കാൻ ആവശ്യപ്പെട്ട സൽമാനോട്‌ ശാമിന്റെയും ഇറാഖിന്റെയും മധ്യേയുള്ള നസയ്യിബീനിലെ ഇന്നാലിന്ന പുരോഹിതനിലേക്ക്‌ പോകാനും അയാളുടെ ഒപ്പം ജീവിക്കാനും പറഞ്ഞു. സൽമാൻ തന്റെ സത്യവും അറിവും ലക്ഷ്യമാക്കിയുള്ള യാത്ര തുടരുകയായിരുന്നു. അവിടുത്തെ ജീവിതവും അധികകാലം നീണ്ടില്ല,

അയാളും മരണം ആസന്നമായപ്പോൾ സൽമാൻ താൻ ഇനിയാരെ പിന്തുടരണം എന്ന് അദ്ദേഹത്തോട്‌ ചോദിച്ചു - "ഇന്നാലിന്ന മനുഷ്യൻ ഉപദേശിച്ചതിനു അനുസരിച്ചാണു ഞാൻ നിങ്ങളെ തേടി എത്തിയത്‌ - നിങ്ങളുടെ കാലശേഷം ഞാൻ ആരെ പിന്തുടർന്ന് ജീവിക്കണം"?

"മകനേ ഞാൻ പിന്തുടർന്നതിനെ തുടർന്ന് ജീവിക്കുന്ന ഒരു മനുഷ്യൻ അമ്മൂരിയ്യയിൽ ഉണ്ട്‌. നിനക്കവനെ പിന്തുടരാം".

സൽമാൻ അവിടെ നിന്നും അമ്മൂരിയ്യയിലേക്ക്‌ നീങ്ങി. പറയപ്പെട്ട നല്ല മനുഷ്യനെ കണ്ടെത്തുകയും തന്റെ കഥ പറഞ്ഞു കൊടുക്കുകയും ചെയ്തപ്പോൾ തന്റെ കൂടെ കൂടിക്കൊള്ളാൻ അദ്ദേഹം സൽമാനെ സമ്മതിച്ചു.

അവിടെ വെച്ച്‌ ജോലി ചെയ്ത്‌ കുറച്ചു കാലികളെ സൽമാൻ സ്വന്തമാക്കി. ഒടുവിൽ ദൈവികവിളിക്കുത്തരം നൽകി ഇഹലോകം വിട്ട്‌ യാത്രയാകാൻ ഒരുങ്ങുന്ന പുരോഹിതൻ തന്റെ അവസാന സമയത്ത്‌ 'ഇന്ന ഇന്ന ആളുകൾക്ക്‌ ശേഷം ഇന്നാലിന്ന ആളുകളെ പിൻപറ്റി ജീവിച്ച്‌ ഇപ്പോ നിങ്ങളിൽ എത്തിയ താൻ ഇനി ആരെ പിൻപറ്റി ജീവിക്കും?' എന്ന് ചോദിച്ച സൽമാനോട്‌:

"മകനേ, അല്ലാഹുവാണേ സത്യം, നമ്മുടെ വഴി പിൻപറ്റി നടക്കുന്ന ഒരാളെ പോലും നിനക്ക്‌ പോകാൻ പറഞ്ഞു തരാൻ എനിക്കറിയില്ല. എന്നാൽ ഇബ്രാഹീം നബിയുടെ മതവുമായി അയക്കപ്പെടുന്ന ഒരു പ്രവാചകർ വരാനുള്ള സമയമായിട്ടുണ്ട്‌. അറബികളുടെ നാട്ടിൽ വരുന്ന ആ പ്രവാചകർ സ്വന്തം നാടുവിട്ട്‌ ഈന്തപ്പനകളും പാറകളുമുള്ള നാട്ടിലേക്ക്‌ ഹിജ്ര പോകും. ആ പ്രവാചകർ ഒരിക്കലും സ്വദഖകൾ ഭക്ഷിക്കില്ല, മറിച്ച്‌ ഹദിയയായി കൊടുക്കുന്നത്‌ മാത്രമേ ഭക്ഷിക്കൂ. അവിടുത്തെ ചുമലുകൾക്കിടയിൽ നുബുവ്വത്തിന്റെ മുദ്രയുണ്ടായിരിക്കും. കഴിയുമെങ്കിൽ നീ ആ നാട്ടിലേക്ക്‌ പോകുക".

അദ്ദേഹവും വഫാത്തായി. സൽമാൻ തന്റെ സ്വത്തുക്കളായ കാലികളെ കൊടുത്ത്‌ പകരം തന്നെ അറബികളുടെ നാട്ടിലേക്ക്‌ തന്നെ കൊണ്ടുപോകാൻ അറബികളായ കച്ചവടക്കാരോട്‌ ആവശ്യപ്പെട്ടു. സമ്മതിച്ച അവർ സൽമാനെ യാത്രാസംഘത്തിൽ ഒപ്പം കൂട്ടിയെങ്കിലും വഴിയിൽ വെച്ച്‌ ജൂതനായ ഒരു മനുഷ്യനു വിറ്റ്‌ ചതിക്കുകയായിരുന്നു. മുതലാളിയോടൊപ്പം നിൽക്കുമ്പോൾ സൽമാന്‌ ഈന്തപ്പന മരങ്ങൾ കാണാമായിരുന്നു ചുറ്റും, ഇത്‌ തന്നെയായിരിക്കും താൻ ഉദ്ദേശിച്ച നാടെന്ന് സൽമാൻ തെറ്റിദ്ധരിച്ചു.

മദീനയിലെ ബനൂ ഖുറൈള ഗോത്രക്കാരനായ മുതലാളിയുടെ ബന്ധുവിനു സൽമാനെ വിറ്റു. പുതിയ ഉടമയുടെ നാട്ടിൽ എത്തിയ ഉടനെ തന്നെ സൽമാനു മനസ്സിലായി, താൻ പ്രതീക്ഷിച്ച പ്രവാചകർ വരാനുള്ള നാടാണിതെന്ന് ഉറപ്പിച്ചു ആഹ്ലാദചിത്തമായ മനസ്സോടെ സൽമാൻ അടിമയായി ജൂതന്റെ കീഴിൽ ജോലി ചെയ്ത്‌ ജീവിച്ചു.

സൽമാൻ ഈന്തപ്പനയുടെ മുകളിൽ ജോലിയിലായിരുന്നു. താഴേ യജമാനൻ നിൽക്കുന്നു. ദൂരെ നിന്നേ ഒരു ശബ്ദം കേട്ടു, യജമാനന്റെ ബന്ധുവായൊരു ജൂതനായിരുന്നു അത്‌: "ബനൂ ഖൈല'ക്കാർ (ഔസ്‌ ഗോത്രക്കാരും ഖസ്രജ്‌ ഗോത്രക്കാരും) നശിക്കട്ടെ, ഖുബാ പ്രദേശത്ത്‌ അവരെല്ലാം മക്കയിൽ നിന്നും വരുന്ന പ്രവാചകരെന്ന് വാദിക്കുന്ന മുഹമ്മദിനെ വരവേൽക്കാൻ തടിച്ചു കൂടിയിരിക്കുന്നു".

സൽമാന്റെ ശരീരം വിറക്കാൻ തുടങ്ങി. പിടിവിട്ട്‌ യജമാനന്റെ മുകളിലേക്ക്‌ താൻ വീണേക്കുമോയെന്ന് സൽമാൻ ഭയപ്പെട്ടു..! പണിപ്പെട്ട്‌ വളരെ വേഗം താഴേയിറങ്ങിയ സൽമാൻ ആഗതനോട്‌ "താങ്കൾ എന്താണു പറഞ്ഞത്‌, ഒരിക്കൽ കൂടെ പറയൂ" എന്ന് ആവേശ ഭരിതനായി പറഞ്ഞു.

യജാമനന്റെ വക കനത്ത ഒരു പ്രഹരമായിരുന്നു പ്രതിഫലം.

"പോയി പണിയെടുക്കൂ" എന്ന് ആക്രോശവും!

രാജകുമാരനെ പോലെ ഇസ്ബഹാനിലെ ഒരു പ്രദേശത്തെ മുഖ്യന്റെ മകനായി സമ്പന്നതയുടെ മടിത്തട്ടിൽ ജനിച്ചു വീണ പൊന്നുമോൻ അടിമയായി പരീക്ഷണം സഹിക്കുമ്പോഴും തന്റെ വിശ്വാസത്തിന്റെ കാതലായ താരകത്തെ കണ്ടെത്താമല്ലോയെന്ന ആശയിൽ എല്ലാം മറന്നു..ഈമാനിനായി ദാഹിച്ച വേഴാമ്പൽ പക്ഷിയായി സൽമാൻ അക്ഷമനായി വൈകുന്നേരമാക്കി.

അബൂ അയ്യൂബുൽ അൻസാരി(റ) തങ്ങളുടെ വീട്ടിലുള്ള പനിനീർ പൂമുത്തായ ആദരവായ നബിതങ്ങളുടെ ചാരത്തേക്ക്‌ അൽപ്പം ഈന്തപ്പഴവുമെടുത്ത്‌ സൽമാൻ ഓടി. നിലാവ്‌ തോൽക്കുന്ന പൂവദനം നോക്കി അവിടുത്തെ കരങ്ങളിലേക്ക്‌ കൊണ്ടുവന്ന ഈന്തപ്പഴങ്ങൾ കൊടുത്തു കൊണ്ട്‌ "ഇത്‌ സ്വദഖയാണെ"ന്ന് പറഞ്ഞു സൽമാൻ. തിരുനബി തന്റെ മുന്നിൽ അതൊക്കെ വെച്ച്‌ സ്വഹാബത്തിനോട്‌ ഭക്ഷിച്ചു കൊള്ളാൻ പറഞ്ഞു - സൽമാൻ കൃത്യമായി നിരീക്ഷിക്കുകയാണ്‌. അവിടുന്ന് ഒന്നുപോലും തിന്നില്ല. 

"ഒന്നാമത്തെ അടയാളം സത്യമായിരിക്കുന്നു" സൽമാൻ സന്തോഷത്തോടെ മനസ്സിൽ കുറിച്ചിട്ടു തിരിഞ്ഞു നടന്നു.

അടങ്ങാത്ത അഭിലാഷവും മനസ്സിലിട്ട്‌ സൽമാൻ ഒരുനാൾ തള്ളിനീക്കി, പിറ്റേന്നും കുറച്ച്‌ ഈന്തപ്പഴവുമെടുത്ത്‌ സൽമാൻ തിരുഹള്രത്തിലേക്ക്‌ പുറപ്പെട്ടു. 

"ഇന്നലെ ഞാൻ തന്ന സ്വദഖയിൽ നിന്ന് അവിടുന്ന് ഭക്ഷിച്ചില്ല, ഇന്നിതാ ഞാൻ അങ്ങേക്ക്‌ ഇത്‌ ഹദ്‌യയായി കൊണ്ടുവന്നതാണ്‌", സൽമാൻ പറഞ്ഞു. അവിടുന്ന് സന്തോഷത്തോടെ സ്വീകരിക്കുകയും സ്വഹാബത്തിനെയും കൂട്ടി അത്‌ ഭക്ഷിക്കുകയും ചെയ്തു.

 "രണ്ടാമത്തെ അടയാളവും കൃത്യമായി ഒത്തുവന്നിരിക്കുന്നു" - സൽമാന്റെ ഹൃദയത്തിൽ സന്തോഷം പെരുമ്പറ കൊട്ടുകയായിരുന്നു.

അവസാനത്തെ അടയാളം കൂടെ പരിശോധിക്കാനുള്ള ദിവസം വന്നു, സൽമാൻ തിരുമുസ്തഫാ തങ്ങളുടെ പവിത്രസവിധത്തിലേക്ക്‌ നടന്നു. അവിടുന്ന് സ്വഹാബികളിൽ ഒരാളുടെ ജനാസയിലായിരുന്നു. സൽമാൻ തിരുനബിയുടെ പുറകിലായി നടന്ന് അവിടുത്തെ തിരുനുബുവ്വത്തിന്റെ മുദ്രണമുള്ള ചുമലിലെ വസ്ത്രം ഒന്ന് നീങ്ങിക്കിട്ടാൻ ആശിച്ചു. സൽമാൻ പറഞ്ഞില്ലെങ്കിലും പുണ്യഹബീബ്‌ അറിഞ്ഞിരുന്നു, അവിടുന്ന് മേൽ വസ്ത്രം നീക്കിക്കൊടുത്തു, 

ആ പൂവുടലിലെ അന്ത്യപ്രവാചകത്വത്തിന്റെ മുദ്രണം കണ്ട സൽമാൻ പരിസരം മറന്ന് ആഹ്ലാദചിത്തനായി പുറകിലൂടെ തന്നെ അവിടുത്തെ കെട്ടിപ്പിടിച്ചു. മുന്നിലേക്ക്‌ വരാൻ ഹബീബ്‌(സ്വ) ആവശ്യപ്പെടുകയും അവിടെ വെച്ച്‌ കലിമ ചൊല്ലി ഈമാനിന്റെ തിരുവെളിച്ചം ആവഹിച്ച സൽമാൻ(റ) തങ്ങളോട്‌ തന്റെ കഥ പറയാൻ നബിതങ്ങൾ ആവശ്യപ്പെടുകയും ചെയ്തു.

പേർഷ്യയുടെ പുത്രൻ സൽമാൻ..അഗ്നിയെയും സൂര്യനെയും വിട്ട്‌ അഗ്നിയുടെയും സൂര്യന്റെയും സ്രഷ്ടാവിനെ വന്ദിക്കുന്ന വിശുദ്ധ വിശ്വാസത്തിന്റെ വക്താവായി. സത്യത്തെ തേടിപ്പിടിക്കാനുള്ള വഴിയിലെ ഒട്ടനവധി പ്രതിബന്ധങ്ങൾ, മനസ്സിൽ അല്ലാഹു കത്തിച്ചു കൊടുത്ത വെളിച്ചത്തിന്റെ പ്രഭയാൽ മറികടന്ന നിശ്ചയദാർഡ്യത്തിന്റെ കരുത്ത്‌. സൽമാൻ വിശുദ്ധമതത്തിന്റെ പതാകവാഹകനായി മാറുകയായിരുന്നു പിന്നീട്‌.

എങ്കിലും സൽമാൻ(റ) ദു:ഖിതനായിരുന്നു, പേർഷ്യയുടെ വിദൂരതയിൽ നിന്നും ആത്മാവിന്റെ തേട്ടത്തിനു പിന്നാലെ പോയി ഒടുക്കം വിശുദ്ധ പ്രവാചകരുടെ സന്നിധിയിലെത്തിയ തനിക്ക്‌ അവിടുത്തെ കൂടെ അധികനേരം നിൽക്കാൻ കഴിയുന്നില്ല, മോചനപത്രത്തിൽ മുന്നൂറു കായ്ക്കുന്ന ഈന്തപ്പനയും കുറേയധികം സ്വർണ്ണവുമായിരുന്നു യജമാനൻ ആവശ്യപ്പെട്ടത്‌. നടുന്നതിൽ പകുതിയും നശിച്ചുപോകുന്ന ഈന്തപ്പനത്തൈകൾ പുണ്യപ്രവാചകരുടെ ബർക്കത്തൊഴുകുന്ന കൈകളാൽ വെച്ചപ്പോൾ ഒന്നുപോലും നശിച്ചില്ല. 

ഈന്തപ്പനകൾ വലുതാകാൻ വർഷങ്ങൾ എടുക്കുന്നതിനിടയിൽ ബദറും ഉഹദും കടന്നുപോയി. മുന്നൂറു ഈന്തപ്പനക്കൊപ്പം കൊടുക്കാനുള്ള സ്വർണ്ണവും തിരുമുസ്തഫാ തങ്ങളുടെ പുണ്യകരങ്ങൾ തൊട്ടപ്പോൾ കനം കൂടിയിരുന്നു ! അവിടുത്തെ അത്ഭുത സാന്നിധ്യം സൽമാൻ തങ്ങൾ അനുഭവിച്ചറിഞ്ഞു..

ഒടുവിൽ സൽമാൻ (റ)മോചിതനായി.. അൽഹംദുലില്ലാഹ്‌..

തുരുനബി തങ്ങളുടെ ചുറ്റുമായി വിജ്ഞാനത്തിന്റെ വെളിച്ചമുള്ള മുത്തുകൾ വാരിയെടുക്കാൻ സൽമാൻ(റ) മൽസരിച്ചു. കുലീനമായ കുടുംബത്തിൽ പിറന്ന മഹാനെ തങ്ങളുടെ കൂട്ടത്തിൽ ചേർക്കാൻ മുഹാജിറുകളും അൻസ്വാറുകളും താൽപ്പര്യപ്പെട്ടു, നബിതങ്ങൾ പറഞ്ഞത്‌ മറ്റൊന്നായിരുന്നു: "സൽമാൻ എന്റെ അഹ്ലുബൈത്തിൽ പെട്ടതാണ്‌".

 സത്യവിശ്വാസം തേടി പിറന്ന നാടും വീടും അകലെയാക്കി ഒരുപാട്‌ ഹിജ്രകൾ നടത്തിയ ആ വിശുദ്ധ താരകത്തെ അവിടുന്ന് ബഹുമാനിക്കുകയായിരുന്നു.

സംഭവബഹുലമായ ആ ജീവിതം എന്നും ഓർക്കപ്പെടാനുള്ള സംഭവമായിരുന്നു ഖന്ദഖ്‌ യുദ്ധം. കിടങ്ങ്‌ കുഴിച്ചു ശത്രുവിനെ പ്രതിരോധിക്കുന്ന അറേബ്യൻ ജനതക്ക്‌ പരിചിതമല്ലാത്ത യുദ്ധമുറ സൽമാനുൽ ഫാരിസി(റ) തങ്ങളുടെ ബുദ്ധിയിൽ ഉദിച്ചതായിരുന്നു.

കാലം പിന്നെയും മുന്നോട്ടു നീങ്ങി, പുണ്യപ്രവാചകരുടെ വിശുദ്ധജീവിതം ബർസ്സഖിന്റെ മറക്കപ്പുറത്തേക്ക്‌ നീങ്ങി..

രാജജന്മത്തിൽ നിന്നും അടിമത്തത്തിലേക്കും പിന്നീട്‌ സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്കും വന്ന സൽമാൻ തങ്ങൾ അവസാനകാലത്ത്‌ വിശാലമായ ഇസ്ലാമിക സാമ്രാജ്യത്തിലെ മദാഇൻ പ്രദേശത്തെ ഗവർണറായി മാറി.

പട്ടണത്തിൽ തനിക്ക്‌ സഹായിയായ മനുഷ്യനെ ആളുകൾ 'അമീർ' എന്നു വിളിക്കുന്നത്‌ കേട്ടപ്പോഴായിരുന്നു പലർക്കും തന്നെ സാധാരണക്കാരെ പോലെ ഇത്രനേരം സഹായിച്ച മനുഷ്യൻ ഭരണാധിമാരിയായ സൽമാനുൽ ഫാരിസി തങ്ങളാണെന്ന് പലരും അറിഞ്ഞത്‌ !

ഗവർണ്ണറായ സൽമാൻ തങ്ങളുടെ ജീവിതമെത്ര സുന്ദരമായിരുന്നു! അദ്ദേഹത്തെ കാണാൻ മദാഇനിൽ ചെന്നവർ കണ്ടത്‌ സൽമാൻ തങ്ങൾ(റ) ഈന്തപ്പനയിലകൾ കൊണ്ട്‌ എന്തോ ഉണ്ടാക്കുന്നതായിരുന്നു. അദ്ദേഹം പറഞ്ഞു:

"ഒരു ദിർഹം വില കൊടുത്ത്‌ ഞാൻ ഇലകൾ വാങ്ങുകയും അത്‌ കൊണ്ട്‌ പലതും ഉണ്ടാക്കി മൂന്നു ദിർഹം വിലക്ക്‌ വിൽക്കുകയും ചെയ്യും. കിട്ടിയ മൂന്നിൽ ഒന്ന് കൊണ്ട്‌ ഞാൻ വീണ്ടും ഇലകൾ വാങ്ങും, ഒന്ന് കൊണ്ട്‌ എന്റെ കുടുംബത്തിനായി ചിലവഴിക്കും, ബാക്കിയുള്ള ഒരു ദിർഹം ഞാൻ ദാനം ചെയ്യും"!!!


എന്തൊരു ധന്യമായ ജീവിതം. എത്ര അനുഗ്രഹീതനായ ഭരണാധികാരി. പദവിയുടെ ഉന്നതിയിലും കിട്ടുന്നത്‌ മുഴുവൻ സാധുക്കൾക്ക്‌ കൊടുത്ത്‌ അവരെ സേവിച്ചു ജീവിച്ച ലാളിത്യത്തിന്റെ സുന്ദര രൂപമായിരുന്നു മഹാൻ.

മരണമടുത്ത നാളുകളിൽ തന്നെ സന്ദർശ്ശിച്ചവരെല്ലാം കണ്ടത്‌ വിതുംബിക്കരയുന്ന സൽമാൻ തങ്ങളെയായിരുന്നു. എന്തിനു കരയുന്നുവെന്ന് ആ പവിത്ര ജീവിതം അറിയുന്ന സ്വഹാബത്ത്‌ ചോദിച്ചപ്പോ തന്റെ കയ്യിൽ ബാക്കിയായ 20ഓളം ദിർഹം വിലമതിക്കുന്ന മുതലിനെ ചൊല്ലി നാളെ റബ്ബിന്റെ മുമ്പിൽ കണക്ക്‌ പറയേണ്ടി വരുമല്ലോ എന്ന പേടിയാണു കാരണം എന്നായിരുന്നു സുഹ്ദിന്റെ ലോകത്തെ സുവർണ്ണ നക്ഷത്രം പറഞ്ഞിരുന്നതത്രേ !!




വഫാത്തടുത്ത സമയം സൽമാൻ തങ്ങൾ അവിടുത്തെ ഭാര്യയെ വിളിച്ചു കൊണ്ട്‌ പറഞ്ഞു:

"അല്ലയോ ബുഖൈറാ, ഈ റൂമിന്റെ നാലു വാതിലുകളും തുറന്നു വെക്കുക, എനിക്കിന്ന് കുറച്ച്‌ അതിഥികളുണ്ട്‌, അവർ ഏതു വാതിലിലൂടെയാണു കയറി വരുകയെന്നെനിക്കറിയില്ല". ശേഷം അവിടുന്ന് ഒരു ചെറിയ പാത്രം വെള്ളവും കുറച്ച്‌ സുഗന്ധ ദ്രവ്യം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അവിടുന്ന് പാത്രത്തിൽ സുഗന്ധം ചേർത്ത്‌ തിരുകൈകൾ കൊണ്ട്‌ ഇളക്കി നേർപ്പിച്ചു.

"എനിക്ക്‌ ചുറ്റുമായി ഇത്‌ കുടയുക, ശേഷം താഴത്തെ നിലയിലേക്ക്‌ പോയിക്കൊള്ളുക".

അൽപ്പസമയം കഴിഞ്ഞ്‌ വന്നു നോക്കിയ പ്രിയപത്നി കണ്ടത്‌ ആത്മാവ്‌ പറുദീസയിലേക്ക്‌ പറന്നകന്ന സൽമാൻ തങ്ങളുടെ തിരുശരീരം ചേതനയറ്റ്‌ കിടക്കുന്നതായിരുന്നു..

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ..

ഖലീഫ ഉസ്മാൻ(റ) തങ്ങളുടെ ഭരണകാലത്ത് 78 ഓളം വർഷം നീണ്ടു നിന്ന ആ പവിത്രജീവിതം ഐഹികവാസം പൂർത്തിയാക്കി അനിവാര്യമായ ബർസഖീ ലോകത്തേക്ക് നടന്നു നീങ്ങി. സ്വർഗ്ഗീയ മാലാഖമാരുടെ സാന്ത്വനങ്ങളും സന്തോഷവാർത്തയുമെല്ലാം അറിഞ്ഞുകൊണ്ട്‌ സ്നേഹഭാജനമായ പുണ്യപ്രവാചകർ(സ്വ) തങ്ങളുടെ ചാരത്തേക്ക്‌ ആ മഹാത്മാവും ചെന്നെത്തിക്കാണും.

മുത്തുനബി തങ്ങൾ ആ വിശുദ്ധിയെ വാഴ്ത്താതിരുന്നില്ല; അവിടുന്ന് പറഞ്ഞു:

اشتاقت الجنة إلى ثلاثة علي وعمار وسلمان

"മൂന്നു പേരിലേക്കായി സ്വർഗ്ഗം ആശിക്കുന്നു - അലി, അമ്മാർ, സൽമാൻ എന്നിവരാണവർ". (റ.അൻഹും)


റളിയല്ലാഹു അൻഹ്‌..